Saturday, October 19, 2013

ജനസമ്പര്‍ക്ക പരിപാടി: ഉപരോധവും ഭീഷണിയും കബളിപ്പിക്കലും

അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട വികസന നടപടികള്‍ക്കുള്ള പുതിയ പരിപ്രേഷ്യം എന്ന നിലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരുന്നു എന്ന്‌ സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ ആവര്‍ത്തനം10-ാം വയസിലും കുഞ്ഞിന്‌ മുലകൊടുക്കുന്ന മാതാവിന്റെ ചെയ്‌തി പോലെ അശ്ലീലമാകുന്നു എന്നതാണ്‌ വാസ്‌തവം.വിധവ പെന്‍ഷനും ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള വഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,പറമ്പിലേയ്ക്ക് ചായ്ഞ്ഞുകിടക്കുന്ന അയല്‍‌വാസിയുടെ തൊടിയിലെ മരത്തിന്റെ ചില്ല വെട്ടലുമെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തിയാലെ നടക്കുകയുള്ളൂ എങ്കില്‍ അത്‌ അധികാര കേന്ദ്രീകരണത്തിന്റെ അനാശാസ്യതയാണെന്ന്‌ പറയേണ്ടി വരും.മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട്‌, ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റസമ്മതാമായിട്ടേ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയെ വിലയിരുത്താന്‍ പറ്റൂ. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാനുള്ള നിന്ദ്യവും നീചവും ശുഷ്‌കവുമായ നീക്കമാണിതെന്നും പറയേണ്ടി വരും.
ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം,കൊട്ടുംകുരവയുമായി ആരംഭിച്ചു.പരിപാടി ഉപരോധിക്കാനുള്ള ഇടത്‌ പക്ഷത്തിന്റെ തീരുമാനവും ,ഉപരോധിച്ചാല്‍ കൂത്തുപറമ്പ്‌ ആവര്‍ത്തിക്കുമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭീഷണിയും കൂടിയായപ്പോള്‍, ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന ഉഡായിപ്പ്‌ പരിപാടിയായി മാറുകയാണോ ജനസമ്പര്‍ക്ക പരിപാടി എന്ന ചിന്തയായിരുന്നു ജനമനസില്‍ വേരോട്ടം നേടിയത്. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ചേര്‍ന്ന്‌ ചിതറിച്ചു കളഞ്ഞ ` സോളാര്‍ സമരസന്നദ്ധതയെ'പുനരുജ്ജീവിപ്പിക്കാന്‍ പ്രതിപക്ഷ നേതൃത്വവും ആശ്രയിച്ചത്‌ മറ്റൊരു ഉഡായിപ്പ്‌ സമരത്തെയാണ്‌.ഓണം കഴിഞ്ഞ്‌ പൂര്‍വാധികം ശക്തിയോടെ ആരംഭിക്കുമെന്ന്‌ അണികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം അക്ഷരാര്‍ത്ഥത്തില്‍ കുഴിച്ചുമൂടപ്പെട്ടു .മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി വീശിയ സഖാക്കളിലൊരാളുടെ ലിംഗം ,ഒരു പോലീസ്‌ ഏമാന്‍ ഒറ്റച്ചവിട്ടിന്‌ തകര്‍ത്തതോടെ ആ സമരാഭാസവും ഊര്‍ദ്ധന്‍ വലിക്കുന്നത്‌ കേരളം കണ്ടു. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചാല്‍ ടി.പി.വധക്കേസില്‍ പിണറായി വിജയനേയും എളമരം കരീമിനേയും കുടുക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ ഭീഷണിയായിരുന്നല്ലോ,ആതിരേ, സെക്രട്ടേറിയറ്റ്‌ ഉപരോധത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ സി.പി.എമ്മിനെ നിര്‍ബന്ധിച്ചത്‌.ടി.പി.കൊല്ലപ്പെട്ട രാത്രിയില്‍ പിണാറായിയും എളമരം കരീമും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന്‌ തിരുവഞ്ചൂര്‍ അറിയിച്ചപ്പോഴാണ്‌,ജുഡിഷ്യല്‍ അന്വേഷണത്തിന്റെ മറവില്‍ ഇടത്‌പക്ഷ അണികളെയും അവരുടെ സമരോത്സുകതയേയും അപഹാസ്യമാക്കി പിണറായിയും കോടിയേരിയും ഉപരോധ സമരത്തില്‍ നിന്ന്‌ ഒളിച്ചോടിയത്‌.ആ നാണക്കേട്‌ മറയ്‌ക്കാനുള്ള അപായകരമായ സമരതന്ത്രമായിരുന്നു,ആതിരേ, ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കാനുള്ള തീരുമാനം.കോടിയേരിയുടേയും വൈക്കം വിശ്വന്റേയും പിണറായിയുടേയും ന്യായങ്ങള്‍ എന്തു തന്നെയാണെങ്കിലും പൊതുസമൂഹം അതിനെ എപ്പോഴേ എഴുതിത്തള്ളിക്കഴിഞ്ഞു! അതു തിരിച്ചറിഞ്ഞും സെക്രട്ടേറിയറ്റ്‌ ഉപരോധത്തിന്‌ ലഭിച്ച പൊതുപിന്തുണ ഈ സമരത്തിലൂടെ ചിതറിക്കുമെന്ന് മനസ്സിലാക്കിയും കേവലം മൂന്നരമണിക്കൂറിന്റെ ശക്തികെട്ട പ്രതിഷേധക്കുത്തിയിരിപ്പിന് ശേഷം സി.പി.എമ്മും ഇടത്‌പക്ഷവും എഴുന്നേറ്റുപോയപ്പോള്‍ കേരളം പറഞ്ഞത് “ നന്നായി ‘ എന്നായിരുന്നു. സോളാര്‍-സരിത-സലിം രാജ്‌ നാണക്കേടുകളെ പോലീസിനേയും ഹൈക്കോടതിയേയും ഉപയോഗിച്ച്‌ മറികടന്നതിന്റെ അത്യാഹ്ലാദത്തിലാണ്‌ ഉണ്ണിത്താനും കൂട്ടരുമിപ്പോള്‍ .സോളാര്‍ കാലത്ത്‌ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നുരുകിയതിന്റെ കേട്‌ തീര്‍ക്കാനാണ്‌ വെടിവയ്‌പ്പ്‌ ഭീഷണിയെന്ന വിടുവായിത്തം ഉണ്ണിത്താല്‍ വിളമ്പിയത്‌.സെക്രട്ടേറിയറ്റ്‌ ഉപരോധ സമയത്ത്‌ കേന്ദ്രസേനയെ ഇറക്കുമെന്ന്‌ പറഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ പ്രയോഗിച്ച ഭീഷണിയുടെ അനുരണനം മാത്രമാണിത്‌. ഭയപ്പാടിന്റെ താത്‌കാലിക മറുമരുന്നാണ്‌ ഭീഷണി.ആ അര്‍ത്ഥത്തില്‍ ഉണ്ണിത്താനെ നിരാകരിക്കാമെങ്കിലും അധികാരത്തിന്റെ ഹുങ്കില്‍ സോളാര്‍ വൈക്ലബ്യങ്ങള്‍ മൂടിവച്ചത്‌ പോലെ ഒരു വെടിവയ്‌പ്പിലൂടെ ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ആന്‍ഡ്‌ റഫറന്‍സ്‌ വിവാദങ്ങളും ഉമ്മന്‍ ചാണ്ടിയുടെ മകളിലേയ്‌ക്ക്‌ വരെ നീളുന്ന ഫയാസ്‌ ബന്ധങ്ങളുമൊക്കെ പൊതുസമൂഹത്തിന്റെ ബോദ്ധ്യങ്ങളില്‍ നിന്ന്‌ തമസ്‌ക്കരിക്കാന്‍ കഴിയുമെന്ന്‌ മനസ്സിലാക്കിയപ്പോഴാണ് ഒരിക്കല്‍ കൂടി നാണം കെട്ട് മുഖ്യമന്ത്രിക്കെതിരായ ഉപരോധസമര തീരുമാനത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറിയത്.അപ്പോഴും കേരളത്തിലെ പൊതുസമൂഹം പറഞ്ഞു “ നന്നായി “ ഇതൊന്നുമല്ല, ആതിരേ, യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ കബളിപ്പിക്കലുകള്‍.അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട വികസന നടപടികള്‍ക്കുള്ള പുതിയ പരിപ്രേഷ്യം എന്ന നിലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി ശ്രദ്ധേയമായിരുന്നു എന്ന്‌ സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ ആവര്‍ത്തനം10-ാം വയസിലും കുഞ്ഞിന്‌ മുലകൊടുക്കുന്ന മാതാവിന്റെ ചെയ്‌തി പോലെ അശ്ലീലമാകുന്നു എന്നതാണ്‌ വാസ്‌തവം.അധികാര വികേന്ദ്രീകരണം ഇങ്ങനെയല്ല, ആതിരേ, നടപ്പിലാക്കേണ്ടത്‌.മുഖ്യമന്ത്രിയുടെ ഓഫീസുമുതല്‍ ഗ്രാമപഞ്ചായത്ത്‌ വരെയുള്ള സര്‍ക്കാര്‍ സംവിധാനം സുതാര്യമാക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ്‌ അധികാരവികേന്ദ്രീകരണം സാര്‍ത്ഥകമാകുക.അല്ലാതെ വിധവ പെന്‍ഷനും ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള വഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,പറമ്പിലേയ്ക്ക് ചായ്ഞ്ഞുകിടക്കുന്ന അയല്‍‌വാസിയുടെ തൊടിയിലെ മരത്തിന്റെ ചില്ല വെട്ടലുമെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തിയാലെ നടക്കുകയുള്ളൂ എങ്കില്‍ അത്‌ അധികാര കേന്ദ്രീകരണത്തിന്റെ അനാശാസ്യതയാണെന്ന്‌ പറയേണ്ടി വരും.മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട്‌, ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റസമ്മതാമായിട്ടേ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയെ വിലയിരുത്താന്‍ പറ്റൂ. കൂടാതെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കാനുള്ള നിന്ദ്യവും നീചവും ശുഷ്‌കവുമായ നീക്കമാണിതെന്നും പറയേണ്ടി വരും. മറ്റൊരു കബളിപ്പിക്കല്‍ കൂടി കാണുക:സാമ്പത്തീക പ്രതിസന്ധിമൂലം കര്‍ശനമായ ചെലവുചുരുക്കലും നിയമന നിരോധന നടപടികളും പ്രഖ്യാപിച്ച സര്‍ക്കാരാണ്‌ ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തിന്‌ കോടികള്‍ ചെലവഴിക്കുന്നത്‌. വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന്‌ ലക്ഷങ്ങളുടെ പരസ്യമാണ്‌ നല്‍കുന്നത്‌.14 ജില്ലയില്‍ താല്‍ക്കാലിക പന്തല്‍നിര്‍മാണത്തിനുമാത്രം കഴിഞ്ഞ തവണ നാലു കോടിയോളം ചെലവിട്ടു.അതിലധികം ഇത്തവണ ചെലവിടിണ്ടി വരും . നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മൂലം ഉദ്ദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിയാത്തത് മൂലമാണ് താന്‍ നേരിട്ടെത്തി പ്രശ്നപരിഹാരം കാണുന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ്, ആതിരേ, കേരളം സമീപകാലത്ത് ശ്രവിച്ച ഏറ്റവും വലിയ തമാശ.അതാണ് പ്രശ്നമെങ്കില്‍ ജനകീയാവശ്യങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ചട്ടങ്ങള്‍ തിരുത്തുകയല്ലേ വേണ്ടത്?രണ്ടരവര്‍ഷത്തിലധികം ഭരിച്ചിട്ടും എന്തു കൊണ്ട് ആ നിലയ്ക്കുള്ള നീക്കം നടത്തിയില്ല എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിക്ക് എന്ത് ഉത്തരമാണുള്ളത്?പെരുംകള്ളങ്ങള്‍ പറായാന്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി വായ്തുറക്കുന്നതെന്ന് പറയേണ്ടി വരുന്നത് എത്ര ലജ്ജാകരമാണ്! സരിതയിലും സലിം രാജിലുമായി നഷ്ടമായ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ വീണ്ടെടുക്കാനുള്ള വിലകുറഞ്ഞ പ്രചാരണ കോലാഹലമണിതെന്ന് കേരളിയാര്‍ തിരിച്ചറിയുന്നുണ്ട് .ജനസമ്പര്‍ക്ക പരിപാടി കറതീര്‍ന്ന തട്ടിപ്പാണെന്നതിന്റെ ഏറ്റവും ദുര്‍വൃത്തിനിറഞ്ഞ ഉദാഹരണമാണ് കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷയില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല എന്നത്. അതില്‍ തുടര്‍ നടപടി വേണ്ടെന്ന സ ര്‍ക്കാര്‍ നിര്‍ദേശം മൂലം ലഭിച്ച അപേക്ഷയില്‍ മിക്കവയും നശിപ്പിച്ചുകളഞ്ഞ കാര്യം ഉമ്മന്‍ ചാണ്ടിക്ക് അറിവുള്ളതുമാണ്‍! തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കാനുള്ളത്‌. 2004ലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പകുതിയിലേറെ അപേക്ഷയിലും ഒരു തീരുമാനവും ഉണ്ടായില്ല. ആന കൊടുത്താലും ആശകൊടുക്കരുതെന്ന സാമാന്യമാന്യത പോലും പുലര്‍ത്താത്ത ജനവഞ്ചനയല്ലെ, ആതിരേ, ഈ സമ്പര്‍ക്ക പരിപാടി? എന്നിട്ടും,ജനസമ്പര്‍ക്ക പരിപാടിക്ക്‌, മുഖ്യമന്ത്രിയുടെ ഓഫീസ്‌ അടക്കമുള്ള ഔദ്യോഗിക സംവിധാനത്തിന്‌ ലഭിച്ച യു.എന്‍ പുരസ്‌കാരം, മുഖ്യമന്ത്രിക്ക മാത്രമായി ലഭിച്ച ആഗോള അംഗീകാരമായിട്ടാണല്ലോ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇന്നും അഭിമാനിക്കുന്നത്‌.എന്നാല്‍ ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എന്നിന്റെ മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ഇനിയും ഈ സര്‍ക്കര്‍ പുറത്ത്‌ വിട്ടിട്ടില്ല.അതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ മറുപടിയും നല്‍കിയിട്ടില്ല.അതിപ്പോള്‍ ഒന്നാം അപ്പീല്‍ ഘട്ടത്തിലാണ്‌.അതായത്‌ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട വാസ്‌തവങ്ങള്‍ ഒളിച്ചു വയ്‌ക്കാനാണ്‌ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ശ്രമിക്കുന്നതെന്ന്‌ സാരം.സുതാര്യതയെക്കുറിച്ചും വികസനത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്ന ആര്‍ജവം കന്മഷമില്ലാത്ത കബളിപ്പികലാണെന്ന്‌ അടിവരയിടുന്നതാണ്‌ പുതിയ ജനസമ്പര്‍ക്ക പരിപാടിയും അതിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തുന്ന യത്‌നങ്ങളും പൊതുവേദിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കള്ളം പറയാനും നിയമസഭയെപ്പോലും കബളിപ്പിക്കാനും ഉമ്മന്‍ ചാണ്ടിക്കുള്ള ഉളുപ്പില്ലായ്‌മ ആഗോള പ്രശസ്തമാണ് . തരികിടകളുടെ ആ കിരീടത്തിലെ മറ്റൊരു കാക്കത്തൂവലാകുകയാണ്‌, ആതിരേ, പുനരാരംഭിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടി.

No comments: