Saturday, January 18, 2014
പൗരസഞ്ചയം ``ശശി''മാരല്ല തരൂരേ..
തിരുവനന്തപുരത്ത് നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ ശശി തരൂരിനെതിരെ ഭാര്യയാണെങ്കിലും സുനന്ദ പുഷകര്‍ വെളിപ്പെടുത്തിയ പലകാര്യങ്ങളിലും ശശി തരൂരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്.പൊതുമണ്ഡലത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ചില ഇടപെടലുകളാണ് പുറത്ത് വന്നിട്ടുള്ളത്.സുതാര്യതയ്‌ക്കും സത്യസന്ധതയ്‌ക്കും ഒരു `പുനരുത്ഥാന വിശുദ്ധി'കൈവന്നിട്ടുള്ള ആം ആദ്‌മിക്കാലത്ത് സുനന്ദ പുഷ്‌കറിന്റെ വെളിപ്പെടുത്തലുകളിലെ ദേശവിരുദ്ധതയും സാമ്പത്തീക ക്രമക്കേടുമൊക്കെ വിശദീകരണം ആവശ്യപ്പെടുന്നവ തന്നെയാണ്.പൊതുജനം കഴുതയാണെന്ന് കാഴ്‌ചപ്പട് ഇനി വിലപ്പോവില്ല.ഇത് ആം ആദ്‌മിക്കാലമാണ്.പൗരസഞ്ചയത്തെ ``ശശി''യാക്കാമെന്ന ചിന്ത ശശി തരൂരിനുംവേണ്ട..!
.
ശശി തരൂര്‍ എന്ന വ്യക്തിയുടെ പ്രണയജീവിതവും ദാമ്പത്യജീവിതവും ചര്‍ച്ച ചെയ്യാന്‍ ഞാനില്ല, ആതിരേ.സദാചാരത്തിന്റേയും ധാര്‍മികതയുടേയും ചന്ദ്രഹാസമിളക്കി എത്തുന്നവരായിരിക്കും പലപ്പോഴും കുറ്റാരോപിതരേക്കാള്‍ കളങ്കിതരെന്നാണ് അനുഭവം.അതു കൊണ്ട് `` പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'' എന്ന ക്രിസ്‌തുവിന്റെ ലൈനാണ് ഇത്തരം വിഷയങ്ങളില്‍ ഞാന്‍ സ്വീകരിക്കുക.
ഒരു വാസ്‌തവം കൂടി വ്യക്തമാക്കട്ടെ.കുടുംബക്കോടതികളില്‍ പരസ്യമായി കേട്ടിട്ടുള്ള സദാചാരവിരുദ്ധതയാണത് .ഭര്‍ത്താവിനെതിരെ വിവാഹമോചനത്തിന് കേസു കൊടുക്കുന്ന ഭാര്യ, പരസ്യമായി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ 90 ശതമാനവും തീര്‍ത്തും അടിസ്ഥാനരഹിതമായവയും തന്റെ നിലപാടിന് നിയമപരമായി കരുത്തുനല്‍കാനുതകുന്ന മ്ലേച്ഛലൈംഗീക ആഭാസത്തരങ്ങളുമായിരിക്കും.പ്രകൃതിവിരുദ്ധ ലൈംഗീകതയും പരസ്‌ത്രീബന്ധവുമെല്ലാം അതിലെ എരിവുള്ള ചേരുവകളായിരിക്കും.ഭാര്യക്കെതിരെ വിവാഹമോചനക്കേസ് കൊടുക്കുന്ന ഭര്‍ത്താവിന്റെ വെളിപ്പെടുത്തലുകളാകട്ടെ 101 ശതമാനവും ആഭാസകരവുമായിരിക്കും.
അതു തന്നെയാണ്, ആതിരേ, കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌കര്‍ ഉന്നയിച്ച ആരോപണങ്ങളുടെ കാതല്‍.തന്റെ ഭര്‍ത്താവ് കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ സുനന്ദയെന്ന പച്ചയായ പെണ്ണ് പലതും വിളിച്ചു പറഞ്ഞു.അന്യന്റെ ദാമ്പത്യം`കോഞ്ഞാട്ടയകുന്നതില്‍'ആഹ്ലാദം കൊള്ളുന്ന നമ്മള്‍ അത് ചൂടാറാതെ കേട്ടും കൈമാറിയും രസിച്ചു.ഇനി മതിയാക്കാം.
അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ , മികച്ച നയതന്ത്രജ്ഞന്‍ , പണ്ഡിതന്‍ , യുഎന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരന്‍ എന്നിങ്ങനെ അടയളപ്പെടുത്തിയിട്ടുള്ള ബഹുമുഖ പ്രതിഭയയായ ഡോ.ശശി തരൂരിനെതിരേയാണ് സുനന്ദ പുഷ്‌കറിന്റെ ആരോപണമെങ്കില്‍ , അതും കേട്ടു മറക്കാവുന്നതേയുള്ളു.ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
എന്നാല്‍, ആതിരേ, തിരുവനന്തപുരത്ത് നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ ശശി തരൂരിനെതിരെ ഭാര്യയാണെങ്കിലും സുനന്ദ പുഷകര്‍ വെളിപ്പെടുത്തിയ പലകാര്യങ്ങളിലും ശശി തരൂരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്.പൊതുമണ്ഡലത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനം അലങ്കരിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഭൂഷണമല്ലാത്ത ചില ഇടപെടലുകളാണ് പുറത്ത് വന്നിട്ടുള്ളത്.സുതാര്യതയ്‌ക്കും സത്യസന്ധതയ്‌ക്കും ഒരു `പുനരുത്ഥാന വിശുദ്ധി'കൈവന്നിട്ടുള്ള ആം ആദ്‌മിക്കാലത്ത് സുനന്ദ പുഷ്‌കറിന്റെ വെളിപ്പെടുത്തലുകളിലെ ദേശവിരുദ്ധതയും സാമ്പത്തീക ക്രമക്കേടുമൊക്കെ വിശദീകരണം ആവശ്യപ്പെടുന്നവ തന്നെയാണ്.
ശശി തരൂരിന്റെ പാകിസ്ഥാനി മാധ്യമ സുഹൃത്തിനെതിരെ സുനന്ദ ഉന്നയിച്ച ആരോപണങ്ങളില്‍ സവിശേഷമായത് അവര്‍ പാക് ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവതിയാണ് എന്നതാണ്.സുനന്ദയുടെ ആ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മെഹര്‍ തരാറിന്റെ പ്രതികരണം പോരാ,പൊതുസമൂഹത്തിലുണ്ടായിട്ടുള്ള സന്ദേഹത്തിന്റെ മുനകളൊടിക്കാന്‍!തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട ശശി തരൂര്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടാതിരുന്നതും,തങ്ങള്‍ പിരിയുന്നില്ല ഒന്നിച്ച് ജീവിക്കുമെന്ന് വ്യക്തമാക്കിയിട്ടും സുനന്ദ ആ ആരോപണം പിന്‍വലിക്കാനോ അത് തന്റെ ക്ഷോഭം വരുത്തിയ തോന്നലാണെന്ന് വിശദീകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍, ആരോപണ വിധേയനായ ശശി തരൂര്‍ ലോകസഭാംഗവും കേന്ദ്ര മന്ത്രിയുമായത് കൊണ്ടും ആ വിഷയത്തില്‍ പൊതുസമൂഹത്തിന് ബോദ്ധ്യമാകുന്ന വിശദീകരണം നല്‍കാന്‍ തരൂരും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും ബാദ്ധ്യസ്ഥരാണ്, ആതിരേ.ഭരണഘടനാ സ്ഥാപനങ്ങളിലിരുന്ന് ശത്രുരാജ്യത്തിന് വേണ്ടി ചാരപ്പണി നടത്തുന്നത് അസ്വഭാവിക കാര്യമല്ലാത്തത് കൊണ്ട് പ്രത്യേകിച്ചും.
മറ്റൊന്ന് ഐപിഎല്ലിലെ `വിയര്‍പ്പോഹരി'യെ (Sweat equity)കുറിച്ചാണ് സുതാര്യത വേണ്ടത്. 2009-ലാണ്?ഐപിഎല്‍ `വിയര്‍പ്പോഹരി' വിവാദം വാര്‍ത്തകളിലിടം നേടിയത്.അന്ന് ഐപിഎല്ലില്‍ പുതുതായി സ്ഥാനം പിടിച്ച കൊച്ചി ടാസ്‌കേഴ്‌സ് കേരള എന്ന ടീമിന്റെ 70 കോടി രൂപയുടെ ഓഹരി സുനന്ദയ്‌ക്ക് നല്‍കിയത് മാധ്യമങ്ങള്‍ ഏറ്റെടുത്തു. തരൂരിന്റെ സുഹൃത്തായ സുനന്ദയ്‌ക്കുള്ള ഓഹരി തരൂരിന്റേതാണെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. ഐപിഎല്ലിന്റെ ചെയര്‍മാനായിരുന്ന ലളിത് മോഡി ട്വിറ്ററിലൂടെ ഉതിര്‍ത്ത ഒളിയമ്പുകളാണ് അന്ന് തരൂരിന്റെ കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്ക്‌കാരണമായത്. ആ ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് സുനന്ദയുടെ വെളിപ്പെടുത്തല്‍.അന്ന് തരൂരിന് വേണ്ടി കുറ്റമെല്ലാം താന്‍ ഏറ്റെടുത്തു എന്നാണ് സുനന്ദ വെളിപ്പെടുത്തിയത്!
രാഷ്ട്രാന്തരതലത്തില്‍ ആദരിക്കപ്പെടുന്ന നയതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമായ ശശി തരൂര്‍ ബിനാമി ഇടപാടുകളുടേയും കമ്മിഷന്റേയും വക്താവാണെന്ന് വരുന്നത് , ആതിരേ,സത്യപ്രതിജ്ഞാലംഘനം തന്നെയാണ്.പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് വാര്‍ഡ് അംഗമായ കോണ്‍ഗ്രസുകാരുടെ ഹാള്‍മാര്‍ക്കായ അഴിമതിയുടെ ഉസ്‌താദാണ് തരൂരെന്നത്, അദ്ദേഹത്തെ തിരഞ്ഞെടുത്തയച്ച സമ്മതിദായകരോടും അദ്ദേഹത്തെ തീറ്റിപ്പോറ്റുന്ന നികുതിദായകരോടുമുള്ള കറയറ്റ ചതിയാണ്.അതല്ലെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ തന്റെ നിരപരാധിത്വം ശശി തരൂര്‍ തെളിയിച്ചേ മതിയാകൂ.?
ഈയിടെ സുബ്രഹ്മണ്യം സ്വാമി ഉയര്‍ത്തിയ ആരോപണമാണ് ,തരൂരിന്റേയും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും വിശദീകരണം ആവശ്യപ്പെടുന്ന മറ്റൊരു സവിശേഷ സംഭവം. വിദേശത്ത് വച്ച് മയക്കുമരുന്നു കേസില്‍ പ്രതിയായ മകനെ രക്ഷിക്കാന്‍ മലയാളിയായ?ഒരു കേന്ദ്ര സഹമന്ത്രി ശ്രമിച്ചെന്നായിരുന്നു സ്വാമിയുടെ ആരോപണം. ആരേയും പേരെടുത്ത് പറയാതെ ആളാരാണെന്ന ലഘുവായ സൂചനപോലുമില്ലാതെ സ്വാമി നടത്തിയ ആരോപണത്തിന് മറുപടി പറഞ്ഞത് തരൂരായിരുന്നു. താനങ്ങനെ ഒരു ഇടപെടല്‍ നടത്തിയിട്ടില്ലെന്നായിരുന്നു തരൂരിന്റെ വാദം. സുനന്ദ പുഷ്‌കറിന്റെ മകന് വേണ്ടിയാണ് തരൂര്‍ ഇടപെടല്‍ നടത്തിയതെന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്ത്.
ആതിരേ, ``സ്ഥാലീപുലിക ന്യായം'' അനുസരിച്ച്( ചോറ് വെന്തോ എന്നറിയാന്‍ ഒന്നുരണ്ട് വറ്റ് പരിശോധിക്കുന്നത്)ശശി തരൂരിന്റെ ദേശദ്രോഹ-ബിനാമി-അധോലോക ബന്ധങ്ങളുടെ തെളിവുകളായിട്ടാണ് ഇവയെല്ലാം പൊതുസമൂഹ മദ്ധ്യത്തില്‍ ഇപ്പോള്‍ അവതരിക്കപ്പെടുന്നത്.`` എല്ലാം ശരിയായി,ഞങ്ങളെ വെറുതേ വിടൂ,ഞങ്ങളുടെ സ്വകാര്യതയിലേയ്‌ക്ക് കടന്നു കയറാതിരിക്കൂ '' എന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയാന്‍ ശശി തരൂരിനാവില്ല.അതു കൊണ്ട് ഈ കാര്യങ്ങളില്‍ യുക്തിഭദ്രമായ വിശദീകരണം നല്‍കാന്‍ ശശി തരൂരെന്ന ലോകസഭാംഗത്തിനും കേന്ദ്ര മന്ത്രിക്കും ബാദ്ധ്യതയുണ്ട്.അദ്ദേഹത്തെ കൊണ്ട് അതു ചെയ്യിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ലോകസഭാ സ്‌പീക്കര്‍ക്കും പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്.
പൊതുജനം കഴുതയാണെന്ന് കാഴ്‌ചപ്പട് ഇനി വിലപ്പോവില്ല.ഇത് ആം ആദ്‌മിക്കാലമാണ്.പൗരസഞ്ചയത്തെ ``ശശി''യാക്കാമെന്ന ചിന്ത ശശി തരൂരിനുംവേണ്ട..!( സുനന്ദയുടെ ദുരൂഹ മരണത്തിന് മുന്പ് എഴുതിയത് )
Subscribe to:
Post Comments (Atom)
No comments:
Post a Comment