Tuesday, February 18, 2014

ഇവരാണ്‌ യഥാര്‍ത്ഥ ``കുലംകുത്തികള്‍ ''; ഇവരെ ...

സ്വന്തം ഭര്‍ത്താവിനേയും സഖാവിനേയും കൊലക്കത്തിക്കിരയാക്കാന്‍ ഗൂഢാലോചന നടത്തിയ കാപാലികരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന ഒരു ഭാര്യയുടെ കേവലവും നിയമപരവുമായ ആവശ്യത്തെ,ഭര്‍ത്താവ്‌ മരിച്ച ഒരു സ്‌ത്രീയുടെ അസംതൃപ്‌ത വികാരമായി മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന അധമകാമാര്‍ത്തിയാണോ,സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാകാനുള്ള യോഗ്യത? അമ്മയും ഭാര്യയും സഹോദരിയും മകളും എന്നുള്ള സ്‌ത്രീത്വത്തിന്റെ അടിസ്ഥാനഭാവങ്ങളെ വ്യഭിചാരത്തെരുവില്‍ പ്രദര്‍ശിപ്പിക്കുന്ന ജയരാജവിരാചിത പുരുഷഹുങ്കിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനൊഴിച്ച്‌ കേരളത്തിലെ അഭിമാനമുള്ള സ്‌ത്രീകളൊറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും മുഖം തിരിച്ച്‌ കേരള രക്ഷാ മാര്‍ച്ച്‌ തുടര്‍ന്ന പിണറായി വിജയന്‌ ടി.പിക്കെതിരെ സി.ഭാസ്‌കരനെന്ന ദുശാസനനുയര്‍ത്തിയ പരസ്‌ത്രീഗമനാരോപണം ഏറ്റുപിടിച്ച്‌ സിദ്ധാന്തവത്‌ക്കരിക്കാന്‍ ഉളുപ്പൊട്ടുമുണ്ടായില്ല!`` ''ഒഞ്ചിയംകാര്‍ക്കല്ലെ സത്യമറിയൂ`` എന്ന്‌ പിണറായി പറഞ്ഞപ്പോള്‍ ജയരാജനേക്കാള്‍ ,ഭാസ്‌ക്കരനേക്കാള്‍ അധമത്വമാര്‍ന്ന മനസ്സുകള്‍ക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളൂ എന്ന്‌ തെളിയിക്കുകയായിരുന്നു അദ്ദേഹം.ഒരു സഖാവിനേയും അദ്ദേഹത്തിന്റെ വിധവയേയും സമൂഹമദ്ധ്യത്തില്‍ ഇത്ര നീചമായി അപഹസിച്ചപ്പോള്‍ അധിക്ഷേപിക്കപ്പെട്ടത്‌ പിണറായി വിജയനെന്ന ഭര്‍ത്താവും പിതാവുമായിരുന്നു എന്നദ്ദേഹം മറന്നുപോയി
`` മനസില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രീക''മാകുമെന്ന്‌ മാത്രമല്ല പറയുന്നതെല്ലാം പിതൃരാഹിത്യങ്ങളാകുമെന്നതിന്റെ സര്‍വകാല ദൃഷ്ടാന്തങ്ങളാകുകയാണ്‌ ആതിരേ, പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ .ടി.പി.ചന്ദ്രശേഖരനും കെ.കെ.രമയും ആര്‍എംപിയും പട്ടടയില്‍ പോലും തങ്ങള്‍ക്ക്‌ സ്വസ്ഥത നല്‍കില്ലെന്ന തിരിച്ചറിവിലുരുകുന്നത്‌ കൊണ്ടാണ്‌ അധാര്‍മികവും സംസ്‌കാരശൂന്യവും രാക്ഷസീയവുമായ ആക്രോശങ്ങള്‍ അവരില്‍നിന്നുയരുന്നത്‌. പരേതരെ ബഹുമാനിക്കാനായില്ലെങ്കിലും അപമാനിക്കരുത്‌ എന്നതാണ്‌ സുജനമര്യാദ.സുബോധമുള്ളവരാരും ആ ലക്ഷ്‌മണ രേഖ ലംഘിക്കില്ല .പക്ഷെ ടി.പി.യെന്നും രമയെന്നും ആര്‍എംപിയെന്നും കേള്‍ക്കുന്ന മാത്രയില്‍ ,കേട്ടാല്‍ ഓക്കാനമുണ്ടാക്കുന്നവ മാത്രം വിളിച്ചുപറയുന്ന വിപ്ലവകാരികള്‍ വ്യക്തമാക്കുന്നത്‌ ``ആ നീതിമാന്റെ രക്തത്തില്‍ '' തങ്ങള്‍ക്ക്‌ മാത്രമാണ്‌ പങ്കുള്ളതെന്നാണ്‌. ടി.പി.ചന്ദ്രശേഖരന്‌ മുന്‍പും പിന്‍പും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുണ്ട്‌.എന്നിട്ടും ചില സിപിഎം നേതാക്കളും അവരുടെ ശിങ്കിടികളുമൊഴിച്ചുള്ള മുഴുവന്‍ മലയാളികളും ടി.പിയുടെ ദുരന്തത്തില്‍ എന്തുകൊണ്ടാണിങ്ങനെ ഖിന്നരാകുന്നത്‌ എന്തു കൊണ്ടാണിത്ര അസ്വസ്ഥരാകുന്നത്‌? അതുള്‍ക്കൊള്ളണമെങ്കില്‍, ആതിരേ, അല്‍പമെങ്കിലും മനുഷ്യപ്പറ്റ്‌ ആത്മാവിലുണ്ടാകണം.കനിവിന്റെ ഒരു തിരി ചേതനയിലെരിയണം.പച്ച മനുഷ്യനാകണം. ഉന്മൂലനത്തിന്റെ അന്‍പത്തിയൊന്നു വെട്ടില്‍ ചിതറിയ ചുടുചോരയില്‍ വിരല്‍മുക്കി ``കുലംകുത്തി എന്നും കുലംകുത്തിയായിരിക്കു''മെന്ന്‌ മലയാളികളുടെ മാനവബോധത്തിന്റെ ഉമ്മറപ്പടിയില്‍ എഴുതിവയ്‌ക്കാന്‍ ധാര്‍ഷ്ട്യത കാട്ടിയ മാടമ്പിത്തെമ്മാടിത്തത്തിനും, ആ നൃശംസതയെ മഞ്ചലിലേറ്റി നടക്കുന്ന അമാലന്മാര്‍ക്കും കുറ്റബോധത്തിന്റെ നെഞ്ചെരിച്ചിലില്‍ സാമാന്യ മര്യാദകള്‍ കൈവിട്ടു പോകുന്നു.അത്‌ കൊണ്ടാണ്‌ അധാര്‍മികങ്ങളായ ഉദീരണങ്ങളുണ്ടാകുന്നത്‌;കൊലവിളികളുയരുന്നത്‌. സ്വന്തം ഭര്‍ത്താവിനേയും സഖാവിനേയും കൊലക്കത്തിക്കിരയാക്കാന്‍ ഗൂഢാലോചന നടത്തിയ കാപാലികരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്ന ഒരു ഭാര്യയുടെ കേവലവും നിയമപരവുമായ ആവശ്യത്തെ,ഭര്‍ത്താവ്‌ മരിച്ച ഒരു സ്‌ത്രീയുടെ അസംതൃപ്‌ത വികാരമായി മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന അധമകാമാര്‍ത്തിയാണോ,ആതിരേ, സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാകാനുള്ള യോഗ്യത? അമ്മയും ഭാര്യയും സഹോദരിയും മകളും എന്നുള്ള സ്‌ത്രീത്വത്തിന്റെ അടിസ്ഥാനഭാവങ്ങളെ വ്യഭിചാരത്തെരുവില്‍ പ്രദര്‍ശിപ്പിക്കുന്ന ജയരാജവിരാചിത പുരുഷഹുങ്കിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനൊഴിച്ച്‌ കേരളത്തിലെ അഭിമാനമുള്ള സ്‌ത്രീകളൊറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും മുഖം തിരിച്ച്‌ കേരള രക്ഷാ മാര്‍ച്ച്‌ തുടര്‍ന്ന പിണറായി വിജയന്‌ ടി.പിക്കെതിരെ സി.ഭാസ്‌കരനെന്ന ദുശാസനനുയര്‍ത്തിയ പരസ്‌ത്രീഗമനാരോപണം ഏറ്റുപിടിച്ച്‌ സിദ്ധാന്തവത്‌ക്കരിക്കാന്‍ ഉളുപ്പൊട്ടുമുണ്ടായില്ല!`` ''ഒഞ്ചിയംകാര്‍ക്കല്ലെ സത്യമറിയൂ`` എന്ന്‌ പിണറായി പറഞ്ഞപ്പോള്‍, ആതിരേ, ജയരാജനേക്കാള്‍ ,ഭാസ്‌ക്കരനേക്കാള്‍ അധമത്വമാര്‍ന്ന മനസ്സുകള്‍ക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളൂ എന്ന്‌ തെളിയിക്കുകയായിരുന്നു അദ്ദേഹം.ഒരു സഖാവിനേയും അദ്ദേഹത്തിന്റെ വിധവയേയും സമൂഹമദ്ധ്യത്തില്‍ ഇത്ര നീചമായി അപഹസിച്ചപ്പോള്‍ അധിക്ഷേപിക്കപ്പെട്ടത്‌ പിണറായി വിജയനെന്ന ഭര്‍ത്താവും പിതാവുമായിരുന്നു എന്നദ്ദേഹം മറന്നുപോയി!കുറ്റപ്പെടുത്തലിന്റെ ചൂണ്ടുവിരല്‍ നീട്ടുമ്പോള്‍ കുറ്റബോധത്തിന്റെ മൂന്ന്‌ വിരല്‍ തനിക്കു നേരേ നീളുമെന്ന്‌ സാമാന്യതത്വം പോലും വിസ്‌മരിക്കത്തക്കവണ്ണം ഇവരൊക്കെ പ്രാകൃതരായ അസഹിഷ്‌ണുക്കളാകുന്നത്‌ എന്തു കൊണ്ടാണ്‌ ആതിരേ?രമയുടെ നിരാഹാരസത്യഗ്രഹം പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിന്റെ പ്രസക്തിപോലും ഇല്ലാതക്കിയെങ്കില്‍ അതിന്‌ കാരണം ടി.പി.ചന്ദ്രശേഖരനെന്ന എന്ന നീതിമാന്റെ അതിനിഷ്‌കളങ്കമായ ചോരയിലാണ്‌ ,നീതിക്കു വേണ്ടിയുള്ള രമയുടെ പോരാട്ടത്തിന്റെ അസ്‌തിവാരം എന്നത്‌ തന്നെയാണ്‌. ഇത്രയൊന്നും പോരാഞ്ഞിട്ടാവണം ടി.പി.യെ അപഹസിച്ചും ഭാസ്‌ക്കരനെ പ്രതിരോധിച്ചും മുന്‍മന്ത്രി എളമരം കരീമും രംഗത്തെത്തിയത്‌.`` ടി.പി.യെ മഹത്വവത്‌ക്കരിക്കുന്നതില്‍ സഹികെട്ടാണ്‌ ഭാസ്‌ക്കരന്‍ അങ്ങനെ പ്രതികരിച്ചതെന്നും അഴിമതിക്കുറ്റത്തിന്‌ ടി.പി.യെ പാര്‍ട്ടി പുറത്താക്കിയതാണെ''ന്നുമായിരുന്നു എളമരത്തിന്റെ വ്യാഖ്യാനം.വെട്ടിനുറുക്കി കൊന്നുതള്ളിയിട്ടും തീരാത്ത പകയുടെ തീചാമുണ്ഡിയാട്ടങ്ങള്‍! ആതിരേ, പാര്‍ട്ടിക്ക്‌ അനഭിമതരായവരെ സ്വഭാവഹത്യചെയ്‌ത്‌ വെടക്കാക്കുന്നത്‌ സിപിഎമ്മിന്റെ പതിവ്‌ രീതിശാസ്‌ത്രമാണ്‌.ഇരുമ്പയിരിന്റെ മറവില്‍ അഞ്ചുകോടി പോക്കറ്റിലാക്കിയ വഞ്ചനയ്‌ക്കല്ലാതെ,ടി.പി.യെ അഴിമതിക്കാരനെന്നാക്ഷേപിക്കാന്‍? ആര്‍ക്കാണ്‌ അര്‍ഹത,അല്ലേ?ആംഗലേയത്തിലെ ''മെയില്‍ ഷുവനിസ്റ്റ്‌ പിഗ്‌ ``എന്ന വിശേഷണം ആവേശത്തോടെ?വാരിയണിയുന്ന ഈ മുതിര്‍ന്ന സഖാക്കള്‍ കെ.കെ.രമയുടെ പ്രതികരണങ്ങളിലെ വിശുദ്ധി,സൗമ്യത,പക്വതയൊക്കെ ഒരിക്കലെങ്കിലുമൊന്ന്‌ മനസ്സിരുത്തി ശ്രദ്ധിച്ചിരുന്നെങ്കില്‍! കൃത്യമായും അകൃത്രിമമായും വിനയാന്വിതമായും സംസാരിക്കുകയും ധാര്‍മികമായി മാത്രം നിലപാടെടുക്കുകയും പകയുടെ ലാഞ്ചന പോലുമില്ലാതെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ഉന്നിദ്രമായ മാനവികതാബോധമാണ്‌ കെ.കെ.രമ.കവി ഉമേഷ്‌ ബാബു ഈ ധാര്‍മികൗന്നത്ത്യത്തെ നോക്കിക്കാണുന്നത്‌ ഇപ്രകാരമാണ്‌: `` ഇന്നത്തെ സാമാന്യമായ രാഷ്ട്രീയാനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ കാണാവുന്ന ഒരു രാഷ്ട്രീയാത്ഭുതം കെ.കെ.രമയിലുണ്ട്‌. വളരെ അപ്രതീക്ഷിതമാണീ രാഷ്ട്രീയ സാന്നിധ്യത്തിന്റെ നിറവ്‌. അതുകൊണ്ടാണ്‌ ഇത്രയധികം മാധ്യമശ്രദ്ധ അവരില്‍ പതിയുന്നത്‌. മരുഭൂമികളില്‍ സ്‌നേഹത്തിന്റെ ഉറവ തിരിച്ചറിയപ്പെടും. നിരാഹാരസമരത്തിന്റെ നടുവില്‍ വച്ചുതന്നെ അതിന്‌ അവര്‍ വളരെ വളരെ വേറിട്ടൊരു തെളിവു നല്‍കിയിട്ടുണ്ട്‌. രമയുടെ സത്യഗ്രഹത്തെ പരിഹസിക്കാനായി ടി.പിയുടെ കൊലയാളികളുടെ ബന്ധുക്കളെ കൊണ്ടു വിയ്യൂര്‍ ജയിലിനു മുന്നില്‍ സിപിഎം നിരാഹാരസമരം സംഘടിപ്പിച്ചതായിരുന്നു സന്ദര്‍ഭം. ഇവര്‍ കൊലയാളികളാണെങ്കിലും അവരും ചിലരുടെ മക്കളും സഹോദരന്‍മാരും ഭര്‍ത്താക്കന്മാരുമായതില്‍ ഈ ബന്ധുക്കള്‍ക്കു വിഷമം തോന്നാനും അതിന്റെ പേരില്‍ സമരം ചെയ്യാനും അവകാശമുണ്ടെന്നും എന്നാല്‍ അവര്‍ സമരം ചെയ്യേണ്ടത്‌ ഈ ചെറുപ്പക്കാരെ കൊലയാളികളാക്കിയ നേതാക്കന്‍മാരുടെ ആസ്ഥാനമായ എ.കെ.ജി. സെന്ററിനു മുന്നിലുമാണെന്നായിരുന്നു രമയുടെ പ്രതികരണം. മാനുഷികമായി ഇത്രയും കൃത്യമായ ഒരു രാഷ്ട്രീയ പ്രതികരണം, അതും പ്രകോപനത്തിന്റെ ഒരു സന്ദര്‍ഭത്തില്‍, കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളില്‍ നിന്നുപോലും ഈ അടുത്തകാലത്തൊന്നും ആരും കേട്ടിട്ടില്ല..`` ആതിരേ, ഈ പോരാട്ട ഭൂമികയില്‍ കാലുറപ്പിച്ച്‌?നോക്കുക.. ഈ സൗമ്യ സ്‌ത്രൈണ സത്യസന്ധതയില്‍ മനമര്‍പ്പിച്ച്‌?വിലയിരുത്തുക... ആരാണ്‌ യഥാര്‍ത്ഥ കുലംകുത്തികള്‍..? മസ്‌തിഷ്‌കവും നട്ടെല്ലും ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്ത മലയാളികളുടെ പൊതുബോദ്ധ്യം എങ്ങനെയാണ്‌ ഈ കുലംകുത്തികളോട്‌? പ്രതികരിക്കേണ്ടത്‌..?!

No comments: