Wednesday, May 26, 2010

വി.എസ്സിന്റെ നാലുവര്‍ഷം


കോടിയേരി ബാലകൃഷ്ണനും പി.കെ ശ്രീമതിയും തോമസ്‌ ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ അച്യുതാനന്ദനെ മറയാക്കി അഴിമതിയുടെ സമാനതകളില്ലാത്ത ചരിത്രമാണ്‌ രചിച്ചിട്ടുള്ളത്‌. ആഢംബര ജീവിതത്തിനും സുഖലോലുപതക്കും മൂലധന സമാഹരണത്തിനുമായി ഇവര്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനവഞ്ചന നാളെ ചോദ്യം ചെയ്യപ്പെടുമെങ്കിലും ഈ സോഷ്യല്‍ ഡെമോക്രാറ്റുകളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക്‌ അനുവദിച്ചതാണ്‌ അച്യുതാനന്ദന്റെ മറ്റൊരു പരാജയം. നാലുവര്‍ഷത്തെ ഭരണം അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്‌ അസഹ്യവും അസ്വീകാര്യവുമായിരുന്നു. തന്മൂലം പഴികളുടെ എല്ലാവിഴുപ്പും പേറാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനുമാണ്‌. വരാനിരിക്കുന്ന ഒരുവര്‍ഷം കൂടുതല്‍ വിഴുപ്പുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ഏറ്റിവെയ്ക്കാനുള്ള അവസരമായിട്ടായിരിക്കും പിണറായി മുതല്‍ എളമരം കരീം വരെയുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ കരുതുക. അതുകൊണ്ട്‌ ജനപക്ഷ നിലപാടുകളോടെ അധികാരത്തിലേറാനും ക്രുദ്ധനായ ജനവിരുദ്ധനെന്ന ലേബലോടെ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകാനുമാണ്‌ അച്യുതാനന്ദന്റെ നിയോഗം.



ജനപക്ഷത്ത്‌ നില്‍ക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തി ജനഹിതത്തിന്‌ എതിരായി ഭരണം നടത്തുന്ന വി.എസ്‌ അച്യുതാനന്ദന്‍ തന്റെ മുഖ്യമന്ത്രി വാഴ്ചയുടെ നാലുവര്‍ഷം പൂര്‍ത്തിയാക്കി, ആതിരേ.
2006 മെയ്‌ 18ന്‌ പൊതുസമൂഹത്തെ സാക്ഷി നിര്‍ത്തി, മാമൂലുകള്‍ ധിക്കരിച്ച്‌ പൊതു വേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത്‌ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ പോലും ഗുണപരമായ ഒരുമാറ്റം ഭരണസംവിധാനത്തിലും അതിന്റെ നിര്‍വഹണത്തിലുമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചതാണ്‌. കാരണം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അത്തരത്തിലായിരുന്നു വി.എസ്‌ അച്യുതാനന്ദന്റെ സാമൂഹിക ഇടപെടലുകളും രാഷ്ട്രീയ ഭൂമികയിലെ പ്രവര്‍ത്തനങ്ങളും. പലപ്പോഴും പാര്‍ട്ടിയുടെ നിയതമായ , കര്‍ശന നിലപാടുകളെ ധിക്കരിച്ചും ജനങ്ങള്‍ക്കുവേണ്ടി നിലപാടുകളെടുത്ത ആ ആര്‍ജ്ജവം അതിന്റെ എല്ലാ നന്മകളോടും പുഷ്കലമാകുമെന്നാണ്‌ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത്‌.
എന്നാല്‍,ആതിരേ, എല്ലാ പ്രതീക്ഷകളും തച്ചുടച്ച്‌ അധികാരത്തിന്റെ വേലിക്കകത്തും സ്ഥാനങ്ങളുടെ തെങ്ങിന്‍ മണ്ടയിലും ഇരിക്കുന്ന ശങ്കരനായിരുന്നു പലപ്പോഴും വി.എസ്‌ അച്യുതാനന്ദന്‍. ഇത്‌ വ്യക്തിപരമായി അദ്ദേഹം ആഗ്രഹിച്ച സുഖവാസമായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ മുഖ്യമന്ത്രിയെന്ന നിലക്ക്‌ അദ്ദേഹം സ്വീകരിക്കേണ്ടിയിരുന്ന നടപടികളുടെ മുഖത്തുനിന്ന്‌ പ്രതിഷേധമുണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം തലവലിച്ചതിനെ വിലയിരുത്തുന്നത്‌.
പൗരസമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നേടിയെടുത്ത്‌ നല്‍കാന്‍ ബാധ്യസ്ഥരായവരാണ്‌ ആതിരേ, രാഷ്ട്രീയ സമൂഹവും സാംസ്കാരിക സമൂഹവും. ഇതില്‍ രാഷ്ട്രീയ സമൂഹത്തിന്‌ കളങ്കമില്ലാത്ത ഒരു നേതൃത്വം അച്യുതാനന്ദന്‍ നല്‍കുമെന്നത്‌ കേരളീയന്റെ അമിത പ്രതീക്ഷയായിരുന്നില്ല. മറിച്ച്‌ വസ്തുതകളിലൂന്നിയും അദ്ദേഹത്തിന്റെ ഭൂതകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും സ്വീകരിച്ച ആശകളായിരുന്നു. എന്നാല്‍, അവയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന്‌ വീഴുന്നത്‌ കണ്ടുനില്‍ക്കാനായിരുന്നു കേരളത്തിലെ സമ്മതിദായകരുടെയും നികുതി ദായകരുടെയും ദാരുണമായ വിധി.
ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും ഒരു ഭരണകൂടമല്ല. പ്രത്യേകിച്ച്‌ ജനാധിപത്യ ക്രമത്തില്‍. എന്നാല്‍, അമിതാധികാരത്തിന്റെ ഭരണകൂട ഭീകരതയായി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നതും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും ശ്രീമതിമാരും ബേബിമാരും കരീമുമാരും പിന്തുണയ്ക്കുന്നതുമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധഃപതിച്ചതിന്റെ പ്രതിഫലനമാണ്‌ അച്യുതാനന്ദന്റെ മുഖ്യമന്ത്രിയെന്ന നിലക്കുള്ള ജനവിരുദ്ധ നിലപാടുകളുടെ ഭൂമികയെന്ന്‌ തിരിച്ചറിയാന്‍ കഴിയും. വകുപ്പ്‌ വിഭജന വേളയില്‍ തന്നെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം എങ്ങനെയെല്ലാമാണ്‌ വി.എസ്സിനെ ശ്വാസം മുട്ടിച്ചതെന്ന്‌ ഓര്‍മ്മയുള്ളവര്‍ക്കെല്ലാമറിയാം. എങ്കിലും ഈ ശ്വാസം മുട്ടിക്കലില്‍ നിന്ന്‌ പിടഞ്ഞെതിര്‍ത്ത്‌ തലയുയര്‍ത്താന്‍ ശ്രമിച്ചതായിരുന്നു മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടി. കേരളത്തിലെ പൊതസമൂഹവും കോടതി അടക്കമുള്ള നീതിനിര്‍വ്വഹണ സ്ഥാപനങ്ങളും ഒന്നായി പിന്തുണച്ചിട്ടും ആ ശ്രമവുമായി മുന്നോട്ടു പോകാന്‍ അച്യുതാനന്ദന്‌ കഴിഞ്ഞില്ല. ഇത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ലെന്നും ഭൂമാഫിയയും എസ്റ്റേറ്റ്‌ മാഫിയയുമായി കൈകോര്‍ത്ത മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ പാലം വലിയായിരുന്നുവെന്നും പൊതുസമൂഹത്തിന്‌ അറിയാം. പക്ഷെ,ആതിരേ, ഒരു മുഖ്യമന്ത്രിയെന്ന നിലയ്ക്ക്‌, കേരളത്തിലെ ജനങ്ങള്‍ ഒന്നായി പിന്തുണച്ച ഒരു വിഷയത്തില്‍ ധൈര്യസമേതം മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പാര്‍ട്ടി അതിന്റെ പ്രവര്‍ത്തകരുടെ തോളത്ത്‌ വെച്ചിട്ടുള്ള അമിതാധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും മുഖമാണ്‌ ഇത്തരം ഒരു മുന്നോട്ടുപോക്കിന്‌ വിഘാതമായതെന്ന്‌ പറയാമെന്ന്‌ മാത്രം. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ട്‌ പോയാല്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക തീര്‍ച്ചയായും അച്യുതാനന്ദന്റെ ഈ പിന്നാക്കം പോക്കിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരം താഴ്ത്തുന്ന അവസ്ഥയോളം അച്യുതാനന്ദനെ വെടക്കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകയായിരുന്നു പിണറായി വിജയന്‍ അടക്കമുള്ള ഔദ്യോഗിക പക്ഷം. ഇത്തരത്തിലുള്ള പ്രതിലോമ ശക്തികള്‍ക്കിടയില്‍ നിന്നുവേണമായിരുന്നു അച്യുതാനന്ദന്‌ ജനഹിതം നിറവേറ്റേണ്ടിയിരുന്നത്‌.
പാര്‍ട്ടി അതിന്റെ അമിതാധികാര - മൂലധന സമാഹരണ ത്വരയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന്‌ മറ്റാരേക്കാളും നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു അച്യുതാനന്ദന്‍. അപ്പോള്‍, പ്രതിപക്ഷ നേതാവായിരന്നപ്പോള്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന്‌ പാര്‍ട്ടിയിലെ വിഭാഗീയ ശക്തികളെയും സോഷ്യല്‍ ഡെമോക്രാറ്റുകളെയും വെല്ലുന്ന ചില രീതി ശാസ്ത്രങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു ആതിരേ. അക്കാര്യത്തില്‍ പറ്റിയ പാളിച്ചയാണ്‌ നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ പൊതുസമൂഹത്തിന്‌ നീണ്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള പരിസരമൊരുക്കിയിട്ടുള്ളത്‌.
അച്യുതാനന്ദന്‍ ഭരിച്ചാല്‍ പാലും തേനും ഒഴുകുന്ന ഒരു വാഗ്ദത്ത ഭൂമിയായി കേരളം മാറുമെന്ന വിഡ്ഢിസ്വപ്നമൊന്നും ആരും കണ്ടിരുന്നില്ല. എന്നാല്‍, കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെ, അവരുടെ ജീവിത വ്യാപാരത്തിന്റെ എല്ലാ മേഖലകളിലും നീരാളിക്കൈകള്‍ നീട്ടുന്ന പീഡകസംഘത്തെയെങ്കിലും നിലക്ക്‌ നിര്‍ത്താനുള്ള സത്യസന്ധമായതും ആര്‍ജ്ജവം നിറഞ്ഞതുമായ നടപടി അച്യുതാനന്ദനില്‍ നിന്നുണ്ടാകുമെന്ന്‌ എല്ലാവരും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഇലക്ഷന്‍ പ്രചരണ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ അതുകൊണ്ടാണ്‌ കൈയടിയോടെ കേരളത്തിലെ സ്ത്രീ സമൂഹവും അവരോടൊപ്പം അവരുടെ നീതിയും സാമൂഹിക മാന്യതയും ആഗ്രഹിച്ച വ്യക്തികളും സ്വീകരിച്ചത്‌. "പെണ്‍വാണിഭക്കാരെ കൈയാമം വെച്ച്‌ തെരുവിലൂടെ നടത്തു"മെന്നായിരുന്നു അച്യുതാനന്ദന്‍ ആവര്‍ത്തിച്ച്‌ പ്രസംഗിച്ചതും ഇടതുപക്ഷത്തിന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ സന്ദേഹ ലേശമന്യേ പ്രഖ്യാപിച്ചതും.
എന്നാല്‍,ആതിരേ, കേരളത്തിന്റെ മനസാക്ഷി ഇന്നും നടുക്കത്തോടെ സ്മരിക്കുന്ന കിളിരൂര്‍ കവിയൂര്‍ പീഡനക്കേസിലെ പ്രതികളെ പോലും വിചാരണയ്ക്കെങ്കിലും വിധേയമാക്കാന്‍ അച്യുതാനന്ദന്റെ ഭരണത്തിന്‌ കഴിഞ്ഞില്ല. 2006ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇറക്കിയ ഇലക്ഷന്‍ കാര്‍ഡുകളില്‍ ഒന്നായിരുന്നല്ലോ കിളിരൂര്‍-കവിയൂര്‍ പീഡന സംഭവം. ഇന്നും കിളിരൂറിലെ ശാരിയുടെ മാതാപിതാക്കളും മകള്‍ സ്നേഹയും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌.
അച്യുതാനന്ദന്‍ അധികാരത്തില്‍ ഏറിയ ശേഷം സ്ത്രീപീഡനം അതിന്റെ എല്ലാ ക്രൂരതകളും ഉല്ലംഘിച്ച്‌ കേരളത്തിലെ മുക്കിലും മൂലയിലും വലമുറുക്കിയ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഇരുന്നൂറ്‌ കോടി രൂപയുടെ മാംസവ്യാപാരമാണ്‌ ഇന്റര്‍നെറ്റിലൂടെ നടത്തുന്നത്‌. അതിന്റെ സൂത്രധാരന്‍ മെട്രോ നഗരത്തിലൂടെ മുന്തിയ കാറില്‍ ഇന്നും സഞ്ചരിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ ആരെയോ ബോധിപ്പിക്കാന്‍ ഒരു അറസ്റ്റ്‌ നടത്തിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ മൂലം അദ്ദേഹം ഇന്ന്‌ പൂര്‍വ്വാധികം ഭംഗിയോടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നു. പൂവരണി, കുണ്ടറ, മട്ടന്നൂര്‍, എടരിക്കോട്‌ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഹൈടെക്ക്‌ അല്ലാത്ത രീതിയിലും ഞെട്ടിക്കുന്ന പെണ്‍വാണിഭമാണ്‌ ഈ നാല്‌ വര്‍ഷത്തിനിടയില്‍ നടന്നത്‌. ഇതെല്ലാം വ്യാപകമായ വാര്‍ത്താപ്രാധാന്യം ലഭിച്ച സംഭവങ്ങളാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത ആയിരക്കണക്കിന്‌ പെണ്‍വാണിഭ സംഭവങ്ങള്‍ നാട്ടിലുണ്ടായിട്ടുണ്ട്‌. അച്യുതാനന്ദന്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം ആഗ്രഹിച്ചത്‌ ഈ മാംസവ്യാപാരികളെ നിലക്ക്‌ നിര്‍ത്തുന്ന നട്ടെല്ലുള്ള സുതാര്യമായ ഭരണം ഉണ്ടാകുമെന്നായിരുന്നു.
എന്നാല്‍,ആതിരേ, ക്രൂരമായ വഞ്ചനയാണ്‌ കേരളത്തിലെ സ്ത്രീ സമൂഹത്തോട്‌ അച്യുതാനന്ദന്‍ കാണിച്ചത്‌. ഇവിടെയും അദ്ദേഹത്തിന്‌ അനങ്ങനാവാത്തവിധം വിഘാതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിണറായി അടക്കമുള്ളവര്‍ പ്രദര്‍ശിപ്പിച്ച കൗശലം മറന്നുകൊണ്ടല്ല സംസാരിക്കുന്നത്‌. കിനാലൂരില്‍ കിടപ്പാടത്തിന്‌ വേണ്ടി പൊരുതിയ സ്ത്രീകളെ തള്ളിപ്പറഞ്ഞ്‌ പിണറായി അടക്കമുള്ളവര്‍ക്ക്‌ പാദസേവനടത്തിയ ജസ്റ്റിസ്‌ ശ്രീദേവി ആണ്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണങ്ങള്‍ തടയാനും ഇരകളെ സംരക്ഷിക്കാനും വേട്ടപ്പട്ടികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാനും മുഖ്യമന്ത്രിയെ സഹായിക്കേണ്ട ഈ സംവിധാനം പോലും പാര്‍ട്ടിയിലെ പടലപിണക്കത്തിന്റെ ഓരം ചേര്‍ന്ന്‌ അദ്ദേഹത്തെ ഒറ്റപ്പെടുത്തി പൊതുസമൂഹമധ്യേ അവഹേളിക്കാനാണ്‌ ശ്രമിച്ചത്‌. ഈ ഒറ്റപ്പെടുത്തലാണ്‌ അച്യുതാനന്ദന്റെ ഭരണപരാജയത്തിന്റെ ആണിക്കല്ല്‌.
അതേസമയം കോടിയേരി ബാലകൃഷ്ണനും പി.കെ ശ്രീമതിയും തോമസ്‌ ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ അച്യുതാനന്ദനെ മറയാക്കി അഴിമതിയുടെ സമാനതകളില്ലാത്ത ചരിത്രമാണ്‌ രചിച്ചിട്ടുള്ളത്‌. ആഢംബര ജീവിതത്തിനും സുഖലോലുപതക്കും മൂലധന സമാഹരണത്തിനും ഇവര്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനവഞ്ചന നാളെ ചോദ്യം ചെയ്യപ്പെടുമെങ്കിലും, ആതിരേ, ഈ സോഷ്യല്‍ ഡെമോക്രാറ്റുകളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക്‌ അനുവദിച്ചതാണ്‌ അച്യുതാനന്ദന്റെ മറ്റൊരു പരാജയം. നാലുവര്‍ഷത്തെ ഭരണം അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്‌ അസഹ്യവും അസ്വീകാര്യവുമായിരുന്നു. തന്മൂലം പഴികളുടെ എല്ലാവിഴുപ്പും പേറാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനുമാണ്‌. വരാനിരിക്കുന്ന ഒരുവര്‍ഷം കൂടുതല്‍ വിഴുപ്പുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ഏറ്റിവെയ്ക്കാനുള്ള അവസരമായിട്ടായിരിക്കും പിണറായി മുതല്‍ എളമരം കരീം വരെയുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ കരുതുക. അതുകൊണ്ട്‌ ജനപക്ഷ നിലപാടുകളോടെ അധികാരത്തിലേറാനും ക്രുദ്ധനായ ജനവിരുദ്ധനെന്ന ലേബലോടെ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകാനുമാണ്‌ ആതിരേ, അച്യുതാനന്ദന്റെ നിയോഗം.

No comments: