Thursday, September 19, 2013
തീക്കനലോര്‍മ്മകളായ കമ്മ്യൂണിസ്റ്റ് സന്ന്യാസി
അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനും അവരുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്‌ക്കും മുന്നേറ്റത്തിനും വേണ്ടി പ്രത്യശാസ്‌ത്ര ദാര്‍ഢ്യതയോടെ പോരാടിയ കമ്യൂണിസ്റ്റ് നിര്‍മലതകളുടെ തലമുറ വെളിയം ഭാര്‍ഗവന്റെ നിര്യാണത്തോടെ അന്ന്യം നിന്നു എന്ന് വേദനയോടെ തിരിച്ചറിയുന്ന നിമിഷമാണിത്., സന്ന്യാസവും കമ്മ്യൂണിസവും-വൈരുദ്ധ്യാധിഷ്‌ഠിതമായ ഈ ദ്വന്ദ്വങ്ങളെ സമന്നയിപ്പിച്ച് അവയുടെ ആള്‍രൂപമായി ജീവിച്ച മഹാനായ കമ്മ്യൂണിസ്റ്റാണ് സിന്ദൂരമാലചാര്‍ത്തിയ സ്‌മരണ പുളകമായ വെളിയം ഭാര്‍ഗവന്‍. പകരംവയ്‌ക്കാനാകാത്ത പ്രത്യശാസ്‌ത്ര വിശുദ്ധിയോടെ തന്റെ കര്‍മ്മമണ്ഡലത്തില്‍ കത്തിജ്വലിച്ച ശോണതാരകമാണ് എരിഞ്ഞടങ്ങിയത്.
ആതിരേ, സര്‍വസംഘപരിത്യാഗം,നിര്‍മമത,നിര്‍ഭയത്വം,മനവകുലസേവനം,നിസ്വാര്‍ത്ഥത-ഒരു സന്ന്യാസിക്ക് അനുപേക്ഷണീയമായ ഈ കര്‍മ്മവിമലതയോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റായി ജീവിച്ച അനന്യ സാന്നിദ്ധ്യമായിരുന്നു സഖാവ് വെളിയം ഭാര്‍ഗവന്‍ . പാര്‍ട്ടി യിലെ സാധാരണ മെമ്പര്‍മാരും നേതാക്കളും ഹൃദയത്തോട് ചേര്‍ത്ത ` ആശാന്‍'എന്ന് വിളിച്ച് ആദരിച്ച വ്യക്തിത്വമഹത്വം.
അധികാര രാഷ്ട്രീയത്തിനും അതിജീവന രാഷ്ട്രീയത്തിനുമായി അനുരഞ്‌ജനത്തിന് തയ്യാറാകാതെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനും അവരുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്‌ക്കും മുന്നേറ്റത്തിനും വേണ്ടി പ്രത്യശാസ്‌ത്ര ദാര്‍ഢ്യതയോടെ പോരാടിയ കമ്യൂണിസ്റ്റ് നിര്‍മലതകളുടെ തലമുറ വെളിയം ഭാര്‍ഗവന്റെ നിര്യാണത്തോടെ അന്ന്യം നിന്നു എന്ന് വേദനയോടെ തിരിച്ചറിയുന്ന നിമിഷമാണിത്., ആതിരേ... കാര്‍ക്കശ്യത്തോടെ ആര്‍ക്കും പണയപ്പെടുത്താത്ത നട്ടെല്ലോടെ,തെളിഞ്ഞ വര്‍ഗബോധത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയേയും ഇടത്‌പക്ഷ കൂട്ടയമകളേയും നയിച്ച ആദര്‍ശത്തിന്റെ തികവുറ്റ ഭൌതിക സാന്നിദ്ധ്യമായിരുന്നു ` ആശാന്‍'.വേദാന്തിയില്‍ നിന്ന് കമ്യൂണിസ്റ്റിലേയ്‌ക്കുള്ള പരിണതി അതിന്റെ കര്‍മ്മ-ധര്‍മ്മ വിശുദ്ധികളോടെ അന്ത്യനിമിഷം വരെ കാത്തുസൂക്ഷിച്ച് കടന്നു പോയ ആശാന്‍ വരും തലമുറകള്‍ക്ക് ഒരു സാധനാപാഠമാണെന്ന വീണ്‍വാക്ക് ആതിരേ ഞാന്‍ പറയില്ല.കാരണം കമ്യൂണിസ്റ്റ് മൂല്യങ്ങളോട് നിരന്തരം കലഹിക്ക്‌കുന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ കൂടാരമായിക്കഴിഞ്ഞു കേരളത്തിലെ കമ്മ്യൂണിസ് പ്രസ്ഥാനങ്ങളും അതിന്റെ അണികളും.അതു കൊണ്ട് തന്നെ ഒരു യുഗത്തിന്റെ അന്ത്യം കൂടിയാവുകയാണ് ഈ വിടവാങ്ങല്‍.
പ്രത്യയശാസ്‌ത്ര മൂല്യങ്ങളിലെന്ന പോലെ വെളിയം ഭാര്‍ഗവന്‍ സംസ്‌കൃതത്തിലും അഗാധ പണ്ഡിതനായിരുന്നു.സമകാലിക കമ്മ്യൂണിസ്റ്റുകള്‍ക്കാര്‍ക്കും അവകാശപ്പെടാനാവാത്ത മറ്റൊരു കര്‍മ്മമഹത്വം.സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോഴായിരുന്നു,ആതിരേ വെളിയത്തിന് അത്മീയതയോട് അഭിമുഖ്യമുണ്ടായത്. അങ്ങനെയാണ് ശിവഗിരിയില്‍ സന്യാസം സ്വീകരിച്ചെത്തിയത്. എന്നാല്‍ തന്റെ വഴിയിതല്ലെന്ന് മനസിലാക്കി ശിവഗിരി വിട്ട് തുടര്‍പഠനത്തിന് ചേരുകയായിരുന്നു. കൊല്ലം എസ് എന്‍ കോളജിലെ വിദ്യാര്‍ഥി ജീവിതമാണു വെളിയത്തിലെ?ആത്മീയ ചിന്തയെ കമ്യൂണിസത്തിന്റെ ലോകത്തേക്ക് ആനയിച്ചത്. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ വെളിയത്തിന്റെ സതീര്‍ഥ്യനായിരുന്നു ഒ എന്‍ വി കുറുപ്പ് . ബിരുദപഠനം കഴിഞ്ഞ് സജീവരാഷ്ട്രീയത്തിലിറങ്ങിയ വെളിയം ഭാര്‍ഗവന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍, തെക്കന്തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് ആവേശങ്ങളായിരുന്ന കോട്ടാത്തല സുരേന്ദ്രനും നാരായണനുണ്ണിക്കുമൊപ്പം ഒളിവില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കാര്‍ക്കശ്യമായിരുന്നു, ആതിരേ, വെളിയത്തിന്റെ മുഖമുദ്ര. വെളിയമെന്ന് കേട്ടാല്‍ നേതാക്കളുടെ മുട്ടിടിക്കുന്ന കാലമുണ്ടായിരുന്നു. വെളിയത്തിന്റെ ഉഗ്രശാസനകള്‍ കേള്‍ക്കാത്ത നേതാക്കള്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സിപിഐയിലും ഇല്ല. എന്നാല്‍ ശാസനകളും കോപവുമായിരുന്നില്ല വെളിയത്തിന്റെ സ്ഥായിയായ ഭാവം.ആരുമായും സ്ഥിരമായി പക വച്ചു പുലര്‍ത്താതെ എല്ലാം പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയായിരുന്നു വെളിയം. കൃത്യമായ നിലപാടുകളോടെയുള്ള കാര്‍ക്കശ്യമായിരുന്നു വെളിയം എന്നും വച്ചുപുലര്‍ത്തിയത്.ആ നിശ്ചയദാര്‍ഢ്യം,നിര്‍മമത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു പുറത്തുള്ളവരേയും വെളിയത്തിലേയ്‌ക്കടുപ്പിച്ചു. എല്ലാവരെയും സ്‌നേഹിക്കാനും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ആശാന്റെ ഈ മനോഭാവമായിരുന്നു അദ്ദേഹത്തെ സര്‍വാദരണീയനാക്കിയത്.
1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരമാണ് വെളിയത്തിലെ യഥാര്‍ഥ പോരാളിയെ വെളിച്ചത്തുകൊണ്ടുവന്നത്. സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ വെളിയത്തിന് പോലീസ് സ്റ്റേഷനില്‍ കൊടിയമര്‍ദനമുറകളാണ് അനുഭവിക്കേണ്ടിവന്നത്. വെളിയത്തിന്റെ മീശയുടെ ഒരു ഭാഗം പോലീസുകാര്‍ കൊടിലുപയോഗിച്ച് പറിച്ചെടുക്കുക പോലും ചെയ്‌തു.ഭരണ വര്‍ഗത്തിന്റെ ഈ അടിച്ചമര്‍ത്തല്‍ ഭീകരത നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റായ വെളിയത്തിലെ വിപ്‌ളവകാരിക്ക് കൂടുതല്‍ കരുത്തു പകരുക മാത്രമാണ് ചെയ്‌തത്. ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായി വീണ്ടും പൊതുരംഗത്തു സജീവമായ വെളിയത്തെ രണ്ടു തവണ ചടയമംഗലത്തുനിന്ന് നിയമസഭയിലേയ്‌ക്ക് തിരഞ്ഞെടുത്തയച്ചാണ് നാട് ആ സഖാവിനോടുള്ള കടപ്പാടായത് . വെളിയത്തിന് പുറമെ തോപ്പില്‍ ഭാസി, ഇ. ചന്ദ്രശേഖരന്‍ നായര്‍ , പി.ഗോവിന്ദപിള്ള എന്നിവരടങ്ങുന്ന സംഘം ജിഞ്ചര്‍ ഗ്രൂപ്പ് എന്ന പേരിലായിരുന്നു നിയമസഭയില്‍ അറിയപ്പെട്ടിരുന്നത്. മികച്ച സാമാജികനായി ചുരുങ്ങിയകാലം കൊണ്ട് പേരെടുത്ത വെളിയമാണ് 1957ലെ ആദ്യ ബജറ്റ് അവതരണത്തില്‍ ഭരണപക്ഷത്ത് നിന്ന് ആദ്യമായി സംസാരിച്ചത്.പിന്നീട് പലവട്ടം നിര്‍ബന്ധമുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ അധികാരരാഷ്ട്രീയത്തോട് എന്നേയ്‌ക്കും വിടപറഞ്ഞ് പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകിയ വെളിയം ഭാര്‍ഗവന്‍ അങ്ങനേയും ഒരു മാതൃകാജീവിതമാണ് ,ആതിരേ പിന്‍തലമുറകള്‍ക്ക് ഈടുവയ്‌പ്പായി നല്‍കിയത്.
ഇടത് മുന്നണിയില്‍ സിപിഎമ്മുമായി സംഘര്‍ഷമുണ്ടായപ്പോഴെല്ലാം വെളിയത്തിന്റെ ഇടപെടലാണ് മുന്നണി സംവിധാനം തകരാതെ നിലനിര്‍ത്താന്‍ ഇടയാക്കിയത്. ഇടയ്‌ക്ക് പാര്‍ട്ടി സിപിഎമ്മുമായി അകന്നപ്പോഴും കര്‍ക്കശ നിലപാടുകളോടെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വെളിയം ഉറച്ചുനിന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് പോലും നേരിട്ട് ഏറ്റുമുട്ടാനുള്ള ചങ്കൂറ്റം കാണിച്ച വെളിയം ശരിയെന്ന് തോന്നുന്നതെന്തും മുഖം നോക്കാതെ വിളിച്ചുപറയുമായിരുന്നു.?വെളിയത്തിന്റെ ഈ പ്രകൃതം മിത്രങ്ങളേക്കാള്‍ ശത്രുക്കളെ ക്ഷണിച്ചുവരത്തുത്തിയത് സ്വാഭാവികം. എന്നാല്‍ , ഇതുകൊണ്ടൊന്നും തന്റെ നിലപാടുകളില്‍ സമരസപ്പെടാന്‍ വെളിയം തയ്യാറായില്ല. കെ.കരുണാകരന്റെ ഡി. ഐ.സിയെ മുന്നണിയിലെടുക്കുന്നതിനെയും പി.ഡി.പി.യുമായി സഖ്യമുണ്ടാക്കുന്നതിനേയും എതിര്‍ത്ത ആ കര്‍ക്കശനിലപാടുകള്‍ ചരിത്രപ്രധാന്യം നേടിയവയാണ്. പൊന്നാനിയില്‍ ഹുസൈന്‍ രണ്ട്‌ത്താണിക്കു സീറ്റ് നല്‍കിയപ്പോഴും അബ്ദുള്‍ നാസര്‍ മഅദനിക്കൊപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടപ്പോഴും വെളിയം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ കേരളരാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്.
അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടി നടത്തിയ സമരങ്ങളിലും പ്രചാരണങ്ങളിലും വെളിയം സജീവസ്വത്വമായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളിലും വെളിയത്തിലെ പോരാളി ഉശിരുകാത്തു. സെക്രട്ടേറിയറ്റ് വളഞ്ഞു എല്‍ഡിഎഫ് നടത്തിയ സമരത്തില്‍ പങ്കെടുത്തതായിരുന്നു അവസാനത്തെ പരിപാടി.
കര്‍മ്മത്തിലും ധര്‍മ്മത്തിലും അനുരഞ്‌ജനപ്പെടാതെ പ്രത്യയശാത്ര വിശുദ്ധിയോടെ ഒരു സന്ന്യാസിയുടെ ജീവിതം ജീവിച്ചു തീര്‍ത്ത സഖാവ് വെളിയം ഭാര്‍ഗവന്റെ സ്‌മരണകള്‍ക്ക് മുന്നില്‍, ആതിരേ നമുക്കും നമ്രശിരസ്‌കരാകാം...
ലാല്‍ സലാം സഖാവെ!
Subscribe to:
Post Comments (Atom)
No comments:
Post a Comment