Tuesday, February 25, 2014

ജനങ്ങളിലേയ്‌ക്കെത്തി ജനജീവിതം മാറ്റുന്നത്‌ ഇങ്ങനെയാണോ?

പരസ്യം ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ 10 സെക്കന്റിന്‌ ഒന്നരലക്ഷം രൂപ എന്ന കണക്കില്‍ കൂട്ടുമ്പോള്‍ സുബ്രഹ്മണ്യ സ്വാമി `ബുദ്ദു'എന്നും പിണറായി വിജയന്‍ `കോമാളി'യെന്നും വിളിച്ചാക്ഷേപിച്ച്‌ നെഹൃകുടുംബത്തിലെ ഈ ഇളമുറത്തമ്പുരാന്‌ വേണ്ടി എത്രകോടികളാണ്‌ മുടിക്കുന്നതെന്ന്‌ കണക്ക്‌ കൂട്ടുക.!പാര്‍ട്ടി പരസ്യങ്ങള്‍ക്ക്‌ പുറമെയാണ്‌ യു പി എയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള മറ്റു പരസ്യങ്ങള്‍.കോടികളാണ്‌ ഇവയ്‌ക്കായും മുടക്കിയിട്ടുള്ളത്‌ .ഇവയില്‍ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യം ശ്രദ്ധിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ 68-ാം വര്‍ഷത്തിലും ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ദൈന്യത ബോദ്ധ്യമാകും.സ്വന്തമായ വീടും നല്ല സ്‌കൂളും കുടിവെള്ളവും വൈദ്യുതിയും കക്കൂസുമൊക്കെ നികുതിദായകരും സമ്മതിദായകരുമായ കോടാനുകോടി ഗ്രാമീണര്‍ക്ക്‌ ഇപ്പോഴും സ്വ്‌പനം മാത്രമാണ്‌.എടിഎമ്മുകളും ബാങ്കുകളും മെട്രോയും എയര്‍പോര്‍ട്ടുകളും എത്രയോ കാലമായി നമ്മോടൊപ്പമുണ്ടെന്ന്‌ കാണിക്കുന്ന നഗരവത്‌കൃത വികസനത്തിന്റെ വൈകൃതമുഖമാണ്‌ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യത്തില്‍ കാണുന്നത്‌. ഇതാണ്‌ സോണിയയും മന്മോഹനും ആന്റണിയുമൊക്കെ അവകാശപ്പെടുന്ന `ഭാരത നിര്‍മാണത്തിന്റെ ദൃഷ്ടാന്തം'!
ആതിരേ, ഒരിക്കല്‍ കൂടി അഞ്ചു വര്‍ഷത്തേയ്‌ക്ക്‌ ഇന്ത്യന്‍ പൗരന്മാരെ വഞ്ചിക്കാനുള്ള തയ്യറെടുപ്പിലാണ്‌ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍.അധികാരക്കസേര ലക്ഷ്യമിട്ട്‌ സമ്മതിദായകരെ കബളിപ്പിക്കാനായി ശത കോടികളാണ്‌ മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ബിജെപിയും പരസ്യങ്ങള്‍ക്കായി മാത്രം ചെലവിടുന്നത്‌.ഈ രണ്ട്‌ പാര്‍ട്ടികള്‍ മാത്രം 1000 കോടി രൂപയുടെ പരസ്യമാണ്‌ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്നത്‌.സിപിഎം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളുടെ വിഹിതം കൂടി കൂട്ടുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ 3000 കോടി രൂപയെങ്കിലും വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ 400 കോടിരൂപ ചെലവഴിച്ച്‌ പരസ്യ പ്രചാരണത്തിന്‌ ബി ജെ പി ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നേരിടാന്‍ 500 കോടിയുടെ പരസ്യങ്ങളുമായി കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്‌.പരമ്പരാഗത പ്രചാരണ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്‌ അത്യാധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാലാണ്‌ ഇത്രയധികം തുക പരസ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കേണ്ടിവരുന്നത്‌. ആതിരേ,പരസ്യങ്ങളുടെ കാര്യത്തില്‍ ബി ജെ പിഇത്തവണയും തികഞ്ഞ പ്രൊഫഷണല്‍ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. മുടക്കുന്ന പണത്തിന്‌ ഫലം ഉറപ്പാക്കാന്‍ പരസ്യരംഗത്തെ അതികായന്മാരെത്തന്നെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്ത്യന്‍ പരസ്യവിപണിയിലെ വമ്പന്‍മാരായ പീയൂഷ്‌ പാണ്ഡെ, പ്രസൂണ്‍ ജോഷി തുടങ്ങിയവരാണ്‌ ബി ജെ പിയുടെ പരസ്യങ്ങളൊരുക്കുന്നത്‌. അമിതാഭ്‌ ബച്ചനെവച്ച്‌ ഗുജറാത്ത്‌ ടൂറിസത്തിനായി പരസ്യം ചെയ്‌തത്‌ പാണ്ഡെയായിരുന്നു. . മക്‌്‌ കാന്‍ വെള്‍ഡ്‌ ഗ്രൂപ്പിന്‌ ഇന്ത്യയില്‍ നേതൃത്വം നല്‍കുന്ന പ്രസൂണ്‍ ജോഷി വ്യക്തിപരമായാണ്‌ ബി ജെ പി പരസ്യങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. സമകാലിക ഇന്ത്യന്‍ യുവത്വത്തിന്റെ രോഷം ചിത്രീകരിച്ച രംഗ്‌ദേ ബസന്തിയിലെ ഗാനങ്ങള്‍ പ്രസൂണ്‍ ജോഷിയുടേതാണ്‌. കവിയെന്ന നിലയില്‍ പ്രസൂണ്‍ ജോഷി ബി ജെ പിയുടെ പരസ്യങ്ങളില്‍ സര്‍ഗാത്മക ഇടപെടല്‍ നടത്തും. ഫേസ്‌ബുക്കും ട്വിറ്ററുമെല്ലാം നിലനിര്‍ത്തുന്നതിനു കോടികള്‍ ചെലവഴിക്കുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നതിനാല്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ബി ജെ പി പിന്നോട്ടുപോകാന്‍ ഒരു സാധ്യതയുമില്ല. ബി ജെ പിയുടെ ഈ വമ്പന്‍ ഒരുക്കങ്ങളെ ചെറുക്കുന്നതില്‍ ഒട്ടും പിന്നിലായിക്കൂടെന്ന ബോധം കോണ്‍ഗ്രസിനുണ്ട്‌ അതുകൊണ്ടാണ്‌ അവര്‍ 100 കോടി രൂപ കൂടുതലായി പരസ്യത്തിനായി മാറ്റിവച്ചിരിക്കുന്നത്‌. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയരായ ഡെന്‍സു എന്ന ജാപ്പനീസ്‌ ഏജന്‍സിക്കാണ്‌ കോണ്‍ഗ്രസ്‌ പരസ്യങ്ങളുടെ കരാര്‍. പാര്‍ട്ടി പരിപാടികളുടെ സംഘാടനം ഇവന്റ്‌ മാനേജ്‌മെന്റ്‌ സംഘങ്ങളെ ഏല്‍പ്പിച്ച്‌ പരിചയമുള്ള കോണ്‍ഗ്രസിന്‌ ഇത്‌ പുതിയൊരു കാര്യമല്ല. ആതിരേ, രാഹുലിനെ മുന്‍നിര്‍ത്തിയുള്ള ആദ്യപരസ്യം ഉദ്ദേശിച്ചത്ര ഫലം കാണാത്തതിനാല്‍ കൂടുതല്‍ കരുതലോടെയാണ്‌ കോണ്‍ഗ്രസിന്റെ അടുത്ത കാല്‍വയ്‌പ്പ്‌. `` ഓരോ കരങ്ങള്‍ക്കും ശക്തി ഓരോ കരങ്ങള്‍ക്കും പുരോഗതി '' അതായിരുന്നു രാഹുല്‍ജിയുടെ ടാഗ്‌.പരമ്പരയില്‍ രണ്ട്‌ പരസ്യങ്ങളാണ്‌ ഇറങ്ങിയത്‌ . ``തീവ്ര ചിന്താഗതിയല്ല യുവാവേശം''`ഞാന്‍ അല്ല നമ്മള്‍`എന്നിവ.ഇതില്‍ `ഞാനല്ല നമ്മള്‍ ' എന്ന ശീര്‍ഷകം മോഡിയുടെ പഴയൊരു പരസ്യത്തില്‍ നിന്ന്‌ കോപ്പിയടിച്ചതായിരുന്നു.മോഡിയും രാഹുലും അംബാനിയെ സംരക്ഷിക്കുന്നതുള്‍പ്പടെയുള്ള ജനവഞ്ചനയില്‍ ഒറ്റക്കെട്ടാണെന്ന അരവിന്ദ്‌ കേജ്രിവാളിന്റെ ആരോപണത്തെ സാധൂകരിക്കുന്ന `യാദൃച്ഛികത'! ഒരു പരസ്യത്തിന്റെ ശീര്‍ഷകത്തിനു പോലും മോഡിയെ കോപ്പിയടിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ `തീവ്ര ചിന്താഗതിയല്ല യുവാവേശം'ഇറക്കിയത്‌.മലയാളവും തമിഴും ഹിന്ദിയും ബംഗാളിയുമുള്‍പ്പെടെ ഒട്ടു മിക്ക ഇന്ത്യന്‍ ഭാഷകളിലും ഈ പരസ്യം വന്നു.ഓരോ ഭാഷയിലും പ്രത്യേകം കഥാപാത്രങ്ങള്‍. എല്ലാവരും ചെറുപ്പക്കാര്‍. അതില്‍ എല്ലാ മതത്തിലും ജാതിയിലുമുള്ളവരുമുണ്ട്‌. എല്ലാവരും ശുഭ്ര വസ്‌ത്രത്തിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. പറയുന്നത്‌ ഒരേ ഡയലോഗ്‌. ആംഗ്യങ്ങള്‍ വരെ ഒന്ന്‌.“കാര്യം വളരെ സിമ്പിളാണ്‌ ഒരു റോക്കറ്റ്‌ സയന്‍സുമല്ല. രാജ്യത്തിനിപ്പോഴും യുവത്വമാണ്‌ “ എന്ന്‌ പറഞ്ഞാണ്‌ ഡയലോഗ്‌ തുടങ്ങുന്നത്‌. യുവാക്കളാണ്‌ രാജ്യത്തിലധികവും. അവരെ മനസിലാക്കി പെരുമാറുന്നത്‌ കോണ്‍ഗ്രസ്‌ നേതാക്കളാണ്‌.അവരില്‍ തന്നെ `ഓപ്പണ്‍ മൈന്‍ഡു'ള്ള `ലിബറല്‍'ആയ നേതാവ്‌ രാഹുല്‍ ഗാന്ധിയാണ്‌ എന്നാണ്‌ പരസ്യത്തിലെ പരസ്‌പര ബന്ധമില്ലാത്ത മുഴുനീള ഡയലോഗിന്റെ ചുരുക്കം. ആതിരേ, ഈ പരസ്യം ദൃശ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ 10 സെക്കന്റിന്‌ ഒന്നരലക്ഷം രൂപ എന്ന കണക്കില്‍ കൂട്ടുമ്പോള്‍ സുബ്രഹ്മണ്യ സ്വാമി `ബുദ്ദു'എന്നും പിണറായി വിജയന്‍ `കോമാളി'യെന്നും വിളിച്ചാക്ഷേപിച്ച്‌ നെഹൃകുടുംബത്തിലെ ഈ ഇളമുറത്തമ്പുരാന്‌ വേണ്ടി എത്രകോടികളാണ്‌ മുടിക്കുന്നതെന്ന്‌ കണക്ക്‌ കൂട്ടുക.! പാര്‍ട്ടി പരസ്യങ്ങള്‍ക്ക്‌ പുറമെയാണ്‌ യു പി എയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള മറ്റു പരസ്യങ്ങള്‍.കോടികളാണ്‌ ഇവയ്‌ക്കായും മുടക്കിയിട്ടുള്ളത്‌ .ഇവയില്‍ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യം ശ്രദ്ധിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെ 68-ാം വര്‍ഷത്തിലും ഭാരതത്തിലെ ഗ്രാമീണജീവിതത്തിന്റെ ദൈന്യത ബോദ്ധ്യമാകും.സ്വന്തമായ വീടും നല്ല സ്‌കൂളും കുടിവെള്ളവും വൈദ്യുതിയും കക്കൂസുമൊക്കെ നികുതിദായകരും സമ്മതിദായകരുമായ കോടാനുകോടി ഗ്രാമീണര്‍ക്ക്‌ ഇപ്പോഴും സ്വ്‌പനം മാത്രമാണ്‌.എടിഎമ്മുകളും ബാങ്കുകളും മെട്രോയും എയര്‍പോര്‍ട്ടുകളും എത്രയോ കാലമായി നമ്മോടൊപ്പമുണ്ടെന്ന്‌ കാണിക്കുന്ന നഗരവത്‌കൃത വികസനത്തിന്റെ വൈകൃതമുഖമാണ്‌ രാജീവ്‌ ആവാസ്‌ യോജനയുടെ പരസ്യത്തില്‍ കാണുന്നത്‌. ഇതാണ്‌, ആതിരേ, സോണിയയും മന്മോഹനും ആന്റണിയുമൊക്കെ അവകാശപ്പെടുന്ന `ഭാരത നിര്‍മാണത്തിന്റെ ദൃഷ്ടാന്തം' ഭാരത്‌ നിര്‍മാണ്‍ പരസ്യങ്ങള്‍ക്ക്‌ 100 കോടിരൂപയാണ്‌ സര്‍ക്കാര്‍ മുടക്കുന്നത്‌. ആതിരേ, അധികാരത്തിലിരിക്കെ വഞ്ചിച്ച്‌ മുടിച്ച സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ്‌ ഈ മേനി നടിക്കല്‍ എന്നോര്‍ക്കണം.തെരഞ്ഞെടുപ്പ്‌ ചട്ടംപ്രാബല്യത്തിലാകും മുന്‍പ്‌ സമ്മതിദായകരെ വശീകരിക്കാനുള്ള കൂടോത്രമാണ്‌ കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍. ആദ്യം നരേന്ദ്ര മോഡിക്ക്‌ വേണ്ടി നഗ്നയായി പ്രചരണം നടത്താന്‍ മോഡലായ മേഘ്‌നാ പാട്ടീലെത്തി. താമരപ്പൂവിന്റെ ഇതളുകള്‍ കൊണ്ട്‌ മാത്രം മറച്ച മേഘ്‌നയുടെ ദേഹത്തിനു കുറുകെയായി `വോട്ട്‌ ഫോര്‍ നരേന്ദ്ര മോഡി' എന്നെഴുതിയ സ്‌ട്രിപ്പ്‌ കാണാമായിരുന്നു. പിന്നാലെ രാഹുല്‍ ഗാന്ധിയെ വിജയിപ്പിയ്‌ക്കണമെന്ന ആവശ്യവുമായി തുണിയുരിഞ്ഞ്‌ മറ്റൊരു മോഡല്‍ തനിഷ സിങ്ങും രംഗത്തെത്തി.
ചായക്കടകളും തെരുവോരങ്ങളും കറുത്ത മനുഷ്യരും പീഡിതരും പ്രീണിതരും തങ്ങളുടേതാണെന്ന്‌ കാണിക്കാന്‍ മത്സരിയ്‌ക്കുന്ന അല്‍പന്മാരായ ഈ രണ്ട്‌ നേതാക്കളിലൊരാളാണ്‌ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന നേര്‌ പൊള്ളിക്കുന്നതാണ്‌.സ്‌ത്രീസംരക്ഷണവും വനിതാ ക്ഷേമവുമെല്ലാം രാഹുല്‍ജിയുടെ പ്രധാന തിരഞ്ഞെടുപ്പ്‌ ചീട്ടുകളാണ്‌.പ്രതിപക്ഷം സ്‌ത്രീകളെ ബഹുമാനിക്കുന്നില്ലെന്നാണ്‌ രാഹുല്‍ജിയുടെ കടുത്ത പരാതി. പക്ഷേ ഒരു പെണ്ണിന്റെ ശരീര പ്രദര്‍ശനം പ്രചരണത്തിനായി ഉപയോഗിക്കരുത്‌ എന്ന്‌ പറയാനുള്ള തന്റേടം, ആതിരേ, ഈ `ബുദ്ദു'വിനില്ല.അതു കൊണ്ട്‌ ഇങ്ങനെ മുടക്കുന്ന ശത കോടികളേയും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ ചെലവില്‍ ഉള്‍പ്പടുത്താനുള്ള നിയമനിര്‍മാണം ഉണ്ടാകേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ ഇനിയുള്ള ദിവസങ്ങളില്‍ സര്‍വ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങളുടെ കുത്തൊഴുക്കാകും ഉണ്ടാകാന്‍ പോകുന്നത്‌. ദേശീയ പാര്‍ട്ടികള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടികള്‍കൂടി പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുന്നതോടെ എല്ലാം പരസ്യമയമാകുമെന്ന്‌ ഉറപ്പാണ്‌.ആ പരസ്യങ്ങള്‍?നല്‍കി വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ നാവരിയാനവില്ലെങ്കിലും വായ്‌മൂടിക്കെട്ടാന്‍ കഴിയുമെന്ന്‌ ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും അറിയാം.പരസ്യത്തിലെ വികസനം ഏട്ടിലെ പശുവും പുല്ലുമാണെന്ന്‌ തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണ്‌ ബഹുഭൂരിപക്ഷം സമ്മതിദായകരെന്ന്‌ ഈ പരസ്യങ്ങള്‍ തന്നെ തെളിയിക്കുന്നു ചോദ്യമിതാണ്‌,ആതിരേ, ``ജനങ്ങളിലേയ്‌ക്കെത്തി,ജനജീവിതം മാറ്റേണ്ടത്‌`കോടികള്‍ മുടക്കിയുള്ള പരസ്യങ്ങളിലൂടെയാണോ അതോ ജനഹിത കര്‍മ്മപദ്ധതികളിലൂടെയാണോ?

No comments: