Saturday, September 21, 2013

സോളാര്‍ കേസ്‌ അട്ടിമറിക്ക്‌ ഹൈക്കോടതി കുടപിടിക്കുന്നോ..?!

കേരള ഹൈക്കോടതിയുടെ നീതിബോധത്തേയോ നിക്ഷ്‌പക്ഷതയേയോ അല്ല ചോദ്യം ചെയ്യുന്നത്‌,മറിച്ച്‌ അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌,നീതിനടപ്പിലായിക്കിട്ടാന്‍ പൗരന്റെ അവസാനത്തെ ആശ്രയവും അഭയകേന്ദ്രവും അത്തണിയുമാണ്‌ ഹൈക്കോടതി.മുഖ്യമന്ത്രിമാര്‍ വരും പോകും.അഡ്വക്കേറ്റ്‌ ജനറലുമാര്‍ വരും പോകും.ചീഫ്‌ ജസ്റ്റിസുമാരും വരും പോകും.അപ്പോഴെല്ലാം നീതിന്യായ പാലനത്തിന്റെ ഉദത്ത സംവിധാനമായി തുടരേണ്ട ജനാധിപത്യ സ്ഥാപനമാണ്‌ ഹൈക്കോടതി.ആ സ്ഥാപനത്തെ പൊതുസമൂഹ മദ്ധ്യേ ഇകഴ്‌ത്തിക്കാണിക്കുന്ന നിലയിലുള്ള നടപടികള്‍ ആരില്‍ നിന്നുണ്ടായാലും അത്‌ ചോദ്യം ചെയ്യപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യം?സീസര്‍ മാത്രമല്ലല്ലോ സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതയായിരിക്കേണ്ടേ?
``കോടതിയില്‍ കേസ്‌ വാദിച്ച്‌ ജയിക്കുന്നതിനേക്കാള്‍ ചേംബറിലെത്തി കാര്യങ്ങള്‍ കാണുന്നതിലാണ്‌?അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയുടെ മിടുക്ക്‌ '' എന്ന്‌ നിരീക്ഷിച്ചത്‌ , ആതിരേ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരായിരുന്നു.പ്രത്യക്ഷ ശ്രവണത്തില്‍ അധിക്ഷേപമെന്ന്‌ തോന്നാവുന്നഈ വിലയിരുത്തല്‍ ശരിയായിരുന്നു എന്ന്‌ സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട സിംഗിള്‍ ബഞ്ച്‌ വിധികള്‍, ചീഫ്‌ ജസ്റ്റീസ്‌ അംഗമായ ഡിവിഷന്‍ ബഞ്ച്‌ നിമിഷങ്ങള്‍ക്കം സ്റ്റേ ചെയ്‌തപ്പോള്‍ കേരളത്തിലെ പൊതുസമൂഹത്തിനും അഭിഭാഷകവൃന്ദത്തിനും ബോദ്ധ്യമായതാണ്‌. ആ ബോദ്ധ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്‌ ഇന്നലെ(20-9-2013)യുണ്ടായ ചീഫ്‌ ജസ്റ്റിസിന്റെ ചില തീരുമാനങ്ങള്‍. ആതിരേ, ജസ്റ്റിസുമാരായ എസ്‌. എസ്‌. സതീശ്‌ ചന്ദ്രന്‍, വി കെ മോഹനന്‍ എന്നിവരെ സോളാര്‍ കേസിന്റെ നടപടികളില്‍ നിന്ന്‌ മാറ്റി പകരം ജസ്റ്റിസ്‌ ഹാറൂണ്‍ റഷീദിനും ജസ്റ്റിസ്‌ തോമസ്‌ പി ജോസഫിനും ആ ചുമതലകള്‍ നല്‍കിയതിനെ ` ജഡ്‌ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റുന്നത്‌ സാധാരണ നടപടിയാണെ'ന്ന്‌ ഹൈക്കോടതി അധികൃതര്‍ വിശദീകരിക്കുമ്പോഴും അതപ്പാടെ വിഴുങ്ങാന്‍ വിവേകമുള്ള കേരളീയര്‍ക്ക്‌ കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്‌?.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതികളും തമ്മിലുള്ള മുഖാമുഖത്തിലെ പലനിര്‍ണായക വിഷയങ്ങളും സന്ധികളും പൊതുസമൂഹശ്രദ്ധയില്‍ നിന്ന്‌ തമസ്‌ക്കരിക്കാന്‍ നടക്കുന്ന അതീവ കൗശലത്വമാര്‍ന്ന അട്ടിമറികളുടെ പട്ടികയില്‍ , ഹൈക്കോടതി നടപടിയും ഇടംപിടിക്കുകയല്ലേ എന്ന സംശയം വ്യാപകമാകുന്നതെന്തു കൊണ്ടാണ്‌?.പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രകടിപ്പിച്ച ആശങ്കയും അസംതൃപ്‌തിയും കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേതാകുന്നത്‌ ഈ സന്ധിയിലാണ്‌. എഡിജിപി എ .ഹേമചന്ദ്രനേയും അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയേയും ചാടിക്കളിപ്പിക്കാന്‍ ഉപയോഗിച്ച ചരടില്‍ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരിനേയും കുരുക്കിയോ എന്ന്‌ സന്ദേഹിക്കുന്നവരെ, കോടതിയലക്ഷ്യത്തിന്റെ ഉമ്മാക്കി കാണിച്ച്‌ വിരട്ടി ശിക്ഷിച്ച്‌ വെടക്കക്കാന്‍സാധിച്ചേക്കും.അപ്പോഴും സത്താപരമായ സന്ദേഹം നീതിയുടെ തുലാസ്‌ ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്നുണ്ടാകും.കെ.ജി.ബാലകൃഷ്‌ണന്റേയും,അല്‍തമാസ്‌ കബീറിന്റേയും ജനുസില്‍ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരിനേയും ഗണിക്കാന്‍ മനസ്സനുവദിക്കാത്തത്‌ കൊണ്ടാവും, അങ്ങനെ ന്യൂനപക്ഷമെങ്കിലും ചിന്തിക്കുക.അവരുടെ ആത്മാര്‍ത്ഥതയ്‌ക്ക്‌ മറുപടിയാകുന്നതല്ല ഹൈക്കോടതി അധികൃതരുടെ വിശദീകരണവും ,സോളാര്‍ വിഷയത്തില്‍, മുന്‍പ്‌ ജസ്റ്റിസ്‌ സതീശ്‌ ചന്ദ്രന്റേയും ജസ്റ്റിസ്‌ മോഹനന്റേയും വിധികളിലുണ്ടായ സ്റ്റേ നടപടികളും. സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്‌ വന്ന നിമിഷം മുതല്‍, ആതിരേ ,നിയമത്തിന്റെ മുന്നിലല്ലെങ്കിലും ജനമനസ്സില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന വ്യക്തിയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അദ്ദേഹത്തെ അത്തരത്തില്‍ അധഃപതിച്ച പ്രതലത്തില്‍ കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണ്‌ ഈ കേസിന്റെ അന്വേഷണഘട്ടത്തിലും വിചാരണയുടെ ചിലഘട്ടത്തിലുമുള്ള ഇടപെടലുകള്‍ നിര്‍ണായകമാണെന്ന്‌ ജനങ്ങള്‍ കരുതുന്നത്‌.യുക്തിയേയും സാമാന്യബോധത്തേയും അടിസ്ഥാന ബോദ്ധ്യങ്ങളെയും പരിഹസിക്കുന്ന അടിവലികളാണ്‌?`` നിയമം നിയമത്തിന്റെ വഴിയേ പോകും'', `` ഒരു കുറ്റവാളി പോലും രക്ഷപെടില്ല '' തുടങ്ങിയ ക്ലീഷേകളിലൂടെ ഭരണവര്‍ഗം തുടര്‍ന്ന്‌ പോരുന്നത്‌.ആ ജനവഞ്ചനയ്‌ക്ക്‌ കൂട്ടു നില്‍ക്കുകയാണോ സംസ്ഥാനത്തെ പരമോന്നത നീതിപീഠം എന്നാരെങ്കിലും?ചിന്തിച്ചാല്‍, കോടതിഭാഷയില്‍ പറഞ്ഞാല്‍, സാഹചര്യത്തെളിവുകള്‍ അവര്‍ക്കനുകൂലമായാണ്‌ വിശദീകരിക്കുന്നതെന്ന്‌ പറയേണ്ടി വരും. സോളാര്‍ കേസില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അന്വേഷകസംഘത്തേയും നിറുത്തിപ്പൊരിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ നിലപാടുകളാണ്‌ ജസ്റ്റിസ്‌ സതീശ്‌ ചന്ദ്രനും ജസ്റ്റിസ്‌ വി.കെ.മോഹനനും സ്വീകരിച്ചത്‌.സത്യം ഹിംസിക്കപ്പെടുന്നു എന്ന്‌ ബോദ്ധ്യമാകുമ്പോള്‍, സാമാന്യബോധ്യങ്ങളുള്ള ആരില്‍ നിന്നും ഉണ്ടാകാവുന്ന പ്രതികരണങ്ങളെ ഈ ജഡ്‌ജിമാരില്‍ നിന്നുണ്ടായിട്ടുള്ളൂ.പക്ഷേ ഉമ്മന്‍ ചാണ്ടിക്കും എഡിജിപി എ.ഹേമചന്ദ്രനും എ.ജി. ദണ്ഡപാണിക്കും അവ അസഹ്യമായത്‌ സ്വാഭാവികം.പക്ഷെ അസ്വാഭാവികമാണ്‌ ചീഫ്‌ ജസ്റ്റിസിന്റെ ഇന്നലത്തെ നടപടി എന്നു പറയുന്നവരുടെ മനസ്സിലേയ്‌ക്കെത്തുന്നത്‌ സമീപഭൂതകാലത്ത്‌ സോളാര്‍ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പത്തനംതിട്ട, ആലുവ,എറണകുളം തുടങ്ങിയ കോടതികളില്‍ നിന്നുണ്ടായ നിലപാടുകളും സരിതയുടെ മൊഴി അട്ടിമറിക്കാനുംശ്രീധരന്‍ നായരുടെ മൊഴി പുറത്ത വരാതിരിക്കാനും ബിജു രാധാകൃഷ്‌ണന്‌ പരസ്യമായി പറയാനുള്ളത്‌ മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാനും ഇവരൊക്കെ നടത്തിയ നിയമവിരുദ്ധനടപടികളുമാണ്‌. അത്തരത്തില്‍ ജുഡിഷ്യറിയുടെ നിക്ഷ്‌പക്ഷതയില്‍ നീതിബോധത്തില്‍ പൊതുസമൂഹത്തിനും അഭിഭാഷകവൃന്ദത്തിനും സന്ദേഹങ്ങളുണ്ടായിരിക്കുമ്പോള്‍ അത്‌ വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍, സാധാരണമായ ബഞ്ച്‌മാറ്റം വന്നു എന്നതാണ്‌, ആതിരേ, കാതലായ വിഷയം.ഒപ്പം സലിം രാജുമായി ബന്ധപ്പെട്ട കേസില്‍ അടിസ്ഥാന രേഖകളുടെ ഇംഗ്ലീഷ്‌ പരിഭാഷയില്ലാതെ അഡ്വക്കേറ്റ്‌ ജനറല്‍ അപ്പീല്‍ ആവശ്യപ്പെട്ടപ്പോള്‍ അത്‌ അനുവദിച്ച നടപടിയും കൂട്ടിവായിക്കപ്പെടുന്നുണ്ട്‌. . ഒരു വ്യക്തിക്കെതിരെയുണ്ടായ സിംഗിള്‍ ബഞ്ച്‌ വിധി വന്ന്‌ നിമിഷങ്ങള്‍ക്കകം അഡ്വക്കേറ്റ്‌ ജനറല്‍ നേരിട്ട്‌ ഹാജരായി അപ്പീല്‍ ആവശ്യപ്പെടാന്‍ മാത്രം സലിമ്രാജിന്റെ കാര്യത്തില്‍ സര്‍ക്കാരിനുള്ള താത്‌പര്യമെന്ത്‌ എന്നൊരു ചോദ്യം അന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഉന്നയിച്ചിരുന്നെങ്കില്‍ ഇന്ന്‌ ഇങ്ങനെ എഴുതേണ്ടി വരില്ലായിരുന്നു; മാധ്യമചര്‍ച്ചകള്‍ ഉണ്ടാവുകയുമില്ലായിരുന്നു. ആതിരേ, ഇതിലെല്ലാം പ്രധാനം മുഖ്യമന്ത്രിയേയും അന്വേഷകസംഘത്തേയും പിടിച്ചുലച്ചതെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ജഡ്‌ജിമാരെ അപഹാസ്യരാക്കി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനും സാംസ്‌കാരിക മന്ത്രിയുമായ കെ.സി. ജോസഫ്‌, സത്യപ്രതിജ്ഞാവിരുദ്ധമായി മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനമാണ്‌. . ജസ്റ്റിസ്‌ സതീശ്‌ ചന്ദ്രന്റേയും ജസ്റ്റിസ്‌ വി.കെ.മോഹനന്റേയും നീതിബോധത്തെ മാത്രമല്ല മഞ്‌ജുള ചെല്ലൂര്‍ ചീഫ്‌ ജസ്റ്റിസായ ഹൈക്കോടതിയുടെ നിക്ഷപക്ഷതയേയുമാണ്‌ ആ ലേഖനത്തില്‍ വലിച്ചു കീറിയത്‌.അതു കണ്ടില്ലെന്ന്‌ നടിക്കുകയും ആ ലേഖനത്തില്‍ പറായാതെ പറഞ്ഞതെന്ന്‌ വായനക്കാര്‍ക്ക്‌ ബോധ്യമായ നടപടി(സോളാര്‍ കേസ്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ ഈ രണ്ട്‌ ജഡ്‌ജിമാരേയും ഒഴിവാക്കണമെന്നത്‌- ) ഉണ്ടായതുമാണ്‌ വിവാദകാരണം.ഔദ്യോഗിക നടപടിക്രമങ്ങളാണെങ്കില്‍ തന്നേയും നീതി നടപ്പായാല്‍ പോര അത്‌ നീതിപൂര്‍വകം നടപ്പാക്കിയെന്ന്‌ ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ചീഫ്‌ ജസ്റ്റിസിനുമുണ്ട്‌.ജഡ്‌ജിമാരുടെ ബഞ്ച്‌മാറ്റം എന്തു കൊണ്ട്‌ മുന്‍പൊന്നും ഇത്തരത്തില്‍ വിവാദമായിട്ടില്ലെന്നും എന്തു കൊണ്ട്‌ ഇപ്പോഴത്തെ നടപടി മാധ്യമ ചര്‍ച്ചകള്‍ക്ക്‌ പരിസരമൊരുക്കിയെന്നും വിശദീകരിക്കേണ്ടത്‌ അവിടെയാണ്‌. കേരള ഹൈക്കോടതിയുടെ നീതിബോധത്തേയോ നിക്ഷ്‌പക്ഷതയേയോ അല്ല ചോദ്യം ചെയ്യുന്നത്‌,മറിച്ച്‌ അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌,നീതിനടപ്പിലായിക്കിട്ടാന്‍ പൗരന്റെ അവസാനത്തെ ആശ്രയവും അഭയകേന്ദ്രവും അത്തണിയുമാണ്‌ ഹൈക്കോടതി.മുഖ്യമന്ത്രിമാര്‍ വരും പോകും.അഡ്വക്കേറ്റ്‌ ജനറലുമാര്‍ വരും പോകും.ചീഫ്‌ ജസ്റ്റിസുമാരും വരും പോകും.അപ്പോഴെല്ലാം നീതിന്യായ പാലനത്തിന്റെ ഉദത്ത സംവിധാനമായി തുടരേണ്ട ജനാധിപത്യ സ്ഥാപനമാണ്‌ ഹൈക്കോടതി.ആ സ്ഥാപനത്തെ പൊതുസമൂഹ മദ്ധ്യേ ഇകഴ്‌ത്തിക്കാണിക്കുന്ന നിലയിലുള്ള നടപടികള്‍ ആരില്‍ നിന്നുണ്ടായാലും അത്‌ ചോദ്യം ചെയ്യപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ അതിനെ കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യം?സീസര്‍ മാത്രമല്ലല്ലോ ,ആറ്സീറ്ന്റതിരേ,സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതയായിരിക്കേണ്ടേ?

No comments: