Friday, October 4, 2013

രാഹുലിന്റെ തരികിട;`ഗന്ധി'യെ `ഗാന്ധി 'യാക്കിയ ഉഡായിപ്പിന്റെ തുടര്‍ച്ച

നെഹൃവിന്റെ മരുമകനായിരുന്ന ഫിറോസ്‌ ഗന്ധിയുടെ ആര്‍ജവം,ആത്മാര്‍ത്ഥത,ജനാധിപത്യ ബോധം രാഹുല്‍ ഗാന്ധിക്കില്ല.മറിച്ച്‌ സോണിയയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയുടെ ഉഡായിപ്പുകളാണ്‌ രാഹുലിനറിവുള്ളത്‌.ഗന്ധിയെ ഗാന്ധിയാക്കിയവര്‍ പെരുവഴിയിലുപേക്ഷിച്ചത്‌ ഫിറോസ്‌ ഗന്ധിയുടെ രാഷ്ട്രീയ വിശുദ്ധിയും സത്യസന്ധമായ ജനാഭിമുഖ്യ നിലപാടുകളുമാണ്‌.ആ ശൂന്യതയിലാണ്‌ രാഹുലിന്റെ ആരൂഢം.അവിടെ നിന്നുകൊണ്ടുള്ള ചെപ്പടി വിദ്യയായിരുന്നു കളങ്കിത രാഷ്ട്രീയക്കാരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സിനെതിരായ രാഹുലിന്റെ ക്ഷോഭം.ഇത്‌ ഇന്ത്യയിലെ സമ്മതിദായകര്‍ തിരിച്ചറിയുന്നുണ്ട്‌.അവിടെയാണ്‌ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ കപടരാഷ്ട്രീയസത്ത വ്യക്തമാകുന്നത്‌.
ഫിറോസ്‌ ഗന്ധിയുടെ പേരിലെ ` ഗന്ധി 'യെ ` ഗാന്ധി 'യാക്കി ഇന്ദിരയും മക്കളും കൊച്ചുമക്കളും തുടരുന്ന ദേശിയതട്ടിപ്പിലെ ഏറ്റവും ഒടുവിലത്തെ തരികിടയായിരുന്നു, ആതിരേ, ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ അയോഗ്യത ഒഴിവാക്കുന്ന ഓര്‍ഡിനന്‍സും ബില്ലും മന്‍മോഹന്‍ സര്‍ക്കാരിനെ കൊണ്ട്‌, രാഹുല്‍ പാതി വഴിക്ക്‌ പിന്‍വലിപ്പിച്ചത്‌. `` മഹാത്മഗാന്ധിയുടെ സ്വപ്‌നങ്ങളെ മാനിക്കുന്ന നടപടി,യുപിഎ സര്‍ക്കാരില്‍ നിന്ന്‌ ഗാന്ധിജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി നേടിയെടുത്തു ''എന്ന്‌ മാധ്യമസൂത-മാഗധര്‍ പാടിപ്പുകഴ്‌ത്തുമ്പോള്‍,ചരിത്രബോധമില്ലാത്ത ശിഖണ്ഡിപ്പറ്റങ്ങളെയോര്‍ത്ത്‌ സഹതപിക്കാനേ കഴിയൂ. ഓര്‍ഡിനന്‍സും ബില്ലും പിന്‍വലിച്ചതിലെ ` രാഹുല്‍ ഇഫക്ടിനെ'ഒരു മുഖ്യധാരാ മാധ്യമം വിശഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌: ``സര്‍ക്കാരിന്‌ പുറത്ത്‌ നിന്ന്‌ സര്‍ക്കാര്‍ തീരുമാനത്തെ ചെറുത്തു തോല്‍പ്പിക്കുക,ഘടകകക്ഷികളെ ഏറെക്കുറെ നിശ്ശബ്ദരാക്കു,ഭാവി രാഷ്ട്രീയ സഖ്യങ്ങളുടെ ഗതി നിര്‍ണയിക്കുക,അപമാനിതനായ പ്രധാനമന്ത്രി രാജിവച്ചൊഴിയുന്നത്‌ ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളുണ്ടാകാതെ നോക്കുക ''ആതിരേ, മഹത്വം ഇങ്ങനെയൊക്കെ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഏതൊരു ജോക്കറും ജനാഭിമുഖ്യമുള്ള നേതാവാണെന്ന തോന്നലുണ്ടാകും.ഈ തോന്നലുണ്ടാക്കാനാണല്ലോ ഗന്ധിയെ, ഗാന്ധിയാക്കി,ഇന്ദിര മുതലുള്ളവര്‍ പേരിനൊപ്പം ചേര്‍ത്തത്‌..! അഴിമതിക്കാരായ രാഷ്ട്രീയക്കാരെ സംരക്ഷിക്കാനുള്ള ഭരണ-പ്രതിപക്ഷ ത്വരയ്‌ക്കെതിരേയുള്ള രാഹുലിന്റെ ക്ഷോഭത്തെ ` ഗതികെട്ട പുലിയുടെ പുല്ലു തീറ്റി'യായിട്ട്‌ വിലയിരുത്താനാണ്‌ എനിക്കിഷ്ടം.അമ്മ പിന്‍സീറ്റിലിരുന്നു ഭരിക്കുന്ന മന്മോഹന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളോ, ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരുടെ അഴിഞ്ഞാട്ടങ്ങളോ ഇതുവരെ രാഹുലിന്റെ ധാര്‍മീകരോഷം ഉണര്‍ത്തിയിട്ടില്ലെന്നോര്‍ക്കണം.സുപ്രീം കോടതി വിധിയെന്ന സൂര്യനെ തടുക്കാന്‍ ഓര്‍ഡിനന്‍സ്‌ എന്ന പഴമുറം കൈയില്‍ കൊടുത്ത്‌ മന്‍മോഹനെ വേഷം കെട്ടിച്ചപ്പോഴും രാഹുല്‍ നിശബ്ദനായിരുന്നു.അന്നൊന്നുമുണ്ടാകാതിരുന്ന ധാര്‍മീക രോഷത്തോടെ ഒരു പത്രസമ്മേളന വേദിയിലേയ്‌ക്ക്‌,മോഹന്‍ലാല്‍ സ്റ്റൈലില്‍ ജുബ്ബയുടെ കൈതെറുത്തുകയറ്റിയെത്തി,ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ്‌ വലിച്ചു കീറണമെന്ന്‌ ആക്രോശിച്ച ശേഷം വേദിവിട്ടുപോയ രാഹുലിന്റെ ഗൂഢലക്ഷ്യം ഇന്ത്യക്കാര്‍ക്കാകെ മനസ്സിലാകുന്നുണ്ട്‌ എന്നതാണ്‌ ,ആതിരേ അദ്ദേഹത്തിന്റേയും സ്‌തിതിപാഠകരുടേയും പരാജയം. ക്രിമിനലുകള്‍ വാഴ്‌ന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബീഭത്സത ഈ രാജ്യത്തെ ഒരോ സമ്മതിദായകനേയും ആത്മനിന്ദയിലേയ്‌ക്ക്‌ തള്ളിവിടുന്നത്‌ രാഹുലിനോ സ്‌തുതിപാഠകര്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ കരുതുന്നുണ്ടോ ?ഓരോ തെരഞ്ഞെടുപ്പിലും രണ്ടിലൊരു ക്രിമിനലിന്‌ വോട്ടുചെയ്യേണ്ടി വരുന്ന പൗരന്റെ ഗതികേട്‌, രാഹുലിന്റെ ഈ കപടക്ഷോഭത്തോടെ ഇല്ലാതാകുന്നുമില്ല.വരാനിരിക്കുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളാക്കുക ഇത്തരം ക്രിമിനലുകളെ തന്നെയാവും.എന്നിട്ടാണ്‌ ഈ വേഷം കെട്ടലുകള്‍.അധികാരരാഷ്ട്രീയത്തിലേയ്‌ക്കുള്ള,മിമിക്രിക്കാര്‍ പറയുന്ന ` എന്റ്രി പഞ്ച്‌ 'മാത്രമാണിത്‌. ആതിരേ, ജുഡിഷ്യറിയേക്കാള്‍ ജനാഭിമുഖ്യവും ജനഹിതത്തിനൊത്തുള്ള നടപടികളും ഉണ്ടാകേണ്ടത്‌ ലെജിസ്ലേച്ചറില്‍ നിന്നും എക്‌സിക്യൂട്ടിവില്‍ നിന്നുമാണ്‌.എന്നാല്‍ ജനാധിപത്യത്തിലെ നിര്‍ണായകമായ ഈ രണ്ട്‌ പ്രതലങ്ങളും അഴിമതിയില്‍ അര്‍മാദിക്കുന്നത്‌ കൊണ്ടാണ്‌ ജുഡീഷ്യറിക്ക്‌ നിയമനിര്‍മാണം പോലെയുള്ള വിധിപ്രഖ്യാപനങ്ങള്‍ നടത്തേണ്ടി വരുന്നത്‌.ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കെതിരേയുള്ള സമ്മദിദായകന്റെ പ്രതിരോധം ദുര്‍ബലമായത്‌ തിരിച്ചറിഞ്ഞാണ്‌ നിഷേധവോട്ടിന്‌ നിയമപ്രാബല്യം നല്‍കാന്‍ സുപ്രീം കോടതി നിര്‍ബന്ധിക്കപ്പെട്ടത്‌.കോടതികള്‍ സംരക്ഷിക്കാനൊരുമ്പെടുന്ന പൗരാവകാശത്തെ ഓര്‍ഡിനന്‍സിലൂടെയും പാര്‍ലമന്റ്‌ പാസാക്കുന്ന ബില്ലുകളിലൂടേയും അവഹേളിക്കാന്‍ ലജിസ്ലേച്ചറും എക്‌സിക്യൂട്ടിവും തയ്യാറെടുക്കുന്നത്‌ തിരിച്ചറിഞ്ഞ്‌ തന്നെയാണ്‌ നിഷേധവോട്ടിന്‌ സുപ്രീം കോടതി വിശുദ്ധികല്‍പ്പിച്ചത്‌.അഴിമതിയില്‍ മുങ്ങിനിവര്‍ന്ന്‌ നില്‍ക്കുന്ന രാഷ്ട്രീയപേക്കോലങ്ങള്‍ക്കെതിരേ,വരുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍, നവസമ്മതിദായകര്‍ പ്രതികരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്‌,ആതിരേ, രാഹുലിന്റെ ക്ഷോഭം ഉരുവം കൊണ്ടത്‌.മാത്രമല്ല, രാഷ്ട്രപതി ഈ ഒര്‍ഡിനന്‍സ്‌ തള്ളുമെന്ന സൂചനയും രാഹുലിന്റെ പ്രതികരണത്തിന്‌ പിന്നിലുണ്ട്‌.ഇതൊക്കെ ഇന്ത്യയിലെ സാമതിദായകര്‍ക്കറിയാമെന്ന്‌ ടോം വടക്കനെപ്പോലെയുള്ള എഐസിസി വക്താക്കള്‍ക്ക് അറിയില്ല. അതു കൊണ്ടാണ്‌ `` അഴിമതിക്കെതിരെ നിലപാടെടുക്കുന്നത്‌ തെറ്റാണോ ? ''എന്ന വക്രീകരണം കൊണ്ട്‌ രാഹുലിനെ, സ്‌തുതിപഠകര്‍ ന്യായീകരിക്കുന്നത്‌. കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റിയും പാര്‍ട്ടിയും പാര്‍ലമെന്റും പലതവണ ഈ വിഷയം ചര്‍ച്ച ചെയ്‌തതാണ്‌.അന്നൊന്നും പാര്‍ട്ടി ഫോറത്തില്‍ പോലും രാഹുല്‍ ഈ ധാര്‍മീക വിശുദ്ധി പ്രകടിപ്പിച്ചില്ല.കാരണവുമുണ്ട്‌.അഴിമതിയുടെ പേരില്‍ നിയമനടപടി നേരിട്ടുകൊണ്ടിരുന്ന രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമായ റഷീദ്‌ മസൂദും രാഷ്ട്രീയ ജനതാദള്‍ എംപിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലൂ പ്രസാദ്‌ യാദവും അടക്കം അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കോണ്‍ഗ്രസ്‌ പാളയത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കാന്‍ കഴിവുണ്ടെന്ന്‌ കരുതുന്നവരെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.എന്നാല്‍ സിബിഐ കോടതികള്‍ ഈ കൊടിയ അഴിമതിക്കാര്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷനല്‍കുമെന്നുറപ്പായപ്പോളാണ്‌, ആതിരേ, രാഹുലിന്റെ രോഷമിരമ്പിയത്‌.അദ്ദേഹം നടത്തിയ പര്യടനങ്ങളും ജനവികാരമെന്തെന്ന്‌ അദ്ദേഹത്തിന്‌ ബോദ്ധ്യപ്പെടുത്തി കൊടുത്തു.ഈ ഭൂമികയില്‍ നിന്നുകൊണ്ടുള്ള കണ്‍കെട്ടു വിദ്യയായിരുന്നു രാഹുലിന്റേത്‌.എങ്കിലും ഒരു വാസ്‌തവം അംഗീകരിക്കണം,ആതിരേ .ഈ ചെപ്പടി വിദ്യക്ക്‌ വഴങ്ങിയത്‌ കൊണ്ട്‌ മന്‍മോഹനും മാഡവും വലിയൊരു നാണക്കേടില്‍ നിന്ന്‌ കരകയറി...!രാഷ്ട്രപതി വലിയൊരു സമ്മര്‍ദ്ദത്തെ അതിജീവിച്ചു...!!അഴിമതിയാരോപണങ്ങളില്‍ തളര്‍ന്ന സര്‍ക്കാരിന്‌ സമാശ്വാസവുമായി...!!! പക്ഷേ,ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള തിരുത്തലുകള്‍ക്കല്ല, ആതിരേ, രാഹുല്‍ തയ്യാറായിട്ടുള്ളത്‌.താനതിന്‌ തയ്യാറാനെന്ന സൂചനയുമല്ലിത്‌.ഭരണസംവിധാനത്തിന്റെ ഭാഗമാകാതെ പൊതുസമൂഹത്തിന്‌ വേണ്ടിയുള്ള നിലപാടെന്ന വഞ്ചനയാണിത്‌.കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാതെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന ഭീരുത്വം കൂടിയാണിത്‌.അതു കൊണ്ടാണ്‌ രാഹുലിനെ ജോക്കറെന്നും അദ്ദേഹത്തിന്റെ നിലപാടിനെ ചെപ്പടിവിദ്യയെന്നും അക്ഷേപിക്കേണ്ടി വരുന്നത്‌. ഇവിടെയാണ്‌ തന്റെ മുത്തച്ഛനായ ഫിറോസ്‌ ഗന്ധിയെ രാഹുല്‍ കണ്ട്‌ പഠിക്കേണ്ടത്‌ .ഇന്ത്യന്‍ പ്രധാനമന്ത്രി നെഹൃവിന്റെ പുത്രി ഇന്ദിരയുടെ ഭര്‍ത്താവായിരിക്കുമ്പോഴാണ്‌ ഫിറോസ്‌ പാര്‍ലമെന്റില്‍ അഴിമതിക്കെതിരേ അഗ്നിനാവുകളോടെ പോരാടിയതും രാഷ്ട്രീയ സത്യസന്ധതയുടെ മൂര്‍ത്തീഭാവമായതും.1955ല്‍, പൊതു ഫണ്ട്‌ ഉപയോഗിച്ച്‌ `ബെന്നറ്റ്‌ ആന്റ്‌ കോള്‍മാന്‍'കമ്പനി ഏറ്റെടുക്കാന്‍ രാം കിഷന്‍ ഡാല്‍മിയ നടത്തിയ ക്രമക്കേടുകള്‍ പാര്‍ലമെന്റിന്റേയും രാഷ്ടത്തിന്റേയും ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ അതിന്‌ തടയിട്ടത്‌ ഫിറോസ്‌ ഗന്ധിയായിരുന്നു.1957ല്‍ കുപ്രസിദ്ധമായ ഹരിദാസ്‌ മുന്ധ്ര കേസ്‌ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ നെഹൃമന്ത്രിസഭയുടെ അഴിമതി മുഖം പിച്ചിചീന്തിയതും ഫിറോസ്‌ ആയിരുന്നു.ഹരിദാസ്‌ മുന്ധ്ര എന്ന കല്‍ക്കട്ടക്കാരനായ ഊഹകച്ചവടകാരന്‍ ലൈഫ്‌ ഇഷ്വറന്‍സ്‌ കോര്‍പ്പറേഷനെ 1,26,86,100 രൂപയ്‌ക്ക്‌ വഞ്ചിച്ച സംഭവം ഫിറോസ്‌ ഇല്ലായിരുന്നെങ്കില്‍ ലോകമറിയാതെ പോകുമായിരുന്നു.മുന്ധ്രയ്‌ക്ക്‌ അന്ന്‌ കൂട്ടുനിന്ന നെഹൃമന്ത്രിസഭയിലെ ധനമന്ത്രി ടി.ടി.കൃഷ്‌ണമാചാരിയുടെ രാജിയിലേയ്‌ക്ക്‌ വരെ നയിച്ച പോരാട്ടമാണ്‌ ഫൊറോസ്‌ നടത്തിയത്‌.നെഹൃവിനെ പിടിച്ചുലച്ച ഈ സംഭവങ്ങളിലൂടെ ഫിറോസ്‌ നെഹൃവിന്‌ അനഭിമതനായതും അദ്ദേഹത്തിന്‌ എംപിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും ആ രാഷ്ട്രീയ സത്യസന്ധയ്‌ക്കേറ്റ പ്രഹരങ്ങളായിരുന്നു .അത്തരമൊരു സുതാര്യതയല്ല,ആതിരേ, രാഹുലിന്റെ അഴിമതിവിരുദ്ധതയിലുള്ളത്‌. നെഹൃവിന്റെ മരുമകനായിരുന്ന ഫിറോസ്‌ ഗന്ധിയുടെ ആ ആര്‍ജവം,ആത്മാര്‍ത്ഥത,ജനാധിപത്യ ബോധം രാഹുല്‍ ഗാന്ധിക്കില്ല.മറിച്ച്‌ സോണിയയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയുടെ ഉഡായിപ്പുകളാണ്‌ രാഹുലിനറിവുള്ളത്‌.ഗന്ധിയെ ഗാന്ധിയാക്കിയവര്‍ പെരുവഴിയിലുപേക്ഷിച്ചത്‌ ഫിറോസ്‌ ഗന്ധിയുടെ രാഷ്ട്രീയ വിശുദ്ധിയും സത്യസന്ധമായ ജനാഭിമുഖ്യ നിലപാടുകളുമാണ്‌.ആ ശൂന്യതയിലാണ്‌ രാഹുലിന്റെ ആരൂഢം.അതില്‍ നിന്നുകൊണ്ടുള്ള ചെപ്പടി വിദ്യയായിരുന്നു കളങ്കിത രാഷ്ട്രീയക്കാരെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സിനെതിരായ രാഹുലിന്റെ ക്ഷോഭം.ഇത്‌ ഇന്ത്യയിലെ സമ്മതിദായകര്‍ തിരിച്ചറിയുന്നുണ്ട്‌.അവിടെയാണ്‌, ആതിരേ, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ കപടരാഷ്ട്രീയ സത്ത വ്യക്തമാകുന്നത്‌.

No comments: