Saturday, September 28, 2013
പാമൊലിന്‍ :നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നത് ഇങ്ങനെയാണോ..?
``അഴിമതിയുടെ വിപത്ത് നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല '' പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്. `` നിയമം നിയമത്തിന്റെ വഴിക്ക് പോകും'' എന്ന് നാഴികയ്‌ക്ക് നാല്‍പത് വട്ടം ഉരുവിടുന്ന ഉമ്മന്‍ ചാണ്ടി, പാമൊലിന്‍ അഴിമതി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ അവഹേളിക്കുന്നത് രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ നിക്ഷ്‌പക്ഷതയേയാണ്;നീതി ബോധത്തേയാണ്.ഇതിലൂടെ പാമൊയില്‍ കേസിന് പുറമെ കോടതിയലക്ഷ്യത്തിനുള്ള?കേസും?ഉമ്മന്‍ ചാണ്ടിക്ക് നേരിടേണ്ടി വരും-`` വിനാശകാലേ വിപരീത ബുദ്ധി'' പൊതുജനങ്ങള്‍ക്ക് ഒരു സത്യം ബോധ്യമായി.കാപട്യത്തിന്റെ ഘനശ്യാമഭാവമാണ് ഖദറില്‍ പൊതിഞ്ഞ് ഉമ്മന്‍ ചാണ്ടി കൊണ്ടു നടക്കുന്നത്. നിയമവാഴ്‌ചയിലും നീതിപാലനത്തിലും തരിമ്പും വിശ്വാസമില്ലാത്ത,സമ്മതിദായകരെ പമ്പരവിഢികളാക്കുന്ന അധികാര രാഷ്ട്രീയ വൈകൃതത്തെയാണ് മുഖ്യമന്ത്രിയായി സഹിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞു.``നിയമം നിയമത്തിന്റെ വഴിയെ പോകുമെന്ന'' ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യപനങ്ങള്‍ നീതിപീഠത്തേയും നിയമവാഴ്‌ചയേയും അട്ടിമറിക്കാനുള്ള മാരണമന്ത്രങ്ങളാണെന്ന് ഇപ്പോള്‍ കേരളീയര്‍ തിരിച്ചറിയുന്നു.ദുഷ്ടന്റെ ഫലം ചെയ്‌തിരുന്ന ശുദ്ധനായിരുന്ന എ.കെ.ആന്റണിയേയും,അടിവലികളുടെ ചാണക്യനായിരുന്ന കെ.കരുണാകരനേയും നിഷ്‌പ്രഭരാക്കുന്ന കുതന്ത്രങ്ങളുടെ കുബേരനാണ് ഉമ്മന്‍ ചാണ്ടിയെന്നും മലയാളികള്‍ക്ക് ബോദ്ധ്യമാകുന്നു.
ആതിരേ, നിയമസംവിധാനത്തിലും നീതിപീഠങ്ങളിലുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വാസവും അവയോട് അദ്ദേഹത്തിനുള്ള ആദരവും ഈ ദിവസങ്ങളില്‍ ആവര്‍ത്തിച്ച് കേട്ടു കൊണ്ടിരിക്കുകയാണ്. . സോളാര്‍ കേസിന്റെ നാളുകളില്‍.ക്ഷീരബല പോലെ ദിവസവും നൂറ്റൊന്നാവര്‍ത്തി പ്രഖ്യാപിച്ചാണ് അദ്ദേഹം നീതിനിര്‍വഹണ വ്യവസ്ഥയുടെ സുതാര്യതയിലുള്ള തന്റെ വിശ്വാസം മാലോകരെ ബോദ്ധ്യപ്പെടുത്തിയിരുന്നത് . അപ്പോഴെല്ലാം, എസ്‌എന്‍സി ലവലിന്‍ ഇടാപാടിലെ അഴിമതിക്കേസ് അന്വേഷണം സിബിഐക്ക് വിട്ട കേരളത്തിന്റെ മുന്‍ ചീഫ് ജസ്റ്റിസ് വി.കെ.ബാലിക്കെതിരെ സിപിഎം നടത്തിയ പ്രതീകാത്മക നാടുകടത്തലിനെ അനുസ്‌മരിപ്പിക്കാന്‍,``വിധി അനുകൂലമായി വന്നാല്‍ അഭിനന്ദിക്കുകയും പ്രതികൂലമായി വന്നാല്‍ ആക്ഷേപിക്കുകയും ചെയ്യുന്ന ശൈലി യുഡിഎഫിനില്ല'' എന്ന് അടിവരയിട്ട് പ്രഖ്യാപിക്കുന്നതും പതിവായിരുന്നു.
ഖദറിന്റെ ശുഭ്രതയും സുതാര്യതയുമാണ് തന്റേയും യുഡിഎഫിന്റേയും മുഖമുദ്രയെന്ന് പൊതുവേദിയില്‍ ആണയിടുന്ന ഉമ്മന്‍ ചാണ്ടി അണിയറയില്‍ കരിവേഷം കെട്ടിയുറഞ്ഞ് നിയമവാഴ്‌ചയെ നിഗ്രഹിച്ചതിന്റെ നൂറ് ഉദാഹരണങ്ങളെങ്കിലും,ആതിരേ, മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം.അപ്പോഴും പൊതുസമൂഹത്തിന് ഉമ്മന്‍ ചാണ്ടി സ്വീകാര്യനും സത്യസന്ധനുമായ പൊതുപ്രവര്‍ത്തകനായിരുന്നു എന്നാല്‍ `സോളാര്‍ കാലമായപ്പോള്‍ 'പൊതുജനങ്ങള്‍ക്ക് ഒരു സത്യം ബോധ്യമായി.കാപട്യത്തിന്റെ ഘനശ്യാമഭാവമാണ് ഖദറില്‍ പൊതിഞ്ഞ് ഉമ്മന്‍ ചാണ്ടി കൊണ്ടു നടക്കുന്നത്.. . .നിയമവാഴ്‌ചയിലും നീതിപാലനത്തിലും തരിമ്പും വിശ്വാസമില്ലാത്ത,സമ്മതിദായകരെ പമ്പരവിഢികളാക്കുന്ന അധികാര രാഷ്ട്രീയ വൈകൃതത്തെയാണ് മുഖ്യമന്ത്രിയായി സഹിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞു.``നിയമം നിയമത്തിന്റെ വഴിയെ പോകുമെന്ന'' ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യപനങ്ങള്‍ നീതിപീഠത്തേയും നിയമവാഴ്‌ചയേയും അട്ടിമറിക്കാനുള്ള മാരണമന്ത്രങ്ങളാണെന്ന് ഇപ്പോള്‍ കേരളീയര്‍ തിരിച്ചറിയുന്നു.ദുഷ്ടന്റെ ഫലം ചെയ്‌തിരുന്ന ശുദ്ധനായിരുന്ന എ.കെ.ആന്റണിയേയും,അടിവലികളുടെ ചാണക്യനായിരുന്ന കെ.കരുണാകരനേയും നിഷ്‌പ്രഭരാക്കുന്ന കുതന്ത്രങ്ങളുടെ കുബേരനാണ് ഉമ്മന്‍ ചാണ്ടിയെന്നും മലയാളികള്‍ക്ക് ബോദ്ധ്യമാകുന്നു.
പാമൊലിന്‍ അഴിമതിക്കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ കൈക്കൊണ്ട തീരുമാനം അതിന്റെ മകുടോദാഹരണമാണ്. പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് പ്രഖ്യാപിക്കാനും അപ്പീല്‍ പോകാനും മാത്രമെ കരുണാകരനു പോലും തോന്നിയുള്ളൂ.എന്നാല്‍ കേസ് അപ്പടെ പിന്‍വലിച്ച് നീതിബോധങ്ങളെ വസ്‌ത്രാക്ഷേപം ചെയ്‌ത് അപമാനിക്കാന്‍, ആതിരേ, ഉമ്മന്‍ ചാണ്ടിക്കാണ് ധൈര്യമുണ്ടായത്.
പാമൊലിന്‍ ഇറക്കുമതിയിലും,അതിന് സ്വീകരിച്ച ഭരണപരമായ നടപടികളിലും അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയ കേസാണിതെന്ന് ഓര്‍ക്കണം.പാമൊലിന്‍ ഇറക്കുമതിയെന്ന അനധികൃതകൂട്ടു കച്ചവടത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടും പൂഴ്‌ത്തിയ നിലയില്‍ കിടപ്പുണ്ടെന്ന വാസ്‌തവവും മറക്കണ്ട. പാമൊലിന്‍ കേസ് പിന്‍വലിച്ച 2005ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശ്യപരമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം മറച്ചുവച്ചാണ് അതേ ഉത്തരവ് പുനഃസ്ഥാപിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.2005 . ഉമ്മന്‍ ചാണ്ടി മന്ത്രി സഭ കേസ് പിന്‍വലിച്ച നടപടി, പിന്നീട് വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കെ കരുണാകരന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ്, ആതിരേ, സുപ്രീംകോടതി 2005ലെ തീരുമാനം ദുരുദ്ദേശ്യപരമല്ലേയെന്ന ചോദ്യം ഉയര്‍ത്തിയത്.
കേസിലെ അഞ്ചാം പ്രതിയും ഇറക്കുമതിക്കാലത്ത് സപ്‌ളൈകോ എംഡിയുമായ ജിജി തോംസനെ മാത്രം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ആദ്യനീക്കം.എന്നാല്‍ അതിന് നിയമസാധുത ലഭിക്കില്ലെന്ന ഉപദേശം ലഭിച്ചപ്പോഴാണ് കേസ് തന്നെ പിന്‍വലിക്കാന്‍ തീരുമാനിച്ചതും അതിനു കാരണമായി,കേന്ദ്രം അയച്ച കത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മറുപടി കൊടുത്തില്ല , തങ്ങള്‍ അത് നല്‍കുന്നു എന്ന നെറികെട്ട വിശദീകരണം ഇപ്പോള്‍ നല്‍കുന്നതും.
ശ്രദ്ധിക്കണം, അന്ന് ഉമ്മന്‍ ചാണ്ടിയുടെ സഹപ്രവര്‍ത്തകനായിരുന്ന ടി.എച്ച്.മുസ്‌തഫ അടക്കം നാല് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി നിരാകരിച്ച ഉത്തരവ് നിലനില്‍ക്കെയാണ് കേസ് പൂര്‍ണമായും പിന്‍വലിച്ചത്.. വിജിലന്‍സ് നിയമോപദേഷ്ടാവാണ് കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനെ ഉപദേശിച്ചതും. 2005ല്‍ കേസ് പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയും നടത്തിയ പരാമര്‍ശം ഈ ഉപദേഷ്ടാവും അവഗണിച്ചു.അധികാരത്തിന്റെ മറവിലെ നെറികേടിന്,ആതിരേ, ഉമ്മന്‍ ചാണ്ടി എന്നൊരു പര്യായം കൂടി ലഭിക്കുകയാണിപ്പോള്‍.
പാമൊലിന്‍ ഇടപാട് നടന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇറക്കുമതി തീരുമാനത്തില്‍ നിര്‍ണായക പങ്കുള്ളതായി വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വിജിലന്‍സ് ആസ്ഥാനത്ത് മുക്കുകയായിരുന്നു.14 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. പാമൊലിന്‍ ഇറക്കുമതിചെയ്യുന്നതിന് അന്നത്തെ ചീഫ് സെക്രട്ടറിയും മൂന്നാം പ്രതിയുമായ എസ് പത്മകുമാര്‍, നാലാം പ്രതി സഖറിയാ മാത്യു എന്നിവരുമായി ചേര്‍ന്ന് ധനമന്ത്രി ഉമ്മന്‍ചാണ്ടിയും ധന സെക്രട്ടറി എന്‍ വി മാധവനും ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിക്കും എന്‍ വി മാധവനും എതിരെയുള്ള തെളിവ് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്‌പി വി എന്‍ ശശിധരന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ടായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതിന് ശേഷം 2011 ഓഗസ്‌ത് എട്ടിന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒന്‍പത് പേജേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ ചാണ്ടി പ്രതിയാണെന്ന് പരാമര്‍ശിക്കുയ്‌ന്ന അഞ്ച് പേജ് അപ്രത്യക്ഷമായി!ആതിരേ, സരിതയുടെ 21 പേജിലെ വിവരണങ്ങളും വിവരങ്ങളും മൂന്നര പേജായി ചുരുങ്ങിയ അതേ അട്ടിമറി!!. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്‌ജി പി കെ ഹനീഫ തള്ളിയത്.
അന്നുണ്ടായ കോലാഹലങ്ങളും ജഡ്‌ജിയെ ഭള്ളുപറയലും ആരും മറന്നിട്ടില്ല.ഗവണ്‍മന്റ് ചീഫ് വിപ്പായിരുന്നു അധിക്ഷേപത്തില്‍ മുന്നില്‍ . ജഡ്‌ജി പി.കെ.ഹനീഫയുടെ പൂര്‍വാശ്രമത്തിലെ രാഷ്ട്രീയം ചികഞ്ഞ് നോക്കി ചീഫ് വിപ്പ് അയച്ച പരാതിയില്‍ ഇപ്പോള്‍ അദ്ദേഹത്തിന് ആത്മ നിന്ദ തോന്നുന്നുണ്ടാകും;സംശയമില്ല.ഇതേത്തുടര്‍ന്നുയര്‍ന്ന വിവാദത്തിനൊടുവിലാണ് ജഡ്‌ജി പിന്‍വാങ്ങിയതും കേസ് തൃശൂരിലേക്ക് മാറ്റിയതും.
ആതിരേ, പാമൊലിന്‍ അഴിമതി കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങിയാലുണ്ടാകുന്ന പൊല്ലാപ്പ് മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്കറിയാം.കോടതി നടപടികള്‍ മുന്നോട്ട് പോയാല്‍ വിജിലന്‍സ് ആസ്ഥാനത്ത് പൂഴ്‌ത്തിയ പഴയ റിപ്പോര്‍ട്ട് വീണ്ടും ഉയര്‍ന്നുവരുമെന്നും ഉമ്മന്‍ ചാണ്ടിക്കറിയാം.ആ ഭയത്തില്‍ നിന്നുയര്‍ന്ന വെപ്രാളമാണ് യഥാര്‍ത്ഥത്തില്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള അടിസ്ഥാന കാരണം.
അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായ ആരോപണമാണ് പാമൊലിന്‍ ഇറക്കുമതി കേസ് എന്ന് ശഠിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു 2011 ഫെബ്രുവരി മൂന്നാം തിയതിയിലെ സുപ്രീം കോടതി നിരീക്ഷണം.അന്ന് ചീഫ് വിജിലന്‍സ് കമ്മീഷണറായി നിയമിക്കപ്പെട്ട പി.ജെ.തോമസ് പാമൊലിന്‍ കേസിലെ എട്ടാം പ്രതിയാണെന്നും അയാള്‍ക്കെതിരെ 1988 ലെ അഴിമതി നിരോധന നിയമം സെക്ഷന്‍ 13(2),13(1) (ഡി) ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 120ബി അനുസരിച്ച് കേസ് നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പി.ജെ.തോമസിനെ സുപ്രീം കോടതി നിഷ്‌ക്കാസിതനാക്കിയത്.
``അഴിമതിയുടെ വിപത്ത് നിയപരമായ സാങ്കേതികതയുടെ പരവതാനികള്‍ക്കിടയില്‍ ഒളിക്കപ്പെടേണ്ടതല്ല '' പാമൊലിന്‍ കേസില്‍ ഒരു ഘട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ നിരീക്ഷണമാണിത്. `` നിയമം നിയമത്തിന്റെ വഴിക്ക് പോകും'' എന്ന് നാഴികയ്‌ക്ക് നാല്‍പത് വട്ടം ഉരുവിടുന്ന ഉമ്മന്‍ ചാണ്ടി, പാമൊലിന്‍ അഴിമതി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ,ആതിരേ, അവഹേളിക്കുന്നത് രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ നിക്ഷ്‌പക്ഷതയേയാണ്;നീതി ബോധത്തേയാണ്. ഇതിലൂടെ പാമൊയില്‍ കേസിന് പുറമെ കോടതിയലക്ഷ്യത്തിനുള്ള കേസും ഉമ്മന്‍ ചാണ്ടിക്ക് നേരിടേണ്ടി വരും-`` വിനാശകാലേ വിപരീത ബുദ്ധി'' (പാമൊലിന്‍ അഴിമതി കേസ്:കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1991-92 ല്‍ മലേഷ്യയില്‍ നിന്ന് 15000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു.പവര്‍ ആന്റ് എനര്‍ജി കമ്പനിയില്‍ നിന്ന് മാല എക്സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വഴി ഇറക്കുമതി നടത്തിയ പാമൊലിന്‍ ടണ്ണിന് 405 ഡോളറാണ് വില നല്‍കിയത് . അന്ന് രാഷ്ട്രാന്തര മാര്‍ക്കറ്റില്‍ പാമൊലിന്‍ ടണ്ണിന് 392.25 ഡോളറായിരുന്നു വില .മന്ത്രി സഭയുമായി ആലോചിക്കാതെ,ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ നടത്തിയ ഈ ഇടപാടില്‍ സംസ്ഥാന ഖജനാവിന് രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് 1993 ലെ സംസ്ഥാന അക്കൌണ്ട്ന്റ് ജനറലും,94ല്‍ കണ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലും, 96ല്‍ നിയമസഭയുടെ പബ്‌ളിക് അണ്ടര്‍ടേകിംഗ്‌സ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. അതനുസരിച്ച് ചാര്‍ജ് ചെയ്ത വിജിലന്‍സ് കേസില്‍ എട്ട് പ്രതികളാനുണ്ടായിരുന്നത്. 1 മുഖ്യമന്ത്രി കെ,കരുണാകരന്‍ . 2 സിവില്‍ സപ്‌ളൈസ് മന്ത്രി ടി.എച്ച്.മുസ്തഫ 3.ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍ 4.അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യൂ 5 . സിവില്‍ സപ്‌ലൈസ് കോര്‍പ്പറേഷന്‍ മനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍, 6.മാല എക്സ്പോറ്‌ട്ടിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി. സദാശിവന്‍ 7 .പവര്‍ ആന്ര് എനര്‍ജി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ശിവരാമകൃഷ്ണന്‍ 8.പി.ജെ.തോമസ്. അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു ധനമന്ത്രി.ഉമ്മന്‍ ചാണ്ടി ഈ കേസില്‍ നാലാം പ്രതിയാണെന്ന് വിജിലന്‍സ് റിപ്പോറ്ട്ട് മുക്കിയെങ്കിലും അദ്ദേഹത്തെ വിജിലന്‍സ് കോടതി 23-)മത്തെ സാക്ഷിയാക്കിയിട്ടുണ്ട് )
Subscribe to:
Post Comments (Atom)
No comments:
Post a Comment