Saturday, May 8, 2010

നാര്‍കോ വിധി: കറതീര്‍ന്ന ജുഡീഷ്യല്‍ ക്രിമിനലിസം


2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയില്‍ വളരെ സങ്കീര്‍ണമായ ഒരു പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എഴുതി വച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കപ്പെടില്ലെങ്കിലും ഇവ ജഡ്ജിമാരെ സ്വാധീനിക്കും എന്നാണ്‌ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും വിധി പ്രഖ്യാപനം നടക്കുന്നതെന്നും തെളിവുകള്‍ക്കുപരിയായ മറ്റു ഘടകങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സാധാരണക്കാരന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ സമ്മതിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ ചീഫ്‌ ജസ്റ്റിസും സഹജഡ്ജിമാരും. അവരുടെ ആ യുക്തി വലിച്ചുനീട്ടി വിശകലനം ചെയ്താല്‍ ഈ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍ മറ്റുപലതുമുണ്ടെന്ന്‌ ഊഹിക്കേണ്ടിവരും. ഇത്തരം ദുര്‍ചിന്തകളിലേക്ക്‌ പൊതുസമൂഹത്തെയും നീതി കാംക്ഷിച്ച്‌ കോടതികളില്‍ അഭയം പ്രാപിക്കുന്നവരെയും തള്ളിവിടുന്നത്‌ ന്യായ പാലനത്തിനും നീതി നിര്‍വഹണത്തിനും ഭൂഷണമാണോ എന്നും ബഹുമാന്യരായ ജസ്റ്റിസുമാര്‍ വ്യക്തമാക്കേണ്ടതുണ്ട്‌. കൊടും കുറ്റവാളികള്‍ക്ക്‌ ആശ്വാസം നല്‍കാനുള്ളതാണോ ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യവുമെന്ന്‌ വീണ്ടും ചോദിക്കേണ്ടിവരുന്നു.ആതിരേ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആ മുഖക്കുറിപ്പുണ്ടല്ലോ : "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" അതാണ്‌ പൊതുസമൂഹത്തിന്റെ അനുഭവത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ ക്രമക്കേട്‌. ഭരണകൂടവും അധികാരി വര്‍ഗവും സമ്പന്ന മേല്‍ക്കോയ്മകളും പന്തു തട്ടുന്ന നിസ്വരും സാധാരണക്കാരുമായ ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളല്ല പലപ്പോഴും പരമോന്നത ന്യായപീഠം മുതല്‍ താഴെത്തട്ടിലുള്ള നീതി നിര്‍വഹണ സംവിധാനങ്ങള്‍ വരെ സംരക്ഷിക്കുന്നത്‌. ദുര്‍ബലവിഭാഗത്തിന്റെയും ദരിദ്ര സമൂഹത്തിന്റെയും ചൂഷിതരുടെയും നീതിയല്ല ഈ വ്യവസ്ഥയില്‍ ഉറപ്പാക്കപ്പെടുന്നത്‌. ആദ്യം സൂചിപ്പിച്ചതും പാരെങ്ങും പുകഴ്ത്തുന്നതുമായ ആ മുഖവാക്യത്തിന്റെ മറവില്‍ സാമ്പത്തികവും രാഷ്ട്രീയവും സാമുദായികവും പ്രാദേശികവുമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന വ്യക്തിക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ നീതിന്യായ വ്യവസ്തയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌, കഴിയുന്നുണ്ട്‌, ഇനി കഴിയുകയും ചെയ്യും.
ആസൂത്രിതമായ ഈ നീതി അട്ടിമറിയുടെ മറ്റൊരു മുഖമായിട്ടുവേണം ആതിരേ, നാര്‍ക്കോ അനാലിസിസ്‌, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ തുടങ്ങിയ അന്വേഷണ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍, ജഡ്ജിമാരായ ആര്‍.വി രവീന്ദ്രന്‍, ജെ.എം. പഞ്ചാല്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയെ വിലയിരുത്തേണ്ടത്‌. 'സ്വന്തം സമ്മതമില്ലാതെ നാര്‍ക്കോ അനാലിസിസ്‌, ബ്രെയിന്‍ മാപ്പിംഗ്‌, പോളിഗ്രാഫ്‌ എന്നിവയ്ക്ക്‌ ഒരാളെ വിധേയമാക്കുന്നത്‌ ഭരണഘടനാ ലംഘനമാണെ"ന്നാണ്‌ പരമോന്നത നീതിപീഠം വിധിച്ചത്‌.ഈ മൂന്ന്‌ പരിശോധനകളും വ്യക്തിയുടെ സ്വകാര്യതയിലും മൗനം പാലിക്കാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്നും ഇത്‌ ക്രൂരവും മനുഷ്യത്വ രഹിതവും തരം താഴ്ത്തുന്നതുമായ നടപടിയാണെന്നും സുപ്രീം കോടതി വിലയിരുത്തി. കുറ്റാരോപിതനെ അയാള്‍ക്കുതന്നെ എതിരായി സാക്ഷിയാകാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന ഭരണഘടനാ വകുപ്പിന്റെയും (20-3) വ്യക്തിസ്വാതന്ത്ര്യത്തിന്റെയും (വകുപ്പ്‌ 21) ലംഘനമാണ്‌ നിര്‍ബന്ധിത പരിശോധനയെന്നും കോടതി വിശദീകരിച്ചു. നാര്‍ക്കോ പരിശോധനക്ക്‌ വിധേയമാക്കുന്നത്‌ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്ത പതിമൂന്ന്‌ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍, താനടങ്ങുന്ന ബഞ്ചിനുവേണ്ടി, 251 പേജുള്ള വിധിയെഴുതിയത്‌.
പോളിഗ്രാഫിന്‌ വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2000ല്‍ പുറത്തിറക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിങ്ങിനും ബാധകമാക്കിക്കൊണ്ടും കോടതി ഉത്തരവായിട്ടുണ്ട്‌. പരിശോധനാപരമായ ഈ നിബന്ധനകള്‍ പ്രതികളുടെ മാത്രമല്ല, സാക്ഷികളുടെയും മേറ്റ്ല്ലാവരുടെയും കാര്യത്തില്‍ ബാധകമാണെന്നും ഈ മൂന്ന്‌ പരിശോധനയിലും തെറ്റുപറ്റാന്‍ സാധ്യതയുണ്ടെന്നും ഈ പരിശോധനകള്‍ക്ക്‌ വിധേയരാക്കുമെന്ന്‌ ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണെന്നും സുപ്രീം കോടതി വിധിച്ചു.
അതേ, ആതിരേ,പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ സ്റ്റേറ്റിനും ജുഡീഷ്യറിക്കും ഉത്തരവാദിത്തമുണ്ട്‌. എന്നാല്‍, ഈ സംരക്ഷണത്തിന്‌ ആരൊക്കെയാണ്‌ അര്‍ഹരാകുന്നതെന്ന്‌ വിശകലനം ചെയ്യുമ്പോഴാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള കോടതിവിധിയിലെ നീതിരാഹിത്യം വ്യക്തമാവുക. രാജ്യത്തെ നിയമം അനുസരിച്ചും സഹജീവികള്‍ക്ക്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെയും സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്ന പൗരന്മാരുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവുമാണ്‌ 20-3, വകുപ്പ്‌ 21 എന്നിവയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാതെ എല്ലാവിധ സമൂഹവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തിട്ടും രാഷ്ട്രീയവും സാമുദായികവും മതപരവും സാമ്പത്തീകവും പ്രാദേശികവുമായ ശക്തികളുടെ അടിസ്ഥാനത്തില്‍ താന്‍ നിരപരാധിയാണെന്ന്‌ വാദിക്കുന്ന നിയമലംഘകര്‍ക്കുള്ളതല്ല. സുപ്രീം കോടതിയുടെ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിമൂലം 500ല്‍ അധികം നിര്‍ണായക കേസുകളുടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌. രാഷ്ട്രത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളും അഴിമതികളും വഞ്ചനകളുമൊക്കെ നടത്തിയവരാണ്‌ ഈ കേസുകളിലെ പ്രതികള്‍. ഇവര്‍ക്ക്‌ നിയമമനുസരിച്ച്‌ ജീവിക്കുന്ന പൗരന്‌ ലഭിക്കേണ്ട വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതാ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന്‌ സുപ്രീം കോടതി പോലെ ഉള്ള ഉന്നത നീതി പീഠങ്ങള്‍ വിധിക്കുമ്പോള്‍ നീതി നിര്‍വഹണം ഏതെല്ലാം തലത്തിലാണ്‌ അട്ടിമറിക്കപ്പെടുന്നതെന്ന്‌ ഊഹിക്കുക.
2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയുടെ അടിസ്ഥാനത്തില്‍ ഏതൊരു കുറ്റവാളിക്കും പോലീസ്‌ ചോദ്യം ചെയ്യലില്‍ മൗനം പാലിക്കാനുള്ള അവകാശം സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്‌. സ്വകാര്യത നിലനിര്‍ത്താനും മൗനം പാലിക്കാനുമുള്ള അവകാശം സുപ്രീം കോടതി നിര്‍ണായക വിധിയിലൂടെ സംരക്ഷിച്ചിട്ടുണ്ട്‌ എന്ന്‌ വാദിച്ച്‌ ഒരു കൊടും കുറ്റവാളി മൗനം പാലിച്ചാല്‍ അവനില്‍ നിന്ന്‌ എങ്ങനെ ആരോപിക്കപ്പെട്ട കുറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന്‌ വ്യക്തമാക്കാന്‍ ഈ ഭൂമികയില്‍ സുപ്രീം കോടതിക്കും വിധി പ്രഖ്യാപിച്ച ന്യായാധിപന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്‌.
നാര്‍ക്കോയും ബ്രെയിന്‍ മാപ്പിംഗും പോളിഗ്രാഫും പാശ്ചാത്യ നാടുകളില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നത്‌ ശരിയാണ്‌. ഈ മാര്‍ഗങ്ങള്‍ കൂടാതെ കുറ്റകൃത്യം തെളിയിക്കാനുള്ള മറ്റ്‌ ശാസ്ത്രീയ മാര്‍ഗങ്ങളും രീതികളും അവിടത്തെ പോലീസിനുണ്ട്‌. അത്തരം രീതികളില്‍ മികച്ച പരിശീലനം സിദ്ധിച്ച പോലീസ്‌ ഉദ്യോഗസ്ഥരും അവിടെയുണ്ട്‌. അവരുമായി ഇന്ത്യയിലെ പോലീസ്‌ സേനയേയും അതിന്റെ കേസന്വേഷണ രീതിയെയും തട്ടിച്ചുനോക്കാന്‍ വിധി പ്രഖ്യാപിച്ച ബഹുമാന്യരായ ജഡ്ജിമാര്‍ തയ്യാറാകേണ്ടതായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലവും സാമ്പത്തിക ഇടപെടല്‍ മൂലവും സാമുദായിക ഇടപെടല്‍ മൂലവും പ്രാദേശിക ഇടപെടല്‍ മൂലവും പലപ്പോഴും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വേട്ടപ്പട്ടികളാണ്‌ ആതിരേ, ഇന്ത്യയിലെ പോലീസുകാര്‍. ഇരകളെ വേട്ടക്കാര്‍ക്കൊപ്പം കടിച്ചുകീറുന്ന ക്രൂരതയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികളുമാണ്‌ ഇവരില്‍ നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മൂന്നാംമുറയാണ്‌ ഇപ്പോഴും കേസ്‌ തെളിയിക്കാന്‍ ഇന്ത്യയിലെ പോലീസ്‌ അവലംബിക്കുന്ന പ്രധാന മാര്‍ഗം. ഇതുമൂലമുണ്ടായിട്ടുള്ള കസ്റ്റഡി മരണങ്ങളുടെ കണക്ക്‌ വിധിപ്രഖ്യാപിച്ച ചീഫ്‌ ജസ്റ്റിസ്‌ അടക്കമുള്ളവര്‍ക്ക്‌ അറിവുണ്ടായിരിക്കേണ്ടതാണ്‌. മൂന്നാംമുറ പ്രയോഗിച്ചാലും സത്യം പറയാത്ത കഠിന കുറ്റവാളികളാണ്‌ പലകേസുകളിലും പോലീസിന്റെ കൈകളില്‍ എത്തുന്നത്‌. ഇതില്‍ തെരുവില്‍അലയുന്നവര്‍ മുതല്‍ നീതിന്യായ വ്യവസ്ഥയുമായ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മാന്യമാര്‍ വരെ ഉള്‍പ്പെടുന്നുണ്ട്‌. ഇവരില്‍ നിന്ന്‌ വലിയ അപകടം കൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യയിലെ പോലീസിന്‌ സഹായകമായ മൂന്ന്‌ മാര്‍ഗങ്ങളായിരുന്നു നാര്‍ക്കോയും ബ്രെയിന്‍ മാപ്പിംഗും പോളിഗ്രാഫും. അത്‌ ഇനിമേലാല്‍ പാടില്ല എന്ന്‌ സുപ്രീം കോടതി വിധിക്കുമ്പോള്‍ നീതിയും നിയമവും ന്യായവും നടപ്പിലാക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ പോലീസുകാര്‍ ഇനിയെന്ത്‌ മാര്‍ഗം അവലംബിക്കണമെന്ന്‌ പരമോന്നത നീതിപീഠം തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ച്‌ നിരോധിച്ചതുകൊണ്ട്‌ തീര്‍ച്ചയായും മൂന്നാം മുറ പ്രയോഗം വര്‍ധിക്കും കസ്റ്റഡിമരണങ്ങള്‍ കൂടും. ആരായിരിക്കും അപ്പോള്‍ അതിന്റെ ഉത്തരവാദികള്‍ ? ഉത്തരം പറയാന്‍, ആതിരേ ചീഫ്‌ ജസ്റ്റിസ്‌ അടക്കമുള്ളവര്‍ നിര്‍ബന്ധിതരാണ്‌.
2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയില്‍ വളരെ സങ്കീര്‍ണമായ ഒരു പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എഴുതി വച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കപ്പെടില്ലെങ്കിലും ഇവ ജഡ്ജിമാരെ സ്വാധീനിക്കും എന്നാണ്‌ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും വിധി പ്രഖ്യാപനം നടക്കുന്നതെന്നും തെളിവുകള്‍ക്കുപരിയായ മറ്റു ഘടകങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സാധാരണക്കാരന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ സമ്മതിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ ചീഫ്‌ ജസ്റ്റിസും സഹജഡ്ജിമാരും. അവരുടെ ആ യുക്തി വലിച്ചുനീട്ടി വിശകലനം ചെയ്താല്‍ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍ മറ്റുപലതുമുണ്ടെന്ന്‌ ഊഹിക്കേണ്ടിവരും. ഇത്തരം ദുര്‍ചിന്തകളിലേക്ക്‌ പൊതുസമൂഹത്തെയും നീതി കാംക്ഷിച്ച്‌ കോടതികളില്‍ അഭയം പ്രാപിക്കുന്നവരെയും തള്ളിവിടുന്നത്‌ ന്യായ പാലനത്തിനും നീതി നിര്‍വഹണത്തിനും ഭൂഷണമാണോ എന്നും ബഹുമാന്യരായ ജസ്റ്റിസുമാര്‍ വ്യക്തമാക്കേണ്ടതുണ്ട്‌.
അഭയക്കേസിലെ പ്രതിയായ മുന്‍ എസ്പി കെ.ടി. മൈക്കിളിനും മറ്റ്‌ രണ്ടുപ്രതികള്‍ക്കും, 7800 കോടിയുടെ സത്യം കമ്പ്യൂട്ടേഴ്സ്‌ കുംഭകോണ കേസിലെ മുഖ്യപ്രതി രാമലിംഗരാജുവിനും, രുചിക എന്ന കൗമാരക്കാരിയെ കടിച്ചുകീറി കൊന്ന ലൈംഗീക ചെകുത്താന്‍ എസ്‌.പി എസ്‌. റാത്തോഡിനുമെല്ലാം ഈ വിധി വളരെ വളരെ ആശ്വാസം പ്രധാനം ചെയ്യുന്നുണ്ട്‌. ഇത്തരം കൊടും കുറ്റവാളികള്‍ക്ക്‌ ആശ്വാസം നല്‍കാനുള്ളതാണോ ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യവുമെന്ന്‌ വീണ്ടും ചോദിക്കേണ്ടിവരുന്നു, ആതിരേ... വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാക്‌ ഭീകരന്‍ കസബില്‍ നിന്ന്‌ അന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചത്‌ നാര്‍ക്കോ അനാലിസിസലൂടെയായിരുന്നു. ഗോദ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിലും ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിഥാരി കൂട്ടക്കൊലക്കേസിലും ആരുഷി വധക്കേസിലും മാലേഗാവ്‌ ബോംബ്‌ സ്ഫോടന കേസിലുമെല്ലാം തുടരന്വേഷണത്തിന്‌ പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭിച്ചത്‌ നാര്‍ക്കോ അനാലിസിസലൂടെയായിരുന്നു. ഇത്തരമൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഈ ക്രിമിനലുകളില്‍ നിന്ന്‌ കേസന്വേഷണത്തിന്‌ സഹായകമായ ഒരു വിവരവും ലഭിക്കുമായിരുന്നില്ല.
വസ്തുത ഇതായിരിക്കേ ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ഈ മൂന്ന്‌ അന്വേഷണ രീതികളെയും നിരോധിച്ചത്‌ തീര്‍ച്ചയായും ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ നീതി നിര്‍വ്വഹണത്തെ അട്ടിമറിക്കുന്ന നീതിപീഠൈടപെടല്‍ തന്നെയാണ്‌. കോടതികുളടെ ഇത്തരം നിലപാടുകളാണ്‌ നിരപരാധികള്‍ക്ക്‌ നീതി നിഷേധിക്കുന്നതും അപരാധികളെ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കുന്നതും. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ആ അര്‍ത്ഥത്തില്‍ നീതിനിര്‍വഹണ പ്രക്രിയക്ക്‌ തടയിട്ടിരിക്കുകയാണ്‌. അതു ക്കൊണ്ട്‌ നാര്‍കോ, പോളിഗ്രാഫ്‌, ബ്രയിന്‍ മാപ്പിംഗ്‌ തുടങ്ങിയവയിലുണ്ടായ സുപ്രീം കോടതി വിധിയെ ജുഡീഷ്യല്‍ ക്രിമിനലിസം എന്നു തന്നെ വിശേഷിപ്പിക്കണം, ആതിരേ

No comments: