Thursday, September 12, 2013

നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കേണ്ടത്‌ ഉമ്മന്‍ചാണ്ടിയെ

നുണപരിശോധന എന്തിന്‌, ആര്‍ക്ക്‌, എപ്പോള്‍ എന്നൊക്കെയുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാത്ത കൊഞ്ഞാണനല്ല എഡിജിപി ഹേമചന്ദ്രന്‍. .; പരാതി നല്‍കുന്ന വ്യക്തിയേയല്ല, പരാതിയില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നവരെയാണ്‌ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചറിയാത്ത ശുംഭനുമല്ല. എന്നിട്ടും മാധ്യമങ്ങളോട്‌ വിവിധ രീതിയില്‍ സംസാരിക്കുന്നു എന്ന്‌ വിശദീകരിച്ച്‌ ശ്രീധരന്‍ നായരെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ്‌ ഉമ്മന്‍ ചാണ്ടിയല്ലെന്ന്‌ വിശ്വസിക്കാതിരിക്കാന്‍മാത്രം വിഡ്‌ഢികളാണോ മലയാളികള്‍?കറതീര്‍ന്ന കാപട്യമേ, നിന്റെ പേരോ ഉമ്മന്‍ ചാണ്ടി' എന്ന്‌ അരിയുടെ ചോറുണ്ണുന്നവരെല്ലാം ചോദിക്കുന്നത്‌ ഹേമചന്ദ്രന്‍ കേള്‍ക്കുന്നില്ലെന്നോ..?!
ആതിരേ, സോളാര്‍ പാനല്‍ തട്ടിപ്പ്‌ വിഷയത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റും കെപിസിസിയും കൈയൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍, പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ. ഹേമചന്ദ്രന്റേയും അഡ്വക്കേറ്റ്‌ ജനറല്‍ പി.കെ.ദണ്ഡപാണിയുടേയും നേതൃത്വത്തില്‍ നടക്കുന്ന അട്ടിമറികള്‍ പോലീസ്‌ സേനയുടെ ആര്‍ജവത്വത്തേയും അഡ്വക്കേറ്റ്‌ ജനറലിന്റെ ഓഫീസിനേയും അപഹാസ്യമാക്കുന്നു എന്നതിനപ്പുറം ഉമ്മന്‍ ചാണ്ടിയെത്തന്നെ പ്രതിക്കൂട്ടില്‍ മുഖ്യസ്‌ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു എന്നതാണ്‌ വാസ്‌തവം. സരിതയില്‍ നിന്നോ ബിജു രാധാകൃഷണനില്‍നിന്നോ ഒരു ചായയ്‌ക്കുള്ള പണംപോലും ഉമ്മന്‍ ചാണ്ടി പറ്റിയിട്ടില്ലെന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുന്ന പൊതുസമൂഹത്തിന്റെ പുതിയ ബോദ്ധ്യങ്ങളിലേയ്‌ക്ക്‌ പ്രതിയായി സ്വയം ഇറങ്ങിവരികയാണ്‌ , നിരന്തരം നടക്കുന്ന അട്ടിമറികളിലൂടെ, ഉമ്മന്‍ ചാണ്ടി.ഈ പരിണതികളില്‍ മറ്റൊരു അടിവലികൂടി കൂട്ടിവായിക്കേണ്ടതാണ്‌. തിരുവഞ്ചൂരിന്റെ ആഭ്യന്തര വകുപ്പും ചെന്നിത്തലയുടെ ഐ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിക്ക്‌ ചുറ്റും വാരിക്കുഴികള്‍ തീര്‍ക്കുന്നു എന്നതാണത്‌. അണിയറയ്‌ക്ക്‌ പിന്നിലെ ആ അട്ടിമറിയുടെ മൈക്കാട്‌ പണിക്കാരനായി` പ്രവര്‍ത്തിക്കുകയല്ലേ, എഡിജിപി എ.ഹേമചന്ദ്രന്‍ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, 164 പ്രകാരം മജിസ്‌ട്രേറ്റിന്‌ മുന്‍പാകെ മൊഴി നല്‍കിയ ശ്രീധരന്‍ നായരെ, മറ്റൊരു കാരണം പറഞ്ഞ്‌ ഡിവൈഎസ്‌പി ഓഫീസില്‍ വിളിച്ചുവരുത്തി ചില ചോദ്യങ്ങള്‍ ചോദിച്ച്‌ മറുപടി രേഖപ്പെടുത്തി അതാണ്‌ ശ്രീധരന്‍ നായരുടെ പുതിയ മൊഴി എന്ന്‌ അവകാശപ്പെട്ട്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുകയോ ഈ മൊഴി ചാനലുകള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയോ ചെയ്യില്ലായിരുന്നു. ഈ `പുതിയ മൊഴി'യുടെ അടിസ്ഥാനത്തില്‍ സോളാര്‍ പാനല്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രിക്ക്‌ പങ്കില്ലെന്ന്‌ ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയെന്ന്‌ അവകാശപ്പെടുകയില്ലായിരുന്നു.തീരുന്നില്ല, നുണപരിശോധനയ്‌ക്ക്‌ തയ്യാറുണ്ടോ എന്ന ശ്രീധരന്‍ നായരെ വെല്ലുവിളിക്കുകയുമില്ലായിരുന്നു. ആതിരേ, നുണപരിശോധന എന്തിന്‌, ആര്‍ക്ക്‌, എപ്പോള്‍ എന്നൊക്കെയുള്ള അടിസ്ഥാന വിവരങ്ങള്‍ അറിയാത്ത കൊഞ്ഞാണനല്ല എഡിജിപി ഹേമചന്ദ്രന്‍. പരാതി നല്‍കുന്ന വ്യക്തിയേയല്ല, പരാതിയില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നവരെയാണ്‌ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചറിയാത്ത ശുംഭനുമല്ല. എന്നിട്ടും മാധ്യമങ്ങളോട്‌ വിവിധ രീതിയില്‍ സംസാരിക്കുന്നു എന്ന്‌ വിശദീകരിച്ച്‌ ശ്രീധരന്‍ നായരെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താവ്‌ ഉമ്മന്‍ ചാണ്ടിയല്ലെന്ന്‌ വിശ്വസിക്കാതിരിക്കാന്‍മാത്രം വിഡ്‌ഢികളാണോ മലയാളികള്‍? ശ്രദ്ധിക്കണം, സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ പ്രത്യക്ഷത്തില്‍ പങ്കുണ്ടെന്ന്‌ ഒരിക്കല്‍പ്പോലും ശ്രീധരന്‍ നായര്‍ പറഞ്ഞിട്ടില്ല. സരിതയെ ഉമ്മന്‍ ചാണ്ടിക്ക്‌ പരിചയമുണ്ട്‌, ആ പരിചയം മറയാക്കിയാണ്‌ അവര്‍ തന്നെ കബളിപ്പിച്ചത്‌,ആ തട്ടിപ്പിലൂടെ തനിക്ക്‌ നഷ്ടമായ പണം തിരികെ ലഭിക്കണം എന്നു മാത്രമെ അന്നും ഇന്നും ശ്രീധരന്‍ നായര്‍ പറയുന്നുള്ളു.അടിയുറച്ച കോണ്‍ഗ്രസ്‌ അനുഭാവിയായ ശ്രീധരന്‍ നായര്‍ക്ക്‌, ഈ തട്ടിപ്പ്‌ കേസിലെ പ്രതിസ്ഥാനത്ത്‌ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്താന്‍ ഒട്ടും ഇഷ്ടമില്ല എന്നും വ്യക്തമാണ്‌. 40 കോടിയുടെ സോളാര്‍ പാനല്‍- കാറ്റാടിപ്പാടം പദ്ധതിയുടെ അഡ്വാന്‍സായി തന്നില്‍ നിന്ന്‌ സരിത തട്ടിച്ചെടുത്ത 40 ലക്ഷം രൂപ തിരിച്ചു കിട്ടണം എന്നു മാത്രമേ ശ്രീധരന്‍ നായര്‍ ആഗ്രഹിച്ചിരുന്നുള്ളു.സരിതയും ബിജു രാധാകൃഷ്‌ണനും ശാലുവും ജോപ്പനുമൊക്കെ പ്രതിയായ സോളാര്‍ തട്ടിപ്പ്‌ കേസിന്റെ ഇന്നത്തെ പരിണതിയൊന്നും അദ്ദേഹത്തിന്‌ പ്രശ്‌നമേയല്ല. അതുകൊണ്ടാണ്‌ ഒരു ഘട്ടത്തില്‍, മുഖ്യമത്രിയുടെ ഇടനിലക്കാരോട്‌ 40 ലക്ഷം വൈറ്റ്‌ മണിയായി നല്‍കിയാല്‍ താന്‍ കേസില്‍നിന്ന്‌ പിന്മാറാമെന്ന്‌ ശ്രീധരന്‍ നായര്‍ സമ്മതിച്ചത്‌. ഇതെല്ലാം വ്യക്തമാക്കുന്നത്‌, ശ്രീധരന്‍ നായര്‍ക്ക്‌ സോളാര്‍ തട്ടിപ്പ്‌ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിക്കുന്നതുപോലെ ശ്രീധരന്‍ നായര്‍ പ്രതിപക്ഷത്തിന്റെ കൈയിലെ ചട്ടുകമല്ലെന്നുമാണ്‌. ആ ശ്രീധരന്‍ നായരെ വീണ്ടും നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ തത്രപ്പെടുമ്പോള്‍, ആതിരേ ക്ലിഫ്‌ ഹൗസിലും പുതുപ്പള്ളിയിലും ചിലതെല്ലാം ചീഞ്ഞു നാറുന്നു എന്നു തന്നെയാണ്‌ പൊതുസമൂഹം വായിച്ചെടുക്കേണ്ടത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സരിതയ്‌ക്കുണ്ടായിരുന്ന അടുപ്പവും സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള നീക്കത്തിന്‌ മുഖ്യമന്ത്രിയില്‍ നിന്ന്‌ ലഭിച്ച്‌ പ്രോത്സാഹനവുമാണ്‌ പദ്ധതിയില്‍ പണം മുടക്കാന്‍ ശ്രീധരന്‍ നായര്‍ക്ക്‌ പ്രചോദനമായത്‌. ഇക്കാര്യങ്ങളെല്ലാം എത്രയോവട്ടം തെളിച്ച്‌ പറഞ്ഞിട്ടുള്ളതാണ്‌ ശ്രീധരന്‍ നായര്‍. അതായത്‌ ശ്രീധരന്‍ നായര്‍ക്ക്‌ ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കണമെന്ന രാഷ്ട്രീയ താത്‌പര്യമില്ല;സരിതയെപ്പോലെ അദ്ദേഹം മൊഴി തിരുത്തിയിട്ടുമില്ല.എന്നിട്ടും, കുഞ്ചന്‍ നമ്പ്യാരുടെ നായരെപ്പോലെ,എഡിജിപി ഹേമചന്ദ്രന്‍ ശ്രീധരന്‍ നായര്‍ക്ക്‌ ചുറ്റും മണ്ടിനടക്കുന്നതെന്തിനാണ്‌, ആതിരേ ? അതേ സമയം സോളാര്‍ തട്ടിപ്പ്‌ കേസിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന നിമിഷം മുതല്‍ ഇന്നുവരെ ഉമ്മന്‍ ചാണ്ടി പച്ചക്കള്ളം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന്‌ വ്യക്തവുമാണ്‌. മാധ്യമങ്ങളേയും പൊതുസമൂഹത്തേയും മാത്രമല്ല നിയമസഭയെപ്പോലും അദ്ദേഹം ഈ വിഷയത്തില്‍ എത്രവട്ടമാണ്‌ കബളിപ്പിച്ചിട്ടുള്ളത്‌! സോളാര്‍ തട്ടിപ്പില്‍ തന്റെ ഓഫീസിന്‌ പങ്കില്ല, ജോപ്പനും ജിക്കു മോനും സലിം രാജും നിരപരാധികള്‍, സോളാര്‍ വിഷയവുമായി ശ്രീധരന്‍ നായരെ കണ്ടിട്ടില്ല, സരിതയെ അറിയില്ല, തോമസ്‌ കുരുവിളക്ക്‌ ഇതിലൊന്നും പങ്കില്ല, മകന്‍ ചാണ്ടി ഉമ്മന്‍ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം തുടങ്ങി എത്രയെത്ര പെരുംനുണകള്‍! അവയെല്ലാം ശ്രവണമാത്രയില്‍ വിശ്വസിച്ച പൊതുസമൂഹം അവയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെട്ടപ്പോള്‍ മൂക്കത്ത്‌ വിരല്‍വയ്‌ക്കുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ തൊലിക്കട്ടിയില്‍ അമ്പരന്നല്ലെന്ന്‌ ഹേമചന്ദ്രന്‌ പറയാന്‍ കഴിയുമോ...? `` എന്ത്‌ അപമാനം സഹിച്ചും മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുമെന്ന്‌ '' ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതുണ്ടോ?അപ്പോള്‍ ആരേയാണ്‌, ആതിരേ, നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കേണ്ടത്‌? സോളാര്‍ തട്ടിപ്പിലെ ഇരയായ അമേരിക്കന്‍ വ്യവസായി കെ.ബാബുരാജന്റെ വെളിപ്പെടുത്തലാണ്‌ ഏറ്റവും ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ കഴുത്തില്‍ മുറുകുന്ന കുരുക്ക്‌. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ മുപ്പത്‌ ശതമാനം കമ്മീഷന്‍ നല്‍കണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു എന്നാണ്‌ കെ .ബാബുരാജന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഈ കമ്മീഷന്‍ തുക ഉമ്മന്‍ ചാണ്ടി ടീം സോളാറിന്റെ ബിസിനസില്‍ തന്നെ?മുടക്കുമെന്ന്‌ ബിജു പറഞ്ഞെന്നും ബാബുരാജന്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല ഉമ്മന്‍ചാണ്ടിയുമായി ബിജു നിരവധി തവണ ബന്ധപ്പെട്ടതിന്‌ താന്‍ സാക്ഷിയാണ്‌. തന്റെ വീട്ടില്‍ വച്ച്‌ പല പ്രാവശ്യം മുഖ്യമന്ത്രിയുമായി ബിജു ടെലിഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാബുരാജന്‍ ദ്‌ റിപ്പോര്‍ട്ടര്‍`, ഭപീപ്പിള്‍ ചാനലു'കളോട്‌ വെളിപ്പെടുത്തിയിട്ടുമുണ്ട്‌. 1.19 കോടി രൂപയാണ്‌ ബാബുരാജന്‍ ബിജുവിന്‌ കൈമാറിയത്‌. ഇടപാടിന്റെ വിശ്വാസ്യതയ്‌ക്കായി ഉമ്മന്‍ചാണ്ടിയുടെ മഷിപ്പേനകൊണ്ടുള്ള കൈയൊപ്പുവച്ച കത്താണ്‌ ബിജു കാണിച്ചത്‌. ശരിയായ ലെറ്റര്‍ പാഡാണ്‌ അതെന്ന്‌ ഉറപ്പാണെന്നും, കത്ത്‌ വ്യാജമാണെന്ന്‌ പറയുന്നതില്‍ അര്‍ഥമില്ലെന്നും പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ കത്തും ഇതിനൊപ്പം കാട്ടിയിരുന്നെന്നും ബാബുരാജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. 30 ശതമാനം കമ്മീഷന്‍ തുക മുഖ്യമന്ത്രിക്ക്‌ മുത്തൂറ്റിലും മറ്റും നിക്ഷേപിച്ചുകൂടെ എന്നു ചോദിച്ചപ്പോള്‍, അതിലൊക്കെ നിക്ഷേപിച്ചാല്‍ പുറത്തറിയുമെന്ന്‌ ബിജു പറഞ്ഞതായും ബാബുരാജന്‍ വെളിപ്പെടുത്തി. എറണാകുളത്ത്‌ ഗസ്റ്റ്‌ ഹൗസില്‍ ഗണേഷ്‌കുമാറിനെപ്പറ്റി മുഖ്യമന്ത്രിയോട്‌ പരാതിപ്പെട്ടതായും ബിജു പറഞ്ഞിരുന്നെന്നും ബാബുരാജന്‍ വെളിപ്പെടുത്തുമ്പോള്‍, ആതിരേ, `കറതീര്‍ന്ന കാപട്യമേ, നിന്റെ പേരോ ഉമ്മന്‍ ചാണ്ടി' എന്ന്‌ അരിയുടെ ചോറുണ്ണുന്നവരെല്ലാം ചോദിക്കുന്നത്‌ ഹേമചന്ദ്രന്‍ കേള്‍ക്കുന്നില്ലെന്നോ..?! `മനോരമ'ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ്‌ സരിതയെയും ബിജുവിനേയും ബാബുരാജന്‍ സമീപിച്ചത്‌. കാറ്റാടിപ്പാടത്തില്‍ പണം മുടക്കിയാല്‍ 27 ശതമാനമാണ്‌ ലാഭം വാഗ്‌ദാനംചെയ്‌തത്‌. പണം പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും സോളാര്‍ പാനല്‍ സ്ഥാപിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍, മാര്‍ച്ച്‌ 14ന്‌ അഭിഭാഷകനും മറ്റൊരു സുഹൃത്തിനുമൊപ്പം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തി പരാതി നല്‍കി. എന്നാല്‍, 15ന്‌ പകല്‍ 12.14നാണ്‌ പരാതി സ്വീകരിച്ചതെന്നു കാട്ടിയാണ്‌ ആഭ്യന്തരവകുപ്പ്‌ ബാബുരാജിന്‌ രസീത്‌ നല്‍കിയത്‌. മൂന്നു മാസം പിന്നിട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ്‌, ക്രൈംബ്രാഞ്ചിന്‌ കൈമാറിയ ഈ പരാതിയില്‍ ജൂണ്‍ 19ന്‌ മാത്രമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഉമ്മന്‍ ചാണ്ടിയുടെ ചെവിയില്‍ സരിത രഹസ്യം പറഞ്ഞതിന്റെ ചിത്രം പോലെ സത്യങ്ങള്‍ ഒന്നൊന്നായി പുറത്ത്‌ വരുമ്പോള്‍, ആതിരേ, നമുക്ക്‌ ചോദിക്കാനുള്ളത്‌ ഹേമചന്ദ്രനോടാണ്‌.- ഇത്രയും തെളിവുകള്‍ പുറത്ത്‌ വന്നിട്ടും നിമിഷം പ്രതി മലക്കം മറിയുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അല്ലേ യഥാര്‍ത്ഥത്തില്‍ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കേണ്ടത്‌? അതു ചെയ്യില്ലെങ്കിലും അതാണ്‌ ചെയ്യേണ്ടതെന്ന്‌ പറയാനുള്ള നട്ടെല്ലുറപ്പും ജന്മാര്‍ജവവും താങ്കള്‍ക്കുണ്ടാകുമോ, മിസ്റ്റര്‍ എഡിജിപി ?

No comments: