Tuesday, May 11, 2010

ജസ്റ്റിസ്‌ ശ്രീദേവി നാവ്‌ വാടകയ്ക്ക്‌ കൊടുക്കുമ്പോള്‍


ഭരിക്കുന്ന കക്ഷിയുടെ പാദസേവകരാകാന്‍ ആര്‍ക്കും അവകാശമുണ്ട്‌. അത്‌ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും നേട്ടത്തിലും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സ്വകാര്യ ലാഭചിന്തയാണ്‌. എന്നാല്‍, വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട്‌ നെറികേടുകള്‍ വിളിച്ചുപറയുമ്പോള്‍ സ്ത്രീ സമൂഹത്തോടും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളോടും എത്രമാത്രം ആത്മാര്‍ത്ഥതയോടും ഐക്യദാര്‍ഢ്യത്തോടുമായിരുന്നു ഇതുവരെ ജസ്റ്റിസ്‌ ശ്രീദേവി പ്രതികരിച്ചതെന്ന്‌ ചിന്തിക്കേണ്ടിവരുന്നു.കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍-കവിയൂര്‍ പീഡനക്കേസില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക്‌ ഇതു വരെ നീതികിട്ടാത്തത്‌ എന്തു കൊണ്ട്‌ എന്നു വിശകലനം ചെയ്യാനും ഈ നിലപാട്‌ കേരളത്തിലെ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്‌.മന്ത്രി പുത്രന്മാരും 'വിവിഐപിയും' സ്വര്‍ണ്ണവ്യാപരിയും, ചാനല്‍ തലവനും എം.എല്‍.എയും സംവിധായകനുമൊക്കെ അടങ്ങുന്ന കാമപിശാചുക്കള്‍ എന്തു കൊണ്ട്‌ പിടിക്കപ്പെട്ടില്ല എന്നതിന്റെ നിഗമനത്തിലെത്താനും കേരളീയര്‍ നിര്‍ബന്ധിതരാകുന്നുണ്ട്‌.ഭൂമാഫിയക്കുവേണ്ടി, വ്യവസായ മന്ത്രി എളമരം കരീമിന്റെ പിടിവാശിയോടെ പോലീസ്‌ കിനാലൂരിലെ ജനങ്ങളെ തല്ലിച്ചതച്ചതിന്റെ വിവാദം പുതിയൊരു വിചാരണാ ഘട്ടത്തിലേയ്ക്ക്‌ കടന്നിരിക്കുന്നു. ലാത്തിച്ചാര്‍ജിന്‌ ശേഷം നാട്ടുകാരെയും മാധ്യമങ്ങളേയും ഭര്‍ത്സിച്ച്‌ പത്രസമ്മേളനം നടത്തി എളമരം കരീം പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന്‌ വ്യക്തമാവുകയും വാസ്തവങ്ങള്‍ അംഗീകരിക്കാന്‍ കരീം ഭാഗികമായി തയ്യാറാവുകയും ചെയ്തപ്പോള്‍,ആതിരേ, വനിതാക്കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ഡി. ശ്രീദേവി ഭൂമാഫിയയുടെയും അവരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെയും പോലീസിന്റെയും മെഗഫോണായി രംഗത്തെത്തിയത്‌ എന്തിനായിരിക്കണം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
കിനാലൂരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള ജനജാഗ്രതാ സമിതിയംഗങ്ങളെ കിരാതമായിട്ടാണ്‌ പോലീസ്‌ തല്ലിച്ചതച്ചതെന്ന്‌ ചാനലുകളുടെ തല്‍സമയ സംപ്രേക്ഷണം കേരളത്തിന്‌ കാണിച്ചുകൊടുത്തതാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍വേ നടപടികള്‍ നിര്‍ത്തിവെയ്ക്കാനും പോലീസിനെ പിന്‍വലിക്കാനും പോലീസ്‌ അതിക്രമത്തെ കുറിച്ച്‌ ഡിജിപി അന്വേഷിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടത്‌. തങ്ങളുടെ ഗൂഢപദ്ധതി പൊളിഞ്ഞു എന്നു ബോധ്യമായതു കൊണ്ടും കേരളത്തിന്റെ പൊതുവികാരം വ്യവസായവകുപ്പിനും മന്ത്രിക്കും എതിരായി ജ്വലിക്കുകയാണെന്ന്‌ ബോധ്യപ്പെട്ടപ്പോഴുമാണ്‌ തിങ്കളാഴ്ച പാലക്കാട്‌ എളമരം കരീം മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തിയതും കിനാലൂരിലും പരിസരങ്ങളിലും പലരും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌ എന്ന്‌ സമ്മതിച്ചതും.
അപ്പോഴാണ്‌ ആതിരേ, ഭൂമി മാഫിയയെയും പോലീസിനെയും ന്യായീകരിച്ച്‌ വനിതാക്കമ്മീഷന്‍ അധ്യക്ഷ ശ്രീദേവി രംഗത്തെത്തിയതെന്നോര്‍ക്കണം.. വനിതാ കമ്മീഷന്റെ അധ്യക്ഷ എന്ന നിലയ്ക്കും ഒരു വനിത എന്ന നിലയ്ക്കും ഒരിക്കലും അവരില്‍ നിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്തതും നീചവുമായ അഭിപ്രായപ്രകടനമാണ്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പ്രകടിപ്പിച്ചത്‌. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കിനാലൂര്‍ സംഭവം വനിതാകമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. അടികൊള്ളാനായി സ്ത്രീകള്‍ സംഭവസ്ഥലത്തേക്ക്‌ കേറി ചെല്ലുകയായിരുന്നു. കേറിച്ചെന്നാല്‍ അടികൊള്ളില്ലേ?... റോഡ്‌ വീതി കൂട്ടുന്നത്‌ നല്ല കാര്യമല്ലേ?... അതിനെ എന്തിനാണ്‌ ആളുകള്‍ എതിര്‍ക്കുന്നത്‌?.. വനിതാക്കമ്മീഷന്‍ ഇടപെടേണ്ട കാര്യമൊന്നുമില്ല.... അടികൊണ്ട സ്ത്രീകള്‍ക്ക്‌ അവിടെ ഭൂമിയൊന്നുമില്ല. സമരക്കാര്‍ അടി ചോദിച്ചുവാങ്ങുകയായിരുന്നു. കിനാലൂരില്‍ മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകളെ കൊണ്ടുവരികയായിരുന്നു......"
ആതിരേ, കിനാലൂര്‍ പ്രശ്നത്തില്‍ എളമരം കരീം സ്വീകരിച്ച നിലപാടിനേക്കാള്‍ നിന്ദ്യവും ആക്ഷേപാര്‍ഹവുമായ നിലപാടാണ്‌ ജസ്റ്റിസ്‌ ശ്രീദേവിക്കുള്ളതെന്ന്‌ അവരുടെ വാക്കുകള്‍ അസന്ദിഗ്ദമായി വ്യക്തമാക്കുന്നു. കിനാലൂരില്‍ അടിയുള്ളിടത്തേക്ക്‌ സ്ത്രീകള്‍ കയറിച്ചെന്നതല്ല. മറിച്ച്‌ അവരെ അവരുടെ കിടക്കപ്പായില്‍ നിന്ന്‌ കുടിയിറക്കാന്‍ വന്ന പോലീസിന്റെയും ഭൂമാഫിയയുടെയും കിരാതത്വത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ നടുറോഡിലിട്ടും വീടുകളില്‍ കയറിയും തല്ലിച്ചതയ്ക്കുകയായിരുന്നു കോടിയേരിയുടെ പോലീസ്‌. ഈ അടിസ്ഥാന സത്യം തമസ്കരിച്ചുകൊണ്ട്‌ കിനാലൂരിലെ ജനകീയ സമരത്തെ വിലയിരുത്തുമ്പോള്‍ ജസ്റ്റിസ്‌ ശ്രീദേവിയില്‍ നിന്ന്‌ അമാന്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ,ആതിരേ, ല്ലേ..?!. പാദസേവാത്വര എത്രമാത്രം ഗര്‍ഹണീയമാണെന്ന്‌ അവരുടെ വാക്കുകള്‍ തന്നെ അടിവരയിട്ട്‌ സ്ഥാപിക്കുന്നു. അടികൊണ്ട സ്ത്രീകള്‍ക്ക്‌ അവിടെ ഭൂമി ഒന്നും ഇല്ലെന്നും റോഡിന്‌ വീതികൂട്ടുന്നത്‌ നല്ല കാര്യമല്ലേയെന്നും കിനാലൂരില്‍ മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകളെ കൊണ്ടുവരികയായിരുന്നു എന്നുമൊക്കെ ഉളുപ്പില്ലാതെ പറയുന്ന ജസ്റ്റിസ്‌ ശ്രീദേവിയെ ഇനി ഒരു നിമിഷം വനിതാ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത്‌ ഇരിക്കാന്‍ അനുവദിക്കരുത്‌. എന്തടിസ്ഥാനത്തിലാണ്‌ ആതിരേ, കിനാലൂരില്‍ സമരം ചെയ്ത സ്ത്രീകള്‍ക്ക്‌ അവിടെ ഭൂമിയില്ല എന്ന്‌ ജസ്റ്റിസ്‌ ശ്രീദേവി സന്ദേഹലേശമന്യേ പ്രസ്താവിച്ചത്‌? എന്താണ്‌ ഇത്തരം ഒരു വ്യാജപ്രസ്താവന നടത്താന്‍ ജസ്റ്റിസ്‌ ശ്രീദേവിയെ പ്രേരിപ്പിച്ചത്‌? ആര്‍ക്കുവേണ്ടിയാണ്‌ ഇവര്‍ ഈ വിദൂഷകവേഷം കെട്ടിയത്‌? മറ്റ്‌ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌ അവിടെ സമരം ചെയ്തതെന്ന്‌ ജസ്റ്റിസ്‌ ശ്രീദേവി പറയുന്നു. ഈ വാക്കുകള്‍ തന്നെയായിരുന്നു എളമരം കരീമും തുടക്കത്തില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍, കിനാലൂരില്‍ പോലീസിനെ അക്രമിച്ചതിന്റെ പേരില്‍ കേസ്‌ എടുത്തിട്ടുള്ളത്‌ നാട്ടുകാര്‍ക്കെതിരായാണ്‌. പോലീസ്‌ രേഖയില്‍ ഇങ്ങനെ സത്യം ഉള്‍പ്പെടുത്തിയിട്ടും, ആതിരേ, അതിനെ ധിക്കരിച്ച്‌ മറിച്ചൊരഭിപ്രായം പറഞ്ഞ ജസ്റ്റിസ്‌ ശ്രീദേവിക്ക്‌ എന്ത്‌ ലക്ഷ്യമാണുള്ളത്‌..? ചിന്തിക്കെണ്ടതല്ലേ...?
കിനാലൂരിലോ കേരളത്തിലെവിടെയെങ്കിലുമോ റോഡിന്‌ വീതി കൂട്ടുന്നതില്‍ ആര്‍ക്കുമില്ല എതിര്‍പ്പ്‌. എന്നാല്‍, ഇല്ലാത്ത ഒരു വ്യവസായ പാര്‍ക്കിന്റെ പേരില്‍ ഭൂമാഫിയയെ സഹായിക്കാന്‍ പോലീസിന്റെ സഹായത്തോടെ റോഡിന്‌ വീതികൂട്ടാന്‍ ശ്രമിക്കുമ്പോള്‍, അതിനുവേണ്ടി നൂറുകണക്കിന്‌ സാധുക്കളെ കുടിയിറക്കേണ്ടിവരുമ്പോള്‍, അതിനായി നൂറ്‌ കണക്കിനേക്കര്‍ പാടം നികത്തേണ്ടിവരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാടില്ല എന്നുപറയുന്ന അല്ലെങ്കില്‍ അതിനെ പ്രതിരോധിച്ചത്‌ തെറ്റാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജസ്റ്റിസ്‌ ശ്രീദേവിയുടെ ഹിഡന്‍ അജണ്ടകള്‍ എന്തൊക്കെയാണെന്ന്‌ വിശകലനം ചെയ്യേണ്ടതില്ലേ..?. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അല്ല, ചാനല്‍ അവരോട്‌ അഭിപ്രായം ചോദിച്ചത്‌. വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ എന്ന നിലയ്ക്കുള്ള അവരുടെ അഭിപ്രായമാണ്‌ ആരാഞ്ഞത്‌. ആ അഭിപ്രായമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. എത്രമാത്രം അശ്രദ്ധയോടെ എത്രമാത്രം സ്ത്രീനിന്ദയോടെ എത്രമാത്രം ജനവിരുദ്ധതയോടെയാണ്‌ അവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞതെന്ന്‌ ശ്രദ്ധിക്കുക.
വികസനത്തിന്റെ പേരിലോ മറ്റേതെങ്കിലും ഗൂഢമായ ലക്ഷ്യത്തിന്റെ പേരിലോ ഒരു സ്ഥലത്ത്‌ നിന്ന്‌ അവിടത്തെ സ്ഥലവാസികളെ കുടിയിറക്കുമ്പോള്‍ അത്‌ തെറ്റാണെങ്കില്‍, ആതിരേ, അവര്‍ക്കൊപ്പം നിന്ന്‌ അധിനിവേശത്തിന്റെ ശക്തികളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാന്‍ ഏതൊരു ജനാധിപത്യ വിശ്വാസിക്കും ചുമതലയുണ്ട്‌, ധാര്‍മ്മീക ഉത്തരവാദിത്തമുണ്ട്‌. അത്‌ തെറ്റാണെന്ന്‌ പറയാന്‍ ജസ്റ്റിസ്‌ ശ്രീദേവിക്ക്‌ എന്ത്‌ അധികാരമാണുള്ളത്‌ ? ആരാണ്‌ അവരെ അതിന്‌ പ്രേരിപ്പിച്ചിട്ടുള്ളത്‌, അവര്‍ക്കധികാരം നല്‍കിയിട്ടുള്ളത്‌?
ജസ്റ്റിസ്‌ ശ്രീദേവിയുടെ ഈ നിലപാട്‌ ശരിയാണെന്ന്‌ പറയണമെങ്കില്‍ ആദ്യം എ.കെ. ഗോപാലന്റെ ചെകിടത്തടിക്കേണ്ടി വരും. അമരാവതിയില്‍ കുടിയിറക്ക്‌ നടന്നപ്പോള്‍ അവിടെ പെരുമഴയത്ത്‌ നിരാഹാര സമരം കിടക്കാന്‍ അദ്ദേഹമാണല്ലോ ആദ്യം തയ്യാറായത്‌. കണ്ണൂരുകാരനായ എകെജിക്ക്‌ അമരാവതിയില്‍ എന്ത്‌ കാര്യമെന്ന്‌ ചോദിക്കുന്നതിന്‌ തുല്യമാണ്‌ കിനാലൂരില്‍ അവിടുത്തകാരല്ലാത്തവരാണ്‌ സമരത്തിന്‌ മുന്നില്‍ നിന്നതെന്ന്‌ ആക്ഷേപിക്കുന്നത്‌.പിണാറായിയില്‍ ജനിച്ച ഒരു വ്യക്തിക്ക്‌ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി വാദിക്കാന്‍ എന്തര്‍ഹത എന്നും അപ്പോള്‍ ജസ്റ്റിസ്‌ ശ്രീദേവി വിശദീകരിക്കേണ്ടതില്ലേ, ആതിരേ? അധികാരം ഒരു വ്യക്തിയെ എത്രമാത്രം ദുഷിപ്പിക്കുമെന്ന്‌ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. അത്തരത്തില്‍ ദുഷിപ്പിക്കപ്പെട്ട ഒരു അധികാര സ്ഥാനത്താണോ വനിതാക്കമ്മീഷന്‍ അധ്യക്ഷ വ്യവഹരിക്കുന്നതെന്ന്‌ ചോദിക്കാതിരിക്കുന്നതെങ്ങനെ..?. ഭൂമിയില്ലാത്തവര്‍ക്ക്‌ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ യുക്തി അംഗീകരിച്ചാല്‍ , ലൈംഗീകമായി പീഡീപ്പിക്കപ്പെടാത്തവര്‍ക്ക്‌ അത്തരം കൈയേറ്റങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവകാശമില്ല എന്നു വരുന്നു. . അതായത്‌ സ്ത്രീപീഡനത്തിനെതിരെ ഒരു തരത്തിലുമുള്ള ബഹുജനപ്രതിഷേധവും സാദ്ധ്യമല്ലെന്ന്‌ അര്‍ത്ഥം.അപ്പോള്‍ എന്താണ്‌ ഈ സ്ത്രീ പറഞ്ഞുവയ്ക്കുന്നത്‌? വനിതകമ്മീഷന്‍ അദ്ധ്യക്ഷ വാദമുഖങ്ങള്‍ നീട്ടുന്നത്‌ കിനാലൂരിലെ ഭൂമാഫിയയ്ക്കു വേണ്ടിമാത്രമല്ലമറിച്ച്‌ സെക്സ്‌ മാഫിയയ്ക്കും വേണ്ടിയാണ്‌ എന്നാണോ, ആതിരേ.?
എന്തുകൊണ്ടാണ്‌ കിനാലൂരില്‍ ഇത്തരത്തിലൊരു ജനകീയ പ്രതിരോധം ഉണ്ടായതെന്ന്‌ അന്വേഷിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ജസ്റ്റിസ്‌ ശ്രീദേവിക്കുണ്ടായിരുന്നെങ്കില്‍ അവരില്‍ നിന്ന്‌ ഇത്തരത്തില്‍ നികൃഷ്ടവും ഉത്തരവാദിത്ത രഹിതവുമായ അഭിപ്രായപ്രകടനമുണ്ടാകുമായിരുന്നില്ല. ഭൂമാഫിയക്കും മൂലധനസമാഹര്‍ത്താക്കള്‍ക്കും വേണ്ടി സാധു ജനങ്ങളെ അവരുടെ കുടികിടപ്പ്‌ ഭൂമിയില്‍ നിന്നും കിടക്കപ്പായയില്‍ നിന്നും ഇറക്കിവിടുന്ന ഭരണവൈകൃതത്തിനെതിരായാണ്‌ കിനാലൂരില്‍ പ്രതിഷേധം ഇരമ്പിയത്‌.ആതിരേ, ജസ്റ്റിസ്‌ ശ്രീദേവി അറിയേണ്ട ഒരു വാസ്തവമുണ്ടായിരുന്നു. കേരളത്തില്‍ ദേശീയ പാതക്ക്‌ 45 മീറ്റര്‍ വീതി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം 30 മീറ്ററാക്കി കുറയ്ക്കാന്‍ കേരളത്തില്‍ നിന്ന്‌ സര്‍വ്വകക്ഷി സംഘമാണ്‌ പ്രധാനമന്ത്രിയെ കണ്ട്‌ നിവേദനം നല്‍കിയത്‌. ദേശീയപാതക്ക്‌ 30 മീറ്റര്‍ വീതി മതിയെങ്കില്‍ കിനാലൂരില്‍ വരുമെന്ന്‌ പറയുന്ന വ്യവസായ പാര്‍ക്കിലേക്ക്‌ എന്തിനാണ്‌ 100 മീറ്റര്‍ വീതിയില്‍ ഒരു പാത? അപ്പോള്‍ സുതാര്യമല്ലാത്തെ ഒട്ടനവധി ഹിഡന്‍ അജണ്ടകള്‍ എളമരം കരീം അടക്കമുള്ളവര്‍ക്കുണ്ടെന്നതല്ലെ നിഷേധിക്കാനാവാത്ത വാസ്തവം ?
ഇത്തരത്തില്‍ ചൂഷണത്തിന്റെ പാത വീതി കൂട്ടുന്നതിനെതിരായിട്ടാണ്‌ കിനാലൂരില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും അടക്കമുള്ളവര്‍ എളമരം കരീമിന്റെ ഗൂഢപദ്ധതിക്കെതിരെ അണിനിരന്നതും കോടിയേരി ബാലകൃഷ്ണന്റെ പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതും. എന്നിട്ടും, ആതിരേ, കിനാലൂരുകാരെ ഭര്‍ത്സിക്കാനാണ്‌ വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ തയ്യാറായത്‌. ചാനലുകളായ ചാനലുകളെല്ലാം അവിടെ നടന്ന നരനായാട്ട്‌ തല്‍സമയവും ആവര്‍ത്തിച്ചും സംപ്രേക്ഷണം ചെയ്തിട്ടും മറ്റ്‌ മാധ്യമങ്ങള്‍ അവിടത്തെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നിട്ടും കിനാലൂരിലെ പ്രശ്നം വനിതാകമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന്‌ ഹുങ്കോടെ മറുപടി പറയാന്‍ ജസ്റ്റിസ്‌ ശ്രീദേവി കാണിച്ച ധൈര്യം നീചമായ ചില ലക്ഷ്യങ്ങളെ സംരക്ഷിക്കാനും അതിന്റെ താല്‍പ്പര്യമനുസരിച്ച്‌ തുള്ളാനുമുള്ള അവരുടെ സമര്‍പ്പണത്തെയല്ലെ വ്യക്തമാക്കുന്നത്‌?
കിനാലൂരിലെ ജനങ്ങളുടെ മനസ്സില്‍ പേടിസ്വപ്നമായി കിടക്കുന്നത്‌ ആതിരേ, വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ സാധാരണക്കാരുടെ അവസ്ഥയാണ്‌. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിട്ടും ഇന്നും അതായത്‌ കുടിയിറക്ക്‌ കഴിഞ്ഞ്‌ രണ്ടുവര്‍ഷത്തിന്‌ ശേഷവും കയറിക്കിടക്കാന്‍ ഒരുവീടുപോലും സ്വന്തമാക്കാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്ന ആ കുടുംബങ്ങള്‍ കേരളത്തിന്‌ മുഴുവന്‍ ഭീതിയുടെ ദൃഷ്ടാന്തമാണ്‌. നാളെ തങ്ങളുടെയും അവസ്ഥ ഇതു തന്നെയാണെന്ന തിരിച്ചറിവാണ്‌ കിനാലൂരില്‍ ജനകീയ പ്രതിഷേധമായത്‌. ഈ സാമാന്യ വിവരമെങ്കിലും അന്വേഷിച്ചറിയാനുള്ള മാന്യതയില്ലാതെ കിനാലൂരിലെ പ്രതിരോധ സമരത്തെയും അതിന്റെ മുന്‍ നിരയില്‍ നിന്ന്‌ പോലീസിന്റെ മര്‍ദനമേറ്റ സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച വനിതാക്കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ്‌ അപമാനിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ പരസ്യമായി ക്ഷമ പറയാന്‍ തയ്യാറാകാത്ത പക്ഷം വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയിലിരിക്കാന്‍ ജസ്റ്റിസ്‌ ശ്രീദേവിയെ അനുവദിക്കാമോ..?
ആതിരേ, ഭരിക്കുന്ന കക്ഷിയുടെ പാദസേവകരാകാന്‍ ആര്‍ക്കും അവകാശമുണ്ട്‌. അത്‌ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും നേട്ടത്തിലും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സ്വകാര്യ ലാഭചിന്തയാണ്‌. എന്നാല്‍, വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട്‌ നെറികേടുകള്‍ വിളിച്ചുപറയുമ്പോള്‍ സ്ത്രീ സമൂഹത്തോടും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളോടും എത്രമാത്രം ആത്മാര്‍ത്ഥതയോടും ഐക്യദാര്‍ഢ്യത്തോടുമായിരുന്നു ഇതുവരെ ജസ്റ്റിസ്‌ ശ്രീദേവി പ്രതികരിച്ചതെന്ന്‌ ചിന്തിക്കേണ്ടിവരുന്നു.കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍-കവിയൂര്‍ പീഡനക്കേസില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക്‌ ഇതു വരെ നീതികിട്ടാത്തത്‌ എന്തു കൊണ്ട്‌ എന്നു വിശകലനം ചെയ്യാനും ഈ നിലപാട്‌ കേരളത്തിലെ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്‌.മന്ത്രി പുത്രന്മാരും 'വിവിഐപിയും' സ്വര്‍ണ്ണവ്യാപരിയും, ചാനല്‍ തലവനും എം.എല്‍.എയും സംവിധായകനുമൊക്കെ അടങ്ങുന്ന കാമപിശാചുക്കള്‍ എന്തു കൊണ്ട്‌ പിടിക്കപ്പെട്ടില്ല എന്നതിന്റെ നിഗമനത്തിലെത്താനും കേരളീയര്‍ നിര്‍ബന്ധിതരാകുന്നില്ലേ ആതിരേ..?
ഉണ്ട്‌.

5 comments:

-: നീരാളി :- said...

ഇടതുപക്ഷമായി പ്രതിപക്ഷത്തെങ്കില്‍ കാര്യങ്ങള്‍ ഏങ്ങിനെയിരിക്കുമെന്ന്‌ വെറുതെയൊന്നു ചിന്തിക്കുന്നത്‌ രസകരമായിരിക്കും.


വസ്‌തുത ഇതാണ്‌, കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങുന്ന ഇത്തരം സ്ഥാപനങ്ങള്‍ ജനാധിപത്യത്തിന്‌ ദോഷം മാത്രമേ ചെയ്യു.

ഇത്തരം പ്രതികരണങ്ങള്‍ ജനങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടാവുന്നില്ല എന്നതാണ്‌ ഏറ്റവും വലിയ ഭീഷണി.. ജാഗ്രതയില്ലാത്ത ജനത നാശത്തിലേക്ക്‌ കൂപ്പു കുത്തും. സ്വന്തം നീതികേടുകള്‍ ഇടിത്തീ പോലെ സ്വന്തം തലക്കു മീതേ വീഴുമ്പോള്‍ മാത്രം ഇരകള്‍ പ്രതികരിക്കുന്ന ഒരു സമൂഹമായി മാറുകയാണോ നമ്മള്‍.

അന്യനു വേണ്ടി, നീതിക്കുവേണ്ടിയുള്ള ഇത്തരം ഇടപെടലുകളെ അഭിനന്ദിക്കുന്നു.

അസുരന്‍ said...

അതെ, നീരാളി, നീതികേടുകള്‍ ഇടിത്തീപോലെ പതിക്കുമ്പോഴും കക്ഷി-രാഷ്ട്രീയ-മത-സമുദായ ചിന്തകളാണല്ലൊ നമ്മില്‍ പലരേയും ഭരിക്കുന്നത്.

കെ.പി.സുകുമാരന്‍ said...

ജസ്റ്റിസ് ശ്രീദേവി എന്ന് പറയുന്ന ആ സ്ത്രീ ഇത്രയും തരം താഴരുതായിരുന്നു. ഹൊ ഈ ടിവി കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ നമ്മള്‍ ഏത് യുഗത്തിലായിരിക്കും ഇപ്പോള്‍ ജീവിയ്ക്കുന്നുണ്ടാവുക? അതേ പോലെ പേരിനെങ്കിലും വി.എസ്സ്. ആ സ്ഥാനത്തില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു?

Anonymous said...

Agree with KPS

Rejith said...

വി എസ ആ സ്ഥാനതില്ലയിരുന്നെങ്കില്‍ മെച്ചമായിരുന്നു. ഇപ്പോള്‍ ലാവ്‌ലിന്‍ , തച്ചങ്കരി തുടങ്ങി കുറെ non issues മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് വി എസ കാരണമാണ്. വി എസിന് എന്തെങ്കിലും കഴിവ് ഉണ്ടായിരുന്നെങ്കില്‍ സ്മാര്‍ട്ട്‌ സിടി തുടങ്ങി വല്ലതും നടത്തിക്കനിക്കട്ടെ. വി എസ എന്താണ് മുഖ്യമന്ത്രി ആയതിനു ശേഷം കേരളത്തില്‍ ചെയ്തതെന്ന് ആലോചിച്ചാല്‍ മതി. വി എസ അവിടെ ഉള്ളത് കൊണ്ട് KPS ഇനും മനോരമ തുടങ്ങി മാധ്യമങ്ങള്‍ക്കും ചാകര ആണ്. ഇല്ലായിരുന്നെങ്കില്‍ മിക്കവാറും മനോരമ ഒക്കെ പൂട്ടി പോയേനെ.