Monday, October 7, 2013

സംഘപരിവാറിന്‌ എന്തുമാകാം;മുസ്ലീമിന്‌ പത്രം നടത്താനും സ്വാതന്ത്ര്യമില്ലെന്നോ..?

ശിവസേനയ്‌ക്ക്‌ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പത്രപ്രര്‍ത്തനം നടത്താം.ആര്‍എസ്‌എസിന്‌ വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാം.ബിജെപിക്ക്‌ മതസഹിഷ്‌ണുത തകര്‍ക്കുന്ന മാധ്യമങ്ങളാകാം.മുസ്ലീങ്ങള്‍ക്ക്‌ നിയമവിധേയമായ ആശയപ്രകാശനം പാടില്ല.`തേജസി'നോടുള്ള സമീപനത്തിലെ കാവിനിറവും നടപടികളിലെ ത്രിശൂലങ്ങളും വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമാകുന്നുണ്ട്‌ ലഷകര്‍ ഇ തയ്‌ബയ്‌ക്ക്‌, തടിന്റവിടെ നസീര്‍ എന്ന രാജ്യദ്രോഹിയിലൂടെ, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ തിരയേണ്ടത്‌ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടേയും ഇന്റലിജന്‍സ്‌ വകുപ്പുകളുടേയും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സിപിഎമ്മിന്റേയും പരിസരങ്ങളിലാണ്‌.അല്ലാതെ തേജസ്‌ പത്രത്തിന്റെ മെക്കിട്ടുകയറുകയല്ല വേണ്ടത്‌
ഇതെന്തു നീതിയാണ്‌?ന്യായമാണ്‌?നിയമമാണ്‌?ഇന്ത്യന്‍ ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടും ബഹുമാനം പുലര്‍ത്തി ജീവിക്കുന്ന മുസ്ലീങ്ങളേയും മുസ്ലീം സംഘടനകളേയും തീവ്രവാദികളെന്ന്‌ മുദ്രകുത്തി വെടക്കാക്കുന്ന നടപടിയുടെ ഏറ്റവും ഹീനവും ബീഭത്സവുമായ പരിണതിയാണ്‌,ആതിരേ, `തേജ്‌സ്‌ 'ദിനപത്രത്തിന്റെ പ്രസിദ്ധീകരണം തടയാനുള്ള ഉമ്മന്‍ ചാണ്ടി ഭരണകൂടത്തിന്റെ നീക്കം. ഭൂരിപക്ഷ വര്‍ഗീയതയുടെ ചവുട്ടിക്കുഴയ്‌ക്കലുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതാരാകുന്ന മുസ്ലീം സ്വത്വബോധത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ന്യൂനപക്ഷ-ജനാധിപത്യ മര്യാദകള്‍ അതിഭീകരമായി ധ്വംസിക്കപ്പെടുമെന്ന്‌ മാത്രമല്ല അത്‌ ഏറ്റുമുട്ടലുകള്‍ക്ക്‌ ആഹ്വാനം ചെയ്യുന്ന ആയുധപരിസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.കടിക്കാത്ത നായയുടെ വായില്‍ കോലിട്ടു കുത്തി പ്രകോപിപ്പിച്ചിട്ട്‌, പിന്നീട്‌ പേപ്പട്ടിയായി ചിത്രീകരിച്ച്‌ തല്ലിക്കൊല്ലാനുള്ള ഭരണകൂടത്തിന്റെ ഈ ഹിഡന്‍ അജണ്ട,നരേന്ദ്ര മോഡിയുടെ ``വംശീയ ശുദ്ധീകരണ'' നടപടികളോട്‌ കൈകോര്‍ക്കുന്നതാണെന്ന്‌,ആതിരേ, ഞാന്‍ കരുതുന്നു . ലഷകര്‍ ഇ തയ്‌ബയ്‌ക്ക്‌, തടിന്റവിടെ നസീര്‍ എന്ന രാജ്യദ്രോഹിയിലൂടെ, ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ തിരയേണ്ടത്‌ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടേയും ഇന്റലിജന്‍സ്‌ വകുപ്പുകളുടേയും ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും സിപിഎമ്മിന്റേയും പരിസരങ്ങളിലാണ്‌.അല്ലാതെ തേജസ്‌ പത്രത്തിന്റെ മെക്കിട്ടുകയറുകയല്ല വേണ്ടത്‌.സരിതമാരും സലിം രാജുമാരും ഫയാസുമാരുമടങ്ങുന്ന വഞ്ചക-അധോലോക-ഭീകരാവാദിപ്പരിഷകള്‍ക്ക്‌ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച്‌ അര്‍മാദിക്കാന്‍ സര്‍വ സംരക്ഷണവുമൊരുക്കുന്ന ഉമ്മന്‍ ചണ്ടി സര്‍ക്കാരിന്റെ ഈ നടപടി പരിഷ്‌കൃത-ജനാധിപത്യ-നിയമസാക്ഷര സമൂഹത്തിന്‌ അപമാനകരവും ദൂരവ്യാപക പ്രത്യാഘാതങ്ങളെ ക്ഷണിച്ചിരുത്തുന്നതുമാണ്‌.സംഘപരിവാര്‍ സംഘടനകള്‍ക്ക്‌ ഒരു നീതി മുസ്ലീങ്ങള്‍ക്ക്‌ മറ്റൊന്ന്‌ എന്ന വിവേചനമാണ്‌, ആതിരേ, സ്‌ഫോടനാത്മകമായ ബോദ്ധ്യങ്ങളിലേയ്‌ക്ക്‌ യുവാക്കളെയും സംഘടനകളെയും ആട്ടിത്തെളിക്കുന്നത്‌. എന്‍ഡിഎഫിന്റേയോ,പോപ്പുലര്‍ ഫ്രണ്ടിന്റേയോ സിമിയുടേയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടേയോ ആശയസംഹിതകളോട്‌ അനുരഞ്‌ജനപ്പെട്ടിട്ടല്ല, തേജസിന്‌ എതിരായ സര്‍ക്കാര്‍ നീക്കത്തെ ഞാന്‍ എതിര്‍ക്കുന്നത്‌.നിയമപരമായി നിരോധിക്കപ്പെടാത്ത എത്‌ സംഘടനയ്‌ക്കും അവരുടെ മാധ്യമങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ ഭയരഹിതമായി ഇവിടെ പ്രവര്‍ത്തിക്കാന്‍ അവകാശവും അനുമതിയുമുണ്ട്‌.അതിനെതിരായുള്ള ഏത്‌ നീക്കവും ദുരുപദിഷ്ടവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും അമിതാധികാര പ്രവണതയുമാണ്‌.അവ,ആവിഷ്‌ക്കാരസ്വാന്തന്ത്ര്യത്തിന്‌ കൂച്ചുവിലങ്ങിടുന്ന ഫാസിസ്റ്റ്‌ അധിനിവേശമാണെന്ന്‌ തിരിച്ചറിയുന്നു.അതു കൊണ്ട്‌, ആതിരേ, ഞാന്‍ പ്രതിരോധിക്കുന്നു;പ്രതിഷേധിക്കുന്നു രാജ്യദ്രോഹ, വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരെ സഹായിക്കാന്‍ ആശയപ്രചാരണം നടത്തിയെന്ന കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ,ആതിരേ,തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ വഴി തേജസിനു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌.ദേശീയ ഐക്യത്തെയും താത്‌പര്യത്തെയും ഗുരുതരമായി ബാധിക്കുന്ന വാര്‍ത്തകളും എഡിറ്റോറിയലുകളും അച്ചടിച്ച്‌ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നു.പത്രാധിപ സമിതിയില്‍ പോലും നിരോധിത സംഘടനയായ സിമിയടക്കമുള്ള തീവ്രവാദബന്ധമുള്ള പ്രസ്ഥാനങ്ങളെ സഹായിക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നവര്‍ ഉണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. സംസ്ഥാന ആഭ്യന്തര വകുപ്പിനു കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ലേഖകരടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ ടെലിഫോണുകള്‍ കഴിഞ്ഞ രണ്ട്‌ മാസമായി ചോര്‍ത്തിക്കൊണ്ടുള്ള പോലീസ്‌ അന്വേഷണമാണ്‌ നടക്കുന്നത്‌ .എന്‍ഡിഎഫുമായും പോപ്പുലര്‍ഫ്രണ്ടുമായും അടുത്ത ബന്ധമാണ് തുടക്കംമുതല്‍ തേജസ്‌ പത്രം പുലര്‍ത്തിയിരുന്നതെന്നും എന്‍ഡിഎഫിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും ആശയസംഹിതകളാണ് തേജസ്‌ പ്രചരിപ്പിക്കുന്നതെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി പത്രം നിരീക്ഷിച്ചു തയാറാക്കിയതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടിലുണ്ട്‌. പക്ഷേ,ആതിരേ, ഈ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട്‌ കോടതിയലക്ഷ്യമാണെന്ന്‌ പറഞ്ഞേ തീരൂ.ജമാത്ത്‌ എ ഇസ്ലാമിയെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ച്‌ ,ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നത്‌ നിയമവിധേയമല്ലെന്ന്‌ വിധിച്ചിട്ടുള്ളതാണ്‌.ജസ്റ്റിസുമാരായ ജഗ്‌ദീഷ്‌ ശരണ്‍ വര്‍മ,എസ്‌.പി.ബറൂച്ച,കെ.എസ്‌.പരിപൂര്‍ണന്‍ എന്നിവരുടെ സംയുക്തവിവേകത്തില്‍,1994 ഡിസംബര്‍ ഏഴാം തിയതിയുണ്ടായ നിര്‍ണായകമായ തിരിച്ചറിവിനെയാണ്‌ ഉമ്മന്‍ ചാണ്ടി ഭരണകൂടം ഇപ്പോള്‍ അധിക്ഷേപിക്കുന്നത്‌.ഭരണകൂടത്തിന്റെ വിവിധ മര്‍ദ്ദകോപകരണങ്ങളില്‍ ഒന്നാണ്‌ ഇന്റലിജന്‍സ്‌ വിഭാഗവും അതിന്റെ രാഷ്ട്രീയപ്രേരിതമായ കണ്ടെത്തലുകളുമെന്ന്‌ എത്രയോ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.തേജസ്‌ പത്രത്തിന്റെയേയും അതിലെ പ്രവര്‍ത്തകരുടേയും വിധ്വംസക ബന്ധങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്ക്‌ കാണിച്ച ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ തടിയന്റവിടെ നസീറിന്റേയും സംഘത്തിന്റേയും രാജ്യദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ അതിര്‍ത്തിയിലെ വെടിവയ്‌പ്പും നാല്‌ മരണവും വേണ്ടിവന്നു എന്നു പറയുമ്പോള്‍ അവരുടെ ആര്‍ജവവും പ്രവര്‍ത്തനമികവും നിശിതമായ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയേ തീരൂ.ആതിരേ, ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗം നടത്തുന്ന വെള്ളപൂശലിന്റെ ഗര്‍ഹണീയതയാണ്‌ തേജസ്‌ പത്രത്തിനെതിരായ റിപ്പോര്‍ട്ട്‌ എന്ന്‌ ഞാന്‍ പറയും. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ `പീപ്പിള്‍സ്‌ മാര്‍ച്ച്‌ 'എന്ന പ്രസിദ്ധികരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിരോധന നീക്കത്തിന്റെ തനിയാവര്‍ത്തനമാണ്‌ തേജസിനെതിരേയുള്ള കാരണം കാണിക്കല്‍ നോട്ടീസ്‌.2007 ഡിസംബറിലാണ്‌ പീപ്പിള്‍സ്‌ മാര്‍ച്ചിന്റെ പബ്‌ളീഷറും എഡിറ്ററുമായ പി.ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ്‌ ചെയ്‌ത്‌ പ്രസീദ്ധികരണത്തിന്റെ നാവരിയാനുള്ള ജുഗുപ്‌സാവഹമായ നീക്കമുണ്ടായത്‌. പക്ഷെ നിയമവിരുദ്ധമായ ആ നടപ്‌ടിയില്‍ നിന്ന്‌ നാണം കെട്ട്‌ സര്‍ക്കാരിന്‌ പിന്‍വാങ്ങേണ്ടി വന്നു.സമാനസ്വഭാവമുള്ള, നിയമപരമായും ഭരണഘടനാപരമായും നിലനില്‍ക്കാത്ത ഇത്തരം നടപടികളുമായി തേജസിനെതിരേ സര്‍ക്കാര്‍ രംഗത്തുവന്നത്‌ തീര്‍ത്തും ദുരുദേശ്യപരമാണെന്ന്‌ ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ജനാധിപത്യസംവിധാനങ്ങളിലൂടെ കോളണിവാഴ്‌ചയുടെ ഭൂതം തിരിച്ചുവരുന്നുവെന്നതിന്റെ സൂചനകളാണ്‌ തേജസ്‌ ദിനപത്രത്തിനെതിരേ 1867ലെ പത്രമാരണ നിയമപ്രകാരം നോട്ടീസ്‌ നല്‍കിയതിലൂടെ വ്യക്തമാവുന്നത്‌.അനഭിമതരായ പത്രങ്ങളേയും പത്രാധിപന്മാരേയും ഉന്മൂലനം ചെയ്യാന്‍ ഈ നിയമം ഭരണകൂടങ്ങള്‍ക്ക്‌ മുന്‍പും കിരാതക്കരുത്തേകിയിട്ടുണ്ട്‌.പക്ഷേ, അമിതാധികാരത്വരയുടെ നെറുക്‌ തകര്‍ത്ത്‌ തന്നെയാണ്‌,ആതിരേ, ആശയസമരവും അഭിപ്രായസ്വാതന്ത്ര്യവും വെന്നിക്കൊടി പാറിച്ചിട്ടുള്ളതും. ഏത്‌ ലേഖനം,വാര്‍ത്ത,മുഖപ്രസംഗമാണ്‌ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ അരു നിന്നതെന്ന്‌ വ്യക്തമാക്കാന്‍ ഭരണകൂടത്തിന്‌ ബാദ്ധ്യതയുണ്ട്‌.അങ്ങനെ സംഭവിച്ചാല്‍ ആ വിഷയത്തില്‍ വിശദീകരണം തേടി നടപടിയെടുക്കുന്നതാണ്‌ നിയമപരമായ മാന്യതയും ധര്‍മയും.ആ ഉത്തരവാദിത്തം നഗ്നമായി ലംഘിച്ച്‌ പത്രത്തിന്റെ പ്രസിദ്ധീകരണം തന്നെ തടായനുള്ള ഉദ്യമം അസഹിഷ്‌ണുത നുരയുന്ന അമിതാധികാരലഹരിയുടേതാണ്‌.സമൂഹവിരുദ്ധമാണ്‌ പത്രത്തിന്റെ നിലപാടെങ്കില്‍ അതില്‍ നടപടിയെടുക്കുന്നതിനു മുന്‍പ്‌`` അതു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്‌ ഇതു ചെയ്യേണ്ടതെന്നും അല്ലാതെ ജനങ്ങളുടെ നികുതിപ്പണം വിനിയോഗിക്കുന്ന ഉദ്യോഗസ്ഥരല്ലെ''ന്നുമുള്ള ,മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ നീരീക്ഷണത്തോട്‌ ,ആതിരേ, ഞാനും യോജിക്കുന്നു. മുന്‍വിധിയോടെയുള്ള ഭരണവര്‍ഗ വിധ്വംസകപ്രവര്‍ത്തനമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റേതെന്ന്‌ പറഞ്ഞേതീരൂ.അതിലും നൃശംസ നിറഞ്ഞതാണ്‌ ഈ പരിപ്രേഷ്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ `കണ്ടെത്തലുകള്‍ .പ്രസ്‌ കൗണ്‍സിലിന്റെ നിശിത വിമര്‍ശനമേറ്റുവാങ്ങിയ `ഗുജറാത്ത്‌ സമാചാര്‍ ' `സന്ദേശ്‌' തുടങ്ങിയ പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ദേശവിരുദ്ധ ആശയങ്ങള്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുന്നില്ല.ശിവസേനയ്‌ക്ക്‌ വര്‍ഗീയ വിഷം വമിപ്പിക്കുന്ന പത്രപ്രര്‍ത്തനം നടത്താം.ആര്‍എസ്‌എസിന്‌ വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാം.ബിജെപിക്ക്‌ മതസഹിഷ്‌ണുത തകര്‍ക്കുന്ന മാധ്യമങ്ങളാകാം.മുസ്ലീങ്ങള്‍ക്ക്‌ നിയമവിധേയമായ ആശയപ്രകാശനം പാടില്ല.`തേജസി'നോടുള്ള സമീപനത്തിലെ കാവിനിറവും നടപടികളിലെ ത്രിശൂലങ്ങളും വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമാകുന്നുണ്ട്‌.പൊതുസമാധാനത്തിനെതിരായ പത്രങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നിയമത്തെ ജനാധിപത്യവിരുദ്ധമായതരത്തിലാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത്‌ . ആരോപണങ്ങള്‍ വ്യക്തമാക്കാതെ പത്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെടുന്നത്‌ ഹിംസോന്മുഖമായ പ്രതികാരവാഞ്‌ഛയല്ലാതെ മറ്റെന്താണ്‌?ഹവാല-ഭൂമാഫിയ-ഭീകരവാദി ബന്ധങ്ങളുള്ള സലിം രാജിന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ , കോടതി നിര്‍ദേശപ്രകാരം കണ്ടെടുക്കുന്നത്‌ പോലും വ്യക്തിയുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്ന ഭരണകൂടമാണ്‌,ആതിരേ, തേജസിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതെന്നോര്‍ക്കണം.നിയമവിധേയമായി ജീവിക്കുകയും ഉത്തരവാദിത്ത ബോധത്തോടെ കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കുകയും ചെയ്യുന്ന വ്യക്തികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതും ആ രീതിയില്‍ അവരുടെ സ്വകാര്യതയിലേയ്‌ക്ക്‌ കടന്നുകയറുന്നതുമല്ലേ മറയില്ലാത്ത വിധ്വംസകപ്രവര്‍ത്തനം?അതല്ലേ ഉമ്മന്‍ ചാണ്ടി ഭരണകൂടം തേജസിന് എതിരെ നടത്തുന്നത് ? നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ്‌ തേജസ്‌ പ്രസിദ്ധീകരിക്കുന്നത്‌.ആരോപണങ്ങള്‍ നിയമതലത്തില്‍ ബോദ്ധ്യപ്പെടുത്താതെയുള്ള സര്‍ക്കാര്‍ നടപടികളാണ്‌ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന തെളിയുന്ന ഭരണപരമായ അട്ടിമറി പ്രവര്‍ത്തനം. ഒരു പത്രസ്ഥാപനത്തിനെതിരേ നടപടി കൈക്കൊള്ളുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തേണ്ട സൂക്ഷ്‌മതയും സുതാര്യതയും തേജസിനെതിരായ നീക്കത്തില്‍ ഉണ്ടായിട്ടില്ല.അതു കൊണ്ട്‌ അമിതാധികാര ഹുങ്കിന്റെ ഈ ഭീകരതയെ ചെറുത്ത്‌ തോല്‍പ്പിക്കേണ്ടത്‌ ജനാധിപത്യ-മതനിരപേക്ഷ-നിയമസാക്ഷര സമൂഹത്തിന്റെ നീക്കുപോക്കില്ലാത്ത ഉത്തരവാദിത്തമാണ്‌.അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനാവകാശവും സംരക്ഷിക്കാന്‍ സംഘം ചേരാം;ആതിരേ, പ്രതിരോധത്തിന്റെ പ്രതിഷേധത്തിന്റെ സൂര്യതേജസാകാം.

No comments: