Sunday, December 29, 2013

കരുണാകരന്റെ പ്രതിമാ സ്ഥാപനം കോടതിയലക്ഷ്യം

സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ പ്രതിമ തലസ്ഥാനത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിനു മുന്നില്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിത്‌ മറക്കാറായിട്ടില്ല. എന്നാല്‍ കെ കരുണാകരന്റെ പ്രതിമ നഗരത്തിലെ പ്രധാനവീഥിയായ മ്യൂസിയം വെള്ളയമ്പലം റോഡിനരികില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനകക്കുന്നു കൊട്ടാര പരിസരത്തു സ്ഥാപിക്കാന്‍ സുപ്രിം കോടതി വിലക്ക്‌ സര്‍ക്കാരിനു ബാധകമായില്ല.രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയെ നിയമലംഘകനാക്കാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണു ചെയ്‌തിരിക്കുന്നത് . സുപ്രിം കോടതി ഉത്തരവ്‌ നിയമവകുപ്പുപോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താത്തതും വലിയ കൃത്യവിലോപമാണ് . എന്നാല്‍ ആരും സുപ്രിം കോടതി വിലക്കിനെക്കുറിച്ച്‌ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചില്ലെന്നുപറഞ്ഞ്‌ തടിതപ്പാനും സര്‍ക്കാരിനാവില്ല
ആതിരേ,രാജ്യത്ത് നിലവിലിരിക്കുന്ന നിയമത്തിന്‌ അതീതരാണോ ഇന്ത്യയുടെ രാഷ്ട്രപതി പ്രണാബ്‌കുമാര്‍ മുഖര്‍ജിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും? കനകക്കുന്നു കൊട്ടാരപരിസരത്ത്‌ മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രതിമ,രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി അനാവരണം ചെയ്‌തത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്‌ ലംഘിച്ചാകുമ്പോള്‍ ,ഇത്തരം തോന്ന്യാസങ്ങളെ ന്യായീകരിക്കാനല്ലേ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അവസരത്തിലും അനവസരത്തിലും ഉമ്മന്‍ ചാണ്ടി പുലമ്പുന്നതെന്ന്, ചോദിക്കാതിരിക്കുന്നതെങ്ങനെ ? പൊതുസ്ഥലങ്ങള്‍ , തെരുവോരങ്ങള്‍ , നടപ്പാതകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതു നിരോധിച്ചുകൊണ്ട്‌ സുപ്രിംകോടതി ഈ വര്‍ഷം ജനുവരി 18 ന്‌ പുറപ്പെടുവിച്ച ഉത്തരവിന്റെ (നമ്പര്‍ എസ്‌ എല്‍ പി (സി) 8519/2006) നഗ്നമായ ലംഘനമാണ്‌ രാഷ്ട്രപതി നടത്തിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ചാണ്‌ രാഷ്ട്രപതി നിയമലംഘനം നടത്തിയത്‌. രാഷ്ട്രപതി നിയമത്തിനും ഭരണഘടനയ്‌ക്കും നീതിന്യായ സംവിധാനത്തിനും അതീതനല്ല.പക്ഷെ ,ഇവിടെ,കെ.കരുണാകരന്റെ പ്രതിമയ്‌ക്ക്‌ മുന്‍പില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രപതിയും ഒപ്പം പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നു ആതിരേ, ഇത്തരം ചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കുന്നതിനുമുമ്പ്‌ രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയറ്റ്‌ പരിപാടിയുടെ നാനാവശങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാറുണ്ട്‌. ലീഡറുടെ പ്രതിമ അനാവരണച്ചടങ്ങ്‌ സംബന്ധിച്ച്‌ അത്തരമൊരു നടപടിക്രമം ഉണ്ടായില്ലെന്നാണോ അനുമാനിക്കേണ്ടത്‌, അതല്ലെങ്കില്‍ സുപ്രിം കോടതി വിധി മറച്ചുവെച്ച്‌ രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയറ്റിനെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണോ കരുതേണ്ടത്‌? രണ്ടായാലും നിയമലംഘനം തന്നെയാണ്‌ ; കോടതിയലക്ഷ്യമാണ്.എന്നുമാത്രമല്ല ചടങ്ങു സംബന്ധിച്ച പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ്‌ രാഷ്ട്രപതി പ്രണാബിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമലംഘനത്തിന്‌ കനകക്കുന്നിലേയ്‌ക്ക്‌ ആനയിച്ചതും. നെയ്യാറ്റിന്‍കരയില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവും നാടാര്‍ സമുദായത്തിന്റെ സമാരാധ്യനുമായിരുന്ന എന്‍ സുന്ദരന്‍ നാടാരുടെ പ്രതിമ ടൗണ്‍ ജംഗ്‌ഷനില്‍ ദേശീയപാതയ്‌ക്കരികില്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ്‌, ആതിരേ, പ്രതിമാ സ്ഥാപനം നിയമക്കുരുക്കില്‍ പെട്ടത്‌. പൊതുസ്ഥലങ്ങളിലോ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍ , നടപ്പാതകള്‍ എന്നിവയ്‌ക്കരികിലോ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന്‌ ഇതു സംബന്ധിച്ച കേസില്‍ ജ്യോതി മുഖോപാധ്യായ, ആര്‍ എന്‍ ലോധ, സുധാംശു ചതുര്‍വേദി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ നിരോധന ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ സുന്ദരന്‍ നാടാരുടെ പ്രതിമ മിനുക്കുപണികള്‍ പോലും പൂര്‍ത്തിയാക്കാത്ത അനാഥാവസ്ഥയിലാണ്‌ ഇപ്പോള്‍. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ പ്രതിമ തലസ്ഥാനത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിനു മുന്നില്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിത്‌ മറക്കാറായിട്ടില്ല. എന്നാല്‍ കെ കരുണാകരന്റെ പ്രതിമ നഗരത്തിലെ പ്രധാനവീഥിയായ മ്യൂസിയം വെള്ളയമ്പലം റോഡിനരികില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനകക്കുന്നു കൊട്ടാര പരിസരത്തു സ്ഥാപിക്കാന്‍ സുപ്രിം കോടതി വിലക്ക്‌ സര്‍ക്കാരിനു ബാധകമായില്ല.എന്തൊരഹന്ത! രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയെ നിയമലംഘകനാക്കാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണു ചെയ്‌തിരിക്കുന്നതെന്ന്‌ നിയമവിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. സുപ്രിം കോടതി ഉത്തരവ്‌ നിയമവകുപ്പുപോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താത്തതും വലിയ കൃത്യവിലോപമായി. എന്നാല്‍ ആരും സുപ്രിം കോടതി വിലക്കിനെക്കുറിച്ച്‌ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചില്ലെന്നുപറഞ്ഞ്‌ തടിതപ്പാനും സര്‍ക്കാരിനാവില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ഏര്‍പ്പെടുത്തേണ്ട അതീവ സുരക്ഷാ സംവിധാനത്തെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ സിറ്റി പൊലീസ്‌ കമ്മിഷണര്‍ക്കു കത്തെഴുതിയിരുന്നു. കത്തിനുള്ള മറുപടിയില്‍ `പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവു പ്രാബല്യത്തിലുണ്ടെന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്‌' എന്ന്‌ സിറ്റി പൊലീസ്‌ കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിനുവിധേയമായേ കനകക്കുന്നില്‍ രാഷ്ട്രപതിയുടെ പരിപാടി നടത്താവൂ എന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്‌.ജില്ലാ കളക്ടര്‍ സര്‍ക്കാരിന്‌ അയച്ച റിപ്പോര്‍ട്ടിലും കെ കരുണാകരന്റെ പ്രതിമാസ്ഥാപനത്തിനും സുപ്രിം കോടതിയുടെ വിലക്കു ബാധകമാണെന്ന്‌ ഓര്‍മ്മിപ്പിച്ചിരുന്നു. ഇതെല്ലാം അപ്പാടെ തള്ളിക്കളഞ്ഞ്‌ രാഷ്ട്രപതിയെ നിയമലംഘകനാക്കിയ സര്‍ക്കാരിന്റെ നടപടി വരും നാളുകളില്‍ വന്‍നിയമ വിവാദങ്ങള്‍ക്കു വഴിതെളിക്കും. ഇതു സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതികള്‍ക്കു മുമ്പാകെ എത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.നിയമം നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഉമ്മന്‍ ചാണ്ടി ഭരണകൂടം നിരന്തരം നടത്തുന്ന നിയമലംഘനങ്ങളുടെ പട്ടികയില്‍ ഒന്നു കൂടി. രാഷ്ടപതി അനാച്ഛാദനം ചേയ്ത പ്രതിമയ്ക്ക് പക്ഷേ കരുണാകരന്റെ മുഖമായിരുന്നില്ല ഉണ്ടായിരുന്നത്.പ്രതിമയില്‍ കരുണാകരനൊഴിച്ച് മറ്റെല്ലാം ഉണ്ടെന്ന് കെ.മുരളീധരന്റേയും പത്മജ വേണുഗോപാലിന്റേയും ആരോപണത്തില്‍ മറ്റെന്തെക്കെയോ ധ്വനിക്കുന്നുണ്ട്.ഇന്ന് ജീവിച്ചിരിക്കുന്ന 15 വയസിന് മുകളിലുള്ള എല്ലാ മലയാളികളുടെയും മനസില്‍ നിന്ന് മായാത്തതാണ്,ആതിരെ, കരുണാകരന്റെ രൂപം.എന്നിട്ടും കരുണാകരനുമായി വിദൂര ബന്ധം പോലുമില്ലാത്ത ആ പ്രതിമ കണ്ടിട്ടും അതു തന്നെ സ്ഥാപിച്ചാല്‍ മതിയെന്ന് ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാവണം?പ്രതിമ അനാഛാദനത്തിന് മുന്‍പ് രമേശ് ചെന്നിത്തലയടക്കം കെ‌പി‌സി‌സിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടിട്ടില്ലെന്നോ ?ആരേയാണ് ഇവരെല്ലാം വിഢികളാക്കുന്നത്?പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് അനഛാദനം നടത്തുകയായിരുന്നു എന്ന ശില്പിയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കുന്നതെങനെ? ഇത്തരം ഒരു പ്രതിമ സ്ഥാപിച്ചാല്‍ എതിര്‍പ്പുണ്ടാകുമെന്ന് ചിന്തിക്കാന്‍ കഴിയാത്ത കൊഞ്ഞാണന്മാരാണോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം?അപ്പോള്‍ പ്രതിമാ നിര്‍മാണത്തിന്റെ മറവില്‍ എത്ര ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നു എന്നറിയാന്‍ കേരളീയര്‍ക്ക് അവകാശമുണ്ട്.നിയമലംഘനവും കോടതിയലക്ഷ്യവും വെട്ടിപ്പും ഒക്കെയായിരുന്നല്ലോ കരുണാകരന്റെ പൊതുജീവിതത്തിന്റേയും ഭരണത്തിന്റേയും പ്രത്യേകത്.ആ നാളുകളുടെ പര്യായമാകുകയായിരുന്നോ അദ്ദേഹത്തിന്റെ പ്രതിമാ അനാഛാദനവും ആതിരേ..?

No comments: