Monday, December 23, 2013

അഭയകേസ്‌: ഇനിയും പുനരന്വേഷണമോ?

ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കൊണ്ടാടപ്പെടുന്ന മുഖക്കുറിപ്പ്‌ പലപ്പോഴും കൊടും ക്രിമിനലുകള്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ രക്ഷനേടാനുള്ള മറയായിട്ടാണ്‌ വര്‍ത്തിക്കുന്നതെന്ന സാമാന്യബോധത്തേയും ഈ വിധി ഊട്ടിയുറപ്പിക്കുന്നു. ഈ കേസ്‌ അട്ടിമറിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി.മൈക്കിള്‍ ,വിചാരണ തുടങ്ങാനിരിക്കെ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്‌.ഇക്കാര്യത്തില്‍ വിചാരണക്കോടതി പുലര്‍ത്തിയ നിഷ്‌ഠാബദ്ധതയും തകര്‍ക്കപ്പെട്ടു. രാജന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ വിപ്‌ളവകരമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള കേരള ഹൈക്കോടതിയില്‍ നിന്നാണ്‌ പൊതുസമൂഹത്തിന്‌`പ്രതിലോമകരം'എന്ന്‌ തോന്നാവുന്ന ഈ വിധി വന്നിരിക്കുന്നത്‌.
ക്രൈംബ്രാഞ്ച്‌ എസ്‌പിയും അഭയ കേസ് ആദ്യം അന്വേഷിച്ച കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഭയക്കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ്‌ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സുതാര്യത വ്യക്തമാക്കാനല്ല മറിച്ച് ആ സംവിധാനത്തോട് പൊതുസമൂഹത്തിനുള്ള സന്ദേഹത്തെ ശക്തിപ്പെടുത്താന്‍ മാത്രമാണ് , ആതിരേ,സഹായകമാകുന്നത്! വ്യവഹാര ഭാഷയിലെ ``അന്യായക്കോടതി''എന്ന പ്രയോഗം നൂറ്റിയൊന്ന്‌ ശതമാനം ശരിയാണെന്ന്‌ തോന്നിപ്പിക്കുന്നതുമാണ്‌ ഈ ഉത്തരവ്‌.കാരണം അഭയകേസിന്റെ അന്വേഷണത്തില്‍ നടന്ന അട്ടിമറികളെ ചെറുക്കാന്‍ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌മാര്‍ നടത്തിയ ധീരോദത്തമായ നിലപാടുകളാണിപ്പോള്‍ പരിഹസിക്കപ്പെട്ടിരിക്കുന്നത്‌.ഒന്നര ദശാബ്ദത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്‌.വിചാരണ ചെയ്‌ത്‌ അവര്‍ക്ക്‌ ശിക്ഷവിധിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇത്തരത്തില്‍ ഒരു വിധി വന്നത്‌,ആതിരേ, സത്യസംരക്ഷണത്തിനല്ലെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കൊണ്ടാടപ്പെടുന്ന മുഖക്കുറിപ്പ്‌ പലപ്പോഴും കൊടും ക്രിമിനലുകള്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ രക്ഷനേടാനുള്ള മറയായിട്ടാണ്‌ വര്‍ത്തിക്കുന്നതെന്ന സാമാന്യബോധത്തേയും ഈ വിധി ഊട്ടിയുറപ്പിക്കുന്നു. ഈ കേസ്‌ അട്ടിമറിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി.മൈക്കിള്‍ ,വിചാരണ തുടങ്ങാനിരിക്കെ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്‌.ഇക്കാര്യത്തില്‍ വിചാരണക്കോടതി പുലര്‍ത്തിയ നിഷ്‌ഠാബദ്ധതയും തകര്‍ക്കപ്പെട്ടു. രാജന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ വിപ്‌ളവകരമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള കേരള ഹൈക്കോടതിയില്‍ നിന്നാണ്‌, ആതിരേ, പൊതുസമൂഹത്തിന്‌`പ്രതിലോമകരം'എന്ന്‌ തോന്നാവുന്ന ഈ വിധി വന്നിരിക്കുന്നത്‌. കേസില്‍ അന്വേഷണം നടത്തുന്നതിനായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും തിരിച്ചു നല്‍കണമെന്നും അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ നടക്കുന്ന നടപടികള്‍ ഈ കാലയളവില്‍ നിര്‍ത്തി വെയ്‌ക്കണമെന്നാണ്‌ ഹൈക്കോടതി വിധിയുടെ സാരാംശം. ആതിരേ, രണ്ടു ദശാബ്ദങ്ങളിലേറെയായി പൊതുസമൂഹത്തിന്റെ മനക്ഷോഭമായി തുടരുന്നതാണ്‌ അഭയക്കേസ്‌ .സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ്‌ ടെന്ത്‌ ഹോസ്റ്റലിലെ,ആള്‍മറയുള്ള കിണറ്റില്‍ ,കാല്‍വഴുതിവീണല്ല അഭയ മരിച്ചതെന്നും അഭയ ആത്മഹത്യ ചെയ്‌തതല്ലെന്നും പകല്‍ പോലെ വ്യക്തമാണ്‌. വിചാരണനേരിടുന്ന ഫാദര്‍ തോമസ്‌ കോട്ടൂരും ഫാദര്‍ ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും വര്‍ഷങ്ങളോളം തുടര്‍ന്ന് പോന്ന അവിഹിത ബന്ധത്തിന്‌ അപ്രതീക്ഷിതമായി സാക്ഷിയായതു കൊണ്ടാണ്‌ സിസറ്റര്‍ അഭയ കിരാതമായി കൊല്ലപ്പെട്ടത്‌.പ്രതികള്‍ക്ക്‌ നടത്തിയ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റില്‍ ഇക്കാര്യം വള്ളിപുള്ളി തെറ്റാതെ പ്രതികള്‍ ഏറ്റുപറഞ്ഞിട്ടുള്ളതുമാണ്‌. ഈ സത്യം അട്ടിമറിക്കാനാണ്‌ തുടക്കം മുതല്‍ ,ആതിരേ, അന്ന്‌ കോട്ടയത്ത്‌ ഡിവൈഎസ്‌പിയായിരുന്ന കെ.ടി.മൈക്കിള്‍ ശ്രമിച്ചത്‌.അതിനായി എന്തെല്ലാം ഭോഷ്‌ക്കുകളാണ്‌ അദ്ദേഹം എഴുന്നെള്ളിച്ചത്‌!പ്രീഡിഗ്രി പരീക്ഷയിലെ തോല്‍വി,കന്യാസ്‌ത്രിയാകാന്‍ മഠത്തില്‍ കൊടുക്കേണ്ട പാത്രബാക്കിയെന്ന തുക പൂര്‍ണമായി നല്‍കാന്‍ കഴിയാത്തതിലെ ഇച്ഛാഭംഗം തുടങ്ങിയ കണ്ടെത്തലുകള്‍ ക്‍ളച്ച് പിടിക്കാതെ വന്നപ്പോള്‍,അഭയയുടെ മാതാവടക്കമുള്ളവര്‍ക്ക്‌ ആത്മഹത്യാ പ്രവണതെയുണ്ടെന്ന്‌ കണ്ടെത്തി നാണം കെട്ട പോലീസ്‌ മികവാണ്‌ കെ.ടി.മൈക്കിള്‍ .പ്രതികളെ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഇത്തരം അട്ടിമറികള്‍ക്കെതിരേ ശക്തമായ പ്രതികരണങ്ങളാണ്‌ ചീഫ്‌ ജുഡിഷ്യല്‍ മജിസ്റ്റ്രേറ്റ്‌ കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്‌. ഇന്‍ക്വസ്റ്റ്‌ മുതല്‍ പോസ്റ്റ്‌ മോര്‍ട്ടം വരേയും പിന്നീട്‌ ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ തിരുത്തുന്നതിലും വരെ നിര്‍ണായക പങ്ക്‌ വഹിച്ച്‌ കേസ്‌ അട്ടിമറിച്ചതില്‍ പ്രമുഖനാണ്‌ കെ.ടി.മൈക്കിളെന്നും കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.പോസ്റ്റ്‌ മോര്‍ട്ടം സമയത്ത്‌ സിസ്റ്റര്‍ അഭയയുടെ ആമശയത്തില്‍ കണ്ട ജലം കീണറ്റിലേതാണോ അതോ ഹോസ്റ്റലിലെ ഫ്രിഡ്‌ജിലേതായിരുന്നോ എന്ന്‌ കണ്ടെത്താന്‍ അവസരം ഉണ്ടായിരുന്നിട്ടും അത്‌ ചെയ്യതെ കേസ്‌ കോടതിയിലെത്തിയാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതികളാകുന്നവര്‍ക്ക്‌ ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിച്ചതും കെ.ടി.മൈക്കിളായിരുന്നെന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ഡോ.രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍ ഇവിടെ കൂട്ടി വായിക്കേണ്ടതാണ്‌. ഇന്‍ക്വസ്റ്റ്‌ സമയത്തു സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന വസ്‌ത്രങ്ങളും ശിരോവസ്‌ത്രവും ചെരുപ്പും പ്ലാസ്റ്റിക്‌ ബോട്ടിലും കണ്ടെത്തി താന്‍ തെളിവുകളുടെ ഭാഗമാക്കിയിരുന്നെന്നും സിബിഐ ഇവ നശിപ്പിച്ച ശേഷം തന്നെ കുറ്റക്കാരനാക്കിയെന്നുമാണ് കെ.ടി.മൈക്കിളിന്റെ വാദം.എന്നാല്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കും മുന്‍പ്‌ ഈ തെളിവുകള്‍ അന്ന്‌ എഡിഎം ആയിരുന്ന കിഷോറിനൊപ്പം ചേര്‍ന്ന്‌ നശിപ്പിച്ചത്‌ കെ.ടി.മൈക്കിളായിരുന്നു.ഇക്കാര്യം സംശയാതീതമായി സി‌ബി‌ഐ കണ്ടെത്തിയിട്ടുള്ളതും കേസന്വേഷണത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചതുമാണ്.അന്നൊന്നും അതിനെ കെ.ടി.മൈക്കിള്‍ ചോദ്യം ചെയ്തിട്ടുമില്ല .എന്നിട്ടാണിപ്പോള്‍ ... എന്ന്‌ മാത്രമല്ല അഭയ കേസിന്റെ അന്വേഷണച്ചുമതല തനിക്കായിരുന്നില്ലെന്നും ഇന്‍ക്വസ്റ്റ്‌ സമയത്ത് ശേഖരിച്ച തെളിവുകളെക്കുറിച്ചോ പിന്നീട്‌ അവയ്‌ക്ക്‌ എന്ത്‌ സംഭവിച്ചെന്നോ തനിക്ക്‌ ഓര്‍മ്മയില്ലെന്ന് കോടതിയില്‍ മൊഴി കൊടുത്ത കെ.ടി.മൈക്കിളാണ്‌, ആതിരേ, ഇപ്പോള്‍ അതെല്ലാം സൂക്ഷ്‌മമായി ഓര്‍ത്തെടുത്ത്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.എന്തൊരു വൈരുദ്ധ്യം.മാത്രമല്ല മറ്റൊരു കേസില്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഈ കേസില്‍ സ്റ്റേ വാങ്ങിയിട്ടുള്ളതാണ്‌.അത്‌ മറച്ച്‌ വച്ചാണ്‌ കെ.ടി.മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ സ്റ്റേ വാങ്ങിയിട്ടുള്ളതും. ക്‌നാനായ സഭയിലെ പുരോഹിതരും സന്യസ്‌തയും പ്രതികളായ ഈ കേസ്‌ അട്ടിമറിക്കാന്‍ സഭ തുടക്കം മുതല്‍ ശ്രമിച്ചതാണ്‌.ഇക്കാര്യത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും ഇന്ന്‌ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയും നടത്തിയ നീചമായ ഇടപെടലുകള്‍ , ആതിരേ,അന്നേ അങ്ങാടിപ്പാട്ടാണ്‌.ക്നാനായ സഭയുടെ ബിഷപ്പായിരുന്ന കുര്യാക്കോസ്‌ കുന്നശേരി അടക്കമുള്ളവരുടെ അവിഹിത ബന്ധത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന വാസ്‌തവങ്ങളുടെ പിന്നാമ്പുറത്താണ് , ആതിരേ, സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടക്കുന്നത്‌.വിചാരണ സമയത്ത്‌ അവയും കേസ്‌ അട്ടിമറിക്കാന്‍ കെ.ടി.മൈക്കിള്‍ നടത്തിയ ജുഗുപ്‌സാവഹമായ നീക്കങ്ങളും ഒരിക്കല്‍ കൂടി പുറത്ത്‌ വരും.അത്‌ തടയാനായില്ലെങ്കിലും നീട്ടിവയ്‌ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ്‌ ഈ ഹര്‍ജി എന്ന്‌ തിരിച്ചറിയാതെ പോയതാണ്‌ ഹൈക്കോടതിയുടെ ഭാഗത്തെ അക്ഷന്തവ്യമായ വീഴ്‌ച. തിരുവനന്തപുരത്തെ സി‌ബി‌ഐയുടെ വിചാരണക്കോടതി മൈക്കിളിന്റെ ഈ ഹര്‍ജി തള്ളിയതാണ്.കേസിന്റെ വിചാരണ വേളയിലും ഡിഫന്‍സിലും തന്റെ വാദം ഉന്നയിച്ച് സമര്‍ത്ഥിക്കാന്‍ മൈക്കിളിന് അവസരമുള്ളതാണ്.അത് ചെയ്യാന്‍ നിര്‍ദേശിക്കേണ്ടത്തിന് പകരം സ്റ്റേ അനുവദിച്ചത്,ആതിരേ,നീതിനിര്‍വഹണത്തെ അട്ടിമറിച്ചില്ലെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ജസ്റ്റിസ് ഡിലെയ്‌ഡ് ഈസ് ജസ്റ്റിസ് ഡിനെയ്‌ഡ് ആണെന്ന് ഹൈക്കോടതിക്ക് അറിവില്ലാത്തതല്ലല്ലോ!എന്നിട്ടും സ്റ്റേ അനുവദിച്ചത്... 1992 ലും 2009 ലും സി‌ബി‌ഐ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫാ.കോട്ടൂരിനേയും ഫാ.പൂതൃക്കയേയും സിസ്റ്റര്‍ സെഫിയേയും അറസ്റ്റ് ചെയ്തതും സത്യം സമ്മതിക്കാന്‍ തയ്യാറാകാതിരുന്നപ്പോളാണ് ,ആതിരേ, കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളെ നാര്‍കോ അനാലിസിസിന് വിധേയരാക്കിയത്.സത്യം കണ്ടെത്താനുള്ള ആ ശ്രമമാണ്‌ അട്ടിമറിക്കപ്പെടുന്നതെന്നും ഇനിയും തുടരന്വേഷണത്തിന്‌ ഉത്തരവിട്ടാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറയാന്‍ കാലതാമസമുണ്ടാകുമെന്നും ഹൈക്കോടതി ചിന്തിക്കാതിരുന്നത്‌, ആതിരേ,മാന്യമായി പറഞ്ഞാല്‍ ദൗര്‍ഭാഗ്യകരമാണ്‌.തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ പ്രതികളും ക്നാനായ സഭയും മൈക്കിളും രാഷ്ട്രീയ നേതൃത്വവും സി‌ബി‌ഐ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങള്‍ സംഘടിതവും ദുരുപദിഷ്ടവുമാണ്.അവിഹിത ബന്ധത്തില്‍ നശിച്ച തന്റെ കന്യാചര്‍മം ഹൈമനൊപ്‌ളാസ്റ്റിയിലൂടെ സിസ്റ്റര്‍ സെഫി ‘പുനസൃഷ്ടിച്ചത്’സ്തോഭജനകമായ വാര്‍ത്തയായിരുന്നു!ഈ കൌശലങ്ങളേയും അട്ടിമറി ശ്രമങ്ങളേയും പ്രതിരോധിച്ചാണ് സി‌ബി‌ഐ മൂന്ന് കുറ്റവാളികളെ വിലങ്ങണിയിച്ചത്.ദൃക്‌സാക്ഷികളില്ലാത്ത, സാഹചര്യത്തെളിവുകള്‍ മൈക്കിളിന്റെ ഉപദേശപ്രകാരം നശിപ്പിച്ച ഈ കേസില്‍ ഫാ.കോട്ടൂരും ഫാ.പൂതൃക്കയും സിസ്റ്റര്‍ സെഫിയും സംശയത്തിന്റെ ആനുകൂല്യത്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേയ്ക്കാം.എന്നാലും,ആതിരേ,വിഷയാസ്കതരും വിശുദ്ധവസ്ത്രത്തിന്റെ മറവില്‍ അനാശാസ്യ ബന്ധം തുടര്‍ന്നവരുമായ പ്രതികളെ പൊതുബോദ്ധ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സി‌ബി‌ഐക്ക് കഴിഞ്ഞു എന്നതാണ് അവര്‍ക്ക് ലഭിച്ചു കഴിഞ്ഞ ഏറ്റവും വലിയ ശിക്ഷ! നിലവില്‍ സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്‌ എന്ന നിര്‍ദേശം മാത്രമാണ്‌ ഈ വിധിയിലെ ഏക ആശ്വാസം. അഭയക്കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീടു ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തു. ആത്മഹത്യയാണെന്നു കണ്ടെത്തിയാണ് അവര്‍ കുറ്റപത്രം നല്‍കിയത് . എന്നാല്‍ സര്‍ക്കാര്‍ കേസ്‌ സിബിഐയ്‌ക്കു വിട്ടു. സിബിഐയിലെ ഡിവൈഎസ്‌പി വര്‍ഗീസ്‌ പി. തോമസാണ്‌ അന്വേഷണം നടത്തിയത്‌.തെളിവില്ലെന്ന് പറഞ്ഞ് 1996 ല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സി‌ബി‌ഐ അപേക്ഷ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ പ്രകാരമാണ്‌ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. നിലവില്‍ സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ പൊളിക്കാത്ത തരത്തില്‍ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സിബിഐ സമര്‍പ്പിക്കണമെന്നാണ് ഹൈക്കൊടതിയുടെ നിര്‍ദേശമെങ്കിലും,മുന്‍‌കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശം കാറ്റില്‍ പറത്തി കേസ്‌ പൂര്‍ണമായി അട്ടിമറിക്കാനുള്ള കളം ഒരുങ്ങുകയല്ലേ എന്ന പൊതുസമൂഹത്തിന്റെ സന്ദേഹം തന്നെയാണ്‌ ആതിരേ,എനിക്കുമുള്ളത്.

No comments: