Tuesday, May 27, 2014

മോഡി കശാപ്പുകാരനായി തുടരട്ടേ..!

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ മുതല്‍ നവമായൊരു രാഷ്ട്രതന്ത്രജ്ഞത വിരിയുന്നത്‌ കാണാതിരുന്നുകൂട.പാകിസ്ഥാനിലെ നവാസ്‌ ഷെരീഫും അഫ്‌ഗാനിസ്ഥാനിലെ മുഹമദ്‌ കര്‍സായിയുമടക്കമുള്ള സാര്‍ക്ക്‌ രാജ്യത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യില്‍ പങ്കെടുപ്പിച്ച്‌ പുതിയൊരു ഉഭയകക്ഷി സൗഹൃദത്തിന്‌ തുടക്കം കുറിച്ചതിനെ,നെഹൃവിന്റേയും ഇന്ദിരയുടേയും രാജീവിന്റേയും കാലത്ത്‌ ചേരി ചേരാ-സാര്‍ക്‌ രാജ്യങ്ങളുടെ നടുനായകത്വം ഇന്ത്യക്കായിരുന്നു എന്ന്‌ ചൂണ്ടിക്കാട്ടി അവമതിക്കുന്നത്‌ ;``ന്റുപ്പാപ്പയ്‌ക്ക്‌ ആനയുണ്ടാര്‍ന്നു'' എന്നവകാശപ്പെടുന്നതിലും നിന്ദ്യമായ നെറികേടാണ്‌.ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം,ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും സൗഹൃദവും സഹകരണവും വേണോ അതോ ഇന്ത്യയിലെ സാധാരണക്കാരായ നികുതിദായകരേയും സാമ്മതിദായകരേയും അനുനിമിഷം ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭരണസംവിധാനത്തിനായുള്ള കപട മതനിരപേക്ഷത വേണോ എന്നതാണ്‌.
ആതിരേ,ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡിയെ വലത്‌പക്ഷ തീവ്രവാദിയായും ഫാസിസ്റ്റായും ഇനിയും കോണ്‍ഗ്രസും സിപിഎമ്മും മറ്റ്‌ പ്രാദേശിക പാര്‍ട്ടികളും വിശേഷിപ്പിക്കുന്നത്‌ ഇന്ത്യന്‍ സമ്മതിദാന ബോധത്തിന്റെ പ്രബുദ്ധതയെ പരിഹസിക്കുന്നതിന്‌ തുല്യമായിരിക്കും.വംശീയ ശുദ്ധീകരണമെന്ന പേരില്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം ഉന്മൂലന ശ്രമം മോഡിയുടെ ബുദ്ധിയില്‍ ഉദിച്ചതോ, വംശീയ വിദ്വേഷത്തിന്റെ തീതുപ്പി അദ്ദേഹം നടത്തിയ ആഹ്വാനപ്രകാരമോ സംഭവിച്ചതല്ലല്ലോ.ബിജെപി ഭരണത്തിന്റെ സുരക്ഷ മറയാക്കി സംഘപരിവാരത്തെമാടിത്തത്തിന്റെ പ്രായോക്താക്കളായ പ്രവീണ്‍ തൊഗാഡിയയും അശോക്‌ സിംഗാളുമൊക്കെ തുടലൂരിവിട്ട സവര്‍ണവര്‍ഗീയ ഭ്രാന്ത്‌ അശോക്‌ മോച്ചിയേപ്പോലെയുള്ള സ്‌ഫോടനാത്മക മനസ്സുകളെ കൊണ്ട്‌ ചെയ്യിച്ച നൃശംസതയായിരുന്നില്ലേ അത്‌? അത്‌ തടഞ്ഞില്ല എന്നതാണ്‌ മോഡിയുടെ കുറ്റമെങ്കില്‍ ,ആതിരേ അത്‌,കല്ലോട്‌ കല്ല്‌ ശേഷിക്കാതെ ബാബറി മസ്‌ജിദ്‌ ഇടിച്ച്‌ നിരത്തിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു പുലര്‍ത്തിയ ദേശവിരുദ്ധ-മതനിരപേക്ഷ വിരുദ്ധ നിലപടിനോളം പൈശാചികമാണോ?ഇന്ദിരാ ഗാന്ധിയെ കൊന്നതിന്‌ പകവീട്ടാന്‍ തെരുവില്‍ സിഖ്‌ നിരപരാധികളെ അരിഞ്ഞുവീഴ്‌ത്തിയ കോണ്‍ഗ്രസിന്റെ മൃത്യുനൃത്തത്തിനൊപ്പം വരുമോ?മോഡിയേയോ,ഗുജറാത്തിലെ മുസ്ലീമ്‌ ന്യൂനപക്ഷ ഉന്മൂലത്തേയോ ന്യായീകരിക്കുകയല്ല മറിച്ച്‌ സമാനമായ രണ്ട്‌ സംഭവങ്ങള്‍ക്ക്‌ മുന്നില്‍ വച്ചുവെന്നേയുള്ളൂ.ഗുജറാത്ത്‌ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട്‌ ചാര്‍ജ്‌ ചെയ്‌ത കേസുകളൊന്നിലും മോഡിയെ കുറ്റക്കാരനായി രാജ്യത്തെ ഒരു കോടതിയും നിരീക്ഷിച്ചിട്ടില്ല.എന്നാല്‍ മറുപുറത്ത്‌ നിരപരാധികളുടെ ചുടുനിണമണിഞ്ഞ കൈപ്പത്തിയുമായി നില്‍ക്കുന്നവരെ കോടതി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്‌ കിരാതനായ ആ മോഡിക്കെതിരെയായിരുന്നല്ലോ, ആതിരേ, കോണ്‍ഗ്രസും സിപിഎമ്മും ഇടത്‌പക്ഷ പാര്‍ട്ടികളും മറ്റ്‌ സംസ്ഥാന പ്രാദേശിക പാര്‍ട്ടികളും കോടികള്‍ മുടക്കി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌.എന്നിട്ടും എന്തു കൊണ്ട്‌,നിരക്ഷരകുക്ഷികളെന്ന്‌ ഇവരെല്ലാം വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ബഹുശതം വോട്ടര്‍മാര്‍ അത്‌ ചെവിക്കോണ്ടില്ല?എന്തു കൊണ്ട്‌ ഗുജറാത്ത്‌ കലാപത്തിന്‌ ശേഷം രണ്ട്‌ വട്ടം മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി?സമ്മതിദായകരുടെ ബോദ്ധ്യങ്ങള്‍ക്കാണ്‌ തെരെഞ്ഞെടുപ്പില്‍ പ്രസക്തി.അവരുടെ വിധിയെഴുത്താണ്‌ ജനായത്ത ഭരണക്രമത്തില്‍ ശരിയുടെ അവസാന വാക്ക്‌.കോണ്‍ഗ്രസിനേയും സിപിഎം-സിപിഐ ഇടത്‌പക്ഷത്തേയും ശനിയുടെ അപഹാരമായി തിരിച്ചറിഞ്ഞ്‌ ഇന്ത്യന്‍ സമ്മതിദാന ഉന്നിദ്രത ചവറ്റ്‌ കൊട്ടയില്‍ തള്ളിയിട്ടും അവരുടെ ധാര്‍ഷ്ട്യവും ഡംഭും കുറയുന്നില്ല എന്നതാണ്‌ മോഡിയെന്ന്‌ പ്രധാനമന്ത്രിയെ പേര്‍ത്തും പേര്‍ത്തും ഫാസിസ്റ്റ്‌ എന്ന്‌ വിളിക്കുമ്പോള്‍ വ്യക്തമാക്കപ്പെടുന്നത്‌.മോഡിക്ക്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാന്‍ ഭൂരിപക്ഷം നല്‍കിയ ഇന്ത്യന്‍ വോട്ടര്‍മാര്‍ ചരിത്രത്തില്‍ സംഭവിക്കാത്ത പ്രഹരം കോണ്‍ഗ്രസിനേല്‍പ്പിക്കുകയും സിപിഎം-സിപിഐ കക്ഷികളെ ദേശിയ പാര്‍ട്ടിസ്ഥാനത്ത്‌ നിന്ന്‌ തള്ളിയിടുകയും ചെയ്‌തിട്ടും പഴയ വായ്‌നാറ്റപ്പല്ലവി ആവര്‍ത്തിക്കുന്നത്‌,മാന്യമായി പറഞ്ഞാല്‍ രാഷ്ട്രീയ പിതൃരാഹിത്യം തന്നെയാണ്‌.തോല്‍വിയില്‍ എളിമപ്പെടാനും വിജയിയുടെ സ്ഥാനലബ്ധിയെ മാന്യമായി അംഗീകരിക്കാനും കഴിയാത്ത ഒരു രാഷ്ട്രീയ സംവിധാനത്തിനും മാന്യതയുടെ ലോകത്ത്‌ അംഗീകാരമുണ്ടാകില്ല. മോഡി ഭരിക്കട്ടെ, ആതിരേ.. അതിനെന്തിനാണിത്ര അസഹിഷ്‌ണുത? എന്തിനാണ്‌ കപട മതനിരപേക്ഷ ഭയപ്പാടുകള്‍.? തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സര്‍വ ജാതീയ പിശാചുക്കളുടേയും പാദസേവ നടത്തുന്നവരുടെ മതനിരപേക്ഷ ചാരിത്ര്യപ്രസംഗത്തിന്റെ അന്തസ്സാര ശൂന്യതയും അതിലടങ്ങിയിരിക്കുന്ന അപകടവും തിരിച്ചറിഞ്ഞാണ്‌ ഇന്ത്യന്‍ സമ്മതിദാന വിവേകം മോഡിക്ക്‌ കൃത്യവും മൃഗീയവുമായ ഭൂരിപക്ഷം നല്‍കിയത്‌.അത്‌ കാണാതിരിക്കുന്നത്‌ ഇന്ത്യന്‍ വോട്ടര്‍മാരോട്‌ കാണിക്കുന്ന നെറികേടായിരിക്കും. മോഡിപ്പേടിയില്‍ കോണ്‍ഗ്രസും ഇടത്‌പക്ഷവും കൈകോര്‍ത്തതോടെയാണല്ലോ കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ അഴിമതിഭരിത കിരാതഭരണത്തിന്‌ ബീജാവാപം ചെയ്‌തത്‌!ജനങ്ങളുടെ മാന്‍ഡേറ്റ്‌ അട്ടിമറിച്ച ആ കപട മതനിരപേക്ഷച്ചതിയുടെ മുഖത്തടിച്ചാണ്‌ ഇന്ത്യന്‍ വോട്ടര്‍മാര്‍ ഇത്തവണ പ്രതികരിച്ചത്‌. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ മുതല്‍ നവമായൊരു രാഷ്ട്രതന്ത്രജ്ഞത വിരിയുന്നത്‌, ആതിരേ,കാണാതിരുന്നുകൂട.പാകിസ്ഥാനിലെ നവാസ്‌ ഷെരീഫും അഫ്‌ഗാനിസ്ഥാനിലെ മുഹമദ്‌ കര്‍സായിയുമടക്കമുള്ള സാര്‍ക്ക്‌ രാജ്യത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യില്‍ പങ്കെടുപ്പിച്ച്‌ പുതിയൊരു ഉഭയകക്ഷി സൗഹൃദത്തിന്‌ തുടക്കം കുറിച്ചതിനെ,നെഹൃവിന്റേയും ഇന്ദിരയുടേയും രാജീവിന്റേയും കാലത്ത്‌ ചേരി ചേരാ-സാര്‍ക്‌ രാജ്യങ്ങളുടെ നടുനായകത്വം ഇന്ത്യക്കായിരുന്നു എന്ന്‌ ചൂണ്ടിക്കാട്ടി അവമതിക്കുന്നത്‌ ;``ന്റുപ്പാപ്പയ്‌ക്ക്‌ ആനയുണ്ടാര്‍ന്നു'' എന്നവകാശപ്പെടുന്നതിലും നിന്ദ്യമായ നെറികേടാണ്‌.ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം,ഉപഭൂഖണ്ഡത്തില്‍ ശാന്തിയും സമാധാനവും സൗഹൃദവും സഹകരണവും വേണോ അതോ ഇന്ത്യയിലെ സാധാരണക്കാരായ നികുതിദായകരേയും സാമ്മതിദായകരേയും അനുനിമിഷം ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഭരണസംവിധാനത്തിനായുള്ള കപട മതനിരപേക്ഷത വേണോ എന്നതാണ്‌. തെരഞ്ഞെടുപ്പിലെ പിന്തുണയുടേയും പ്രാദേശികതയുടേയും അടിസ്ഥാനത്തില്‍ മന്ത്രിസഭയിലെ പ്രതിനിധ്യത്തിന്‌ താത്‌പര്യപ്പെടുന്നതാണ്‌ യഥാര്‍ത്ഥ ദേശവിരുദ്ധത.ഘടകകക്ഷികളെ തൃപ്‌ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ അവലംബിച്ച സമവായമായിരുന്നല്ലോ സര്‍വ അഴിമതിയുടേയും ഗര്‍ഭപാത്രം.ഇനി അത്തരമൊരു ഉള്‍ക്കൊള്ളലും അതില്‍ നിന്നുള്ള ചാപിള്ളകളും ഇന്ത്യക്ക്‌ വേണ്ട എന്ന മോഡിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുക.പാര്‍ലമെന്റിന്റെ കല്‍പ്പടവുകളില്‍ നമിക്കപ്പെട്ട ശിരസ്‌ ഉയര്‍ന്ന്‌ തന്നെ നില്‍ക്കട്ടേ.ഉന്നതശീര്‍ഷത്വമെന്നത്‌ മരുമകളാകുന്നതിലൂടെയോ കൊച്ചുമകനായി പിറക്കുന്നതിലൂടേയോ അവരുടെ സ്‌തുതിപാഠകരായി ഷണ്ഡത്വം വരിക്കുന്നതിലൂടെയോ അല്ല, ആതിരേ, കൈവരുന്നത്‌.രാഷ്ട്രീയ ഇച്ഛാശക്തിയും കലര്‍പ്പില്ലാത്ത ദേശീയബോധവും പ്രജ്ഞപൂര്‍ണമായ ഫെഡറല്‍ പരിപ്രേഷ്യവുമാണ്‌ അതിന്റെ ആധാരശില. .എംപിമാരെ ജയിപ്പിക്കാത്ത കേരളത്തിന്‌ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാതെ വ്യാജസ്‌തുതികളെ ത്യജിച്ച മോഡി പക്ഷേ,ജയിച്ച ശേഷമുള്ള ആദ്യപ്രസംഗത്തില്‍ കേരളത്തെ സ്‌മരിച്ചത്‌ നല്ല ദിശാസൂചികയായി ഞങ്ങള്‍ വിലയിരുത്തുന്നു.എട്ട്‌ മന്ത്രിമാരെ നിയമിച്ചിട്ടും സംസ്ഥാനത്തെ വഞ്ചിച്ച സോണിയയേക്കാള്‍ നന്മ മോഡിയില്‍ നിന്നുണ്ടാകും; തീര്‍ച്ച.കേരളത്തിന്റെ റയില്‍വേ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച്‌ അനുവദിക്കുമെന്ന്‌ മലയാളത്തില്‍ ഉറപ്പ്‌ തന്ന സദാനന്ദ ഗൗഡയും വികസനവും പരിസ്ഥിതിസംരക്ഷണവും കൈകോര്‍ത്തു കൊണ്ടുപോകാനാകുമെന്ന്‌ പ്രതീക്ഷ പ്രകടിപ്പിച്ച മുക്താര്‍ അബ്ബാസ്‌ നഖ്വിയും, പ്രചരിപ്പിക്കപ്പെടുന്നത്‌ പോലെ ഏറ്റുമുട്ടലിനല്ല ഏകതാഭാവത്തിനാണ്‌ മോഡി സര്‍ക്കാര്‍ മുതിരുന്നതെന്നാണ്‌ വ്യക്തമാക്കുന്നത്‌. ഈ മാന്യത തിരിച്ചറിയാതെയാണ്‌, ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ കേരളം എതിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉടുക്ക്‌ കൊട്ടിയത്‌.വെടിക്കെട്ടുകാരന്റെ പട്ടിയോടാണ്‌ ആതിരേ, ഈ ഒടക്ക്‌ ന്യായം.കഷ്ടം.വിലയിരുത്തലുകളിലും നിരീക്ഷണങ്ങളിലും പൊക്കക്കുറവുണ്ടാകുന്നത്‌ ആശയപരമായ,രാഷ്ട്രീയമായ വികലാംഗത്വം തന്നെയാണ്‌.പശ്ചിമഘട്ട സംരക്ഷണത്തിന്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ മാത്രമാണ്‌ ജനാധിപത്യപരിഹാരം.ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്‌ത്‌ പരിസ്ഥിതിലോല പ്രദേശം നിര്‍ണയിക്കുന്നതാണ്‌ യഥാര്‍ത്ഥ കുടിയേറ്റക്കാരുടെ അതിജീവനത്തിന്‌ ഉപയുക്തം.ഗാഡ്‌ഗിലും കസ്‌തൂരി രംഗനും രാഷ്ട്രീയ മുതലെടുപ്പിനുള്ള രണ്ട്‌ പേരുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സിപിഎം അടക്കമുള്ള ഇടത്‌പക്ഷത്തിനും.വനം കൊള്ളക്കാരേയും ക്വാറി മാഫിയകളേയും സംരക്ഷിക്കാനായിരുന്നു ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കലിനും മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിനും ഹൈറേഞ്ച്‌ സംരക്ഷണസമിതിക്കും കത്തോലിക്ക സഭയ്‌ക്കും വ്യഗ്രത.അതിന്‌ വേണ്ടിയാണ്‌ ``ജാലിയന്‍ വാലബാഗ്‌ ആവര്‍ത്തിക്കുമെന്ന്‌''മാര്‍ റമിജിയോസ്‌ ഇഞ്ചനാനിക്കല്‍ ഭീഷണിപ്പെടുത്തിയത്‌,അതിന്‌ വേണ്ടിയാണ്‌ ജീരകപ്പാറ വനം കൊള്ളയുടെ ഫയലുകള്‍ തീയിട്ട്‌ നശിപ്പിച്ചത്‌.ഇവരാരും ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മറിച്ച്‌ നോക്കിയിട്ടു പോലുമില്ല.എന്നിട്ടാണ്‌ കുടിയേറ്റക്കാര്‍ക്ക്‌ വേണ്ടിയുള്ള മുതലക്കണ്ണീരൊഴുക്കല്‍! കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ജനവിരുദ്ധത കശാപ്പ്‌ ചെയ്‌തത പോലെ,ആതിരേ, ഈ പശ്ചിമഘട്ടക്കൊള്ളക്കാരേയും അവരുടെ താത്‌പര്യങ്ങളേയും ഉന്മൂലനം ചെയ്യുമ്പോഴാവും മോഡി കേരളത്തിന്റെ ആദര്‍ശപുരുഷനാകുക.

1 comment:

Anonymous said...

Excellent and thought provoking article.

Best Regards

Soman. K Menon