Thursday, February 13, 2014

കേജ്രിവാള്‍ പൂച്ചയ്‌ക്ക്‌ മണികെട്ടി!

കവലപ്രസംഗത്തില്‍ ഒതുക്കാനുള്ളതല്ല തിരിച്ചറിവുകളെന്നും മറിച്ച്‌ ഭരണപരമായ നടപടികള്‍ക്കുള്ള ഊര്‍ജമാണതെന്നും തെളിയിച്ചിരിക്കുന്നു കേജ്രിവാള്‍ !സമാനതകളില്ലാത്ത പ്രതിബദ്ധതയും ജനപക്ഷനിലപാടുമാണ്‌ ഈ തീരുമാനത്തിന്റെ ഊടും പാവും.അദ്ധ്വാനിക്കുന്നവന്റേയും അസംഘടിതന്റേയും അധഃസ്ഥിതന്റേയും പേരില്‍ അധികാരത്തിലെത്തി കോര്‍പ്പറേറ്റുകള്‍ക്കും തദ്ദേശിയവും വിദേശിയവുമായ മൂലധന ചോരന്മാര്‍ക്കും വിടുപണി ചെയ്യുന്ന എല്ലാ രാഷ്ട്രീയ ചതിയന്മാരും ഈ നടപടിയില്‍ സ്‌തംഭിച്ചു നില്‍ക്കുകയാണ്‌.കടുത്ത സംഘര്‍ഷത്തിലാണവര്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവിദിനെ അംഗീകരിക്കാന്‍ അവര്‍ക്കാകുന്നില്ല.അതു കൊണ്ടാണ്‌ കേജ്രിവാളിന്റെ `ഭരണപരമായ അറിവില്ലായ്‌മയില്‍'വീരപ്പ്‌ മൊയ്‌ലിക്ക്‌ സഹതാപം തോന്നുന്നത്‌.ഒരു സര്‍ക്കാര്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കെജ്‌രിവാള്‍ അറിഞ്ഞിരിക്കണം. കാര്യങ്ങള്‍ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ പഠിക്കണം എന്നൊക്കെ ഉപദേശിക്കുന്നത്‌.കോര്‍പ്പറേറ്റുകള്‍ക്ക്‌ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതാണ്‌ ഭരണമെന്ന്‌ പറായാതെ പറയുകയാണ്‌ മൊയ്‌ലി.ഇത്തരം രാജ്യദ്രോഹികളെ അധികാരത്തില്‍ നിന്ന്‌ മാത്രമല്ല സമൂഹത്തില്‍ നിന്ന്‌ തൂത്തെറിയാനാണ്‌ താനും?ആം ആദ്‌മി പാര്‍ട്ടിയും ചൂലെടുത്തതെന്ന്‌ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ്‌ കേജ്രിവാള്‍
പ്രകൃതിവാതക വില തോന്നും പോലെ വര്‍ദ്ധിപ്പിച്ച്‌ നികുതിദായകരെ കൊള്ളയടിച്ച്‌ ശതകോടികള്‍ പോക്കറ്റിലാക്കുന്ന റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിക്കെതിരെയും,കമ്മീഷന്‍ പറ്റി അതിന്‌ കൂട്ടുനില്‍ക്കുന്ന കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലിക്കെതിരെയും കേസെടുത്തതിലൂടെ ``പൂച്ചയ്‌ക്ക്‌ മണി കെട്ടാനുള്ള'' അത്യപൂര്‍വ രാഷ്ട്രീയ ഇച്ഛാശക്തിയും കലര്‍പ്പില്ലാത്ത ജനപക്ഷ നിലപാടുമാണ്‌,ആതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ പ്രദര്‍ശിപ്പിച്ചത്‌. എഐസിസി യോഗത്തില്‍ മുന്‍കൂട്ടി തയ്യാറക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ `` പ്രധാന്മന്ത്രിജി,ഞങ്ങള്‍ക്ക്‌ 12 സിലണ്ടര്‍ വേണം;ഭാരതത്തിന്‌ 12 സിലണ്ടര്‍ വേണം''എന്ന്‌ ഓരിയിട്ട കോമാളി വേഷക്കാരനെ പ്രകിര്‍ത്തിക്കുന്നവര്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ജനപക്ഷ നിലപാടും കേജ്രിവാളിന്റെ പ്രതിബദ്ധതയും ആരംഭശൂരത്വമായി പരിഹസിക്കുന്നുണ്ട്‌.മൂടു താങ്ങികള്‍ക്ക്‌ അതിലപ്പുറം സ്വത്വബോധമുണ്ടാവില്ലല്ലോ.വേദികളില്‍ ഘോരഘോരം പ്രസംഗിച്ചിട്ട്‌ മിതശീതോഷ്‌ണ മുറിയിലിരുന്ന്‌ കോര്‍പ്പറേറ്റുകളുടെ ആസനം താങ്ങുന്ന രാഷ്ട്രീയ വഞ്ചനകളുടെ മുഖത്ത്‌ കാറിത്തുപ്പുകയാണ്‌,ആതിരേ, കേജ്രിവാളിന്റെ നെഞ്ചൂക്ക്‌!!. ആതിരേ, ഗ്യാസ്‌ വില വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി, മുന്‍ മന്ത്രി മുരളി ദിയോറ, വ്യവസായി മുകേഷ്‌ അംബാനി എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ കൊടുത്ത വാഗ്‌ദാനത്തിന്റെ കാലവിളംബം കൂടാത്ത നിര്‍വഹണവും അധികാരമല്ല അഴിമതിക്കെതിരായ പോരാട്ടമാണ്‌ തന്റെ പാര്‍ട്ടിയുടെ നയവും സര്‍ക്കാരിന്റെ നടപടിയുമെന്ന പ്രഖ്യാപനത്തിന്റെ നേരാര്‍ന്ന സാക്ഷാത്‌ക്കാരവുമാകുകയാണ്‌ കേജ്രിവാള്‍. കേന്ദ്രമന്ത്രിമാരുടെയും റിലയന്‍സിന്റെയും ഒത്തുകളിയാണ്‌ പ്രകൃതി വാതക വിലവര്‍ധനയ്‌ക്ക്‌ കാരണമെന്നും ഇത്‌ അന്വേഷിക്കേണ്ടതാണെന്നും കെജ്‌രിവാള്‍ നേരത്തെ പത്രസമ്മേളനം വിളിച്ചറിയിച്ചിരുന്നു.ആം ആദ്‌മി പാര്‍ട്ടിക്കും കേജ്രിവാളിനുമുണ്ടായ വെളിപാടല്ല അത്‌.ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇന്ത്യയിലെ നികുതിദായകര്‍ക്കും പകല്‍ പോലെ ബോദ്ധ്യമുള്ള വാസ്‌തവമാണത്‌. ആതിരേ, കൃഷ്‌ണ-ഗോദാവരി തടത്തില്‍നിന്ന്‌ പ്രകൃതി വാതകം ഖനനം ചെയ്യാനുള്ള കരാര്‍ ബിജെപി കേന്ദ്രം ഭരിച്ച 2000ത്തിലാണ്‌ റിലയന്‍സിന്‌ നല്‍കിയത്‌. ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകം പൂര്‍ണമായും നിശ്ചിത വിലയ്‌ക്ക്‌ സര്‍ക്കാറിന്റെ ഊര്‍ജോല്‍പാദന പ്ലാന്റുകള്‍ക്കും രാസവള ഫാക്ടറികള്‍ക്കും നല്‍കണമെന്ന വ്യവസ്ഥ യിലായിരുന്നു അനുവാദം.17 വര്‍ഷത്തേക്കുള്ള കരാറാണ്‌ അന്നുണ്ടാക്കിയത്‌. കരാറിന്റെ കാലാവധി തീരുംമുമ്പുതന്നെ 2007ല്‍, ഒന്നാം യുപിഎ സര്‍ക്കാറിലെ പെട്രോളിയം മന്ത്രിയും മഹാരാഷ്ട്രക്കാരനുമായ മുരളി ദേവ്‌റ, വാതകവില ഇരട്ടിപ്പിച്ച്‌ 4.2 ഡോളറാക്കി.2014 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം വില വീണ്ടും ഇരട്ടിപ്പിച്ച്‌ എട്ടു ഡോളറാക്കാനാണ്‌ വീരപ്പമൊയ്‌ലി പെട്രോളിയം മന്ത്രിയായ ശേഷം തീരുമാനിച്ചത്‌.ഈ വിലയ്‌ക്കാണ്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജോല്‍പാദന യൂണിറ്റുകള്‍ റിലയന്‍സ്‌ നല്‍കുന്ന വാതകം വാങ്ങേണ്ടത്‌. ഉല്‍പാദന ചെലവ്‌ കേവലം ഒരു ഡോളര്‍ മാത്രമാണെന്നിരിക്കെയാണ്‌ അതിഭീകരമായ കൊള്ളയടിക്ക്‌ സര്‍ക്കാര്‍ അനുവാദം നല്‍കിയത്‌.ഇതുവഴി റിലയന്‍സിന്‌ ചുരുങ്ങിയത്‌ വര്‍ഷം തോറും 54,000 കോടിയുടെ ലാഭവും പൊതുഖജനാവിന്‌ അത്രയും നഷ്ടവുമാണ്‌ ഉണ്ടാവുകയെന്ന്‌ കേജ്രിവാള്‍ വിശദീകരിച്ചിരുന്നു. കവലപ്രസംഗത്തില്‍ ഒതുക്കാനുള്ളതല്ല തിരിച്ചറിവുകളെന്നും മറിച്ച്‌ ഭരണപരമായ നടപടികള്‍ക്കുള്ള ഊര്‍ജമാണതെന്നും തെളിയിച്ചിരിക്കുന്നു,ആതിരേ, കേജ്രിവാള്‍ !സമാനതകളില്ലാത്ത പ്രതിബദ്ധതയും ജനപക്ഷനിലപാടുമാണ്‌ ഈ തീരുമാനത്തിന്റെ ഊടും പാവും.അദ്ധ്വാനിക്കുന്നവന്റേയും അസംഘടിതന്റേയും അധഃസ്ഥിതന്റേയും പേരില്‍ അധികാരത്തിലെത്തി കോര്‍പ്പറേറ്റുകള്‍ക്കും തദ്ദേശിയവും വിദേശിയവുമായ മൂലധന ചോരന്മാര്‍ക്കും വിടുപണി ചെയ്യുന്ന എല്ലാ രാഷ്ട്രീയ ചതിയന്മാരും ഈ നടപടിയില്‍ സ്‌തംഭിച്ചു നില്‍ക്കുകയാണ്‌.കടുത്ത സംഘര്‍ഷത്തിലാണവര്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവിദിനെ അംഗീകരിക്കാന്‍ അവര്‍ക്കാകുന്നില്ല.അതു കൊണ്ടാണ്‌ കേജ്രിവാളിന്റെ `ഭരണപരമായ അറിവില്ലായ്‌മയില്‍'വീരപ്പ്‌ മൊയ്‌ലിക്ക്‌ സഹതാപം തോന്നുന്നത്‌.ഒരു സര്‍ക്കാര്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കെജ്‌രിവാള്‍ അറിഞ്ഞിരിക്കണം. കാര്യങ്ങള്‍ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ പഠിക്കണം എന്നൊക്കെ ഉപദേശിക്കുന്നത്‌.കോര്‍പ്പറേറ്റുകള്‍ക്ക്‌ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതാണ്‌ ഭരണമെന്ന്‌ പറായാതെ പറയുകയാണ്‌ മൊയ്‌ലി.ഇത്തരം രാജ്യദ്രോഹികളെ അധികാരത്തില്‍ നിന്ന്‌ മാത്രമല്ല സമൂഹത്തില്‍ നിന്ന്‌ തൂത്തെറിയാനാണ്‌ താനും ആം ആദ്‌മി പാര്‍ട്ടിയും ചൂലെടുത്തതെന്ന്‌ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ്‌, ആതിരേ, കേജ്രിവാള്‍ പുത്തനച്ചിയുടെ പുരപ്പുറം തൂക്കലല്ലിത് .റിലയന്‍സ്‌ എന്ന മൂലധന ചോരനെക്കുറിച്ച്‌ നേരത്തെ തന്നെ കേജ്രിവാളും അദ്ദേഹം നേതൃത്വം നല്‍കിയ `ഇന്ത്യ എഗൈന്‍സ്റ്റ്‌ കറപ്‌ഷന്‍' എന്ന പ്രസ്ഥാനവും വസ്‌തുതകള്‍ നിരത്തി മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌.റിലയന്‍സിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നത്‌ കര്‍മ്മവ്രതമാക്കിയ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ അന്ന്‌ കേജ്രിവാളിനെ തമസ്‌ക്കരിക്കാനാണ്‌ ഉത്സാഹിച്ചത്‌. റിലയന്‍സിന്‌ സ്വിസ്‌ ബാങ്കില്‍ കോടിക്കണക്കിന്‌ രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന്‌ തെളിയിച്ചു കൊണ്ട്‌ മുകേഷ്‌ അംബാനിയുടെയും അനില്‍ അംബാനിയുടെയും കോകില ബെന്‍ അംബാനിയുടെയും സ്വിസ്‌ ബാങ്ക്‌ നിക്ഷേപത്തിന്റെ കണക്കുകളാണ്‌ കേജ്രിവാള്‍ പുറത്തുവിട്ടത്‌.മുകേഷ്‌ അംബാനിക്കും അനില്‍ അംബാനിക്കും 100 കോടി രൂപ വീതം നിക്ഷേപമുണ്ട്‌. റിലയന്‍സ്‌ ഇന്‍സ്‌ട്രീസിന്‌ 500 കോടി രൂപയുടേയും റിലയന്‍സിന്റെ മൊണ്ടേക്‌ സോഫ്‌റ്റ്‌ വെയറിന്‌ 21,000 കോടിയുടേയും നിക്ഷേപമുണ്ടെന്നും കേജ്രിവാള്‍ വെളിപ്പെടുത്തിയതാണ്‌.ഇംഗ്ലണ്ട്‌ ആസ്ഥാനമായുള്ള ബഹുരാഷ്ട ബാങ്കിംഗ്‌-സാമ്പത്തിക ഇടപാട്‌ സംരംഭമായ ഹോങ്കോങ്ങ്‌ ആന്‍ഡ്‌ ഷാങ്ങ്‌ഹായ്‌ ബാങ്കിംഗ്‌ കോര്‍പ്പറേഷന്റെ (എച്ച്‌എസ്‌ബിസി)സഹായത്തോടെയാണ്‌ നിക്ഷേപം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. റിലയന്‍സ്‌ റെയ്‌ഡ്‌ ചെയ്യരുതെന്ന്‌ നേരത്തെ മുകേഷ്‌ അംബാനി ആവശ്യപ്പെട്ടിരുന്നു. അന്ന്‌ ധനമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജി ഇത്‌ അംഗീകരിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. 25 ലക്ഷം കോടിയുടെ കള്ളപ്പണമാണ്‌ സ്വിസ്‌ ബാങ്കുകളിലുള്ളതെന്ന്‌ സി.ബി.ഐ പറഞ്ഞതായും കെജ്‌ രിവാള്‍ വെളിപ്പെടുത്തി.എച്ച്‌എസ്‌ബിസി പുറത്തുവിട്ട രേഖകളനുസരിച്ച്‌ ഇന്ത്യാക്കാരായ 700 മൂലധന ചോരന്മാര്‍ക്ക്‌ 6,000 കോടിയുടെ നിക്ഷേപമാണുള്ളത്‌. യു.പിയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ അംഗം അനു ടണ്‌ഠനും ഇവരുടെ ഭര്‍ത്താവ്‌ സന്ദീപ്‌ ടണ്‌ഠനും 125 കോടി വീതം നിക്ഷേപമുണ്ട്‌. 2001ല്‍ ഈ 700 ഇന്ത്യക്കാരുടെ പേരുകള്‍ ജെനീവയിലെ എച്ച്‌എസ്‌ബിസി ബാങ്ക്‌ കേന്ദ്രസര്‍ക്കാരിന്‌ കൈമാറിയിരുന്നതായും ഇതില്‍ പത്തുപേരുടെ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവിടുന്നതെന്നും കേജ്രിവാള്‍ പറഞ്ഞിരുന്നു. സ്വിസ്‌ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യയില്‍ നിന്ന്‌ വെട്ടിച്ചു കടത്തിയ കോടികള്‍ രാജ്യത്ത്‌ തിരികയെത്തിക്കണ്മെന്നും തെരഞ്ഞെടുപ്പു കാലത്ത്‌ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും മാത്രമല്ല,ആതിരേ, സര്‍വ അലവലാതികളും കവലപ്രസംഗങ്ങളില്‍ എത്രയോ വട്ടം ആവശ്യപ്പെട്ടതാണ്‌.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്ന്‌ ഈ ചതിക്കൂട്ടം എത്രയോ വേദികളില്‍ പ്രഖ്യാപിച്ചതാണ്‌! എന്നിട്ടെന്തുണ്ടായി? കമ്മീഷന്‍ പറ്റി രാജ്യത്തിന്റെ ഈടുവയ്‌പ്പുകള്‍ ഒന്നൊന്നായി തീറെഴുതി.കൃഷ്‌ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകസമ്പത്ത്‌ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണ്‌.അതാര്‍ക്കെങ്കിലും തീറെഴുതി നല്‍കാന്‍ കേന്ദ്രം ഭരിക്കുന്ന മന്ത്രിമാരുടെ കുടുംബസ്വത്തൊന്നുമല്ല.എന്നാല്‍ പ്രകൃതിവാതകം വ്യാവസായിക-ഗാര്‍ഹിക ഉപയോഗത്തിന്‌ പാകമാക്കാന്‍ ചെലവുണ്ട്‌.അതിന്‌ മുതല്‍ മുടക്കുന്നവര്‍ക്ക്‌ ന്യായമായ ലാഭം കിട്ടുകയും വേണം.എന്നുവച്ച്‌ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതും അതിന്‌ കൂട്ടുനില്‍ക്കുന്നതും ക്രിമിനല്‍ കുറ്റം തന്നെയാണ്‌.അത്തരം ക്രിമിനലുകളെ തളയ്‌ക്കാന്‍ കേജ്രിവാള്‍ എടുത്ത തീരുമാനം അസാമാന്യമായ രാഷ്ട്രീയ ചങ്കുറപ്പാണ്‌.ആം ആദ്‌മി പാര്‍ട്ടിയുടെ രാഷ്ട്രീയ സംസ്‌കാരം മുഖ്യധാരാ പാര്‍ട്ടികളുടെ രീതിശാസ്‌ത്രത്തില്‍ വരുത്തിയ ഗുണപരമായ മാറ്റം പോലെ ഈ നടപടിയും വന്‍ അനുരണങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്.ആറന്മുള വിമാനത്താവളത്തിനായി കെജിഎസ്‌ ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയ മുന്‍ വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്‌ണനെതിരെ വിജിലന്‍സ്‌ വകുപ്പ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലമാണ്‌, ആതിരേ അതിന്റെ പ്രത്യക്ഷോദാഹരണം

No comments: