Thursday, December 5, 2013

പരിസ്ഥിതി സംരക്ഷണം:മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്ന കേരളത്തിലെ മെത്രാന്മാര്‍

ഒരു മഴ പെയ്യുമ്പോള്‍ നദികളിലൂടെ കുത്തിയൊലിച്ചു പോകുന്ന മണ്ണ്‌ നമ്മുടെ ജീവരക്തമാണെന്ന്‌ മറക്കരുതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ പ്രഥമ അപ്പോസ്‌തലിക ലേഖനത്തിലുടെ ലോകത്തോടു പറയുമ്പോള്‍ , കന്മഷമില്ലാത്ത പ്രകൃതി സ്‌നേഹമാണ്‌ ആ ഇടയശ്രേഷ്‌ഠനില്‍ പുഷ്‌കലമാകുന്നത്‌.`` പ്രതിരോധിക്കാനാവാതെ നിസ്സഹായരായി മനുഷ്യന്റെ ചൂഷണത്തിന്‌ ഇരയാവുകയാണ്‌ പ്രകൃതിയിലെ മറ്റ്‌ ജീവജാലങ്ങള്‍ . ദൈവം ഈ ഭൂമി മനുഷ്യര്‍ക്ക്‌ നല്‍കിയത്‌ സര്‍വചരാചരങ്ങളെയും സംരക്ഷിക്കാനാണ്‌. അതിരുവിടുന്ന ചൂഷണത്തിലൂടെ പ്രപഞ്ചത്തെ ഊഷരഭൂമിയും നദികളുടെയും മറ്റ്‌ ജലാശയങ്ങളുടെയും ശവപ്പറമ്പാക്കുകയും ചെയ്യുകയല്ല മനുഷ്യന്റെ കടമ``യെന്ന്‌ മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുമ്പോള്‍ പരിസ്ഥിതിസംരക്ഷണ നടപടികളുമായി?മുന്നോട്ടുപോയാല്‍ ``ജാലിയന്‍ വാലാബാഗ്‌ ആവര്‍ത്തിക്കുമെന്ന'' ഗുണ്ടാഭീഷണിയാണ്‌ ഒരു രൂപതാപിതാവ്‌ സര്‍ക്കാരിന്‌ നേരെ ഉയര്‍ത്തുന്നത്‌. 54 വര്‍ഷം മുന്‍പ്‌,1954ല്‍ ഇ.എം.എസ്‌ മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചനസമരത്തില്‍ സഭാവിശ്വാസികളെ തെരുവിലിറക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ തന്നെയാണ്‌ ഇപ്പോള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരനിവാസികളെ കലാപകാരികളാക്കാന്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത്‌.അന്ന്‌ കാര്‍ഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അരമനവാസികള്‍ക്ക്‌ അസ്‌ക്യതയുണ്ടാക്കിയത്‌.അന്നും പ്രശ്‌നം സ്വത്ത്‌ സമ്പാദനവും വാണിജ്യതാത്‌പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസ ബില്ല്‌ നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും വിളിച്ചു കൂവിയാണ്‌ മെത്രാന്മാര്‍ വിശ്വാസികളെ കൊള്ളിവയ്‌പ്പിന്‌ പ്രേരിപ്പിച്ചത്‌.ക്രിസ്‌ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി.ഒരു ഗുണ്ടയ്‌ക്ക്‌ രൂപതാദ്ധ്യക്ഷനാകാന്‍ കഴിയില്ലെങ്കിലും ഒരു രൂപതാ മെത്രാന്‌ കറതീര്‍ന്ന ഗുണ്ടയെപ്പോലെയാകാന്‍ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ .എന്നുമാത്രമല്ല ഒരു ഗുണ്ടയ്‌ക്ക്‌ ചരിത്രബോധവും പരിസ്ഥിതിസ്‌നേഹവും മനുഷ്യപ്പറ്റും ദൈവവചന ബോദ്ധ്യങ്ങളും ആവശ്യമില്ലെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു വയ്‌ക്കുന്നു.വെള്ളപൂശിയ ശവക്കല്ലറകളല്ല ,മറിച്ച്‌ ഉളുപ്പില്ലാത്ത മാഫിയാത്തലവന്മാരാണ്‌ പുരോഹിത ശ്രേഷ്‌ഠന്മാരെന്ന്‌ മാര്‍ വലിയമറ്റവും മാര്‍ താഴത്തും മാര്‍ ആനിക്കുഴിക്കാട്ടിലും സംഘവും അടയാളപ്പെടുത്തുകയും ചെയ്യുന്നു.
``പോപ്പിനെ കുര്‍ബാന പഠിപ്പിക്കുക ''- ഗ്രാമ്യമായ ഈ ക്രൈസ്‌തവ ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌, ആതിരേ, താമരശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ വലിയമറ്റം,താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ,തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌,ഇടുക്കി രൂപത ബിഷപ്പ്‌ മര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ തുടങ്ങിയ കേരളത്തിലെ, ബഹുമാന്യരെന്ന്‌ അഭിമാനിക്കുന്ന സഭാപിതാക്കന്മാര്‍ . മാര്‍പ്പാപ്പയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തില്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ്‌ ,പരിസ്ഥിതി നാശം മനുഷ്യകുലത്തിന്റെ നില്‍പ്പിനെ ബാധിക്കുമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുമ്പോള്‍ ,ആതിരേ, പരിസ്ഥിതിസംരക്ഷണ നടപടികളുമായി?മുന്നോട്ടുപോയാല്‍ ``ജാലിയന്‍ വാലാബാഗ്‌ ആവര്‍ത്തിക്കുമെന്ന'' ഗുണ്ടാഭീഷണിയാണ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ സര്‍ക്കാരിന്‌ നേരെ ഉയര്‍ത്തുന്നത്‌. ഒരു ഗുണ്ടയ്‌ക്ക്‌ രൂപതാദ്ധ്യക്ഷനാകാന്‍ കഴിയില്ലെങ്കിലും ഒരു രൂപതാ മെത്രാന്‌ കറതീര്‍ന്ന ഗുണ്ടയെപ്പോലെയാകാന്‍ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍.എന്നുമാത്രമല്ല ഒരു ഗുണ്ടയ്‌ക്ക്‌ ചരിത്രബോധവും പരിസ്ഥിതിസ്‌നേഹവും മനുഷ്യപ്പറ്റും ദൈവവചന ബോദ്ധ്യങ്ങളും ആവശ്യമില്ലെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു വയ്‌ക്കുന്നു.വെള്ളപൂശിയ ശവക്കല്ലറകളല്ല ,മറിച്ച്‌ ഉളുപ്പില്ലാത്ത മാഫിയാത്തലവന്മാരാണ്‌ പുരോഹിത ശ്രേഷ്‌ഠന്മാരെന്ന്‌ മാര്‍ വലിയമറ്റവും മാര്‍ താഴത്തും മാര്‍ ആനിക്കുഴിക്കാട്ടിലും സംഘവും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2013 വര്‍ഷം മുന്‍പ്‌ യഹൂദാ പൗരോഹിത്യ ഭ്രംശതയ്‌ക്കും വക്രീകരിക്കപ്പെട്ട അവരുടെ ന്യായപ്രമാണങ്ങള്‍ക്കുമെതിരെ ക്ഷമയുടേയും സ്‌നേഹത്തിന്റേയും സഹനത്തിന്റേയും സുവിശേഷവുമായി കടന്നുവന്ന ക്രിസ്‌തുവിനെ കേന്ദ്രീകരിച്ച്‌ രൂപം കൊണ്ട ആഗോള സഭയെന്ന കത്തോലിക്ക സഭ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ അതിന്റെ അതിശ്രേഷ്‌ഠ തലവനായ പോപ്പ്‌, മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമായി പരിണമിച്ചു.ആ പതനത്തില്‍ നിന്ന്‌ സഭയ്‌ക്കും സഭ അഭിസംബോധന ചെയ്യേണ്ട മാനവീക വിഷയങ്ങള്‍ക്കും നവീനമായ പരിപ്രേഷ്യം ചമയ്‌ക്കാനുള്ള പ്രയ്‌ത്‌നത്തിലാണ്‌, ആതിരേ, ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ.മുതലാളിത്തത്തിന്റെ സഹജഭാവമായ എല്ലാവിധ ചൂഷണങ്ങള്‍ക്കും എതിരയായുള്ള പോരാട്ടവും ബോധവത്‌ക്കരണവുമാകുകയാണ്‌ ഈ യത്‌നത്തിലൂടെ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ. മുതലാളിത്തവും സാമ്പത്തിക അസമത്വവുമാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും അതു കൊണ്ടാണ്‌ തെരുവില്‍ പട്ടിണികിടന്ന്‌ ഒരു വൃദ്ധന്‍ നരകിച്ച്‌ മരിക്കുന്നത്‌ വാര്‍ത്തയല്ലാതാവുകയും സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ രണ്ട്‌ പോയന്റ്‌ ഇടിയുന്നത്ത്‌ വലിയ വാര്‍ത്തയാവുകയും ചെയ്യുന്നതെന്നും ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ നിരീക്ഷിക്കുന്നു.`` അധികാരത്തിനും സ്വത്തിനും വേണ്ടിയുള്ള ദുരയ്‌ക്ക്‌ അതിരുകളില്ല. അഴിമതിയും നികുതിവെട്ടിക്കലും ലോകവ്യാപകമായിക്കഴിഞ്ഞു. ലാഭമുണ്ടാക്കുന്നതിന്‌ വേണ്ടിയാണ്‌ എല്ലാം നിലകൊള്ളുന്നത്‌. പരിസ്ഥിതിയടക്കമുള്ള എല്ലാറ്റിനും വിപണിയുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രതിരോധം നഷ്ടപ്പെട്ടിരിക്കുന്നു...'' ഫ്രാന്‍സിസ്‌ മാര്‍പ്പപ്പയുടെ ഉന്നിദ്രമായ ഈ മാനവബോധത്തെയല്ലേ,ആതിരേ, കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിലൂടെ കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ചിതറിക്കുന്നത്‌;സഭാവിശ്വാസികളെ അതിനായി പ്രേരിപ്പിക്കുന്നത്‌? ഒരു മഴ പെയ്യുമ്പോള്‍ നദികളിലൂടെ കുത്തിയൊലിച്ചു പോകുന്ന മണ്ണ്‌ നമ്മുടെ ജീവരക്തമാണെന്ന്‌ മറക്കരുതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ പ്രഥമ അപ്പോസ്‌തലിക ലേഖനത്തിലുടെ ലോകത്തോടു പറയുമ്പോള്‍ ,ആതിരേ, കന്മഷമില്ലാത്ത പ്രകൃതി സ്‌നേഹമാണ്‌ ആ ഇടയശ്രേഷ്‌ഠനില്‍ പുഷ്‌കലമാകുന്നത്‌.`` പ്രതിരോധിക്കാനാവാതെ നിസ്സഹായരായി മനുഷ്യന്റെ ചൂഷണത്തിന്‌ ഇരയാവുകയാണ്‌ പ്രകൃതിയിലെ മറ്റ്‌ ജീവജാലങ്ങള്‍ . ദൈവം ഈ ഭൂമി മനുഷ്യര്‍ക്ക്‌ നല്‍കിയത്‌ സര്‍വചരാചരങ്ങളെയും സംരക്ഷിക്കാനാണ്‌. അതിരുവിടുന്ന ചൂഷണത്തിലൂടെ പ്രപഞ്ചത്തെ ഊഷരഭൂമിയും നദികളുടെയും മറ്റ്‌ ജലാശയങ്ങളുടെയും ശവപ്പറമ്പാക്കുകയും ചെയ്യുകയല്ല മനുഷ്യന്റെ കടമ``യെന്ന്‌ മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്‌ക്കാന്‍ അദ്ദേഹം സഭാ വിശ്വാസികളോട്‌ അഭ്യര്‍ഥിക്കുന്നു. വിപണി കേന്ദ്രീകൃതമായ സമ്പദ്‌ വ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ദരിദ്രരെ കേന്ദ്രസഥാനത്ത്‌ നിര്‍ത്തിയാവണം സഭയുടെയും കത്തോലിക്ക രാജ്യങ്ങളുടെയും പ്രവര്‍ത്തനം. പൊതുനന്‍മയെ കരുതിയാണെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം മഹത്തരമായ ധര്‍മപ്രവര്‍ത്തനങ്ങളിലൊന്നാവുമെന്നും അദ്ദേഹം പറയുന്നു. സ്വകാര്യസ്വത്തവകാശം സഭ അനുവദിക്കുന്നത്‌ സമൂഹത്തിന്റെ പൊതുനന്മക്കായി വിനിയോഗിക്കാനാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പൊതുനന്മയാണ്‌ ലക്ഷ്യം വയ്‌ക്കേണ്ടത്‌. സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ വികേന്ദ്രീകൃതമാവണമെന്നും ചട്ടങ്ങളില്‍ കടുംപിടുത്തം പാടില്ലെന്നും മാര്‍പ്പാപ്പ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശം തങ്ങള്‍ക്ക്‌ ബാധകമല്ലെന്നല്ലേ, ആതിരേ, കേരളത്തിലെ കത്തോലിക്ക മെത്രാന്മാര്‍ അഹങ്കരിക്കുന്നത്‌ ? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരിയില്‍ നടന്ന പ്രതിഷേധമെന്ന ഗുണ്ടാവാഴ്‌ച അതല്ലേ വ്യക്തമാക്കുന്നത്‌? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ബാധകമല്ലാത്ത താമരശേരിയിലെ പ്രതിഷേധം വനം വകുപ്പ്‌ ഓഫീസിന്‌ തീയിട്ട്‌ ,വനം കൊള്ളയുടെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനായിരുന്നു എന്ന്‌ ഇന്ന്‌ വ്യക്തമാകുന്നു.അതിനാണ്‌ സജി മങ്കരയെന്ന പുരോഹിതന്‍ നേതൃത്വം നല്‍കിയത്‌.അതാണ്‌ എംഎല്‍എ മായിന്‍ കുട്ടിക്കൊപ്പം നിന്ന്‌ താമരശേരി രൂപതാ ചാന്‍സലര്‍ ആസ്വദിച്ചത്‌.എന്നിട്ടും അരിശം തീരാഞ്ഞിട്ടാണ്‌ ``ജാലിയന്‍ വാലബാഗ്‌ ആവര്‍ത്തിക്കുമെന്ന്‌ '' മാര്‍ ഇഞ്ചനാനിയില്‍ ഭീഷണി മുഴക്കിയത്‌. മലയോര കര്‍ഷകരായ സാധാരണക്കാര്‍ക്ക്‌ വേണ്ടിയല്ല, സിപിഎമ്മിനൊപ്പം സഭ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അക്ഷൗഹ്‌ണി തീര്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങള്‍ വ്യക്തമാക്കി.പശ്ചിമഘട്ടം തുരന്നെടുക്കാനണയുന്ന ക്വാറി-ക്രഷര്‍ മാഫിയകള്‍ക്ക്‌ സംരക്ഷണം നല്‍കാനാണ്‌ സിപിഎമ്മിന്‌ ഔത്സുക്യമെന്ന്‌ ചക്കിട്ടപാറയും കാക്കൂരും മാവൂരുമൊക്കെ സന്ദേഹത്തിനിടയില്ലാത്തവിധം വ്യക്തമാക്കി.ഇതിനൊപ്പം കത്തോലിക്ക സഭ കൈകോര്‍ത്തതിനുള്ള `ഉപകാരസ്‌മരണ'യായിരുന്നു താമരശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിന്റെ ജന്മദിനത്തിന്‌ ക്വാറി-ക്രഷര്‍ മാഫിയകളുടെ ആശംസയെന്നും കേരളത്തിലെ ,വിവേകം നശിക്കാത്ത പൊതുസമൂഹത്തിന്‌ ബോദ്ധ്യപ്പെട്ടു. ആതിരേ, മനുഷ്യന്‌ അവന്റെ ദുരയ്‌ക്ക്‌ മാത്രമായിട്ടല്ല ഭൂമിയെ സൃഷ്ടിച്ചതെന്ന്‌ ബൈബിളിലെ പഴയ നിയമത്തില്‍,നോഹയുടെ കാലത്തെ പ്രളയം വ്യക്തമാക്കുന്നു.അനീതിയും അധര്‍മവും അക്രമവും അരാജകത്വവും നടമാടിയ ഒരു കാലത്തെ നശിപ്പിച്ചപ്പോള്‍ നോഹയുടെ കുടുംബത്തെ മാത്രമല്ല യഹോവ രക്ഷിച്ചത്‌.നോഹയുടെ പെട്ടകത്തില്‍ , അന്ന്‌ ലോകത്തുണ്ടായിരുന്ന സര്‍വജീവജാലങ്ങള്‍, ഇണകളായി ഉണ്ടായിരുന്നു.സ്രഷ്ടാവിന്റെ ദൃഷ്ടിയില്‍ മനുഷ്യനോളം പ്രാധാന്യവും നോഹയോളം നീതിമത്‌കരിക്കാവുന്നതുമായ ജന്മങ്ങളായിരുന്നു പാമ്പും പഴുതാരയും സിംഹവുമെല്ലാം! ഈ വിവരണം മുന്നോട്ടുവയ്‌ക്കുന്ന ദൈവീക നീതിക്കും യഹോവയുടെ പ്രകൃതിസ്‌നേഹത്തിനും എതിരായിട്ടാണ്‌ ബഹുമാന്യരായ മെത്രാന്മാര്‍ തെരുവില്‍ കലാപം സൃഷ്ടിക്കുന്നതെന്ന്‌ പറയുമ്പോള്‍ അസഹിഷ്‌ണുക്കളായിട്ട്‌ കാര്യമില്ല.പകരം ഫ്രാന്‍സിസ്‌ മാര്‍പ്പപ്പയുടെ മാനവ-പ്രകൃതി ദര്‍ശനത്തിന്‌ അഭിമുഖമായി നിര്‍ത്തി തങ്ങളുടെ നിലപാടുകളെ വിലയിരുത്തുകയാല്ലേ കേരളത്തിലെ മെത്രാന്മാര്‍ ചെയ്യേണ്ടത്‌? അതിനായി സഭാവിശ്വാസികളെ ഒരുക്കുകയല്ലേ വേണ്ടത്‌ ? ആതിരേ, 54 വര്‍ഷം മുന്‍പ്‌,1954ല്‍ ഇ.എം.എസ്‌ മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചനസമരത്തില്‍ സഭാവിശ്വാസികളെ തെരുവിലിറക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ തന്നെയാണ്‌ ഇപ്പോള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരനിവാസികളെ കലാപകാരികളാക്കാന്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത്‌.അന്ന്‌ കാര്‍ഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അരമനവാസികള്‍ക്ക്‌ അസ്‌ക്യതയുണ്ടാക്കിയത്‌.അന്നും പ്രശ്‌നം സ്വത്ത്‌ സമ്പാദനവും വാണിജ്യതാത്‌പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസ ബില്ല്‌ നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും വിളിച്ചു കൂവിയാണ്‌ മെത്രാന്മാര്‍ വിശ്വാസികളെ കൊള്ളിവയ്‌പ്പിന്‌ പ്രേരിപ്പിച്ചത്‌.ക്രിസ്‌ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി. കാര്‍ഷിക ബന്ധ ബില്‍ നിയമമാവുന്നതോടെ ഭൂമിയ്‌ക്ക്‌ പരിധി വരും; അരമനകളുടെ അരുമകളായ ജന്മിമാര്‍ക്ക്‌ ഭൂമി നഷ്ടപ്പെടും. അത്‌ ആഗോളസഭയ്‌ക്ക്‌ ചിന്തിക്കാന്‍ കൂടികഴിയുന്ന വിഷയമായിരുന്നില്ല.ഇന്നത്തെ പോലെ അന്നും തുച്ഛവേതനക്കാരായ ക്രിസ്‌ത്യാനി അധ്യാപകരുടേയും മണ്ണില്‍ പണിയെടുക്കുന്ന ക്രിസ്‌ത്യന്‍ കര്‍ഷകത്തൊഴിലാളികളുടേയും കുടികിടപ്പുകാരുടേയും കാര്യം മെത്രാന്മാര്‍ക്ക്‌ പ്രശ്‌നമേ ആയിരുന്നില്ല.ചൂഷണം.അതിലൂടെ കൈവരുന്ന അളവില്ലാത്ത സ്വത്ത്‌.രാഷ്ട്രീയ വിലപേശലിന്‌ അത്‌ നല്‍കുന്ന കരുത്ത്‌-അതു മാത്രമായിരുന്നു മെത്രാന്മാരുടെ ലക്ഷ്യം.പശ്ചിമഘട്ടത്തിലെ കുടിയേറ്റ മേഖലകളില്‍ പ്രഹസനമായും ദുരന്തമായുമുള്ള ചരിത്രത്തിന്റെ ആവര്‍ത്തനത്തിനാണ്‌ , ആതിരേ,`പരിശുദ്ധ പിതാക്കള്‍' ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്‌ `` അദൃശ്യമെങ്കിലും വലിയ സ്വാധീന ശക്തിയുള്ള ദുര്‍ഭരണമാണ്‌ മുതലാളിത്തം. അത്‌ ശക്തമായി പിടിമുറുക്കിയിരിക്കുന്നു. മുതലാളിത്തത്തിന്റെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതൊഴിവാക്കുന്നതിന്‌ ലോകനേതാക്കള്‍ മുന്നിട്ടിറങ്ങണം. മുതലാളിത്തം ലോകം നേരിടുന്ന നിഷ്‌ഠൂരമായ ദുര്‍ഭരണമാണ്‌.പാവങ്ങളുമായി സ്വത്ത്‌ പങ്ക്‌ വയ്‌ക്കാത്തവര്‍ മാരക പാപമാണ്‌ ചെയ്യുന്നത്‌. അസമത്വം നിറഞ്ഞ ഇപ്പോഴത്തെ സാമ്പത്തിക വ്യവസ്ഥയാണ്‌ സമൂഹത്തില്‍ അക്രമവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നത്‌ `` 84 പേജുള്ള തന്റെ അപ്പോസ്‌തലിക്‌ ഉദ്‌ബോധനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ മുന്നോട്ടുവയ്‌ക്കുന്ന ആശങ്കകള്‍ക്ക്‌ പരിഹാരം തേടലാണോ അതോ പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്ന മാഫിയകള്‍ക്ക്‌ പ്രതിരോധം ചമയക്കലാണോ മാര്‍ ജോര്‍ജ്‌ വലിയമറ്റവും മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയിലും മാര്‍ ആന്‍ഡ്രൂസ്‌ താഴത്തും മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലും ചെയ്യേണ്ടത്‌..?!? `` ആത്മാവ്‌ സഭയോട്‌ പറയുന്നത്‌ ചെവിയുള്ളവന്‍ കേള്‍ക്കട്ടേ.''എന്ന ബൈബിള്‍ വാക്യം ഈ മെത്രാന്മാരെ ഉദ്ദേശിച്ചാണോ, ആതിരേ, എഴുതപ്പെട്ടത്‌..?!

No comments: