Friday, May 23, 2014

അപ്പോള്‍ പിണറായി വിജയനേയും പ്രകാശ്‌ കാരാട്ടിനേയും പരനാറികള്‍ എന്ന്‌ വിളിക്കാം

പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും പ്രത്യേക നിര്‍ബന്ധമാണ്‌ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്തും എ.എന്‍.ഷംസീറിനെ വടകരയിലും എ.വിജയരാഘവനെ കോഴിക്കോട്ടും മത്സരിപ്പിച്ചത്‌.മൂന്നിടത്തും പിണറായിയുടെ മുഖത്തടിച്ചാണ്‌ പാര്‍ട്ടി അണികളും മറ്റ്‌ സമ്മതിദായകരും മറുപടി കൊടുത്തത്‌.ഇവിടെ മാത്രമല്ല കേരളത്തില്‍ ചുവപ്പുകോട്ടകളെന്നു വിശേഷിപ്പിക്കുന്ന ജില്ലകളായ കണ്ണൂരിലെയും കാസര്‍കോടെയും മണ്ഡലങ്ങളില്‍പ്പോലും സി പി എം സ്ഥാനാര്‍ഥികള്‍ക്കും ഭീകരമായ തിരിച്ചടിയാണുണ്ടായത്‌ . ഈ ജില്ലകളിലെ ഒന്‍പത്‌ മണ്ഡലങ്ങളിലാണ്‌ പ്രഹരമേറ്റത്‌. അതേസമയം ഈ മണ്ഡലങ്ങളിലെല്ലാം ബി ജെ പിയും യു ഡി എഫുമാണ്‌ നേട്ടം കൊയ്യുകയും ചെയ്‌തു.ഇത്‌ നല്‍കുന്ന സൂചന സി പി എം തകരുന്നിടത്ത്‌ ബി ജെ പി നേട്ടം കൊയ്യുന്നു എന്നാണ്‌. മൂന്ന്‌ പതിറ്റാണ്ടോളം ഭരണം നടത്തിയ പശ്ചിമബംഗാളിലെ അതേ ദുരവസ്ഥയിലേക്കാണ്‌ കേരളത്തിലെ സി പി എമ്മും പോകുന്നത്‌ .
``ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അതു തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യം കാട്ടില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണു വേണ്ടത്‌. പ്രവൃത്തിയിലില്ലാത്ത മിനുപ്പും വെടിപ്പും അതേക്കുറിച്ചു പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്‌. സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന്‌ ഉയര്‍ന്നുവന്നവരാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. അത്‌ അവരുടെ ശുദ്ധതയും നന്മയുമാണ്‌.തിന്മയെ തിന്മയായും നെറികേടിനെ നെറികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വമായും വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ'' എന്നാണ്‌ പിണറായി വിജയന്റെ വിശ്രുതമായ ``പരനാറി'' പ്രയോഗത്തെ, ആതിരേ,മുഖപ്രസംഗത്തില്‍ ദേശാഭിമാനി ന്യായീകരിക്കുന്നത്‌ `ഭാഷയുടെ പരിവേഷ നഷ്ടം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഫ്രഞ്ച്‌ മഹാകവി ബോദ്‌ലെയര്‍ മുന്നോട്ടുവച്ച പരിവേഷ നഷ്ടം എന്ന പരികല്‍പ്പന വിശദീകരിച്ചുകൊണ്ടാണു തുടങ്ങുന്നത്‌. ഭാഷ അതിന്റെ അതുവരെയുള്ള ആലങ്കാരികമായ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച്‌ പച്ചയായ മനുഷ്യന്റെ സാധാരണ ഭാഷ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെയാണ്‌ ബോദ്‌ലെയര്‍ പരിവേഷ നഷ്ടം എന്ന സങ്കല്‍പ്പംകൊണ്ട്‌ സൂചിപ്പിച്ചതെന്നും മുഖപ്രസംഗത്തില്‍ വിശദമാക്കിയിട്ടുണ്ട്‌. ഇടതുമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും പലവട്ടം എം. പിയും എം. എല്‍. എയും മന്ത്രിയും ഒക്കെയാവുകയും ചെയ്‌ത ഒരാള്‍ ലോക്‌സഭാസീറ്റ്‌ കിട്ടാത്തതിന്റെ പേരില്‍ അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ്‌ കേരളം ഒരു ദിവസം കണ്ടത്‌. ഒപ്പം നിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്‌, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട്‌ ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടു വേണോ വിമര്‍ശിക്കാനെന്നും ആതിരേ, മുഖപ്രസംഗം ചോദിക്കുന്നു. വിമര്‍ശനത്തിനുപയോഗിച്ച വാക്കില്‍ അഭിജാത ഗൗരവം കാണാത്ത വരേണ്യപക്ഷം വിമര്‍ശനവിധേയമായ ആ അവസരവാദത്തെയോ അതിലെ നെറികേടിനെയോ കാണാന്‍ കൂട്ടാക്കുന്നില്ല. അതാണു വരേണ്യപക്ഷത്തിന്റെ രാഷ്ട്രീയമെന്നുമാണ്‌ ദേശാഭിമാനിയുടെ വിമര്‍ശനം `` പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്‌. അഭിജാത വിഭാഗത്തിന്റെ സ്വീകാര്യതക്കുവേണ്ടി മനസില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്‌കൃതംകൊണ്ട്‌ പുതപ്പിച്ചാല്‍ അതും കാപട്യമാണെന്നും `` ദേശാഭിമാനി ന്യായീകരിക്കുന്നു. ഇടതുമുന്നണി വിട്ട്‌ യു. ഡി. എഫിലെത്തിയ എന്‍.കെ. പ്രേമചന്ദ്രന്‍ കൊല്ലത്ത്‌ എം.എ. ബേബിക്കെതിരെ മത്സരിക്കുന്നതിനിടെ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തിലാണ്‌ പിണറായി വിജയന്‍ വിവാദ പരാമര്‍ശം നടത്തിയത്‌. പിണറായിയുടെ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വന്‍ തിരിച്ചടിയായെന്ന്‌ സി പിഎം സംസ്ഥാന സമിതിയും, സിപിഐ. നേതൃയോഗങ്ങളും വിലയിരുത്തിയപ്പോഴാണ്‌ പാര്‍ട്ടി മുഖപത്രം ന്യായീകരണവുമായി രംഗത്തെത്തിയത്‌. ഈ ന്യായികരണം അനുസരിച്ച്‌ പിണറായി വിജയനാണ്‌ ആതിരേ, കേരള രാഷ്ട്രീയത്തിലെ മഹാനായ '' ശുംഭന്‍``ശുംഭനെന്നാല്‍ വെളിച്ചം പരത്തുന്നവന്‍ എന്നാണ്‌ അര്‍ത്ഥമെന്ന്‌ കേരളീയരേയും കോടതികളെയും പഠിപ്പിച്ചത്‌ പിണറായി സ്‌കൂളിലെ മികവുറ്റ എം.വി.ജയരാജനാണ്‌.സാധാരണ മനുഷ്യരില്‍ നിന്നുരന്നു വന്ന നേതാക്കളായത്‌ കൊണ്ട്‌ പിണറായിയും ജയരാജന്മാരും വാമൊഴിവഴക്കത്താല്‍ അനുഗ്രഹീതരാണ്‌ '' പോടാ പുല്ലേ``,''തല തെങ്ങിന്‍ പൂക്കുല പോലെ ചിതറും``,''ചെറ്റ``,''നികൃഷ്ടജീവി``,''കുലംകുത്തി`` എന്നിങ്ങനെ അര്‍ത്ഥവത്തും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ എത്രയെത്ര പ്രയോഗങ്ങളാണ്‌ ഈ നേതാക്കള്‍ ഭാഷക്ക്‌ സമ്മാനിച്ചിരിക്കുന്നത്‌!ധാര്‍ഷ്ട്യതയുടെ കോമരംതുള്ളലുകള്‍!! പക്ഷേ സിപിഐയുടെ മുഖപത്രമായ ജനയുഗം നിരീക്ഷിക്കുന്നത്‌ പോലെ``സ്വന്തം കാല്‍ക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകുന്നത്‌ അറിയാതെയാണ്‌'' സി പി എമ്മിലെ നേതാക്കള്‍ ജനങ്ങളോട്‌ ധാര്‍ഷ്‌ഠ്യം പ്രകടിപ്പിക്കുന്നത്‌. അതിന്റെ തിരിച്ചടിയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്‌.ദേശീയതലത്തില്‍ ഒന്‍പത്‌ സീറ്റിലേയ്‌ക്ക്‌ സമ്മതിദായകര്‍ ഒതുക്കിയ ഒരു പാര്‍ട്ടി,തെരഞ്ഞെടുപ്പ്‌ പരാജയം വിശകലനം ചെയ്യുമ്പോള്‍ കുറേക്കൂടി വിവേകവും സാമാന്യബുദ്ധിയും എളിമയും കാണിക്കേണ്ടിയിരുന്നു.സമ്പത്തിന്റെ ആധിക്യത്തില്‍ കളങ്കിതരുമായുള്ള സഹവാസത്തില്‍ അണികളുടേയും സാമന്യജങ്ങളുടെയും വികാരം മനസിലാക്കാന്‍ കഴിയാതെ പോയതാണ്‌ സംസ്ഥാന-ദേശീയതലത്തില്‍ സിപിഎമ്മിനുണ്ടായ നാണംകെട്ട പരാജയത്തിന്‌ കാരണം. ആതിരേ, പിണറായിയുടേയും കണ്ണൂര്‍ ലോബിയുടേയും പ്രത്യേക നിര്‍ബന്ധമാണ്‌ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്തും എ.എന്‍.ഷംസീറിനെ വടകരയിലും എ.വിജയരാഘവനെ കോഴിക്കോട്ടും മത്സരിപ്പിച്ചത്‌.മൂന്നിടത്തും പിണറായിയുടെ മുഖത്തടിച്ചാണ്‌ പാര്‍ട്ടി അണികളും മറ്റ്‌ സമ്മതിദായകരും മറുപടി കൊടുത്തത്‌.ഇവിടെ മാത്രമല്ല കേരളത്തില്‍ ചുവപ്പുകോട്ടകളെന്നു വിശേഷിപ്പിക്കുന്ന ജില്ലകളായ കണ്ണൂരിലെയും കാസര്‍കോടെയും മണ്ഡലങ്ങളില്‍പ്പോലും സി പി എം സ്ഥാനാര്‍ഥികള്‍ക്കും ഭീകരമായ തിരിച്ചടിയാണുണ്ടായത്‌ . ഈ ജില്ലകളിലെ ഒന്‍പത്‌ മണ്ഡലങ്ങളിലാണ്‌ പ്രഹരമേറ്റത്‌. അതേസമയം ഈ മണ്ഡലങ്ങളിലെല്ലാം ബി ജെ പിയും യു ഡി എഫുമാണ്‌ നേട്ടം കൊയ്യുകയും ചെയ്‌തു.ഇത്‌ നല്‍കുന്ന സൂചന സി പി എം തകരുന്നിടത്ത്‌ ബി ജെ പി നേട്ടം കൊയ്യുന്നു എന്നാണ്‌. മൂന്ന്‌ പതിറ്റാണ്ടോളം ഭരണം നടത്തിയ പശ്ചിമബംഗാളിലെ അതേ ദുരവസ്ഥയിലേക്കാണ്‌ കേരളത്തിലെ സി പി എമ്മും പോകുന്നത്‌ . കണ്ണൂര്‍, കാസര്‍കോട്‌ മണ്ഡലങ്ങളില്‍ല്‍ക്കൂടി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ബി ജെ പിക്ക്‌ 43217 വോട്ടും യു ഡി എഫിന്‌ 34180 വോട്ടും കൂടുതലായി ലഭിച്ചു. അതേസമയം എല്‍ ഡി എഫിന്‌ 11511 വോട്ടിന്റെ കുറവാണ്‌ ഉണ്ടായത്‌. ബി ജെ പിക്ക്‌ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചത്‌ സി പി എമ്മിന്റെ അതിശക്തികേന്ദ്രങ്ങളില്‍ ഒന്നായ പയ്യന്നൂരിലാണ്‌. 7877വോട്ട്‌ അവര്‍ക്ക്‌ കൂടുതലായി ലഭിച്ചു. 2290 വോട്ടാണ്‌ സി പി എമ്മിന്റെ 2011ല്‍ ലഭിച്ച അക്കൗണ്ടില്‍നിന്നും ചോര്‍ന്നത്‌. യു ഡി എഫിന്റെ വോട്ടിലാകട്ടെ 1256 വോട്ടിന്റെ വര്‍ധനയും ഉണ്ടായി. എന്തൊരു പതനമാണിത്‌ ആതിരേ! ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന്‌ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.കോണ്‍ഗ്രസിനേക്കാള്‍ നാണംകെട്ട അവസ്ഥ!!കേരളത്തില്‍ ഏഴും പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ്‌ കാരാട്ടിന്റെ വല്ല്യേട്ടന്‌ ` ഭിക്ഷയായി'ലഭിച്ചത്‌ . പാര്‍ട്ടിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ഒരു സീറ്റു മാത്രം . ദേശീയ തലത്തില്‍ കഴിഞ്ഞ തവണ പാര്‍ട്ടിക്ക്‌ 16 എംപിമാരുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതു നേര്‍ പകുതിയായി കുറഞ്ഞു. ഇതോടെ,പിണറായിയുടെ നേത്ര്‌6ത്വത്തില്‍ കേരളത്തിലും പ്രകാശ്‌ കാരാട്ടിന്റെ നേതൃത്തില്‍ ദേശിയതലത്തിലും പാര്‍ട്ടി നിലനില്‍പ്പിന്റെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. ഒരു പാര്‍ട്ടിക്ക്‌ ദേശീയ പദവി ലഭിക്കുവാന്‍ രണ്ടു ഘടകങ്ങളാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നത്‌. ഒന്നമതായി നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ ആറ്‌ ശതമാനം വോട്ട്‌ ഈ പാര്‍ട്ടി നേടിയിരിക്കണം, കൂടാതെ ഏതെങ്കിലും സംസ്ഥാനത്ത്‌ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല്‌ പേര്‍ ജയിച്ചിരിക്കുകയും വേണം ഇത്‌ ലോക്‌സഭ തെരെഞ്ഞെടുപ്പാവണം എന്നില്ല. അതല്ലെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെ സീറ്റിന്റെ രണ്ട്‌ ശതമാനം സീറ്റില്‍ വിജയിക്കണം. കൂടാതെ അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്‌ മിനിമം വ്യത്യസ്‌തമായ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കുകയും വേണം. അതായത്‌ 543 സീറ്റിന്റെ രണ്ട്‌ ശതമാനം 11 സീറ്റാണ്‌.നിലവിലെ സ്ഥിതിയില്‍ സിപിഎമ്മിന്‌ ഇതു രണ്ടും ആകാശപുഷ്‌പങ്ങളാണ്‌.ദേശീയതലത്തില്‍ കാരട്ടും സംസ്ഥാനത്ത്‌ പിണറായി വിജയനും സിപിഎമ്മിന്റെ അന്തകരായെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തും ഭാഷയുടെ പരിവേഷ നഷ്ടത്തെക്കുറിച്ചുള്ള ദേശാഭിമാനിയുടെ കാഴ്‌ചപ്പാട്‌ സ്വീകരിച്ച്‌ പിണറായി വിജയനേയും പ്രകാശ്‌ കാരട്ടിനേയും അണികള്‍ക്കിനി പരനാറികളെന്ന്‌ വിളിക്കാം.``തിന്മയെ തിന്മയായും നെറികേടിനെ നെറികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വമായും വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളല്ലേ'' ആതിരേ,നമുക്കും ഉപയോഗിക്കാന്‍ പറ്റൂ

No comments: