Tuesday, January 7, 2014

സുധീരനെ വെട്ടി; കേരളത്തില്‍ കോണ്‍ഗ്രസ്‌ നന്നാകുന്ന ലക്ഷണമില്ല

പ്രതിപക്ഷത്തിന്‌ പോലും സ്വീകാര്യനും സുതാര്യമായ വ്യക്തി ജീവിതത്തിനുടമയും അഴിമതിവിരുദ്ധനുമായ സുധീരനെ,കെപിസിസി അദ്ധ്യക്ഷനാക്കരുതെന്ന്‌ ആദ്യം ശഠിച്ചത്‌ ഉമ്മന്‍ ചാണ്ടിയാണ്‌.മടിയില്‍ ഘനമുള്ളവന്റെ വേവലാതി!ചെയ്‌ത തെറ്റുകള്‍ തിരുത്തി സമ്മതിദായകരോട്‌ നീതിപുലര്‍ത്താനല്ല മറിച്ച അഴിമതിയുമായി സമരസപ്പെട്ട്‌, അതിന്റെ വിഹിതം പറ്റി പടിയിറങ്ങാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മനസ്സിലിരിപ്പ്‌.തോമസ്‌ കുരുവിള-അഭിലാഷ്‌ മുരളീധരന്‍ ബിനാമികളിലൂടെയുള്ള സമ്പത്തിന്റെ ചോരണം തുടരണമെങ്കില്‍ സുധീരന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നാലയലത്ത്‌ എത്തിക്കൂട. സത്യസന്ധരും ,നേര്‍ വഴി നടക്കുന്നവരും , മാന്യരുമായ വ്യക്തികളെ കേരളത്തിലെ കോണ്‍ഗ്രസിന്‌ വേണ്ട . നേരെ മറിച്ചു അഴിമതി നടത്താനും , അഴിമതിക്ക്‌ നേരെ കണ്ണടക്കാനും, കൂടെക്കൂടിയവര്‍ക്ക്‌ അഴിമതി നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാനുമുള്ള മിടുക്കാണ്‌ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത.
രമേശ്‌ ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയതിലൂടെ പുതിയ ആര്‍ജവത്വത്തോടും ആത്മവിശ്വാസത്തോടും യു‌ഡി‌എഫിന് പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്ന്‌ വക്രബുദ്ധിയല്ലാത്ത കോണ്‍ഗ്രസുകാര്‍ സങ്കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ആ പൂതി മനസില്‍ വച്ചാല്‍ മതിയെന്നാണ്‌, ആതിരേ, ചെന്നിത്തലയടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന ആപത്‌ക്കരമായ സൂചന. രമേശ്‌ ഒഴിയുന്ന കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌ വി.എം.സുധീരന്‍ വേണ്ട ജി.കാര്‍ത്തികേയന്‍ മതിയെന്നാണ്‌ ഗ്രൂപ്പ്‌ തര്‍ക്കം മറന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.നീതിമാനെ ക്രൂശിക്കാനും പെരുംകള്ളനെ സ്വതന്ത്രനാക്കാനും പീലാത്തോസിനോട്‌ ആവശ്യപ്പെട്ട യഹൂദരുടെ ക്രിമിനല്‍ മാനസീകാവസ്ഥയാണ്‌ കേരളത്തിലെ ഖദര്‍ധാരി നേതാക്കള്‍ക്കെന്ന്‌ ബോദ്ധ്യമായി. ആം ആദ്‌മി പാര്‍ട്ടിയുടെ ഇഫക്ട്‌ ദേശീയ തലത്തില്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളിലും നിലപാടുകളിലും വിപ്ലവകരമായ പരിവര്‍ത്തനം വരുത്തിക്കൊണ്ടിരിക്കെയാണ്‌, ആതിരേ, കോണ്‍ഗ്രസ്‌,ദേശീയമായും പ്രാദേശികമായും,ജനവിരുദ്ധതയില്‍ അഭിരമിക്കുന്നത്‌.പാചകവാതകത്തിന്റെ വില അസഹ്യമായി വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ ധാര്‍ഷ്ട്യതയ്‌ക്ക്‌ ചൂട്ടു പിടിക്കാന്‍ ഉളുപ്പില്ലാത്ത സോണിയ-രാഹുല്‍-മന്‍മോഹന്‍-മൊയ്‌ലി-ആന്റണി-ചിദംബരം തുടങ്ങിയ ചതിയന്മാരുടെ ചേട്ടന്മാരാകാനാണ്‌ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കുന്നത്‌. പ്രതിപക്ഷത്തിന്‌ പോലും സ്വീകാര്യനും സുതാര്യമായ വ്യക്തി ജീവിതത്തിനുടമയും അഴിമതിവിരുദ്ധനുമായ സുധീരനെ,കെപിസിസി അദ്ധ്യക്ഷനാക്കരുതെന്ന്‌ ആദ്യം ശഠിച്ചത്‌ ഉമ്മന്‍ ചാണ്ടിയാണ്‌.മടിയില്‍ ഘനമുള്ളവന്റെ വേവലാതി!ചെയ്‌ത തെറ്റുകള്‍ തിരുത്തി സമ്മതിദായകരോട്‌ നീതിപുലര്‍ത്താനല്ല മറിച്ച അഴിമതിയുമായി സമരസപ്പെട്ട്‌, അതിന്റെ വിഹിതം പറ്റി പടിയിറങ്ങാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മനസ്സിലിരിപ്പ്‌.തോമസ്‌ കുരുവിള-അഭിലാഷ്‌ മുരളീധരന്‍ ബിനാമികളിലൂടെയുള്ള സമ്പത്തിന്റെ ചോരണം തുടരണമെങ്കില്‍ സുധീരന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നാലയലത്ത്‌ എത്തിക്കൂട. സത്യസന്ധരും ,നേര്‍ വഴി നടക്കുന്നവരും , മാന്യരുമായ വ്യക്തികളെ കേരളത്തിലെ കോണ്‍ഗ്രസിന്‌ വേണ്ട . നേരെ മറിച്ചു അഴിമതി നടത്താനും , അഴിമതിക്ക്‌ നേരെ കണ്ണടക്കാനും, കൂടെക്കൂടിയവര്‍ക്ക്‌ അഴിമതി നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാനുമുള്ള മിടുക്കാണ്‌ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത. തന്റെയും കൂടെയുള്ളവരുടെയും മ്ലേച്ചമായ വീഴ്‌ച്ചകളെ ഉളുപ്പേതുമില്ലാതെ ന്യായീകരിക്കാനും എത്ര ഗര്‍ഹണീയമായ സാഹചര്യങ്ങളെ പ്രതിരോധിക്കാനുമുള്ള തൊലിക്കട്ടി എത്രത്തോളമുണ്ട്‌ ; തന്റെയും പാര്‍ട്ടിയുടെയും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ട ധനം അന്യായ മാര്‍ഗത്തിലൂടെ സ്വരൂപിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയാനുള്ള വൈഭവം എത്രയുണ്ട്‌ , തുടങ്ങിയുള്ള അധാര്‍മികതയുടെ അളവ്‌ എത്ര കണ്ടു കൂടുന്നുവോ , അത്രത്തോളം ആ വ്യക്തി നേതൃ സ്ഥാനത്തേക്ക്‌ സ്വീകാര്യനായിരിക്കും എന്നാണ്‌ സന്ദേശം. അങ്ങനെയാണല്ലോ, ആതിരേ, ഉമ്മന്‍ ചാണ്ടി എല്ലാവര്‍ക്കും സ്വീകാര്യനാകുന്നത്!! ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്റുമായി ഗൂഢാലോചന നടത്തി ഒന്‍പതാം തിയതി പുതിയ കെപിസിസി അദ്ധ്യക്ഷനെ വാഴിക്കുമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.ഐ ഗ്രൂപ്പുകാരന്‍ തന്നെ കെപിസിസിയെ നയിക്കുമെന്ന ഗുണ്ടാശബ്ദം കണ്ണൂരില്‍ നിന്ന്‌ മുഴങ്ങിക്കഴിഞ്ഞു.ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായി സഹകരിച്ചു പോകുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ വേണമെന്ന നിബന്ധന മുന്നോട്ടു വച്ചു കൊണ്ട്‌ അഴിമതിയുടെ തുടര്‍ച്ചയ്‌ക്കാണ്‌ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ കരുനീക്കുന്നത്‌.ജി.കാര്‍ത്തികേയനാണത്രെ അതിന്‌ ഏറ്റവും യോഗ്യന്‍!!! സുധീരന്റെ രാഷ്ട്രീയ പാരമ്പര്യവും പ്രതിച്ഛായയും ലോകസഭാ തെരനെടുപ്പിലും പിന്നീടും പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ്‌ ,ആതിരേ,വിവേകമുള്ളവര്‍ സുധീരന്റെ പേര്‌ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌ നിര്‍ദേശിച്ചത്‌. കഴിഞ്ഞ രണ്ടരവര്‍ഷത്തെ യുഡിഎഫ്‌ ഭരണം കേരളത്തിലെ സമ്മതിദായക മനസ്സിനേല്‍പ്പിച്ച ആഘാതങ്ങള്‍ ലഘൂകരിക്കാനും യുഡിഎഫിനോടുള്ള ആഭിമുഖ്യം വളര്‍ത്താനും ലോകസഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും സുധീരന്‍ പാര്‍ട്ടി അദ്ധ്യക്ഷനാകുന്നതാണ്‌ അഭിലഷണീയമെന്ന പൊതുബോധത്തിന്റെ സ്വരമാണ്‌, ആതിരേ, അഴിമതിയോട്‌ ചങ്ങാത്തം കൂടുന്ന ഗ്രൂപ്പ്‌ രഹിത മുറവിളിയില്‍ മുങ്ങിപ്പോയത്‌.കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സുധീരനോടായിരുന്നു താത്‌പര്യം. കാര്‍മേഘാവൃതമായ ഈ അന്തരീക്ഷത്തിലും പ്രതീക്ഷയുടെ നേര്‍ത്തൊരു രജത രേഖ ചക്രവാളച്ചെരുവില്‍ കാണാനാകുന്നുണ്ട്‌.കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേയ്‌ക്ക്‌ ഒന്നിലധികം പേരുകള്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഹൈക്കമാന്റ്‌ എ.കെ.ആന്റണിയുടെ ഉപദേശം തേടുകയുണ്ടായി.അതിന്‌ പിന്നലെയാണ്‌ വി.എം.സുധീരനെ പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ടി.എന്‍.പ്രതാപന്‍ ഹൈക്കമാന്‍ഡിനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെല്ലാം കത്തയച്ചത്‌.കേരളത്തിലെ ജനപക്ഷ നേതാവാണ്‌ വി.എം.സുധീരന്‍ എന്ന ആമുഖത്തോടെയാണ്‌ കത്ത്‌.ഇങ്ങനെ ഒരു കത്തയച്ചതിന്‌ പിന്നില്‍ എ.കെ.ആന്റണിയുടെ സാന്നിദ്ധ്യം സൂക്ഷമമായി നിരിക്ഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും.ഹൈക്കമാന്‍ഡിന്റെ മനസ്സിലിരിപ്പ്‌ അറിഞ്ഞു കൊണ്ടുള്ള ആന്റണിയുടെ നീക്കമാണ്‌ ഇതെന്ന വിലയിരുത്തലുമുണ്ട്‌. ആം ആദ്‌മി ഇഫക്ടിന്റെ ഭാഗമായി ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതി കേസിലെ ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ഭാഗികമായി അംഗീകരിച്ച വിവേകം കേരളത്തിലും പ്രായോഗികമായാല്‍ പ്രതാപന്‍ ആവശ്യപ്പെട്ടത്‌ പോലെ വി.എം.സുധീരന്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാകും.എങ്കില്‍ മാനക്കേടില്‍ നിന്ന്‌ വൈകിയാണെങ്കിലും പ്രദേശ്‌ കോണ്‍ഗ്രസ്‌ രക്ഷപെടും. പക്ഷേ, ആതിരേ, ചാണ്ടിയും ചെന്നിത്തലയും മറ്റു ഗ്രൂപ്പ്‌ നേതാക്കളും അതാഗ്രഹിക്കുന്നില്ലല്ലോ..

No comments: