"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തമന്തേ തത്രദേവതഃ...
യത്രൈതാസ്തു ന പൂജ്യന്തേ, സര്‍വ്വാ സ്തത്രാ ഫലാഃ ക്രിയാഃ :" എവിടെ വനിതകള്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവകള്‍ ആമോദത്തോടെ വിരാജിക്കുന്നു. എവിടെ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നോ അവിടെ യജ്ഞം പോലും ഫലമില്ലാത്ത പ്രവര്‍ത്തിയാകുന്നു എന്നാണ് മനു പറഞ്ഞിരിക്കുന്നത്. ഈ മനുവാക്യം സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലാക്കി മാറ്റിയവരെന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണ് മേല്‍ സൂചിപ്പിച്ച നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കുന്നത്. ഇത് കേരളത്തിന് മുഴുവന്‍ അപമാനമാണെന്ന് ആവര്‍ത്തിച്ച് പറയേണ്ടതില്ല. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അടിസ്ഥാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വനിതകളുമാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്.
സെന്‍സസും അധ്യാപക പീഡനവും
ആതിരേ, ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന കാനേഷുമാരി കണക്കെടുപ്പ് രാഷ്ട്രത്തിന്റെ ഭാവി വിഭാവനം ചെയ്യുന്ന ദൗത്യത്തിലെ അനിവാര്യമായ ഘടകമാണ്. ജനങ്ങളുടെ എണ്ണം, അവരുടെ സാമ്പത്തിക - സാമൂഹിക - സാമുദായിക അവസ്ഥ, വിദ്യാഭ്യാസ നിലവാരം തുടങ്ങി രാഷ്ട്രത്തിലെ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളുടെയും രേഖപ്പെടുത്തലാണ് സെന്‍സസ് കണക്കെടുപ്പില്‍ നടക്കുക. ഇന്ത്യപോലുള്ള ബൃഹത്തായ ഒരു രാഷ്ട്രത്തില്‍ ഈ ദൗത്യം ഏറെ ക്ലേശകരമാണ്. അതുകൊണ്ടാണ് ഒരുവര്‍ഷത്തെ സമയം ഇതിനായി നീക്കിവെച്ചിരിക്കുന്നത്. അധ്യാപകരെയാണ് ഈ ദൗത്യത്തിന് കൂടുതലായും നിയോഗിച്ചിട്ടുള്ളത്. വ്യക്തികളുമായും, ചുറ്റുപാടുമായും ഏറ്റവും അധികം പാരസ്പര്യം പുലര്‍ത്തുന്നവര്‍ അധ്യാപകരായതുകൊണ്ടും ഭൂരിപക്ഷം അധ്യാപകരും അവരവരുടെ നാടുകളില്‍ തന്നെ കഴിയുന്നതുകൊണ്ടുമാണ് ഈ ജോലിക്ക് ഇവരെ നിയോഗിച്ചിട്ടുള്ളത്.
എന്നാല്‍ ഇത്തവണ ആരംഭിച്ചിട്ടുള്ള കാനേഷുമാരി കണക്കെടുപ്പ്,ആതിരേ, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് പീഡനമായി തീര്‍ന്നിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ നടപടിക്രമങ്ങളടക്കമുള്ള ഘടകങ്ങളാണ് ഇപ്പോള്‍ അധ്യാപകര്‍ക്ക് സെന്‍സസ് ജോലി പീഡനമാക്കി മാറ്റിയിട്ടുള്ളത്. ഇതിന് നിരവധി കാരണങ്ങളുണ്ട്. പ്ലാനിംഗ് മുതല്‍ ബോധവത്കരണം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടുള്ള വീഴ്ചയാണ്‍' പ്രധാനം. സെന്‍സസിനോട് ജനങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബദ്ധതയില്ലായ്മ ഇതിന്റെ മറ്റു കാരണങ്ങളില്‍ പെടുന്നു. ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച അക്ഷന്തവ്യമാണെന്ന് പറഞ്ഞേ തീരു. സെന്‍സസ് നടപടിക്രമങ്ങള്‍ പകുതി പിന്നിട്ടിട്ടും എന്യൂമറേറ്റര്‍മാര്‍ക്ക് വിവരശേഖരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭിക്കുന്നില്ല എന്ന് പറയുമ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ ദൗത്യത്തെ എത്ര ലഘുവായിട്ടാണ് കാണുന്നതെന്ന് അനുമാനിക്കേണ്ടി വരുന്നു.
സെന്‍സസിന് അടിസ്ഥാന ആവശ്യമായ ഫോമുകള്‍ പോലും ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതി ഗൗരവതരമായി കാണേണ്ടതാണ്. ഘട്ടം ഘട്ടമായിട്ടാണ് പല സ്ഥലത്തും ഫോമുകളുടെ വിതരണം. അതുകൊണ്ട് പലദിവസങ്ങളിലും നിര്‍ണയിക്കപ്പെട്ടതില്‍ പകുതി വീടുകള്‍ കയറിക്കഴിയുമ്പോള്‍ ഫോമുകള്‍ തീരുന്ന അനുഭവമാണുള്ളത്. കൂടാതെ ഓരോദിവസവും എന്യൂമറേറ്റര്‍മാര്‍ക്ക് പുതിയ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇവരുടെ പ്രവര്‍ത്തനം മന്ദീഭവിക്കാനും കൂടുതല്‍ ദുഷ്കരമാകാനും ഇടയാക്കുന്നുണ്ട്.
ഓരോ എന്യൂമറേറ്റര്‍മാരും ശരാശരി 170 വീടുകള്‍ മാത്രം കയറിയാല്‍ മതിയെന്നാണ് നിര്‍ദേശമെങ്കിലും നല്‍കിയിരിക്കുന്ന ഭൂരേഖയില്‍ വീടുകളുടെ എണ്ണം മുന്നൂറിലേറെ വരെ എത്തിയിട്ടുണ്ട്. ഇത് നിശ്ചിത കാലയളവിനുള്ളില്‍ സെന്‍സസ് നടപടി പൂര്‍ത്തീകരിക്കുന്നതിന് തടസ്സമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
വ്യക്തിപരമായ വിവരങ്ങളും വീടിന്റെ വിവരങ്ങളും ഉള്‍പ്പെടെ രണ്ട് രജിസ്റ്ററുകളാണ് തയ്യാറാക്കേണ്ടത്. എന്നാല്‍, ഇത് സംബന്ധിച്ച എന്യൂമറേറ്റര്‍മാരുടെ ചോദ്യങ്ങളോട് ആശാവഹമായിട്ടല്ല പലയിടത്തും പലരും മറുപടി നല്‍കുന്നത്. ഇത് സെന്‍സസ് നടപടിക്രമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ വന്ന വലിയ വീഴ്ചയുടെ തിരിച്ചടിയാണ്. മുന്‍കാലങ്ങളില്‍ സെന്‍സസ് ആരംഭിക്കുന്നതിന് മുമ്പായി ബ്രാന്റ് അംബാസഡര്‍മാരെ നിയമിച്ച് ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ അത്തരം ഒരു ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നുമാത്രമല്ല എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഭൂരേഖയിലെ പല വിവരങ്ങളും തെറ്റായിട്ടുള്ളതുമാണ്. ഇതുമൂലമുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല. സ്ത്രീകളായ എന്യൂമറേറ്റര്‍മാര്‍ക്കാണ് ഇതുമൂലമുള്ള ബുദ്ധിമുട്ട് ഏറെ ഉണ്ടാകുന്നത്.
മധ്യവേനലവധിക്കാലമായതുകൊണ്ട് നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ള പല ഭവനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇവരെല്ലാം കുടുംബസമേതം അവധി ആഘോഷിക്കാനോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ പോയിരിക്കുകയാണ്. ഇതുമൂലം ഏല്‍പ്പിച്ച ഭവനങ്ങളുടെ മുഴുവന്‍ കണക്കുകള്‍ ശേഖരിക്കാനും എന്യൂമറേറ്റര്‍മാര്‍ക്ക് കഴിയുന്നില്ല. മാത്രമല്ല, കുടിയേറ്റമേഖല പോലെയുള്ള പ്രദേശങ്ങളില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ വനിതാ എന്യൂമറേറ്റര്‍മാര്‍ക്ക് ഭയവുമാണ്. പലരും ഒരു കൂട്ടാളിയെയും കൊണ്ടാണ് സെന്‍സസ് കണക്കെടുപ്പിന് പോകുന്നത്. കൂടെ കൂട്ടുന്ന ഈ വ്യക്തിക്ക് എന്യൂമറേറ്റര്‍ സ്വന്തം കൈയില്‍ നിന്നാണ് പ്രതിഫലം നല്‍കുന്നത്. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ടതാണെന്ന് തോന്നുന്നില്ല. ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അധ്യാപക പരിശീലനം. ഈ മാസം 27-ാം തീയതി വരെയാണ് സെന്‍സസ് നടപടികള്‍. ഇതിനിടയിലാണ് അധ്യാപക പരിശീലനവും നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് അധ്യാപക പരിശീലനം നീട്ടിവെയ്ക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ആശാവഹമായ ഒരു തീരുമാനം ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്നും എന്യൂമറേറ്റര്‍മാര്‍ക്ക് നായയുടെ കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. നാല്‍പ്പതിലധികം എന്യൂമറേറ്റര്‍മാര്‍ വളര്‍ത്തുമൃഗങ്ങളുടെ ഉപദ്രവമേറ്റ് ചികിത്സയിലാണെന്ന് കെപിഎസ്ടി യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
മേല്‍സൂചിപ്പിച്ച വൈഷമ്യങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത്, ആതിരേ, വനിതകളായ എന്യൂമറേറ്റര്‍മാരെയാണ്. ഈ കഷ്ടപ്പാടെല്ലാം സഹിച്ചും സര്‍ക്കാരിന്റെ നല്ല ദൗത്യത്തില്‍ പങ്കുകൊള്ളുന്ന ഇവരോട് കേരളത്തിലെ പുരുഷന്മാരുടെ പെരുമാറ്റം രതി വൈകൃതം നിറഞ്ഞതാണ് എന്നതാണ് ഏറ്റവും ക്രൂരമായ വാസ്തവം. ഒരു പരിഷ്കൃത സമൂഹത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്ന രീതിയിലാണ് പലയിടത്തും ഗൃഹനാഥന്മാരായ പുരുഷന്മാര്‍ പോലും സ്ത്രീ എന്യൂമറേറ്റര്‍മാരോട് പെരുമാറുന്നത്. ഒരു സ്ത്രീയോട് പാലിക്കേണ്ട സാമാന്യ മര്യാദ പോലും ഈ കിരാതന്മാരില്‍ നിന്ന് ഉണ്ടാകുന്നില്ല. സ്ത്രീ എന്നാല്‍, ഭോഗവസ്തുവാണെന്ന നീചമായ നിലപാടോടെയാണ് പലരും വനിതാ എന്യൂമറേറ്റര്‍മാരെ സമീപിക്കുന്നത്. കൊല്ലം പാരിപ്പള്ളിയില്‍ സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ചെന്ന അധ്യാപികയെ ഗൃഹനാഥന്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. . സെന്‍സസ് ഫോം പൂരിപ്പിക്കുന്നതിന് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അശ്ലീല സംഭാഷണവും പരിധിവിട്ട പെരുമാറ്റവുമാണ് ആ ഗൃനാഥനില്‍ നിന്നുണ്ടായത്. അവിടെ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു അധ്യാപിക. ഈ പീഡകന്‍ അറസ്റ്റിലായെങ്കിലും ഇത് ഇന്നത്തെ വര്‍ത്തമാനകാല കേരളീയ പുരുഷ മാനസങ്ങളിലെ രതിവൈകൃതങ്ങളെയാണ് പ്രദര്‍ശിപ്പിക്കുന്നത്.
സെന്‍സസ് ജോലിക്കെത്തിയ അധ്യാപികയ്ക്ക് മുമ്പില്‍ പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ട മറ്റൊരു ഗൃനാഥനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കളമശേരിക്ക് സമീപം ഏലൂരില്‍ നിന്നായിരുന്നു. ഉച്ചക്ക് എത്തിയ അധ്യാപികയോട് ഭാര്യയും അമ്മയും വീട്ടിലുണ്ടെന്ന് ഈ നീചന്‍ നുണ പറയുകയായിരുന്നു. സെന്‍സസ് വിവരങ്ങള്‍ ആരാഞ്ഞുതുടങ്ങിയപ്പോഴാണ് അയാളിലെ വൈകൃതം എല്ലാ മറയും നീക്കി പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹവും അറസ്റ്റിലായി. എന്നാല്‍, അമ്മയായും പെങ്ങളായും ഭാര്യയായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ വീട്ടിലെത്തുമ്പോള്‍ പോലും എത്രമാത്രം വൈകൃതമനസ്സോടെയാണ് സാക്ഷരരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പുരുഷന്മാര്‍ അവരോട് പെരുമാറുന്നതെന്ന് വ്യക്തമാക്കുന്ന നാണക്കേടിന്റെ അനുഭവങ്ങളാണ് ഇതെല്ലാം. കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠപുരത്ത് സെന്‍സസിനെത്തിയ അധ്യാപികയെ അസഭ്യം പറഞ്ഞാണ് മറ്റൊരു മുഷ്ക് നിറഞ്ഞ മനസ്സ് ആനന്ദം കണ്ടെത്തിയത്. അധ്യാപിക സെന്‍സസ് വിവരങ്ങള്‍ തിരക്കാന്‍ വീട്ടിലെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. അല്‍പ്പസമയത്തെ ശ്രമത്തിന് ശേഷം അടുത്ത വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നിതിനിടയിലാണ് ഗൃനാഥന്‍ രോഷാകുലനായി തെറ്റിയതും അധ്യാപികയെ അസഭ്യങ്ങള്‍ കൊണ്ട് പൊതിഞ്ഞതും.
"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തേ തത്രദേവതഃ...
യത്രൈതാസ്തു ന പൂജ്യന്തേ, സര്‍വ്വാ സ്തത്രാ ഫലാഃ ക്രിയാഃ :" എവിടെ വനിതകള്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവകള്‍ ആമോദത്തോടെ വിരാജിക്കുന്നു. എവിടെ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നോ അവിടെ യജ്ഞം പോലും ഫലമില്ലാത്ത പ്രവൃത്തിയാകുന്നു എന്നാണ് മനു പറഞ്ഞിരിക്കുന്നത്. ഈ മനുവാക്യം സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലാക്കി മാറ്റിയവരെന്ന് അവകാശപ്പെടുന്നവരില്‍ നിന്നാണ്, ആതിരേ, മേല്‍ സൂചിപ്പിച്ച നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കുന്നത്. ഇത് കേരളത്തിന് മുഴുവന്‍ അപമാനമാണെന്ന് ആവര്‍ത്തിച്ച് പറയേണ്ടതില്ല. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അടിസ്ഥാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വനിതകളുമാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്. ഇതൊരിക്കലും, ഒരു സാക്ഷരസമൂഹത്തിന് ഭൂഷണമല്ല.
ലൈംഗീകവൈകൃതം ബാധിച്ച കേരളത്തിലെ പുരുഷകേസരികള്‍ എന്നാണിതൊക്കെ മനസ്സിലാക്കുക? അതിനായി സ്വന്തം ഭാര്യയും പെണ്മക്കളും ഇത്തരത്തില്‍ പീഡിപ്പിക്കപെടണമെന്നാണോ ആതിരേ..?!!
Subscribe to:
Post Comments (Atom)
No comments:
Post a Comment