Tuesday, September 24, 2013
സരിത മുഖ്യമന്ത്രിയെ കണ്ടതിലെ തെറ്റ് എന്താണെന്നോ..
ആറ് പതിറ്റാണ്ടിന്റെ സംശുദ്ധവും സുതാര്യവുമായ പൊതുജീവിതത്തിന്റെ ഉടമയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന അവകാശവാദം മുഖവിലയ്‌ക്ക് തന്നെയെടുക്കാം.സരിത തട്ടിപ്പുകാരിയാണെന്നുമറിയാം.മുഖ്യമന്ത്രിയുടെ അനുഗ്രഹവും ആശിര്‍വാദവും തങ്ങളുടെ സോളാര്‍ പദ്ധതിക്കുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ് എന്നും ബോധ്യമായിട്ടുണ്ട്. . എമെര്‍ജിംഗ് കേരളയില്‍ ടീം സോളാറിനും സ്വീകാര്യമായസ്ഥാനമാണുണ്ടായിരുന്നത്. . അത്തരത്തില്‍ ഒരു പദ്ധതിനടത്തിപ്പുകാരി തട്ടിപ്പാണ് നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂട്ടികൊണ്ടു പോയി പദ്ധതിയുടെ ആധികാരികതയെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയതെന്നും തട്ടിപ്പിനിരയായ വ്യക്തി പറയുന്നു.മുഖ്യമന്ത്രി അത് നിഷേധിക്കുന്നു.അപ്പോഴും കോടതി ചോദിക്കുന്നു``സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്താണ് തെറ്റെന്ന് ''! ഉത്തരം മുട്ടുമ്പോള്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താനെപ്പോലെ കോടതി പെരുമാറാന്‍ തുടങ്ങിയാല്‍ എന്താണ് അവസ്ഥയെന്ന് സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്തുന്നതില്‍ എന്തു യുക്തിയാണുള്ളത്?
നീതി നടപ്പിലാക്കിയാല്‍ പോരാ, നീതിപൂര്‍വകമായാണ് അത് നടപ്പിലാക്കിയതെന്ന് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശത്തിന് അതീതയായിരിക്കണം.ജനാധിപത്യ വ്യവസ്ഥയില്‍ ഭരണ നേതൃത്വങ്ങള്‍ മാറും,ജഡ്‌ജിമാര്‍ മാറും, അഡ്വക്കേറ്റ് ജനറല്‍മാര്‍ മാറും.അപ്പോഴും മാറ്റമില്ലാതെ തുടരേണ്ടതും പൗരന്റെ നിയമപരമായ അവകശങ്ങള്‍ നീതിപൂര്‍വകം നേടിക്കൊടുക്കുന്നതില്‍ നിഷ്‌ണാതമായിരിക്കേണ്ടതുമായ ഭരണഘടനാദത്ത സംവിധാനമാണ് നീതിപീഠങ്ങള്‍. അതു കൊണ്ട് അതിന്റെ പവിത്രത നശിപ്പിക്കുന്ന ഏതൊരു നീക്കവും,അത് എത്ര ഉന്നതനായ വ്യക്തിയില്‍ നിന്നായാലും പ്രതിരോധിക്കേണ്ടതും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുമാണ്.
ആതിരേ, കഴിഞ്ഞ പോസ്റ്റില്‍ കുറിച്ച വാക്യങ്ങള്‍ വീണ്ടും ഉദ്ധരിക്കാന്‍ അവസരമൊരുക്കിയത് ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദാണ്. സോളാര്‍ കേസ് കൈകാര്യം ചെയ്‌തിരുന്ന ജസ്റ്റിസ് വി.കെ.മോഹനന് പകരം നിയമിതനായ ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദിന്റെ ഇന്നലത്തെ ( സെപ്റ്റംബര്‍ 23/2013) ചില പരാമര്‍ശങ്ങള്‍ ചൂടേറിയ മാധ്യമചര്‍ച്ചയക്ക് വഴിവച്ചിരിക്കുകയാണ്.സോളാര്‍ കേസുകള്‍ കൈകാര്യം ചെയ്‌തിരുന്ന ജസ്റ്റിസ് എസ്.എസ്. സതീശ്ചന്ദ്രനേയും ജസ്റ്റിസ് വി.കെ.മോഹനനേയും,പതിവ് നടപടികളുടെ ഭാഗമായി മാറ്റി പകരം രണ്ട് ജസ്റ്റിസുമാരെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ നിയോഗിച്ചപ്പോള്‍ ഉയര്‍ന്നുവന്ന പൊതുസമൂഹത്തിന്റെ സന്ദേഹങ്ങള്‍ യഥാര്‍ത്ഥ്യമാകുകയാണോ എന്ന് ഭയപ്പെടുത്താന്‍ ഉതകുന്ന പരാമര്‍ശങ്ങളാണ്, ദൗര്‍ഭാഗ്യവശാല്‍ ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദില്‍ നിന്നുണ്ടായത് എന്ന് പറയാതെ തരമില്ല. ആതിരേ, കോടതിയുടെ വാക്കലുള്ള പരാമര്‍ശങ്ങള്‍ വിധിന്യായത്തിന്റെ ഭാഗമല്ലെന്നത് സത്യമാണ്. ഓപ്പണ്‍ കോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്തിമവിധിയുടെ സൂചകങ്ങളുമല്ലായിരിക്കാം.എന്നിട്ടും ശ്രോതാക്കളില്‍ മറിച്ചൊരു ധാരണ ഉണ്ടാകുന്നെങ്കില്‍ കുറ്റക്കാര്‍ കേള്‍വിക്കാരല്ല , അങ്ങനെ ചിന്തിക്കാന്‍ ഇടം നല്‍കുന്നവരാണ്.
സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കണ്ടെത്താന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ പരിഗണനാ വേളയിലാണ് ശ്രോതാക്കളെ ഞെട്ടിച്ച പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
`` സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്?''സിസിടിവിദൃശ്യങ്ങള്‍ പുറത്തു വന്നത് കൊണ്ട് എന്ത് പ്രയോജനം?`` ''മുഖ്യമന്ത്രി പറഞ്ഞിട്ടാണോ സരിതയ്‌ക്ക് പണം കൈമാറിയതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടോ?`` '' ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കണം`` എന്നിങ്ങനെ പോകുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍
ശ്രീധരന്‍ നായര്‍ക്കൊപ്പം താന്‍ സരിതയെ കണ്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലേയും (സെപ്റ്റംബര്‍ 23 ) ആവര്‍ത്തിച്ചത്. അതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നതും.സരിത കറതീര്‍ന്ന തട്ടിപ്പുകാരിയാണെന്ന് അംഗീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ഈ നിഷേധം.അപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ചോദിക്കാന്‍ ആഗ്രഹിക്കാത്ത, അല്ലെങ്കില്‍ ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യമാണ് കോടതിയില്‍ നിന്നുണ്ടായത്. തന്നെ പലരും കാണാറുണ്ടെന്നും അവരുടെ പശ്ചാത്തലങ്ങള്‍ വിഭിന്നമാണെന്നും പറയുന്ന മുഖ്യമന്ത്രി പോലും ചോദിക്കാത്ത ചോദ്യം കോടതിയില്‍ നിന്നുയരുമ്പോള്‍ പൊതു സമൂഹത്തില്‍ സന്ദേഹമുയരുന്നെങ്കില്‍ കുഴപ്പം പൊതുസമൂഹത്തിനല്ല, അനവസരത്തിലുള്ള ആ ചോദ്യത്തിനാണ്.
ആതിരേ, ആറ് പതിറ്റാണ്ടിന്റെ സംശുദ്ധവും സുതാര്യവുമായ പൊതുജീവിതത്തിന്റെ ഉടമയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന അവകാശവാദം മുഖവിലയ്‌ക്ക് തന്നെയെടുക്കാം.സരിത തട്ടിപ്പുകാരിയാണെന്നുമറിയാം.മുഖ്യമന്ത്രിയുടെ അനുഗ്രഹവും ആശിര്‍വാദവും തങ്ങളുടെ സോളാര്‍ പദ്ധതിക്കുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ് എന്നും ബോധ്യമായിട്ടുണ്ട്. എമെര്‍ജിംഗ് കേരളയില്‍ ടീം സോളാറിനും സ്വീകാര്യമായസ്ഥാനമാണുണ്ടായിരുന്നത്. . അത്തരത്തില്‍ ഒരു പദ്ധതിനടത്തിപ്പുകാരി തട്ടിപ്പാണ് നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂട്ടികൊണ്ടു പോയി പദ്ധതിയുടെ ആധികാരികതയെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയതെന്നും തട്ടിപ്പിനിരയായ വ്യക്തി പറയുന്നു.മുഖ്യമന്ത്രി അത് നിഷേധിക്കുന്നു.അപ്പോഴും കോടതി ചോദിക്കുന്നു``സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്താണ് തെറ്റെന്ന് ''! ഉത്തരം മുട്ടുമ്പോള്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് വക്താവ് രാജ് മോഹന്‍ ഉണ്ണിത്താനെപ്പോലെ കോടതി പെരുമാറാന്‍ തുടങ്ങിയാല്‍ എന്താണ് അവസ്ഥയെന്ന് സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്തുന്നതില്‍ എന്തു യുക്തിയാണുള്ളത്?
സരിതയോടൊപ്പമുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയില്‍ `` നിങ്ങളെപ്പോലെയുള്ളവര്‍ ഇത്തരം പദ്ധതിയുമായി മുന്നോട്ടുവരണമെന്ന് '' മുഖ്യമന്ത്രി പറഞ്ഞതായുള്ള ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ശ്രീധരന്‍ നായര്‍ക്കൊപ്പം സരിതയുണ്ടായിരുന്നില്ല എന്നേ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുള്ളൂ.ഈ സന്ധിയില്‍ ആരുപറയുന്നതാണ് നേര് എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമില്ലേ? മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്ന ആരോപണം തത്വത്തില്‍ കേരളീയര്‍ക്ക് മുഴുവന്‍ എതിരേയുള്ള ആരോപണമാണ്. അതിന്റെ നിജസ്ഥിതിയറിയാന്‍ സിസിടിവി ദൃശ്യങ്ങളല്ലാതെ എന്തു തെളിവുകളണുള്ളത്?മുഖ്യമന്ത്രി ഒരു കാര്യം നിഷേധിച്ചാല്‍ അത് ആത്യന്തിക സത്യമാകുമോ ആതിരേ ?എങ്കില്‍ സോളാര്‍ തട്ടിപ്പില്‍ തന്റെ ഓഫീസിന് പങ്കില്ലെന്ന് എത്രവട്ടം, എത്രവേദികളില്‍ മുഖ്യമന്തി അവകാശപ്പെട്ടിട്ടുള്ളതാണ് നിയമസഭയില്‍ പോലും അതേ നിലപാടല്ലേ മുഖ്യമന്ത്രി സ്വീകരിച്ചത്?എന്നിട്ടല്ലേ ജോപ്പന്‍ അറസ്റ്റിലായത്?എന്നിട്ടല്ലേ ``എന്റെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു'' എന്ന് മുഖ്യമന്ത്രി വിലപിച്ചത്?അപ്പോള്‍ സിസിടിവിദൃശ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും?
ഇനി ശ്രീധരന്‍ നായരുടെ പരാതിയെ പറ്റി.ശ്രീധരന്‍ നായര്‍ മൊഴിമാറ്റിപ്പറയുന്നു എന്ന് അവകാശപ്പെടുന്നത് പോലീസാണ്, മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളുമാണ്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്‌മൂലത്തിനൊപ്പം ചേര്‍ത്തിട്ടുള്ള ശ്രീധരന്‍ നായരുടെ മൊഴിപ്പകര്‍പ്പ് എന്നവകാശപ്പെടുന്ന രേഖയില്‍ ശ്രീധരന്‍ നായരുടെ ഒപ്പില്ല.താന്‍ സരിതയ്‌ക്ക് പണം കൊടുക്കാനുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും,താന്‍ പറഞ്ഞു എന്ന് പോലീസ് ഹാജരാക്കുന്നത് വ്യാജമൊഴിയാണെന്നും 164 വകുപ്പ് പ്രകാരം മജിസ്റ്റ്രേട്ടിന് നല്‍കിയ മൊഴിയില്‍ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു എന്നൊക്കെയുള്ള വാദിയുടെ നിലപാട് സത്യമാണോ എന്നറിയാന്‍, ആതിരേ വാദിയേ മാത്രം ചോദ്യം ചെയ്‌താല്‍ മതിയോ?ആരോപണ വിധേയനോട് വിശദീകരണമെങ്കിലും ചോദിക്കേണ്ടേ?അത് രേഖപ്പെടുത്തേണ്ടേ?ശ്രീധരന്‍ നായരുടെ 164 പ്രകാരമുള്ള മൊഴി എന്തു കൊണ്ട് പുറത്ത് വിടുന്നില്ല?വാദിയുടെ ഭാഗത്ത് നിന്നുള്ള ,നിയമപരമായ പരിരക്ഷയുള്ള മൊഴിയല്ലെ 164 പ്രകാരമുള്ളത്?അതല്ലെ പരിശോധിക്കേണ്ടത്?അതോ അതിലപ്പുറം നിയമപ്രാബല്യമുള്ള തെളിവ് വേറെ ഉണ്ടെന്നാണോ കോടതി പറയുന്നത്?ഓര്‍ക്കണം ഈ ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോപ്പന്‍ അറസ്റ്റിലായത്. ജോപ്പന്റെ കാര്യത്തില്‍ ശ്രീധരന്‍ നായര്‍ ശരിയും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തെറ്റുമാകുന്നതെങ്ങനെ?
ആതിരേ, മുഖ്യമന്ത്രിക്കെതിരെ ഒരു വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ഗൗരവമേറിയ ആരോപണം ഉന്നയിക്കുന്നു.മുഖ്യമന്ത്രി അതു നിഷേധിക്കുന്നു.ഗവണ്‍മന്റ് ചീഫ് വിപ്പ് അടക്കമുള്ളവര്‍ നേരത്തെ സൂചിപ്പിച്ച ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നു.ബിജു രാധാകൃഷ്‌ണനും സരിതയും മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും നിത്യസന്ദര്‍ശകരായിരുന്നു എന്നും വെളിപ്പെടുത്തുന്നു.ബിജു രാധാകൃഷ്‌ണനുമായി ,മുഖ്യമന്ത്രി നടത്തിയ രഹസ്യ കൂടിക്കാഴ്‌ചയുടെ വിശദാംശം ഇപ്പോഴും പുറത്ത് വിടുന്നില്ല.അപ്പോള്‍ ഈ ആരോപണങ്ങളിലെ സത്യാവസ്ഥ അറിയാന്‍ ഒരു പൗരന് അവകാശമില്ലെന്നോ?ഇല്ലെന്ന് വാദിക്കാന്‍ സര്‍ക്കരിന് എന്തവകാശം?മുഖ്യമന്ത്രിയെ കടത്തി വെട്ടി,നിക്ഷിപ്‌തതാത്‌പര്യങ്ങളില്‍ കോടതിയില്‍ മിടുക്കനാകുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ടപാണിയെ സുപ്രീം കോടതി ശാസിച്ചത് ഇന്നലെയാണ്. (((-(സെപ്റ്റംബര്‍ 23)മറക്കണ്ട .തനിക്ക് പറയാനുള്ളത് സത്യവാങ്‌മൂലമായി സമര്‍പ്പിക്കാനുള്ള് ശ്രീധരന്‍ നായരുടെ അവകാശ്‌ം നിഷേധിക്കാനും ഇന്നലെ അഡ്വക്കേറ്റ് ജനറല്‍ ശ്രമിച്ചിരുന്നു!നീതിയും നിയമവും അട്ടിമറിക്കാന്‍ ഇത്രയ്‌ക്കും ഉളുപ്പില്ലാത്ത ഒരു അഡ്വക്കേറ്റ് ജനറല്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇതു വരെ ഉണ്ടായിട്ടില്ല.ഇദ്ദേഹത്തിന്റെ വെപ്രാളങ്ങളില്‍ നിന്ന് തന്നെ ചിലതെല്ലാം വായിച്ചെടുക്കാനാവുന്നുണ്ട്.
ഒട്ടേറെ ദുരൂഹതകളാണ് സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ചുറ്റിപ്പറ്റി ഉയര്‍ന്നിട്ടുള്ളത്. ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടത് പോലീസും കോടതിയുമാണ്. എന്നാല്‍ ഇവര്‍ കൂടുതല്‍ ദുരൂഹതകളിലേയ്‌ക്കും സന്ദേഹങ്ങളിലേയ്‌ക്കും പൊതുസമൂഹത്തെ നയിക്കുമ്പോള്‍, ആതിരേ, നഷ്ടമാകുന്നത് ന്യായപാലനത്തിലെ സുതാര്യതയാണ്,നീതിപീഠത്തിന്റെ വിശുദ്ധിയും വിശ്വാസ്യതയുമാണ്. അതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment