Saturday, December 14, 2013
പരിസ്ഥിതി മറയാക്കി നുഴഞ്ഞുകയറുന്ന ഹിന്ദു -മുസ്ലീം തീവ്രവാദം
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത്, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അവരുടെ വോട്ടുബാങ്കുകളിലേക്ക് കടന്നുകയറാന്‍ ഹിന്ദു മുസ്ലിം തീവ്രവാദി സംഘടനകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ അപകടകരമായ സമാനതയാണുള്ളത്.ഉത്തര കേരളത്തില്‍ എസ് ഡി പി ഐയും ദക്ഷിണ-മധ്യ കേരളത്തില്‍ ആര്‍ എസ് എസുമാണ് തങ്ങളുടെ അജണ്ട വളരെ വിദഗ്‌ധമായി നടപ്പിലാക്കുന്നത്.തെക്കും വടക്കുമായി വര്‍ഗീയ കക്ഷികള്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും അറിയുന്നില്ല. മുഖ്യധാരാ മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളിലെ ദൗര്‍ബല്യം മുതലെടുത്ത് പരമ്പരാഗതമായി അവര്‍ കൈവശം വച്ചിരിക്കുന്ന വോട്ട് ബാങ്കുകളിലാണ് ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വിള്ളലുണ്ടാക്കുന്നത്. വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നതിലുപരി അത് കേരളത്തിന്റെ മതനിരപേക്ഷ പരിസ്ഥതിയെ തകര്‍ത്ത് അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയുടെ ഉരുള്‍ പൊട്ടലും പ്രളയങ്ങളും സൃഷ്ടിക്കുമെന്നതാണ് ഏറ്റവും ഭീഷണമായ വാസ്‌തവം.
നന്മയായി പരിണമിക്കേണ്ട പരിസ്ഥിതി അവബോധം,ശാപമായി ഉരുവം കൊള്ളുന്നത് ഗൗനിക്കാത്ത പോലീസ് ഇന്റലിജന്‍സ് വിഭാഗവും ഇക്കാര്യത്തില്‍ ഒട്ടും ജഗ്രത പുലര്‍ത്താത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനത്തെ നയിക്കുന്നത്, ആതിരേ, മോചനമില്ലാത്ത രാക്ഷീയ ഭാവിയിലേയ്‌ക്കാണ്.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത്, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അവരുടെ വോട്ടുബാങ്കുകളിലേക്ക് കടന്നുകയറാന്‍ ഹിന്ദു മുസ്ലിം തീവ്രവാദി സംഘടനകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ അപകടകരമായ സമാനതയാണുള്ളത്.ഉത്തര കേരളത്തില്‍ എസ് ഡി പി ഐയും ദക്ഷിണ-മധ്യ കേരളത്തില്‍ ആര്‍ എസ് എസുമാണ് തങ്ങളുടെ അജണ്ട വളരെ വിദഗ്‌ധമായി നടപ്പിലാക്കുന്നത്.
മുസ്ലിം വര്‍ഗീയ സംഘടനായ എസ് ഡി പി ഐ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്,ആതിരേ, പ്രധാനമായും സോളിഡാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്.ഈ സംഘടനയിലൂടെ വടക്കന്‍ കേരളത്തില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ എസ് ഡി പി ഐ ക്ക് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാജ്യവിരുദ്ധ ആശയങ്ങള്‍ക്ക് ജന മനസില്‍ വേരോട്ടം ലഭിക്കാനായി അവര്‍ തെരഞ്ഞെടുക്കുന്നത് ജനകീയ പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ്. തീവ്ര വര്‍ഗീസംഘടനയെന്ന തലക്കുറിയുള്ളത് കൊണ്ട് ജനകീയ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാന്‍ ഇടമില്ലാത്തതിനാല്‍ സ്വീകാര്യമായ മറ്റൊരു സംഘടനയെ പരിചയാക്കിയാണ്, ആതിരേ, ഇവരുടെ വിധ്വംസക നുഴഞ്ഞു കയറ്റം.ഈ ലക്ഷ്യം മുന്‍ നിര്‍ത്തി ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകള്‍ കൂട്ടായി ഉപയോഗിക്കുന്നത് സോളിഡാരിറ്റി എന്ന സംഘടനയെ ആണ്.
ജലം, മലിനീകരണം, പരിസ്ഥിതി, ദേശീയ പതയ്‌ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് കടന്നുകയറാനും തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാനുമാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്.അതിന്റെ ഏറ്റവും ഹീനമായ?ഉദാഹരണമാണ്?കോഴിക്കോട് ലീഗ് ഹൗസ് ഒരുവിഭാഗം ആളുകള്‍ ഉപരോധിച്ച സംഭവം. ദേശീയ പാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍തന്നെയാണ് ലീഗ് ഹൗസ് ഉപരോധിച്ചത്. ഇവരെ സംഘടിപ്പിച്ച് ലീഗ് ഹൗസിലേക്ക് നയിച്ചതിനു പിന്നില്‍ സോളിഡാരിറ്റിയായിരുന്നു. ഇക്കൂട്ടത്തില്‍ ലീഗ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവരോട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു.
ആതിരേ, ഇത് ചൂണ്ടിക്കാട്ടുന്നത് അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തെയാണ്. തങ്ങളുടെ പ്രവര്‍ത്തകരെയാണ് ഇങ്ങനെ നഷ്ടമാകുന്നതെന്ന വസ്‌തുതപോലും മനസിലാക്കാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ മെനക്കെടുന്നില്ല. ദേശീയ പാതാവികസനം മാത്രമല്ല എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലും ചില പരസ്ഥിതി വിഷയങ്ങളിലും മുന്നിട്ടിറങ്ങിയ സോളിഡാരിറ്റി വടക്കന്‍ കേരളത്തില്‍ മികച്ച വേരോട്ടമാണുണ്ടാക്കിയിട്ടുള്ളത്. സോളിഡാരിറ്റി പ്രവര്‍ത്തകരായി സ്വീകാര്യതയുണ്ടാക്കിയശേഷം എസ് ഡി പി ഐയുടേയും മറ്റും കൊടിക്കീഴില്‍ ഇവര്‍ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നു. വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ബ്‌ളോക്ക്, പഞ്ചായത്ത് തലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജനകീയ പ്രശ്‌നങ്ങളുടെ മറപറ്റി നുഴഞ്ഞു കയറുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാന്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് കഴിയാത്തത്, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും പുലര്‍ത്തുന്ന അലംഭാവം ഉഹാതീതമായ വിസ്‌ഫോടങ്ങള്‍ക്കാണ് വഴിമരുന്നിടുന്നത്.
കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മുസ്ലിം തീവ്രവാദ സംഘടകള്‍ നടത്തുന്ന അജണ്ട നടപ്പാക്കലിന് സമാനമായ രാഷ്ട്രീയ നീക്കമാണ്,ആതിരേ, ആര്‍ എസ് സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തെക്കന്‍ കേരളത്തില്‍ നടക്കുന്നത്. പരിസ്ഥിതിയെ കൂട്ടു പിടിച്ചാണ് ബി ജെ പിയുടെ കൊടിക്കീഴില്‍ ആര്‍ എസ് എസ്, വി എച്ച് പി, സ്വദേശി ജാഗരണ്‍ മഞ്ച് എന്നീ സംഘടനകള്‍ അപായകരമായ ഈ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നത് . ഇതിനായി വീണുകിട്ടിയ വിഷയമാണ് ആറന്മുള വിമാനത്താവള വിവാദം.
പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ആറന്മുള പ്രദേശം സംരക്ഷിക്കണമെന്നും വയല്‍ നികത്തിയുള്ള വിമാനത്താവളം വേണ്ടെന്നും വാദിക്കുന്ന ബി ജെ പി ഹിന്ദുക്കളുടെ മതവികാരത്തെ ആളിക്കത്തിക്കാന്‍ ,വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ചൂണ്ടിക്കാട്ടുന്നത് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കേണി വരുമെന്നതാണ്. അടിസ്ഥാനപരമായി മതാത്മക വിഷയം കൈകാര്യം ചെയ്യുമ്പോഴും, ആതിരേ, പരിസ്ഥിതിയെന്ന മേല്‍മുണ്ടാണ് സംഘപരിവാര്‍ സംഘടനകള്‍ എടുത്തണിയുന്നത്.
വിമാനത്താവളം വരികയാണെങ്കില്‍ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കണമെന്ന ആവശ്യം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ആര്‍ എസ് എസിന്റെ നിലപാട്. ഇതിനൊപ്പമാണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മധവ് ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടും അതേപടി നടപ്പിലാക്കണമെന്ന ബി ജെ പിയുടെ ശാഠ്യം. ഇത്തരത്തില്‍ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബി ജെ പി മാത്രമാണ്. കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ട്. സി പി എം ആകട്ടെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് പൂര്‍ണമായി സമരത്തിലുമാണ്. അതേസമയം ആറന്മുള വിമാനത്താവളം പരിസ്ഥിതി പ്രശ്‌നമാണെന്ന് വാദിച്ച് ഇരട്ടത്താപ്പ് കാട്ടുകയാണവര്‍. ഇവിടെയാണ്,ആതിരേ, രണ്ട് വിഷയങ്ങളിലും പ്രകൃതിക്കനുകൂലമായ നിപാട് സ്വീകരിച്ച് ഹിന്ദു സമുദായങ്ങള്‍ക്കിടയിലേക്ക് സംഘപരിവാര്‍ കടന്നുകയറുന്നത്. തീവ്ര പരിസ്ഥിതിവാദിയായ മാധവ് ഗാഡ്‌ഗിലിനെ ആറന്മുളയില്‍ കൊണ്ടുവന്ന് വിഷയത്തിന് കൂടുതല്‍ പ്രധാന്യമുണ്ടാക്കിയെടുക്കാനും വിശ്വഹിന്ദു പരിഷത്ത് ശ്രമിച്ചു. ഇത്തരം പ്രചാരണ തന്ത്രങ്ങളിലൂടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുബാങ്കുകളിലേക്കാണ് ബി ജെ പി കടന്നുകയറുന്നത്. തിരുവിതാംകൂറിലെ ഇടത് വലത് അനുകൂലികളായ പരിസ്ഥിതി വാദികള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും തങ്ങളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിന് ബി ജെ പിക്കും മറ്റ് ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുള്ളത് കാണാതിരുന്നു കൂട.
തെക്കും വടക്കുമായി വര്‍ഗീയ കക്ഷികള്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും അറിയുന്നില്ല. മുഖ്യധാരാ മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളിലെ ദൗര്‍ബല്യം മുതലെടുത്ത് പരമ്പരാഗതമായി അവര്‍ കൈവശം വച്ചിരിക്കുന്ന വോട്ട് ബാങ്കുകളിലാണ് ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വിള്ളലുണ്ടാക്കുന്നത്. വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നതിലുപരി, ആതിരേ, അത് കേരളത്തിന്റെ മതനിരപേക്ഷ പരിസ്ഥതിയെ തകര്‍ത്ത് അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയുടെ ഉരുള്‍ പൊട്ടലും പ്രളയങ്ങളും സൃഷ്ടിക്കുമെന്നതാണ് ഏറ്റവും ഭീഷണമായ വാസ്‌തവം.
Subscribe to:
Post Comments (Atom)
No comments:
Post a Comment