Friday, May 28, 2010

എന്തിനാണ്‌ സഖാക്കള്‍ ഇത്ര അസഹിഷ്ണുക്കളാകുന്നത്‌

വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും വിമര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പിണറായി അടക്കമുള്ളവരുടെ ഫാസിസ്റ്റ്‌ നിലപാട്‌ പോക്കറെ പോലെയുള്ളവരുടെ അപായകരമായ ആശയങ്ങള്‍ യുവജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പരിസരമാണ്‌ ഒരുക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പയ്യന്നൂരും പാലേരിയും പോലെയുള്ള നാണക്കേടുകള്‍ക്ക്‌ ഡിവൈഎഫ്‌ഐ വിധേയമാകുന്നത്‌. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവര്‍ നാളെ വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുക്കളെ അടയാളപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. ഭീഷണമായ ആ ഭാവിക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ മാധ്യമ വിദ്വേഷവും വിമര്‍ശകരോടുള്ള അസഹിഷ്ണുതയും.




ഡിവൈഎഫ്‌ഐ എന്ന മാര്‍ക്സിസ്റ്റ്‌ യുവജന സംഘടന ഗുണ്ടാപ്പടയായി അധഃപതിക്കുകയാണോ, ആതിരേ..? വിമര്‍ശനം ഒട്ടും സഹിക്കാനാവാതെ, കളങ്കിതരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമായ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി അവര്‍ ഫാസിസ്റ്റ്‌ ക്രൂരതയുടെ മലയാളി രൂപങ്ങള്‍ ആകുകയാണോ.?
ആണെന്നുവേണം പയ്യന്നൂരിലും പാലേരിയിലുമുണ്ടായ അധിക്രമങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌.
പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയയാണ്‌ ഡിവൈഎഫ്‌ഐ ഗുണ്ടാ നേതാക്കളുടെ അധിക്ഷേപത്തിന്‌ ഇരയാതെങ്കില്‍ പാലേരിയില്‍ സി.ആര്‍. നീലകണ്ഠനാണ്‌ ആക്രമണത്തിന്‌ വിധേയനായത്‌. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കന്മാര്‍ക്കും എതിരായി സക്കറിയയും നീലകണ്ഠനും നിലപാടെടുക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.
ആതിരേ, രാജ്മോഹന്‍ ഉണ്ണിത്താനെയും ഒരു യുവതിയെയും അവരുടെ സ്വകാര്യതയില്‍ വളഞ്ഞുപിടിച്ച്‌ ആക്രമിച്ച്‌ പുകിലുണ്ടാക്കി ആക്ഷേപിച്ചതിനെയാണ്‌ സക്കറിയ വിമര്‍ശിച്ചത്‌. വ്യക്തിയുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറാന്‍ ജനാധിപത്യ ഭരണക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഭരണകൂടത്തിനോ ക്രമസമാധാന പാലകര്‍ക്കോ അവകാശമില്ല എന്നായിരുന്നു സക്കറിയ വാദിച്ചത്‌. തന്റെ വാദം സാധൂകരിക്കാന്‍ പാര്‍ട്ടിയെ നിരോധിച്ച കാലത്ത്‌ ഒളിവു ജീവിതം നയിച്ച ചില നേതാക്കളുടെ ലൈംഗീക അരാജകത്വ കഥകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുയുണ്ടായി. ശരിയാണ്‌ അത്തരം കഥകള്‍ ഡിവൈഎഫ്‌ഐയ്ക്ക്‌ മാത്രമല്ല പുരോഗമനപരമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും അപമാനമുണ്ടാക്കുന്നതാണ്‌. കാരണം വിശുദ്ധമായ ഒരു ആശയസംരക്ഷണത്തിന്‌ വേണ്ടി ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തുന്നതിനിടയില്‍ ഭൗതീക സുഖങ്ങള്‍ ആസ്വദിക്കാനും നിഷിദ്ധമായ ലൈംഗീക ജീവിതം നയിക്കാനും ആരെങ്കിലും തയ്യാറായാല്‍ അത്‌ ഒരു പ്രസ്താനത്തിന്‌ മാത്രമല്ല മറിച്ച്‌ ഒരു സമൂഹത്തിന്‌ തന്നെ നാണക്കേടുണ്ടാക്കുന്നതാണ്‌. അത്തരം നാണക്കേടൊന്നും രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്വകാര്യത മൂലം ഉണ്ടാകുന്നില്ല എന്ന്‌ സക്കറിയ പറഞ്ഞത്‌ നേതാക്കന്മാരെ അടച്ചാക്ഷേപിക്കാനായിരുന്നില്ലെന്നും ചില പുഴുക്കുത്തകള്‍ക്കുനേരെ ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നാണക്കേട്‌ ഒഴിവാക്കാമായിരുന്നു.
പാലേരിയില്‍ സി.ആര്‍. നീലകണ്ഠനെതിരെ ആക്രമണം അഴിച്ചുവിട്ടവര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്‌ പിണറായി വിജയനെ ആയിരുന്നു. ലാവലിന്‍ അഴിമതിക്കേസ്‌ സംബന്ധിച്ച്‌ സി.ആര്‍ നീലകണ്ഠന്‍ എഴുതിയ 'ലാവലിന്‍ രേഖകളിലൂടെ' എന്ന പുസ്തകം പിണറായി അടക്കമുള്ള ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചു എന്നത്‌ നേരാണ്‌. അന്നുമുതല്‍ സി.ആര്‍. നീലകണ്ഠനെ അധികാരത്തിന്റെ പിന്‍ബലത്തില്‍ പീഡിപ്പിക്കാനായിരുന്നു ഭരണകൂടം ശ്രമിച്ചത്‌. അരൂരില്‍ കെല്‍ട്രോണിന്റെ ഡിവിഷണല്‍ മാനേജരായിരുന്ന അദ്ദേഹത്തെ അതേ തുടര്‍ന്ന്‌ ഹൈദ്രാബാദിലേക്ക്‌ സ്ഥലം മാറ്റുകയുണ്ടായി. ഇതിനെതിരെ നീലകണ്ഠന്‍ നടത്തിയ നിയമയുദ്ധം ഔദ്യോഗിക വിഭാഗത്തിന്റെ രോഷം വര്‍ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈയിടെ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ തീരും വരെ വീട്ടില്‍ തങ്ങാനുള്ള അവധി പോലും അദ്ദേഹത്തിന്‌ നിഷേധിക്കപ്പെട്ടു. ഇങ്ങനെ തുടര്‍ന്ന പീഡനങ്ങളുടെ മൂര്‍ധന്യതയിലാണ്‌ പാലേരിയില്‍ വെച്ച്‌ അദ്ദേഹത്തെ ഡിവൈഎഫ്‌ഐ സഖാക്കള്‍ ശാരീരികമായി ആക്രമിച്ചത്‌.
ആതിരേ, ഭരണത്തിലേറിയ നിമിഷം മുതല്‍ അധികാരവും മസില്‍ പവറും ഉപയോഗിച്ച്‌ പിണറായി വിജയനും ഔദ്യോഗിക വിഭാഗത്തിനും രുചിക്കാത്ത അഭിപ്രായം പറയുന്ന വ്യക്തികളെ സിപിഎമ്മും അതിന്റെ യുവജന സംഘടനകളും മര്‍ദിച്ചൊതുക്കുന്ന ഫാസിസ്റ്റ്‌ നിലപാടിന്റെ തുടര്‍ച്ചയാണ്‌ പാലേരിയില്‍ കണ്ടത്‌.
ഇതൊക്കെ പെട്ടെന്നുണ്ടായ ഒരു വൈകാരിക വിക്ഷോഭത്താല്‍ ഡിവൈഎഫ്‌ഐ സഖാക്കള്‍ നടത്തിയതാണെന്ന്‌ പറഞ്ഞാല്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല സാക്ഷര കേരളീയര്‍. കഴിഞ്ഞ 19-ാ‍ം തീയതി കല്ല്യാശേരിയില്‍ നടന്ന നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പിണറായി വിജയന്‍,(അദ്ദേഹവും ഔദ്യോഗിക വിഭാഗവും മാധ്യമങ്ങളോട്‌ ) തുടര്‍ന്നുപോരുന്ന അസഹിഷ്ണുതയും വൈരാഗ്യവും മറച്ചുവെച്ചില്ല. "മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്നാല്‍ ശരിയായ മാന്യത കൈവിടുന്ന അവസ്ഥയിലേക്ക്‌ അതുകൊണ്ടുചെന്ന്‌ എത്തിക്കും" എന്നാണ്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയത്‌. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്‌ നേരെ ഉയര്‍ന്ന മറ്റൊരു ഫാസിസ്റ്റ്‌ ഭീഷണിയായിരുന്നു പിണറായിയുടെ വാക്കുകള്‍. പിണറായിയുടെ മനസ്സില്‍ അപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനൊപ്പം കിനാലൂരിലെ പാര്‍ട്ടി സഖാക്കളുടെ ഹിഡന്‍ അജണ്ട പുറത്തുകൊണ്ടുവന്നതിന്റെ അരിശവുമുണ്ടായിരുന്നു.
പിണറായിക്കൊപ്പം ഇത്തരം ഭീഷണികളുടെ ആയുധമൂര്‍ച്ചയുള്ള വാക്കുകളാണ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടിയില്‍ നിന്നും എളമരം കരീമില്‍ നിന്നും ഉണ്ടായത്‌. "പിറവിയില്‍ തന്നെ തകരാര്‍ പറ്റിയവരാണ്‌ ചില മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ പിന്നീട്‌ നന്നാവില്ല". എന്നായിരുന്നു പാലൊളിയുടെ അധിക്ഷേപം. എന്നാല്‍, അസഭ്യം നിറഞ്ഞ പ്രയോഗമാണ്‌ കിനാലൂരിനെ കുറിച്ചുള്ള പ്രസ്താവനക്കിടയില്‍ എളമരം കരീമില്‍ നിന്നുണ്ടായത്‌. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറുടെ പേര്‌ പരാമര്‍ശിക്കാതെ എളമരം പറഞ്ഞത്‌ "അയാളുടെ സഹോദരിയെ കെട്ടിയ ശേഷം താന്‍ മൊഴി ചൊല്ലയിട്ടില്ലല്ലോ" എന്നായിരുന്നു.
ഇതെല്ലാം വ്യക്തമാക്കുന്നത്‌ അധികാരത്തിന്റെ മറവില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ചില നേതാക്കളും അവരുടെ ശിങ്കിടികളും നടത്തുന്ന ജനവഞ്ചനയെ വിമര്‍ശിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള കിരാത ത്വരയാണ്‌ ഈ നേതാക്കള്‍ക്കുള്ളത്‌ എന്നാണ്‌. ചുവപ്പ്‌ കണ്ട കാളയെ പോലെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാം തകര്‍ത്തെറിഞ്ഞ്‌ എതിരാളികളെ നശിപ്പിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇവരുടെ ഉപദേശവും നിര്‍ദേശവുമാണ്‌ ഡിവൈഎഫ്‌ഐ സഖാക്കളെ നിന്ദ്യമായ ഗുണ്ടായിസത്തിലേക്ക്‌ തള്ളിവിടുന്നത്‌.
ഒരുകാലത്ത്‌ കേരളത്തില്‍ അഴിമതി അടക്കമുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുകയും നീതി നിഷേധിക്കപ്പെട്ടവരുടെ പക്ഷത്ത്‌ ചേര്‍ന്ന്‌ ന്യായവാദം നടത്തുകയും അങ്ങനെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റുകയും ചെയ്ത യുവജന ശക്തിയാണ്‌ ഇപ്പോള്‍ നീചന്മാരായ ചില നേതാക്കന്മാരുടെ നിന്ദ്യമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആയുധമണിയുന്നത്‌, ആതിരേ... ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്‌. അത്‌ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടറും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ ഇഷ്ടക്കാരനും ഇന്ന്‌ പാര്‍ട്ടിയുടെ സൈദ്ധാന്തികന്മാരില്‍ ഒരാളെന്ന്‌ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന പി.കെ. പോക്കര്‍ നടത്തിയ ഒരു ആഹ്വാനമാണത്‌. "പയ്യന്നൂരിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെ പോലെ പാലേരിയിലെയും ചിന്തിക്കുന്ന ചെറുപ്പക്കാര്‍ പ്രതികരിക്കണം" എന്നായിരുന്നു പോക്കറുടെ ആഹ്വാനം.
ഔദ്യോഗിക പക്ഷത്തോട്‌ ഒട്ടിനിന്ന്‌ അവരെ മാധ്യമങ്ങളില്‍ പ്രതിരോധിക്കുന്ന ലഫ്റ്റനന്റുമാരാണെന്ന്‌ അഭിമാനിക്കുന്നവരാണ്‌ പി.കെ പോക്കറും കെ.ഇ.എന്‍ കുഞ്ഞഹമ്മദും. മൂന്നാര്‍ ഒഴിപ്പിക്കല്‍ സമയത്തായിരുന്നു കുഞ്ഞഹമ്മദ്‌ മാധ്യമങ്ങളില്‍ അച്യുതാനന്ദനെതിരെ ഉറഞ്ഞുതുള്ളിയത്‌. ഈരണ്ട്‌ ബുദ്ധിജീവികളും പക്ഷെ, പാര്‍ട്ടിയെ തീര്‍ത്തും വിനാശകരമായ ഒരവസ്ഥയിലേക്ക്‌ നയിക്കുകയാണെന്ന്‌ തിരിച്ചറിയാന്‍ പിണറായി വിജയന്‍ വൈകുന്നതാണ്‌ പ്രശ്നങ്ങളുടെ കാരണം. സ്വത്വരാഷ്ട്രീയമെന്ന വിനാശകരമായ ആശയത്തിന്റെ വക്താക്കളാണ്‌ പോക്കറും കുഞ്ഞഹമ്മദും. ജാതി, മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സംഘടിച്ച്‌ അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണണം എന്നതാണ്‌ സ്വത്വരാഷ്ട്രീയമെന്ന ആശയത്തിന്റെ കാതല്‍. വര്‍ഗ്ഗസമരത്തിലൂടെ പുരോഗമനപരവും ജനാധിപത്യഭരിതവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ്‌ സിപിഎമ്മിന്റെ നയം. ഈ നയത്തെ പാദസേവകൊണ്ട്‌ വംശീയരാഷ്ട്രീയത്തിന്റെ നൃശംസതയിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്ന വേതാളങ്ങളാണ്‌ പോക്കറും കെഇഎന്നും.
വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും വിമര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പിണറായി അടക്കമുള്ളവരുടെ ഫാസിസ്റ്റ്‌ നിലപാട്‌ പോക്കറെ പോലെയുള്ളവരുടെ അപായകരമായ ആശയങ്ങള്‍ യുവജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പരിസരമാണ്‌ ഒരുക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പയ്യന്നൂരും പാലേരിയും പോലെയുള്ള നാണക്കേടുകള്‍ക്ക്‌ ഡിവൈഎഫ്‌ഐ വിധേയമാകുന്നത്‌. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവര്‍ നാളെ വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുക്കളെ അടയാളപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. ഭീഷണമായ ആ ഭാവിക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ മാധ്യമ വിദ്വേഷവും വിമര്‍ശകരോടുള്ള അസഹിഷ്ണുതയും. ഇത്‌ സാംസ്കാരിക കേരളത്തിനും സാക്ഷര കേരളത്തിനും പ്രബുദ്ധ കേരളത്തിനും അപായകരമായ അവസ്ഥയാണെന്ന്‌, ആതിരേ പറഞ്ഞേ തീരു.

No comments: