Sunday, December 8, 2013

സഖാവ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌-ഡിജിപി; ജയില്‍

കേരളീയരെല്ലാം കൊഞ്ഞാണന്മാരാണെന്നാണോ,അലക്‌സാണ്ടര്‍ ജേക്കബ്‌ വിലയിരുത്തുന്നത്‌?ഇ.പി.ജയരാജനും പി.ജയരാജനും എം.വി.ജയരാജനും എളമരം കരീമും പോലും പറയാന്‍ ധൈര്യപ്പെടത്ത ശുഭത്വം,പത്ര സമ്മേളനത്തില്‍,ജയില്‍ ഡിജിപി എന്ന നിലയ്‌ക്ക്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ എഴുന്നെള്ളിക്കുമ്പോള്‍ , തിരിച്ചറിയുക ടി.പി.ചന്ദ്രശേഖരനെ കിരാതമായി ഉന്മൂലനം ചെയ്‌ത്‌ ഒരാളും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.പ്രതികള്‍ മാത്രമല്ല,പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്ന നിന്ന്‌ വാക്കുകളില്‍ നിന്നും സത്യം വായിച്ചെടുക്കാനാകും.ടി.പി.വധക്കേസിലെ കൊടും കുറ്റവാളികള്‍ക്ക്‌ വേണ്ടി ആഭ്യന്തര മന്ത്രിയെപ്പോലും ധിക്കരിക്കാന്‍ ഹുങ്ക്‌ കാണിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ, ഡിസ്‌മിസ്‌ ചെയ്യാതെ തുടരാന്‍ അനുവദിക്കുന്നതാണ്‌ അതിശയകരം.കറതീര്‍ന്ന സിപിഎം വിധേയത്വമാണ്‌ അല്‍ക്‌സാണ്ടര്‍ ജേക്കബ്‌.ജയില്‍ ഡിജിപി സ്ഥാനത്തിരുന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ നടത്തിയ ഈ ക്രിമിനല്‍ കുറ്റത്തിന്റെ നാലയലത്തെത്തില്ല ടി.പി.യെ ഉന്മൂലനം ചെയ്‌തതിലെ ക്രിമിനാലിറ്റി എന്ന്‌ പറയേണ്ടിവരുന്നതില്‍ തെല്ലും മനഃസാക്ഷിക്കുത്തില്ല...
ആതിരേ,ആല്‌ മുളയ്‌ക്കുന്നെങ്കില്‍ ഇങ്ങനെ മുളയ്‌ക്കണം.അതിന്റെ കൊമ്പില്‍ ഊഞ്ഞാല്‌ കെട്ടി ആടുന്നെങ്കില്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ പോലെ ആടണം.അപ്പോള്‍ കൂട്ടത്തിലേറ്റം മിടുക്കനെന്ന്‌ സഖാവ്‌ പിണറായി വിജയന്‍ സമ്മതിക്കും.രാഷ്ട്രീയ എമാന്മാര്‍ക്ക്‌ മുന്‍പില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഓച്ചാനിച്ച്‌ നില്‍ക്കേണ്ടി വന്നേക്കാം.എന്നാലും ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ പോലെ ഊച്ചാളിയാകരുത്‌. കേരളീയരെല്ലാം കൊഞ്ഞാണന്മാരാണെന്നാണോ,ആതിരേ, അലക്‌സാണ്ടര്‍ ജേക്കബ്‌ വിലയിരുത്തുന്നത്‌?ഇ.പി.ജയരാജനും പി.ജയരാജനും എം.വി.ജയരാജനും എളമരം കരീമും പോലും പറയാന്‍ ധൈര്യപ്പെടത്ത ശുഭത്വം,പത്ര സമ്മേളനത്തില്‍,ജയില്‍ ഡിജിപി എന്ന നിലയ്‌ക്ക്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ എഴുന്നെള്ളിക്കുമ്പോള്‍ , തിരിച്ചറിയുക ടി.പി.ചന്ദ്രശേഖരനെ കിരാതമായി ഉന്മൂലനം ചെയ്‌ത്‌ ഒരാളും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.പ്രതികള്‍ മാത്രമല്ല,പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്ന നിന്ന്‌ വാക്കുകളില്‍ നിന്നും സത്യം വായിച്ചെടുക്കാനാകും.അതാണ്‌ അലക്‌സാണ്ടര്‍ ജേക്കബിന്റെ വാക്കുകളില്‍ കേട്ടത്‌. `` ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വരാനിരിക്കെ മൊബെയില്‍ ഫോണ്‍ വിവാദം ഉണ്ടായത്‌ ജഡ്‌ജിയെ സ്വാധീനിച്ച്‌ ടി.പി കേസിലെ പ്രതികള്‍ക്ക്‌ ശിക്ഷവാങ്ങിക്കൊടുക്കാനാണെന്ന്‌ സംശയം തോന്നാം. പ്രതികളെ വെറുതെ വിട്ടാലും ഫോണ്‍ ഉപയോഗിച്ച കേസില്‍ അവര്‍ക്ക്‌ ശിക്ഷ ലഭിക്കണമെന്നാഗ്രഹമുള്ളവരാകാം ഇത്‌ ചമച്ചതെന്ന്‌ സംശയിക്കാം``എന്നാണ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. പ്രതികള്‍ക്ക്‌ കഠിനശിക്ഷക്ക്‌ ഉത്തരവിടാന്‍ ജഡ്‌ജിയെ പ്രേരിപ്പിക്കാന്‍ മറ്റാരെങ്കിലും ചെയ്‌തതാകാം ജയിലിലെ മൊബെയില്‍ ഉപയോഗ സംഭവമെന്നുമാണ്‌ അലക്‌സാണ്ടര്‍ ജേക്കബിന്റെ പാദസേവാ ലൈന്‍. തീരുന്നില്ല,ഹുങ്കിന്റെ അര്‍മാദം.'' ഷാഫിയുടേതെന്നു പറഞ്ഞു ചാനല്‍ സംപ്രേഷണം ചെയ്‌ത ശബ്ദം അയാളുടേതെന്നു തോന്നുന്നില്ല. ഇതിന്റെ ആധികാരികത ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെടണം. വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്നല്ല, പക്ഷേ, അതു തെളിയിക്കപ്പെടണം. കേസിന്റെ വിധി വരാന്‍ പോകുന്നതിനു തൊട്ടു മുന്‍പ്‌ ഇത്തരം ആരോപണം വന്നതു സംശയാസ്‌പദമാണ്‌ `` ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം വിവാദമാകുകയും ഡിജിപി സ്ഥാനത്തുനിന്ന്‌ മാറിനില്‍ക്കണമെന്ന്‌ ആവശ്യം ഉയരുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ നല്‍കിയ ഈ വിശദീകരണത്തെ, ആതിരേ, എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്‌? ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പി.മോഹനന്‍ മാസ്റ്ററുമായി ഭാര്യയും എംഎല്‍എയുമായ കെ.കെ.ലതിക സ്വകാര്യ ഹോട്ടലില്‍ വെച്ചു കണ്ടതിനെ ന്യായീകരിക്കുകയും ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനെ കാണാന്‍ അവകാശമില്ലേയെന്നും എംഎല്‍എ എന്ന നിലയില്‍ സംസ്ഥാനത്തെ ഏത്‌ തടവുകരനെ കാണാനും അവര്‍ക്ക്‌ അവകാശമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ ചോദിക്കുകയും പറയുകയും ചെയുമ്പോള്‍ സിപിഎമ്മും ഉമ്മന്‍ ചാണ്ടി ഭരണകൂടവും തമ്മിലുള്ള ഒത്തുകളി എത്ര ഗര്‍ഹണീയമാണെന്ന്‌ വ്യക്തമാകുന്നു.ടി.പി.വധക്കേസിലെ പ്രതികളുടെ ചെയ്‌തികളെ ന്യായീകരിക്കുന്ന സിപിഎം പോലും പറയാന്‍ ധൈര്യപ്പെടാത്ത വിശദീകരണങ്ങള്‍ പത്രസമ്മേളനം വിളിച്ച്‌ നിരത്തുമ്പോള്‍ അത്‌ രാജാവിനെക്കാള്‍ വലിയ രാജ്യഭക്തി പ്രകടിപ്പിക്കലാണ്‌.ആ ലക്ഷ്യം സഫലമായി-ടി.പി.വധക്കേസിലെ പ്രതികളുടെ കാര്യത്തെ കുറിച്ച് ഡി‌ജി‌പി പറഞ്ഞത്-ജഡ്ജിയെ സ്വാധീനിക്കാന്‍ മൊബൈല്‍ ഫോണ്‍/ഫേസ്ബുക്ക് വിവാദം-അന്വേഷിക്കണമെന്ന നിലപാടിലാണിപ്പോള്‍ സി‌പി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട്‌ ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍ വിളിക്കും ഫേസ്‌ബുക്ക്‌ അപ്‌ഡേഷനും മറ്റുമായി പ്രതികള്‍ 11 സിം കാര്‍ഡ്‌ ഉപയോഗിച്ചെന്ന്‌ സൈബര്‍ സെല്‍ കണ്ടെത്തിയതാണ്‌.കിര്‍മാണി മനോജ്‌ ഉപയോഗിച്ച്‌ സിം കാര്‍ഡ്‌ ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഉപയോഗിച്ചതാണെന്നും സൈബര്‍ സെല്ലിന്റെ കണ്ടെത്തലിലുണ്ട്‌. 9847562679 എന്ന നമ്പരാണ്‌ കിര്‍മാണിയുടെ കൈവശമുണ്ടായിരുന്നത്‌. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം ഈ നമ്പറിലുള്ള സിം ഇയാള്‍ ഉപോക്ഷിച്ചുവെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌. മൂന്നാം പ്രതി കൊടി സുനി 9946691814 എന്ന നമ്പറും അഞ്ചാം പ്രതി കെ.കെ മുഹമ്മദ്‌ ഷാഫി 9562945872 നമ്പറുമാണ്‌ ഉപയോഗിക്കുന്നതെന്നും?ട്രൂകോളര്‍ സംവിധാനം ഉപയോഗിച്ച്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. തലശേരി പന്നിയന്നൂര്‍ തടത്തില്‍ പ്രത്യുഷ്‌, ആയഞ്ചേരി സ്വദേശി അഹമ്മദ്‌, ന്യൂമാഹി സ്വദേശി പി.പി.ഫൈസല്‍, മാഹി പന്തക്കല്‍ സ്വദേശി അജേഷ്‌ എന്നിവരുടെ പേരിലാണ്‌ പ്രതികള്‍ സിം കാര്‍ഡ്‌ സംഘടിപ്പിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആതിരേ, ഇത്രയൊക്കെ തെളിവുകള്‍ പുറത്ത്‌ വന്നിട്ടും ടി.പി കേസ്‌ പ്രതികള്‍ക്ക്‌ എതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തെളിയിക്കാനുള്ള വസ്‌തുതാപരമായ തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌?ആഭ്യന്തര വകുപ്പിന്‌ നല്‍കിയ?റിപ്പോര്‍ട്ടില്‍ പറയുന്നത്‌.`` പ്രതികള്‍ മൊബെയില്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നു എന്ന ആരോപണത്തില്‍ ഫോണുകള്‍ കണ്ടെത്താനായിട്ടില്ല. കോഴിക്കോട്‌ ജില്ലാ ജയിലില്‍ പരിശോധനയില്‍ 12 ബാറ്ററികളും എട്ട്‌ ചാര്‍ജറുകളും ഏതാനും അനുബന്ധ സാധനങ്ങളും മാത്രമാണ്‌ കണ്ടെത്തിയത്‌. ഇക്കാര്യത്തില്‍ ജയിലിലും പുറത്തുമായി പോലീസ്‌, ഡോഗ്‌, ബോംബ്‌ സ്‌ക്വാഡ്‌ എന്നിവയെ ഉള്‍പ്പെടുത്തി നാലു റെയ്‌ഡുകള്‍ നടത്തിയിട്ടും ആരോപണത്തിന്‌ അനുകൂലമായ ഒന്നും കണ്ടെത്തിയിട്ടില്ല''എന്നൊക്കെ റിപ്പോര്‍ട്ട്‌ നല്‍കണമെങ്കില്‍ തൊലിക്കട്ടിയും പാദസേവതാത്‌പര്യവും എത്ര ഭീകരമായിരിക്കും! അപ്പോള്‍ പിന്നെ എന്തിനാണ്‌, ആതിരേ, ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ? 28 ജീവനക്കാരെ സ്ഥലം മാറ്റിയത്‌? ടി.പി കേസിലെ പ്രതികള്‍ക്ക്‌ ജയിലില്‍ സര്‍വസ്വാതന്ത്ര്യവും അനുവദിച്ചത്‌ ജയില്‍ ജീവനക്കാരല്ല ജയില്‍ ഡിജിപിയാണെന്നതിന്റെ ഏറ്റവും നിര്‍ണയകമായ തെളിവല്ലേ, മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടത്‌ ?. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഡിജിപി വഴി ജയില്‍ ഡിജിപിക്ക്‌ നല്‍കിയ ശിപാര്‍ശയാണ്‌ അട്ടിമറിക്കപ്പെട്ടത്‌. ഒരു സഹതടവുകാരനെ ടി. പി കേസ്‌ പ്രതികള്‍ ആക്രമിച്ചുവെന്നും കോഴിക്കോട്‌ ജില്ലാ ജയിലില്‍ പ്രതികള്‍ മൊബെയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ജയില്‍ അധികൃതരാണ്‌ പ്രതികള്‍ക്ക്‌ സഹായം ചെയ്‌തുകൊടുക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തരമന്ത്രി 2012 ജൂണ്‍ 12 ന്‌ ജയില്‍ ഡിജിപിക്ക്‌ നിര്‍ദേശം നല്‍കിയത്‌. ടി.പി.വധക്കേസിലെ കൊടും കുറ്റവാളികള്‍ക്ക്‌ വേണ്ടി ആഭ്യന്തര മന്ത്രിയെപ്പോലും ധിക്കരിക്കാന്‍ ഹുങ്ക്‌ കാണിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ, ഡിസ്‌മിസ്‌ ചെയ്യാതെ തുടരാന്‍ അനുവദിക്കുന്നതാണ്‌ അതിശയകരം.കറതീര്‍ന്ന സിപിഎം വിധേയത്വമാണ്‌ അല്‍ക്‌സാണ്ടര്‍ ജേക്കബ്‌.ജയില്‍ ഡിജിപി സ്ഥാനത്തിരുന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ നടത്തിയ ഈ ക്രിമിനല്‍ കുറ്റത്തിന്റെ നാലയലത്തെത്തില്ല ടി.പി.യെ ഉന്മൂലനം ചെയ്‌തതിലെ ക്രിമിനാലിറ്റി എന്ന്‌ പറയേണ്ടിവരുന്നതില്‍ ,ആതിരേ, തെല്ലും മനഃസാക്ഷിക്കുത്തില്ല...

No comments: