Monday, May 3, 2010

മെട്രോ നഗരത്തിലെ കിരാത ദൈവങ്ങള്‍


ഇന്ന്‌ എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി മാറിയിരിക്കുകയാണ്‌ കള്ളമണല്‍ വില്‍പ്പന. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തകര്‍ന്നതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരും കള്ളമണല്‍ കടത്തിന്‌ എത്തിയിട്ടുണ്ട്‌. ഇതോടെ കള്ളമണല്‍ വില്‍പ്പനയുടെ ഭാഗമായുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ തടയേണ്ടത്‌ പോലീസാണ്‌. എന്നാല്‍, പോലീസ്‌ തന്നെ പോലീസിനെ ഒറ്റിക്കൊടുത്ത്‌ മണല്‍ മാഫിയയെ സംരക്ഷിക്കുന്ന അതീവ വിചിത്രമായ നടപടികളാണ്‌ ജില്ലയിലെ മണല്‍ കടവുകളുമായി ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പോലീസിന്റെ ഈ മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക്‌ കുലുക്കമില്ല; അവര്‍ക്കെതിരെ നടപടിയുമില്ല. കാരണം ഇത്തരക്കാരെ സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാരുണ്ട്‌. സമാന്തര സാമ്പത്തിക ശക്തികളായി മാറി സര്‍ക്കാരിനെയും മറ്റ്‌ സംവിധാനങ്ങളെയും ഇന്ന്‌ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കൂടിയാണ്‌ വഴിമരുന്നിടുന്നത്‌.

ആതിരേ, കഴിഞ്ഞദിവസം പറഞ്ഞുനിര്‍ത്തിയിടത്തുനിന്നുതന്നെ തുടങ്ങണം. മെട്രോ നഗരത്തെയും അതുള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയെയും കൈയിലിട്ടമ്മാനമാടുകയാണ്‌ സമാന്തര സാമ്പത്തിക ശക്തികളായി വളര്‍ന്ന അധോലോകത്തെ കിരാത ദൈവങ്ങള്‍.
ഓണ്‍ലൈന്‍ രതിവ്യാപാരം മുതല്‍ മണല്‍ മാഫിയ വരെയുള്ള ഈ കറുത്ത ദൈവങ്ങളുടെ ഇഷ്ടാനുസരണമാണ്‌ ഇന്ന്‌ എറണാകുളം ജില്ലയിലെ ദിവസങ്ങള്‍ പുലരുന്നതും രാവുകള്‍ അസ്തമിക്കുന്നതും. ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്ക്കും സംരക്ഷണം നല്‍കുന്നതിനൊപ്പം സമൂഹത്തിന്റെ സമാധാന ജീവിതത്തിന്‌ വിഘാതമാകുന്ന സമൂഹവിരുദ്ധശക്തികളെ ഉന്മൂലനം ചെയ്യാന്‍ ബാധ്യതയുള്ള പോലീസ്‌ സേനയുടെ സംരക്ഷണത്തിലാണ്‌ ഈ കറുത്ത ദൈവങ്ങള്‍ ഇവിടെ അഴിഞ്ഞാടുന്നത്‌.
200 കോടി രൂപയുടെ രതിവ്യാപാരമാണ്‌ ആതിരേ, ഓണ്‍ലൈനിലൂടെ നടക്കുന്നത്‌. അതിനടുത്ത്‌ എത്തിനില്‍ക്കുന്നു മണല്‍മാഫിയയുടെ പ്രതിമാസ ബിസിനസ്‌. 168 കോടിയോളം രൂപയുടെ അനധികൃത മണല്‍ വില്‍പ്പനയാണ്‌ ജില്ലയില്‍ നടക്കുന്നത്‌. തൊഴിലാളികള്‍ക്കും ഗുണ്ടകള്‍ക്കുമുള്ള ചെലവ്‌ കിഴിച്ചാല്‍ തന്നെ 100 കോടി രൂപയുടെ ലാഭമാണ്‌ ഈ മാഫിയ എറണാകുളം ജില്ലയില്‍ നിന്ന്‌ ഊറ്റിയെടുക്കുന്നത്‌. ഇവരുടെ ഈ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്‌ രാഷ്ട്രീയ നേതൃത്വത്തങ്ങളുടെ പിന്തുണയുണ്ട്‌.... പോലീസ്‌ വകുപ്പിന്റെ പിന്തുണയുണ്ട്‌.... റവന്യൂ വകുപ്പിന്റെ പിന്തുണയുണ്ട്‌.... എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ വന്‍ ഗുണ്ടാപ്പടയുണ്ട്‌.... അതുകൊണ്ട്‌ ആരെയും പേടിക്കാതെയാണ്‌ മണല്‍ മാഫിയ ജില്ലയില്‍ പിടിമുറുക്കിയിരിക്കുന്നത്‌.
ജില്ലയുടെ ഒരുദിവസത്തെ നിര്‍മാണ ആവശ്യങ്ങള്‍ക്ക്‌ 5000 ലോഡ്‌ മണല്‍ വേണ്ടിവരുമെന്നാണ്‌ ഏകദേശ കണക്ക്‌. എന്നാല്‍, പെരിയാര്‍, മൂവാറ്റുപുഴ ആറുകളിലെ ശുദ്ധജല പ്രദേശങ്ങളിലെ 62 അംഗീകൃത മണല്‍ കടവുകളില്‍ നിന്ന്‌ ഒരുദിവസം വാരാന്‍ പാസ്‌ നല്‍കുന്നത്‌ 517 ലോഡിനാണ്‌. ബാക്കി 4483 ലോഡ്‌ മണല്‍ കരിഞ്ചന്തയിലാണ്‌ മറിക്കപ്പെടുന്നത്‌. ഇന്ന്‌ കരിഞ്ചന്തയില്‍ ഒരുലോഡ്‌ മണലിന്‌ 15,000 ല്‍ അധികം രൂപ നല്‍കണം. കള്ളമണല്‍ വില്‍പ്പനരംഗത്ത്‌ രാഷ്ട്രീയത്തിലെയും പോലീസിലെയും റവന്യൂവകുപ്പിലെയും ഉന്നതന്മാരടങ്ങുന്നവരാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവര്‍ ന്യൂനപക്ഷമാണെന്ന്‌ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താമെങ്കിലും ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വന്‍ ഗുണ്ടാസംഘം കൂടിയുണ്ടാകുമ്പോള്‍ ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന കിരാത ശക്തിയായി ഇവര്‍ക്ക്‌ മാറാന്‍ കഴിയുന്നു.
ഇന്ന്‌ എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി മാറിയിരിക്കുകയാണ്‌ ആതിരേ, കള്ളമണല്‍ വില്‍പ്പന. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തകര്‍ന്നതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരും കള്ളമണല്‍ കടത്തിന്‌ എത്തിയിട്ടുണ്ട്‌. ഇതോടെ കള്ളമണല്‍ വില്‍പ്പനയുടെ ഭാഗമായുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ തടയേണ്ടത്‌ പോലീസാണ്‌. എന്നാല്‍, പോലീസ്‌ തന്നെ പോലീസിനെ ഒറ്റിക്കൊടുത്ത്‌ മണല്‍ മാഫിയയെ സംരക്ഷിക്കുന്ന അതീവ വിചിത്രമായ നടപടികളാണ്‌ ജില്ലയിലെ മണല്‍ കടവുകളുമായി ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പോലീസിന്റെ ഈ മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക്‌ കുലുക്കമില്ല; അവര്‍ക്കെതിരെ നടപടിയുമില്ല. കാരണം ഇത്തരക്കാരെ സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാരുണ്ട്‌.
പോലീസിനെ ഒറ്റിക്കൊടുക്കുന്ന പോലീസ്‌ ഏറ്റവും അധികം ഉള്ളതും സജീവമായിട്ടുള്ളതും ആലുവയിലാണ്‌. പെരിയാറില്‍ അനധികൃതമായി മണല്‍ വാരുന്ന വള്ളങ്ങള്‍ പിടിച്ചെടുത്ത്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ തച്ചുടച്ച്‌ പോലീസ്‌ നടപ്പാക്കിയ ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഇത്‌ പക്ഷെ, പോലീസ്‌ പോലീസിനോട്‌ നടത്തിയ പോരാട്ടമായിരുന്നു എന്നറിയുമ്പോഴാണ്‌ സംഭവത്തിന്റെ ഗൗരവം ബോധ്യമാവുക.
പെരിയാറില്‍ അനധികൃതമായുള്ള മണല്‍വാരല്‍ പൂര്‍വാധികം ഭംഗിയായും വ്യാപകമായും ഇന്നും നടക്കുന്നു. പക്ഷെ, ഒരു വള്ളം പോലും പിടിച്ചെടുക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. പെരിയാറില്‍ തിരച്ചില്‍ നടത്താന്‍ സ്റ്റേഷനില്‍ നിന്ന്‌ പോലീസ്‌ ഇറങ്ങും മുമ്പ്‌ തന്നെ മണല്‍ വാരുന്നവര്‍ക്ക്‌ സന്ദേശം എത്തിക്കുന്നത്‌ ചില പോലീസുകാര്‍ തന്നെയാണ്‌. അതുകൊണ്ട്‌ പോലീസ്‌ കടവിലെത്തുമ്പോള്‍ ശൂന്യമായ പുഴയാണ്‌ കാണുക. മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാതെ നേരത്തെ തിരിച്ചു പോരുകയായിരുന്നു പതിവ്‌. സഹപ്രവര്‍ത്തകര്‍ തന്നെയാണ്‌ ഒറ്റുകാരെന്ന്‌ ബോധ്യമായപ്പോഴാണ്‌ പിടിച്ചെടുക്കുന്ന വള്ളങ്ങള്‍ തകര്‍ക്കാന്‍ തീരുമാനമായത്‌. ടാപ്പുകള്‍ ഘടിപ്പിച്ച വഞ്ചികള്‍ പുഴയില്‍ എവിടെ കണ്ടാലും പിടിച്ചെടുത്ത്‌ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ നശിപ്പിക്കാന്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. എന്നാല്‍, വള്ളങ്ങള്‍ പിടിച്ചെടുക്കാനല്ലാതെ അവ നശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന വാദവുമായി രംഗത്തെത്തിയത്‌ പോലീസിലെ തന്നെ ഒരുവിഭാഗമാണ്‌. ഇവരെ കണ്ട്‌ മേലധികാരികള്‍ ഞെട്ടിവിറച്ച്‌ നിന്നുപോയത്‌ സ്വാഭാവികം. ഇവര്‍ക്കാണ്‌ സേനയിലെയും രാഷ്ട്രീയത്തിലെയും ഉന്നതന്മാരുടെ സംരക്ഷണമുള്ളത്‌. അതുകൊണ്ടുതന്നെ വഞ്ചിപൊളിക്കുന്ന നടപടിയും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്‌.
അതോടെ പിടിച്ചെടുത്ത വഞ്ചികള്‍ മണല്‍ മാഫിയക്ക്‌ മറിച്ചുവിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്ന മറ്റൊരുവിഭാഗം പോലീസുകാര്‍ക്കിടയില്‍ നിന്ന്‌ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഒന്നിച്ച്‌ പൊളിക്കാന്‍ ഇടുന്ന വഞ്ചികളില്‍ രണ്ടോ മൂന്നോ എണ്ണം നീക്കിയാല്‍ ആരറിയാനാണ്‌. അങ്ങനെ നീക്കിക്കൊടുക്കുന്ന വഞ്ചികള്‍ക്ക്‌ ലഭിക്കുന്നത്‌ ഒന്നും രണ്ടും ലക്ഷം രൂപയാണ്‌.
കള്ളമണല്‍ വെളുപ്പിക്കാനും മണല്‍ മാഫിയക്ക്‌ പോലീസ്‌ തന്നെയാണ്‌ ആതിരേ, കൂട്ടുനില്‍ക്കുന്നത്‌. ഇതിനായി അംഗീകൃത പാസുകള്‍ കൗശലപൂര്‍വമാണ്‌ സംഘടിപ്പിക്കുന്നതും പിന്നീട്‌ അതുപയോഗിച്ച്‌ കൂടുതല്‍ മണല്‍ കടത്തുന്നതും. കള്ളപ്പണം വെളുപ്പിക്കുന്നതുപോലുള്ള ഈ നടപടി മണല്‍ മാഫിയയും പോലീസും റവന്യൂ അധികൃതരും ചേര്‍ന്നാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌. പെരുമ്പാവൂരില്‍ നിന്നാണ്‌ ഈ 'പദ്ധതി'യുടെ തുടക്കം.
കടവുകളില്‍ രണ്ടോ മൂന്നോ ലോഡ്‌ മണല്‍ വാരിയിട്ട ശേഷം വാരിയവര്‍ തന്നെ വിവരം പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്നതോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. പോലീസ്‌ ഉടന്‍ സ്ഥലത്തെത്തും; മണല്‍ കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന്‌ റവന്യൂ അധികൃതര്‍ക്ക്‌ കൈമാറും. അവര്‍ മണലിന്റെ അളവും വിലയും കണക്കാക്കി അപ്പോള്‍ തന്നെ ലേലം ചെയ്യും. ഏറ്റവും കുറഞ്ഞവിലക്ക്‌ ഈ മണല്‍ ലേലം കൊള്ളുന്നത്‌ മണല്‍ വാരുകയും അത്‌ പോലീസില്‍ അറിയിക്കുകയും ചെയ്തവരായിരിക്കും. ഗുണ്ടകളെ ഭയന്ന്‌ പുറത്തുനിന്നുള്ളവര്‍ കടവില്‍ നടക്കുന്ന ഈ ലേലത്തില്‍ പങ്കെടുക്കാറില്ല. എന്നുമാത്രമല്ല മണല്‍ പിടിച്ച വിവരം നാട്ടുകാര്‍ അറിയും മുമ്പ്‌ തിടുക്കത്തില്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. തൊണ്ടിമുതലിന്‌ ദിവസങ്ങളോളം കാവല്‍ നിര്‍ത്താന്‍ പോലീസിനെ കിട്ടില്ല എന്ന ന്യായം പറഞ്ഞാണ്‌ പിടിച്ച ഉടന്‍ മണല്‍ ലേലം ചെയ്ത്‌ വില്‍ക്കുന്നത്‌. ലേലം ചെയ്തു നല്‍കിയ മണലിന്‌ റവന്യൂ അധികൃതര്‍ പാസ്‌ നല്‍കുന്നതോടെ അത്‌ അധികൃത മണലായി തീരും. അതോടെ ആ പാസുമായി മണല്‍ എവിടെ വേണമെങ്കിലും എത്തിക്കാം.
കോതമംഗലം കേന്ദ്രീകരിച്ച്‌ മറ്റൊരു തട്ടിപ്പാണ്‌ മണല്‍ വില്‍പ്പനയില്‍ നടക്കുന്നത്‌. ചാമക്കൊതിയന്‍ പാറ ഇടിച്ചുപൊടിച്ച്‌ കഴുകി കൃത്രിമമായി മണല്‍ നിര്‍മ്മിച്ചാണ്‌ ഇവിടത്തെ മാഫിയ ലാഭം കൊയ്യുന്നത്‌. ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത്‌ ഇത്തരത്തില്‍ പതിനഞ്ചോളം കൃത്രിമ മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്‌.
ലാഭം മാത്രം മുന്നില്‍ കണ്ട്‌ നടത്തുന്ന ഇത്തരം അനധികൃത മണല്‍ നിര്‍മ്മാണം മറ്റൊരു വലിയ ഭീഷണിക്കാണ്‌ വഴിയൊരുക്കുന്നത്‌. പാറ പൊടിച്ചുണ്ടാക്കുന്ന വ്യാജമണലും ഉപ്പുമണലുമൊക്കെ കെട്ടിടങ്ങളുടെ അകാലബലക്ഷയത്തിനും തകര്‍ച്ചക്കും വഴിയൊരുക്കും. പാറപൊടിച്ചുണ്ടാക്കുന്ന മണലിന്റെ പ്രത്യേകതരം ധാതു സ്വഭാവം മൂലം സിമന്റ്‌, മെറ്റല്‍ എന്നിവയുമായി അവ കൂടിച്ചേരില്ല. തന്മൂലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പത്തുവര്‍ഷത്തിനുള്ളില്‍ കോണ്‍ക്രീറ്റ്‌ പൊടിയാന്‍ കാരണമാവും. കൃത്രിമ മണലുപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഹോളോബ്രിക്കുകള്‍ക്കും ഈ പ്രശ്നമുണ്ട്‌. അവ എളുപ്പം പൊട്ടുകയും ഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യും. ഉപ്പുമണല്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ വേഗത്തില്‍ തുരുമ്പിക്കും. ഓരോ മഴക്കാലത്തും കോണ്‍ക്രീറ്റ്‌ നനയുമ്പോള്‍ കമ്പികള്‍ തുരുമ്പിച്ച്‌ വിള്ളല്‍ സൃഷ്ടിക്കും. കാലക്രമത്തില്‍ കോണ്‍ക്രീറ്റ്‌ ഇളകാനും വാര്‍ക്ക തകരാനും ഇത്‌ കാരണമാവും. ഇന്ന്‌ കൊച്ചിയില്‍ നടക്കുന്ന വ്യാപകമായ നിര്‍മ്മാണ മേഖല ഈ അപകടത്തെയാണ്‌ നേരിടുന്നത്‌. സമാന്തര സാമ്പത്തിക ശക്തികളായി മാറി സര്‍ക്കാരിനെയും മറ്റ്‌ സംവിധാനങ്ങളെയും ഇന്ന്‌ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കൂടിയാണ്‌ വഴിമരുന്നിടുന്നത്‌. ആ ഋ ഇവരെ തടയും എന്നതാണ്‌ അവശേഷിക്കുന്ന ചോദ്യം. പൂച്ചക്ക്‌ മണികെട്ടാന്‍ ധൈര്യമുള്ളവരാരും ഇന്ന്‌ ജില്ലയില്‍ റവന്യൂ ഭരണരംഗത്തോ ക്രമസമാധാന പാലന രംഗത്തോ ഇല്ല. ഇതിന്റെ കൂടി തിരിച്ചടി അനുഭവിക്കാന്‍ പോവുകയാണ്‌ ആതിരേ, മെട്രോ നഗരവും എറണാകുളം ജില്ലയും.

1 comment:

Rejeesh Sanathanan said...

ഇത് എറണാകുളം നഗരത്തിന്‍റെ മാത്രം പ്രശ്നമല്ല......എല്ലാവനും കൂടി മണലും മണ്ണൂം ഊറ്റിയൂറ്റി കേരളത്തിന്‍റെ ശുദ്ധജലതടാകം ഫുഡ്ബോള്‍ ഗ്രൌണ്ട് പോലെ നികന്നു കഴിഞ്ഞു.......