Thursday, January 23, 2014

അമ്പത്തൊന്നു വെട്ടിന്റെ അപരാധം അവസാനിക്കുന്നില്ല

ആദ്യഘട്ടത്തില്‍, അതായത്‌ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട 2012 മേയ്‌ 4 ന്‌ രാത്രി 10.15 മുതലുള്ള ഒരാഴ്‌ച സ്‌തുത്യര്‍ഹമായ നിലയിലായിരുന്നു പോലീസ്‌ അന്വേഷണം. ടി.കെ.രജീഷിനെ പോലെയുള്ള കൊടുംക്രിമിനലുകളെ സാഹസികമായാണ്‌ പോലീസ്‌ പിടികൂടിയത്‌. അതംഗീകരിക്കപ്പെടേണ്ടതാണ്‌. പക്ഷേ ആരാണ്‌ കൊലയാളികള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയത്‌ എന്നന്വേഷിക്കേണ്ട ഘട്ടംവന്നപ്പോള്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായി. അതിന്റെ ഭാഗമായി കൊലയാളികളിലും ഏറ്റവും താഴേതട്ടിലെ ഗൂഢാലോചനക്കാരിലേയ്‌ക്കും കേസ്‌ ഒതുങ്ങി.അതു കൊണ്ടാണ്‌ പി.മോഹനന്‍ രക്ഷപെട്ടത്‌. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ പോയത്‌ ആഭ്യന്തരവകുപ്പിന്റെ പരാജയം തന്നെയാണ്‌ .തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സിപിഎം നേതൃത്വവും നടത്തിയ ഒത്തുകളിയാണത്‌
ആതിരേ പറഞ്ഞ്‌ നില്‍ക്കാന്‍ പ്രകാശ്‌ കാരട്ടിനും പിണറായി വിജയനും ഒരു ദുര്‍ബല ന്യായം ലഭിച്ചു എന്നതൊഴിച്ചാല്‍ സിപിഎമ്മിന്‌ ആശ്വസിക്കാന്‍ ,ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയില്‍ ഒന്നുമില്ല.എന്നല്ല അത്‌ സിപിഎമ്മിന്റെ സംഘര്‍ഷവും സംത്രാസവും വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. 2012ല്‍ നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പ്‌ കാലത്ത്‌ നടത്തിയ അതിനീചമായ ഉന്മൂലനത്തിന്റെ തുടര്‍ചലനങ്ങള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രചണ്ഡമായി ആഞ്ഞടിക്കുമെന്നും ആ പ്രതിഷേധപ്രവാഹത്തില്‍ സിപിഎമ്മിന്‌ അവശേഷിക്കുന്ന ജനസമ്മതിയും കാല്‍ക്കീഴില്‍ നിന്നൊലിച്ചു പോകുമെന്നും ഉറപ്പായി. കേരളത്തിന്റെ പൊതുബോധത്തേയും മലയാളികളുടെ മനസാക്ഷിയേയും ഇന്നും വേട്ടയാടുന്ന ബീഭത്സതയാണ്‌, ആതിരേ, അന്‍പത്തി ഒന്ന്‌ വെട്ടിന്റെ കിരാത രാഷ്ട്രീയം.രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്‌ പുത്തരിയല്ല.എന്നാല്‍ അത്തരം നൃശംസതയുടെ ഒരു ഒരു തലയ്‌ക്കല്‍ എന്നുമുണ്ടായിരുന്ന സിപിഎമ്മാണ്‌ ചന്ദ്രശേഖരന്റെ വധത്തിന്‌ പിന്നിലെന്നത്‌ ആ പാര്‍ട്ടിയുടെ സംഹാരരാഷ്ട്രീയത്തിന്റെ അനിഷേധ്യമായ തെളിവണ്‌. രക്തപങ്കിലമായ ആ ഭൂമികയില്‍ സി.പി.എമ്മിന്റെ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും കെ.കെ.ലതിക എംഎല്‍എയുടെ ഭര്‍ത്താവുമായ പി. മോഹനനെ സാങ്കേതികാര്‍ത്ഥത്തില്‍ കോടതി വെറുതെ വിട്ടത്‌ സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമാണെന്നുള്ളതിനുള്ള തെളിവാണെന്ന്‌ പിണറായി വിജയന്‍ വാദിക്കുമ്പോള്‍ ,ആതിരേ, അപഹസിക്കപ്പെടുന്നത്‌ സമരതീക്ഷ്‌ണമായ രാഷ്ട്രീയ സത്യസന്ധതയും അടിസ്ഥാന വര്‍ഗത്തിന്റെ മോചനപ്രതീക്ഷകളുമാണ്‌. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, അന്യായമായ സംഘം ചേരല്‍ , കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സംശയാതീതമായി നിലനില്‍ക്കുമെന്ന്‌ കോടതി കണ്ടെത്തിയത്‌. നേരിട്ട്‌ കൊലപാതകം നടത്തിയ ഒന്നു മുതല്‍ ഏഴ്‌ വരെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞതായും കോടതി കണ്ടെത്തി.സമാനതകളില്ലാത്തെ ഭീകരതയുടെ ഈ വേതാളങ്ങള്‍ക്കൊപ്പം സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും പതിമൂന്നാം പ്രതിയുമായ പി.കെ.കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗവും എട്ടാം പ്രതിയുമായ കെ.സി.രാമചന്ദ്രന്‍, കുന്നോത്ത്‌പറമ്പ്‌ ബ്രാഞ്ച്‌ സെക്രട്ടറിയും പതിനൊന്നാം പ്രതിയുമായ ട്രൗസര്‍ മനോജ്‌ എന്നിവരും കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയതോടെ,ആതിരേ, ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനുള്ള കിരാതമായ പങ്ക്‌ രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനവും സ്ഥിരീകരിക്കുകയാണ്‌.സംസ്ഥാന സമിതിയംഗം കെ.കെ.രാഗേഷ്‌ അടക്കം ഇരുപതോളം പേരുടെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. അക്കൂട്ടത്തിലും ഉന്നതരായ സിപിഎം നേതാക്കളുണ്ട്‌.അതു കൊണ്ടാണ്‌ പിണറായി വിജയന്റെ അവകാശവാദം അപഹാസ്യമാകുന്നത്‌. ആതിരേ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ സിപിഎം. വിട്ട്‌ ആര്‍എംപി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊല്ലാന്‍ ഒന്നു മുതല്‍ ഏഴ്‌ വരെയുള്ള പ്രതികളെ പ്രേരിപ്പിച്ചത്‌ എന്താണ്‌ ?സിപിഎമ്മിന്റെ കൊലയാളി സ്‌ക്വാഡിലുള്ളവരാണ്‌?ഈ ഏഴ്‌ പ്രതികളും. എന്നാല്‍ ഇവര്‍ക്ക്‌ ചന്ദ്രശേഖരനോട്‌ പ്രത്യേകമായ വിരോധമുണ്ടാകാന്‍ കാരണമെന്താണ്‌?.അതാരും വിശദീകരിക്കുന്നില്ല.ഇപ്പോള്‍ പ്രതികളെന്ന്‌ കണ്ടെത്തിയ 12 പേരില്‍ 11പേരും കണ്ണൂര്‍ ജില്ലക്കാരാണ്‌ .അവര്‍ക്കെന്താണ്‌ ചന്ദ്രശേഖരനോട്‌ വിരോധം?അതും വിശദീകരിക്കപ്പെടുന്നില്ല! അപ്പോള്‍ ആരാണ്‌ ചന്ദ്രശേഖരനെ കൊല്ലാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ്‌ പ്രസക്തമായ ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം സ്വാഭാവികമായും സിപിഎം. നേതാക്കള്‍ എന്നു തന്നെയാണ്‌. അതേസമയം പി.മോഹനനെ കുറ്റവിമുക്തനാക്കിയതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌,ഗൂഢാലോചനയില്‍ മോഹനനുള്ള പങ്ക്‌ തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ പോലീസ്‌ കണ്ടെത്തിയില്ല അല്ലെങ്കില്‍ പോലീസ്‌ സംഘടിപ്പിച്ച തെളിവുകള്‍ ശരിയാംവണ്ണം കോടതിയെ ബോധിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല എന്നാണ്‌. ആദ്യഘട്ടത്തില്‍, അതായത്‌ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട 2012 മേയ്‌ 4 ന്‌ രാത്രി 10.15 മുതലുള്ള ഒരാഴ്‌ച സ്‌തുത്യര്‍ഹമായ നിലയിലായിരുന്നു പോലീസ്‌ അന്വേഷണം. ടി.കെ.രജീഷിനെ പോലെയുള്ള കൊടുംക്രിമിനലുകളെ സാഹസികമായാണ്‌ പോലീസ്‌ പിടികൂടിയത്‌. അതംഗീകരിക്കപ്പെടേണ്ടതാണ്‌. പക്ഷേ ആരാണ്‌ കൊലയാളികള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കിയത്‌ എന്നന്വേഷിക്കേണ്ട ഘട്ടംവന്നപ്പോള്‍ ഉന്നതങ്ങളില്‍ നിന്നും ഇടപെടലുണ്ടായി. അതിന്റെ ഭാഗമായി കൊലയാളികളിലും ഏറ്റവും താഴേതട്ടിലെ ഗൂഢാലോചനക്കാരിലേയ്‌ക്കും കേസ്‌ ഒതുങ്ങി.അതു കൊണ്ടാണ്‌ പി.മോഹനന്‍ രക്ഷപെട്ടത്‌. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതെ പോയത്‌ ആഭ്യന്തരവകുപ്പിന്റെ പരാജയം തന്നെയാണ്‌ . തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സിപിഎം നേതൃത്വവും നടത്തിയ ഒത്തുകളിയാണത്‌.മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ `നോമിനേറ്റഡ്‌ പ്രതികളില്‍' നിന്ന്‌ മാറി യഥാര്‍ത്ഥപ്രതികളെ കണ്ടെത്തി ശിക്ഷിപ്പിച്ചതാണ്‌ പോലീസിന്റേയും പ്രോസിക്യൂഷന്റേയും വിജയം.അതു പറയുമ്പോഴും ഒരേസമയം സിപിഎമ്മിനും തിരുവഞ്ചൂരിനും എതിരായ കുറ്റപത്രമാണ്‌ കോഴിക്കോട്‌ പ്രത്യേക കോടതിയുടെ വിധി.ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്‌ സിപിഎമ്മിന്റെ കുളം തോണ്ടുകയും ചെയ്യും,ആതിരേ.

No comments: