Sunday, May 9, 2010

എളമരം കരീമിന്റെ 'തലമണ്ടയില്‍' നിന്ന്‌ വികസനം വരുമ്പോള്‍


പശ്ചിമബംഗാളില്‍ സംഭവിക്കുന്നതെങ്കലും തിരിച്ചറിയാന്‍ എളമരം കരീമും വികസന വാദികളായ സഖാക്കളും ശ്രമിക്കേണ്ടതാണ്‌. നന്ദിഗ്രാമും സിംഗൂരും വികസനത്തിന്റെ പേരില്‍ കള്ളം പറയുന്ന ഇന്ത്യയിലെ മുഴുവന്‍ ഭരണാധികാരികളുടെയും മുഖത്തേക്കുള്ള ചൂണ്ടുപലകയായി നില്‍ക്കുന്നു. മാവോയിസ്റ്റ്‌ പ്രസ്ഥാനം ബുദ്ധദേവിന്റെയും അവിടത്തെ വികസനവാദികളായ എളമരം കരീമുകളുടെയും ഉറക്കം കെടുത്തി ഉറഞ്ഞാടുന്നു. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇന്ന്‌ പിടി മുറുക്കിയിരിക്കുന്നത്‌. അതായത്‌ കഴിഞ്ഞ 25 വര്‍ഷത്തെ സഖാക്കളുടെ ഭരണം കൊണ്ടുണ്ടായ നേട്ടം മാവോയിസ്റ്റുകള്‍ക്കുള്ള വഴിയൊരുക്കലായിരുന്നു എന്ന്‌ അനുഭവം . മാര്‍ക്സിസ്റ്റ്‌ സഖാക്കളെ തട്ടിക്കൊണ്ടുപോയും വെടിവെച്ച്‌ കൊന്നും അവര്‍ പ്രതികാരം തീര്‍ക്കുന്ന വാര്‍ത്തകളുമായാണ്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ ദിവസങ്ങള്‍ പുലരുന്നത്‌. അത്തരം രക്തരൂഷിതമായ ദിവസങ്ങള്‍ കേരളത്തില്‍ പുലരണം എന്നാണോ എളമരം കരീം അടക്കമുള്ളവര്‍ വാദിക്കുന്നത്‌.പിണറായിയും കോടിയേരിയും ഇ.പി.ജയരാജനും എളമരം കരീമുമൊക്കെ തട്ടിയേടുക്കപ്പെട്ട ശേഷം പാത്യോരത്ത്‌ വെടിയേറ്റു മരിച്ചു കിടക്കുന്നത്‌ അത്രയ്ക്കൊന്നും സുഖമുള്ള കാഴ്ചയായിരിക്കില്ലല്ലോ




"തെങ്ങിന്റെ തലമണ്ടയില്‍ നിന്ന്‌ വികസനം വരുമോ" എന്ന സര്‍വകാല യുക്തിപൂര്‍ണമായ ചോദ്യമുന്നയിച്ചത്‌ സഖാവ്‌ എളമരം കരീമായിരുന്നു , ആതിരെ. ഇതുവരെ വികസനത്തിനുവേണ്ടി ഇത്രയ്ക്കും ഉന്നത ശീര്‍ഷത്വമുള്ള ഒരു ചോദ്യം ആരും ഉന്നയിച്ചിട്ടില്ല; ബംഗാളിലെ ജ്യോതിബസുവിനോ ബുദ്ധദേവിനോ കഴിയാത്ത വികസനകാഴ്ചപ്പാടാണ്‌ എളമരം കരീമിന്റെ ഈ ചോദ്യത്തില്‍ സംവൃതമായി പ്രത്യക്ഷപ്പെട്ടത്‌.
തെങ്ങിന്റെ മണ്ടയില്‍ നിന്ന്‌, അതേസമയം വികസന സാധ്യത കണ്ട മറ്റൊരു സഖാവുണ്ട്‌. സാക്ഷാല്‍ ഇ.പി. ജയരാജന്‍. തെങ്ങിന്റെ മണ്ടയിലുണ്ടാകുന്ന കള്ള്‌ 'ഒരു ആഹാര ക്രമമാക്കി മാറ്റിയാല്‍' ഉണ്ടാകാവുന്ന സാധ്യതയാണ്‌ ആ സഖാവ്‌ വികസനലഹരിമൂത്ത്‌ അവതരിപ്പിച്ചത്‌. കള്ള്‌ എളമരത്തിന്‌ ഹറാമായതുകൊണ്ടാവാം അത്തരമൊരുചിന്ത ആ സഖാവിന്‌ ഉണ്ടാകാതെ പോയത്‌.
എന്നാല്‍,ആതിരേ, എളമരം കരീമിന്റെ തലമണ്ടയില്‍ നിന്നുവരുന്ന വികസന സ്വപ്നങ്ങള്‍ ഫലത്തില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടം മാത്രമല്ല, കുഴിമാടം വരെ കുളം തോണ്ടുന്ന ക്രൂരതയാണെന്നാണ്‌ കിനാലൂര്‌ വ്യക്തമാക്കുന്നത്‌.
കഴിഞ്ഞദിവസം കിനാലൂരില്‍ കെഎസ്‌ഐഡിസി പാര്‍ക്കിന്റെ റോഡ്‌ വികസനത്തിന്‌ സര്‍വേയ്ക്ക്‌ ഉദ്യോഗസ്ഥരെത്തിയത്‌ മൂലമുണ്ടായ സംഘര്‍ഷമാണ്‌. തല്‍സമയം കേരളീയരെങ്കിലും കണ്ടതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങള്‍ പറയേണ്ടതില്ല. എന്നാല്‍ എന്തിനുവേണ്ടിയായിരുന്നു ഈ ലാത്തിചാര്‍ജും ഗ്രനേഡ്‌ പ്രയോഗവും എന്ന ചോദ്യമാണ്‌ മുഖ്യമന്ത്രി ഉന്നയിച്ചത്‌. ആ ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ തന്നെ ഉത്തരം ലഭിച്ചതുകൊണ്ടാണ്‌ കിനാലൂരിലെ സര്‍വേ താല്‍ക്കാലികമായി നിര്‍ത്താനും കിനാലൂരുകാരെ മര്‍ദ്ദിച്ച കോടിയേരിയുടെ പോലീസിനെ പിന്‍വലിക്കാനും സംഭവത്തെ കുറിച്ച്‌ ഡിജിപി അന്വേഷിക്കണമെന്ന്‌ ഉത്തരവിട്ടതും.
പിണറായി വിജയനും ജയരാജനും എളമരം കരീമും കോടിയേരി ബാലകൃഷ്ണനും ഒക്കെ അടങ്ങുന്ന സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണില്‍ എന്നും വികസന വിരുദ്ധനാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. അതുകൊണ്ടതുന്നെ അച്യുതാനന്ദന്റെ ഉത്തരവ്‌ വികസനവിരുദ്ധമാണെന്ന്‌ പാര്‍ട്ടി ഫോറങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള അദ്ദേഹത്തിന്റെ പുനഃപ്രവേശനം തടയാനും കാരണമാക്കാന്‍ മേല്‍ സൂചിപ്പിച്ചവര്‍ക്കെല്ലാം കഴിഞ്ഞേക്കും.അത്‌ പാര്‍ട്ടികാര്യം.എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ്‌ ജനകീയമെന്ന്‌ വിശ്വസിക്കാനും കിനാലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായവര്‍ക്കൊപ്പം നിന്ന്‌ എളമരം കരീമിന്റെ വികസന സ്വപ്നങ്ങളില്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടടിക്കാനും തന്നെയാണ്‌, ആതിരേ, കേരളത്തിലെ പൊതുസമൂഹത്തിന്‌ താല്‍പ്പര്യം. അത്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ സംഭവത്തിന്‌ ശേഷം എളമരം കരീമിന്‌ പത്രസമ്മേളനം നടത്തേണ്ടിവന്നത്‌. "കിനാലൂരില്‍ നടന്ന സംഭവം ആസൂത്രിതമാണ്‌. മുമ്പേ തയ്യാറാക്കിയ തിരക്കഥ പോലെയാണ്‌ കിനാലൂരില്‍ അക്രമം നടന്നത്‌. സംഘര്‍ഷം രാഷ്ട്രീയവത്കരിക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടന്നുവരുന്നത്‌. സ്ഥലത്തെ റോഡ്‌ വികസനം യുഡിഎഫ്‌ അംഗീകരിച്ചതാണ്‌. അവര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ്‌ റോഡ്‌ വികസനം സംബന്ധിച്ച തീരുമാനമെടുത്തത്‌. സമരത്തിന്‌ വന്നവര്‍ അക്രമത്തിന്‌ തയ്യാറായാണ്‌ വന്നത്‌. കല്ല്‌, വടി, ചാണകവെള്ളം എന്നിവയെല്ലാം കരുതിവെച്ചിരുന്നു..... പരമാവധി പിടിച്ചുനിന്നശേഷം നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ്‌ പോലീസ്‌ തിരിച്ചടിച്ചത്‌. സ്ഥലത്ത്‌ സംഘര്‍ഷമുണ്ടാകുമെന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ സര്‍വെ ഒഴിവാക്കുമായിരുന്നു..... റോഡ്‌ വികസിപ്പിക്കുന്നത്‌ വ്യാവസായി പുരോഗതിക്കാണ്‌. 2008-09 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഈ റോഡ്‌ വികസനത്തിന്‌ 25 കോടി അനുവദിച്ചിരുന്നു" .
എളമരത്തിന്റെ തലമണ്ടയില്‍ നിന്ന്‌ വികസന സ്വപ്നങ്ങളും 'വികസന വിരോധികളുടെ ആസൂത്രിത ശ്രമങ്ങളും ' എത്ര സുന്ദരമായാണ്‌ വാക്കുകളായത്‌. കിനാലൂരിലെ പോലീസിന്റെ കിരാതത്വം റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കാനും ഇതിനിടയില്‍ എളമരം സമയം കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ആസൂത്രിതമായി കള്ളം പറഞ്ഞത്‌ എളമരം കരീമാണെന്ന്‌ സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം കണ്ടവര്‍ക്കെല്ലാമറിയാം.എന്നിട്ടും പരസ്യമായി കള്ളം പറയാന്‍ എളമരത്തിന്‌ ഉളുപ്പുണ്ടായില്ല.എന്നു മാത്രമല്ല പത്രസമ്മേളനത്തില്‍ സര്‍വേ സംബന്ധിച്ച്‌ എളമരം പറഞ്ഞ കാര്യങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന്‌ പിന്നീട്‌ ഈ വിഷയത്തെ കുറിച്ച്‌ ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണവും വ്യക്തമാക്കി.
എളമരവും സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും കരുതുന്നപോലെ വിഡ്ഢികളൊന്നുമല്ല, ആതിരേ, കേരളത്തിലെ ജനങ്ങള്‍. ഭൂമാഫിയയുമായി ബന്ധപ്പെട്ട്‌ ഇവര്‍ മുന്നോട്ട്‌ വെയ്ക്കുന്ന വികസന സ്വപ്നങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞിട്ടു തന്നെയാണ്‌ ചാണകവെള്ളം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കരുതി ആസൂത്രിതമായ ചെറുത്തുനില്‍പ്പുകള്‍ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്‌. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ട സാധുക്കള്‍ക്ക്‌ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തില്‍ നല്‍കിയ വാഗ്ദാനം പോലും ഇനിയും പാലിച്ചിട്ടില്ല, ആതിരേ... ചൂണ്ടിക്കാണിക്കാന്‍ ഇതുപോലെ നിരവധി വഞ്ചനകളുണ്ട്‌. എളമരം കരീമിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മൂലധന സമാഹര്‍ത്താക്കള്‍ക്കോ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നില്ല. മറിച്ച്‌ വ്യവസായ വികസനത്തിന്റെ പേരില്‍ സാധുജനവിഭാഗങ്ങളുടെ കുടികിടപ്പും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളും മൂലധനാധിനിവേശ ശക്തികള്‍ക്ക്‌ തീറെഴുതാനാണ്‌ താല്‍പ്പര്യം. വളന്തക്കാട്‌ ദ്വീപ്‌ ശോഭാ ഡവലപ്പേഴ്സിന്‌ വില്‍ക്കാന്‍ എളമരം കരീം നടത്തിയ അടിവലികള്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ ഇന്ന്‌ കാണാപ്പാഠമാണ്‌.
തിരിച്ചുവരാം; കിനാലൂരില്‍ നടക്കാന്‍ പോകുന്ന വ്യവസായ വികവസനത്തിലേക്ക്‌ തന്നെ. കോഴിക്കോട്‌ നഗരത്തില്‍നിന്ന്‌ 24 കിലോമീറ്റര്‍ ദൂരമുള്ള കിനാലൂരില്‍ നാലുവരിപ്പാത നിര്‍മ്മിക്കാനാണ്‌ കഴിഞ്ഞദിവസം സര്‍വേ നടത്താന്‍ ശ്രമിച്ചത്‌. കിനാലൂരില്‍ ഒരു ഉപഗ്രഹനഗരി സൃഷ്ടിക്കാനായിരുന്നു എളമരം ഉള്‍പ്പെടെയുള്ളവരുടെ ഗൂഢപദ്ധതി. ഇതിനായി മലേഷ്യന്‍ കമ്പനിയുമായി 2007ല്‍ ഒരു കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍, മലേഷ്യന്‍ കമ്പനി പിന്‍മാറുകയും വന്‍ തോതിലുള്ള മറ്റ്‌ വ്യവസായ സംരംഭങ്ങള്‍ കിനാലൂരില്‍ ആരംഭിക്കാന്‍ കരാറിലില്ലാതിരുന്നിട്ടും എന്തിനാണ്‌ അവിടേക്ക്‌ നാലുവരി പാത എന്ന ചോദ്യത്തിന്‌ എളമരം ഇപ്പോള്‍ തന്ന ഉത്തരമൊന്നും ഒരിക്കലും യോജിക്കുന്നതല്ല. കരാറില്‍ നിന്ന്‌ മലേഷ്യന്‍ കമ്പനി പിന്‍വാങ്ങിയ വാസ്തവം ഇതുവരെ തമസ്കരിച്ചത്‌ എന്തിനായിരുന്നു? എന്നിട്ടും എന്തിനാണ്‌ ഇപ്പോള്‍ നാലുവരിപ്പാത അങ്ങോട്ടേയ്ക്ക്‌ നിര്‍മ്മിക്കുന്നത്‌?
നാല്‌ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന്‌ പാടം നികത്തി 600 ഓളം കുടുംബങ്ങളെ റോഡിന്‌ വേണ്ടി കുടിയൊഴിപ്പിക്കേണ്ട സാഹചര്യത്തിലാണ്‌ ജനജാഗ്രതാ സമിതി എന്ന പേരില്‍ നാട്ടുകാര്‍ സംഘടിച്ച്‌ കഴിഞ്ഞ നാലുതവണ റോഡ്‌ സര്‍വേയ്ക്ക്‌ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴും തടഞ്ഞത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞദിവസം വന്‍ പോലീസ്‌ സന്നാഹത്തോടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കെത്തിയത്‌. വാസ്തവം ഇതായിരിക്കേ പത്രസമ്മേളനത്തില്‍ എത്ര പച്ചക്കള്ളമാണ്‌, ഒരു ഉളുപ്പുമില്ലാതെ എളമരം പറഞ്ഞതെന്ന്‌ ഓര്‍ക്കുക. ഈ കള്ളത്തരങ്ങള്‍ ഇനി അനുവദിക്കാന്‍ തയ്യാറില്ല എന്ന്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ പറഞ്ഞാല്‍ അത്‌ വികവസനവിരുദ്ധ നിലപാടല്ല, മറിച്ച്‌ എളമരം കരീം അടക്കമുള്ള സഖാക്കളുടെ മൂലധന വികിസന കുതന്ത്രങ്ങള്‍ക്കെതിരായുള്ള ജനകീയ പ്രതിരോധമാണ്‌.
ദേശീയ പാതയുടെ വീതി 45 മീറ്റര്‍ ആയിരിക്കണമെന്ന കേന്ദ്രത്തിന്റെ നിഷ്കര്‍ഷ 30 മീറ്ററാക്കി കുറക്കണം എന്നാവശ്യപ്പെട്ട്‌ സര്‍വ്വകക്ഷി സംഘം കഴിഞ്ഞദിവസമാണ്‌ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്‌ ആവലാതി ബോധിപ്പിച്ചത്‌. റോഡ്‌ വികസനം വരുമ്പോള്‍ ഇടിച്ചുനിരത്തേണ്ടി വരുന്ന ബാറുടമകള്‍ക്ക്‌ വേണ്ടിയാണ്‌ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച്‌ ഇത്തരം ഒരാവശ്യം കേന്ദ്രത്തിന്റെ മുമ്പില്‍ യാചനാപൂര്‍വം സമര്‍പ്പിച്ചതെന്നോര്‍ക്കണം. ദേശീയ പാതക്കരികിലെ ബാര്‍ ഉടമകളെയും സമ്പന്നന്മാരെയും സംരക്ഷിച്ച്‌ ഒരു സെന്റിലും രണ്ട്‌ സെന്റിലും കുടില്‍ കെട്ടി കഴിയുന്ന സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ച്‌ കിനാലൂരില്‍ നാലുവരിപ്പാത ഉണ്ടാക്കണമെന്ന്‌ ശഠിക്കുന്നത്‌ എന്തിനാണെന്ന്‌ തിരിച്ചറിയാന്‍, ആതിരേ ഇന്ന്‌ കേരളീയര്‍ക്ക്‌ ബോധമുണ്ട്‌.
വ്യാവസായിക വികസനത്തിലൂടെ മാത്രമേ കേരളത്തിന്‌ പുരോഗതിയുണ്ടാകൂ എന്ന്‌ വാദിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്‌. വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി വന്‍തോതില്‍ സ്ഥലം അക്വയര്‍ ചെയ്യാനാണ്‌ ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിച്ച്‌ വ്യവസായ വികസനം വരുത്താനാവുമെന്നാണിവരുടെ വാദം.. എന്നാല്‍, പ്രത്യേക സാമ്പത്തിക മേഖലകളില്‍, റിസര്‍വ്‌ ബാങ്കിന്റെ ഇപ്പോഴത്തെ നിര്‍ദേശമനുസരിച്ച്‌ ബാങ്ക്‌ ലോണ്‍ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുകയില്ല. അപ്പോള്‍ അത്തരം സ്ഥലങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ വരില്ലെന്നത്‌ പകല്‍ പോലെയുള്ള വാസ്തവം.അപ്പോള്‍ ഇത്തരം പ്രത്യേക സാമ്പത്തീക മേഖലകള്‍ ഭൂമാഫിയക്ക്‌ കൈമാറുക മാത്രമാണ്‌ പിന്നീടവശേഷിക്കുന്ന സാധ്യത. ഈ കൈമാറ്റത്തിനും ഭൂമാഫിയയുമായി കൈകോര്‍ത്തുകൊണ്ടുള്ള പാര്‍ട്ടിയുടെയും സഖാക്കളുടെയും മൂലധന വികസനത്തിനും വേണ്ടിയുള്ള ശ്രമമാണ്‌ വ്യവസായ വികസനമെന്ന രണ്ടുപദങ്ങള്‍ക്കുള്ളില്‍ എളമരം അടക്കമുള്ളവര്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്‌. ഈ ഒതുക്കല്‍ തന്ത്രം കേരളം തിരിച്ചറിയുന്നു എന്നതാണ്‌ ഇവരുടെയൊക്കെ ഗതികേട്‌.
പശ്ചിമബംഗാളില്‍ സംഭവിക്കുന്നതെങ്കലും തിരിച്ചറിയാന്‍ എളമരം കരീമും വികസന വാദികളായ സഖാക്കളും ശ്രമിക്കേണ്ടതാണ്‌. നന്ദിഗ്രാമും സിംഗൂരും വികസനത്തിന്റെ പേരില്‍ കള്ളം പറയുന്ന ഇന്ത്യയിലെ മുഴുവന്‍ ഭരണാധികാരികളുടെയും മുഖത്തേക്കുള്ള ചൂണ്ടുപലകയായി നില്‍ക്കുന്നു. മാവോയിസ്റ്റ്‌ പ്രസ്ഥാനം ബുദ്ധദേവിന്റെയും അവിടത്തെ വികസനവാദികളായ എളമരം കരീമുകളുടെയും ഉറക്കം കെടുത്തി ഉറഞ്ഞാടുന്നു. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇന്ന്‌ പിടി മുറുക്കിയിരിക്കുന്നത്‌. അതായത്‌ കഴിഞ്ഞ 25 വര്‍ഷത്തെ സഖാക്കളുടെ ഭരണം കൊണ്ടുണ്ടായ നേട്ടം മാവോയിസ്റ്റുകള്‍ക്കുള്ള വഴിയൊരുക്കലായിരുന്നു എന്ന്‌ അനുഭവം . മാര്‍ക്സിസ്റ്റ്‌ സഖാക്കളെ തട്ടിക്കൊണ്ടുപോയും വെടിവെച്ച്‌ കൊന്നും അവര്‍ പ്രതികാരം തീര്‍ക്കുന്ന വാര്‍ത്തകളുമായാണ്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ ദിവസങ്ങള്‍ പുലരുന്നത്‌. അത്തരം രക്തരൂഷിതമായ ദിവസങ്ങള്‍ കേരളത്തില്‍ പുലരണം എന്നാണോ എളമരം കരീം അടക്കമുള്ളവര്‍ വാദിക്കുന്നത്‌.പിണറായിയും കോടിയേരിയും ഇ.പി.ജയരാജനും എളമരം കരീമുമൊക്കെ തട്ടിയേടുക്കപ്പെട്ട ശേഷം പാത്യോരത്ത്‌ വെടിയേറ്റു മരിച്ചു കിടക്കുന്നത്‌ അത്രയ്ക്കൊന്നും സുഖമുള്ള കാഴ്ചയായിരിക്കില്ലല്ലോ ആതിരേ...!

2 comments:

Rejeesh Sanathanan said...

മാവോയിസ്റ്റുകളും നക്സലുകളുമൊക്കെ ഇവിടെ സ്വയം ഉണ്ടാവുകയല്ല......ഉണ്ടാക്കപ്പെടുകയാണ്......

അസുരന്‍ said...

YOU SAI IT FRIED
THANKS A LOT