Wednesday, September 4, 2013

വിതുര പെണ്‍കുട്ടിയെ ‘ കൂറുമാറ്റിയത് ‘ അച്യുതാനന്ദനും സുഗതകുമാരിയും

കേസിന്റെ ആദ്യകാലത്ത് വിതുര പെണ്‍കുട്ടിക്ക് ആശ്രയവും അഭയവും നല്‍കിയ സുഗതകുമാരിയും തന്റെ നിലപാടില്‍നിന്നും പിന്നോട്ടുപോയിരിക്കുന്നു.എന്നു മാത്രമല്ല അരെയൊക്കേയോ രക്ഷിക്കാനായി, വിവാഹിതനായ ഒരു യുവാവിനെ കൊണ്ട് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ചതിക്കരുതെന്ന ഈ യുവാവിന്റെ ആദ്യ ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേള്‍ക്കാന്‍ പോലുമുള്ള സന്മനസ്സ്,ആതിരേ, സുഗതകുമാരി കാണീച്ചില്ല.പലവട്ടം ഈ ആവശ്യവുമായി സമീപിച്ചിട്ടും സുഗതകുമാരി അവരുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ല.അതേ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം പ്രസ്‌ ക്‍ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് സുഗതകുമാരി ആ വാര്‍ത്ത തമസ്കരിക്കുകയും ചെയ്തു.ഞാന്‍ എഡിറ്ററായുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍ പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ് തട്ടിപ്പിന്റെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇങ്ങനെയുള്ള ചതിയുടെ ശക്തികളും എതിരേ നില്‍ക്കുമ്പോള്‍ കോടതികളില്‍നിന്നും കോടതികളിലേക്ക് ഒരു പെണ്‍കുട്ടിക്ക് എങ്ങനെ പോകാനാകും. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് മൊഴിനല്‍കിയ പെണ്‍കുട്ടിയെ ഒരു വിധത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അവര്‍ക്ക് ധാര്‍മികമായ പിന്തുണ നല്‍കുകയുമാണ് വേണ്ടത്.സരിതയേയും ശാലൂമേനോനേയും പോലെയുള്ള അഭിസാരികകളും തട്ടിപ്പുകാരികളുമായ സ്ത്രീകള്‍ക്ക് വേണ്ടി നിയമവും ന്യായവും ധാര്‍മീകതയും വെടക്കാക്കുന്ന ഭരണക്കാരും പോലീസും ന്യായാധിപന്മാരുമുള്ള സമൂഹത്തില്‍ വിതുര പെണ്‍കുട്ടിയെ പോലെയുള്ള ഇരകള്‍ക്ക് നീതി നിഷേധവും ചതിയും പഴിയുമാണ് അനുഭവം
ആതിരേ വിതുരപീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി- ഇന്ന് വിവാഹിതയും മാതാവുമായ യുവതി- കൂറുമാറിയെന്ന് കഴിഞ്ഞ ദിവസം പ്രത്യേക കോടതി നിരീക്ഷിച്ചതോടെ ക്രൂരമായ വിമര്‍ശനശരമാരിയാണ് സദാചാര കേരളം പെണ്‍കുട്ടിക്ക് നേരെ ഉതിര്‍ക്കുന്നത്.കേസിലെ പ്രതികളായ സമൂഹത്തിലെ പ്രബലന്‍മാരായ പ്രതികളെ രക്ഷപെടുത്താനാണ് പെണ്‍കുട്ടി ശ്രമിക്കുന്നതെന്നും അതിലൂടെ കോടതിയേയും നീതി നിര്‍വഹണ പ്രക്രിയയേയും അട്ടിമറിക്കുകയാണെന്നും ആക്ഷേപിക്കുമ്പോള്‍ , എന്റെയുള്ളില്‍ രോഷമിരമ്പുകയാണ്.എത്ര നീചവും ജുഗുപ്ത്സ നിറഞ്ഞതുമാണ് നമ്മുടെയൊക്കെ സാമൂഹിക ബോധവും നൈതിക നിലപാടും സദാചാര സങ്ക്ലപ്പങ്ങളെന്നും വ്യക്തമാക്കുന്നതാണ് ഈ കേസില്‍ കോടതിയുടെ അടക്കമുള്ള നിരീക്ഷണങ്ങളും മാധ്യമ ചര്‍ച്ചകളും.കേസിന്റെ തുടക്കത്തില്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക-വനിതാവിമോചക നേതാക്കന്മാര്‍ ഇന്നെവിടെ ? എവിടെ പോയ് വി.എസ്.അച്യുതാനന്ദന്‍..? എവിടെ സുഗതകുമാരി..?എവിടെ സാറാ ജോസഫ്..? എവിടെ പി. ഗീത..?എവിടെ ഒളിച്ചു ജനാധിപത്യ മഹിളാ അസോസിയേഷന്‍..? ഇവരെല്ലാം ചതിച്ചത് കൊണ്ടല്ലേ, ആതിരേ പെണ്‍കുട്ടിയുടെ കൂറുമാറിയത്..? നിരന്തരം ഗതികേടുകളെ പുല്‍കേണ്ടി വന്ന, നിരന്തരം ചതിക്കപ്പെട്ട ,നിരന്തരം ആത്മാഭിമാനത്തിന് മുറിവേറ്റ ആ യുവതിയുടെ പിന്മാറ്റത്തെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് നാം ചെയ്യേണ്ടത്.ചതിയുടെ നീചത്വങ്ങളോട് അങ്ങനെ നമുക്കും പ്രതികരിക്കാം പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് 17 വര്‍ഷമായി കോടതിയും കേസുമായി നടക്കേണ്ടിവന്നതിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാതെയാണ് ആതിരേ സദാചാരവാദികളും , നീതിനിര്‍വഹണ സംവിധാനങ്ങളും മാധ്യമ വിചാരണക്കാരും കുറ്റപ്പെടുത്തലിന്റെ അശ്‌ളീലതയാകുന്നത്.പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞ കാമക്കോമരങ്ങള്‍ ആരൊക്കെയാണെന്ന റിഞ്ഞിട്ടും നിസഹായയും വിദ്യാവിഹീനയുമായ ഇരയ്ക്ക് നീതിയുടെ സംരക്ഷണം നല്‍കേണ്ട സംവിധാനങ്ങളും സമൂഹവും ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി വേട്ടക്കാരെ രക്ഷിക്കാന്‍ നടത്തിയ കുത്സിതനിക്കങ്ങളുടെ പരിണതിയാണ് ആതിരേ ഈ കൂറുമാറ്റം.കൌമാരപ്രായത്തില്‍ നിരന്തര ലിംഗീക പീഡനത്തിന് ഇരയായ ആ പെണ്‍കുട്ടി ഇന്ന് വിവാഹിതയാണ്, തിരിച്ചറിവുള്ള യുവതിയാണ് .. അമ്മയാണ്.വീണ്ടും കോടതി മുറിയില്‍ വേട്ടക്കാര്‍ക്ക് വേണ്ടി അഭിഭാഷക ചോദ്യങ്ങളുടെ മാനഭംഗത്തില്‍ നിന്ന് രക്ഷപെടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം ആ യുവതിക്കില്ല.തന്റേതല്ലാത്ത കുറ്റത്താല്‍ സംഭവിച്ച അമ്മയുടെ കറപുരണ്ട ഭൂതകാലം തന്റെ മക്കള്‍ അറിയേണ്ട എന്ന് ആ യുവതി ചിന്തിച്ചെങ്കില്‍ അവരെ എന്തിനാണ് ആതിരെ , ഇങ്ങനെ പിച്ചിച്ചീന്തുന്നത് ? ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള കോടതിനടപടികളിലൂടെ നീതി നടപ്പാകുമെന്നും പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നും എന്തുറപ്പാണുള്ളത് ? വീണ്ടും കോടതിയിലെ ചോദ്യമാനഭംഗത്തിന് നിന്നുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറയാന്‍ ആ യുവതിക്ക് അവകാശമില്ലെന്നോ? കേസിന്റെ ആദ്യകാലത്ത് ലഭിച്ച പിന്തുണയൊന്നും ഒന്നര പതിറ്റാണ്ടിനുശേഷം പെണ്‍കുട്ടിക്ക് ലഭിക്കുന്നില്ലെന്നോറ്ക്കണം. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളോ സാമൂഹിക്- സാംസ്‌കാരിക പ്രവര്‍ത്തകരോ പെണ്‍കുട്ടിക്ക് ധാര്‍മികമായ പിന്തുണപോലും നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒറ്റക്ക് ഇനി എത്രനാള്‍ കേസുമായി ആ യുവതിക്ക് മുന്നോട്ടുപോകാനാകുമെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ആ സാഹചര്യത്തില്‍ കേസില്‍നിന്നും പിന്മാറുകയല്ലാതെ മറ്റെന്ന് പോംവഴിയാണ് , ആതിരേ,ആ പെണ്‍കുട്ടിക്കുമുന്നിലുള്ളത് ? ആതിരേ, അറിയുക പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ഒന്നര പതിറ്റാണ്ടുകാലം പിടിച്ചുനിന്നു എന്നതുതന്നെ വിതുര പെണ്‍കുട്ടിയുടെ ജീവിത സമരത്തെയാണ് കാണിക്കുന്നത്. പ്രതികളെ അറിയില്ലെന്നുപറഞ്ഞ് കേസില്‍നിന്നും പിന്മാറേണ്ട അവസ്ഥയിലേക്ക് വിതുര കേസിലെ ഇരയായ പെണ്‍കുട്ടിയെ കൊണ്ടുചെന്നെത്തിച്ചതില്‍ കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അക്ഷന്തവ്യമായ പങ്കാണുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനവും മുമ്പില്ലാത്തവിധം വര്‍ധിക്കുന്ന അവസരത്തില്‍ മൗനംഭജിക്കുകയും പിന്തിരിഞ്ഞു നടക്കുകയുമല്ലേ, ആതിരേ, കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചെയ്യുന്നത് ? കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി ഒരു പതിറ്റാണ്ടിനിടെ ഏറെ ശ്രദ്ധേയനായത് വി എസ് അച്യുതാനന്ദനാണ്. 2001-2006 കാലയളവില്‍ പ്രതിപക്ഷ നേതാവിയിരുന്നപ്പോള്‍ വി എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പക്ഷേ പിന്നീട് തന്റെ പ്രഖ്യാപിത നയങ്ങളില്‍നിന്നും വി എസ് പിന്നോട്ടുപോകുകയും വ്യക്തിതാല്‍പര്യം മാത്രം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. പെണ്‍വാണിഭക്കാരെയും സ്ത്രീ പീഡകരെയും കയ്യാമംവച്ച് നടത്തിക്കുമെന്ന് പറഞ്ഞ വി എസിന് ഇത്തരം കേസുകളില്‍ ശക്തമായ അന്വേഷണം നടത്തുന്നതിനുപോലും കഴിഞ്ഞില്ല. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല എന്നുമാത്രമല്ല വിതുര ഉള്‍പ്പെടെയുള്ള കേസുകളിലെ ഇരകളോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുപോലും വി എസിന് കഴിഞ്ഞില്ല. കഴിഞ്ഞ 17 വര്‍ഷമായി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി മുന്നോട്ടുപോകുന്ന വി എസിന് സമാനമായതോ അതിനെക്കാള്‍ ഭീകരമായതോ ആയ കേസുകളില്‍ പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുന്നതിനോ ഇരകള്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുന്നതിനുപോലും കഴിയുന്നില്ല. ഈ പിന്മാറ്റം,സ്വന്തം ഇമേജ് സംരക്ഷിക്കാന്‍ വേണ്ടിമാത്രമുള്ള സ്ത്രീപീഡന വിരുദ്ധ പോരാട്ടം-ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് ഉദാഹരണം-അതിക്കെയാണ് വിതുര പെണ്‍കുട്ടിയെ ചതിച്ചത്..! കേസിന്റെ ആദ്യകാലത്ത് വിതുര പെണ്‍കുട്ടിക്ക് ആശ്രയവും അഭയവും നല്‍കിയ സുഗതകുമാരിയും തന്റെ നിലപാടില്‍നിന്നും പിന്നോട്ടുപോയിരിക്കുന്നു.എന്നു മാത്രമല്ല അരെയൊക്കേയോ രക്ഷിക്കാനായി, വിവാഹിതനായ ഒരു യുവാവിനെ കൊണ്ട് വിതുര പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിനെ ചതിക്കരുതെന്ന ഈ യുവാവിന്റെ ആദ്യ ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ കേള്‍ക്കാന്‍ പോലുമുള്ള സന്മനസ്സ്,ആതിരേ, സുഗതകുമാരി കാണീച്ചില്ല.പലവട്ടം ഈ ആവശ്യവുമായി സമീപിച്ചിട്ടും സുഗതകുമാരി അവരുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ല.അതേ തുടര്‍ന്ന് അവര്‍ തിരുവനന്തപുരം പ്രസ്‌ ക്‍ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും, തന്റെ സ്വാധീനം ഉപയോഗിച്ച് സുഗതകുമാരി ആ വാര്‍ത്ത തമസ്കരിക്കുകയും ചെയ്തു.ഞാന്‍ എഡിറ്ററായുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍ പോലുള്ള ചില പത്രങ്ങള്‍ മാത്രമാണ് തട്ടിപ്പിന്റെ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇങ്ങനെയുള്ള ചതിയുടെ ശക്തികളും എതിരേ നില്‍ക്കുമ്പോള്‍ കോടതികളില്‍നിന്നും കോടതികളിലേക്ക് ഒരു പെണ്‍കുട്ടിക്ക് എങ്ങനെ പോകാനാകും. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് മൊഴിനല്‍കിയ പെണ്‍കുട്ടിയെ ഒരു വിധത്തിലും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് മാത്രമല്ല അവര്‍ക്ക് ധാര്‍മികമായ പിന്തുണ നല്‍കുകയുമാണ് വേണ്ടത്.സരിതയേയും ശാലൂമേനോനേയും പോലെയുള്ള അഭിസാരികകളും തട്ടിപ്പുകാരികളുമായ സ്ത്രീകള്‍ക്ക് വേണ്ടി നിയമവും ന്യായവും ധാര്‍മീകതയും വെടക്കാക്കുന്ന ഭരണക്കാരും പോലീസും ന്യായാധിപന്മാരുമുള്ള സമൂഹത്തില്‍ വിതുര പെണ്‍കുട്ടിയെ പോലെയുള്ള ഇരകള്‍ക്ക് നീതി നിഷേധവും ചതിയും പഴിയുമാണ് ആതിരേ,അനുഭവം 1995-96 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 35 പ്രതികളാണ് കേസില്‍ ഉള്ളത്. 23 കേസുകള്‍ വിതുര പീഡനവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതില്‍ 14 കേസുകളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. 9 കേസുകളുടെ വിചാരണ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നില്ല. കേസല്ല, കുടുംബ ജീവിതമാണ് തനിക്ക് പ്രധാനമെന്ന് യുവതി നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഈ സൂചനകള്‍തന്നെയാണ് ആതിരേ, കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതികളെ അറിയില്ലെന്ന് പറഞ്ഞതിലൂടെ പെണ്‍കുട്ടി സ്ഥിരീകരിച്ചത്. മാത്രമല്ല നിലവിലെ നീതി നിര്‍വഹണ പ്രക്രിയകളും അതിന്റെ രീതിശാത്രങ്ങളും തന്നെ ചതിക്കുകയെയുള്ളൂ എന്ന പ്രഖ്യാപനം കൂടിയായിരുന്നു അതെന്ന് ഞാന്‍ വിശ്വസിക്കുന്നു . ഒന്നര പതിറ്റാണ്ടിലേറെ നീതിക്കുവേണ്ടി പോരാടിയിട്ടും ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന, വെട്ടക്കാര്‍ സംരക്ഷിക്കപ്പെടുന്ന സംവിധാനത്തില്‍ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍നിന്നുമാറി സ്വസ്ഥമായൊരു ജീവതം നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ആ യുവതി, ഗതികേടു കൊണ്ട്, പറയുമ്പോള്‍ , ആതിരെ, കല്ലെറിയേണ്ടത് ആ നിസഹായ സ്ത്രീത്വത്തേയാണോ അതോ അവര്‍ക്ക് ഇതുവരെ നീതി നിഷേധിച്ച നൈതിക-സാമൂഹിക സംവിധാനങ്ങളെയാണോ...?!

No comments: