Friday, February 21, 2014

ആള്‍ ദൈവങ്ങളെ വളര്‍ത്തുന്നത്‌ നാം, വിശുദ്ധ നരകവാസികള്‍

ആള്‍ ദൈവങ്ങളുടെ അനുയായികളെന്ന നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്‌ക്കുന്നതിന്‌ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ക്ഷേത്ര-ദേവാലയദര്‍ശനം, മന്ത്രവാദപൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടല്‍, ബ്രേയ്‌സ്ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കല്‍, പുണ്യതീര്‍ഥാടനം ....ഒരിക്കല്‍ ഹൈന്ദവമെന്ന്‌ കരുതിയിരുന്ന ഏലസുകെട്ടല്‍ ഇന്ന്‌ `കാതോലിക'മായിക്കഴിഞ്ഞു.കൈയ്യില്‍ പലനിറങ്ങളിലുള്ള നൂലുകെട്ടാത്ത യുവജനങ്ങളെപ്പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണിന്ന്‌! ഇത്തരം തട്ടിപ്പുകാര്‍ക്ക്‌ സോഷ്യല്‍ സ്റ്റെയ്‌റ്റസും സാമൂഹിക അംഗീകാരവും നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതന്മാരും ആദ്ധ്യാപകര്‍ പോലും അധമത്വമായ പങ്ക്‌ വഹിക്കുന്നു എന്നതാണ്‌ ഏറെ ദുഖകരം.നമുക്കു ചുറ്റുമുയരുന്ന ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും യജ്ഞശാലകളും വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പള്ളികളും, ഭീഷണമായ ഈ വാസ്‌തവത്തിന്റെ കൈയ്യൊപ്പുകളാകുന്നു.സാമ്പത്തീക-ലൈംഗീക മുതലെടുപ്പ്‌ മുതല്‍ ഭീകരവാദം ഉള്‍പ്പെടുയുള്ള രാഷ്ട്രവിരുദ്ധ മാഫിയപ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം കൂട്ടയ്‌മകളിലും മതകേന്ദ്രങ്ങളിലും അഴിഞ്ഞാടുന്നത്‌.ആധുനിക ശാസ്‌ത്രീയ മനസ്സിനെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്തദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ്‌ തീര്‍ഥാടനത്തിലും ആരാധനാലയ നിര്‍മാണത്തിലും ആമഗ്നരാകുന്ന അവികസിത മനസ്സുകള്‍ക്ക്‌ ആള്‍ദൈവങ്ങള്‍ പുതിയൊരു ചിന്താരീതിയായും സാംസ്‌കാരികമൂല്യവ്യവസ്ഥയായും മാറുന്നിടത്താണ്‌ മുതലെടുപ്പുകളുടെ തുടക്കം.
ഈശ്വരവിശ്വാസം വ്യക്തിനിഷ്‌ഠമായത്‌ കൊണ്ട്‌ അനുവദനീയമാണെന്ന്‌ പറയുമ്പോളും, ആതിരേ, ഭക്തിയുടെ കമ്പോളവത്‌ക്കരണത്തെ തുറന്നെതിര്‍ക്കേണ്ടത്‌ ഉത്തരവാദിത്ത ബോധമുള്ള പൗരന്റേയും സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കര്‍ത്തവ്യമാണെന്ന്‌ തെളിയിക്കുന്നതാണ്‌ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകളും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളും. നമുക്കു ചുറ്റുമുയരുന്ന ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും യജ്ഞശാലകളും വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പള്ളികളും, ഭീഷണമായ ഈ വാസ്‌തവത്തിന്റെ കൈയ്യൊപ്പുകളാകുന്നു.സാമ്പത്തീക-ലൈംഗീക മുതലെടുപ്പ്‌ മുതല്‍ ഭീകരവാദം ഉള്‍പ്പെടുയുള്ള രാഷ്ട്രവിരുദ്ധ മാഫിയപ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം കൂട്ടയ്‌മകളിലും മതകേന്ദ്രങ്ങളിലും അഴിഞ്ഞാടുന്നത്‌. ദൈവത്തേക്കാള്‍ പോപ്പുലറായ ആള്‍ദൈവങ്ങളാണ്‌ ഈ വിശുദ്ധ നരകങ്ങളുടെ അധിപതികള്‍ .ആള്‍ ദൈവങ്ങള്‍ക്ക്‌ മതമില്ല. ഹിന്ദുവും മുസ്ലിമും ക്രിസ്‌ത്യാനിയുമെല്ലാം ഈ കൂട്ടത്തിലുണ്ട്‌.കപട ആത്മീയതയുടെ പ്രഭാവലയത്തില്‍,പ്രചരിപ്പിക്കപ്പെടുന്ന മിത്തുകളുടേയും കെട്ടുകഥകളുടെയും അത്ഭുതരോഗശാന്തിയുടേയും പുത്രലബ്ധിയുടെയും ചേരുവകളില്‍ എല്ലാം മറന്ന്‌ മുഴുകുന്നവരാണ്‌ അനുയായികള്‍.ചിന്തകളോ ചോദ്യങ്ങളോ ഇല്ലാതെയുള്ള വിധേയത്വം.വിവേകമോ വിചാരമോ ഇല്ലാത്ത കീഴ്‌പ്പെടലുകള്‍.വികാരങ്ങളുടേയും വിഭ്രാന്തികളുടേയും കറതീര്‍ന്ന മുതലെടുപ്പ്‌.തേങ്ങയുടച്ച്‌ റോക്കറ്റ്‌ വിക്ഷേപിക്കുന്ന ബഹിരാകാശ സാങ്കേതിക വിദഗ്‌ധനും എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന്‌ ആശ്വസിപ്പിക്കുന്ന ന്യൂറോളജിസ്റ്റും ഇത്തരം മുതലെടുപ്പുകളെ സിദ്ധാന്തവത്‌ക്കരിക്കുമ്പോള്‍, ആതിരേ, ഇരകളാക്കപ്പെടുന്നവര്‍ പതിനായിരങ്ങളാണ്‌. ആതിരെ, ആധുനിക ശാസ്‌ത്രീയ മനസ്സിനെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്തദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ്‌ തീര്‍ഥാടനത്തിലും ആരാധനാലയ നിര്‍മാണത്തിലും ആമഗ്നരാകുന്ന അവികസിത മനസ്സുകള്‍ക്ക്‌ ആള്‍ദൈവങ്ങള്‍ പുതിയൊരു ചിന്താരീതിയായും സാംസ്‌കാരികമൂല്യവ്യവസ്ഥയായും മാറുന്നിടത്താണ്‌ മുതലെടുപ്പുകളുടെ തുടക്കം. മാതാ അമൃതാനന്ദമയിയെന്ന അമ്മയുടെ കൂടെ 20 വര്‍ഷം ചെലവഴിച്ച ഓസ്‌ട്രേലിയക്കാരി?ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ ` ഹോളി ഹെല്‍: എ മെമോര്‍ ഓഫ്‌ ഫെയ്‌ത്ത്‌, ഡിവോഷന്‍ ആന്‍ഡ്‌ പ്യൂര്‍ മാഡ്‌നെസ്‌' (` വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്‌') എന്ന പുസ്‌തകമാണ്‌ ആള്‍ദൈവ പരമ്പരയിലെ സാമ്പത്തീക-ലൈംഗീക മുതലെടുപ്പിന്റെ ഒടുവിലത്തെ (അവസാനത്തേതല്ല) തുറന്നുകാട്ടല്‍.സ്‌തോഭജനകമാണ്‌ ഇതിലെ വിവരണം.ഓക്കാനമുണ്ടാക്കുന്നതാണ്‌ മഠത്തിന്റെ ഉള്ളറകളിലെ വ്യാപാരങ്ങള്‍.ഇത്‌ പുതിയ വെളിപ്പെടുത്തലല്ല.ഇതൊക്കെ ഈ മഠത്തില്‍ മാത്രം നടക്കുന്ന ആഭാസവുമല്ല ആധുനീക ഭാരതത്തിന്റെ ഭക്തിക്കച്ചവടത്തിലെ`ശുഭ്രതാരകമാണ്‌'അമ്മയെന്ന അമൃതാനന്ദമയി. ഇവര്‍ക്ക്‌ വിദ്യാഭ്യാസമില്ല, പാണ്ഡിത്യമില്ല, മൂല്യശിക്ഷണമില്ല, ഉയര്‍ന്ന ചിന്താശക്തിയില്ല, സൗന്ദര്യമില്ല.എന്നിട്ടും ലോകമെമ്പാടുമുള്ള?നവസമ്പന്നവര്‍ഗത്തിന്റെ ആന്തരികവ്യക്തിത്വത്തിന്റെ എല്ലാ ലക്ഷണങ്ങളുടെയും ആള്‍രൂപമായി മാറാന്‍ അമൃതാനന്ദമയിയ്‌ക്കുകഴിഞ്ഞു. ഭക്തിഭജനഗാനാലാപനോന്മാദം ഇവരുടെ ആത്മീയമായ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്‌തു. പ്രാദേശികമായി ആവിര്‍ഭവിച്ച ഈ പ്രതിഭാസത്തെ അമൃതാനന്ദമയിയായും അമ്മയായും വളര്‍ത്തിയെടുക്കുന്നതില്‍, ആതിരേ, കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല.അതു കൊണ്ടാണ്‌ ഗെയ്‌ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളെ മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിച്ചത്‌. ഇതിനൊരു മറുപുറമുണ്ട്‌.ഗെയ്‌ലിന്റേത്‌ കരുതിക്കൂട്ടിയുള്ള നുണപ്രചാരണമണോ?ലൈംഗീക മുതലെടുപ്പ്‌ വിഷയം ചാരത്തേയ്‌ക്ക്‌ ഒതുക്കുക.അത്‌ ഭവനങ്ങളിലും യാത്രാവാഹനങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കായികരംഗത്തുമെല്ലാം സര്‍വസാധാരണമാണല്ലോ .എന്നാല്‍ ഭക്തിപ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന സാമ്പത്തീക-അധോലോക കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജനാധിപത്യ-മതനിരപേക്ഷ സര്‍ക്കാരുകള്‍ക്കും അതിന്റെ അന്വേഷണ ഏജന്‍സികള്‍ക്കും ഒഴിഞ്ഞുമാറാനാവാത്ത ഉത്തരവാദിത്തമുണ്ട്‌.പക്ഷെ ഇത്തരം കപട ആത്മീയ കേന്ദ്രങ്ങളെ തൊട്ടു കളിക്കാന്‍ കെല്‍പുള്ള ഭരണകര്‍ത്താക്കള്‍ ജനിക്കേണ്ടിയിരിക്കുന്നു എന്നതാണ്‌ ദുഃഖകരവും പ്രതിഷേധാത്മകവുമായ വാസ്‌തവം. ഈ ഹൈടെക്ക്‌ യുഗത്തിലുംഇത്തരം ആത്മീയ തട്ടിപ്പുകാര്‍ക്കാണ്‌ വിശ്വമെമ്പാടും നിലയും വിലയുമുള്ളത്‌ .ആള്‍ ദൈവങ്ങളുടെ അനുയായികളെന്ന നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്‌ക്കുന്നതിന്‌ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?ക്ഷേത്ര-ദേവാലയദര്‍ശനം, മന്ത്രവാദപൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടല്‍, ബ്രേയ്‌സ്ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കല്‍, പുണ്യതീര്‍ഥാടനം ....ഒരിക്കല്‍ ഹൈന്ദവമെന്ന്‌ കരുതിയിരുന്ന ഏലസുകെട്ടല്‍ ഇന്ന്‌ `കാതോലിക'മായിക്കഴിഞ്ഞു.ആതിരേ, കൈയ്യില്‍ പലനിറങ്ങളിലുള്ള നൂലുകെട്ടാത്ത യുവജനങ്ങളെപ്പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണിന്ന്‌! ഇത്തരം തട്ടിപ്പുകാര്‍ക്ക്‌ സോഷ്യല്‍ സ്റ്റെയ്‌റ്റസും സാമൂഹിക അംഗീകാരവും നല്‍കാന്‍ രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതന്മാരും ആദ്ധ്യാപകര്‍ പോലും അധമത്വമായ പങ്ക്‌ വഹിക്കുന്നു എന്നതാണ്‌ ഏറെ ദുഖകരം ഇത്‌ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ മത വിഭാഗങ്ങളിലും ആത്മീയ തട്ടിപ്പുകാരും ആള്‍ദൈവങ്ങളും അര്‍മാദിക്കുകയാണ്‌.ചരട്‌ ജപിച്ചു കെട്ടലും പ്രാദേശിക മന്ത്രവാദവുമായി പ്രായേണെ ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്ലീം സമുദായത്തിലിന്ന്‌ . നബിയുടെ മുടിയും നബി ഉപയോഗിച്ച പാത്രങ്ങളും കച്ചവടം ചെയ്‌താണ്‌ മതം പ്രചാരണം.സ്വയം ബിഷപ്പായി പ്രഖ്യാപിച്ചാണ്‌ മറ്റൊരാളുടെ രാഷ്ട്രാന്തര തട്ടിപ്പ്‌. എന്തും കണ്ണുമടച്ച്‌ വിശ്വസിക്കുന്ന ബുദ്ധി മാന്ദ്യം ബാധിച്ച?അനുയായി വൃന്ദമുള്ളിടത്തോളം കാലം മതത്തെ വിറ്റു കാശാക്കുന്ന കപട സന്യാസിമാര്‍ക്കും ശൈഖുമാര്‍ക്കും സുവിശേഷകര്‍ക്കും രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിങ്ങനെ അര്‍മാദിക്കാന്‍ കഴിയും. ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കുമെതിരെ ഗുണപരവും ക്രിയാത്മകവുമായി ഇടപെട്ട്‌ ജനങ്ങളില്‍ ശക്തമായ ബോധവത്‌കരണം നടത്താന്‍ കഴിയുന്നത്‌ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഇടത്‌-ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമാണ്‌ . പക്ഷേ അവരൊക്കെയും ആള്‍ദൈവങ്ങളുടേയും അവരുമായി ബന്ധപ്പെട്ട സ്ഥാപന സമുച്ചയങ്ങളുടെയും ഉച്ഛിഷ്ടം മൃഷ്ടാന്നമായി ഭക്ഷിക്കുന്നവരായി അധപ്പതിച്ച കെട്ടകാലത്തിലൂടെയാണ്‌?കേരളം കടന്ന്‌ പോകുന്നത്‌.ചിന്താപരമായി കേരളത്തെ ഒരു ആധുനികസമൂഹം എന്നു വിശേഷിപ്പിക്കാനാവില്ലെന്നര്‍ത്ഥം. മാനസികമായ അവികസിതാവസ്ഥയും ആധുനികമായ ഉപഭോഗവും തമ്മിലുള്ള വിടവ്‌ സൃഷ്ടിക്കുന്ന അഗാധമായ അരക്ഷിതത്വത്തിന്റെ, ഭയത്തിന്റെ, അപകര്‍ഷതയുടെ, സൃഷ്ടിയാണ്‌ പെരുകിക്കൊണ്ടിരിക്കുന്ന മതാത്മകത. അതാണ്‌, ആതിരേ, ആള്‍ ദൈവങ്ങളും അവര്‍ക്കൊപ്പമുള്ള അധോലോകരാജാക്കന്മാരും മുതലെടുക്കുന്നത്‌.

No comments: