Tuesday, February 11, 2014

സുധീരം- ആം ആദ്‌മി ഇഫക്ട്‌; സിപിഎമ്മിന്‌ താക്കീത്‌

സുഗമമായിരിക്കില്ല സുധീരന്‍-സതീശന്മാരുടെ കര്‍മ്മപഥം.വെടക്കാക്കാന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുന്നിലുണ്ടാകുമെന്ന്‌ സുധീരന്റെ നിയമനത്തോടുള്ള പ്രതികരണത്തിലെ ഉമ്മന്‍ ചാണ്ടിയുടെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ട്‌. സംസ്ഥാന രാഷ്ട്രീയത്തിലും സംഘടനാ കാര്യങ്ങളിലും നിങ്ങളുടെ വാക്കുകള്‍ ഇനി ശ്രദ്ധിക്കുന്ന പ്രശ്‌നമേയില്ലെന്ന സന്ദേശമാണ്‌ ഹൈക്കമാന്റ്‌ നല്‍കിയിരിക്കുന്നതെന്ന്‌ മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്ക്‌ മനസ്സിലായിട്ടുണ്ട്‌.അതു കൊണ്ടാണ് സുധീരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടു നിന്നത്. മുന്‍കൂട്ടി അറിയിക്കാതെ പത്രക്കുറിപ്പിലൂടെ സുധീരന്റേയും സതീശന്റേയും നിയമനം പുറത്ത്‌ വിട്ടതിലൂടെ തങ്ങളുടെ ഗ്രൂപ്പുകളിയുടെ നെറുകിലാണ്‌ ഹൈക്കമാന്റ്‌ പ്രഹരമേല്‍പ്പിച്ചതെന്ന്‌ ചെന്നിത്തലയ്‌ക്കും ബോദ്ധ്യമായിട്ടുണ്ട്‌. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചുകലക്കുന്ന രാഷ്ട്രീയമാണല്ലോ ഇവരുള്‍പ്പെടെയുള്ള ഗ്രൂപ്പ്‌ മാനേജര്‍മാരുടെ കൈയ്യിലിരിപ്പ്‌.അത്‌ ഉളുപ്പില്ലാതെ പ്രയോഗിക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അവര്‍ക്ക്‌ തെറ്റിപ്പോയി എന്നാണ്‌ ഹൈക്കമാന്റിന്റെ താക്കീത്‌.അതു കൊണ്ട്‌ കോണ്‍ഗ്രസിലെ ശുദ്ധികലശം മാത്രമല്ല യുഡിഎഫ്‌ എന്ന `ഈജിയന്‍ തൊഴുത്തി'ന്റെ വൃത്തിയാക്കല്‍ കൂടിയാണ്‌ ദേശീയ നേതൃത്വം ഉദ്ദ്യേശിക്കുന്നത്‌.
കോണ്‍ഗ്രസിന്റെ ജനകീയ ആദര്‍ശമുഖമായ വി. എം. സുധീരന്‍ കെപിസിസി പ്രസിഡന്റായും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തന ശൈലിക്ക്‌ ഉടമയായ വി. ഡി. സതീശന്‍ വൈസ്‌ പ്രസിഡന്റായും നിയമിതരാകുമ്പോള്‍ അംഗീകരിക്കപ്പെടുന്നത്‌, ആതിരേ, സത്യസന്ധതയും, ആദര്‍ശധീരതയും ജനങ്ങളുടെ ഇടയിലെ സ്വീകാര്യതയും അതിലുപരി പാര്‍ട്ടിക്കൂറുമാണെങ്കിലും, ആം ആദ്‌മി പാര്‍ട്ടി ദേശീയ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഘടനയില്‍ സൃഷ്ടിച്ച സത്താപരമായ മാറ്റത്തിന്റെ കേരള മോഡലാകുകയാണ്‌ ഇരുവരും.അതിലുപരി ഇവരുടെ നിയമനം സിപിഎമ്മിന്റെ ഡംഭും ധാര്‍ഷ്ട്യതയും നിറഞ്ഞ രാഷ്ട്രീയ സംസ്‌കാരത്തിനെതിരായ സന്ദേശം കൂടിയാകുന്നിടത്താണ്‌ ഹൈക്കമാന്റിന്റെ തീരുമാനം ചരിത്രപരമാകുന്നത്‌. സുധീരമായ ഇത്തരം ഒരു തീരുമാനമെടുത്തതില്‍ രാഹുലും സോണിയയും, കേരളത്തിലെ കോണ്‍ഗ്രസ്‌ അണികളുടേയും അനുഭാവികളുടേയും മാത്രം ആദരമല്ല അര്‍ഹിക്കുന്നത്‌.ഖദറണിഞ്ഞ കാപട്യങ്ങളായ ഉമ്മന്‍ ചാണ്ടിയുടേയും രമേശ്‌ ചെന്നിത്തലയുടേയും ഹിഡന്‍ അജണ്ടകള്‍ ചിതറിച്ച്‌ ഗ്രൂപ്പുകളിയുടെ അശ്ലീലതകളില്‍ നിന്ന്‌ ,വൈകിയാണെങ്കിലും കോണ്‍ഗ്രസിനേയും യുഡിഎഫിനേയും രക്ഷിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ ആര്‍ജവമാണിത്‌,ആതിരേ! .ജനപക്ഷരാഷ്ട്രീയ നിലപാടുകളുടെ അംഗീകാരം.നീതിയും ധര്‍മവും ജനഹിതവും മാനിക്കപ്പെടണമെന്ന ശക്തമായ സന്ദേശം.ഇത്‌ കോണ്‍ഗ്രസിലും യുഡിഎഫിലും മാത്രമല്ല ചലങ്ങളുണ്ടാക്കുക.സിപിഎം നേതൃത്വത്തിന്റെ സ്റ്റാലിനിസ്റ്റ്‌ നിലപാടുകളേയും ഈ നിയമനം കടപുഴക്കുന്നുണ്ട്‌.അതു കൊണ്ട്‌ കേരളത്തിലെ പൊതുസമൂഹത്തിന്റേയും അഭിനന്ദനം രാഹുലും സോണിയയും ഹൈക്കമാന്റും അര്‍ഹിക്കുന്നു നയങ്ങളും നടപടികളും ജനകീയമല്ലെങ്കിലും,ജനവിരുദ്ധതയാണ്‌ ഭരണമുഖമെങ്കിലും സിപിഎമ്മിന്റെ കൊലവെറിയും കൊലക്കത്തിധാര്‍ഷ്ട്യവും പ്രതിരോധിക്കാനും ബിജെപിയുടെ സവര്‍ണ ഫാസിസ്റ്റ്‌ തേരോട്ടത്തിന്‌ തടയിടാനും അനുരഞ്‌ജന ശിഖണ്ഡിത്വം ബാധിക്കാത്ത കോണ്‍ഗ്രസ്‌ നേതൃത്വം കേരളത്തിലുണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന്‌ സമ്മതിദായകര്‍ കേരളത്തിലുണ്ട്‌.അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാണ്ടി-ചെന്നിത്തലയെന്ന അഴിമതിക്കടലിനും പിണറായി-ജയരജന്മാരെന്ന പിശാചുക്കള്‍ക്കും മദ്ധ്യേ നില്‍ക്കേണ്ടിവരുമായിരുന്ന സമ്മതിദായകരാണ്‌ യഥാര്‍ത്ഥത്തില്‍ സുധീരന്‍-സതീശന്‍ നേതൃത്വത്തില്‍ ആശ്വാസം കൊള്ളുന്നത്‌.`നോട്ട' ബട്ടണ്‍ ഞെക്കാതെ രാഷ്ട്രീയമായി സമ്മതിദാനം നിര്‍വഹിക്കാമെന്ന ആശ്വാസമാണ്‌,ആതിരേ, അവര്‍ക്കിപ്പോള്‍. നാല്‌ പതിറ്റാണ്ട്‌ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുധീരന്‍ കാത്ത്‌ സൂക്ഷിച്ച സംശുദ്ധിയും സുതാര്യതയും ജനകീയ സമരമുഖങ്ങളിലെ നിറ സാന്നിധ്യവുമാണ്‌ ഇപ്പോള്‍ ആദരിക്കപ്പെട്ടത്‌.യുവത്വത്തിന്റെ ആവേശവും ഊര്‍ജ്ജസ്വലതയും ഗ്രൂപ്പ്‌ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം നിറയാതെ കാത്തുസൂക്ഷിച്ചതിന്റെ അഭിനന്ദനമാണ്‌ സതീശന്‌ ലഭിച്ചത്‌. ജനപക്ഷത്തുനിന്ന്‌ കോണ്‍ഗ്രസ്സിനെതിരെത്തന്നെ?പ്രതികരിച്ച വ്യക്തിത്വങ്ങളാണ്‌ ഇരുവരും.അതു കൊണ്ട്‌ തന്നെ കുഞ്ഞൂഞ്ഞ്‌-കുഞ്ഞാപ്പ-കുഞ്ഞുമാണി-ചെന്നിത്തല വൃത്തികേടുകളില്‍ നിന്ന്‌ സംസ്ഥാന ഭരണത്തിന്‌ മോചനമാകുമെന്ന പ്രതീക്ഷയാണ്‌ ഇവരുടെ നിയമനത്തിലൂടെ കേരളത്തില്‍ പൊതുവെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. സുഗമമായിരിക്കില്ല, ആതിരേ, സുധീരന്‍ -സതീശന്മാരുടെ കര്‍മ്മപഥം.വെടക്കാക്കാന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുന്നിലുണ്ടാകുമെന്ന്‌ സുധീരന്റെ നിയമനത്തോടുള്ള പ്രതികരണത്തിലെ ഉമ്മന്‍ ചാണ്ടിയുടെ ശരീരഭാഷ വ്യക്തമാക്കുന്നുണ്ട്‌. സംസ്ഥാന രാഷ്ട്രീയത്തിലും സംഘടനാ കാര്യങ്ങളിലും നിങ്ങളുടെ വാക്കുകള്‍ ഇനി ശ്രദ്ധിക്കുന്ന പ്രശ്‌നമേയില്ലെന്ന സന്ദേശമാണ്‌ ഹൈക്കമാന്റ്‌ നല്‍കിയിരിക്കുന്നതെന്ന്‌ മറ്റാരേക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്ക്‌ മനസ്സിലായിട്ടുണ്ട്‌.അതു കൊണ്ടാണ് സുധീരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടു നിന്നത്. മുന്‍കൂട്ടി അറിയിക്കാതെ പത്രക്കുറിപ്പിലൂടെ സുധീരന്റേയും സതീശന്റേയും നിയമനം പുറത്ത്‌ വിട്ടതിലൂടെ തങ്ങളുടെ?ഗ്രൂപ്പുകളിയുടെ നെറുകിലാണ്‌ ഹൈക്കമാന്റ്‌ പ്രഹരമേല്‍പ്പിച്ചതെന്ന്‌ ചെന്നിത്തലയ്‌ക്കും ബോദ്ധ്യമായിട്ടുണ്ട്‌. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചുകലക്കുന്ന രാഷ്ട്രീയമാണല്ലോ ഇവരുള്‍പ്പെടെയുള്ള ഗ്രൂപ്പ്‌ മാനേജര്‍മാരുടെ കൈയ്യിലിരിപ്പ്‌.അത്‌ ഉളുപ്പില്ലാതെ പ്രയോഗിക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അവര്‍ക്ക്‌ തെറ്റിപ്പോയി എന്നാണ്‌ ഹൈക്കമാന്റിന്റെ താക്കീത്‌.അതു കൊണ്ട്‌ കോണ്‍ഗ്രസിലെ ശുദ്ധികലശം മാത്രമല്ല യുഡിഎഫ്‌ എന്ന `ഈജിയന്‍ തൊഴുത്തി'ന്റെ വൃത്തിയാക്കല്‍ കൂടിയാണ്‌ ദേശീയ നേതൃത്വം ഉദ്ദ്യേശിക്കുന്നത്‌. നിലവിലെ ഗ്രൂപ്പ്‌ മാനേജര്‍മാരുടെ നീചമായ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയം,സ്ഥാപിത താത്‌പര്യ സംരക്ഷണത്തിന്‌ വേണ്ടിയുള്ള കീഴടങ്ങല്‍ നയം,ജാതി-സമൂദായ സംഘടനകളെ പ്രീണിപ്പിക്കാനുള്ള അശ്ലീല നടപടികള്‍ ,ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നേതൃസ്ഥാനങ്ങളുടെ വീതം വയ്‌പ്പ്‌ തുടങ്ങിയ ജനവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും ഇനി വച്ചു പൊറുപ്പിക്കില്ല എന്നര്‍ത്ഥം.മികവും സുതാര്യതയും ആര്‍ജവവും ജനപക്ഷ നിലപാടുകളുമാണ്‌ നേതൃത്വത്തിലേയ്‌ക്കുള്ള ചവിട്ടു പടി എന്ന്‌ അസ്‌ന്ദിഗ്‌ധമായി വ്യക്തമാക്കിയിരിക്കുകയാണ്‌ രാഹുലും സോണിയയും.ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും മാത്രമല്ല,ആതിരേ, ഗ്രൂപ്പ്‌ കളിയുടെ അധമത്വങ്ങളില്‍ അഭിരമിക്കുന്ന എല്ലാ ഖദര്‍ധാരികള്‍ക്കുമുള്ള സന്ദേശമാണിത്‌.ആര്‌ എംഎല്‍എ ആകണം,ആര്‌ എംപിയാകണം ആര്‌ മന്ത്രിയാകണം എന്നെല്ലാം ഡിക്ടേറ്റ്‌ ചെയ്‌തിരുന്ന ജാതി-സമുദായ നേതാക്കള്‍ക്കുള്ള താക്കീത്‌ കൂടിയാണിത്‌.എന്നിട്ടും `എട്ടുകാലി മമ്മൂഞ്ഞിന്റെ' വേഷം വെള്ളാപ്പള്ളി എടുത്തണിഞ്ഞു.ഒരു ഈഴവനെ കെപിസിസിയുടെ അദ്ധ്യക്ഷനാക്കിയതിലാണ്‌ അദ്ദേഹത്തിന്റെ അഭിമാനവും അഭിനന്ദനവും.സുധീരനെ കെപിസിസി അദ്ധ്യക്ഷനാക്കാതിരിക്കാന്‍ ചരട്‌ വലിച്ച ` വാരിക്കുഴി രാമന്‍ നായരായിരുന്നു' അടുത്ത ദിവസം വരെ വെള്ളാപ്പള്ളി.അതു കൊണ്ടാണ്‌ ചാണ്ടി-ചെന്നിത്തലകളെ അവഗണിച്ചാല്‍ സുധീരന്‍ പരാജയപ്പെട്ട കെപിസിസി പ്രസിഡന്റാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. മുഖ്യമന്ത്രിയെപ്പോലെ മുന്‍ കെപിസിസി അദ്ധ്യക്ഷനെപ്പോലെ സമുദായ പ്രമാണിമാരെ സുധീരനും വണങ്ങണമെന്നാണ്‌ വെള്ളാപ്പള്ളി പ്രതീക്ഷിക്കുന്നത് .ഗ്രഹണ സമയത്ത്‌ മാത്രമല്ല, ആതിരേ, ഞാഞ്ഞൂലുകള്‍ തലപൊക്കുകയെന്ന്‌ വ്യക്തമായി. ആതിരേ, ഈ മാറ്റം കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ഗുണ്ടായിസത്തിനെതിരായ പ്രഖ്യാപനം കൂടിയാണെന്ന്‌ ഞാന്‍ കരുതുന്നു.ജനങ്ങളെ വിസ്‌മരിച്ച്‌, പൊതുസമൂഹത്തെ വിഢികളാക്കി കൊലയാളിസംഘത്തിനൊപ്പം അഭിരമിക്കുന്ന ഉന്മൂലന രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള ആഹ്വാനം കൂടിയാണിത്‌.സത്യം പറയുന്ന അച്യുതാനന്ദനെ മൂലയ്ക്കിരുത്താന്‍ പിണറായിയും കൂട്ടരും കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് സത്യത്തിനൊപ്പം നില്‍ക്കുന്ന സുധീരനേയ്ം സതീശനേയും നേതൃസ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.കോ ണ്‍ഗ്രസ്‌ നേതൃത്വം ഗുണപരമായ മാറ്റത്തിന്‌ വിധേയമാകുമ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കണമെങ്കില്‍ ഇന്നത്തെ ധാര്‍ഷ്ട്യ ശൈലി സിപിഎം നേതൃത്വം ഉപേക്ഷിച്ചേ മതിയാകൂ. ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ അത്‌ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന്‌ വെളിവാക്കുന്ന പ്രതിലോമകരമായ പ്രതികരണമാണ്‌ പിണറായി വിജയനില്‍ നിന്ന്‌ ആദ്യമുണ്ടായത്‌.സുധീരന്‍ സംഘടനാ തലപ്പത്തെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നാണ്‌ പിണറായിയുടെ വിലയിരുത്തല്‍.പരാജയങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാത്ത മാടമ്പിത്തരമാണത്‌.സമീപനങ്ങളില്‍,നയങ്ങളില്‍,നിലപാടുകളില്‍ വിവേകത്തിന്റെ സൗമ്യപരിണതി കേരളം ആഗ്രഹിക്കുന്നു.ആ തിരിച്ചറിവിലേയ്‌ക്ക്‌ സിപിഎമ്മിനെ നയിക്കാന്‍ പര്യാപ്‌തമാകുമെന്നത്‌ കൊണ്ടാണ്‌ സുധീരന്‍-സതീശന്‍ നേതൃത്വത്തെ പൊതുസമൂഹം ഇരു കൈയ്യും നീട്ടി ആശ്ലേഷിക്കുന്നതെന്ന്‌ , ആതിരേ, ഞാന്‍ വിലയിരുത്തുന്നു.

No comments: