Saturday, November 30, 2013

ചാക്കില്ലാതെ എന്തു പ്‌ളീനം ? ഹിമാലയന്‍ ധാര്‍ഷ്ട്യവുമായി വീണ്ടും സിപിഎം

ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു ഇ.പി ജയരാജന്‌ ഔത്സുക്യം.നിങ്ങള്‍ക്ക്‌ അയാളോട്‌ വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്‌ളീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക്‌ മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച്‌ നിമിഷങ്ങള്‍ കഴിയും മുന്‍പാണ്‌ ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം. കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള്‌ നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന്‌ വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത്‌ ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക്‌ വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ട്‌ കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഫാരിസ്‌ അബുബക്കറില്‍ നിന്ന്‌ 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ്‌ പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്‌.അച്യുതാനന്ദനല്ല. സംഘടനാതലത്തിലെ ശക്തമായ ജീര്‍ണതയും മാഫിയകളെ പാര്‍ട്ടിയുടെ പലതലങ്ങളിലുള്ളവര്‍ കൂട്ടുപിടിച്ചതുമാണ്‌ സിപിഎമ്മിന്റെ പരാജയകാരണങ്ങളെന്ന പാലക്കാട്‌ പ്‌ളീ നത്തിലെ കണ്ടെത്തലിന്റെ കടയ്‌ക്കല്‍ കത്തിവച്ചു കൊണ്ടാണ്‌ , ആതിരേ,നവംബര്‍ 29-)ം തിയതിയിലെ ദേശാഭിമാനി പത്രത്തില്‍,പ്‌ളീനത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള വിവാദവ്യവസായി ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം അച്ചടിച്ച്‌ വന്നത്‌. അഴിമതിക്കാരനും കൊലപാതകക്കേസിലെ പ്രതിയുമായ ചാക്ക്‌ രാധാകൃഷ്‌ണന്റെ കളര്‍ ഫോട്ടോ സഹിതം പ്‌ളീനത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള സൂര്യാ ഗ്രൂപ്പിന്റെ ഒന്നാം പേജ്‌ പരസ്യം അങ്ങനെ കുടത്തില്‍ നിന്ന്‌ തുറന്നുവിട്ട ഭൂതമായിരിക്കുകയാണ്‌ . ലാവലിന്‍ അഴിമതി ആരോപണത്തില്‍ നിന്ന്‌, താത്‌ക്കാലികമായെങ്കിലും മുക്തമാവുകയും പ്‌ളീനത്തിലൂടെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുകയും ചെയ്‌ത പാര്‍ട്ടിയുടെ ഹിമാലയന്‍ ധാര്‍ഷ്ട്യമായിട്ടുവേണം,ആതിരേ, ഈ പരിണതിയെ നോക്കിക്കാണേണ്ടത്‌ . ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന വി എം രാധാകൃഷ്‌ണനും സിപിഎമ്മും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു. പാലക്കാട്ടു നടക്കുന്ന സിപിഎം പരിപാടികള്‍ക്കു ചാക്ക്‌ രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യാഗ്രൂപ്പ്‌ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരാകുന്നതും സപ്ലിമെന്റുകളില്‍ പരസ്യം നല്‍കുന്നതും വന്‍ വിവാദവുമായിരുന്നു. സിപിഎം നേതാക്കള്‍ക്കു ചാക്കുമായുള്ള ബന്ധം പലപ്പോഴും പാര്‍ട്ടി ഫോറങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും തീക്ഷ്‌ണമായ വാഗ്വാദങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്‌. മലബാര്‍ സിമെന്റ്‌സിലെ അഴിമതികളില്‍ ചാക്ക്‌ രാധാകൃഷ്‌ണനുള്ള പങ്ക്‌ പുറത്ത്‌ വന്നത്‌ മുതല്‍ നേതാക്കളും ചാക്കും തമ്മിലുള്ള ബന്ധത്തില്‍ പാലക്കാട്ടെ പാര്‍ട്ടിയണികള്‍ക്ക്‌ കടുത്ത അതൃപ്‌തിയാണുള്ളത്‌. കഴിഞ്ഞതവണ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും ചാക്ക്‌ രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചാക്ക്‌ രാധാകൃഷ്‌ണന്റെ അഴിമതികള്‍ക്കെതിരേ സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ പാലക്കാട്ട്‌ പാര്‍ട്ടി യാതൊരു സമരപ്രക്ഷോഭങ്ങളും നടത്താതിരുന്നതും അണികളെ അതൃപ്‌തരാക്കിയിരുന്നു. അതിനു പിന്നാലെയാണ്‌ മലബാര്‍ സിമെന്റ്‌സിലെ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട്‌ മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ചാക്ക്‌ രാധാകൃഷ്‌ണനെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌.ഇത്രയൊക്കെ കളങ്കിതനായ ചാക്ക്‌ രാധാകൃഷ്‌ണനും സിപിഎം നേതാക്കളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ഉദാഹരണമാണ്‌ ദേശാഭിമാനിയിലെ പരസ്യം . നേരത്തേ കോഴിക്കോട്ടു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തിയപ്പോഴും ചാക്ക്‌ രാധാകൃഷ്‌ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചിരുന്നു. ആതിരേ, പിണറായി വിജയന്‍ നവകേരള യാത്രയ്‌ക്ക്‌ പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചാക്ക്‌ രാധാകൃഷ്‌ണനും അന്ന്‌ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാതെ അസഹിഷ്‌ണുതയും അസഹ്യതയും സ്‌ഫുരിക്കുന്ന സ്വരത്തില്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഏതു പത്രത്തില്‍ നിന്നാണെന്ന്‌ അന്വേഷിക്കുക മാത്രമായിരുന്നു പിണറായി ചെയ്‌തത്‌. അന്ന്‌ രാത്രിതന്നെ പാലക്കാട്‌ ടൗണ്‍ ബസ്‌ സ്റ്റാന്‍ഡിനു മുന്നില്‍ മംഗളം ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന മംഗളം പാലക്കാട്‌ ജില്ലാ ബ്യൂറോ ആക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി പ്രതികാരം തീര്‍ത്തത്‌. ഇപ്പോള്‍ എസ്‌ എഫ്‌ ഐയുടെ സംസ്ഥാന സമിതി അംഗമായ യുവനേതാവിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം. ഇത്തരത്തില്‍ പല അവസരങ്ങളിലും ചാക്ക്‌ രാധാകൃഷ്‌ണന്‌ പാലക്കാട്ടെ സിപിഎം നേതാക്കളുമായുള്ള ആശാസ്യമല്ലാത്ത ബന്ധത്തിന്റെ പുളിച്ചുതികട്ടലുകള്‍ അവയുടെ സ്വാഭാവിക ദുര്‍ഗന്ധത്തോടെ പുറത്തുവന്നിട്ടുള്ളതാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കളുമായും ചാക്ക്‌ രാധാകൃഷ്‌ണനുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്‌. അതിനിടയിലാണ്‌ നിരവധി കേസുകളില്‍ ചാക്ക്‌ രാധാകൃഷ്‌ണന്‍ പ്രതിചേര്‍ക്കപ്പെട്ടതും ശശീന്ദ്രന്‍ വധക്കേസില്‍ അറസ്റ്റിലായതും.സംഘടനാതലത്തില്‍ പാര്‍ട്ടിക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയെക്കുറിച്ചു പ്രസംഗിക്കുകയും അതിനെ ചെറുക്കാന്‍ പാര്‍ട്ടി നയരേഖയുണ്ടാക്കുകയും ചെയ്യുന്ന നേതാക്കള്‍ ചാക്ക്‌ രാധാകൃഷ്‌ണനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാല്ലെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കുന്നതാണ്‌ ദേശാഭിമാനിയിലെ ` അഭിവാദ്യ പരസ്യം '. പാര്‍ട്ടിക്കുള്ളില്‍ അപചയത്തിനു കാരണക്കാരായവരെ മുഖം നോക്കാതെ പുറത്താക്കുമെന്നാണ്‌ പ്‌ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ നയരേഖ വ്യക്തമാക്കുന്നത്‌.തൊട്ടു പിന്നാലെയാണ്‌ ഇരുമ്പയിര്‌ ഖനനവുമായി ബന്ധപ്പെട്ട്‌ മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ്‌ കമ്മറ്റി മെമ്പറുമായ എളമരം കരീമിനെതിരേ കോടികളുടെ കോഴക്കഥ പുറത്ത്‌ വന്നത്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎം നടത്തുന്ന സമരം പശ്ചിമഘട്ടം തുരന്നു തീര്‍ക്കാന്‍ കോപ്പുകൂട്ടുന്ന ഖനന -ക്വാറി മാഫിയകളെ സംരക്ഷിക്കാനാണെന്നും,ആതിരേ, വ്യക്തമായി.പരിസ്ഥിതി സംരക്ഷണത്തിന്‌ മൂന്നരപതിറ്റാണ്ടിന്‌ മുന്‍പ്‌ ഐതിഹാസികമായ ചെറുത്തു നില്‍പ്പ്‌ നടത്തിയ പാര്‍ട്ടിയുടെ വര്‍ത്തമാനകാല പ്രത്യയശാസ്‌ത്രാധപ്പതനം എത്ര ഭീകരമാണെന്നും പ്‌ളീനക്കാലത്തു തന്നെ ബോദ്ധ്യപ്പെട്ടു. എളമരം കരീമും ചാക്ക്‌ രാധാകൃഷ്‌ണനും തമ്മിലുള്ള അവിശുദ്ധസാമ്പത്തീക ഇടപാടുകളുടെ ഉത്തോലകമായിരുന്നു മലബാര്‍ സിമന്റ്‌സ്‌.എംഡിയായി സുന്ദരമൂര്‍ത്തിയെ കൊണ്ടു വന്നത്‌ മുതല്‍ കരാറുകള്‍ ചാക്ക്‌ രാധാകൃഷ്‌ണനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും തരപ്പെടുത്തി കൊടുത്ത്‌ അതിന്റെ കളങ്കിത വിഹിതം പറ്റുന്നതില്‍ വരെ എളമരം കരീമും ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും വഹിച്ച പങ്ക്‌ അങ്ങാടിപ്പാട്ടാണ്. പാര്‍ട്ടിക്കുള്ളില്‍ ആത്മാര്‍ത്ഥമായ ശുദ്ധീകരണമാണ്‌ പാലക്കാട്‌ പ്‌ളീനം കൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അഴിമതിയുടെയും രക്തത്തിന്റെയും കറപുരണ്ട ചാക്ക്‌ രാധാകൃഷ്‌ണനുമായി ബന്ധമുള്ളവരെയാണ്‌ ആദ്യം പുറത്താക്കേണ്ടത്‌. അതിനുള്ള ആര്‍ജവം,നട്ടെല്ലുറപ്പ്‌ പിണറായി വിജയന്‍ പ്രദര്‍ശിപ്പിക്കുമോ?പാര്‍ട്ടി അണികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത്‌ അതിലേയ്‌ക്കാണ്‌. ആതിരേ, പിണറായി വിജയന്‍ മികച്ച ഭരണാധികാരിയും പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ കഴിവുള്ള നേതാവുമാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായി മാറിയത്‌ ഇത്തരം വിവാദ വ്യവസായികളുമായുള്ള ബന്ധത്തിന്റെ പേരിലാണ്‌. ഫാരിസ്‌ അബൂബക്കറുമായുള്ള ബന്ധം ഏറെക്കാലം പാര്‍ട്ടിയില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്‌. ഫാരിസ്‌ അബൂബക്കറിനെ വി എസ്‌ അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന്‌ വിളിച്ചത്‌ മാധ്യമങ്ങള്‍ക്ക്‌ ഏറെക്കാലം ആഘോഷവിഷയമായിരുന്നു. ചക്കിട്ടപ്പാറയിലും കാക്കൂരിലും മാവൂരിലും ഖനനത്തിനു ഒത്താശപാടുകയും വന്‍ തുക കോഴ വാങ്ങുകയും ചെയ്‌തെന്ന്‌ മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെതിരേ ആരോപണമുയര്‍ന്നതും പ്‌ളീനം തുടങ്ങിയ ദിവസമാണ്‌. അപചയത്തെക്കുറിച്ചും ജീര്‍ണതയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച നടത്തി തയാറാക്കിയ സംഘടനാ നയരേഖയ്‌ക്കു കടകവിരുദ്ധമായ നിലപാട്‌ പാര്‍ട്ടി പ്‌ളീനത്തിനിടയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. ചോദ്യമിതാണ്‌-ദേശാഭിമാനിയില്‍ ചാക്ക്‌ രാധാകൃഷ്‌ണന്റെ ചിരിക്കുന്ന ചിത്രം സഹിതം പരസ്യം വന്നത്‌ പാര്‍ട്ടി സെക്രട്ടറി അറിഞ്ഞ്‌ തന്നെയാണോ?എങ്കില്‍ ഈ പ്‌ളീനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? . ദേശാഭിമാനി മാനേജ്‌മെന്റിന്റെ അറിവോടെയാണ്‌ വന്നതെങ്കില്‍ ദേശാഭിമാനിയുടെ അമരക്കാരനായ ഇ പി ജയരാജനില്‍ നിന്ന്‌ വിശദീകരണം തേടുമോ? ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു, ആതിരേ, ഇ.പി ജയരാജന്‌ ഔത്സുക്യം.നിങ്ങള്‍ക്ക്‌ അയാളോട്‌ വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക്‌ മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച്‌ നിമിഷങ്ങള്‍ കഴിയും മുന്‍പാണ്‌ ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം. ആതിരേ, കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള്‌ നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന്‌ വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത്‌ ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക്‌ വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ട്‌ കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഫാരിസ്‌ അബുബക്കറില്‍ നിന്ന്‌ 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ്‌ പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്‌.അച്യുതാനന്ദനല്ല.കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഒരു കൊലപാതകിയുടെ കൈയ്യില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ചയുടെ ആവശ്യമെന്തെന്ന്‌ പാര്‍ട്ടിയണികളേയും പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താന്‍ പിണറായി വിജയന്‌ ധാര്‍മികമായും പ്രത്യയശാത്രപരമായും ബാദ്ധ്യതയുണ്ട്‌.പക്ഷേ.... 1999ലെ തിരുത്തല്‍ പ്രക്രിയയ്‌ക്കു പിന്നാലെയാണ്‌ ലാവലിന്‍ അഴിമതിയുണ്ടായതെന്ന്‌ ഓര്‍ക്കുമ്പോള്‍... അതേ ആതിരേ നമുക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ചോ, പാര്‍ട്ടി പത്രത്തെക്കുറിച്ചോ,പാര്‍ട്ടി പ്‌ളീനത്തെക്കുറിച്ചോ ഒരു ചുക്കുമറിയില്ല.അതു കൊണ്ടാണല്ലോ ചാക്ക്‌ രാധാകൃഷ്ണന്റെ പരസ്യത്തിനെതിരായി ഔദ്യോഗിക വിഭാഗത്തിലെ എം.എം.ലോറന്‍സും,ആനത്തലവട്ടം ആനന്ദനും,ഡോ.സബാസ്റ്റ്യന്‍ പോളും ബാബു എം.പാലിശേരി എം‌എല്‍‌എയും എ.കെ.ബാലനും അവര്‍ക്കൊക്കെ മുന്‍പെ വി.എസ്.അച്യുതാനന്ദനും സര്‍വോപരി പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും പിണറായി വിജയന്‍ ഇ.പി.ജയരാജനെ ന്യായീകരിക്കുന്നത്

No comments: