Sunday, September 29, 2013

കെ.പി.ദണ്ഡപാണി:മുടിയാന്‍ നേരത്ത്‌ കുലച്ച മുച്ചീര്‍പ്പന്‍

രാജാവിനേക്കാള്‍ രാജ്യഭക്തി ഭാവിക്കുന്ന ഭൃത്യന്‍ രാജാവിന്‌ മാത്രമല്ല രാജ്യത്തിന്‌ തന്നെ ശാപമാകും. അതാണിപ്പോള്‍ ഡാറ്റ സെന്റര്‍ കേസില്‍ സംഭവിച്ചത്‌ .അമിത താത്‌പര്യം മൂലം സര്‍ക്കാരിനെ ഈ കേസില്‍ വെട്ടിലാക്കിയത്‌ പോലെ സര്‍ക്കാരിനെ പൊതുസമൂഹമദ്ധ്യേ അവഹേളനാപാത്രമാക്കിയ നിലപാടുകള്‍ മുന്‍പും ദണ്ഡപാണി എന്ന അഡ്വക്കേറ്റ്‌ ജനറലില്‍ നിന്നുണ്ടായിട്ടുണ്ട്‌. കോവളം ഹാല്‍സിയന്‍ കൊട്ടാരം വക മുപ്പതിനായിരം കോടി രൂപ വിലവരുന്ന ഭൂമി ,പ്രവാസികോടിശ്വരന്‍ രവിപിള്ളയുടെ?ആര്‍ പി ഗ്രൂപ്പിനു പതിച്ചുനല്‍കാന്‍ വേണ്ടി അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസ്‌ വ്യാജരേഖ ചമച്ചതാണ്‌ അതില്‍ പ്രമുഖം.മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍,2011 ഡിസംബറില്‍, കേരളം ഇത്രയും കാലം ഉന്നയിച്ചിരുന്ന വാദങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാടാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സ്വീകരിച്ചത്‌ . അത്‌ വന്‍ വിവാദമാവുകയും ചെയ്‌തു. സര്‍ക്കാരും പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരം ചെയ്യുന്ന സംഘടനകളും അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി.
"മുടിയാന്‍ നേരത്ത്‌ കുലച്ച മുച്ചീര്‍പ്പന്‍ “ - ആതിരേ, മലബാറിലെ ഒരു പഴഞ്ചൊല്ലാണിത്. തറവാടുകള്‍ ക്ഷയിക്കാറാകുമ്പോള്‍ മൂന്ന്‌ പടല( ചീര്‍പ്പ്‌)യുള്ള വാഴക്കുലകളുണ്ടാകുമെന്നാണ്‌ അവിടുത്തെ പഴമക്കാരുടെ നിരീക്ഷണം. ആ നിരീക്ഷണം ഏറെ അനുയോജ്യനായ അഭിഭാഷകനാണ്‌ താനെന്ന്‌, സ്വന്തം പ്രവൃത്തിയാല്‍ എത്രയോവട്ടം തെളിയിച്ച അഡ്വക്കേറ്റ്‌ ജനറലാണ്‌ കെ.പി.ദണ്ഡപാണി.ഒരു ഉളുപ്പുമില്ലാതെ സര്‍ക്കാരിന്‌ വിടുപണി ചെയ്യാനല്ല അഡ്വക്കേറ്റ്‌ ജനറലിനെ നിയമിക്കുന്നത്‌. എന്നദ്ദേഹം മറക്കുന്നു. അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസ്‌ ഭരണഘടനാ സ്ഥാപനമാണ്‍.. .... .ഒരു സംസ്ഥാനത്തിന്‌,നിയമപരമായ ഉപദേശം നല്‍കുകയും പൗരന്മാരുടെ മൗലീകവും ഭരണഘടനാദത്തവുമായ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ പ്രാഥമികമായ ഉത്തരവാദിത്തം .ആര്‍ജവത്തോടെ,നിയമം അനുശാസിക്കുന്ന രീതിയില്‍, സത്യസന്ധമായി,സുതാര്യമായ നീതിബോധത്തോടെ ഈ ദൗത്യം നിര്‍വഹിക്കാനാണ്‌ അഡ്വക്കേറ്റ്‌ ജനറലിനും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കുന്നത്‌;തൊഴില്‍പരമായ മറ്റനവധി ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ളത്‌.. ഈ ആനുകൂല്യങ്ങളെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ച്‌ നിയമ വാഴ്‌ചയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയല്ലേ കെ.പി.ദണ്ഡപാണിയെന്ന അഡ്വക്കേറ്റ്‌ ജനറല്‍ നടത്തുന്നതെന്ന്‌ പൊതുസമൂഹത്തെ കൊണ്ട്‌ സന്ദേഹിപ്പിക്കുന്ന നിലയിലാണ്‌,ആതിരേ, കോടതിയില്‍ അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ ഓഫീസിലുള്ള മറ്റുള്ളവരുടേയും നീക്കങ്ങളും ഇടപെടലുകളും. ``നല്ലരീതിയില്‍ കേസ്‌ നടത്തി,കോടതിയില്‍ അവതരിപ്പിച്ച്‌ വിധിയുണ്ടാക്കുന്നതിലല്ല, ജഡ്‌ജിമാരുടെ ചേംബറിലെത്തി കാര്യങ്ങള്‍ കാണാനാണ്‌ ഇപ്പോഴത്തെ അഡ്വക്കേറ്റ്‌ ജനറലിന്‌ മിടുക്കെ''ന്ന്‌ പരിഹസിച്ചത്‌ കേരളാ ഹൈക്കോടതിയുടെ നിലവിലുള്ള ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരാണ്‌. ``കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്നവര്‍ '' എന്ന അടിയന്തിരാവസ്ഥക്കാലത്തെ മുഖ്യധാരാമാധ്യമ പ്രവര്‍ത്തകരെക്കുറിച്ചുള്ള എല്‍ . കെ.അഡ്വാനിയുടെ വിശ്രുതമായ ആ നിരീക്ഷണമുണ്ടല്ലോ, അത്‌ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാകുന്നുണ്ട്‌ കെ.പി.ദണ്ഡപാണിയില്‍ രാജാവിനേക്കാള്‍ രാജ്യഭക്തി ഭാവിക്കുന്ന ഭൃത്യന്‍, ആതിരേ, രാജാവിന്‌ മാത്രമല്ല രാജ്യത്തിന്‌ തന്നെ ശാപമാകും. അതാണിപ്പോള്‍ ഡാറ്റ സെന്റര്‍ കേസില്‍ സംഭവിച്ചത്‌... .മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ അഴിമതിവീരനാണെന്ന്‌ തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അച്യുതാനന്ദനെ വാരിക്കുഴിയില്‍ വീഴ്‌ത്തുന്ന കാര്യത്തില്‍ യുഡിഎഫ്‌ മനസുള്ള പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും നടത്തിയ നീക്കങ്ങളെല്ലാം പാഴായപ്പോഴാണ്‌ ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കച്ചിത്തുരുമ്പാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്‌. . അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന്റെ ഉദ്യോഗം, മകള്‍ ആശയ്‌ക്ക്‌ ഒറ്റനമ്പര്‍ ലോട്ടറിയുമായുള്ള ബന്ധം,ബന്ധു സോമന്‌ അനധികൃതമായി ഭൂമി അനുവദിച്ചത്‌ തുടങ്ങി പൊക്കിക്കൊണ്ടു വന്ന കേസുകളെല്ലാം എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ്‌ ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അച്യുതാനന്ദനെ കുടുക്കാന്‍ ശ്രമിച്ചത്‌.. . . .ആ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ കാണിച്ച അമിതതാത്‌പര്യമാണിപ്പോള്‍ സര്‍ക്കാരിന് വിനയായതും അച്യുതാനന്ദനെതിരെ, ഈ കേസിലെ സിബിഐ അന്വേഷണം വേണ്ടെന്ന്‌ വയ്‌ക്കാന്‍ സര്‍ക്കാരിന്‌ തീരുമാനിക്കേണ്ടി വന്നതും.സര്‍ക്കാരിനെ പരോക്ഷമായും അഡ്വക്കേറ്റ്‌ ജനറലിനെ പരസ്യമായും ശാസിക്കുന്നതില്‍ വരെ സുപ്രീം കോടതിയെ കൊണ്ടെത്തിച്ചത്‌ ദണ്ഡപാണിയുടെ അമിതാവേശമായിരുന്നു.നേരത്തേ സൂചിപ്പിച്ച രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി! ഡാറ്റാ സെന്റര്‍ റിലയന്‍സിന്‌ കൈമാറിയതിനെ കുറിച്ചുള്ള കേസ്‌ സിബിഐക്ക്‌ വിടാന്‍ 2012 മാര്‍ച്ച്‌ 6നാണ്‌ മുഖ്യമന്ത്രി തീരുമാനം എടുത്തത്‌.. അതിന്‌ മുമ്പേ ഫെബ്രുവരി 23ന്‌ കേസ്‌ സിബിഐക്ക്‌ വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി കേരളാ ഹൈക്കോടതിയെ അറിയിച്ചു.ഇതാണ്‌ വിനയായത്‌. ഒരു രേഖയുടെയും അടിസ്ഥാനമില്ലാതെയാണ്‌ ദണ്ഡപാണി സര്‍ക്കാര്‍ നിലപാടെന്ന രീതിയില്‍ സിബിഐ അന്വേഷണത്തെ കുറിച്ച്‌ കോടതിയെ അറിയിച്ചത്‌. . .സിബിഐ അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ അറിയാത്ത ` ശുംഭ'നൊന്നുമല്ല,ആതിരേ, ദണ്ഡപാണി.എന്നിട്ടും ... സിബിഐ അന്വേഷണത്തിന്‌ മുഖ്യമന്ത്രി തീരുമാനം എടുത്താലും, അന്തിമ തീരുമാനം മന്ത്രിസഭയാണ്‌ എടുക്കേണ്ടത്‌. .അതിവിടെ ഉണ്ടായിട്ടില്ല.എന്നിട്ടും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്‌ ശ്രദ്ധിക്കുക: `` സിബിഐ അന്വേഷിക്കേണ്ടത്‌ പോലെ അത്ര ഗൗരവമുള്ള കേസല്ല ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ്‌. മാത്രമല്ല ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ പാലിക്കേണ്ട പെരുമാറ്റചട്ടം അഡ്വക്കേറ്റ്‌ ജനറലിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായില്ല.കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ധൃതികാട്ടി എന്ന്‌ വ്യക്തമാണ്‌. '' എന്ത്‌ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചതെന്നാണ്‌ സുപ്രീം കോടതി ചോദിച്ചത്‌. ഈ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം എന്ന അജണ്ടയില്‍ ഉറച്ചു നിന്നാല്‍ കോടതി അത്‌ അനുവദിക്കില്ലെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോഴാണ്‌,ആതിരേ, കേസ്‌ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാരിന്‌ പ്രഖ്യാപിക്കേണ്ടി വന്നത്‌. . ഇവിടെ ഗൌരവമേറിയ മറ്റൊരു വാസ്തവം കൂട്ടി വായിക്കേണ്ടതുണ്ട്.ഡാറ്റ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതിയുട് എന്ന ആരോപണം ആദ്യം ഉന്നയിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍‌ജാണ്.നിയമസഭയില്‍ , ആ ആരോപണത്തിന്റെ ചര്‍ച്ചാവേളയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സി‌ബി‌ഐ അന്വേഷണം സംബന്ധിച്ച ഉറപ്പ് നല്‍കിയത്.എന്നാല്‍ ഈ ഉറപ്പ് മന്ത്രിസഭായോഗത്തില്‍ വച്ച് അനുമതി നേടുകയോ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ല.പി.സി.അടക്കമുള്ളവര്‍ സി ബി‌ഐ അന്വേഷണം പ്രതീക്ഷിച്ചിരിക്കേ,സി‌ബി‌ഐ അന്വേഷണത്തിന് മന്ത്രി സഭ തീരുമാനിച്ചിട്ടില്ലെന്ന ‘രഹസ്യം’ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേസിലെ മറ്റൊരു പ്രതിയായ നന്ദകുമാറിന് ഒറ്റിക്കൊടുത്തു.അതിന്റെ അടിസ്ഥാനത്തില്‍ നന്ദകുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് ഹര്‍ജിയിലാണ് അഡ്വക്കേറ്റ് ജനറലിനെതിരെ കോടതിയുടെ കടുത്ത പരാമര്‍ശമുണ്ടായത്.അതായത് സര്‍‌ക്കാരിനേയും നിയമസഭയേയും ജനങ്ങളേയും വിഢികളാക്കുന്നതില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനുള്ള പങ്കും ഈ കേസ് പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. അഡ്വക്കേറ്റ്‌ ജനറലിനെതിരെ സുപ്രീം കോടതി നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷയില്‍ കോടതി പക്ഷേ തീരുമാനം അറിയിച്ചിട്ടില്ല. അമിത താത്‌പര്യം മൂലം സര്‍ക്കാരിനെ ഈ കേസില്‍ വെട്ടിലാക്കിയത്‌ പോലെ സര്‍ക്കാരിനെ പൊതുസമൂഹമദ്ധ്യേ അവഹേളനാപാത്രമാക്കിയ നിലപാടുകള്‍ മുന്‍പും ദണ്ഡപാണി എന്ന അഡ്വക്കേറ്റ്‌ ജനറലില്‍ നിന്നുണ്ടായിട്ടുണ്ട്‌..,ആതിരേ .കോവളം ഹാല്‍സിയന്‍ കൊട്ടാരം വക മുപ്പതിനായിരം കോടി രൂപ വിലവരുന്ന ഭൂമി ,പ്രവാസികോടിശ്വരന്‍ രവിപിള്ളയുടെ ആര്‍ പി ഗ്രൂപ്പിനു പതിച്ചുനല്‍കാന്‍ വേണ്ടി അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസ്‌ വ്യാജരേഖ ചമച്ചതാണ്‌ അതില്‍ പ്രമുഖം.ഹാല്‍സിയന്‍ കൊട്ടാരവും കൊട്ടാരവളപ്പിലെ 4.14 ഹെക്ടര്‍ ഭൂമിയും കൊട്ടാരംവക അനുബന്ധഭൂമിയായി തൊട്ടുകിടക്കുന്ന 14.48 ഹെക്ടറുമടക്കം 20.61 ഹെക്ടര്‍ ഭൂമിയുടെയും അനുബന്ധകെട്ടിടങ്ങളുടേയും ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാണെന്നു വ്യക്തമാക്കുന്ന സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ ഉത്തരവും പൂഴ്‌ത്തിവച്ചാണ്‌ ഹോട്ടല്‍ ഭിമനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ വ്യാജരേഖയുണ്ടാക്കിയത്‌. . .അതിന് അഡ്വക്കേറ്റ് ജനറല്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. അങ്ങനെ പൈതൃകസമ്പത്തായി സംരക്ഷിക്കേണ്ട ആ ചരിത്രസ്‌മാരകം കേരളത്തിന്‌ നഷ്ടമായി അടുത്തത് മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍,2011 ഡിസംബറില്‍, കേരളം ഇത്രയും കാലം ഉന്നയിച്ചിരുന്ന വാദങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാടാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സ്വീകരിച്ചത് .അത്‌ വന്‍ വിവാദമാവുകയും ചെയ്‌തു. സര്‍ക്കാരും പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരം ചെയ്യുന്ന സംഘടനകളും അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നാണ്‌ ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ്‌ ഡാമുകള്‍ക്ക്‌ വെള്ളം താങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വാദിച്ചു.കോടതിയിലെ അഡ്വക്കേറ്റ്‌ ജനറലിന്റെ നിലപാടില്‍ മുല്ലപ്പെരിയാര്‍ സമരസമിതി കടുത്ത പ്രതിഷേധമാണ്‌ രേഖപ്പെടുത്തിയത്. അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടിനോട്‌ മന്ത്രിമാരും വിയോജിപ്പ്‌ രേഖപ്പെടുത്തി. എജിയുടെ നിലപാട്‌ നിയമവകുപ്പിന്റെയോ തന്റെയോ അറിവോടെയല്ലെന്ന്‌ മന്ത്രി കെ.എം. മാണി പറഞ്ഞു. എജിയുടെ വിശദീകരണം സത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ജിയുടേത്‌ സര്‍ക്കാര്‍ നിലപാടല്ലെന്നാണ്‌ ജലവിഭവമന്ത്രി പി.ജെ ജോസഫ്‌ പറഞ്ഞത്. എ.ജി പറഞ്ഞതില്‍ അപക്വമായെന്തെങ്കിലുമുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന താത്‌പര്യം സംരക്ഷിക്കുന്നതില്‍ എ.ജി പരാജയപ്പെട്ടുവെന്ന്‌ വി.എം സുധീരനും പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാനത്ത്‌ തുടരാന്‍ അദ്ദേഹത്തിന്‌ അവകാശമില്ല. ദണ്ഡപാണിയെ നീക്കുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പക്ഷെ,ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതിവ്‌ പോലെ അഴകൊഴമ്പന്‍ നിലപാടാണ്‌ തുടക്കത്തില്‍ സ്വീകരിച്ചത്. ദണ്ഡപാണി കേരളത്തിന്‌ പാരവയ്‌ക്കുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയിലായിരുന്നു.മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന്‌ അത്തരം നിലപാടില്ലെന്നും എജി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട്‌ കേരള എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ എജിയുടെ നിലപാടില്‍ എംപിമാര്‍ പ്രതിഷേധമറിയിച്ചപ്പോഴാണ്‌ തുടര്‍ന്ന്‌ എജിയെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി വിശദീകരണം തേടിയത്. മുല്ലപ്പെരിയാര്‍ കേസില്‍ ദണ്ഡപാണി മുന്‍പ്‌ തമിഴ്‌ നാടിന്റെ അഭിഭാഷകനായിരുന്നു.1977ല്‍ കുമിളി പഞ്ചായത്ത്‌ അംഗം ദേവസി സ്രാമ്പിക്കല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 126 അടിയായി നിജപ്പെടുത്തണം എന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വിചാരണയ്‌ക്ക്‌ എടുത്തപ്പോളാണ്‌ ദണ്ഡപാണി തമിഴ്‌ നാടിനു വേണ്ടി ഹാജരായത്. അന്ന്‌ തമിഴ്‌ നാട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ വേണ്ടി കേരളത്തിനെതിരെ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും ചെയ്‌തു.കേരളത്തില്‍ ജീവിച്ച്‌,കേരളത്തിന്റെ വിഭവങ്ങള്‍ ആസ്വദിച്ച്‌,കേരളീയന്റെ പ്രശ്‌നങ്ങളെ തന്റെ ഉപജീവനത്തിനുള്ള കരുക്കളാക്കി ലക്ഷങ്ങള്‍ സമ്പാദിച്ച ദണ്ഡപാണിയുടെ ` ചോറിങ്ങും കൂറങ്ങു'മെന്ന അഭിശപ്‌തനിലപാടായിരുന്നു ആ സത്യവാങ്‌മൂലം .ആ വഞ്ചന തന്നെയാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ എന്ന നിലയ്‌ക്കും അദ്ദേഹം അനുവര്‍ത്തിച്ചത്. സോളാര്‍ കേസുമായി ബന്ധമുള്ള കുരുവിള-ശാലു മേനോന്‍-സലിം രാജ്‌ സംഭവങ്ങളില്‍ ഹൈക്കോടതിയുടെ രണ്ട്‌ സിംഗിള്‍ ബഞ്ചില്‍ നിന്ന്‌ രൂക്ഷ വിമര്‍ശനങ്ങളുണ്ടായത്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ പിടിപ്പ്‌ കേട്‌ മൂലമാണ്. ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ നിരീക്ഷിച്ച ``കേസ്‌ നല്ലനിലയില്‍ നടത്താനുള്ള കഴിവില്ലായ്‌മ''യാണ്‌ ഇതിലൂടെ തെളിഞ്ഞത്. അതേ സമയം `` ചേംബറിലെത്തി കാര്യം സാധിക്കാനുള്ള മിടുക്ക്‌ '' സലിം രാജിന്റെ കേസില്‍ അപ്പീല്‍ നേടിയെടുക്കുന്നതില്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. ആര്‍ജവമില്ലാത്ത,സുതാര്യമല്ലാത്ത,ദുരുപദിഷ്ടങ്ങളായ നിലപാടുകളെടുക്കുന്ന കെ.പി.ദണ്ഡപാണിയെന്ന അഡ്വക്കേറ്റ്‌ ജനറലിന്‌ `` മുടിയാന്‍ നേരത്ത്‌ കുലച്ച മുച്ചീര്‍പ്പന്‍'' എന്നല്ലാതെ മറ്റ്‌എന്ത്‌ വിശേഷണമാണ്‌,ആതിരേ യോജിക്കുക?

No comments: