Tuesday, October 1, 2013

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ പ്രതിപക്ഷവും അട്ടിമറിക്കുമ്പോള്‍

ഖജനാവിന്‌ ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടില്ല എന്ന പല്ലവി ആവര്‍ത്തിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും സോളാര്‍ തട്ടിപ്പിനെ പ്രതിരോധിക്കുന്നത്‌.പി.സി.ജോര്‍ജിനെപ്പോലെയുള്ള രാഷ്ട്രീയ വിവേകങ്ങള്‍ ഈ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നു.ഖജനാവിന്റെ ലാഭ-നഷ്ടങ്ങളാണോ നീതിപാലനത്തിന്റേയും നിയമ വാഴ്‌ചയുടേയും ഗതി നിര്‍ണയിക്കേണ്ടത്‌?അങ്ങനെയെങ്കില്‍ ഒരു കൊലപാതികി,ഒരു മോഷ്ടാവ്‌,ഒരു സ്‌ത്രീപീഡകന്‍ ഖജനാവിന്‌ എന്തു നഷ്ടമുണ്ടാക്കിയിട്ടാണ്‌ ശിക്ഷവിധിക്കുന്നത്‌?ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുകയെന്നതാണ്‌ ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം.സോളാര്‍ തട്ടിപ്പ്‌ കേസില്‍, ഭരണകൂടത്തിന്റെ ഈ ഉത്തരവാദിത്തമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തിരുവഞ്ചൂരിന്റെ പോലീസും മാണിയുടെ നിയമ വകുപ്പും കാറ്റില്‍ പറത്തിയത്‌.മാത്രമല്ല സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമുണ്ടായ കളങ്കം മറയ്‌ക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ അന്വേഷണം നടത്തി തെളിവുകള്‍ അട്ടിമറിച്ചത്‌.ഭരണകൂടസംരക്ഷണം ലഭിക്കാതെപോയ പൗരന്മാരുടെ നികുതിപ്പണത്തിന്റെ ധൂര്‍ത്തടിക്കലാണ്‌ അന്വേഷണത്തിന്റെ പേരില്‍ നടന്നത്‌.എന്നിട്ടും ചോദിക്കുന്നത്‌ സോളാര്‍ തട്ടിപ്പ്‌ മൂലം ഖജനാവിന്‌ ചില്ലി പൈസയുടെ നഷ്ടമുണ്ടായോ എന്നാണ്‌ ?സാക്ഷരരും വിവേകമതികളുമായ കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ ബോധത്തേയും ബോദ്ധ്യങ്ങളെയുമാണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ ചോദ്യത്തിലൂടെ പരസ്യമായി ബലാത്സംഗം ചെയ്‌തത്‌.
സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനെന്തു പറ്റി, ആതിരേ...? സരിതയേയും കൂട്ടരേയും നിഷ്‌പ്രഭമാക്കുന്ന അധോലോകതന്ത്രങ്ങളുമായി ഫയാസും അയാളുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍, സോളാര്‍ കേസും അത്‌ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം ആയുധമാക്കിയ ജുഡിഷ്യല്‍ അന്വേഷണവും തമസ്‌ക്കരിക്കപ്പെടുകയാണോ?അതോ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം അട്ടിമറിച്ചതിന്റെ തുടര്‍ച്ചയായി ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള തീരുമാനവും ഗൂഢാലോചനയിലൂടെ അട്ടിമറിക്കപ്പെട്ടോ?അതുമല്ലെങ്കില്‍ വിവാദഭൂപടത്തില്‍ സ്വര്‍ണക്കടത്തുകേസ്‌ വെട്ടിത്തിളങ്ങിയതോടെ സോളാര്‍ തട്ടിപ്പു സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ ചീറ്റിപ്പോയതാണോ? ഉത്തരമെന്തായാലും,ആതിരേ, വഞ്ചിക്കപ്പെടുന്നത്‌ നീതിബോധമുള്ള പൗരസമൂഹവും പാര്‍ട്ടിസ്‌നേഹമുള്ള ഇടതുപക്ഷ അണികളുമാണ്. അധികാര-അതിജീവന രാഷ്ട്രീയത്തിലെ അശ്ലീലഭരിതമായ അനുരഞ്‌ജനത്തിന്‌ യുഡിഎഫും എല്‍ഡിഎഫും തയ്യാറാകുമ്പോള്‍ ജനാധിപത്യത്തിലുള്ള സമ്മതിദായകരുടെ വിശ്വാസവും പ്രതീക്ഷയുമാണ്‌ ഉന്മൂലനം ചെയ്യപ്പെടുന്നത് . വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരുത്തന്‍ പോലും വര്‍ത്തമാനകാല കേരളരാഷ്ട്രീയത്തിലില്ല എന്നു വരുമ്പോള്‍, വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ നിഷേധ വോട്ടിനാകും ഭൂരിപക്ഷം ലഭിക്കുക.``എനിക്ക്‌ ശേഷം പ്രളയം`എന്ന മട്ടില്‍ അഴിമതിയിലും നീതിബോധ്യങ്ങളുടെ അട്ടിമറിയിലും വ്യാപരിക്കുന്ന ഉമ്മന്‍ ചാണ്ടിമാര്‍ക്കും പിണറായി വിജയന്മാര്‍ക്കും ഒന്നും സംഭവിക്കില്ലായിരിക്കും.പക്ഷെ ഉപഭൂഖണ്ഡത്തിലും ലോകത്തിന്റെ മറ്റു പലഭാഗത്തും ,രാജനൈതീകത അമിതാധികാരത്തിലേയ്‌ക്കും പട്ടാളഭരണത്തിലേയ്‌ക്കും വഴിതെറ്റി പോയപ്പോഴും ഇന്ത്യയില്‍ ജനാധിപത്യം തകരാതെ കാവല്‍ നിന്ന സമ്മതിദായകരാകും ചതിക്കപ്പെടുക.സീമ ലംഘിക്കപ്പെടുമ്പോള്‍ ക്ഷമയും വിവേകവും ആയുധത്തിന്റെ ഭാഷയില്‍ സംസാരിക്കുമെന്നും ഉന്മൂലനത്തിന്റെ പാതയില്‍ ചരിക്കുമെന്നും ,ആതിരേ,ഇവരൊക്കെ മറക്കാതിരുന്നെങ്കില്‍ ! ഖജനാവിന്‌ ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടില്ല എന്ന പല്ലവി ആവര്‍ത്തിച്ചാണ്‌ ഉമ്മന്‍ ചാണ്ടിയും യുഡിഎഫും സോളാര്‍ തട്ടിപ്പിനെ പ്രതിരോധിക്കുന്നത്. പി.സി.ജോര്‍ജിനെപ്പോലെയുള്ള രാഷ്ട്രീയ വിവേകങ്ങള്‍ ഈ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നു.ഖജനാവിന്റെ ലാഭ-നഷ്ടങ്ങളാണോ,ആതിരേ, നീതിപാലനത്തിന്റേയും നിയമ വാഴ്‌ചയുടേയും ഗതി നിര്‍ണയിക്കേണ്ടത്‌?അങ്ങനെയെങ്കില്‍ ഒരു കൊലപാതികി,ഒരു മോഷ്ടാവ്‌,ഒരു സ്‌ത്രീപീഡകന്‍ ഖജനാവിന്‌ എന്തു നഷ്ടമുണ്ടാക്കിയിട്ടാണ്‌,അയാള്‍ക്കെതിരെ ശിക്ഷവിധിക്കുന്നത്‌?ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുകയെന്നതാണ്‌ ഒരു ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യം.സോളാര്‍ തട്ടിപ്പ്‌ കേസില്‍, ഭരണകൂടത്തിന്റെ ഈ ഉത്തരവാദിത്തമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തിരുവഞ്ചൂരിന്റെ പോലീസും മാണിയുടെ നിയമ വകുപ്പും കാറ്റില്‍ പറത്തിയത്‌ . മാത്രമല്ല സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമുണ്ടായ കളങ്കം മറയ്‌ക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ അന്വേഷണം നടത്തി തെളിവുകള്‍ അട്ടിമറിച്ചത് . ഭരണകൂടസംരക്ഷണം ലഭിക്കാതെപോയ പൗരന്മാരുടെ നികുതിപ്പണത്തിന്റെ ധൂര്‍ത്തടിക്കലാണ്‌ അന്വേഷണത്തിന്റെ പേരില്‍ നടന്നത് . എന്നിട്ടും ചോദിക്കുന്നത്‌ സോളാര്‍ തട്ടിപ്പ്‌ മൂലം ഖജനാവിന്‌ ചില്ലി പൈസയുടെ നഷ്ടമുണ്ടായോ എന്നാണ്‌ ?ആതിരേ, സാക്ഷരരും വിവേകമതികളുമായ കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ ബോധത്തേയും ബോദ്ധ്യങ്ങളെയുമാണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ ചോദ്യത്തിലൂടെ പരസ്യമായി ബലാത്സംഗം ചെയ്‌തത്‌. ഈ നെറികേടിനെ പ്രതിരോധിക്കേണ്ട പ്രതിപക്ഷം യുഡിഎഫിന്റെ അഞ്ചാംപത്തിയായി തരം താണതും കാണാതിരുന്നു കൂട.അവകാശസമരങ്ങളുടെ ചരിത്രത്തില്‍ പങ്കാളിത്തത്തിന്റെ പുതിയ ആവേശം നിറച്ച സെക്രട്ടേറിയറ്റ്‌ ഉപരോധത്തിലെ നീതിവാഞ്ചയേയും ഇടതുപക്ഷ അണികളുടെ അര്‍പ്പണബോധത്തേയുമാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വ്യാജവിപ്‌ളവകാരികള്‍ മലീമസമാക്കിയതും വെടക്കാക്കിയതും.ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ അഴിയെണ്ണുമെന്ന്‌ തിരുവഞ്ചൂരിന്റെ പോലീസ്‌ ഭീഷണിപ്പെടുത്തിയപ്പോള്‍ പിണറായിയുടേയും എളമരം കരീമിന്റേയുമൊക്കെ അഴിമതിവിരുദ്ധത കരമനയാറ്റില്‍ ഊളിയിടുകയും ഒത്തിതീര്‍പ്പുമായി കുളിച്ചു കയറുകയും ചെയ്‌തു.ഇവിടെയും വലിച്ചുകീറപ്പെട്ടത്‌ , ആതിരേ, നിയമവാഴ്‌ചയിലും ജനാധിപത്യത്തിലും പൊതുസമൂഹം പുലര്‍ത്തുന്ന വിശുദ്ധമായ അഭിനിവേശമാണ്‌. ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സമ്മതമാണെന്ന്‌ ഉമ്മന്‍ ചണ്ടി പറഞ്ഞ്‌ നാവ്‌ വായിലിടും മുന്‍പ്‌ സമരം അവസാനിപ്പിച്ച ചതിയുടെ തുടര്‍ച്ചയിലാണ്‌ ജുഡിഷ്യല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനമുണ്ടായി 47 ദിവസമായിട്ടും പരിഗണനാ വിഷയങ്ങളില്‍പ്പോലും തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു വശത്ത് . ഓണം കഴിയുമ്പോള്‍ സമരം പൂര്‍വാധികം ശക്തമാക്കുമെന്ന്‌ പ്രഖ്യാപിച്ച പിണറായി വിജയന്‍ മറുഭാഗത്ത് . ഇവര്‍ക്കിടയില്‍ വഞ്ചിതരായി കേരളീയ സമൂഹവും. എല്‍ഡിഎഫ്‌ നടത്തിയ രാപ്പകല്‍ സമരവും തുടര്‍ന്നുണ്ടായ സെക്രട്ടേറിയറ്റ്‌ ഉപരോധവും മൂലമാണ്‌ ആഗസ്റ്റ്‌ 13ന്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉമ്മന്‍ചാണ്ടി സമ്മതിച്ചത് . ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കാത്തത്‌ പ്രതിപക്ഷം നിര്‍ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണെന്ന്‌ 21ന്‌ മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌ ഉമ്മന്‍ചാണ്ടി കൈകഴുകി. `ഇന്ന്‌ നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ ഇന്ന്‌ തന്നെ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുമായിരുന്നെന്നും'ആതിരേ, 21ന്‌ ഉമ്മന്‍ചാണ്ടി വീരവാദം മുഴക്കി. അടുത്ത ദിവസംതന്നെ എല്‍ഡിഎഫ്‌ യോഗം ചേര്‍ന്ന്‌ നിര്‍ദേശങ്ങള്‍ നല്‍കി. ശേഷം മാസം ഒന്നരകഴിഞ്ഞിട്ടും അനക്കമില്ല. പ്രതിപക്ഷമാകട്ടെ മൗനം പാലിക്കുന്നു.എന്താണ്‌ , ആതിരേ, പൊതുസമൂഹം ഇതില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌? മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന നിര്‍ദേശം. അതോടെ മുഖ്യമന്ത്രി അട്ടിമറിനീക്കവും തുടങ്ങി. മുഖ്യമന്ത്രിയെയും ഓഫീസിനെയും അന്വേഷണപരിധിയില്‍ വരുത്തരുതെന്ന്‌ ഘടകകക്ഷികളെക്കൊണ്ട്‌ പറയിപ്പിച്ചെങ്കിലും സ്വന്തം പാര്‍ടിയുടെ നിലപാട്‌ വിനയായി. പരിഗണനാവിഷയങ്ങള്‍ മുഖ്യമന്ത്രിക്ക്‌ തീരുമാനിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ .ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞു. നിയമോപദേശത്തിന്റെ പേരിലും പരിഗണനാവിഷയം തീരുമാനിക്കുന്നത്‌ നീട്ടി. തന്നെയും തന്റെ ഓഫീസിനെയും ഒഴിവാക്കാനുള്ള വഴിയാണ്‌ ഉമ്മന്‍ചാണ്ടി തേടുന്നത്‌ . അന്വേഷണത്തിന്‌ ഹൈക്കോടതി സിറ്റിങ്‌ ജഡ്‌ജിയെ കിട്ടാന്‍ വീണ്ടും പേരിനൊരു കത്തുകൂടി എഴുതിയതൊഴിച്ചാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.ഇതിനിടെ മന്ത്രിസഭാ യോഗങ്ങള്‍ പലത്‌ കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.ഇത്രയൊക്കെയായിട്ടും ഇടതുപക്ഷത്തു നിന്ന്‌ ഇതിനായി ശക്തമായ സമ്മര്‍ദം ഉണ്ടാകാതിരുന്നത്‌ എന്തു കൊണ്ടാണ്‌?ജുഡിഷ്യല്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം പിണറായി വിജയനും കൈകോര്‍ത്തു എന്നാണോ മനസ്സിലാക്കേണ്ടത്‌?. തൊമ്മന്‍ അയയുമ്പോള്‍ അയയുന്ന ചാണ്ടിയായി പ്രതിപക്ഷം പരിണമിച്ചതാണ്‌, ആതിരേ, ആശ്ചര്യമുണ്ടാക്കുന്ന അവസ്ഥ.ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ശേഷം ജനവിരുദ്ധമായ നിലപാടുകളും നടപടികളും സ്വീകരിക്കുന്ന മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്‌ ഓഫീസിനോടും ഇപ്പോള്‍ പ്രതിപക്ഷം പുലര്‍ത്തുന്ന സഹിഷ്‌ണുതയാണ്‌ മനസ്സിലക്കാന്‍ സാധിക്കാത്തത്‌ ! നേതൃത്വത്തിന്റെ വഞ്ചാനാത്മകമായ ഈ നിലപാടിന്റെ പ്രതിരൂപമാണ്‌ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനത്തില്‍ സംഭവിച്ച ആവേശശുഷ്‌കത.മുഖ്യമന്ത്രിയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുല്ലെന്ന്‌ ഗീര്‍വാണം മുഴക്കിയ നേതാക്കള്‍ എവിടെ ആതിരേ... ? സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ എന്തുവേണമെന്ന കാര്യത്തില്‍ പോലും ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന നിലയില്‍ത്തന്നെയാണ്‌ കാര്യങ്ങളുടെ പോക്ക്‌ . ഇതിനിടെ സ്വര്‍ണക്കടത്തു കേസ്‌ കത്തിയതോടെ സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണമെന്ന സംഭവംതന്നെ വിസ്‌മരിക്കപ്പെടുകയാണ് . ഭരണ-പ്രതിപക്ഷത്തിന്റെ ഈ ഒളിച്ചുകളിയും ഒത്തുകളിയും സമൂഹത്തിന്‌ നല്‍കുന്നത്‌ ഭീഷണമായ സന്ദേശങ്ങളാണ്‌. ,ആതിരേ...നേതാക്കളെപ്പോലെ നിയമത്തിന്‌ കീഴ്‌വഴങ്ങി ജീവിക്കാന്‍ ഞങ്ങള്‍ക്ക്‌ സമ്മതമില്ല എന്ന തീരുമാനത്തോടെ അവര്‍ മുന്നോട്ടുപോയാല്‍.....!!?

No comments: