Monday, January 27, 2014

ആം ആദ്‌മി:രാഷ്ട്രപതി എന്തിനിത്ര അസഹിഷ്‌ണുവാകണം?

അഴിമതിഭരിതവും,വഞ്ചനാത്മകവുമായ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ദഹിക്കാത്ത സത്യസന്ധതയുടെ രാഷ്ട്രീയമാണിത്‌.അധികാര കേന്ദ്രീകരണത്തിനും അനധികൃത സ്വത്തുസമ്പാദനത്തിനും ഇടയില്ലാത്ത ജനാധിപത്യം.മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകരുടെ ആര്‍ജവം ചോദ്യം ചെയ്യുന്ന ഈ ശൈലിയെ അരാജകവാദം എന്ന്‌ ബ്രാന്‍ഡ്‌ ചെയ്യേണ്ടത്‌ മുഖംമൂടിധാരികളായ രാഷ്ട്രീയക്കാര്‍ക്ക്‌ അനിവാര്യമാണ്‌.പക്ഷെ ആം ആദ്മിയുടെ കാര്യത്തില്‍ രാഷ്ട്രപതി എന്തിനിത്ര അസഹുഷ്‌ണുവാകണം?ഇവിടെയാണ്‌ രാഷ്ട്രപതിഭവന്‍ തുടങ്ങി ഗ്രാമപഞ്ചായത്ത്‌ വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയുടെ ആഴവും വ്യാപ്‌തിയും മനസിലാകുന്നത്‌.ഒറ്റയ്‌ക്ക്‌ ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കി അവരെ ഡല്‍ഹിയുടെ ഭരണമേല്‍പ്പിച്ചത്ത്‌ കോണ്‍ഗ്രസിന്‌ ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടോ ജനവികാരം മാനിക്കാനുള്ള വിനയം കൊണ്ടോ ആയിരുന്നില്ലല്ലോ.ഒരു കെണി ഒരുക്കാനാണ്‌ കോണ്‍ഗ്രസ്‌ മുതിര്‍ന്നത്‌.പക്ഷെ അവരുള്‍പ്പെടെയുള്ള അഴിമതിയുടെ വേതാളങ്ങളെ കെണിയില്‍ പെടുത്തുന്നതായിരുന്നു കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും തന്ത്രജ്ഞത
``ജനാധിപത്യം പൗരന്റെ മൗലികാവകാശമാണ്‌. ജനപ്രിയ അരാജകത്വം ഭരണസംവിധാനത്തിന്‌ പകരമാവില്ല. പാലിക്കാന്‍ കഴിയാത്ത വാഗ്‌ദാനങ്ങള്‍ രാഷ്ട്രിയക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കരുത്‌. തിരഞ്ഞെടുപ്പ്‌ വിജയം വ്യാമോഹങ്ങളുമായി നടക്കാനുള്ള ലൈസന്‍സല്ല`രാഷ്ട്രം 65-ാം റിപ്പബ്‌ളിക്ക്‌ ദിനം കോണ്ടാടുന്നതിന്റെ തലേന്ന്‌ രാഷ്ട്രപതി പ്രണാബ്‌ കുമാര്‍ മുഖര്‍ജി രാഷ്ട്രത്തിന്‌ നല്‍കിയ സന്ദേശത്തിലെ കാതലായ ഭാഗമാണ്‌ , ആറ്മുറ്ല്തിരേ, ഉദ്ധരിച്ചത്‌. അഴിമതിയും വിലക്കയറ്റവും ആഗാമിയാകുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള മേല്‍ക്കൈയ്യൊന്നുമല്ല കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്‌ മറിച്ച്‌ അരവിന്ദ്‌ കേജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയുമാണെന്ന്‌ രാഷ്ട്രപതിയുടെ ആശങ്കാഭരിതവും അസഹിഷ്‌ണുത നിറഞ്ഞതുമായ രൂപകങ്ങള്‍ വ്യക്തമാക്കുന്നു എന്തിനാണ്‌ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അരവിന്ദ്‌ കേജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും ഭയക്കുന്നത്‌?എന്തിനാണ്‌ ദേശീയ മാധ്യമങ്ങള്‍ ഇവര്‍ക്കെതിരേ നുണപ്രചാരണം നടത്തുന്നത്‌? എന്തു കൊണ്ടാണ്‌ പരമ്പര്യരാഷ്ട്രീയ നിരൂപകര്‍ക്ക്‌ ഇവരുടെ നയങ്ങളും ഭരണ രീതിയും അരാജകവാദമാകുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌, ആതിരേ.അധികാര-അതിജീവന-അനുരഞ്ജന രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായ അഴിമതിക്കെതിരായാണ്‌ കേജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നിലപാടെടുത്തിട്ടുള്ളത്‌.ഭരണകൂടവും ഭരണീയരും തമ്മിലുള്ള അകലം കുറച്ച്‌ ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനങ്ങളുടെ ആവശ്യം നേടിയെടുക്കുന്ന ജനായത്ത ഭരണമാണ്‌ ഡല്‍ഹിയില്‍ നടത്തുന്നത്‌. അഴിമതിഭരിതവും,വഞ്ചനാത്മകവുമായ പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ ദഹിക്കാത്ത സത്യസന്ധതയുടെ രാഷ്ട്രീയമാണിത്‌, ആതിരേ.അധികാര കേന്ദ്രീകരണത്തിനും അനധികൃത സ്വത്തുസമ്പാദനത്തിനും ഇടയില്ലാത്ത ജനാധിപത്യം.മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകരുടെ ആര്‍ജവം ചോദ്യം ചെയ്യുന്ന ഈ ശൈലിയെ അരാജകവാദം എന്ന്‌ ബ്രാന്‍ഡ്‌ ചെയ്യേണ്ടത്‌ മുഖംമൂടിധാരികളായ രാഷ്ട്രീയക്കാര്‍ക്ക്‌ അനിവാര്യമാണ്‌.പക്ഷെ ആം ആദ്മിയുടെ കാര്യത്തില്‍ രാഷ്ട്രപതി എന്തിനിത്ര അസഹുഷ്‌ണുവാകണം? ഇവിടെയാണ്‌ ,ആതിരേ, രാഷ്ട്രപതിഭവന്‍ തുടങ്ങി ഗ്രാമപഞ്ചായത്ത്‌ വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയുടെ ആഴവും വ്യാപ്‌തിയും മനസിലാകുന്നത്‌.ഒറ്റയ്‌ക്ക്‌ ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കി അവരെ ഡല്‍ഹിയുടെ ഭരണമേല്‍പ്പിച്ചത് കോണ്‍ഗ്രസിന്‌ ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടോ ജനവികാരം മാനിക്കാനുള്ള വിനയം കൊണ്ടോ ആയിരുന്നില്ലല്ലോ.ഒരു കെണി ഒരുക്കാനാണ്‌ കോണ്‍ഗ്രസ്‌ മുതിര്‍ന്നത്‌.പക്ഷെ അവരുള്‍പ്പെടെയുള്ള അഴിമതിയുടെ വേതാളങ്ങളെ കെണിയില്‍ പെടുത്തുന്നതായിരുന്നു കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും തന്ത്രജ്ഞത.അതില്‍ വിറളി പൂണ്ടാണ്‌ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും ക്ഷുദ്രവികാരങ്ങള്‍ ഇളക്കിവിടുന്ന കാര്‍ട്ടൂണുകളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറായത്‌.അത്‌ ഏശാതെ പോയപ്പോഴാണ്‌, ആതിരേ നിയമമന്ത്രി സോമ്‌നാഥ്‌ ഭാരതിയുടെ നേതൃത്വത്തില്‍ ദക്ഷിണ ഡല്‍ഹിയിലെ ഖിര്‍കി മേഖലയിലെ മയക്കുമരുന്ന്‌-പെണ്‍വാണിഭ മാഫിയയ്‌ക്കെതിരെ നടത്തിയ റെയ്‌ഡില്‍ ആഫ്രിക്കന്‍ വംശജരായ സ്‌ത്രീകളോട്‌ ലൈംഗീക വിവേചനം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചു എന്ന ആരോപണം ഉന്നയിച്ചത്‌.അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ വനിതാകമ്മീഷന്‍ സോമ്‌നാഥിനോട്‌ വിശദീകരണം ആരായുകയും ചെയ്‌തു.ഡല്‍ഹി ബലാത്സംഘത്തിന്റെ തലസ്ഥാനമയിട്ടും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പോലീസിനോട്‌ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കാന്‍ ഈ കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നോര്‍ക്കണം.ഇതല്ലേ അഴിമതി?ഇതല്ലെ അരാജകത്വ സൃഷ്ടി?ഇതിനും മുന്‍പാണ്‌ അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുന്ന കുമാര്‍ ബിശ്വാസ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌,ഒരു പ്രഹസനത്തില്‍ ഉപയോഗിച്ച ഒരു തമാശ ഉയര്‍ത്തിക്കാട്ടി മലയാളികളായ നഴ്‌സുമാരുടെ പേരില്‍ വിവാദം ഉയര്‍ത്തിയത്‌.കാള പെറ്റെന്ന്‌ കേട്ടപ്പോള്‍ കുറെ ഖദര്‍ ഗുണ്ടകള്‍ കേരളത്തിലും കയറെടുത്തു,എറണാകുളത്തെ ആം ആദ്‌മി പാര്‍ട്ടി ഓഫീസ്‌ തകര്‍ത്തുകൊണ്ടായിരുന്നു തെമ്മടിത്തം. അതൊന്നും ഫലവത്താകാതെ വന്നപ്പോളാണ്‌ അരവിന്ദ്‌ കേജ്രിവാളും മന്ത്രിമാരും ആം ആദ്‌മി പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാരിനെതിരെ രണ്ട്‌ ദിവസത്തെ ധര്‍ണ നടത്തിയത്‌ അരാജകത്വ സാക്ഷാത്ക്കാരമാണെന്ന വാദവുമായി കോണ്‍ഗ്രസും ബി‌ജെ‌പിയും അവരുടെ മൂട് താങ്ങികളായ ദേശീയമാധ്യമങ്ങളും രംഗത്തെത്തിയത്.ഡല്‍ഹി ഭരണകൂടത്തെ അനുസരിക്കാത്ത,ഡല്‍ഹി നിവാസികളുടെ സുരക്ഷിതത്വം ഉറപ്പ്‌ വരുത്താത്ത പോലീസിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു, കേജ്രിവാളിന്റെ സര്‍ക്കാരിന്റെ ആവശ്യം.അതാണ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ ജനപ്രിയ അരാജകത്വമായത്‌.ജനകീയ ആവശ്യം നേടിയെടുക്കാന്‍ ഒരു മുഖ്യമന്ത്രി ജനങ്ങള്‍ക്കൊപ്പം നിന്ന്‌ സമരം ചെയ്യുന്നത്‌ എങ്ങനെയാണ്‌, ആതിരേ, അരാജകത്വമാകുന്നത്‌?അനുരഞ്‌ജന രാഷ്ട്രീയക്കാര്‍ക്ക്‌ മറ്റൊന്നും പറയാന്‍ കഴിയുകയില്ലെന്നറിയാം.സമരം ഉദ്‌ഘാടനം ചെയ്‌ത്‌ കഴിഞ്ഞ്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യവും മദിരാക്ഷിയുമായി കഴിയുന്ന നേതാക്കളേയും മുഖ്യമന്ത്രിമാരേയും മാത്രം പരിചയമുള്ള നമുക്കും കേജ്രിവാളിന്റെ നടപടി അരുചിയുള്ളതും ദഹിക്കാന്‍ കഴിയാത്തതുമായിരുന്നു. എങ്ങനെ,എന്തിനാണ്‌ ആം ആദ്‌മി പാര്‍ട്ടി രൂപീകൃതമായത്‌? ഭരണരംഗത്തെ അഴിമതി തുടച്ചു നീക്കാന്‍ ജന്‍ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലാരംഭിച്ച ജനകീയ മുന്നേറ്റത്തിന്റെ രാഷ്ട്രീയ സക്ഷാത്‌ക്കാരമാണ്‌ അരവിന്ദ്‌ കേജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും.അഴിമതി നിര്‍മാര്‍ജനമാണ്‌ അല്ലാതെ അധികാരമല്ല മുഖ്യ അജണ്ടയെന്ന്‌ അവര്‍ വ്യക്തമാക്കിയതുമാണ്‌.ജന്‍ലോക്‌പാല്‍ ബില്‍ അതിന്റെ യഥാര്‍ത്ത സത്തയില്‍ പാസാക്കിയെടുക്കാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരുക്കമായിരുന്നില്ല.അവിടെയാണ്‌ ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയിലെ വോട്ടര്‍മാരുടെ പ്രതീക്ഷയായത്‌.അതിപ്പോള്‍ അഴിമതിക്കെതിരെ ഇന്ത്യയെങ്ങും അലയടിക്കുന്ന ജനകീയമുന്നേറ്റമാവുകയാണ്‌.ഇത് കണ്ട് പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്കുള്ളിലെ കോണ്‍ഗ്രസുകാരന്റെ മുട്ടിടിക്കുന്നത്‌, ആതിരേ, സ്വാഭാവികം മാത്രം. ആം ആദ്‌മിയുടെ പ്രഭാവം ഇപ്പോള്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ദൃശ്യമാണ്‌.ആഭ്യന്തര മന്ത്രിയായ രമേശ്‌ ചെന്നിത്തല ഔദ്യോഗിക വസതി വേണ്ടെന്ന്‌ വച്ചത്‌ അങ്ങനെയാണല്ലോ.ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ പുച്ഛിച്ച്‌ തള്ളി അമിതാധികാരത്തില്‍ അര്‍മാദിക്കുന്ന കേന്ദ്ര സര്‍ക്കാരിനേറ്റ ഷോക്ക്‌ ട്രീറ്റ്‌മെന്റായിരുന്നു കേജ്രിവാളിന്റെ ധര്‍ണ.ഈ പാത പിന്തുടര്‍ന്ന്‌ മറ്റ്‌ മുഖ്യമന്ത്രിമാരും സമരം തുടങ്ങിയാല്‍ എന്താകും രാജ്യത്തിന്റെ അവസ്ഥയെന്നാണ്‌ ചോദ്യം.സംസ്ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടവ നല്‍കണമെന്നാണ്‌ ഉത്തരം.അതിന്‌ മനസ്സില്ല,തയ്യാറുമല്ല.അതാണ്‌, ആതിരേ രാഷ്ട്രപതി പ്രണാബ്‌ കുമാര്‍ മുഖര്‍ജിയടക്കമുള്ളവരെ അസഹിഷ്‌ണുക്കളാക്കുന്നതും കേജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും ജനകീയ അരാജകവാദികളെന്ന്‌ അധിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതും.

No comments: