Saturday, May 22, 2010

മാവോയിസ്റ്റുകളല്ല,ഭരണകൂടമാണ്‌ ഭീകരം, ഭീഷണി

എന്നാല്‍ , എല്ലാ ഭരണകൂടങ്ങള്‍ക്കും അതിന്റെ നീചവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ രാജ്യവിരുദ്ധരും ഭീകരവാദികളും ചാരന്മാരുമാണ്‌.ബ്രിട്ടീഷുകാര്‍ക്ക്‌ ഗാന്ധിജി ഭീഷണിയും ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവര്‍ ഭീകരവാദികളുമായിരുന്നു,അതു കൊണ്ട്‌ അവരെ തൂക്കികൊന്നു.നെഹൃവിന്‌ ബി.ടി രണദിവ്‌, എ.കെ.ഗോപലന്‍, ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ തുടങ്ങിയവരടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ചാരന്മാരായിരുന്നു. അതെ, മാവോയിസ്റ്റ്‌ ഭീകരവാദത്തെ കുറിച്ച്‌ മന്മോഹനനും മദാം ഗാന്ധിയും ചിദംബരവും ആന്റണിയുമൊക്കെ പറയുന്നത്‌ ഭരണകൂട ഭീകരതയുടെ യൂഫിമിസവും അധികാരത്തിന്റെ ദുര്‍മദത്വവും ദുര്‍ഭാഷണവുമാകുന്നു.അതു കൊണ്ട്‌ ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക്‌ ആദിവാസികളടക്കമുള്ള സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൊണ്ടെത്തിച്ചവരാണ്‌ വിചാരണ ചെയ്യപ്പെടേണ്ടത്‌. ശിക്ഷിക്കപ്പെടേണ്ടത്‌ ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ...?.
ഇന്ന്‌ ഇന്ത്യ നേരിടുന്ന ഏറ്റവും ഭീകരമായ ആഭ്യന്തര പ്രശ്നമാണ്‌ മാവോയിസ്റ്റ്‌ ഭീഷണിയെന്ന്‌ കേന്ദ്രസര്‍ക്കാരും സര്‍ക്കാരിന്റെ റാന്‍ മൂളികളായ മാധ്യമങ്ങളും ഒരേ സ്വരത്തില്‍ ആരോപിക്കുമ്പോള്‍, ഈ വാചക കസര്‍ത്തുകള്‍ക്കിടയില്‍ ഇവരെല്ലാം ബോധപൂര്‍വ്വം ഒളിച്ച്‌ വെയ്ക്കുന്ന കുറേ വാസ്തവങ്ങളുണ്ടെന്ന്‌ ആതിരേ, കാണാതെ പോയിക്കൂട.. ഈ വസ്തുതകളാകട്ടെ, അവയെ, അവയുടെ യഥാര്‍ത്ഥ പരിസരങ്ങളില്‍ പരിശോധിച്ചാല്‍, സര്‍ക്കാരിനെതിരെ തിരിയുന്ന വിചാരണ മുനകളായി മാറുന്നുമുണ്ട്‌. തീര്‍ത്തും അസൗകര്യവും വിശദീകരണം നല്‍കി മുഖം രക്ഷിക്കാന്‍ കഴിയാത്തതുമാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍. അതുകൊണ്ടാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തിലും അതുമൂലമുണ്ടാകുന്ന മരണങ്ങളിലും നഷ്ടങ്ങളിലും ജനശ്രദ്ധ കേന്ദ്രീകരിച്ച്‌ അവാസ്തവങ്ങള്‍ എഴുന്നെള്ളിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അവര്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും മത്സരിച്ച്‌ ശ്രമിക്കുന്നത്‌.
ആതിരേ, രാജ്യത്തെ 220 ജില്ലകള്‍ മാവോയിസ്റ്റ്‌ ഭീഷണിയിലാണെന്നും 90 ജില്ലകളില്‍ സ്ഥിതി ഗുരുതരമാണെന്നും അഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയിട്ടുണ്ട്‌. 45 കോടി ജനങ്ങള്‍ മാവോയിസ്റ്റ്‌ മേഖലയിലുണ്ട്‌ എന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌. രാജ്യത്തിനെതിരായി, രാജ്യത്തിന്‌ അകത്തുനിന്നുള്ള ഭീകരവാദ പ്രവര്‍ത്തനമാണ്‌ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന്‌ പി. ചിദംബരവും മന്‍മോഹന്‍ സിംഗും സോണിയയും പ്രണാബ്‌ കുമാറും എ.കെ. ആന്റണിയുമൊക്കെ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ അത്‌ സത്യമല്ലേ എന്ന്‌ സാധാരണ ജനങ്ങള്‍ ചിന്തിച്ചുപോകും. ജനശ്രദ്ധ മാവോയിസ്റ്റുകളുടെ ആക്രമണ രീതികളില്‍ കേന്ദ്രീകരിച്ച്‌ അവര്‍ ഭീകരവാദികളാണെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ പരാജയത്തെയും സത്യത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ജനവിരുദ്ധതയേയുമാണ്‌ വ്യക്തമാക്കുന്നത്‌.
എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ 220 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയതെന്നും ഏതെല്ലാം മേഖലകളിലാണ്‌ ഈ ജില്ലകള്‍ ഉള്ളതെന്നും എന്തൊക്കെയാണ്‌ അവിടത്തെ സാധാരണക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെന്നും വിലയിരുത്തുമ്പോഴാണ്‌, ആതിരേ, സര്‍ക്കാര്‍ നിരത്തുന്ന ഭീഷണികളും വസ്തുതകളും വാസ്തവ വിരുദ്ധങ്ങളാണെന്ന്‌ വ്യക്തമാകുന്നത്‌.
പശ്ചിമബംഗാള്‍, ബീഹാര്‍, ഒറീസ്സ, ജാര്‍ഖണ്ഡ്‌ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്ധ്രപോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുമാണ്‌ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നത്‌. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരാണ്‌ മാവോയിസ്റ്റ്‌ ഐഡിയോളജിയുമായി ബന്ധപ്പെട്ട്‌ , ഇന്ന്‌ നിലവിലിരിക്കുന്ന ഭരണകൂടത്തിനെതിരെ സായുധകലാപം നടത്തുന്നത്‌. ശരിയാണ്‌ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കെതിരെ സായുധ കലാപങ്ങള്‍ നടത്തുന്നത്‌ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും മതനിരപേക്ഷ നിലനില്‍പ്പിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും വലിയ പ്രത്യാഘാതം തന്നെയാണ്‌. എന്നാല്‍, ആതിരേ, സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും തങ്ങളുടെ ജീവിതാവസ്ഥക്ക്‌ തരിമ്പും വ്യത്യാസം ഇല്ലാതെ ചൂഷണത്തിനും മുതലെടുപ്പിനും വിധേയരാകാന്‍ ഒരു വിഭാഗവും, രാജ്യത്ത്‌ നിലവിലിരിക്കുന്ന എല്ലാ നിയമങ്ങളും ലംഘിച്ച്‌ സാമ്പത്തിക ഉന്നതി നേടിയെടുക്കുന്ന മറ്റൊരു വിഭാഗവും അവര്‍ക്ക്‌ അരു നില്‍ക്കുന്ന ഭരണകൂടവും ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള പ്രതിഷേധവും ഭരണകൂട വിരുദ്ധ പോരാട്ടങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.
ഇന്നലെ,( മെയ്‌ 21 ) ഭീകരവാദികളുടെ ബോംബിനിരയായി കൊല്ലപ്പെട്ട രാജീവിന്റെ രക്തസാക്ഷിത്വ ദിനമായിരുന്നു. ഈ ദിനമിപ്പോള്‍ ഇന്ത്യയില്‍ ഭീകരവാദ വിരുദ്ധ ദിനമായിട്ടാണ്‌ ആചരിക്കുന്നത്‌. നല്ലതുതന്നെ. എന്നാല്‍, രാജീവ്‌ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ഏറെ ഗൗരവം നിറഞ്ഞ ഒരു നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്‌. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ക്ഷേമപദ്ധതികള്‍ അടക്കമുള്ള എല്ലാ പദ്ധതികളിലെയും 15 ശതമാനം മാത്രമാണ്‌ ഇവരിലെത്തുന്നതെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. അതായത്‌ 85 ശതമാനവും അത്‌ നടപ്പിലാക്കുന്നവര്‍ അടിച്ചുമാറ്റുന്നു എന്ന്‌ സാരം. രാജീവിന്റെ കാലം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ വിധവ നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ന്‌ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അഞ്ച്‌ ശതമാനം പോലും അര്‍ഹരായവരിലെത്തുന്നില്ല എന്നതാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തേക്കാള്‍ ഭീകരമായ വാസ്തവം.ആതിരേ, ഈ വസ്തുതയുമായി തട്ടിച്ചുനോക്കുമ്പോഴാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തേക്കാള്‍ ഭീകരവും ചൂഷണോന്മുഖവുമാണ്‌ വികസന പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളും നടപടികളും എന്നു നാം തിരിച്ചറിയുന്നത്‌.
ആതിരേ, സമ്മതിദാനവും നികുതിയും നല്‍കി ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റുന്ന സമൂഹത്തിലെ താഴേ തട്ടിലുള്ള ജനവിഭാഗങ്ങളുടെ, ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന പൗരാവകശങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല എന്നുവരുമ്പോള്‍ സ്വരക്ഷയ്ക്കും അതിജീവനത്തിനും ഇണങ്ങുന്ന മാര്‍ഗം തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരും. അതായത്‌ സര്‍ക്കാര്‍ വിരുദ്ധ കലാപമെന്ന്‌ വിവക്ഷിക്കുന്ന നടപടികളിലേക്ക്‌ അടിസ്ഥാന വര്‍ഗം അടക്കമുള്ളവര്‍ നീങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണ്‌. ഇവരുടെ ജനവിരുദ്ധതയും പൗരാവകാശ ലംഘന നടപടികളും മൂടിവെച്ചുകൊണ്ട്‌ മാവോയിസ്റ്റ്‌ പോലെയുള്ള പ്രതിരോധ രീതികളെ അധിക്ഷേപിക്കാന്‍ സാമൂഹിക ബോധവും ജനാധിപത്യ ബോധവും പൗരാവകാശ ബോധവുമുള്ള ഒരു വ്യക്തിക്കും കഴിയുകയില്ല, ആതിരേ.
നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ സംവിധാനവും പെരുകുന്ന തൊഴിലില്ലായ്മ, അവസാനിക്കാത്ത ചൂഷണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള ഒറ്റപ്പെടുത്തല്‍, അധ്വാനിച്ചാലും മൂന്ന്‌ നേരം ഭക്ഷണം കഴിക്കാനുള്ള അവസ്ഥയില്ലായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ടാണ്‌ നഗരവാസികളും ബ്ലാക്‌ ക്യാറ്റുകളുടെ ഇസഡ്‌ കാറ്റഗറി സംരക്ഷണം ഉള്ളവരുമായ രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും മാവോയിസ്റ്റ്‌ മുന്നേറ്റം പോലെയുള്ള ജനകീയ സമരങ്ങളെ രാഷ്ട്ര വിരുദ്ധമെന്ന്‌ മുദ്ര കുത്തുന്നതെന്നോര്‍ക്കണം..
ആതിരേ, ശ്രദ്ധിച്ചു വിലയിരുത്തുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ നിഷേധിക്കാനാവാത്ത വാസ്തവങ്ങളാണെന്ന്‌ ഏത്‌ മന്മോഹനും ബോധ്യമാവും. ഇന്ത്യയിലെ ജനാധിപത്യമെന്നത്‌ വികസിത പ്രദേശങ്ങളില്‍ മാത്രമാണ്‌ ഒതുങ്ങുന്നത്‌. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളുടെ തൊഴില്‍ പരമായ ഉന്നമനത്തിന്‌ രൂപം നല്‍കിയ തൊഴിലുറപ്പ്‌ പദ്ധതികളില്‍പോലും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകള്‍ കൈയിട്ടുവാരുകയാണ്‌. ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഭൂരിപക്ഷം വികസന പദ്ധതികളും മാര്‍ക്കറ്റ്‌ ക്യാപ്പിറ്റലിസത്തിന്റെ ഉപകരണങ്ങളായി ജനങ്ങളെ വഞ്ചിക്കുന്നു. ഇത്തരത്തില്‍ ചൂഷണത്തിന്‌ വിധേയരായി പുഴുക്കളേക്കാള്‍ കഷ്ടമായി ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടും അവര്‍ സമൂഹത്തിലെ സമ്പന്നവിഭാഗത്തിന്റെയും ജാതിമേല്‍ക്കോയ്മകളുടെയും തോക്കുകള്‍ക്ക്‌ ഇരയായിക്കൊണ്ടേയിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരു ജനത അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സായുധ സമരത്തിന്‌ തയ്യാറായില്ലെങ്കില്‍ അതിശയിച്ചാല്‍ പോരെ, ആതിരേ..!
1968-69 കാലഘട്ടത്തില്‍ വടക്കന്‍ ബംഗാളിലെ നക്സല്‍ബാരി ജില്ലയില്‍ മുളപൊട്ടിയ പ്രാദേശിക പ്രക്ഷോഭത്തില്‍ നിന്നാണ്‌ ഇന്ന്‌ പി. ചിദംബരവും പ്രകാശ്‌ കാരാട്ടും ബുദ്ധദേവും അടക്കമുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിന്‌ ഭീഷണിയെന്ന്‌ പറയുന്ന മാവോയിസ്റ്റ്‌ മുന്നേറ്റത്തിന്റെ തുടക്കം. ഇന്ന്‌ പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്‌? അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം, മൂലധന ശക്തികള്‍ക്കും സമാഹര്‍ത്താക്കള്‍ക്കും വേണ്ടി ഭരണഘടനാ വകുപ്പുകള്‍ വളച്ചൊടിച്ച്‌ സാധാരണ പൗരനെ അവന്റെ കിടക്കപ്പായില്‍ നിന്ന്‌ കുടിയിറക്കുമ്പോള്‍ അവന്‍ തിരിച്ച്‌ പ്രതിഷേധിക്കുന്നതാണോ തെറ്റ്‌? . ബീഹാറിലും ഒറീസ്സയിലും ജാര്‍ഖണ്ഡിലുമൊക്കെ ജാതീയമായ മേല്‍ക്കോയ്മയും അവര്‍ക്കൊപ്പം നില്‍ക്കുന്ന മൂലധന ശക്തികളും ചേര്‍ന്ന്‌ ആദിവാസികളടക്കമുള്ളവരെ വെടിവെച്ച്‌ വീഴ്ത്തുമ്പോള്‍ പി. ചിദംബരത്തിനും മന്‍മോഹന്‍ സിംഗിനുമൊന്നും അത്‌ ശ്രദ്ധിക്കാന്‍ മനസ്സില്ലാതെ പോകുന്നത്‌ ഇന്ത്യ പലവട്ടം കണ്ടിട്ടുള്ളതാണ്‌. ഇത്തരം വഞ്ചനകള്‍ക്കും അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ജനകീയ ശക്തി എല്ലാ ഉന്മൂലന ഊര്‍ജ്ജങ്ങളോടെയും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നത്‌ ചരിത്ര പാഠമാണ്‌, ആതിരേ... അത്‌ വിസ്മരിച്ച്‌ ലഭിച്ച അധികാരത്തിന്റേയും സാമ്പത്തിക സൗകര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മറവില്‍ ചൂഷണ ശക്തികള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും സര്‍ക്കാരുകള്‍ കൂട്ടു നില്‍ക്കുമ്പോള്‍ ജനകീയ പ്രക്ഷോഭം ആയുധങ്ങളുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നത്‌ തര്‍ക്കമറ്റ മറ്റൊരു വാസ്തവമാണ്‌.. അതാണ്‌ ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്‌. സൈനീക ബലം കൊണ്ട്‌ ഇവരെ അടിച്ചമര്‍ത്താമെന്ന ഭരണകൂടത്തിന്റെ മൂഢ നീക്കങ്ങള്‍ക്കെതിരായ സൂചനകളാണ്‌ ദണ്ഡവാഡയില്‍ നിന്ന്‌ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതായത്‌ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആയുധ ശക്തികളെ നിഷ്പ്രഭമാക്കുന്ന സായുധ പരിശീലനവും ശക്തിയും സമര്‍പ്പണവും ഈ വിഭാഗങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നു. നിലവിലിരിക്കുന്ന ഭരണ സംവിധാനത്തില്‍ തീര്‍ച്ചയായും ഇത്‌ അപായകരമായ പരിണാമമാണെന്ന്‌ സമ്മതിക്കേണ്ടിവരും.
എന്നാല്‍ , ആതിരേ, എല്ലാ ഭരണകൂടങ്ങള്‍ക്കും അതിന്റെ നീചവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ രാജ്യവിരുദ്ധരും ഭീകരവാദികളും ചാരന്മാരുമാണ്‌.ബ്രിട്ടീഷുകാര്‍ക്ക്‌ ഗാന്ധിജി ഭീഷണിയും ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവര്‍ ഭീകരവാദികളുമായിരുന്നു,അതു കൊണ്ട്‌ അവരെ തൂക്കികൊന്നു.നെഹൃവിന്‌ ബി.ടി രണദിവ്‌, എ.കെ.ഗോപലന്‍, ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ തുടങ്ങിയവരടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ചാരന്മാരായിരുന്നു. അതെ, ആതിരേ, മാവോയിസ്റ്റ്‌ ഭീകരവാദത്തെ കുറിച്ച്‌ മന്മോഹനനും മദാം ഗാന്ധിയും ചിദംബരവും ആന്റണിയുമൊക്കെ പറയുന്നത്‌ ഭരണകൂട ഭീകരതയുടെ യൂഫിമിസവും അധികാരത്തിന്റെ ദുര്‍മദത്വവും ദുര്‍ഭാഷണവുമാകുന്നു.അതു കൊണ്ട്‌ ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക്‌ ആദിവാസികളടക്കമുള്ള സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൊണ്ടെത്തിച്ചവരാണ്‌ വിചാരണ ചെയ്യപ്പെടേണ്ടത്‌. ശിക്ഷിക്കപ്പെടേണ്ടത്‌ ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ...?.

No comments: