Monday, September 14, 2009

പിണറായി ഭോഷനാകുന്നത്‌ ആര്‍ക്കുവേണ്ടി..?

ആതിരെ,"അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു" എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ കളിയാക്കിയത്‌ പിണറായി വിജയനെ ആയിരുന്നോ...?
ആണെന്നുവേണം പോള്‍ വധം സംബന്ധിച്ച്‌ അദ്ദേഹം നടത്തിയ രണ്ടു പ്രതസമ്മേളനങ്ങളിലെ വെളിപ്പെടുത്തലുകളും ഭീഷണികളും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്‌.
പോള്‍വധം സംബന്ധിച്ച്‌ പിണറായിയുടെ താല്‍പര്യമെന്ത്‌ എന്ന ചോദ്യം ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ ഉയര്‍ന്നതാണ്‌. അന്ന്‌ തന്ത്രപരമായ മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. പാര്‍ട്ടിഭരണത്തെയും പോളിറ്റ്‌ ബ്യൂറോ അംഗമായ ആഭ്യന്തരമന്ത്രിയെയും അനാവശ്യ വിവാദങ്ങളിലേയ്ക്ക്‌ വലിച്ചിഴയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക്‌ അതിനെ പ്രതിരോധിക്കാനും ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാനും താന്‍ ബാധ്യസ്ഥനായതുകൊണ്ടാണ്‌ വിഷയത്തില്‍ ഇടപെട്ട്‌ വിശദീകരണം നല്‍കുന്നത്‌ എന്നായിരുന്നു അന്ന്‌ പറഞ്ഞത്‌.
എന്നാല്‍, അതായിരുന്നില്ല ഉദ്ദേശ്യമെന്നും ആരെയൊക്കെയോ രക്ഷിക്കാനും അന്വേഷണത്തിന്റെ ദിശ അട്ടിമറിക്കാനും അനാവശ്യ രാഷ്ട്രീയ വിവാദം കുത്തിപ്പൊക്കി പോള്‍ വധത്തിന്റെ പിന്നിലെ കറുത്ത രൂപങ്ങളായ സഖാക്കളെ സമൂഹശ്രദ്ധയില്‍ നിന്ന്‌ തമസ്കരിക്കാനുമായിരുന്നു ലക്ഷ്യമെന്നും അന്ന്‌ വ്യക്തമായതാണ്‌. പോളിനെ വധിച്ചത്‌ ആര്‍എസ്‌എസ്‌ അനുഭാവിയാണെന്ന്‌ സ്ഥാപിച്ച്‌ ബിജെപിയെയും ആര്‍എസ്‌എസിനെയും വിവാദങ്ങളിലേയ്ക്ക്‌ വലിച്ചിഴച്ച്‌ കോടിയേരിയെയും പുത്രനെയും പാര്‍ട്ടിയെയും പാര്‍ട്ടിയിലെ പണാര്‍ത്തി നിറഞ്ഞ സ്തുതിപാഠകരെയും പാര്‍ട്ടിയുടെ ഗുണ്ടാ ബന്ധവുമൊക്കെ കര്‍ട്ടന്‌ പുറകിലേയ്ക്ക്‌ തള്ളാനായിരുന്നു തന്ത്രം. എന്നാല്‍, ആ ചൂണ്ടയില്‍ കൊത്താന്‍ ആര്‍എസ്‌എസും ബിജെപിയും തയ്യാറായില്ല; പിണറായിയുടെ ഗൂഢോദ്ദേശ്യം മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞ്‌ ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു. അതോടെ ആ നീക്കം അമ്പേ പരാജയപ്പെടുകയായിരുന്നു.
ആതിരേ,കേരളത്തിലെ ഏത്‌ കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്‌, പോള്‍വധം സംബന്ധിച്ച്‌ കേരളപോലീസ്‌ ദിവസേന പുറത്തുവിടുന്ന അന്വേഷണ റിപ്പോര്‍ട്ടെന്ന കള്ളത്തരത്തിന്റെയും ഗുണ്ടാ - സിപിഎം സംരക്ഷണത്തിന്റെയും വിശദാംശങ്ങള്‍. പോലീസിന്റെ നീക്കങ്ങള്‍ എല്ലാം തന്നെ മുളയിലേ പാളിപ്പോകുന്നത്‌ ലൈവായി കണ്ടുകൊണ്ടിരിക്കുന്ന കേരളീയരുടെ മുന്നിലേയ്ക്കാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാമത്തെ പത്രസമ്മേളന ദൗത്യവുമായി പിണറായി അവതരിച്ചത്‌.
ഇത്തവണ അദ്ദേഹത്തിന്റെ ലക്ഷ്യം മാധ്യമങ്ങളായിരുന്നു. മാധ്യമങ്ങള്‍ക്ക്‌ ഗുണ്ടകളെ രക്ഷിക്കാനുള്ള താല്‍പര്യം കൊണ്ടാണ്‌ കഥകള്‍ മെനയുന്നതെന്നും മാധ്യമങ്ങള്‍ എന്ത്‌ തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്‌ വ്യക്തമാക്കണമെന്നും ഇത്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷിക്കണമെന്നും പറഞ്ഞുവെയ്ക്കുക വഴി പഴയ മാധ്യമ സിന്‍ഡിക്കേറ്റിന്റെ മേല്‍ അപരാധമെല്ലാം കെട്ടി വയ്ക്കാനുള്ള ദുര്‍ബലമായ, (ചീറ്റിപ്പോയ..!) ഒരു നീക്കമാണ്‌ പിണറായി നടത്തിയത്‌. എന്നുമാത്രമല്ല, മാധ്യമങ്ങളുടെ ഈ രീതി അപായകരമാണെന്നും അതു കൊണ്ട്‌ അതിന്റെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളു എന്ന ഗുണ്ടാ ലൈനിലെ ഭീഷണിയും വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിലുണ്ടായിരുന്നു. തീര്‍ന്നില്ല കേസന്വേഷണത്തില്‍ പോലീസിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കാനും പിണറായി ശ്രമിച്ചു.
നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ നിന്ന്‌ പോലീസ്‌ അന്വേഷണത്തിന്റെ " സ്തുത്യര്‍ഹത" കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ബോധ്യമായിട്ടുള്ളതാണ്‌. അത്‌ ഊട്ടിയുറപ്പിക്കാന്‍ സിപിഎം സെക്രട്ടറിയെ പോലെ ഒരു 'നികൃഷ്ടജീവി'യുടെ ഒത്താശയും സര്‍ട്ടിഫിക്കറ്റുമൊന്നും ഇപ്പോള്‍ ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക്‌ പോള്‍ വധക്കേസില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നും എടോ ഗോപാലകൃഷ്ണാ ആ കത്തിയൊന്നും ഇവിടെ ചെലവാകില്ല എന്ന ലൈനില്‍ മാധ്യമങ്ങളുടെ അജണ്ട വ്യക്തമാക്കണമെന്നും ഇരുതല മൂര്‍ച്ചയുള്ള വാക്കുകളിലൂടെ പിണറായി വ്യക്തമാക്കുകയും ചെയ്തു.
നോക്ക്‌ ആതിരേ, പിണറായി വിജയന്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്‌. പോളിറ്റ്ബ്യൂറോ അംഗമാണ്‌. മുന്‍ മന്ത്രിയാണ്‌. ലാവലിന്‍ കളങ്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തെ ബഹുമാനിക്കുന്ന നിരവധി പേര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്‌. അത്രയ്ക്ക്‌ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തി ഗുണ്ടകള്‍ ഇടപെട്ട ഒരു കൊലപാതക കേസില്‍ ഇടപെട്ട്‌ രണ്ടുവട്ടം പത്രസമ്മേളനം നടത്തി 'കേട്ടാല്‍ ഞെട്ടുന്ന' സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അത്‌ എന്തിനാണെന്ന്‌ ചിന്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ബാധ്യസ്ഥരാകും. അവര്‍ അദ്ദേഹത്തിന്റെ വാക്കുകളും ഭീഷണികളും ബോഡി ലാംഗ്വേജും വിശകലനം ചെയ്ത്‌ പുതിയ തിരിച്ചറിവുകളില്‍ എത്തുകയും ചെയ്യും. ഏതെല്ലാം മാധ്യമങ്ങള്‍ക്ക്‌ എന്തെല്ലാം താല്‍പര്യങ്ങളാണ്‌ ഉള്ളതെന്നും ഏതെല്ലാം ഗുണ്ടകളെ ഏതെല്ലാം മാധ്യമങ്ങള്‍ സംരക്ഷിക്കുന്നു എന്നും അതുകൊണ്ടുതന്നെ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്‌ ഉത്തരവാദിത്തമുണ്ട്‌. പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ ലാവലിന്‍ കേസില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ രേഖകള്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ ലഭിച്ചിട്ടുള്ള പിണറായിക്ക്‌ മേല്‍ സൂചിപ്പിച്ച മാധ്യമ - ഗുണ്ടാബന്ധങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അധിക സമയമൊന്നും വേണ്ട. അപ്പോള്‍ ആ വിഷയങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ അവ പൊതു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ച്‌ മാധ്യമങ്ങള്‍ നടത്തുന്ന അട്ടിമറി പുരത്തു കൊണ്ടു വരുന്നതിനു പകരം കാടടച്ച്‌ വെടിവെയ്ക്കുന്നത്‌ പിണറായിയെ പോലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ ആര്‍ജവത്വത്തിന്‌ നേരെ ഉയരുന്ന നാണം കെട്ട ചോദ്യങ്ങളായി തീരും. അതുകൊണ്ട്‌ മാധ്യമങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിട്ട, നട്ടാല്‍ കുരുക്കാത്ത കള്ളത്തരങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്‌ ബാധ്യതയുണ്ട്‌,ല്ലേ?.
ഇതിനു പുറമെയാണ്‌ പിടിയിലായിട്ടുള്ള ഗുണ്ടാത്തലവന്മാര്‍ ഓം പ്രകാശിനും പുത്തന്‍പാലം രാജേഷിനും കോണ്‍ഗ്രസ്‌ നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചും അവരില്‍ ചിലരുടെ എംഎല്‍എ ക്വട്ടേഴ്സിലെ അന്തിയുറക്കത്തെ കുറിച്ചും പിണറായി വിജയന്‍ ചില പുതിയ 'വെളിപ്പെടുത്തലുകള്‍' നടത്തിയത്‌. ആ ആരോപണങ്ങളില്‍ അദ്ദേഹം വലിച്ചിടാന്‍ ഉദ്ദേശിച്ചത്‌ ഇപ്പോഴത്തെ കണ്ണൂര്‍ എംപി കെ. സുധാകരനെയായിരുന്നു. അതുകൂടാതെ യാതൊരു ആവശ്യവുമില്ലാതെ വി.എം. സുധീരനെ കോടാലി ശ്രീധരനെന്ന ഒരു അധോലോക പ്രവര്‍ത്തകനുമായി ബന്ധപ്പെടുത്താനും പിണറായി കൊണ്ടുപിടിച്ച്‌ ശ്രമിച്ചു.പിണറായിയുടെ പത്രസമ്മേളനം തത്സമയം കണ്ടവര്‍ക്കും അത്‌ സംബന്ധിച്ച്‌ പത്രങ്ങളില്‍ വാര്‍ത്ത വായിച്ചവര്‍ക്കും മനസ്സിലാകാത്ത ഒരു ഘടകമുണ്ട്‌. പോള്‍ വധവുമായി കെ. സുധാകരനും വി.എം സുധീരനും എന്ത്‌ പങ്കാണുള്ളത്‌? ഇവരെ വിവാദങ്ങളിലേയ്ക്ക്‌ അനാവശ്യമായി വലിച്ചിഴയ്ക്കുക വഴി ഇനിയും പൂര്‍ത്തിയാകാത്ത കേസ്‌ അന്വേഷണത്തിന്റെ ഗതി ഏത്‌ മാര്‍ഗത്തിലേയ്ക്ക്‌ തിരിച്ച്‌ വിടാനാണ്‌ പിണറായി വിജയന്‍ ശ്രമിക്കുന്നത്‌?
ഒരു കാര്യം കേരളത്തിലെ ജനങ്ങള്‍ക്കും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ അണികള്‍ക്കും വ്യക്തമായിട്ടുണ്ട്‌. പോള്‍ വധവുമായും അല്ലെങ്കില്‍ വധവുമായി ബന്ധപ്പെട്ട ഗുണ്ടകളുമായി പാര്‍ട്ടിയിലെ പല പ്രമുഖര്‍ക്ക്‌ ബന്ധമുണ്ട്‌. അവരെ രക്ഷിച്ചെടുക്കേണ്ടത്‌ പിണറായിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. ലാവലിന്‍ കളങ്കിതനായ പിണറായിക്ക്‌ തന്റെ സ്ഥാനം പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെങ്കില്‍ ഗുണ്ടാകളങ്കിതരായ സഖാക്കളെ സംരക്ഷിക്കേണ്ടതുണ്ട്‌. അതിനായുള്ള ഭോഷത്തം നിറഞ്ഞ നടപടികളായിരുന്നു ഈ രണ്ട്‌ പത്രസമ്മേളനങ്ങള്‍.
മറ്റൊന്ന്‌ ഇപ്പോള്‍ പേര്‌ പറഞ്ഞിട്ടുള്ള നേതാക്കന്മാരെ ചൊടിപ്പിച്ചും അവരുടെ പാര്‍ട്ടിയിലെ ഉന്നതന്മാരെ പ്രലോഭിപ്പിച്ചും പ്രസ്താവനകളുടെ പെരുമഴ സൃഷ്ടിച്ച്‌ പാളി പാളി പാളീസായിക്കൊണ്ടിരിക്കുന്ന പോലീസ്‌ അന്വേഷണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ്‍ പിണറായിയുടെ പത്രസമ്മേളനങ്ങളുടെ ഹിഡന്‍ അജണ്ട. പിണറായിയുടെ ആരോപണങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ കെ. സുധാകരനും രമേശ്‌ ചെന്നിത്തലയും വി.എം. സുധീരനും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തിട്ടുമുണ്ട്‌. ഇത്‌ ഇനി ആളിക്കത്തിക്കുക എന്നതാണ്‌ ജയരാജന്മാരില്‍ നിക്ഷിപ്തമായിട്ടുള്ള കര്‍ത്തവ്യം. പി. ജയരാജന്‍ അതിന്റെ ആരംഭം കുറിച്ചുകഴിഞ്ഞു. കേസ്‌ തെളിയിക്കാന്‍ പോലീസ്‌ മുമ്പും ആയുധങ്ങളും തെളിവുകളും കൃത്രിമമായി ചമച്ചിട്ടുണ്ട്‌ എന്നാണ്‌ ആ "ക്രിമിനോളജിസ്റ്റിന്റെ" സുചിന്തിതമായ അഭിപ്രായം.
ആരോപണപ്രത്യാരോപണങ്ങളുടെ മഹാ മുഴക്കം സൃഷ്ടിച്ച്‌ കേസ്‌ അന്വേഷണത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പിണറായിയുടെയും തല്‍പര കക്ഷികളുടെയും ശ്രമം വിജയിക്കാന്‍ പാടില്ല. മാധ്യമങ്ങളുടെ ശ്രദ്ധ ഈ ആരോപണങ്ങളിലേയ്ക്ക്‌ വ്യതിചലിക്കാനും പാടില്ല. പോള്‍ വധത്തിലും വധാന്വേഷണത്തിലും മാധ്യമങ്ങള്‍ പുലത്തിയ ജാഗ്രത തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ വിപ്ലവ വായാടികളായ നേതാക്കന്മാരുടെ ഗുണ്ടാബന്ധവും മാഫിയ കണക്ഷനുകളും പുറത്തുവരികയുള്ളു. ഈ തിരിച്ചറിവ്‌ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കാതിരിക്കാനുള്ള ഒരു മുഴം മുന്നില്‍ എറിഞ്ഞതാണ്‌ പിണറായിയുടെ പത്രസമ്മേളനങ്ങള്‍.
അപ്പോള്‍ ശീര്‍ഷകം തിരുത്തേണ്ടതുണ്ട്‌, ല്ലേ ആതിരേ?
പിണറായി ആരാ മോന്‍....

1 comment:

Unknown said...

നന്നായിട്ടുണ്ട്.

എഡിറ്റ് ചെയ്ത് ഖണ്ഡിക തിരിച്ചാല്‍ നന്നായിരിക്കും. ബാക്ക് ഗ്രൌണ്ട് കറുപ്പ് നിറം ആയത് വായനയെ അലോസരപ്പെടുത്തുന്നു.