Tuesday, November 19, 2013

കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ട്‌: സഭയും സിപിഎമ്മും തീക്കൊള്ളികൊണ്ട്‌ തലചൊറിയുന്നു

ഇവിടെ കാള്‍ മാര്‍ക്‌സിന്റെ ഒരു നിരീക്ഷണം വളരെ പ്രസക്തമാകുന്നുണ്ട്‌. ``പത്തുകല്‍പ്പനകളെ നിങ്ങള്‍ ചോദ്യം ചെയ്‌താല്‍ സഭ നിശബ്ദത പാലിക്കും.എന്നാല്‍ സഭയുടെ സ്വത്തിന്റെ പത്തിലൊന്നിനെക്കുറിച്ച്‌ സംശയമുന്നയിച്ചാല്‍, ആ നിമിഷം സഭ പ്രക്ഷോഭകാരികളാകും ''അതല്ലേ ഇപ്പോള്‍ നടക്കുന്നത്‌?കുടിയേറ്റ മേഖലകളിലും മലയോരമേഖലകളിലും കത്തോലിക്കാ സഭ സ്വന്തമാക്കിയിട്ടുള്ള ഭൂസ്വത്തിന്റെ മറവില്‍ നടക്കുന്ന പ്രകൃതിചൂഷണത്തിന്‌ വിലങ്ങ്‌ വീഴുമെന്ന്‌ വ്യക്തമായപ്പോഴാണ്‌ കുടിയേറ്റ കര്‍ഷകപ്രേമവുമായി സഭ പ്രക്ഷോഭത്തിനിറങ്ങിയത് .വയനാട്ടിലെ വനംവകുപ്പ്‌ ഒഫീസിന്‌ തീയിട്ടപ്പോള്‍ ലീഗ്‌ എംഎല്‍എ മായിന്‍കുട്ടിക്കൊപ്പം താമരശേരി രൂപതയുടെ റെക്ടര്‍ സംഭവസ്ഥലത്ത്‌ സാക്ഷിയായുണ്ടായത്‌ യാദൃച്ഛികമാണോ?ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയില്‍ അഡ്വാനിയും ബിജെപിയും വഹിച്ച പങ്കിന്‌ സമാനമാണ്‌ ഇപ്പോള്‍ കുടിയേറ്റ മേഖലയിലെ നശീകരണ പ്രക്ഷോഭങ്ങളില്‍ രൂപതാദ്ധ്യക്ഷന്മാര്‍ക്കും കത്തോലിക്ക സഭയ്‌ക്കുമുള്ള സ്ഥാനം.ഇവിടെ മറ്റൊരു വഞ്ചനകൂടി കൂടി ശ്രദ്ധിക്കണം.കേരളത്തിലെ കായലോര മേഖലയില്‍ കരിമണല്‍ മാഫിയ നടത്തുന്ന ചൂഷണത്തിനെതിരെ സഭ പുലര്‍ത്തുന്ന മൗനമാണത്‌.
ആതിരേ, കസ്‌തുരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ വായിച്ചിട്ടാണോ സിപിഎം സംസ്ഥാന ഹര്‍ത്താല്‍ നടത്തിയതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കത്തോലിക്ക സഭയുടെ ഇടുക്കി,തൃശൂര്‍ ,താമരശേരി രൂപതാദ്ധ്യക്ഷന്മാര്‍ക്കും ബാദ്ധ്യതയുണ്ട്‌. ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സിപിഎമ്മിനോട്‌ വിശദീകരണം ചോദിക്കുന്നത്‌ പോലെ മലയോരമേഖലയിലെ പ്രതിഷേധം മൂലമുള്ള നഷ്ടങ്ങള്‍ക്ക്‌ കത്തോലിക്കാ സഭാനേതൃത്വത്തിനോടും കണക്ക്‌ ചോദിക്കണം. കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ കേരളത്തില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നത്‌ ആരൊക്കെയാണെന്ന്‌ ചോദിക്കാതിരിക്കാനാവില്ല. ഖനി -റിസോര്‍ട്ട്‌-റിയല്‍ എസ്റ്റേറ്റ്‌-മണല്‍-കഞ്ചാവ്‌ മാഫിയകള്‍ എങ്ങനെയാണ്‌ പൊതുചിന്ത രൂപീകരിക്കുന്നതില്‍ ഇടം നേടിയതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.കാരണം കസ്‌തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിലൂടെ നിയന്ത്രണം കൊണ്ടുവരുന്നത്‌ മേല്‍ സൂചിപ്പിച്ച മാഫിയകളുടെ പ്രകൃതി ചൂഷണത്തെയാണ്‌.സാധാരണ കൃഷിക്കാരേയും അവരുടെ അതിജീവനത്തേയും ഒരിക്കലും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുന്ന ഒരു ശിപാര്‍ശയും ഈ റിപ്പോര്‍ട്ടിലില്ല.പശ്ചിമഘട്ടത്തിന്റെ സംരക്ഷണമെന്നത്‌ ആത്മാര്‍ത്ഥമായ ചിന്തയാണെങ്കില്‍, ആതിരേ, നടപ്പില്‍ വരുത്തേണ്ടത്‌ ഗാഡ്‌ഗില്‍ സമിതി റിപ്പോര്‍ട്ടാണ്‌.പരിസ്ഥിതിലോല പ്രദേശങ്ങളുടെ അടയാളപ്പെടുത്തല്‍ മുതല്‍ സംരക്ഷണം വരെയുള്ള കാര്യങ്ങളില്‍ ഗ്രാമസഭകളിലെ ചര്‍ച്ചയ്‌ക്ക്‌ ശേഷമേ തീരുമാനം പാടുള്ളൂ എന്ന്‌ ഗാഡ്‌ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌.വായിച്ചു പോലും നോക്കാതെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികളും കത്തോലിക്കാ സഭാദ്ധ്യക്ഷന്മാരും ആ റിപ്പോര്‍ട്ട്‌ തിരസ്‌കരിച്ചത്‌.അതു കൊണ്ടാണ്‌ അത്രയൊന്നും ജനാധിപത്യസ്വഭാവമില്ലാത്ത കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. അറിഞ്ഞിരിക്കേണ്ട പ്രധാന വസ്‌തുത കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയതല്ല ഈ തീരുമാനം എന്നതാണ്‌.1986 ലെ കേന്ദ്ര വനസംരക്ഷണ നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന നിര്‍ദേശങ്ങള്‍,ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നപ്പോള്‍ പലവട്ടം സുപ്രീം കോടതിയും ഇടപെട്ടു.അതിനും മറുപടി കിട്ടാതെ വന്നപ്പോഴാണ്‌ സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശപ്രകാരം കസ്‌തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌.അതായത് മാറിമാറിവന്ന സര്‍ക്കാരുകള്‍ വോട്ടുബാങ്ക്‌ എന്ന ഗര്‍ഹണീയതയെ സംരക്ഷിക്കാന്‍ നടത്തിയ ജനാധിപത്യവിരുദ്ധമായ ഗൂഢാലോചനയാണ്‌ , ആതിരേ, മലയോരമേഖലയിലെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനം.ആ ഭീതിയെ ആളിക്കത്തിക്കാന്‍ ഖനി -റിസോര്‍ട്ട്‌-റിയല്‍ എസ്റ്റേറ്റ്‌-മണല്‍-കഞ്ചാവ്‌ മാഫിയകള്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ക്ക്‌ കത്തോലിക്കാ സഭയുടെ വിവേകശാലികളെന്ന്‌ കരുതപ്പെടുന്ന രൂപതാദ്ധ്യക്ഷന്മാരും പുരോഹിതരും ചൂട്ടുപിടിച്ചതാണ്‌ മലയോരമേഖലയെ ആളിക്കത്തിക്കുന്നത്‌.അല്ലെങ്കില്‍ വയനാട്ടില്‍ വനം വകുപ്പിന്റെ ഓഫീസ്‌ കത്തിക്കില്ലായിരുന്നു, നിര്‍ണായക രേഖകള്‍ തീയിട്ട്‌ നശിപ്പിക്കില്ലായിരുന്നു.വനം കൊള്ളക്കാര്‍ക്കെതിരായ തെളിവുകളാണ്‌ ചാരമായത്‌.സിപിഎം പ്രഖ്യാപിച്ച വയനാട്ടിലെ പ്രതിഷേധസമരം ഈ മാഫിയാവിളയാട്ടത്തിന്‌ മറ്റൊരു മറയൊരുക്കുകയും ചെയ്‌തു. ആതിരേ, ഇവിടെ കാള്‍ മാര്‍ക്‌സിന്റെ ഒരു നിരീക്ഷണം വളരെ പ്രസക്തമാകുന്നുണ്ട്‌. ``പത്തുകല്‍പ്പനകളെ നിങ്ങള്‍ ചോദ്യം ചെയ്‌താല്‍ സഭ നിശബ്ദത പാലിക്കും.എന്നാല്‍ സഭയുടെ സ്വത്തിന്റെ പത്തിലൊന്നിനെക്കുറിച്ച്‌ സംശയമുന്നയിച്ചാല്‍, ആ നിമിഷം സഭ പ്രക്ഷോഭകാരികളാകും ''അതല്ലേ ഇപ്പോള്‍ നടക്കുന്നത്‌?കുടിയേറ്റ മേഖലകളിലും മലയോരമേഖലകളിലും കത്തോലിക്കാ സഭ സ്വന്തമാക്കിയിട്ടുള്ള ഭൂസ്വത്തിന്റെ മറവില്‍ നടക്കുന്ന പ്രകൃതിചൂഷണത്തിന്‌ വിലങ്ങ്‌ വീഴുമെന്ന്‌ വ്യക്തമായപ്പോഴാണ്‌ കുടിയേറ്റ കര്‍ഷകപ്രേമവുമായി സഭ പ്രക്ഷോഭത്തിനിറങ്ങിയത്.വയനാട്ടിലെ വനംവകുപ്പ്‌ ഒഫീസിന്‌ തീയിട്ടപ്പോള്‍ ലീഗ്‌ എംഎല്‍എ മായിന്‍കുട്ടിക്കൊപ്പം താമരശേരി രൂപതയുടെ റെക്ടര്‍ സംഭവസ്ഥലത്ത്‌ സാക്ഷിയായുണ്ടായത്‌ യാദൃച്ഛികമാണോ?ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയില്‍ അഡ്വാനിയും ബിജെപിയും വഹിച്ച പങ്കിന്‌ സമാനമാണ്‌ ഇപ്പോള്‍ കുടിയേറ്റ മേഖലയിലെ നശീകരണ പ്രക്ഷോഭങ്ങളില്‍ രൂപതാദ്ധ്യക്ഷന്മാര്‍ക്കും കത്തോലിക്ക സഭയ്‌ക്കുമുള്ള സ്ഥാനം.ഇവിടെ മറ്റൊരു വഞ്ചനകൂടി കൂടി ശ്രദ്ധിക്കണം.കേരളത്തിലെ കായലോര മേഖലയില്‍ കരിമണല്‍ മാഫിയ നടത്തുന്ന ചൂഷണത്തിനെതിരെ സഭ പുലര്‍ത്തുന്ന മൗനമാണത്‌. പ്രകൃതിസംരക്ഷണത്തെ സംബന്ധിച്ച്‌ 1875ല്‍ ഫ്രെഡറിക്‌ എംഗല്‍സ്‌ എഴുതിയ `പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന്‌ ഒരു മുഖവുര' എന്ന ലേഖനത്തില്‍ മനുഷ്യനാണ്‌ പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക്‌ വഹിക്കുന്നത്‌ എന്ന്‌ ചൂണ്ടിക്കാട്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മഫിയകളെ അമര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്നേ, ആ മനുഷ്യസ്‌നേഹി മുന്നറിയിപ്പ്‌ നല്‍കിയതാണ്‌ .കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ട്‌ വായിച്ചിട്ടില്ലാത്ത സഖാക്കള്‍ ഫെഡറിക്ക്‌ എംഗല്‍സിന്റെ ഈ ലേഖനം വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കേരളം മുഴുവന്‍ മുഴങ്ങുന്ന കൂട്ടച്ചിരിയാകും, ആതിരേ, എ.കെ.ജി സെന്ററില്‍ നിന്ന്‌ ഉയരുക.സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ്‌ അബുബക്കറും കെ.ടി ഫയാസുമൊക്കെയാണ്‌ ഇന്നത്തെ സഖാക്കളുടെ മാനിഫെസ്റ്റോ തയ്യാറാക്കുന്നത്‌. നീചമായൊരു രാഷ്ട്രീയ ലക്ഷ്യവും ഈ സമരത്തില്‍ സിപിഎമ്മിനുണ്ട്‌,ആതിരേ! .ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങളെല്ലാം പച്ചതൊടാതെ അവസാനിച്ചതിന്റെ ഇച്ഛാഭംഗവും വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലെ സീറ്റുസാദ്ധ്യതയുമാണ്‌ കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പുതിയ `ജനകീയസമര'വുമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്‌.കത്തോലിക്കാ സഭയും കെ.എം.മാണിയും തുറന്നിടുന്ന സാദ്ധ്യത പരമാവധി മുതലെടുക്കുക എന്ന ശുഷ്‌കവും അശ്ലീലവുമായ താത്‌പര്യമാണ്‌ ഇതിന്‌ പിന്നില്‍.അമരാവതി കുടിയിറക്ക്‌ കാലത്ത്‌ കോരിച്ചൊരിയുന്ന മഴയത്ത്‌ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ വേണ്ടി നിരാഹാരം കിടന്ന എ.കെ.ഗോപാലനെവിടെ?എ.കെ.ജി.സെന്ററിലിരുന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരെവിടെ? കുടിയേറ്റ കര്‍ഷകരുടെ പേരില്‍ കത്തോലിക്ക സഭയും സിപിഎമ്മും കൈകോര്‍ത്തുകൊണ്ടാണ്‌ ഖനി -റിസോര്‍ട്ട്‌-റിയല്‍ എസ്റ്റേറ്റ്‌-മണല്‍-കഞ്ചാവ്‌ മാഫിയകളെ സംരക്ഷിക്കുന്നത്‌.അതിനുള്ള ന്യായീകരണമാണ്‌, ആതിരേ, ഇരു കൂട്ടരും പ്രകടിപ്പിക്കുന്ന കസ്‌തുരിരംഗന്‍ സമിതി റിപ്പോര്‍ട്ടിനോടുള്ള കപടമായ എതിര്‍പ്പ്‌.തീക്കൊള്ളി കൊണ്ടുള്ള തലചൊറിച്ചിലാണിത്‌.മറ്റൊരു ഉത്തരാഖണ്ഡ്‌ സൃഷ്ടിക്കലുമാണ്‌.

No comments: