Monday, December 2, 2013
തേജ്‌പാലും ജസ്റ്റിസ് ഗാംഗുലിയും:തെറ്റായി തെളിയിക്കപ്പെടാന്‍ ശ്രമിക്കുന്ന കുത്സിതത്വങ്ങള്‍
ഭരണകൂടത്തെ പിടിച്ചുലച്ച വിധികള്‍ പ്രഖ്യാപിച്ചിട്ടും വിരമിച്ച ശേഷം ജസ്റ്റിസ് ഗാംഗുലി ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി.കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗങ്ങളുടേയും ആജന്മശത്രുവായിട്ടും ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തേജ്‌പാല്‍ നടത്തിയ `തിങ്ക് ഫെസ്റ്റി'ന്റെ സ്‌പോണ്‍സര്‍മാര്‍ മറിച്ചാരുമായിരുന്നില്ല.വിലയ്‌ക്കെടുക്കപ്പെടാവുന്ന തലത്തിലേയ്‌ക്ക് ഇരുവരും വഴുതിയിറങ്ങിയതിന്റെ പരിണതിയും അപഭ്രംശവുമാണ് ഇരുവര്‍ക്കും നേരെ കുറ്റാരോപണത്തിന്റെ ചൂണ്ടുവിരലുകളുയര്‍ത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മദ്യത്തിന്റേയോ മറ്റേതെങ്കിലും സാഹചര്യത്തിന്റേയോ പ്രലോഭനത്തില്‍ സംഭവിച്ച കൈപ്പിഴയല്ല ഇരുവരുടേതും എന്ന് തന്നെയാണ് എന്റെ ഉറച്ച നിലപാട്.നീതികാംക്ഷിക്കുന്ന നിസഹായരെയാണ് ഇവര്‍ ഒറ്റപ്പെടുത്തിയത്.അതു കൊണ്ട് തന്നെ സ്‌ത്രീപീഡനമെന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര ,ജീവപര്യന്തം ശിക്ഷിക്കപ്പെടേണ്ട രാജ്യദ്രോഹമാണ് തേജ്‌പാലിന്റേയും ജസ്റ്റിസ് ഗാംഗുലിയുടേതും.
``തെറ്റായ ഒരു വിധിപ്രസ്‌താവം, അതിസമര്‍ത്ഥമായ ഒരു വിപരീത വായന, ഇവ കാര്യങ്ങളെ നമ്മള്‍ വിശ്വസിക്കുന്ന, പോരാടുന്ന എല്ലാത്തിനേയും അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു''ലൈംഗീക പീഡനക്കേസില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍,`തെഹല്‍ക'യുടെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്‌പാല്‍ എഴുതിയ,(ആറ് മാസത്തേയ്‌ക്കുള്ള) രാജിക്കത്തിലെ ഒരു വാക്യമാണ്,ആതിരേ, മുകളില്‍ ഉദ്ധരിച്ചത്.
അറം പറ്റുകയാണ്;അതി സമര്‍ത്ഥമായ ഒരു വിപരീത വായനയിലൂടെ, തെറ്റായ വിധിപ്രസ്‌താവം നടത്തി, പൊതുബോദ്ധ്യത്തെ അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിക്കാനാണ് ഈ കേസില്‍ ,ഇപ്പോഴും തേജ്‌പാല്‍ ശ്രമിക്കുന്നത്.അതനുവദിക്കാനാവില്ലാത്തത് കൊണ്ട് ചിലതെല്ലാം പറയേണ്ടിയിരിക്കുന്നു.
തരുണ്‍ തേജ്‌പാല്‍ അവകാശപ്പെടുന്നത് പോലെ `` അടിച്ചമര്‍ത്തപ്പെട്ടവയുടേയും തെറ്റായി തെളിക്കപ്പെട്ടവയുടേയും ഭാഗത്ത് നിന്ന്, ന്യായത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും കാലികമായി പോരാടാനും തെഹല്‍കക്ക് കഴിഞ്ഞു''എന്ന വാസ്‌തവം അദ്ദേഹത്തില്‍ നിന്നുണ്ടായ അതീവ നിന്ദ്യമായ കൃത്യത്തിന്, ആതിരേ, ഒരിക്കലും ജാമ്യം നില്‍ക്കുന്നില്ല.മറിച്ച്, ആ കൃത്യത്തിലൂടെ `തെഹല്‍ക'യുടെ മാത്രമല്ല എല്ലാ വിധത്തിലുമുള്ള അധിനിവേശങ്ങളേയും തെറ്റായ അടയാളപ്പെടുത്തലുകളേയും ചെറുത്തു നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റേയും പ്രവര്‍ത്തകരുടേയും വിശ്വാസ്യതയാണ് അദ്ദേഹം ചിതറിച്ചിരിക്കുന്നത്.സമാനമായ കരാളതയാണ് ജസ്റ്റീസ് എ കെ ഗാംഗുലിയും.
തേജ്‌പാലിനെതിരെ മകളുടെ കൂട്ടുകാരിയും അതേ പ്രായവുമുള്ള സഹപ്രവര്‍ത്തകയും ഗാംഗുലിക്കെതിരെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡീഷ്യല്‍ സയന്‍സിലെ അഞ്ചാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയുമാണ് ലൈംഗീക പീഡനം ആരോപിച്ചിരിക്കുന്നത്.
അശ്ലീലമായത് കൊണ്ട് ``കീഴ്‌ജീവനക്കാര്‍` എന്ന പ്രയോഗം ഉപേക്ഷിക്കുന്നു.സഹപ്രവര്‍ത്തകരായ യുവതികളുടെ സ്‌ത്രീത്വത്തേയും മാന്യത്യേയും അധമ ലൈംഗീക തൃഷ്‌ണയാല്‍ നശിപ്പിച്ച ഇരുവരും, ഈ കെട്ടകാലത്ത് ,ശരിയായ അടയാളപ്പെടുത്തലിന്റെ അവസാനത്തെ ആശ്രയമായി സാധാരണക്കാര്‍ വിശ്വസിച്ചിരുന്ന രണ്ട് സംവിധാനങ്ങളുടെ-മാധ്യമങ്ങളും നീതിപീഠവും-സ്വിക്കാര്യതയും വിശ്വാസ്യതയുമാണ്,ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്ത വിധം തകര്‍ത്തിരിക്കുന്നത്.റിപ്പോര്‍ട്ട് ചെയ്‌ത സംഭവങ്ങള്‍ക്ക് പുതുമയില്ലെന്നും പലകാലത്തും ഈ സംവിധാനങ്ങളില്‍ പലരും ഇത്തരം മുതലെടുപ്പ് നടത്തിയിട്ടുണ്ടെന്നുമുള്ള വാദത്തെ ഞാന്‍ പുച്ഛിച്ചു തള്ളുന്നു.കാരണം കിട്ടുന്ന അവസരങ്ങളിലെല്ലാം സാധാരണക്കാരുടെ ,മാന്യമായി ജീവിക്കാനുള്ള അവകാശം ഭീഷണവും ബീഭത്സവുമായ വിധത്തില്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരായ നീതിപൂര്‍ണമായ ചെറുത്തു നില്‍പ്പുകളായിരുന്നു ജസ്റ്റീസ് എ കെ ഗാംഗുലിയും തരുണ്‍ തേജ്‌പാലും.അതു കൊണ്ട് തന്നെ അവരില്‍ നിന്ന് ഇങ്ങനെയൊന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.ആതിരേ, എല്ലാ പോരാട്ടങ്ങളുടേയും ഭൂമിക ധാര്‍മികതയാവണം;അതില്‍ അനുരഞ്ജനം അനുവദനീയമല്ല.
2008 ഡിസംബര്‍ 17 നായിരുന്നു ഗാംഗുലി സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത് . 2012 ഫെബ്രുവരി 3 ന് വിരമിച്ച ചെറിയ കാലയളവിനിടയില്‍ 568 നിര്‍ണ്ണായക വിധികളില്‍ അദ്ദേഹം നേരിട്ടോ അംഗമായോ പങ്കാളിയായി. പരമോന്നത കോടതിയില്‍ പരമോന്നത സ്ഥാനത്തിരിക്കെ എടുത്ത കടുത്ത തീരുമാനങ്ങള്‍ അനേകരുടെ ഉറക്കം കെടുത്തിയിരുന്നു. ഇതില്‍ ഒന്ന് ടു ജി സ്‌പെക്ട്രം അഴിമതി കേസ് ആയിരുന്നു. 1.75 ലക്ഷം കോടി ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന് ആരോപിക്കപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുഖം നശിപ്പിച്ച ഈ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ കുടുങ്ങുകയും 122 സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്‌തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നടത്തിയ വിധി പുറപ്പെടുവിച്ച ബഞ്ചിലും ഗാംഗുലി ഉണ്ടായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒത്തുകളി- കോഴവീരന്മാരെ ക്യാമറയില്‍ കുടുക്കിക്കൊണ്ട് `പോരാട്ട-മാധ്യമ രംഗത്തേക്ക് 2000 ല്‍ എത്തിയ ' തെഹല്‍ക`, മുന്‍താരം മനോജ് പ്രഭാകറിനൊപ്പം 40 മിനിറ്റുകള്‍ നീണ്ട ദൃശ്യങ്ങളായിരുന്നു പകര്‍ത്തിയത്. ഇതിലൂടെ മുന്‍ നായകന്‍ അഷറുദ്ദീന്‍, അജയ് ജഡേജ, അജയ് ശര്‍മ്മ എന്നിവര്‍ വെറുക്കപ്പെട്ടവരായി. 2001 ല്‍ പ്രതിരോധത്തിലെ ഓഫീസര്‍മാരും രാഷ്ട്രീയക്കാരും കൈക്കൂലിക്കാരായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്‍ഡിഎ സര്‍ക്കാരിനെ മാനം കെടുത്തി. ബിജെപി നേതാവ് ബംഗാരുലക്ഷ്‌മണ്‍ന്റേയും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റേയും കസേര തെറുപ്പിച്ച് തെഹല്‍ക്ക അവരുടെ കണ്ണിലെ കരടായി മാറി. 2007ല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ പകര്‍ത്തി വീണ്ടും തെഹല്‍ക ബിജെപിയെ ഞെട്ടിച്ചു. 2009 ല്‍ മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവം പുറത്തു കൊണ്ടുവന്നതും തെഹല്‍ക തന്നെ. ഇങ്ങനെ വെറും 13 വര്‍ഷം കൊണ്ട് മാറിമാറി വന്ന എല്ലാ ഭരണകര്‍ത്താക്കളുടേയും കണ്ണിലെ കരടായി തെഹല്‍ക മാറി.
സാമൂഹിക വ്യവസ്ഥയെ മാറ്റിമറിച്ച നിര്‍ഭയത്വമായിരുന്നു തേജ്‌പാല്‍.മനുഷ്യാവകാശത്തിന്റെ കവലാളായിരുന്നു ജസ്റ്റിസ് ഗാംഗുലി.തേജ്‌പാല്‍ കുടുങ്ങിയതിന് പിന്നാലെ അദ്ദേഹത്തിനെതിരേ രംഗത്ത് വന്നിട്ടുള്ളത് ബംഗാരു ലക്ഷ്‌മണായത് കൊണ്ട് ഭരണകൂടത്തിന്റെ ജനവിരുദ്ധമായ ദുഷ്‌ചെയ്‌തികള്‍ക്കെതിരേ കടുത്ത നിലപാടെടുത്തത് മൂലം ഇരകളാക്കപ്പെട്ടവരാണ് ഇരുവരുമെന്ന് സംശയിക്കാന്‍ പക്ഷേ,ആതിരേ,ഞാനില്ല .
ഭരണകൂടത്തെ പിടിച്ചുലച്ച വിധികള്‍ പ്രഖ്യാപിച്ചിട്ടും വിരമിച്ച ശേഷം ജസ്റ്റിസ് ഗാംഗുലി ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി.കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗങ്ങളുടേയും ആജന്മശത്രുവായിട്ടും ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തേജ്‌പാല്‍ നടത്തിയ `തിങ്ക് ഫെസ്റ്റി'ന്റെ സ്‌പോണ്‍സര്‍മാര്‍ മറിച്ചാരുമായിരുന്നില്ല.വിലയ്‌ക്കെടുക്കപ്പെടാവുന്ന തലത്തിലേയ്‌ക്ക് ഇരുവരും വഴുതിയിറങ്ങിയതിന്റെ പരിണതിയും അപഭ്രംശവുമാണ് ഇരുവര്‍ക്കും നേരെ കുറ്റാരോപണത്തിന്റെ ചൂണ്ടുവിരലുകളുയര്‍ത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.മദ്യത്തിന്റേയോ മറ്റേതെങ്കിലും സാഹചര്യത്തിന്റേയോ പ്രലോഭനത്തിലുണ്ടായ കൈപ്പിഴയല്ല ഇരുവര്‍ക്കും സംഭവിച്ചതെന്നു തന്നെയാണ് എന്റെ ഉറച്ച നിലപാട്.നീതികാംക്ഷിക്കുന്ന നിസഹായരെയാണ്, ആതിരേ, ഇവര്‍ ഒറ്റപ്പെടുത്തിയത്.അതു കൊണ്ട് തന്നെ സ്‌ത്രീപീഡനമെന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര ,ജീവപര്യന്തം ശിക്ഷിക്കപ്പെടേണ്ട രാജ്യദ്രോഹമാണ് തേജ്‌പാലിന്റേയും ജസ്റ്റിസ് ഗാംഗുലിയുടേതും.
അപരാധം മറച്ചു പിടിക്കാനും സത്യം തമസ്‌കരിക്കാനും ഇരുവരും നടത്തുന്ന ഗര്‍ഹണീയമായ നീക്കങ്ങള്‍ അടിവരയിടുന്നത്?തങ്ങളുടെ സാമ്പത്തീക-സാമൂഹിക സ്ഥാനങ്ങളുപയോഗിച്ച്, തങ്ങളെ തെറ്റായി തെളിയക്കപ്പെടാനാണ് തരുണ്‍ തേജ്‌പാലും ജസ്റ്റിസ് എ.കെ.ഗാംഗുലിയും ശ്രമിക്കുന്നതെന്നാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment