Friday, January 31, 2014

സുനന്ദ പുഷ്കര്‍ :ഫയല്‍ കാണാനില്ല;തരൂരിന് കൊമ്പുണ്ട്..!

സുനന്ദയുടെ ജഡം കണ്ടെത്തിയത്‌ സംബന്ധിച്ച്‌ ശശി തരൂര്‍ പോലീസിനോട്‌ പറഞ്ഞത്‌ മുതല്‍ ആരംഭിക്കുന്നു അസ്വഭാവികതകളും ദുരൂഹതകളും.മരണം നടന്ന അന്ന്‌ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം മുതല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ്‌ വരെ പറയുന്ന കാര്യങ്ങള്‍ വരെ വ്യക്തമാക്കുന്നത്‌ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു എന്നാണ്‌.ഏറ്റവും ഒടുവില്‍ ലഭിച്ച വാര്‍ത്തയനുസരിച്ച്‌ കേസന്വേഷണത്തിന്റെ ഫയല്‍ തന്നെ കാണാതായിരിക്കുന്നു.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം ജനുവരി 17ന്‌ പകല്‍ നാലു മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ്‌ മരണം നടന്നത്‌.അന്ന്‌ മൂന്ന്‌ മണിക്ക്‌ പ്രസന്നയായി സുനന്ദയെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിട്ടുണ്ട്‌.മരണത്തിന്‌ മുന്‍പ്‌ പിടിവലി നടന്നെന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.മുഖത്തും ശരീരത്തിന്റെ മുകള്‍ ഭാഗത്തും പിടിവലിയുടെ 15ഓളം പാടുകളുണ്ടായിരുന്നു.ഇടത്‌ കൈത്തണ്ടയില്‍ കടിച്ചതിന്റെ ആഴത്തിലുള്ള വടുക്കളുണ്ടായിരുന്നു.ആമാശയത്തില്‍ മദ്യം ഇല്ലായിരുന്നു.മനഃസംഘര്‍ഷം കുറയ്‌ക്കുന്ന ആല്‍പ്രാക്‌സ്‌ എന്ന്‌ ഗുളിക 27 എണ്ണം ഉള്ളില്‍ ചെന്നിരുന്നു-പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണിതെല്ലാം.സുനന്ദ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ സ്ഥാപിക്കുന്ന ഈ തെളിവുകള്‍ ആരിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്ത്‌ തരൂര്‍ എഐസിസി സമ്മേളന വേദിയിലായിരുന്നു. അപ്പോള്‍ പിന്നെ ആര്‌?എന്തിന്‌?എങ്ങനെ?
ശശി തരൂരിനെന്താ കൊമ്പുണ്ടോ? ഉണ്ടല്ലോ,ആതിരേ! അതു കൊണ്ടല്ലേ സുനന്ദ പുഷകറിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ദ്ധിക്കുമ്പോഴും തരൂരിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ക്‍ളീന്‍ ചിറ്റ്‌ നല്‍കിയതും അദ്ദേഹത്തെ വക്താവയി ഉയര്‍ത്തിയതും. ഡല്‍ഹി ചാണക്യപുരിയിലുള്ള ലീലാ പാലസ്‌ എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ 345-ാം നമ്പര്‍ സ്വീറ്റില്‍ , ജനുവരി 17 രാത്രി സുനന്ദ പുഷകറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിലും ദുരൂഹമാണ്‌ പിന്നീടുണ്ടായിട്ടുള്ള സംഭവങ്ങള്‍.സുനന്ദയുടെ ജഡം കണ്ടെത്തിയത്‌ സംബന്ധിച്ച്‌ ശശി തരൂര്‍ പോലീസിനോട്‌ പറഞ്ഞത്‌ മുതല്‍ ആരംഭിക്കുന്നു അസ്വഭാവികതകളും ദുരൂഹതകളും.മരണം നടന്ന അന്ന്‌ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം മുതല്‍ ഇപ്പോള്‍ ഡല്‍ഹി പോലീസ്‌ വരെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു എന്നാണ്‌.ഏറ്റവും ഒടുവില്‍ ലഭിച്ച വാര്‍ത്തയനുസരിച്ച്‌ കേസന്വേഷണത്തിന്റെ ഫയല്‍ തന്നെ കാണാതായിരിക്കുന്നു. ആതിരേ, ജനുവരി 17-ാം തിയതി മുതല്‍ പ്രതീക്ഷിച്ചതാണ്‌ ഇങ്ങനെ ഒരു പരിണതി .ശശി തരൂര്‍ തന്നെയാണ്‌ ആ സൂചനകള്‍ തന്നതും.സുനന്ദയുടെ ജഡം കണ്ടെത്തുന്നത്‌ വരെയുള്ള സംഭവങ്ങളെക്കുറിച്ചുള്ള തരൂരിന്റേയും പഴ്‌സണല്‍ സ്റ്റാഫിന്റേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴികള്‍ അത്രമാത്രം പരസ്‌പരവിരുദ്ധമായിരുന്നു.എഐസിസി സമ്മേളന വേദിയില്‍ നിന്നെത്തിയ സമയം മുതലുള്ള തരൂരിന്റെ പ്രവൃത്തികളും ഏറ്റവും ഒടുവിലത്തെ ട്വീറ്റുമെല്ലാം ഈ സംശയത്തെ ശതഗുണീഭവിപ്പിക്കുന്നതായിരുന്നു. തരൂര്‍ കേന്ദ്രമന്ത്രിയായത് കൊണ്ടാണ്‌ ഈ സന്ദേഹങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കാതിരുന്നത്‌. സുനന്ദ വെളിപ്പെടുത്തിയ രണ്ട്‌ നിര്‍ണായക സംഭവങ്ങള്‍ ഈ പുതിയ പരിണതിക്ക്‌ കാരണമായിട്ടുണ്ടെന്ന്‌ വിശ്വസിക്കണം, ആതിരേ.ശശി തരൂരിന്റെ പുതിയ പെണ്‍സുഹൃത്ത്‌ മെഹര്‍ തരാര്‍ പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ്‌ഐയുടെ ഏജന്റാണെന്നത്‌,ഭര്‍ത്താവിനെ വശീകരിച്ചെടുത്ത മറ്റൊരു സ്‌ത്രീയോടുള്ള പകയില്‍ നിന്ന്‌ ഉയിരെടുത്ത വികാരവിക്ഷോഭമല്ലെന്ന്‌ കരുതേണ്ടിയിരിക്കുന്നു.വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആരോപണമായിരുന്നില്ലേ അത്‌? അന്വേഷിക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണ്‌.പക്ഷെ തരൂരിനെ വിശുദ്ധനാക്കി വാഴിക്കുകയാണല്ലോ അവര്‍ ചെയ്‌തത്‌!മറ്റേതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‌ എതിരെ ആയിരുന്നു ഇങ്ങനെ ഒരു ആരോപണമെങ്കില്‍ എന്തായിരിക്കും സര്‍ക്കാരിന്റേയും പോലീസിന്റേയും നടപടികളെന്ന്‌ നമുക്കറിയാം.മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ ഭരണകൂടങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടിക്കൂട്ടുന്ന പൈശാചികതകള്‍ നമുക്ക്‌ സുപരിചിതമാണ്‌.എന്നിട്ടും ,ഒരു കേന്ദ്രമന്ത്രിക്കെതിരെ സ്വന്തം ഭാര്യ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണം കേട്ടില്ലെന്നാണല്ലോ ഭരണകൂടത്തിന്റെ നാട്യം.ശശി തരൂരിന് കൊമ്പുണ്ട് ആതിരേ... സുനന്ദയുടെ ദുബായ്‌ ബിസിനസ്‌ ബന്ധങ്ങള്‍ ,തരാറിനെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിന്‌ സാഹയകമായിട്ടുണ്ടാകില്ലേ,ആതിരേ ?ഒരു കേന്ദ്ര മന്ത്രിക്കെതിരെയാണ്‌ താന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുള്ള നല്ല ബോദ്ധ്യം സുനന്ദയ്‌ക്കുണ്ടായിരുന്നില്ലന്നാണോ?ഇത്തരം ഒരു ആരോപണം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത സ്‌ത്രീയൊന്നുമല്ലല്ലോ സുനന്ദ. മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ ഐപിഎല്‍ സംബന്ധിച്ചുള്ളതാണ്‌.ജനുവരി 17ന്റെ ആദ്യ മണിക്കൂറുകളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിംഗിനോടും പി ന്നീട്‌ ബര്‍ക്ക ദത്തിനോടും ഇത്‌ സംബന്ധിച്ച്‌ സുനന്ദ ചില സൂചനകള്‍ നല്‍കിയെന്നാണ്‌ വാര്‍ത്തകള്‍ .സോണിയ ഗാന്ധിയെ നേരിട്ട്‌ കാണണമെന്നും ഐപിഎല്‍ സംബന്ധിച്ച്‌ ചിലതെല്ലാം വെളിപ്പെടുത്താനുണ്ടെന്നും സുനന്ദ പറഞ്ഞതായാണ്‌ വാര്‍ത്ത.ജനുവരി 17 ന്‌ വൈകീട്ട്‌ തമ്മില്‍ കാണാമെന്നും അപ്പോള്‍ ബാക്കി പറയാമെന്നും സുനന്ദ പറഞ്ഞെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതാണല്ലോ. ആതിരേ, ശശി തരൂരിനെ സുനന്ദ വിവാഹം കഴിക്കുമ്പോള്‍ ഐപിഎല്‍ വിവാദം വാര്‍ത്തകളില്‍ നിറയുകയായിരുന്നു. കൊച്ചി ഐപിഎല്‍ ടീമിന്‌ വേണ്ടി 70 കോടിയുടെ ഓഹരി സുനന്ദ പുഷ്‌കറിന്റെ പേരിലായിരുന്നു.വിയര്‍പ്പോഹരി-(Sweat equity) എന്നാണ്‌ തരൂര്‍ അതിനെ വിശേഷിപ്പിച്ചത്‌.കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ കൊച്ചി ഐപിഎല്‍ ടീമിനായി അനധികൃതമായി ഇടപെട്ടുവെന്ന്‌ പരാതിയുണ്ടായതോടെ സ്ഥാനം ഒഴിയേണ്ടിവന്നു. ആ സമയത്ത്‌ സുനന്ദ വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുനന്ദ 70 കോടിയുടെ സൗജന്യ ഓഹരികള്‍ ഉപേക്ഷിച്ചു. തന്റെ തീരുമാനങ്ങള്‍ എല്ലാം സ്വമേധയാ ആണെന്നും ശശി തരൂരിന്‌ അതില്‍ ബന്ധമില്ലെന്നുമായിരുന്നു സുനന്ദ അന്ന്‌ പറഞ്ഞത്‌. അതില്‍ നിന്ന്‌ വിഭിന്നവും ഞെട്ടിക്കുന്നതുമായ മറ്റ്‌ എന്തോ സുനന്ദയ്‌ക്ക്‌ പറയാനുണ്ടായിരുന്നു എന്നു വേണമല്ലോആതിരേ, അനുമാനിക്കാന്‍.ഐപിഎല്ലിലെ ഒത്തുകളി ഉള്‍പ്പെടെയുള്ള അധോലോക വ്യാപരത്തില്‍ ദാവൂദ്‌ ഇബ്രാഹിമിനുള്ള പങ്ക്‌ സുവദിതമാണ്‌.തരൂര്‍ കൊച്ചി ഐപിഎല്‍ ടീമിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ,2010ല്‍ ആ നീക്കത്തില്‍ നിന്ന്‌ പിന്മാറിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന്‌ ദാവൂദിന്റെ ഏജന്റ്‌ ഭീഷണിപ്പെടുത്തിയ വാര്‍ത്തയും പുറത്ത്‌ വന്നിരുന്നു.പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. ആതിരേ തരൂരിനേയും കോണ്‍ഗ്രസിനേയും പോലീസിനേയും സുനന്ദയുടെ മകന്‍ ശിവ്‌ മേനോനേയും നമുക്ക് വിശ്വസിക്കാം.അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തരൂരിന്‌ സുനന്ദയെ ജീവനായിരുന്നെന്നും അദ്ദേഹത്തിന്‌ അവരെ ശാരീരികമായി ഉപദ്രവിക്കാന്‍ കഴിയില്ലെന്നുമുള്ള വെളിപ്പെടുത്തലുകളും അംഗീകരിക്കാം.തന്റെ മാതാവ്‌ ആത്മഹത്യ ചെയ്യാന്‍ മാത്രം ദുര്‍ബലയല്ലെന്ന ശിവ്‌ മേനോന്റെ വെളിപ്പെടുത്തലും സുനന്ദയുടെ ബന്ധുക്കളുടെ അവകാസവാദവും സംശയിക്കേണ്ടതില്ല. അപ്പോള്‍ പിന്നെ എങ്ങനെയായിരുന്നു സുനന്ദ മരിച്ചത്‌? ശശി തരൂരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പെയിന്റിംഗ്‌ ജോലികള്‍ നടക്കുകയായിരുന്നു എന്ന കള്ളം പ്രചരിപ്പിച്ചതെന്തിന്‌?സുനന്ദയുടെ ജഡം അവിടെ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ അകത്ത്‌ കയറ്റാതിരുന്നതെതിന്‌?സുനന്ദ കിടന്നിരുന്ന്‌ മുറി അകത്ത്‌ നിന്ന്‌ സാക്ഷയിട്ടിരിക്കുകയായിരുന്നെന്ന്‌ തരൂര്‍ കള്ളം പറഞ്ഞതെന്തിന്‌?16-ാം തീയതി മുതല്‍ ഭക്ഷണംകഴിക്കതെ സുനന്ദ മദ്യപിക്കുകയായിരുന്നെന്ന്‌ പെരും നുണ പ്രചരിപ്പിച്ചതെന്തിന്‌?സുനന്ദയുടെത്‌ സ്വാഭാവികമരണമായിരുന്നു;ആത്മഹത്യ ചെയ്‌തതിന്റെ തെളിവുകളൊന്നുമില്ലെന്ന്‌ മരണവാര്‍ത്ത്‌ പുറത്ത്‌ വന്ന്‌ നിമിഷങ്ങള്‍ക്കകം തരൂരിന്റെ പേഴ്‌സണല്‍ സെക്രട്ടറി അഭിനവ്‌ കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞതെന്തിന്‌? ആതിരേ, പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം ജനുവരി 17ന്‌ പകല്‍ നാലു മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ്‌ മരണം നടന്നത്‌.അന്ന്‌ മൂന്ന്‌ മണിക്ക്‌ പ്രസന്നയായി സുനന്ദയെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടിട്ടുണ്ട്‌.മരണത്തിന്‌ മുന്‍പ്‌ പിടിവലി നടന്നെന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.മുഖത്തും ശരീരത്തിന്റെ മുകള്‍ ഭാഗത്തും പിടിവലിയുടെ 15ഓളം പാടുകളുണ്ടായിരുന്നു.ഇടത്‌ കൈത്തണ്ടയില്‍ കടിച്ചതിന്റെ ആഴത്തിലുള്ള വടുക്കളുണ്ടായിരുന്നു.ആമാശയത്തില്‍ മദ്യം ഇല്ലായിരുന്നു.മനഃസംഘര്‍ഷം കുറയ്‌ക്കുന്ന ആല്‍പ്രാക്‌സ്‌ എന്ന്‌ ഗുളിക 27 എണ്ണം ഉള്ളില്‍ ചെന്നിരുന്നു-പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണിതെല്ലാം.സുനന്ദ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ സ്ഥാപിക്കുന്ന ഈ തെളിവുകള്‍ ആരിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്ത്‌ തരൂര്‍ എഐസിസി സമ്മേളന വേദിയിലായിരുന്നു. അപ്പോള്‍ പിന്നെ ആര്‌?എന്തിന്‌?എങ്ങനെ? അത്‌ അന്വേഷിക്കണമെന്ന്‌ തരൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍,ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തയില്‍ പറയുന്നത്‌ പോലെ കേസ്‌ അന്വേഷണത്തിന്റെ ഫയല്‍ നഷ്ടപ്പെടില്ലായിരുന്നല്ലോ, ആതിരേ! അധികാരത്തിന്റെ അണിയറയില്‍ നടക്കുന്ന അന്തര്‍ നാടകങ്ങളും അശ്ലീലതകളും അധാര്‍മ്മികതകളും സാധാരണക്കാര്‍ക്ക്‌ ഊഹിക്കാവുന്നതിലും അപ്പുറമാണ്‌.നിലനില്‍പ്പാണ്‌ പ്രധാനം.അതിന്‌ ഏത്‌ തന്ത്രവും പയറ്റും.ആരുമായും കൂട്ടു പിടിക്കും.മഹാകവി ജി.ശങ്കരക്കുറുപ്പിനെ അല്‍പമൊന്നു തിരുത്തിപ്പറയട്ടെ: അനന്തമജ്ഞാതമവര്‍ണനീയം `അധികാര ഗോളം' തിരിയുന്ന മാര്‍ഗം! അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു?

No comments: