Monday, December 9, 2013
കെജ്രിവാള്‍ : പ്രതീകവും പ്രതീക്ഷയുമാകുമ്പോള്‍
ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത് കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ് ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം.
ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ് സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ് സമീപിച്ചത്.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്.
``ഝാഡു ചലേഗി''-തൂത്തെറിയുക അഴിമതിയെ-എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ അരവിന്ദ് കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നടത്തിയ സുതാര്യമായ യത്‌നം,ആതിരേ, സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അസാമാന്യ വിജയമായിരിക്കുകയാണ്.ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബര്‍ ഒന്‍പതിന്റെ തലേ ദിവസം ഇത്തരത്തിലൊരു പരിണതിയുണ്ടായത് യാദൃച്ഛികമല്ല, മറിച്ച് ഒരു നിമിത്തമാണെന്ന് ഞാന്‍ കരുതുന്നു.
ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി , ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ നിഷ്‌പ്രഭരാക്കി 27 സീറ്റ് നേടി വിജയിച്ചു എന്നതിലുപരി 15 വര്‍ഷമായി ദല്‍ഹി ഭരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവിനെ നേരിട്ട് പരാജയപ്പെടുത്തിയത് കൊണ്ടു കൂടിയാണ്, ആതിരേ, ഈ മുന്നേറ്റം ചരിത്രപ്രധാനമാകുന്നത്.
ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ പോലും സുരക്ഷിത മണ്ഡലങ്ങളില്‍ മത്സരിച്ച് ചുളുവില്‍ ജയിക്കുന്നിടത്താണ് തങ്ങള്‍ എതിരാളികളായി നിശ്ചയിച്ച ഭരണകക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തില്‍ തന്നെ അരവിന്ദ് കെജ്‌രിവാള്‍ മത്സരിച്ച് വെന്നിക്കൊടി പാറിച്ചത്. . ആം ആദ്‌മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന്റെ ഭൂമികയായത് കെജ്‌രിവാളിന്റെ ഈ ധീരതയാണ്
അഴിമതിക്കെതിരായ കുരിശുയുദ്ധം, വേഷത്തിലും ഭാവത്തിലും രീതികളിലും ഗാന്ധിജിയുടെ യഥാര്‍ഥ പിന്മുറക്കാര്‍ എന്ന തോന്നിപ്പിക്കലുകള്‍, യു പി എ രണ്ട് എന്നാല്‍ അഴിമതിയുടെ മുഖം എന്ന മികവാര്‍ന്ന വ്യാപക പ്രചാരണം , ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയകളെയും ഫലപ്രദമായി ഉപയോഗിച്ച് ഡല്‍ഹിയിലെ നഗരവല്‍കൃത മധ്യവര്‍ഗ്ഗ സമൂഹത്തില്‍ ആഴത്തില്‍ വേരു പടര്‍ത്താന്‍ കഴിഞ്ഞ ഓണ്‍ലൈന്‍ രാഷ്ട്രീയം ,അതിനു പിന്‍ബലമേകി വീടു വീടാന്തരം കയറിയുള്ള വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം- ഇതൊക്കെയാണ് ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്‌മി പാര്‍ട്ടിയെയും അമരക്കാരനായ അരവിന്ദ് കെജ്രിവാളിനേയും നവരാഷ്ട്രീയ പ്രതീകവും അഴിമതിമുക്ത ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷയുമാക്കുന്നത്.
ആതിരേ, ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ് കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത് കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ് ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം.
ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ് സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ് സമീപിച്ചത്.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്.
2012 നവംബറില്‍ പിറവിയെടുത്ത ആം ആദ്‌മി പാര്‍ട്ടിയുടെ ശൈലികളെല്ലാം ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതുമ ആയിരുന്നു. വെള്ളക്കരം വര്‍ധനയേയും വൈദ്യുതി ചാര്‍ജ് വര്‍ധനയേയും ആയുധമാക്കി ജനങ്ങളിലേക്കിറങ്ങിയ പാര്‍ട്ടി പിന്നീട് വോളണ്ടിയര്‍മാരിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജനങ്ങളുമായി ചര്‍ച്ചചെയ്‌ത് പ്രകടനപത്രികയുണ്ടാക്കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തി. ആരോപണങ്ങള്‍ ഒളിച്ചുവച്ച സ്ഥാനാര്‍ത്ഥികളെ പരസ്യമായി തള്ളിപ്പറഞ്ഞു. കിട്ടിയ ഫണ്ടിന്റെ പൂര്‍ണവിവരങ്ങള്‍ പരസ്യപ്പെടുത്തി. ലക്ഷ്യമിട്ട തുക ലഭിച്ചപ്പോള്‍ ഇനി സംഭാവന വേണ്ടെന്ന് പ്രഖ്യാപിക്കാനും നേതൃത്വം ആര്‍ജ്ജവം കാട്ടി. ഇതെല്ലാം ചേര്‍ന്നപ്പോള്‍ കെജ്രിവാളിന്റെ പ്രതിച്ഛായയും ആം ആദ്‌മി പാര്‍ട്ടിയുടെ ജനപ്രീതിയും വാനോളമുയര്‍ന്നു.
അഴിമതിക്കറുതിവരുത്താനും ജന്‍ ലോക് പാല്‍ ബില്ല് പാസാക്കിയെടുക്കാനും യോഗ ഗുരു ബാബ രാംദേവുമായി ചേര്‍ന്ന് ആരംഭിച്ച പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ രാം ദേവിന്റെ ആര്‍എസ്‌എസ് ബന്ധം തിരിച്ചറിഞ്ഞ് രാം ദേവിനെ ഒഴിവാക്കാന്‍ കെജ്രിവാള്‍ പ്രദേശിപ്പിച്ച ആര്‍ജവത്വവും പിന്നീട് അണ്ണാ ഹസാരെയോടൊന്നിച്ച് നടത്തിയ യത്‌നവും സൃഷ്ടിച്ച ജനകീയ മുന്നേറ്റത്തെയാണ് ,ആതിരേ, അണ്ണാ ഹസാരെ വഴിപിരിഞ്ഞെങ്കിലും,സൃഷ്ടിപരമായ ദിശാബോധം നല്‍കി കെജ്രിവാള്‍ സാധാരണ ജനങ്ങളുടെ -ആം ആദ്‌മി-പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ചത്.ആ ജനകീയ ഐക്യം മുന്നോട്ടു വച്ച അടിസ്ഥനപരമായ ആവശ്യം-അഴിമതിയുടെ ഉച്ഛാടനം-തിരിച്ചറിയാതെ അഴിമതിയില്‍ അര്‍മാദിക്കാനാണ് കോണ്‍ഗ്രസും യുപിഎയും ഔത്സുക്യം കാണിച്ചത്.ഇന്ത്യയിലെ സാധാരണക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന ജനാധിപത്യ ബോധത്തെ നിന്ദിക്കാനും ആം ആദ്‌മി പാര്‍ട്ടിയെ ഇന്നലെ പെയ്‌ത മഴയില്‍ കിളുര്‍ത്ത തകരയായി പരിഹസിക്കാനുമാണ് ഷീല ദീക്ഷിതും കോണ്‍ഗ്രസും ശ്രമിച്ചത്.ജനവികാരം മാനിക്കാത്ത ഭരണകര്‍ത്താക്കളുടെ അനുഭവം ഇനി ഇതായിരിക്കുമെന്ന് ഇന്ത്യക്കാകെ സന്ദേശം നല്‍കുന്നിടത്താണ്, ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും മൂര്‍ത്തമായ പ്രതീകവും ഫലവത്തായ പ്രതീക്ഷയുമാകുന്നത്.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് ഡല്‍ഹി,രാജസ്ഥാന്‍ ,മധ്യപ്രദേശ്,ഛത്തിസ്‌ഗഡ്,മിസോറം എന്നീ നിയമസഭകളിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്.സെമിഫൈനലില്‍ ബിജെപി വന്‍ ഭുരിപക്ഷം നേടിയെന്നാണ് ആകെയുള്ള കണക്ക് സൂചിപ്പിക്കുന്നത്. നാലു സംസ്ഥാനങ്ങളിലെ 590 സീറ്റില്‍ ബിജെപി 394 സീറ്റും കോണ്‍ഗ്രസ് 140 സീറ്റും എഎപി 29 സീറ്റും മറ്റുള്ളവര്‍ 26 സീറ്റും നേടിയെന്നാണ് പ്രാഥമിക കണക്കുകള്‍.ലോക്‌സഭ മണ്ഡലങ്ങളുടെ കണക്കില്‍ പരിശോധിച്ചാല്‍ 72 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കോണ്‍ഗ്രസ് 12 ഉം ബിജെപി 49 ഉം എഎപി രണ്ടും സീറ്റാണ് നേടിയത്.
രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തന്നെയാണ് ഡല്‍ഹിയിലെ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെ ഒരു ചൂലുകൊണ്ട് തൂത്തെറിയുക എന്നത് വിഷമകരമാണ്. അതാണ് കെജ്‌രിവാളിന് സാധിച്ചിരിക്കുന്നത്.
ജനങ്ങള്‍ ഉണര്‍ന്നത് കോണ്‍ഗ്രസും ബിജെപിയും ഇടത്-സംസ്ഥാന പാര്‍ട്ടികളും തിരിച്ചറിയുക;അല്ലെങ്കില്‍ തിരിച്ചടി രൂക്ഷമായിരിക്കും-ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നല്‍കുന്ന മുന്നറിയിപ്പ് അതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment