Thursday, May 27, 2010

ഈ നാല്‌ വര്‍ഷം ഉമ്മന്‍ ചാണ്ടി എവിടെയായിരുന്നു ?

ജനാധിപത്യ ഭരണക്രമത്തില്‍ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ്‌ പ്രതിപക്ഷം. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായ സ്ഥാനവും ഔദ്യോഗിക അംഗീകാരവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌. ഈ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ ഭരണത്തിന്റെ വൈകല്യങ്ങള്‍ മാറിനിന്ന്‌ വീക്ഷിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന സ്വപ്നവും താലോലിച്ച്‌ ഇരിക്കുകയായിരുന്നില്ലെ ഉമ്മന്‍ ചാണ്ടി. അതായത്‌ ഭരണകക്ഷിയിലെ ജനവിരുദ്ധന്മാര്‍ക്കൊപ്പം നിന്ന്‌ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന്‌ സാരം. കേരളത്തിലെ സമ്മതിദായകരുടെ ഗതികേടുകൊണ്ട്‌ അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അവര്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഇത്‌ ഉമ്മന്‍ ചാണ്ടിയോടോ ഒപ്പമുള്ളവരോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ലെന്നും മറിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായുള്ള ജനവിചാരണയാണെന്നും തിരിച്ചറിഞ്ഞ്‌ അടുത്ത ഭരണകാലത്തെങ്കിലും ജനപക്ഷത്ത്‌ നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നതാണ്‌ ചുവരിലെ എഴുത്തുകള്‍.



ക്ഷേമ പദ്ധതികളുടെയും വൈദ്യുതി കണക്ഷനുകളുടെയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തങ്ങളുടേതെന്ന്‌ അവകാശപ്പെട്ട്‌ നടത്തുന്നതിന്റെയും പേരില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ജനഹിതമനുസരിച്ചായിരുന്നുവെന്ന്‌ അവകാശപ്പെടകയാണ്‌, ആതിരേ, അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാപ്പോള്‍ കേരളത്തിലെ പൊതസമൂഹം, പ്രത്യേകിച്ച്‌ സ്ത്രീകളടക്കമുള്ള ദുര്‍ബല വിഭാഗം പ്രതീക്ഷിച്ചതൊന്നും നടപ്പിലാക്കാന്‍ കഴിയാതെ പോയ ഒരു ഭരണമായിരുന്നു അച്യുതാനന്ദന്റെ മുഖ്യമന്ത്രിയെന്ന നിലക്കുള്ള നാലുവര്‍ഷം.
അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കഴിഞ്ഞ നാലുവര്‍ഷം കേരളത്തിലെ സമ്മതിദായകരെയും നികുതി ദായകരെയും ഉളുപ്പില്ലാതെ വഞ്ചിച്ച്‌ അധികാരത്തിന്റെ സുഖലോലുപതയില്‍ വിലസുകയായിരുന്നു. ഇങ്ങനെ വിലസാന്‍ ഉള്ളതാണോ ഭരണകൂടവും അതിന്റെ സംവിധാനവും എന്ന ചോദ്യത്തിന്‌ അല്ല എന്നുതന്നെയാണ്‌ ഉത്തരം. ഈ അല്ല എന്നതിന്റെ പ്രവര്‍ത്തി രൂപമാകേണ്ടതാണ്‌ പ്രതിപക്ഷവും അതിന്റെ നേതാവും. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ജനഹിതത്തിനെതിരായിരുന്നെങ്കില്‍ അതിനെതിരെ ജനകീയ സമരം സംഘടിപ്പിച്ച്‌ ഭരണവീഴ്ചകള്‍ തിരുത്തിയെടുക്കാന്‍ ബാധ്യസ്ഥരായിരുന്നു പ്രതിപക്ഷവും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും. ആ ഭൂമികയില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ പൊതുസമൂഹംഒരു ചോദ്യം ഉന്നയിക്കുകയാണ്‌ : "ഈ നാലുവര്‍ഷം ഉമ്മന്‍ ചാണ്ടി എവിടെയായിരുന്നു ?
ആതിരേ, കഴിഞ്ഞ നാലുവര്‍ഷത്തെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണത്തെ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തന്നെ ഇവിടെ ഉദ്ധരിക്കാം :
"ഈ സര്‍ക്കാര്‍ കേരളത്തിന്‌ ചില ഒന്നാം സ്ഥാനങ്ങളും അവസ്ഥാന സ്ഥാനങ്ങളും നേടിത്തന്നു. രാജ്യത്ത്‌ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നത്‌ പഞ്ചാബിനെയും ഹരിയാനയെയും നിഷ്പ്രയാസം മറികടന്ന്‌ ഒന്നാമത്‌. സര്‍ക്കാരിന്റെ വരുമാനത്തില്‍ 40 ശതമാനം മദ്യം വിറ്റുകിട്ടുന്ന പണമാണ്‌. കുറ്റകൃത്യ നിരക്കില്‍ നമ്പര്‍ വണ്‍ (ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ 2006 - 07, 2007-08) സ്ത്രീകള്‍ക്കെതിരെയുള്ള അധിക്രമങ്ങളിലും ആത്മഹത്യാ നിരക്കിലും വാഹാനാപകട നിരക്കിലും മുന്‍ നിരയില്‍. 25,000 രൂപയുടെ ആളോഹരി കടം (സാമ്പത്തിക സര്‍വേ 2009) ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തുന്ന സ്ഥലമെന്ന ഖ്യാതിയും ഈ സര്‍ക്കാര്‍ കേരളത്തിന്‌ നേടിത്തന്നു. സര്‍ക്കാര്‍ സ്പോണ്‍സേഡ്‌ ഹര്‍ത്താല്‍ നടക്കുന്ന ഏക സ്ഥലം.... മറ്റുചില നേട്ടങ്ങള്‍ കൂടി - നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ 27-ാ‍ം സ്ഥാനം (അസോചം 2008) ഐ ടി കയറ്റുമതിയില്‍ ലജ്ജാകരമായ അവസ്ഥ, കര്‍ണാടക 74,929 കോടി, കേരളം 1700 കോടി (നാസ്കോ 2008), തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുന്നതില്‍ 24-ാ‍ം സ്ഥാനം (എന്‍ആര്‍ഇജിഎ വെബ്സൈറ്റ്‌), 2006 ല്‍ 9.3% എത്തിയ വളര്‍ച്ചാ നിരക്ക്‌ 2008ല്‍ 6.98 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. (സാമ്പത്തിക സര്‍വേ 2009), 22 കസ്റ്റഡി മരണങ്ങള്‍.... 49 പോലീസ്‌ സ്റ്റേഷന്‍ ആക്രമങ്ങള്‍.... കേരളം ഒരുപാട്‌ മോഹങ്ങളോടെ കാത്തിരിക്കുന്ന വിഴിഞ്ഞം, സ്മാര്‍ട്ട്‌ സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം അനാഥമായി."
തീര്‍ച്ചയായും കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും വര്‍ത്തമാനകാലാവസ്ഥയിലെ അരുതായ്മകളും പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയുടെ ഈ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്‌. ഈ ആകാംക്ഷകളും ആശങ്കകളും കേരളത്തിലെ പൊതുസമൂഹത്തിന്റെ തന്നെയാണ്‌. ആ അര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട്‌ ജനങ്ങളോട്‌ ഒപ്പവുമാണ്‌.
അപ്പോള്‍ ആതിരേ, ഒരു ചോദ്യം ചോദിച്ചേ തീരു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അതിന്റെ ഭരണം ഇത്തരത്തില്‍ ജനവിരുദ്ധമായി തുടര്‍ന്നപ്പോള്‍ അതിനെതിരെ എപ്പോഴെക്കെയാണ്‌ ജനപക്ഷത്തു നിന്നുകൊണ്ട്‌ പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രതിപക്ഷവും സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിച്ചിട്ടുള്ളത്‌? ഒരിക്കലും ഇല്ല എന്നാണ്‌ ഇതിന്‌ മറുപടി. മുഖ്യമന്ത്രിക്ക്‌ ഒപ്പമുള്ള ഭരണ സ്ഥാനവും അതിനനുസരിച്ചുള്ള സൗകര്യങ്ങളും സൗജന്യങ്ങളും പ്രതിപക്ഷ നേതാവിനും ലഭിക്കുന്നുണ്ട്‌. ഇത്‌ കേരളത്തിലെ ഭിക്ഷക്കാരനും കുഷ്ഠരോഗിയും വേശ്യയും അടക്കമുള്ളവരുടെ കൈയില്‍ നിന്ന്‌ പിഴിഞ്ഞെടുക്കുന്ന നികുതി പണം ഉപയോഗിച്ചാണ്‌ നല്‍കിയിട്ടുള്ളത്‌. ഭരണം കെടുകാര്യസ്ഥതയിലേക്ക്‌ നീങ്ങുമ്പോള്‍ അതിനെ തടയിടാനാണ്‌ ജനങ്ങളുടെ നികുതി പണം നല്‍കി ഇങ്ങനെ ഒരു സ്ഥാനം ജനാധിപത്യ ഭരണക്രമത്തില്‍ നിലനിര്‍ത്തിയിട്ടുള്ളത്‌. ഈ സ്ഥാനത്തോട്‌ ഉമ്മന്‍ ചാണ്ടി എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തി എന്നതും സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്നതിനൊപ്പം വിചാരണ ചെയ്യേണ്ടതാണ്‌. ആ വിചാരണകോടതിക്ക്‌ മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കാനും ജനങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക്‌ ആര്‍ജ്ജവത്തോടെ മറുപടി പറയുവാനും ഉമ്മന്‍ ചാണ്ടിക്ക്‌ കഴിയുമോ?
അധികാരത്തിലിരിക്കുന്നവരുടെ സ്വയം കൃതാനര്‍ത്ഥം കൊണ്ട്‌ പ്രതിപക്ഷത്തിരിക്കുന്ന കളിമണ്‍ പാദങ്ങളുള്ള ദൈവങ്ങളെ പോലും മഹത്വവത്കരിക്കുന്ന ഒരു രാഷ്ട്രീയ പരിസരമാണ്‌ കേരളത്തിലുള്ളത്‌. ജനഹിതമനുസരിച്ച്‌ ഭരിച്ചാലും ജനവിരുദ്ധമായി ഭരിച്ചാലും അഞ്ചുവര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്നവരെ നാണം കെടുത്തി ഇറക്കിവിടുന്ന ഒരു സമ്മതിദാന രീതിയാണ്‌ ആതിരേ സാക്ഷര കേരളത്തിലുള്ളത്‌. അതുകൊണ്ടുതന്നെ അധികാരത്തില്‍ ഏറുന്നവര്‍ അവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും മൂലധനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന വൈകൃതമാണ്‌ ഐക്യകേരളം ഉണ്ടായതിന്‌ ശേഷം കണ്ടുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടു കൂടിയാണ്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മുകളില്‍ ഉദ്ധരിച്ചത്‌ പോലെയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതും എന്നാല്‍, പ്രവര്‍ത്തി മേഖലയില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ ഉമ്മന്‍ ചാണ്ടി പ്രതികരിക്കാതിരിക്കുന്നതും. അതിജീവന രാഷ്ട്രീയത്തിന്റെ ഹിഡന്‍ അജണ്ടകളാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുടെ മാന്‍ഡേറ്റിന്റെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതായത്‌ തടിയുടെ വളവും ആശാരിയുടെ കഴിവുകേടും ചേര്‍ന്നകൊണ്ടുണ്ടായ അപാകമാണ്‌ കേരളാ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല മുഖമെന്ന്‌ സാരം.
ഇങ്ങനെ ഒരു പഴഞ്ചൊല്ലിന്റെ ഔദാര്യത്തില്‍ ഭരണപ്രക്രിയയെ ലഘുതരമായി കാണേണ്ടതാണോ എന്ന ചോദ്യം ഒപ്പം എത്തുന്നുണ്ട്‌. സമ്മതിദാനം നല്‍കിയും നികുതി നല്‍കിയും ഒരു ഭരണസംവിധാനത്തെയും പ്രതിപക്ഷ നിരയെയും അധികാര ശ്രേണിയില്‍ പ്രതിഷ്ഠിക്കുന്ന പൗരന്മാര്‍ക്ക്‌ ചില ലക്ഷ്യങ്ങളും പ്രതീക്ഷകളും ഉണ്ട്‌. തീര്‍ച്ചയായും ഈ വിഷയത്തില്‍ സ്വകാര്യമായിട്ടല്ല ചിന്ത. മറിച്ച്‌ പൊതുവായും സാമൂഹികമായും ആണ്‌ ചിന്തിക്കുന്നത്‌. താനുള്‍പ്പെടുന്ന തന്റെ സമൂഹത്തിന്‌ അര്‍ഹമായതും ഭരണഘടനാ വിഭാവനം ചെയ്യുന്നതുമായ പൗരാവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടുതന്നെ തന്റെ സമ്മതിദാനം കൊണ്ട്‌ അധികാരത്തിലെത്തുന്ന ഇവര്‍ അങ്ങനെ പെരുമാറുമെന്നും ഉള്ള പ്രതീക്ഷയാണ്‌. എന്നാല്‍, ഈ പ്രതീക്ഷകള്‍ തട്ടിത്തെറുപ്പിച്ച്‌, ജനകീയ അഭിലാഷങ്ങള്‍ പിച്ചിചീന്തി അവകാശവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ഉന്നയിച്ച്‌ മുഖം രക്ഷിക്കാനാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്‌. ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
വോട്ടവകാശം പൗരന്റെ ഏറ്റവും വിലയേറിയ അവകാശമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ രണ്ട്‌ ആതിരേ ചെകുത്താന്മാരില്‍ ഏറ്റവും കുറഞ്ഞ ദോഷമുള്ളതെന്ന്‌ പ്രതീക്ഷിക്കുന്ന ഒരു ചെകുത്താനെ ഭരണത്തിലേറ്റുന്നത്‌. അപ്പോള്‍ മറ്റേ ചെകുത്താന്‍ ഭരണത്തിലേറിയ ചെകുത്താന്റെ വീഴ്ചകള്‍ തിരുത്താനുള്ള പ്രക്ഷോഭങ്ങള്‍ നടത്താന്‍ ബാധ്യസ്ഥനാണ്‌. ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിപക്ഷ നേതാവ്‌ എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂജ്യം മാര്‍ക്ക്‌ നല്‍കാനെ കഴിയുകയുള്ളു. കഴിഞ്ഞ യുഡിഎഫ്‌ ഭരണസമയത്ത്‌ പല കാരണങ്ങള്‍ ഉന്നയിച്ച്‌ അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ പ്രതിപക്ഷം 22 ഹര്‍ത്താല്‍ നടത്തി എന്നാരോപിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലക്ക്‌ ഒരു ഹര്‍ത്താലും നടത്തിയിട്ടില്ല എന്ന്‌ അഭിമാനിക്കുന്നു. ശരിയാണ്‌ കേവലവും ശുഷ്കവുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി നടത്തുന്ന ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക്‌ അപഹരിഹാര്യമായ നഷ്ടങ്ങളും കഷ്ടങ്ങളുമാണ്‌ ഉണ്ടാക്കാറുള്ളത്‌. എന്നാല്‍, ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച്‌ ഭരണം നടത്തുന്ന ഒരു സംവിധാനത്തിനെതിരെ പിടഞ്ഞ്‌ പ്രതിഷേധിക്കാനും ആ പ്രതിഷേധത്തില്‍ ജനങ്ങളെ കണ്ണിചേര്‍ക്കാനും ബാധ്യസ്ഥനല്ലേ പ്രതിപക്ഷ നേതാവ്‌..?
കഴിഞ്ഞ നാലുവര്‍ഷത്തെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണം ജനവിരുദ്ധമായിരുന്നുവെങ്കില്‍ അതിന്‌ ആദ്യത്തെ കാരണക്കാര്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന പ്രതിപക്ഷമാണെന്ന്‌ പറയേണ്ടിവരും. ജനാധിപത്യ ഭരണക്രമത്തില്‍ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ്‌ പ്രതിപക്ഷം. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായ സ്ഥാനവും ഔദ്യോഗിക അംഗീകാരവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌. ഈ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ ഭരണത്തിന്റെ വൈകല്ല്യങ്ങള്‍ മാറിനിന്ന്‌ വീക്ഷിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന സ്വപ്നവും താലോലിച്ച്‌ ഇരിക്കുകയായിരുന്നില്ലെ ഉമ്മന്‍ ചാണ്ടി. അതായത്‌ ഭരണകക്ഷിയിലെ ജനവിരുദ്ധന്മാര്‍ക്കൊപ്പം നിന്ന്‌ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന്‌ സാരം. അതുകൊണ്ട്‌ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്കും കേരളത്തിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമൊട്ടുമില്ല എന്ന്‌ അദ്ദേഹം മനസ്സിലാക്കുന്നത്‌ നന്ന്‌. എന്നാല്‍, കേരളത്തിലെ സമ്മതിദായകരുടെ ഗതികേടുകൊണ്ട്‌ അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അവര്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഇത്‌ ഉമ്മന്‍ ചാണ്ടിയോടോ ഒപ്പമുള്ളവരോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ലെന്നും മറിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായുള്ള ജനവിചാരണയാണെന്നും തിരിച്ചറിഞ്ഞ്‌ അടുത്ത ഭരണകാലത്തെങ്കിലും ജനപക്ഷത്ത്‌ നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നതാണ്‌ ചുവരിലെ എഴുത്തുകള്‍.ആതിരേ, അത്‌ വായിക്കാനും മനസ്സിലാക്കാനുമുള്ള ഒരു രാഷ്ട്രീയ മനസ്സ്‌ ഉമ്മന്‍ ചാണ്ടിക്കുണ്ടാകണം എന്നാണ്‌ കേരളം ആവശ്യപ്പെടുന്നത്‌.

1 comment:

Unknown said...

പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരണം മാറി മാറി അനുഭവിക്കാം എന്ന പരസ്പര ധാരണയിലാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം പോയിക്കൊണ്ടിരിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. ഈയൊരു ഏര്‍പ്പാട് ഇരുപക്ഷത്തിനും അത്യന്തം ഗുണപ്രദമാണ് താനും. ജനങ്ങള്‍ ഒരു മുന്നണിയെയോ പാര്‍ട്ടിയെയോ ശാശ്വതമായി വെറുക്കുന്നില്ലല്ലൊ. കേരളത്തിന്റെ തലയെഴുത്ത് എന്ന് സമാധാനിക്കാനേ പറ്റൂ....