Tuesday, February 28, 2012

പി. രാജീവും കൂട്ടരും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക്‌ പാര്‍ലമെന്റിനെ അടിയറവയ്ക്കുമ്പോള്‍


സിപിഎമ്മിന്റെ വര്‍ത്തമാലകാല നേതൃത്വവും യുവാക്കളായ സാരഥികളും എത്തിപ്പെട്ടിരിക്കുന്ന ആശയ - പ്രത്യയ ശാസ്ത്ര ജീര്‍ണതകളുടെ നേര്‍ രൂപങ്ങള്‍ കൂടിയാണ്‌ ഈ രണ്ട്‌ എം.പിമാരും. പുതിയ നേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധവും മുതലാളിത്തസന്നിഭവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ അണികളുടേയും പൊതുസമൂഹത്തിന്റേയും എതിര്‍പ്പ്‌ ക്ഷണിച്ച്‌ വരുത്തുന്ന നടപടികളുടെ തുടര്‍ച്ചയായിട്ട്‌ വേണം ഇതിനെ വിലയിരുത്താന്‍. ആഢംബരവും ആര്‍ത്തിയും അഴിഞ്ഞാട്ടവും മുഖമുദ്രയായിട്ടുള്ള വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്‌ നേതൃത്വം രാഷ്ട്രത്തെ അമേരിക്കയ്ക്ക്‌ അടിയറ വെയ്ക്കാനുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. വി.എസിനെ വിട്ട്‌ പിണറായി പക്ഷത്തേയ്ക്ക്‌ പി.രാജീവ്‌ ചേക്കേറാനുള്ള കാരണവും ഇതൊക്കെത്തന്നെയാണെന്ന്‌ വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ പി രാജീവനും മൊയ്നുല്‍ ഹസനുമെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിന്‌ കഴിയുകയുമില്ല.

ആജന്മ ശത്രുവായി എപ്പോഴും വിശേഷിപ്പക്കപ്പെടുന്ന അമേരിക്കയില്‍ നിന്നുള്ള സഹായം സി.പി.എമ്മിന്റെ രണ്ട്‌ യുവ എം.പിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നു എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്‌, ആതിരേ
പരമാധികാര സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്വയംശീര്‍ഷത്വവും സ്വതന്ത്രരായി ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്മാരുടെ അവകാശവും കവര്‍ന്നെടുത്ത്‌ രാജ്യത്തെ അമേരിക്കന്‍ കമ്പോളമാക്കി മാറ്റാനുള്ള അധിനിവേശ ശ്രമങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും നടക്കുമ്പോഴാണ്‌ ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തില്‍ യാങ്കി കഴുകന്‌ പി. രാജീവും ബംഗാളില്‍ നിന്നുള്ള മൊയ്നുള്‍ ഹസനും ചേക്കയിരിക്കാന്‍ ഇടം നല്‍കിയിരിക്കുന്നത്‌. പാശ്ചാത്യ മൂലധനചൂഷകരോടും കുത്തക കമ്പോളശക്തികളോടും ഒരുവിധത്തിലുമുള്ള അനുരജ്ഞനം സാധ്യമല്ല എന്ന്‌ പുറമെയ്ക്ക്‌ പറയുകയും അത്തരം ബഹുരാഷ്ട്ര കുത്തകഭീമന്മാര്‍ക്ക്‌ ചൂഷണത്തിന്‌ അവസരമൊരുക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നവ ലിബറല്‍ നിലപാടുകളുടെ സാധൂകരണവും സാന്നിദ്ധ്യങ്ങളുമാണ്‌ രാജീവും മൊയ്നുല്‍ ഹസനും.
ആതിരേ, അമേരിക്കന്‍ സംഘടനയായ ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ സഹായത്തോടെ 2005 ല്‍ സ്ഥാപിച്ച പി.ആര്‍.എസ്‌. ലജിസ്ലേറ്റീവ്‌ റിസര്‍ച്ച്‌ എന്ന സംഘടനയുടെ സഹായത്തോടെയാണ്‌, ആതിരേ കേരളത്തില്‍ നിന്നുള്ള വിപ്ലവ നക്ഷത്രം പി.രാജീവ്‌ പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയത്‌ എന്ന വെളിപ്പെടുത്തല്‍ സി.പി.എമ്മിനേയും വെട്ടിലാക്കിയിട്ടുണ്ട്‌. എം.പിമാരുടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ സഹായിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്ത്‌ പ്രത്യേക സംവിധാനം ഉണ്ടായിരിക്കെ അത്‌ മറികടന്ന്‌ ആഗോളകുത്തക ഭീമന്റെ സാമ്പത്തിക സഹായത്തോടെ പി.രാജീവും മൊയ്നുല്‍ ഹസനും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തിയത്‌ പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന ചോദ്യത്തിന്‌ പാര്‍ട്ടി ഉത്തരം പറഞ്ഞേ മതിയാകൂ.
അമേരിക്കന്‍ ഫണ്ടിംഗിന്‌ നിരന്തരം എതിര്‍ക്കുന്ന ഒരു പ്രസ്ഥാനത്തില്‍ നിന്ന്‌ ഇങ്ങനെയൊരു വ്യതിയാനം ഉണ്ടായത്‌ യാദൃച്ഛികമല്ല എന്നതാണ്‌ ആശങ്കയുളവാക്കുന്ന വാസ്തവം. ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ സഹായത്തോടൊപ്പം ഗൂഗിള്‍ ഫൗണ്ടേഷന്റെ സഹായത്തോടെയും സ്ഥാപിതമായിട്ടുള്ള ഇത്തരത്തില്‍ ഒരു സംവിധാനത്തിന്റെ ലക്ഷ്യം പി രാജീവിനും മൊയ്നുള്‍ ഹസനും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കാന്‍ വിഢികളല്ല കേരളീയരെല്ലാം.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി.രാജീവ്‌ അടക്കമുള്ള നേതാക്കള്‍ എന്‍ജിഒകളേയും (നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ്‌) അവയിലൂടെ ഇന്ത്യയിലേയ്ക്ക്‌ മൂലധന ചൂഷകരുടെ ഫണ്ട്‌ ഒഴുകുന്നതിനേയും പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും എതിര്‍ത്തുകൊണ്ടിരിക്കുകയാണ്‌. അത്തരം സംഘടനകള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുള്ളവരാണ്‌ രാജീവും മൊയ്നുല്‍ ഹസനും. ഇവരാണിപ്പോള്‍ മുതലാളിത്ത ചൂഷണത്തിന്റെ അഞ്ചാം പത്തികളായി മാറിയിരിക്കുന്നത്‌.
രാജീവിനും മൊയ്നുല്‍ ഹസനും സഭാ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഗവേഷണ പിന്തുണയും വിവര ശേഖരണവും നടത്തുന്നത്‌ പി.ആര്‍.എസ്‌ ലജിസ്ലേറ്റീവ്‌ റസര്‍ച്ചാണ്‌. മണ്ഡലത്തിന്റെ സമഗ്രചിത്രം മുതല്‍ സഭയില്‍ ഉന്നയിക്കേണ്ട ചോദ്യം വരെ തയ്യാറാക്കുന്നത്‌ ഇവരാണ്‌. അതായത്‌ വിപ്ലവം പ്രസംഗിക്കുകയും ആഗോള കുത്തകള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന ഈ മാര്‍ക്സിസ്റ്റുകള്‍ പാര്‍ലമെന്റില്‍ എന്ത്‌ ചെയ്യണമെന്നതിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നത്‌ അമേരിക്കന്‍ സഹായമുള്ള ഈ സംഘടനയായിരുന്നു. മുതലാളിത്തത്തിനും കുത്തകകളുടെ അധിനിവേശത്തിനുമെതിരെ പി.രാജീവ്‌ രാജ്യസഭയില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും അവതരിപ്പിച്ചിട്ടുള്ള പ്രമേയങ്ങളും ഇത്തരത്തില്‍ തയ്യാറാക്കിയവയാണ്‌. ഉപരിതലത്തില്‍ അവ അമേരിക്കയേയും വിരുദ്ധവും കുത്തകകളേയും എതിര്‍ക്കുന്നതാണെന്ന്‌ ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും ഇവയ്ക്കുവേണ്ടി ശേഖരിച്ച വിവരങ്ങള്‍ അമേരിക്കയ്ക്ക്‌ കൈമാറാന്‍ അവസരമൊരുക്കി ക്യാപിറ്റല്‍പനിഷ്മെന്റിന്‌ അര്‍ഹതയുള്ള ക്രിമിനല്‍ രാജ്യദ്രോഹമാണ്‌, ആതിരേ, പി. രാജീവ്‌ നടത്തിയതിയിരിക്കുന്നത്‌.
പാര്‍ലമെന്റിലെ ഇരു സഭകളില്‍ നിന്നുമായി 42 ഓളം എം.പിമാര്‍ പി.ആര്‍.എസ്‌ ലജിസ്ലേറ്റീവ്‌ എന്ന സംഘടനയുടെ ഗുണഭോക്താക്കളാണ്‌. ഇതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി പി.സി. ചാക്കോയും സംസ്ഥാന ധനമന്ത്രി കെ.എം. മാണിയുടെ പുത്രനും ലോക്സഭാ അംഗവുമായ ജോസ്‌ കെ. മാണിയും ഉള്‍പ്പെടുന്നു. വന്‍തുക ഫെലോഷിപ്പ്‌ നല്‍കി നിയമിക്കുന്ന ജീവനക്കാരാണ്‌ എം.പിമാര്‍ക്കുവേണ്ടി ഗവേഷണവും ഗൃഹപാഠവും ചെയ്യുന്നത്‌. ഇങ്ങനെ ഫെലോഷിപ്പ്‌ ലഭിച്ചവരില്‍ മുന്‍ എം.പിയും എം.എല്‍.എയും ഇടുതപക്ഷ സഹയാത്രികനും മാധ്യമ വിചാരകനുമായ പ്രൊഫ. സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ ഷോണ്‍ സെബാസ്റ്റ്യനും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ജനതയുടെ താത്പര്യങ്ങളുടെ ശത്രുവാണെന്നും ഇന്ത്യയിലേയ്ക്ക്‌ കടന്നുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആഗോള കുത്തകയാണെന്നും വിശേഷിപ്പക്കെപ്പെടുന്ന അമേരിക്കയോടുള്ള സമീപനത്തില്‍ സ്വന്തം കാര്യം വരുമ്പോള്‍ രാജ്യദ്രോഹ നിലപാട്‌ സ്വീകരിക്കാന്‍ പി.രാജീവിനും മൊയ്നുല്‍ ഹസനും അടങ്ങുന്ന മാര്‍ക്സിസ്റ്റ്‌ സംഘത്തിന്‌ ഉളുപ്പൊട്ടുമില്ലെന്ന്‌ ഇപ്പോള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. അണികളില്‍ നിന്നും പ്രത്യയശാസ്ത്ര സുതാര്യതയില്‍ നിന്നും വര്‍ഗശത്രുവിനെതിരായ സുദൃഢമായ നിലപാടുകളില്‍ നിന്നും സി.പി.എമ്മിന്‌ സംഭവിച്ച വ്യതിചലനങ്ങളും അതിലൂടെ കടന്നെത്തിയ വലതുപക്ഷ ആഭിമുഖ്യവുമാണ്‌ പി. രാജീവും മൊയ്നുല്‍ ഹസനും പ്രതിനിധീകരിക്കുന്നതെന്നര്‍ത്ഥം.
സിപിഎമ്മിന്റെ വര്‍ത്തമാലകാല നേതൃത്വവും യുവാക്കളായ സാരഥികളും എത്തിപ്പെട്ടിരിക്കുന്ന ആശയ - പ്രത്യയ ശാസ്ത്ര ജീര്‍ണതകളുടെ നേര്‍ രൂപങ്ങള്‍ കൂടിയാണ്‌, ആതിരേ, ഈ രണ്ട്‌ എം.പിമാരും. പുതിയ നേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര വിരുദ്ധവും മുതലാളിത്തസന്നിഭവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ അണികളുടേയും പൊതുസമൂഹത്തിന്റേയും എതിര്‍പ്പ്‌ ക്ഷണിച്ച്‌ വരുത്തുന്ന നടപടികളുടെ തുടര്‍ച്ചയായിട്ട്‌ വേണം ഇതിനെ വിലയിരുത്താന്‍. ആഢംബരവും ആര്‍ത്തിയും അഴിഞ്ഞാട്ടവും മുഖമുദ്രയായിട്ടുള്ള വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്‌ നേതൃത്വം രാഷ്ട്രത്തെ അമേരിക്കയ്ക്ക്‌ അടിയറ വെയ്ക്കാനുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. വി.എസിനെ വിട്ട്‌ പിണറായി പക്ഷത്തേയ്ക്ക്‌ പി.രാജീവ്‌ ചേക്കേറാനുള്ള കാരണവും ഇതൊക്കെത്തന്നെയാണെന്ന്‌ വിശ്വസിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ പി രാജീവനും മൊയ്നുല്‍ ഹസനുമെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിന്‌ കഴിയുകയുമില്ല.
കോണ്‍ഗ്രസ്‌ അടക്കമുള്ള മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംവിധാനങ്ങളും ഇന്ത്യയെ വിറ്റ്‌ തുലയ്ക്കാന്‍ മത്സരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും വര്‍ഗബഹുജന ഐക്യത്തിലൂടേയും പ്രക്ഷോഭങ്ങളുലൂടേയും ആഗോള കുത്തകകളെ എതിര്‍ത്ത്‌ തോല്‍പിക്കാനും ബാധ്യസ്ഥരായവര്‍ അമേരിക്കയുടെ പിണിയാളുകളായി പരിണമിച്ചതോടെ സ്വതന്ത്രരായി സ്വയം ശീര്‍ഷത്വത്തോടെ ജീവിക്കാമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത്‌ നടക്കില്ലെന്നുറപ്പായി. വിപ്ലവ വായാടികളടക്കമുള്ള വഞ്ചകപരിഷകള്‍ ഇന്ത്യയെ അനുദിനം ആഗോള കുത്തകകള്‍ക്ക്‌ വിറ്റുകൊണ്ടിരിക്കുകയാണ്‌. ഇതിനെതിരെയാണ്‌ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്നത്‌. അതിന്‌ ആരെല്ലാം തയ്യാറാണ്‌ എന്നതാണ്‌ ,ആതിരേ,കാലം മുന്നോട്ടുവയ്ക്കുന്ന ചോദ്യം

Thursday, February 23, 2012

ഒരു മുടിയാണോ മുസ്ലീങ്ങളുടെ ജീവല്‍പ്രശ്നം


തിരുകേശത്തിന്റെ മറവില്‍ കോടികള്‍ മുടക്കുള്ള നിര്‍മ്മാണ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുള്ള കാന്തപുരത്തെ മുസ്ലീം സമുദായം പോലും തള്ളിപ്പറയുമ്പോള്‍ തിരുകേശം സംബന്ധിച്ച അവകാശവാദവും അതിന്റെ പേരില്‍ അദ്ദേഹം ഉയര്‍ത്തുന്ന ഭീഷണികളും മറ്റു ചില ഭീതികളേയും ഭീഷണികളെയുമാണ്‌ ക്ഷണിച്ചിരുത്തുന്നത്‌.. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ മതനേതാക്കന്മാര്‍ അനുവര്‍ത്തിക്കേണ്ട നിയന്ത്രണത്തിന്റെ സീമകളാണ്‌ കാന്തപുരം ലംഘിക്കുന്നത്‌. സിപിഎം പോലെയുള്ള ഒരു പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ തയ്യാറാകുക വഴി തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ്‌ അദ്ദേഹം നല്‍കുന്നത്‌. ഇത്‌ പൊതുസമൂഹത്തിനോ മുസ്ലീം സമുദായത്തിനോ അനുഗുണമല്ല മറിച്ച്‌, ഭീകരമായ പരിണതികളിലേക്കായിരിക്കും ഈ നിലപാടുകള്‍ കൊണ്ടെത്തിക്കുക. അതിന്റെ ആഘാതം മുഴുവന്‍ പേറേണ്ടിവരിക നിരപരാധികളായ മുസ്ലീം സഹോദന്മാരായിരിക്കും.


പ്രാദേശികവും ദേശീയവും സാര്‍വ്വദേശീയവുമായി മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന സമസ്യകള്‍ ആതിരേ,അതീവ സങ്കീര്‍ണ്ണവും ബഹുമുഖങ്ങളുള്ളതുമാണ്‌.. സ്വാഭിമാനത്തോടെ, സ്വതന്ത്രരായ പൗരന്മാരായി ഒരു രാഷ്ട്രത്തിലും ജീവിക്കാനാവാത്ത വിധം നിരന്തരം നിരവധിയായ സംഘര്‍ഷങ്ങളാണ്‌ മുസ്ലീം സമുദായം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രങ്ങളോട്‌ തങ്ങളുടെ ആത്മാര്‍ത്ഥതയും ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചാലും തീവ്രവാദിയെന്നും ഭീകരവാദിയെന്നുമുള്ള മുദ്ര കുത്തി അകറ്റി നിര്‍ത്തപ്പെടുന്ന വിവചനത്തിന്റേയും വിഭാഗീയതയുടേയും ഇരകളാണ്‌ ലോകമെമ്പാടുമുള്ള 130 കോടി മുസ്ലീങ്ങള്‍.
അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ വിദേശ ശക്തികളും അവരുടെ സില്‍ബന്ധികളായ രാഷ്ട്രങ്ങളും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പര്യായമായി കാണുന്നത്‌ മുസ്ലീം സമുദായത്തെയാണ്‌. ഭരണഘടനാ ദത്തമായ തങ്ങളുടെ അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുമ്പോള്‍ , എവിടെയെങ്കിലും ഭരണകൂടത്തിനോ നീതി നിര്‍വ്വഹണസംവിധാനത്തിനോ എതിരായി പ്രതികരിക്കാന്‍ തയ്യാറായാല്‍, അവരെ സമൂഹമായി തന്നെ രാഷ്ട്രവിരുദ്ധരെന്ന്‌ ബ്രാന്‍ഡ്‌ ചെയ്യുന്ന ഫാസിസ്റ്റ്‌-സാമ്രാജിത്വ-സയണിസ്റ്റ്‌ മുന്‍വിധികളുടെതാണ്‌, ആതിരേ ലോകം.
വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ കൂടിയാകുമ്പോള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപരാധങ്ങളെപ്പോലും ചെറുക്കാനാവാതെ ഒറ്റപ്പെട്ടുപോകുന്ന ദയനീയതയിലാണ്‌ ഭൂരിപക്ഷം മുസ്ലീങ്ങളും.മറ്റ്‌ എല്ലാ സമുദായത്തിലുള്ളതു പോലുള്ള സമൂഹവിരുദ്ധരേ ഈ സമുദായത്തിലുമുള്ളു.എന്നിട്ടും കൂട്ടായ ഒറ്റപ്പെടുത്തലിന്റെ നോവും നീറ്റലും പേറാനാണ്‌ ഈ വിഭാഗത്തിന്റെ നിയോഗം.
മുസ്ലിങ്ങള്‍ ഉല്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ജീവല്‍പ്രശ്നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌.അവയ്ക്ക്‌ ഹ്രസ്വമായ പരിഹാരം പോലും കണ്ടെത്താന്‍ സമുദായ-രാഷ്ട്രീയ-ഭരണ സംവിധാനങ്ങള്‍ക്ക്‌ കഴിയാത്ത വിധം പരിതാപകരമാണ്‌ സ്ഥിതി.. ദുഃസ്സഹമായ ഈ അവസ്ഥയില്‍ നിന്നാണ്‌ ഭരണകൂടങ്ങളെയും അധികാര വാഴ്ചകളെയും ചിതറിക്കുന്ന മുസ്ലീം തീവ്രവാദി യുവത്വത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടായത്‌. ഇതുപക്ഷേ, ആ സമുദായത്തിനാകെ അപമാനത്തിനും അവഹേളനത്തിനും കാരണമായി എന്നതാണ്‌ സങ്കടകരമായ പരിണതി.
ഇങ്ങനെ സാര്‍വ്വദേശീയ തലത്തിലും പ്രാദേശിക തലത്തിലും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിന്‌ അവരുടെ സ്വത്വം സ്ഥാപിച്ചെടുക്കേണ്ടത്‌ അനിവാര്യമായിരിക്കെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയെല്ലാം പിന്നില്‍ തള്ളി , അന്ധമായ വിശ്വാസത്തിലൂന്നിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാപിപ്പിക്കുന്നതും മുസ്ലീം സമുദായത്തിന്‌ ഗുണകരമാണോ., ആതിരേ..?
ഇന്ന്‌ കേരളത്തില്‍ അത്തരത്തിലൊരു വിവാദം ആളിക്കത്തിക്കുകയാണ്‌ പ്രവാചകനായ നബിയുടെ കേശം സ്വന്തമായുണ്ടെന്ന്‌ അവകാശപ്പെടുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ മേധാവി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ചൊല്ലും ചെയ്തികളും. കഴിഞ്ഞ 14 നൂറ്റാണ്ടായി ഒരിക്കല്‍ പോലും ഉണ്ടാകാത്ത വിവാദമാണ്‌, ആതിരേ, നബി കേശവുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. നബിയുടെ കേശം, നഖം തുടങ്ങിയ ശരീരഭാഗങ്ങള്‍ വിശ്വാസികള്‍ ലോകത്തിന്റെ പല ഭാഗത്തും വിശുദ്ധ വസ്തുക്കളായി കരുതി ആദരിക്കുന്നുണ്ട്‌. എന്നാല്‍, അവിടെയെങ്ങും ഇക്കാലമത്രയും അവയുടെ പേരില്‍ സമുദായത്തിനുള്ളിലോ സമുദായത്തിന്‌ പുറത്തോ ഒരു ചെറിയ തര്‍ക്കം പോലും ഉണ്ടായിട്ടില്ല.
ആ പശ്ചാത്തലത്തില്‍ വേണം കാന്തപുരം അവകാശപ്പെടുന്ന നബിയുടെ കേശവും അതുമായി ബന്ധപ്പെട്ട്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെയും വിലയിരുത്തേണ്ടത്‌. അന്ധവിശ്വാസവും അനാചാരവും ഒരു പരിഷ്കൃത സമൂഹത്തിന്‌ നിരക്കുന്നതല്ലെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഉത്തരവാദിത്തബോധമുള്ള ഓരോ പൗരനും അവകാശവും ധാര്‍മികാധികാരവും ഉണ്ട്‌. ആ തലത്തില്‍ നിന്നുകൊണ്ടാണ്‌ സിപിഎം 20-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോത്ഥാനവും' എന്ന സെമിനാറില്‍ പ്രസംഗിക്കെ മത മേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരിച്ചു കൊണ്ടുവരികയാണെന്നും പിണറായി വിജയന്‍ തുറന്നടിച്ചത്‌. അക്കൂട്ടത്തിലാണ്‌ "മുടി കത്തുമെന്നും ഇല്ലെന്നുമുള്ള തര്‍ക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഏത്‌ മുടിയും കത്തുമെന്ന കാര്യത്തില്‍ സംശയമില്ല" എന്ന പരാമര്‍ശം ഉണ്ടായതും.
ഇതിനോടുള്ള കാന്തപുരത്തിന്റെ പ്രതികരണം ആതിരേ,വിവേകപരമോ ഇസ്ലാമിക മര്യാദകള്‍ക്ക്‌ നിരക്കുന്നതോ ആയിരുന്നില്ല. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന്‌ അധികാരം ഇല്ലെന്നും തിരുകേശവുമായി ബന്ധപ്പെട്ട്‌ സിപിഎം സൃഷ്ടിക്കുന്ന വിവാദം കൈയ്യും കെട്ടി നോക്കി നില്‍ക്കുകയില്ലെന്നും ഒക്കെയായിരുന്നു കാന്തപുരത്തിന്റെ ഭീഷണി.
ഒരു സമുദായത്തിന്റെ സമുന്നത സ്ഥാനത്ത്‌ അവരോധിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. ആ സ്ഥാനത്തിരുന്നുകൊണ്ട്‌ കേരള രാഷ്ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നിരവധി വട്ടം ഇടപെട്ടിട്ടുള്ള വ്യക്തിയാണ്‌ ഇദ്ദേഹം. ഏത്‌ മതത്തില്‍ വിശ്വസിക്കുന്ന വ്യക്തിക്കും രാഷ്ട്രീയ നിലപാടുകള്‍ ആകാമെന്നും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്നുമുള്ള ഭരണഘടനാ ദത്തമായ സ്വാതന്ത്യമാണ്‌ ഈ അവസരങ്ങളില്‍ കാന്തപുരത്തിന്‌ തുണയായത്‌.ഇതേ സ്വാതന്ത്ര്യം സമൂഹവുമായി ബന്ധപ്പെട്ട വിശ്വാസ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും സാധാരണ പൗരന്മാര്‍ക്കുമുണ്ട്‌. എന്നാല്‍, അത്‌ അംഗീകരിക്കാനുള്ള സൗമനസ്യമില്ലാതെ വൈകാരിക പ്രതികരണങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്ന കാന്തപുരത്തിന്റെ ലക്ഷ്യം, സംശയമില്ല, സംഘട്ടത്തിന്റേതാണ്‌. അപായകരമാണ്‌ അതില്‍ നിന്നുയരുന്ന സൂചനകള്‍. തിരുകേശത്തിന്റെ മറവില്‍ കോടികള്‍ മുടക്കുള്ള നിര്‍മ്മാണ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുള്ള അദ്ദേഹത്തെ മുസ്ലീം സമുദായം പോലും തള്ളിപ്പറയുമ്പോള്‍ തിരുകേശം സംബന്ധിച്ച അവകാശവാദവും അതിന്റെ പേരില്‍ അദ്ദേഹം ഉയര്‍ത്തുന്ന ഭീഷണികളും മറ്റു ചില ഭീതികളേയും ഭീഷണികളെയുമാണ്‌ ആതിരേ, ക്ഷണിച്ചിരുത്തുന്നത്‌.. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ മതനേതാക്കന്മാര്‍ അനുവര്‍ത്തിക്കേണ്ട നിയന്ത്രണത്തിന്റെ സീമകളാണ്‌ കാന്തപുരം ലംഘിക്കുന്നത്‌. സിപിഎം പോലെയുള്ള ഒരു പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ തയ്യാറാകുക വഴി തങ്ങളുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ്‌ അദ്ദേഹം നല്‍കുന്നത്‌. ഇത്‌ പൊതുസമൂഹത്തിനോ മുസ്ലീം സമുദായത്തിനോ അനുഗുണമല്ല മറിച്ച്‌, ഭീകരമായ പരിണതികളിലേക്കായിരിക്കും ഈ നിലപാടുകള്‍ കൊണ്ടെത്തിക്കുക. അതിന്റെ ആഘാതം മുഴുവന്‍ പേറേണ്ടിവരിക നിരപരാധികളായ മുസ്ലീം സഹോദന്മാരായിരിക്കും.
അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ കാന്തപുരത്തിന്‌ ഒഴിഞ്ഞു മാറാനാവുകയില്ല.മുസ്ലീം തന്നെയാണ്‌ മുസ്ലീമിന്റെ ശത്രു എന്നൊരു അരുചികരമായ അവസ്ഥായാവും, ആതിരേ കാന്തപുരത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതും
"ഞാന്‍ നിങ്ങളോട്‌ ചെയ്യാന്‍ കല്‍പ്പിച്ച കാര്യങ്ങളല്ലതെ നിങ്ങളെ സ്വര്‍ഗത്തോടടുപ്പിക്കുന്ന യാതൊന്നുമില്ല.ഞാന്‍ നിങ്ങളോട്‌ ചെയ്യത്രുതെന്ന്‌ വിലക്കിയ കാര്യങ്ങളല്ലാതെ നിങ്ങളെ നരകത്തിലെത്തിക്കുവാനും ഒന്നുമില്ല" -ഈ നബി സൂക്തം കാന്തപുരം എല്ലായിപ്പോഴും ഓര്‍ക്കുന്നത്‌ അദ്ദേഹത്തിനും മുസ്ലീം സമുദായത്തിനും പൊതുസമൂഹത്തിനും ഗുണകരമായിരിക്കും

Wednesday, February 22, 2012

വിവാഹസദ്യയെന്ന സാമൂഹിക തിന്മ


വിവാഹ സദ്യ അലസമായി കഴിക്കുകയും ഭക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു ഫാഷനായി തീര്‍ന്നിട്ടുണ്ട്‌. ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്തും ആവശ്യമില്ലാത്ത ഭക്ഷണം വിളമ്പി വാങ്ങിയും നശിപ്പിക്കുന്ന സാമൂഹിക തിന്മയ്ക്കെതിരെ ഇതുവരെ ഒരു മത പുരോഹിതനോ, വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന വനിതാ സംഘടനകളോ ശബ്ദിച്ചിട്ടില്ല. ലോകത്ത്‌ 8 കോടി കുഞ്ഞുങ്ങളാണ്‌ ഭക്ഷണമില്ലാതെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നത്‌. 80 ലക്ഷം കുഞ്ഞുങ്ങളാണ്‌ മൂന്ന്‌ നേരം സമ്പുഷ്ഠ ആഹാരം ലഭിക്കാതെ രോഗികളായി കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ പട്ടിണി അനുഭവിക്കുന്ന അഞ്ച്‌ കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണ്‌. ഭക്ഷണത്തിനുവേണ്ടി കോടിക്കണക്കിന്‌ കുഞ്ഞുങ്ങള്‍ കരഞ്ഞു തളര്‍ന്ന്‌ കിടക്കുമ്പോഴാണ്‌ മലയാളി അവന്റെ ഡംഭ്കാട്ടാന്‍ വിവാഹത്തിന്റെ പേരില്‍ ഭക്ഷണം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌



ആതിരേ,ദാമ്പത്യമെന്ന സാമൂഹിക സ്ഥാപനത്തിന്റെ സംസ്ഥാപന മാര്‍ഗമായ വിവാഹം ഇന്ന്‌ സമൂഹവിരുദ്ധ താത്പര്യങ്ങളാല്‍ സമ്പന്നവും സാമൂഹിക തിന്മകളാല്‍ കലുഷിതവുമാണ്‌.
ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍, രണ്ടു വ്യക്തികളും വ്യക്തിത്വങ്ങളും തമ്മിലുള്ള വിലയനമായി മാറേണ്ട വിവാഹം പക്ഷേ രണ്ടു കുടുംബങ്ങളുടേയും ബന്ധുക്കളുടേയും അഭിമാന പ്രശ്നമായിട്ടാണ്‌ അവതരിപ്പിക്കപ്പെടുന്നതും നടത്തിയെടുക്കുന്നതും. സാക്ഷരരാണെന്നും ഉല്‍പതിഷ്ണുക്കളാണെന്നും അവകാശപ്പെടുന്ന മധ്യവര്‍ഗ - ഉപരിവര്‍ഗ സമൂഹമാണ്‌ വിവാഹത്തെ സാമൂഹിക തിന്മകളാല്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിന്റെ ദൂഷിത അനുരണനങ്ങള്‍ സമൂഹത്തിലെ കീഴാള വര്‍ഗങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ടെന്നു മാത്രം.
അതുകൊണ്ടാണ്‌ നാടടച്ച്‌ ക്ഷണിച്ച്‌, അത്യാഡംബര പൂര്‍വ്വം നടത്തിയ വിവാഹങ്ങള്‍ പോലും പരാജയപ്പെടുന്നതും വിവാഹ മോചന കേസുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും.
വിവാഹവുമായി ബന്ധപ്പെട്ട സാമൂഹക വിരുദ്ധതകളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍, ആതിരേ, ആദ്യവും അവസാനവും സാധാരണക്കാരന്റെ മനസിലെത്തുന്നത്‌ സ്ത്രീധനമാണ്‌. അത്‌ ഒരു ശരിയുമാണ്‌. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന എല്ലാ ചടങ്ങുകളും ഇന്ന്‌ ആഡംബര പൂര്‍ണ്ണമാകുകയും ധൂര്‍ത്തിന്‌ കാരണമാകുകയും അതിലൂടെ കുടുംബങ്ങളെ അപരിഹാര്യമായ സാമ്പത്തിക ബാധ്യതകളിലേയ്ക്ക്‌ തള്ളിവിടുകയും ചെയ്യുന്നു.
സദ്യ ഒഴിവാക്കിയുള്ള ഒരു വിവാഹ ചടങ്ങിനെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും കഴിയാത്തവിധം മുന്‍വിധി നിറഞ്ഞതാണ്‌ നമ്മുടെ വിവാഹസങ്കല്‍പങ്ങള്‍. മത്സ്യ മാംസ മദ്യ സത്കാരമായും ധൂര്‍ത്തിന്റെ ദുഷ്ടതയായും വിവാഹ സദ്യകള്‍ പരിണമിച്ചുകഴിഞ്ഞു. പഴയ ഒരു മലയാള പ്രയോഗം കടമെടുത്താല്‍ കുടില്‍തൊട്ട്‌ കൊട്ടാരം വരെ ഇതാണ്‌ അവസ്ഥ. ജീവിത ശൈലി രോഗങ്ങള്‍ മൂലം ഭക്ഷണത്തിന്‌ കഠിന ക്രമങ്ങള്‍ പാലിക്കുന്നവര്‍ പോലും വിവാഹ സദ്യയില്‍ നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച്‌ ആഹാര കാര്യത്തില്‍ ധാരാളികളാകുന്നതാണ്‌ കണ്ടുവരുന്നത്‌. നാടന്‍ വിഭവങ്ങളെ നാല്‌ അയല്‍വക്കത്ത്‌ അടുപ്പിക്കാതെ കോണ്ടിനന്റല്‍ വിഭവങ്ങളും അതിന്റെ അനുസാരികളുമില്ലാതെ ഇന്ന്‌ ഒരു വിവാഹ സദ്യയും നടക്കുന്നില്ല.
സ്ത്രീധനം, വിവാഹ വേഷം, വിവാഹ വേദി, യാത്രാ സംവിധാനം തുടങ്ങി പണം അനാവശ്യമായി ചെലവിടുന്നതും ധൂര്‍ത്തടിക്കുന്നതുമായ ചടങ്ങുകളെ ഒരിക്കലും വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക തിന്മകളായി കരുതാന്‍ സാക്ഷര കേരളത്തിന്‌ പേലും കഴിയുന്നില്ല എന്നത്‌ ഏറെ സംഘര്‍ഷമുണ്ടാക്കുന്ന വാസ്തവമാണ്‌. അപ്പോള്‍ പിന്നെ വിവാഹ സദ്യയുമായി ബന്ധപ്പെട്ട ധൂര്‍ത്തിനെക്കുറിച്ച്‌ ആര്‌ ചിന്തിക്കാന്‍.
സ്ത്രീധനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക വിപത്തിനെക്കുറിച്ച്‌ അനുഭവത്തിലൂടെ ബോധ്യമുള്ളവര്‍പോലും ഈ തിന്മ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല എന്നത്‌ ഏറെ പഠനം അര്‍ഹിക്കുന്ന സാമൂഹികാവസ്ഥയാണ്‌, ആതിരേ..!. സമ്പന്ന വിഭാഗം ഈ മേഖലയില്‍ പുലര്‍ത്തുന്ന സ്വാധീനം മാത്രമാണോ അതിന്‌ കാരണമെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. കുണ്ടിലിരിക്കുന്ന തവളക്കുഞ്ഞിന്‌ പോലും കുന്നിന്‍മീതെ പറക്കാനാണ്‌ ഇക്കാര്യത്തില്‍ വ്യഗ്രതയും താത്പര്യവും. സ്ത്രീധനവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന പീഡനങ്ങളും മരണങ്ങളും ആത്മഹത്യകളും അനുദിനം വര്‍ദ്ധിച്ചിട്ടും ഈ തിന്മയോട്‌ വിട ചൊല്ലാന്‍ വിദ്യാ സമ്പന്നരായ യുവതി യുവാക്കള്‍ പോലും തയ്യാറാകുന്നില്ല. സ്വന്തമായി അധ്വാനിച്ച്‌ ഭാര്യയെ പുലര്‍ത്തും , അതുകൊണ്ട്‌ എനിക്ക്‌ സ്ത്രീധനം വേണ്ട എന്ന്‌ നട്ടെല്ല്‌ നിവര്‍ത്തിപ്പറയാന്‍ വര്‍ത്തമാന കേരളത്തിലെ യുവാക്കള്‍ക്ക്‌ ധൈര്യമില്ല. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്റെ ഭാര്യയാകാന്‍ ഞാന്‍ തയ്യാറല്ല എന്ന്‌ പ്രതിജ്ഞ എടുക്കാന്‍, ആതിരേ, അഞ്ചക്ക ശമ്പളം വാങ്ങുന്ന യുവതികള്‍ക്കും ധൈര്യമില്ല. എന്നാലും സ്ത്രീധന വിരുദ്ധ പ്രസ്താവനകളും സാമുദായിക ഉദ്ബോധങ്ങളും വേണ്ടതിലധികം ഉണ്ടാകുന്നുമുണ്ട്‌. 18 ലക്ഷം കുടുംബങ്ങളാണ്‌ സ്ത്രീധനം മൂലം കടക്കെണിയിലായതെന്നാണ്‌ വനിതാ കമ്മീഷന്റെ കണക്ക്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വനിതാ കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്‌. ഈ 18 ലക്ഷം കുടുംബങ്ങളും വധൂഗൃഹങ്ങളാണ്‌. ഫലത്തില്‍ 36 ലക്ഷം കുടുംബങ്ങളിലാണ്‌ സ്ത്രീധനം മൂലമുള്ള അസ്വാരസ്യങ്ങളും അസ്വസ്ഥതകളും കൊടുംപിരി കൊള്ളുന്നത്‌. നാട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തില്‍ അവരുടെ അനുഗ്രഹാശിസുകളോടെ ആരാധനാലയങ്ങളില്‍ വിവാഹിതരായവരുടെ അവസ്ഥയാണിത്‌. എന്നിട്ടും...
ഇതിന്‌ സമാനമായ ധൂര്‍ത്ത്‌ മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളാണ്‌ വധൂ വരന്മാരുടെ രക്ഷകര്‍ത്താക്കള്‍ വിവാഹ വേഷം മുതല്‍ സദ്യ വരെയുള്ള കാര്യങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.
ആതിരേ,വിവാഹ സദ്യ അലസമായി കഴിക്കുകയും ഭക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു ഫാഷനായി തീര്‍ന്നിട്ടുണ്ട്‌. ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്തും ആവശ്യമില്ലാത്ത ഭക്ഷണം വിളമ്പി വാങ്ങിയും നശിപ്പിക്കുന്ന സാമൂഹിക തിന്മയ്ക്കെതിരെ ഇതുവരെ ഒരു മത പുരോഹിതനോ, വിവാഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ ജാഗ്രതയോടെ ഇടപെടുന്ന വനിതാ സംഘടനകളോ ശബ്ദിച്ചിട്ടില്ല. ലോകത്ത്‌ 8 കോടി കുഞ്ഞുങ്ങളാണ്‌ ഭക്ഷണമില്ലാതെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നത്‌. 80 ലക്ഷം കുഞ്ഞുങ്ങളാണ്‌ മൂന്ന്‌ നേരം സമ്പുഷ്ഠ ആഹാരം ലഭിക്കാതെ രോഗികളായി കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ പട്ടിണി അനുഭവിക്കുന്ന അഞ്ച്‌ കുഞ്ഞുങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണ്‌. ഭക്ഷണത്തിനുവേണ്ടി കോടിക്കണക്കിന്‌ കുഞ്ഞുങ്ങള്‍ കരഞ്ഞു തളര്‍ന്ന്‌ കിടക്കുമ്പോഴാണ്‌ മലയാളി അവന്റെ ഡംഭ്കാട്ടാന്‍ വിവാഹത്തിന്റെ പേരില്‍ ഭക്ഷണം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. തിരുക്കുറളില്‍ ഏറെ സവിശേഷമായ ഒരു ഉദ്ബോധനമുണ്ട്‌. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളവും ഒരു സൂചിയും അരികെ കരുതണം എന്നതാണത്‌. നിലത്തുവീഴുന്ന ഭക്ഷണം സൂചികൊണ്ടെടുത്ത്‌ ഗ്ലാസിലെ വെള്ളത്തില്‍ കഴുകി വീണ്ടും കഴിക്കണം എന്നാണ്‌ ഇതിലൂടെ ആവശ്യപ്പെടുന്നത്‌. അനാവശ്യമായി ഭക്ഷണം നശിപ്പിക്കുന്നത്‌ അക്ഷന്തവ്യമായ സാമൂഹിക തിന്മയാണെന്ന ചിന്ത സംഘകാലം മുതല്‍ സമൂഹത്തില്‍ സംജാതമായിട്ടും വര്‍ത്തമാന കാലത്തിലെ സാക്ഷരരെന്ന്‌ അവകാശപ്പെടുന്നവര്‍ വിവാഹ സദ്യയുടെ പേരില്‍ പ്രതിവര്‍ഷം ശതകോടിക്കണക്കിന്‌ രൂപയുടെ ഭക്ഷണമാണ്‌ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇത്‌ പക്ഷെ പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്‌. ഉദ്ബോധനം കൊണ്ടോ ബോധവത്ക്കരണം കൊണ്ടോ ഈ തിന്മയില്‍ വ്യാപരിക്കുന്നതില്‍ നിന്ന്‌ പ്രബുദ്ധ മലയാളിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ്‌ വിവാഹ സദ്യയുമായി ബന്ധപ്പെട്ട ധൂര്‍ത്തും ഭക്ഷണം നശിപ്പിക്കലും ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാക്കി നിയമം പാസാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ശക്തമായിട്ടുള്ളത്‌. സ്ത്രീധന നിരോധന നിയമത്തിനൊപ്പം വിവാഹ സദ്യ നിയന്ത്രണ നിയമവും വിവാഹ ചെലവ്‌ നിയന്ത്രണ നിയമവും പ്രാബല്യത്തിലാക്കി അവ കര്‍ശനമായി നടപ്പിലാക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സംഘര്‍ഷങ്ങളും വ്യക്തിവിരോധവും ഇല്ലാത്ത ഒരു സമൂഹ സൃഷ്ടിയ്ക്ക്‌ അത്‌ അനിവാര്യമാണ്‌.വ്യക്തികളുടേയും കുടുംബങ്ങളുടേയും ബന്ധം ഊട്ടിയുറപ്പിക്കേണ്ട വിവാഹം ഇപ്പോള്‍തന്നെ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും ശത്രുതയ്ക്കും കാരണമായിട്ടുള്ളത്‌, ആതിരേ ഉദാസീനമായി കാണേണ്ട സാമൂഹികാപ്രതിഭാസമല്ലല്ലോ?

Sunday, February 19, 2012

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസ്‌:അനന്യമായ വിശുദ്ധ ധിക്കാരം


വര്‍ഗ്ഗരഹിത സമൂഹവും പങ്കിടലിന്റെ പ്രത്യേയ ശാസ്ത്രവുമായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസിന്റെ ക്രൈസ്തവ ദര്‍ശനം. സഭയില്‍ സാമൂഹിക നീതിയുടെ തീക്കാറ്റു വിതച്ച ഒരു പ്രവാചക ജന്മംകൂടിയായിരുന്നു തിരുമേനി. എന്നും മുതലാളിത്തത്തിനെതിരെ പ്രതിഷേധത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിയ ഏക പുരോഹിതനും ഇദ്ദേഹമായിരിക്കണം. ഒരു തത്വശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത മുതലാളിത്തത്തിന്‌ തകരാതെ നിവര്‍ത്തിയില്ല എന്ന്‌ പ്രഖ്യാപിക്കുക വഴി കമ്യൂണിസ്റ്റ്‌ ബിഷപ്പ്‌ എന്ന വിളിപ്പേര്‌ ലഭിച്ച മതനേതാവായിരുന്നു ഡോ. ഒസ്താത്തിയോസ്‌.
പൂക്കളെ ഏറെ സ്നേഹിച്ച ഡോ. ഒസ്താത്തിയോസ്‌ പക്ഷേ, തന്റെ അന്ത്യ യാത്രയില്‍ പൂ വിതറരുത്‌ എന്ന്‌ നിര്‍ബന്ധബുദ്ധിയോടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രകൃതിയുടെ വര്‍ണ്ണസമ്പന്നമായ സാന്ത്വനങ്ങളെപോലും കമ്പോളവല്‍ക്കരിച്ച ലാഭക്കൊതിയോടുള്ള അദ്ദേഹത്തിന്റെ കലഹമായിരുന്നു ഈ തീരുമാനത്തിന്‌ പിന്നില്‍






ചുങ്കക്കാരുടെയും പാപികളുടെയും വേശ്യകളുടെയും പക്ഷത്തു നിന്നുകൊണ്ട്‌ പാപത്തിനും പാപമോചനത്തിനും സ്വര്‍ഗ്ഗരാജ്യത്തിനും നവീന പരിപ്രേക്ഷ്യം ചമച്ച മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ പ്രതിഫലനമായിരുന്നു, ആതിരേ, ജീവിച്ചിരുന്ന ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസ്‌. പങ്കിടലിന്റെയും സാമൂഹിക നീതിയുടെയും സമത്വത്തിന്റെയുമാണ്‌ ദൈവരാജ്യം എന്ന അടിസ്ഥാന വീക്ഷണത്തിലൂന്നി വിശ്വാസപരമായ അനീതികള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ എന്നും കലഹിച്ച വിശുദ്ധ ധിക്കാരം!
വ്യവസ്ഥാപിത ക്രൈസ്തവ ചിന്തകള്‍ക്കും മൂല്യബോധങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തി, ക്രിസ്തു പലവട്ടം ഉപമകളില്‍ ചൂണ്ടിക്കാണിച്ച സമൂഹത്തിലെ ഏറ്റവും ചെറിയവരായ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികവും ആത്മീകവുമായ മോചനത്തിനും ഉന്നമനത്തിനും വേണ്ടി വാക്കും പ്രവര്‍ത്തിയും വിശുദ്ധ ബൈബിള്‍ അനുശാസിക്കുന്ന വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച്‌ അവ പ്രവര്‍ത്തിയിലാക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മതപുരോഹിതാണ്‌ കാലയവനികയ്ക്കപ്പുറം മറഞ്ഞ ഒസ്താത്തിയോസ്‌ തിരുമേനി.
വേദവിജ്ഞാനത്തെ അധികാരം കൈയ്യാളാനുള്ള അശ്ലീല തന്ത്രങ്ങളാക്കി മാറ്റിയ മതപൗരോഹിത്യ സമൂഹത്തില്‍ വേദാബോധങ്ങളെ മാനവ സേവയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയ കര്‍മ്മയോഗി, തത്വചിന്തകന്‍, എഴുത്തുകാരന്‍, സുവിശേഷപ്രഘോഷണം നടത്തുന്ന ശ്രേഷ്ഠ ഗുരു- ഡോ. ഒസ്താത്തിയോസിന്‌ ഒരു വിശേഷണവും അന്യമാകുന്നില്ല, ആതിരേ...
ഈ ഭൂമിയും അതിന്റെ വിഭവങ്ങളും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജീവിതങ്ങള്‍ക്കും കൂടിയുള്ളതാണെന്ന്‌ വിശ്വസിച്ചിരുന്ന; ആ അര്‍ത്ഥത്തില്‍ ആത്മീയവും ഭൗതികവുമായ പ്രവര്‍ത്തനങ്ങള്‍ ഗതി തിരിച്ചുവിട്ട കാരുണ്യത്തിന്റെ നനുത്ത സ്പര്‍ശവും സാന്നിദ്ധ്യവുമായിരുന്നു ജീവിതകാലം മുഴുവന്‍ ഈ പുരോഹിതന്‍. പുരോഹിതവര്‍ഗ്ഗം, വിശ്വാസികളെയും ക്രിസ്തുവിലുള്ള വിശ്വാസത്തെയും വിറ്റു കാശാക്കി ആഡംബരത്തിന്റെയും അധികാരത്തിന്റെയും കൊത്തളങ്ങളില്‍ സുഖിമാന്മാരായി കഴിഞ്ഞപ്പോള്‍, ആതിരേ, താന്‍ തിരിച്ചറിഞ്ഞ സ്നേഹത്തിന്റെ സുവിശേഷം സാധാരണക്കാരിലെത്തിക്കാനും അതിലൂടെ സമത്വ സുന്ദരമായ ഒരു ഭാവി സൃഷ്ടിച്ചെടുക്കാനും അനവരതം പൊരുതിയ മനുഷ്യാവകാശ പോരാളികൂടിയായിരുന്നു അദ്ദേഹം.
പൂക്കളെ ഏറെ സ്നേഹിച്ച ഡോ. ഒസ്താത്തിയോസ്‌ പക്ഷേ, തന്റെ അന്ത്യ യാത്രയില്‍ പൂ വിതറരുത്‌ എന്ന്‌ നിര്‍ബന്ധബുദ്ധിയോടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രകൃതിയുടെ വര്‍ണ്ണസമ്പന്നമായ സാന്ത്വനങ്ങളെപോലും കമ്പോളവല്‍ക്കരിച്ച ലാഭക്കൊതിയോടുള്ള അദ്ദേഹത്തിന്റെ കലഹമായിരുന്നു ഈ തീരുമാനത്തിന്‌ പിന്നില്‍. മരിച്ചു കഴിഞ്ഞാലും ചമഞ്ഞ്‌ കിടക്കണം എന്ന്‌ ശഠിക്കുകയും മരണാനന്തര കര്‍മ്മങ്ങള്‍ പോലും ആഢംബരം നിറഞ്ഞ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന പുരോഹിത ചിന്തകള്‍ക്കെതിരെ ഉയര്‍ന്ന വാളുകളായിരുന്നു അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍. ഒരിക്കല്‍ പോലും വെള്ളപൂശിയ ശവക്കല്ലറയെന്ന അപമാനത്തിനിടയാക്കുന്ന ഒരു ചിന്തപോലും ആ വലിയ മനുഷ്യനില്‍ നിന്ന്‌ ഉണ്ടായിരുന്നില്ല എന്നത്‌ വര്‍ത്തമാകാല പുരോഹിത വര്‍ഗ്ഗത്തിന്‌, ആതിരേ, മാതൃകയും വെല്ലുവിളിയുമാണ്‌.
വര്‍ഗ്ഗരഹിത സമൂഹവും പങ്കിടലിന്റെ പ്രത്യേയ ശാസ്ത്രവുമായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസിന്റെ ക്രൈസ്തവ ദര്‍ശനം. സഭയില്‍ സാമൂഹിക നീതിയുടെ തീക്കാറ്റു വിതച്ച ഒരു പ്രവാചക ജന്മംകൂടിയായിരുന്നു തിരുമേനി. എന്നും മുതലാളിത്തത്തിനെതിരെ പ്രതിഷേധത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിയ ഏക പുരോഹിതനും ഇദ്ദേഹമായിരിക്കണം. ഒരു തത്വശാസ്ത്രത്തിന്റെയും അടിത്തറയില്ലാത്ത മുതലാളിത്തത്തിന്‌ തകരാതെ നിവര്‍ത്തിയില്ല എന്ന്‌ പ്രഖ്യാപിക്കുക വഴി കമ്യൂണിസ്റ്റ്‌ ബിഷപ്പ്‌ എന്ന വിളിപ്പേര്‌ ലഭിച്ച മതനേതാവായിരുന്നു ഡോ. ഒസ്താത്തിയോസ്‌.എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്ന വര്‍ഗ്ഗരഹിത സമൂഹവും അതിന്റെ രാഷ്ട്രീയം ആവശ്യപ്പെടുന്ന പങ്കുവയ്ക്കല്‍ പ്രത്യേയ ശാസ്ത്രവുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ ഡോ. ഒസ്താത്തിയോസിന്റേത്‌. മനുഷ്യപുത്രനായി ലോകത്ത്‌ അവതരിക്കുകയും തന്റെ പരസ്യ ശുശ്രൂഷ കാലത്ത്‌ സമൂഹത്തിലെ അധഃസ്ഥിത വര്‍ഗ്ഗത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അവര്‍ക്കിടയില്‍ ജീവിക്കുകയും അവരുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്ത യേശുക്രിസ്തുവിന്റെ കരുതലും സ്നേഹവും സംജ്ഞസമായി സമ്മേളിക്കുന്ന സുവിശേഷത്തില്‍ അടിസ്ഥാനപ്പെടുത്തിയതായിരുന്നു ഡോ. ഒസ്താത്തിയോസിന്റെ പങ്കുവയ്ക്കല്‍ പ്രത്യയ ശാസ്ത്രം.
വിപണി സമ്പദ്‌ വ്യവസ്ഥയ്ക്കെതിരെ ഇത്ര ശക്തമായി കലഹിച്ച ഒരു പുരോഹിതന്‍ മലയാളികളുടെ ഓര്‍മ്മയില്‍ ഉണ്ടാവുകയില്ല, ആതിരേ. ലോകം കീഴടക്കാനുള്ള അമേരിക്കയുടെ അധിനിവേശ താല്‍പര്യങ്ങളെ അതിന്റെ ദര്‍ശന വേളയിലെല്ലാം തന്നെ നഖശിഖാന്തം എതിര്‍ക്കുകയും ആ പ്രതിരോധനിലപാടിലേക്ക്‌ വിശ്വാസി സമൂഹം ഉയരണമെന്ന്‌ നിരന്തരം ഉദ്ബോധിപ്പിക്കുകയും ചെയ്ത്‌ വ്യവസ്ഥാപിത ക്രൈസ്തവ വിശ്വാസ ധാരയ്ക്ക്‌ മാര്‍ഗ്ഗഭ്രംശം സൃഷ്ടിച്ച കലഹത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. അമേരിക്കയുടെ തകര്‍ച്ച മുന്‍കൂട്ടി കണ്ടിട്ടുള്ള ഒരു മതപുരോഹിതന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന്‌ പുച്ഛം നിറഞ്ഞ മറുപടിയാകും ലഭിക്കുക. അമേരിക്ക മുന്നോട്ടു വയ്ക്കുന്ന അധികാരത്തിന്റെയും അധിനിവേശത്തിന്റെയും മുതലെടുപ്പിന്റെയും യുദ്ധത്തിന്റെയും അഞ്ചാം പത്തികളായിട്ടാണ്‌ ലോകമെമ്പാടുമുള്ള ക്രൈസ്തവ പുരോഹിതന്മാര്‍ നിലപാടെടുത്തിട്ടുള്ളത്‌. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിന്‌ ഒരുകൈയില്‍ ബൈബിളും മറു കൈയില്‍ തോക്കുമേന്തി പോരാടി ധീരരക്തസാക്ഷികളായ പുരോഹിത ശ്രേഷ്ഠന്മാരുടെ മലയാള പതിപ്പായിരുന്നു ഡോ. ഒസ്താത്തിയോസ്‌. ദുരാഗ്രഹം പിടിച്ച വിപണി വ്യവസ്ഥയായിരിക്കും അമേരിക്കയുടെ അന്തകനാകുക എന്ന്‌ തുറന്ന്‌ പറയാന്‍ നാവിനും നട്ടെല്ലിനും ധൈര്യം ഉണ്ടായിരുന്ന ഈ പുരോഹിതന്റെ നഷ്ടം, ആതിരേ, വളരെ വളരെ വലുതാണ്‌.
വിശ്വാസികളെ മുതലെടുപ്പിന്റെ തന്ത്രങ്ങള്‍ക്ക്‌ വശംവദരാക്കി പ്രസംഗിക്കുന്ന സുവിശേഷത്തിനും ബൈബിളിലെ അനുശാനങ്ങള്‍ക്കും നേര്‍ വിപരീതമായ ജീവിതം നയിക്കുകയും ചെയ്ത്‌ ക്രിസ്തുവിനെയും ക്രിസ്തു വിശ്വാസത്തെയും പരിഹസിക്കുന്ന പൗരോഹിത്യ തിന്മകള്‍ക്കിടയില്‍ സുതാര്യവും കാരുണ്യ ഭരിതവുമായ സത്യസന്ധതയായിരുന്നു ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസ്‌.
ദാരിദ്ര്യത്തിന്റെ ബാല്യം നല്‍കിയ മാനവവീക്ഷണം പൗരോഹിത്യത്തിന്റെ ഔന്നത്യങ്ങളിലെത്തിയപ്പോഴും വിടാതെ സൂക്ഷിച്ച്‌ ദാരിദ്ര്യം അനുഭവിക്കുന്ന, നിന്തര ചൂഷണത്തിന്‌ വിധേയമാകുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സാമൂഹികവും ആത്മീയവുമായ വിമോചനത്തിന്‌ കൈത്തിരി തെളിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സുവിശേഷ സാന്നിദ്ധ്യമായിരുന്നു ഡോ. ഗീവര്‍ഗീസ്‌ ഒസ്താത്തിയോസ്‌.
മതനിരപേക്ഷവും സാമൂഹിക സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു ജീവിതക്രമം സ്വപ്നം കണ്ടവര്‍ക്കെല്ലാം ആചന്ദ്രകാലം അപരിഹാരമായ നഷ്ടമാണ്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്താത്തിയോസിന്റെ നിര്യാണം. വിശുദ്ധമായ ആ ദൗത്യബോധത്തിനുമുന്നില്‍, ആതിരേ, ഞാനും നമ്രശിരസ്കനാകുന്നു.

Thursday, February 16, 2012

ബാങ്കുകളുടെ 'കൊലവെറി' തുടരുമ്പോള്‍


കാര്‍ഷിക വായ്പകള്‍ തിരിച്ചു പിടിക്കുന്ന അതേ ആവേശത്തോടെ വിദ്യാഭ്യാസ വായ്പകളും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്‌ ബാങ്കുകള്‍. വിദ്യാഭ്യാസ വായ്പ എടുത്ത്‌ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്‌. നഴ്സിംഗ്‌ പഠനത്തിനാണ്‌ ഈ വായ്പയിലധികവും എടുത്തിട്ടുള്ളത്‌. നഴ്സുമാരുടെ അവസ്ഥ എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാം. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത അവരില്‍ എത്ര പേര്‍ ജപ്തി നടപടികളെ നേരിടാന്‍ ശക്തിയില്ലാതെ ആത്മഹത്യ ചെയ്യുമെന്നതാണ്‌ കേരളത്തിന്റെ പുതിയ ആശങ്ക. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആത്മഹത്യകളായിരിക്കും ഇനി വാര്‍ത്തകളില്‍ നിറയുക. സംശയമില്ല. അപ്പോഴും ഷണ്ഡത്വം നിറഞ്ഞതും ജനവിരുദ്ധമായതുമായ നിലപാട്‌ തന്നെയായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുക.



ആതിരേ,സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ്‌ ബാങ്കുകളുടെ ഇരട്ടത്താപ്പിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെ കര്‍ഷകവിരുദ്ധ നയങ്ങളുടേയും കൊമ്പുകളില്‍ ജീവിതം അവസാനിപ്പിക്കുന്ന കര്‍ഷകരുടെ പരമ്പര തുടരുകയാണ്‌. കാക്കവയല്‍ കല്ലൂപ്പാടിക്കടുത്ത്‌ കുപ്പാടി ഇലവങ്കച്ചാലില്‍ സജീവന്‍ (38) ചൊവ്വാഴ്ച രാത്രി ആത്മഹത്യ ചെയ്തതോടെ കടക്കെണിയിലായി ആത്മഹത്യ ചെയ്തവരുടെ എണ്ണം 18 ആയി. നാലുമാസത്തിനിടയിലാണ്‌ കേരളത്തിന്റെ വിവിധ ജില്ലകളിലെ ഈ 18 കര്‍ഷകര്‍ ജീവിതം വലിച്ചെറിഞ്ഞത്‌..
ഈ ദാരുണാന്ത്യങ്ങള്‍ സര്‍ക്കാരിന്‌ മരണക്കണക്കും ബാങ്കുകള്‍ക്ക്‌ കിട്ടാക്കടവും മാത്രമാകുമ്പോള്‍ 18 കുടുംബങ്ങളാണ്‌ അനാഥത്വത്തിന്റെ , കടക്കെണിയുടെ ശ്വാസം മുട്ടല്‍ തുടര്‍ന്നും അനുഭവിക്കുന്നത്‌.
കൃഷിനാശവും വളം ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റവും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവുമൊക്കെ ചേര്‍ന്ന്‌ സൃഷ്ടിച്ച പ്രതിസന്ധി രൂക്ഷമാക്കുന്നതാണ്‌ ബാങ്കുകളുടെ ജപ്തി നടപടികള്‍. ഓരോ ആത്മഹത്യക്ക്‌ ശേഷവും ജപ്തി നടപടികളില്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസകരമായ നടപടികള്‍ ഉണ്ടാകുമെന്നും കടക്കെണിയില്‍ നിന്ന്‌ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഉപദേശവും സഹായവും ഉണ്ടാകുമെന്നും പ്രസ്താവനകളിറക്കി വഞ്ചിക്കുകയല്ലാതെ ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണകൂടമോ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളോ ശ്രമിക്കാറില്ല. വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ തുടരുന്ന ഇരട്ടത്താപ്പ്‌ നയം ഇന്നോ ഇന്നലെയോ അല്ല വിമര്‍ശന വിധേയമായത്‌. വന്‍കിട ഭൂഉടമകള്‍ക്കും വ്യവസായികള്‍ക്കും കോടികള്‍ ,ഈടുപോലുമില്ലാതെ വായ്പയായി നല്‍കുന്നിടത്താണ്‌ അഞ്ചോ ആറോ ലക്ഷം രൂപ വായ്പയായി നല്‍കിയത്‌ തിരിച്ചു പിടിക്കാന്‍ മനുഷ്യത്വത്തിന്റെ ലാഞ്ജന ലേശവുമില്ലാത്ത ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട്‌ വരുന്നത്‌.ആതിരേ, സംഘടിതമായ ഈ പ്രതിലോമനിലപാടുകളാണ്‌ കര്‍ഷക ആത്മഹത്യകള്‍ക്ക്‌ കാരണമെന്നത്‌ പുതിയ അറിവുമല്ല.
യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്‌ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വീണ്ടും ആരംഭിച്ചത്‌. കുത്തകകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത കര്‍ഷക വിരുദ്ധ നയങ്ങളുടെ പ്രയോക്താക്കളായി ഉമ്മന്‍ചാണ്ടിയും കൂട്ടരും അധികാരം ഏറ്റതോടെ കര്‍ഷകരുടെ ഗതികേട്‌ ആരംഭിക്കുകയായി. സര്‍ക്കാര്‍ കര്‍ഷകരെ കൈയ്യൊഴിഞ്ഞു എന്നു ബോധ്യമായപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന ജപ്തി നടപടികള്‍ പൂര്‍വ്വാധികം ശക്തിയോടെ ബാങ്കുകള്‍ ആരംഭിക്കുകയും കര്‍ഷക ആത്മഹത്യാവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൃഷികേന്ദ്രീകൃത സമ്പദ്ക്രമം പിന്‍പറ്റുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണതലത്തിലും നിര്‍വ്വഹകരണ രീതിയിലും വന്നു ചേര്‍ന്നിട്ടുള്ള കര്‍ഷക വിരുദ്ധ മനസ്ഥിതിയും അതു മുതലെടുക്കുന്ന ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ ബീഭത്സതയുമാണ്‌ ഈ വാര്‍ത്തകളില്‍ നിറയുന്നത്‌.
കര്‍ഷക ആത്മഹത്യകള്‍ വീണ്ടും പരമ്പരയായപ്പോള്‍ കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിന്‌ പ്രധാനപ്പെട്ട നാല്‌ പ്രഖ്യാപനങ്ങളാണ്‌, ആതിരേ, ഉണ്ടായത്‌. അതില്‍ പ്രധാനം കര്‍ഷക വായ്പകള്‍ക്ക്‌ മോറോട്ടോറിയം പ്രഖ്യാപിക്കുക എന്നതായിരുന്നു. പക്ഷേ, ആ തീരുമാനത്തിന്റെ മഷി ഉണങ്ങും മുന്‍പ്‌ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ബാങ്കുകള്‍ക്ക്‌ മുന്നോട്ട്‌ വയ്ക്കാന്‍ ഒരു ന്യായമുണ്ട്‌. മോറോട്ടോറിയം സംബന്ധിച്ച്‌ സര്‍ക്കാരില്‍ നിന്ന്‌ ഇതുവരെ രേഖാമൂലമായ അറിയിപ്പ്‌ തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല എന്നതാണത്‌. ഈ ആരോപണത്തില്‍ തെറ്റുണ്ടാകാന്‍ സാധ്യതയില്ല. കാരണം, ജനപക്ഷതീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന ജാഗ്രതാപൂര്‍ണ്ണമായ നിര്‍ബന്ധം യുഡിഎഫ്‌ സര്‍ക്കാരിനില്ല. അത്‌ ഈ സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ സ്റ്റാമ്പായി എല്ലാ മേഖലകളിലും പതിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌.
കര്‍ഷകര്‍ കാര്‍ഷിക വായ്പയെടുത്തിട്ടുള്ളത്‌ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നാണ്‌. സര്‍ക്കാരിന്റെ മോറോട്ടോറിയത്തിന്റെ പരിധിയില്‍ ഷെഡ്യൂള്‍ഡ്‌ ബാങ്കുകളെ ഉള്‍പ്പെടുത്തിയിട്ടില്ല. എത്ര കൗശലപൂര്‍വ്വം, ബുദ്ധിപൂര്‍വ്വകമായിട്ടാണ്‌ ആതിരേ, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുന്നതെന്ന്‌ ശ്രദ്ധിക്കുക. സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക്‌ അതിനനുസൃതമായി രേഖാമൂലമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നു പറയുമ്പോള്‍ കടക്കെണിയില്‍പ്പെട്ട്‌ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും കാര്യത്തില്‍ ഈ സര്‍ക്കാരിനുള്ള കരുതല്‍ എത്ര ശുഷ്കമാണെന്നറിയുക.
ജപ്തി നടപടികള്‍ സാവധാനത്തിലാക്കണമെന്നും കര്‍ഷകര്‍ക്ക്‌ വായ്പ തിരിച്ചടയ്ക്കാന്‍ സഹായകമായ ഇളവുകള്‍ ഉണ്ടാകണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത്‌ ചെവിക്കൊള്ളാനോ പ്രവര്‍ത്തിയില്‍ കൊണ്ടുവരാനോ ഒരു ബാങ്കും തയ്യാറായിട്ടില്ല. ഈ 18 ആത്മഹത്യകള്‍ക്കും പ്രത്യക്ഷ കാരണമായി പറഞ്ഞിട്ടുള്ളത്‌ ബാങ്കുകളുടെ ജപ്തി നടപടികളാണ്‌. ഓരോ ആത്മഹത്യ കഴിയുമ്പോഴെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു വന്ന വീഴ്ച പരിഹരിക്കാനും ബാങ്കുകള്‍ക്ക്‌ കൃത്യമായ നിര്‍ദ്ദേശം നല്‍കാനും അതിലൂടെ തുടര്‍ന്ന്‌ ഉണ്ടാകാവുന്ന കര്‍ഷക ആത്മഹത്യകള്‍ തടയാനും ബാധ്യസ്ഥമായ ഭരണകൂടം കാഴ്ചക്കാരായി നോക്കി നില്‍ക്കുമ്പോള്‍ ജീവന്‍ കൊണ്ട്‌ പിഴയടച്ചും മരണം കൊണ്ട്‌ പ്രായശ്ചിത്തം ചെയ്തും കടക്കെണിയോട്‌ കലഹിക്കാനേ സാധാരണ കര്‍ഷകര്‍ക്ക്‌ കഴിയുന്നുള്ളൂ.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. കാര്‍ഷിക വായ്പകള്‍ തിരിച്ചു പിടിക്കുന്ന അതേ ആവേശത്തോടെ വിദ്യാഭ്യാസ വായ്പകളും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്‌ ബാങ്കുകള്‍. വിദ്യാഭ്യാസ വായ്പ എടുത്ത്‌ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷാകര്‍ത്താക്കളും പുതിയ പ്രതിസന്ധിയിലായിരിക്കുകയാണ്‌. നഴ്സിംഗ്‌ പഠനത്തിനാണ്‌ ഈ വായ്പയിലധികവും എടുത്തിട്ടുള്ളത്‌. നഴ്സുമാരുടെ അവസ്ഥ എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാം. വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്ത അവരില്‍ എത്ര പേര്‍ ജപ്തി നടപടികളെ നേരിടാന്‍ ശക്തിയില്ലാതെ ആത്മഹത്യ ചെയ്യുമെന്നതാണ്‌ ആതിരേ കേരളത്തിന്റെ പുതിയ ആശങ്ക. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആത്മഹത്യകളായിരിക്കും ഇനി വാര്‍ത്തകളില്‍ നിറയുക. സംശയമില്ല. അപ്പോഴും ഷണ്ഡത്വം നിറഞ്ഞതും ജനവിരുദ്ധമായതുമായ നിലപാട്‌ തന്നെയായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുക.

Tuesday, February 14, 2012

വിളപ്പില്‍ശാല:പ്രതീകവും പ്രതിരോധവും


അനുരഞ്ജനമില്ലാത്ത വിധിയായി നഗരമാലിന്യവും അതില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന മാരകരോഗങ്ങളും ഗ്രാമവാസികള്‍ സഹിക്കണമെന്ന വരേണ്യവര്‍ഗ്ഗ വിധിക്കെതിരെ ഉണ്ടായ ജനകീയ പ്രതിരോധവും പ്രക്ഷോഭവുമായിരുന്നു,ഫെബ്രുവരി 13 തിങ്കളാഴ്ച തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കണ്ടത്‌.എന്തു കൊണ്ടാണ്‌ ഗൃഹമാലിന്യങ്ങളും സ്ഥാപനമാലിന്യങ്ങളും പൊതു നിരത്തില്‍ വലിച്ചെറിയുന്ന നഗരവാസിക്കെതിരെ ഹൈക്കോടതി വിധിപറയാതിരുന്നത്‌?എന്തു കൊണ്ടാണ്‌ അത്തരം സമൂഹവിരുദ്ധര്‍ക്ക്‌,നിയമലംഘകര്‍ക്ക്‌ ഹൈക്കോടതി ശിക്ഷവിധിക്കാതിരുന്നത്‌?നീതിപീഠങ്ങളും ഭരണകൂടവും പൗരവിരുദ്ധമാകുന്നത്‌ ഇത്തരം സന്ദിഗ്ധഘട്ടത്തിലാകുമ്പോള്‍ പൗരന്‌ നിയമനിഷേധിയാകാനല്ലാതെ മറ്റു മാര്‍ഗമില്ല.ആ സന്ദേശം കൂടിയാണ്‌ വിളപ്പില്‍ശാലയില്‍ നിന്ന്‌ തിങ്കളാഴ്ച കേട്ടത്‌.


ആതിരേ,വിളപ്പില്‍ശാല ഒരു പ്രതീകവും മാതൃകയുമാകുന്നു.
നഗരവാസികളുടെ മാലിന്യങ്ങള്‍ പേറാനുള്ള ദുരിതനിയോഗമാണ്‌ കേരളത്തിലെ ഗ്രാമങ്ങള്‍ക്കുള്ളതെന്ന ദുഃശാഠ്യമാണ്‌ സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടങ്ങള്‍ക്കുമുള്ളത്‌. സ്വന്തം ഭവനത്തിലെ മാലിന്യങ്ങള്‍ അന്യന്റെ വളപ്പിലെറിയുന്ന മലയാളിയുടെ സ്വതസിദ്ധമായ മാലിന്യനിര്‍മാര്‍ജന സ്വഭാവം ഇവിടെ ഭരണപരമായ ചെറ്റത്തരമാകുകയാണ്‌;അത്‌ ദുര്‍ഗന്ധപൂരിതമായി പ്രദര്‍ശിപ്പിക്കപ്പെടുകയാണ്‌.
അനുരഞ്ജനമില്ലാത്ത വിധിയായി ഈ വൃത്തികേടും അതില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന മാരകരോഗങ്ങളും ഗ്രാമവാസികള്‍ സഹിക്കണമെന്ന വരേണ്യവര്‍ഗ്ഗ വിധിക്കെതിരെ ഉണ്ടായ ജനകീയ പ്രതിരോധവും പ്രക്ഷോഭവുമായിരുന്നു, ആതിരേ തിങ്കളാഴ്ച തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കണ്ടത്‌. തലസ്ഥാന നഗരിയുടെ കുപ്പത്തൊട്ടിയായി കരുതുന്ന വിളപ്പില്‍ശാലയില്‍ മനുഷ്യര്‍ ജീവിക്കേണ്ടതില്ല എന്ന അഹന്താഭരിതമായ ചിന്താഗതിയോടെയാണ്‌ ഇതുവരെ അവിടെ നഗരമാലിന്യങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരുന്നത്‌. മാറി മാറി വന്ന നഗരസഭകളും സംസ്ഥാന ഭരണകൂടവും വിളപ്പില്‍ശാലയുടെ വീര്‍പ്പു മുട്ടലും വിമ്മിട്ടവും കാണാന്‍ കൂട്ടാക്കിയില്ല. ത്വക്ക്‌ രോഗവും ശ്വാസകോശ രോഗവും മുതല്‍ നിരവധി കഠിന വ്യാധികള്‍ പിടിപെട്ട്‌ വിളപ്പില്‍ശാല നിവാസികള്‍ തങ്ങളുടെ അവസ്ഥകളെ വെറുത്തപ്പോഴും അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഗരമാലിന്യങ്ങള്‍ കൊണ്ട്‌ മൂടാമെന്ന മൂഢസ്വര്‍ഗ്ഗത്തിലായിരുന്നു അധികാരി വര്‍ഗ്ഗം.
അതിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും ഉണര്‍ന്നപ്പോള്‍ ഭരണകൂടത്തിനും അതിന്റെ പിണിയാളുകള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. വാഗ്ദാനങ്ങള്‍ കൊണ്ട്‌ ദശാബ്ദങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ നിയമപരമായി അധിക്ഷേപിക്കാനുള്ള നടപടികളാണ്‌ പിന്നീടുണ്ടായത്‌. ഈ ഭരണകൂടഭീകരതയ്ക്ക്‌ കേരള ഹൈക്കോടതിയും കൂട്ടു നിന്നു എന്നതാണ്‌ സാധാരണ പൗരന്റെ സ്വസ്ഥത തകര്‍ക്കുന്ന വാസ്തവം. പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണെങ്കിലും പറയട്ടെ ഇന്ത്യയിലെ സാധാരണക്കാരന്‌, ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസാനത്തെ അത്താണിയാണ്‌ ന്യായാസനങ്ങള്‍. പലപ്പോഴും പൗരന്റെ അതിജീവനാവകാശം തകരാതെ കാത്തിട്ടുള്ളതും നീതിപീഠങ്ങളാണ്‌. ഒപ്പം തന്നെ സമൂഹവിരുദ്ധമായ വിധികളിലൂടെ ഭരണകൂട ഭീകരതയെ ഊട്ടിവളര്‍ത്തുന്ന നൃസംശത നീതിപീഠങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്‌.ഒരു ഉദാഹരണം : പ്ലാച്ചിമടയിലെ ഭൂഗര്‍ഭജലമൂറ്റിയ കൊക്കക്കോള കമ്പനിക്ക്‌ അനുകൂലമായ വിധി . ആ പരമ്പരയില്‍ അവസാനത്തെതായിരുന്നു തിരുവനന്തപുരം നഗരവാസികളുടെ മാലിന്യങ്ങള്‍ വീണ്ടും വിളപ്പില്‍ശാലയില്‍ നിക്ഷേപിക്കാനുള്ള ഹൈക്കോടതി ഉത്തരവ്‌.
തലസ്ഥാന നഗരം ചീഞ്ഞു നാറുന്നതുകൊണ്ടാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തത്‌ എന്നാണ്‌ യുക്തിയെങ്കില്‍ ആ യുക്തി അംഗകരിക്കുകയില്ലെന്നും അതിന്‌ പിന്നിലെ ശക്തികളെ തകര്‍ക്കുമെന്നുമുള്ള പൗരന്റെ അസന്ദിഗ്ധമായ വിധി പറച്ചിലായിരുന്നു, ആതിരേ,തിങ്കളാഴ്ച വിളപ്പില്‍ ശാലയില്‍ ദൃശ്യമായത്‌.എന്തു കൊണ്ടാണ്‌ ഗൃഹമാലിന്യങ്ങളും സ്ഥാപനമാലിന്യങ്ങളും പൊതു നിരത്തില്‍ വലിച്ചെറിയുന്ന നഗരവാസിക്കെതിരെ ഹൈക്കോടതി വിധിപറയാതിരുന്നത്‌?എന്തു കൊണ്ടാണ്‌ ഹൈക്കോടതി അത്തരം സമൂഹവിരുദ്ധര്‍ക്ക്‌,നിയമലംഘകര്‍ക്ക്‌ ി‍ക്ഷവിധിക്കാതിരുന്നത്‌?നീതിപീഠങ്ങളും ഭരണകൂടവും പൗരവിരുദ്ധമാകുന്നത്‌ ഇത്തരം സന്ദിഗ്ധഘട്ടത്തിലാകുമ്പോള്‍ പൗരന്‌ നിയമനിഷേധിയാകാനല്ലാതെ മറ്റു മാര്‍ഗമില്ല.ആ സന്ദേശം കൂടിയാണ്‌ വിളപ്പില്‍ശാലയില്‍ നിന്ന്‌ തിങ്കളാഴ്ച കേട്ടത്‌.
ഇനി ഒരിക്കല്‍ പോലും ഒരു ബാസ്ക്കറ്റ്‌ നഗരമാലിന്യം വിളപ്പില്‍ശാലയില്‍ സംസ്കരിക്കാന്‍ അനുവദിക്കുകയില്ല എന്ന്‌ മുന്‍കൂട്ടി തന്നെ സമരങ്ങളിലൂടെ സത്യഗ്രഹങ്ങളിലൂടെ സൗമ്യമായി അവിടത്തുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്‌. എന്നാല്‍, ആ മുന്നറിയിപ്പുകളെ മാലിന്യങ്ങളെക്കാള്‍ വില കുറഞ്ഞ നിലപാടെന്ന്‌ വിലയിരുത്തിയാണ്‌ സര്‍വ്വസന്നാഹങ്ങളോടെ തിങ്കളാഴ്ച വിളപ്പില്‍ശാലയിലേക്ക്‌ മാലിന്യവണ്ടികള്‍ കൊണ്ടുപോയത്‌.അതു പരാജയപ്പെട്ടപ്പോള്‍ ചൊവ്വാഴച നിരോധനാജ്ഞ പുറപ്പെടുവിച്ചു കൊണ്ടാണ്‌ ഭരണകൂടം വിളപ്പില്‍ശാലക്കരുടെ പൗരാവകാശത്തെ അഴുകിയമാലിന്യങ്ങള്‍ കൊണ്ട്‌ മൂടിയത്‌.നഗരഭരണാധികാരികളും സംസ്ഥാനഭരണകൂടവും നിര്‍ണായാകമായ ഒരു ജനകീയപ്രശ്നത്തോട്‌ എത്രയധികം ഗര്‍വോടെയാണ്‌ പ്രതികരിക്കുന്നതെന്ന്‌ മനസ്സിലാക്കുക.
സഹനത്തിന്റെ പരിധി വിട്ടു കഴിഞ്ഞാല്‍, ആതിരേ, പൗരന്റെ പ്രതികരണങ്ങള്‍ ഒരു ഭരണകൂടത്തിനും ഒരു മര്‍ദ്ദനസംവിധാനത്തിനും നിയന്ത്രിക്കാന്‍ കഴിയുകയില്ല എന്ന്‌ ചരിത്രം എത്രവട്ടം പഠിപ്പിച്ചിട്ടുള്ളതാണ്‌. പക്ഷേ ചരിത്രബോധമില്ലായ്മയെ മഹത്വമായി കരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌ കേരളത്തിലുള്ളത്‌. അതുകൊണ്ടാണ്‌ പോലീസ്‌ സംരക്ഷണത്തില്‍ വിളപ്പില്‍ശാലയിലേക്ക്‌ തലസ്ഥാനനഗരമാലിന്യം കൊണ്ടുപോകാന്‍ നഗരസഭ അദ്ധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഒരുപറ്റം ജനവിരുദ്ധ ഭരണക്കാര്‍ തയ്യാറായത്‌. ആ അഹന്തയ്ക്ക്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ്‌ വിളപ്പില്‍ശാല നഗരമാലിന്യ നിക്ഷേപത്തിനെതിരായി ഗ്രാമങ്ങളില്‍ ഉയരുന്ന പൗരപ്രതിഷേധങ്ങള്‍ക്ക്‌ മാതൃകയായിരിക്കുന്നത്‌.
ഇവിടെ തിരുവനന്തപുരം നഗരസഭയുടേ മുന്‍ അദ്ധ്യക്ഷനും ,മാര്‍ക്സിസ്റ്റ്‌ നേതാവുമായ ശിവന്‍കുട്ടി ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ച അഭിപ്രായം,അമര്‍ഷം ശ്രദ്ധിക്കേണ്ടതുണ്ട്‌.വിളപ്പില്‍ശാല നിവാസികളെ അറസ്റ്റ്‌ ചെയ്തു നീക്കി, കൊണ്ടു പോയ നഗരമാലിന്യം അവിടെ നിക്ഷേപിക്കാതിരുന്നത്‌ ഒത്തുകളിയായിരുന്നു എന്നാണയാള്‍ അഭിപ്രായപ്പെട്ടത്‌.വര്‍ഗ-ബഹുജന സഖ്യത്തിലൂടെ ഭരണകൂടഭീകരതയെ ചെറുക്കാന്‍ പഠിപ്പിച്ച രു പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല അപചയമാണിത്‌ വ്യക്തമാക്കുന്നത്‌.നഗരീകൃത മധ്യ-ഉപരിവര്‍ഗത്തിന്റെ വിസര്‍ജ്യങ്ങള്‍, അക്കൂട്ടര്‍ക്ക്‌ അലോസരമുണ്ടാക്കാതെ നീക്കം ചെയ്യുന്നതാണ്‌ ഒരു സമൂഹത്തിന്റെ മുഴുവന്‍ അതിജീവന-ആരോഗ്യപ്രശ്നത്തെക്കാള്‍ പ്രധാനമെന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌, ആതിരേ ഈ ദൂഷിതവൃന്ദം.
തിരുവനന്തപുരത്തെ വിളപ്പില്‍ശാല, തൃശൂരിലെ ലാലൂര്‍, കോട്ടയത്തെ വടവാതൂര്‍, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്‌, കണ്ണൂരിലെ പെട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഉയരുന്ന ദുര്‍ഗന്ധം ഭരണകൂടം അതിന്റെ പൗരന്മാരോട്‌ പുലര്‍ത്തുന്ന അഹങ്കാരപൂര്‍ണമായ അവഗണനയുടേയും ജനവിരുദ്ധ നിലപാടുകളുടെയും മാലിന്യം അഴുകി കെട്ടിക്കിടന്നുണ്ടായതാണ്‌. . മുകളില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലെല്ലാം നഗരമാലിന്യങ്ങളാണ്‌ നിക്ഷേപിക്കുന്നത്‌. അവിടങ്ങളിലെല്ലാം സാധാരണക്കാര്‍ വിവിധ രോഗങ്ങളാല്‍ പീഡിതരാണ്‌. തങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ പ്രദേശനിവാസികള്‍ പലവട്ടം ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളതാണ്‌. ഗതികെട്ടപ്പോള്‍ പ്രത്യക്ഷ സമരങ്ങള്‍ നടത്തിയിട്ടുള്ളതാണ്‌. അപ്പോഴെല്ലാം വാഗ്ദാനങ്ങളാല്‍ വഞ്ചിച്ച്‌ നഗരവാസിയുടെ മാലിന്യം കൊണ്ട്‌ ഇവരുടെ അതിജീവന മോഹങ്ങളെ ദുര്‍ഗന്ധഭരിതവും രോഗപൂരിതവുമാക്കുകയായിരുന്നു അതാത്‌ ഭരണകൂടങ്ങള്‍.
ആതിരേ,അധിനിവേശത്തിന്റെയും നഗരവല്‍കൃത സംസ്കാരത്തിന്റെയും കെട്ടുനാറുന്ന മാലിന്യബോധങ്ങളെ സംശുദ്ധമാക്കാനുള്ള ജനകീയ മുന്നേറ്റമായിട്ടാണ്‌ വിളപ്പില്‍ശാലയിലെ തിങ്കളാഴ്ചത്തെ മുന്നേറ്റത്തെ ഞാന്‍ വിലയിരുത്തുന്നത്‌. തൃശൂരില്‍ ലാലൂരിലെ മാലിന്യനിര്‍മാര്‍ജന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മുന്‍ നക്സലൈറ്റ്‌ നേതാവ്‌ കെ.വേണു ഫെബ്രുവരി 14 മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ്‌. കോട്ടയത്തെ വടവാതൂരില്‍ നിന്നും സമാനസ്വഭാവത്തിലുള്ള ജനകീയ പ്രതിരോധ പരിപാടികള്‍ ആരംഭിച്ചിച്ചുണ്ട്‌. കണ്ണൂരിലെ പെട്ടിപ്പാലത്തും ജനങ്ങള്‍ പ്രത്യക്ഷ സമരമുഖത്താണ്‌.
ഇത്രയൊക്കെയായിട്ടും ഭരണകൂടവും നീതിപീഠങ്ങളും നഗരവാസിയുടെ വൃത്തികെട്ട സ്വഭാവങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയും ഗ്രാമീണന്റെ ജീവിക്കാനുള്ള അവകാശത്തെ മാലിന്യം കൊണ്ട്‌ മൂടുകയും ചെയ്യുമ്പോള്‍ അതിനെതിരെ ജനകീയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബാധ്യസ്ഥതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസാംസ്കാരിക സംഘടനകളും പുലര്‍ത്തുന്ന ഉത്തരവാദിത്തമില്ലായ്മ ഈ മാലിന്യങ്ങളെക്കാള്‍ ഏറെ ദുര്‍ഗന്ധം നിറഞ്ഞതാണ്‌. മാലിന്യം സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യാന്‍ നഗരവാസിക്ക്‌ അവകാശമുള്ളത്‌ പോലെ തന്റെ പ്രദേശത്ത്‌ ആരോഗ്യത്തോടെ ജീവിക്കാന്‍ ഓരോ ഗ്രാമീണനും അവകാശമുണ്ടുണ്ട്‌. അത്‌ തടയുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്‌ അധികാരത്തിന്റെയും സൗകര്യങ്ങളുടെയും നാഗര സൗന്ദര്യത്തിന്റേയുമൊക്കെ പേരില്‍ കവര്‍ന്നെടുക്കപ്പെടുന്നത്‌. അതിനെതിരെ ഉയരുന്ന എല്ലാ ജനകീയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴാണ്‌ ,ആ സമരമുഖങ്ങളില്‍ പോരാട്ടസാന്നിദ്ധ്യമാകുമ്പോഴാണ്‌ ഒരു ഉത്തമപൗരനാണ്‌ ഞാനും നിങ്ങളുമെന്ന മേനിപറച്ചില്‍ സാര്‍ത്ഥമാകുകയുള്ളൂ. അവനവന്റെ മാലിന്യം അതിന്റെ അറവിടത്തില്‍ തന്നെ നശിപ്പിക്കാനുള്ള കേവല ഉത്തരവാദിത്തം പോലും ഏറ്റെടുക്കാന്‍ കഴിയുകയില്ലെങ്കില്‍ ആതിരേ സാക്ഷരരാണ്‌ നാമൊക്കെ എന്നെങ്ങനെ പറയാന്‍ കഴിയും. ?

Friday, February 10, 2012

ഗോവിന്ദച്ചാമിമാരില്‍ നിന്ന്‌ രക്ഷയില്ലെന്നോ...?


കേരളത്തിന്‌ കോച്ചു ഫാക്ടറിയും രണ്ടുവരിപ്പാതയും അടക്കമുള്ള റെയില്‍വേ വികസനത്തിനുള്ള ഫണ്ട്‌ നിഷേധിക്കുന്ന റെയില്‍വേ വകുപ്പ്‌ പക്ഷെ, യാത്രക്കാരെ കൊള്ളയടിക്കുന്ന ഗോവിന്ദച്ചാമിമാര്‍ക്ക്‌ യഥേഷ്ടം വിലസാനുള്ള സ്വാതന്ത്ര്യമാണ്‌ നല്‍കിയിട്ടുള്ളത്‌. ഓരു ദുരന്തം നടന്നു കഴിയുമ്പോള്‍ ഉത്കണ്ഠ കൊള്ളുകയും പ്രസ്താവനയിറക്കി ജനങ്ങളെ വഞ്ചിക്കുകയുമാണ്‌ റെയില്‍വേ വകുപ്പിന്റെയും സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെയുംരീതി. ട്രെയിനിലെ സുരക്ഷ ശക്തമാക്കാന്‍ കേരള പോലീസിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട്‌ മാസങ്ങളായി. ഇവയൊന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നു പയുമ്പോള്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക്‌ ഇവര്‍ പ്രാധാന്യമൊട്ടും നല്‍കുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌.സൗമ്യമാര്‍ സൃഷ്ടിക്കപ്പെട്ട്‌ കഴിയുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രമാണ്‌ ഇവരുടെ ഔത്സുക്യം. ഈ വഞ്ചനയാണ്‌ ഗോവിന്ദച്ചാമിമാരേയും സര്‍ദാനന്ത്‌ ദേശ്മുഖ്മരേയും സൃഷടിക്കുന്നത്‌.





ആതിരേ,കേരളത്തിന്റെ ഓര്‍മ്മകളില്‍ എന്നും നീറ്റലുണര്‍ത്തുന്ന നിണസാന്നിദ്ധ്യമായി സൗമ്യ നില്‍ക്കുന്നു. സൗമ്യയെ ട്രെയിന്‍ യാത്രക്കിടയില്‍ ഒരു മനുഷ്യമൃഗം കിരാതമായി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ്‌ ഒരാഴ്ച തികയും മുന്‍പ്‌ സമാന സ്വഭാവത്തിലുള്ള ഒരാക്രമണത്തിന്‌ ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ ഇരയായി എന്നത്‌,കേരളത്തില്‍ ട്രെയിന്‍ യാത്ര നടത്തുന്ന സ്ത്രീകളുടെ സുരക്ഷ എത്രമാത്രം ദുര്‍ബലമാണെന്ന്‌ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ 9.05-ന്‌ കുറുപ്പംതറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ട ഉടനെ വനിതാ കമ്പാര്‍ട്ടുമെന്റിലേക്ക്‌ ചാടിക്കയറിയ സാമൂഹിക വിരുദ്ധന്‍ വിദ്യാര്‍ത്ഥിനികളെ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും ജോലിക്കാരും അടക്കം 150-ഓളം സ്ത്രീകള്‍ യാത്രക്കാര്‍ കമ്പാര്‍ട്ടുമെന്റിലുണ്ടായിരുന്നു. ചാടിക്കയറിയ അക്രമി വിദ്യാര്‍ത്ഥിനികളെ ട്രെയിനില്‍ നിന്ന്‌ തള്ളി താഴെയിടാനാണ്‌ ശ്രമിച്ചത്‌. എന്നാല്‍, അവര്‍ കൈകോര്‍ത്തുപിടിച്ചു നിന്നതുകൊണ്ട്‌ രക്ഷപ്പെട്ടു. വാതിലിനടുത്ത പാസേജില്‍ നിന്നവരെയാണ്‌ തള്ളിത്താഴെയിടാന്‍ സര്‍ദാനന്ദ്‌ ദേശ്മുഖ്‌ എന്ന അക്രമി ശ്രമിച്ചത്‌.
എറണാകുളം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ഓരോ സ്റ്റേഷനിലും ട്രെയിന്‍ നില്‍ക്കുമ്പോള്‍ കമ്പാര്‍ട്ടുമെന്റുകള്‍ മാറി കയറുന്നത്‌ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. ട്രെയിന്‍ ചലിച്ചു തുടങ്ങുമ്പോഴേ ഇയാള്‍ ഉള്ളില്‍ കയറുമായിരുന്നുള്ളു.
ആക്രമണത്തെത്തുടര്‍ന്ന്‌ ഒരു പെണ്‍കുട്ടി ട്രെയിനിനുള്ളില്‍ വീഴുകയും മറ്റൊരു പെണ്‍കുട്ടി കുഴഞ്ഞു വീഴുകയും ചെയ്തു. ബോധരഹിതയായി വീണ ആപ്പാഞ്ചിറ പൂഴിക്കോല്‍ മൂന്നുപടിക്കല്‍ ജിഷ എം.ജോസ്‌ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനായിരുന്നു പാലക്കാട്‌ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ വേലുച്ചാമി ആക്രമിച്ചതും ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ ബലാത്സംഗം ചെയതും. ഇതിനിടയില്‍, തലയ്ക്കേറ്റ പരിക്കു മൂലം ആറുദിവസത്തിനുശേഷം സൗമ്യ ലോകത്തോട്‌ വിട പറഞ്ഞു. ഈ സംഭവം കേരളത്തെ പിടിച്ചുലച്ചു എന്നു മാത്രമല്ല, കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ പ്രശ്നം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.
ട്രെയിനില്‍ ഭിക്ഷക്കാരായും കമ്പാര്‍ട്ടുമെന്റ്‌ തുടയ്ക്കുന്നവരായും എത്തുന്ന അന്യസംസ്ഥാനത്തുനിന്നുള്ള ഈ ഭിക്ഷാടക സംഘം, ആതിരേ കറ തീര്‍ന്ന ക്രൂരന്മാരും മോഷ്ടാക്കളുമാണ്‌. പോക്കറ്റടിയും മാല പൊട്ടിക്കലും മാനഭംഗപ്പെടുത്തലും ഇവരുടെ മോഡസ്‌ ഓപ്പറാന്റിയില്‍പ്പെടുന്നു. യാത്രയില്‍ ഒറ്റപ്പെടുന്ന സ്ത്രീകളെയാണ്‌ ഇവര്‍ ലക്ഷ്യമിടാറുള്ളത്‌. പലര്‍ക്കും പലതും നഷ്ടപ്പെട്ടെങ്കിലും ആരും അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ തയ്യാറാകാതിരുന്നതാണ്‌ സൗമ്യ സംഭവത്തിന്‌ കാരണം.
സൗമ്യയുടെ ഘാതകനെ കോടതി വിചാരണയ്ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന വാസ്തവങ്ങള്‍ പുറത്തു വന്നത്‌. ഭിക്ഷാടകരായി പാസഞ്ചര്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്ന ഇവര്‍ വലിയൊരു അധോലോക മാഫിയയുടെ കണ്ണികളാണ്‌. ഹവാലപ്പണമിടപാടു മുതല്‍ മയക്കു മരുന്ന്‌ കച്ചവടം വരെയുള്ള സമൂഹവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്ന വന്‍കിട റാക്കറ്റുകളുടെ ചെറുകിട ഏജന്റുമാരാണ്‌ ഇവര്‍. ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ മുംബൈയില്‍ നിന്ന്‌ ലക്ഷങ്ങള്‍ സിറ്റിങ്ങ്‌ ഫീ വാങ്ങുന്ന അഭിഭാഷകനെത്തിയപ്പോഴാണ്‌ അയാളുടെ പിറകിലുള്ള സാമ്പത്തിക ശക്തിയെക്കുറിച്ച്‌ ബോധ്യമായത്‌.
സൗമ്യ സംഭവം ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയില്‍ റെയില്‍വേ പോലീസ്‌ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ ആയുധധാരിയായ പോലീസിനെ പോസ്റ്റു ചെയ്യാന്‍ തീരുമാനം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ആതിരേ ഒരുമാസം കഴിയും മുന്‍പ്‌ ഈ പോലീസിനെ പിന്‍വലിച്ചു കൊണ്ട്‌ ദക്ഷിണ ഭാരത റെയില്‍വേ കേരളത്തിലെ സ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു; അപായങ്ങളിലേയ്ക്ക്‌ തള്ളിവിടുകയായിരുന്നു.
എല്ലായ്പ്പോഴും ട്രെയിനിന്റെ പിന്നറ്റത്താണ്‌ ലേഡീസ്‌ കമ്പാര്‍ട്ടുമെന്റ്‌. ചെറിയ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമിന്‌ പുറത്തായിട്ടാകും ലോഡീസ്‌ കമ്പാര്‍ട്ട്‌ വരിക. അതുകൊണ്ട്‌ കയറാനും ഇറങ്ങാനും സ്ത്രീയാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ട്‌. ഈ നിസ്സഹായവസ്ഥ മുതലെടുത്താണ്‌ പലപ്പോഴും മോഷണ സംഘം പണം കവരുന്നതും മാല പൊട്ടിച്ചെടുക്കുന്നതും. സൗമ്യയുടെ മരണം കഴിഞ്ഞപ്പോള്‍ സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാനെന്നോണം വനിതാ കമ്പാര്‍ട്ടുമെന്റിന്റെ സ്ഥാനം ട്രെയിനിന്റെ മധ്യഭാഗത്താക്കണം എന്ന ഒരു നിര്‍ദ്ദശം വന്നിരുന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ അത്‌ തത്വത്തില്‍ അംഗീകരിച്ചെങ്കിലും നടപ്പിലാക്കാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, ട്രെയിനില്‍ പട്രോളിങ്ങ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ച പോലീസുകാരെ പിന്‍വലിക്കുകയും ചെയ്തു.
ട്രെയിന്‍ യാത്രക്കാരായ ഭിക്ഷാടക സംഘത്തെ മറയാക്കിയാണ്‌ റെയില്‍വേ അധോലോകം പ്രവര്‍ത്തിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ റെയില്‍വേ പോലീസിന്‌ വ്യക്തമായ ധാരണയുള്ളതാണ്‌. എന്നുമാത്രമല്ല റെയില്‍വേ പോലീസിന്റെ അറിവോടും അനുവാദത്തോടും കൂടിയാണ്‌ ഇത്തരം സംഘങ്ങള്‍ ട്രെയിനില്‍ വിലസുന്നത്‌. ഇവരില്‍ നിന്ന്‌ ലഭിക്കുന്ന സാമ്പത്തിക ലാഭം, നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഡിപ്പാര്‍ട്ടുമെന്റ്‌ തല നിര്‍ബന്ധത്തെ നിര്‍വീര്യമാക്കുന്നു. അതുകൊണ്ടാണ്‌ ആരോപണങ്ങള്‍ പല വട്ടം ഉയര്‍ന്നിട്ടും ട്രെയിനിലെ ഭിക്ഷാടക സംഘത്തെ നിയന്ത്രിക്കാനോ നിരോധിക്കാനോ റെയില്‍വേ പോലീസ്‌ തയ്യാറാകാതിരുന്നത്‌.
പാസഞ്ചര്‍ ട്രെയിനുകളിലെ കമ്പാര്‍ട്ടുമെന്റുകള്‍ നരക തുല്യമാണ്‌. പൊട്ടിപ്പൊളിഞ്ഞ സീറ്റും ജനലഴികളുമുള്ള ഈ കമ്പാര്‍ട്ടുമെന്റുകളില്‍ പലപ്പഓഴും വൈദ്യുതി ബന്ധം ഉണ്ടായിരിക്കുകയില്ല. ടോയ്‌ലെറ്റില്‍ വെള്ളമുണ്ടാകില്ല. കമ്പാര്‍ട്ടുമെന്റുകള്‍ ചവറു കൂനകളാണ്‌. പാറ്റയും എലിയും കൊതുകും ഇവിടെ പെറ്റും മുട്ടയിട്ടും പെരുകി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഇതിനു പുറമെയാണ്‌ ഗോവിന്ദച്ചാമിയെപ്പോലെയും സര്‍ദാനന്ത്‌ ദേശ്മുഖിനെപ്പോലെയുമുള്ള അക്രമികളുടെ അഴിഞ്ഞാട്ടം . നിന്ന്‌ ട്രെയിനില്‍ കയറി വിദ്യാര്‍ത്ഥിനികളെ അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അക്രമിയെ യാത്രക്കാരാണ്‌ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചത്‌. അപ്പോഴൊന്നും റെയില്‍വെ പോലീസിന്റെ കാക്കി സാന്നിദ്ധ്യം എങ്ങും കാണാനുണ്ടായിരുന്നില്ല. ലോക്കല്‍ പോലീസാണ്‌ അക്രമിയെ അറസ്റ്റ്‌ ചെയ്തത്‌.
കേരളത്തിന്‌ കോച്ചു ഫാക്ടറിയും രണ്ടുവരിപ്പാതയും അടക്കമുള്ള റെയില്‍വേ വികസനത്തിനുള്ള ഫണ്ട്‌ നിഷേധിക്കുന്ന റെയില്‍വേ വകുപ്പ്‌ പക്ഷെ, യാത്രക്കാരെ കൊള്ളയടിക്കുന്ന ഗോവിന്ദച്ചാമിമാര്‍ക്ക്‌ യഥേഷ്ടം വിലസാനുള്ള സ്വാതന്ത്ര്യമാണ്‌ നല്‍കിയിട്ടുള്ളത്‌. ഓരു ദുരന്തം നടന്നു കഴിയുമ്പോള്‍ ഉത്കണ്ഠ കൊള്ളുകയും പ്രസ്താവനയിറക്കി ജനങ്ങളെ വഞ്ചിക്കുകയുമാണ്‌ റെയില്‍വേ വകുപ്പിന്റെയും സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെയുംരീതി. ട്രെയിനിലെ സുരക്ഷ ശക്തമാക്കാന്‍ കേരള പോലീസിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട്‌ മാസങ്ങളായി. ഇവയൊന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നു പയുമ്പോള്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക്‌ ഇവര്‍ പ്രാധാന്യമൊട്ടും നല്‍കുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌.സൗമ്യമാര്‍ സൃഷ്ടിക്കപ്പെട്ട്‌ കഴിയുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രമാണ്‌ ഇവരുടെ ഔത്സുക്യം. ഈ വഞ്ചനയാണ്‌ ആതിരേ,ഗോവിന്ദച്ചാമിമാരേയും സര്‍ദാനന്ത്‌ ദേശ്മുഖ്മരേയും സൃഷടിക്കുന്നത്‌.

Wednesday, February 8, 2012

വരൂ,നഴ്സുമാരുടെ അവകാശപ്പോരാട്ടത്തില്‍ അണിചേരാം


സമൂഹത്തിലെ മറ്റ്‌ സേവനമേഖലകളിലും പ്രവര്‍ത്തി മണ്ഡലങ്ങളിലും വ്യാപരിക്കുന്നവര്‍ക്ക്‌ സംഘടനാ സ്വാതന്ത്ര്യമുണ്ട്‌. അതിലൂടെ മികച്ച സേവനവേതന വ്യവസ്ഥകള്‍ നേടിയെടുക്കാന്‍ അവസരങ്ങളുമുണ്ട്‌. നിശ്ചിത സമയങ്ങളില്‍, നിലവിലുള്ള മൊത്ത വിലസൂചികയുടെയും അനുബന്ധ ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച്‌ മാന്യമായ വരുമാനം അവരെല്ലാം നേടിയെടുക്കുമ്പോഴും അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ലോകത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നഴ്സുമാര്‍. ഗതികേടിന്റെ ഭൂതകാലം കുടഞ്ഞെറിഞ്ഞ്‌ മറ്റ്‌ തൊഴിലാളികള്‍ക്ക്‌ സമശീര്‍ഷരായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ്‌. എന്നുമാത്രമല്ല, ഇക്കാലമത്രയും ചൂഷണത്തിന്റെ ദൂഷിത വലയത്തില്‍ ഉഴറിയ ഇവരെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം, നാമോരൊരുത്തരും ഏറ്റെടുക്കേണ്ടതുമുണ്ട്‌.




സമാധാനകാലത്തും സമരകാലത്തും സമൂഹത്തിന്‌ ഒരുപോലെ അനുപേക്ഷണീയമായ സേവനമാണ്‌, ആതിരേ നഴ്സുമാരുടേത്‌. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ ഹൈടെക്‌ വിജയങ്ങള്‍ രോഗമോചനത്തിനിടയാകുന്നത്‌ നഴ്സുമാരുടെ സ്നേഹനിര്‍ഭരമായ, സ്വാര്‍ത്ഥ രഹിതമായ സേവനത്തിലൂടെ കരുതലിലൂടെ, പരിചരണത്തിലൂടെയാണ്‌ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായി ,.ഉപമയിലൂടെ ക്രിസ്തു ചുണ്ടിക്കാട്ടിയ നല്ല ശമരിയക്കാരന്റെ ദൗത്യം അക്ഷരാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുന്ന ഇവര്‍ പക്ഷേ, അസംഘടിതരും നിരന്തരം നിരവധി ചൂഷണങ്ങള്‍ക്ക്‌ വിധേയരാകുന്നവരുമാണ്‌. രാപകലന്യേ സേവനത്തിന്റെ സൗമ്യസാന്നിദ്ധ്യങ്ങളായി രോഗികളെ പ്രത്യാശയുടെ ശാദ്വലതീരങ്ങളിലേയ്ക്ക്‌ കൈപിടിച്ചെത്തിക്കുന്ന ഇവരില്‍ 99 ശതമാനവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ദുരിതം പേറിയുഴറുന്നവരാണ്‌..
സമൂഹത്തിലെ മറ്റ്‌ സേവനമേഖലകളിലും പ്രവര്‍ത്തി മണ്ഡലങ്ങളിലും വ്യാപരിക്കുന്നവര്‍ക്ക്‌ സംഘടനാ സ്വാതന്ത്ര്യമുണ്ട്‌. അതിലൂടെ മികച്ച സേവനവേതന വ്യവസ്ഥകള്‍ നേടിയെടുക്കാന്‍ അവസരങ്ങളുമുണ്ട്‌. നിശ്ചിത സമയങ്ങളില്‍, നിലവിലുള്ള മൊത്ത വിലസൂചികയുടെയും അനുബന്ധ ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച്‌ മാന്യമായ വരുമാനം അവരെല്ലാം നേടിയെടുക്കുമ്പോഴും അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ലോകത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നഴ്സുമാര്‍.
അവരിലും സംഘടനാ ബോധവും അവകാശ ബോധവും ആനുകൂല്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാനുള്ള സന്നദ്ധതയും ഇപ്പോള്‍ ഉന്നിദ്രമാകുകയാണ്‌. ദശാബ്ദങ്ങളായി നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ്‌, ആതിരേ, കേരളത്തില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ ഇന്ന്‌ സമരം ചെയ്യുന്നത്‌ . അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമുള്ള വേതന വ്യവസ്ഥയില്ലാതെയാണ്‌ നഴ്സുമാര്‍ സേവനമനുഷ്ഠിക്കുന്നത്‌. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നതാണ്‌ ലോകത്തൊഴിലാളി വര്‍ഗ്ഗ മുദ്രാവാക്യം. മറ്റു മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പൂര്‍ണമായി ഈ അവകാശത്തിന്റെ ഗുണഭോക്താക്കളായി സ്വാസ്ഥ്യം അനുഭവിക്കുമ്പോഴാണ്‌ ദിവസം 20 മണിക്കൂറോളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകുന്നത്‌. ഇന്ന്‌ ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികളും ഇവര്‍ തന്നെയാണ്‌. എന്നാല്‍, ഇവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിക്കാനും ഇതുവരെ വിപ്ലവപാര്‍ട്ടികള്‍ പോലും തയ്യാറായിട്ടില്ല സാക്ഷര കേരളത്തിന്‌, പ്രബുദ്ധ കേരളത്തിണ്‌ ഇതില്‍ പരം അപമാനം വേറെന്തുണ്ട്‌?!
ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അസംഘടിത മേഖലകളില്‍പോലും ഒരു തൊഴിലാളിക്ക്‌ ഏറ്റവും അധികം വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണ്‌. സംഘടന കൊണ്ട്‌ ശക്തരായി, വിദ്യകൊണ്ട്‌ പ്രബുദ്ധരായി, അവകാശ പോരാട്ടമുഖങ്ങളില്‍ അഗ്നിശലാകകളായി ജ്വലിച്ച്‌ തൊഴില്‍ മേഖലയില്‍ അനുവദനീയമായിട്ടുള്ള ആനുകൂല്യങ്ങളെല്ലാം മറ്റ്‌ തൊഴില്‍ മേഖലയിലുള്ളവര്‍ നേടിയെടുക്കുമ്പോള്‍, അതിനായി അവരെ സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അഹമഹമിഹയ മത്സരിക്കുമ്പോഴാണ്‌, ആതിരേ അസംഘടിത വിഭാഗമായി സാമ്പത്തികവും ശാരീരികവുമായ ചൂഷണങ്ങള്‍ക്ക്‌ വിധേയരാകാന്‍ കേരളത്തിലെ നഴ്സുമാര്‍ വിധിക്കപ്പെട്ടിരിക്കുന്നത്‌.
ഗതികേടിന്റെ ഭൂതകാലം കുടഞ്ഞെറിഞ്ഞ്‌ മറ്റ്‌ തൊഴിലാളികള്‍ക്ക്‌ സമശീര്‍ഷരായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണ്‌. എന്നുമാത്രമല്ല, ഇക്കാലമത്രയും ചൂഷണത്തിന്റെ ദൂഷിത വലയത്തില്‍ ഉഴറിയ ഇവരെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം,ആതിരേ നാമോരൊരുത്തരും ഏറ്റെടുക്കേണ്ടതുമുണ്ട്‌.
വിവിധ സമുദായങ്ങളും സംഘടനകളുമായി ബന്ധപ്പെട്ടാണ്‌ കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്‌. സ്നേഹം, സൗമനസ്യം, സേവനം, സഹകരണം,നിസ്വാര്‍ത്ഥത,പ്രയ്ത്നശീലം തുടങ്ങിയ സദ്സ്വഭാവ വ്യാപനത്തിലൂടെ ആരോഗ്യവും വിവേകവുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ദൗത്യത്തില്‍ മറ്റാരേക്കാളും നിഷ്ഠാബദ്ധരായി സേവനമനുഷ്ഠിക്കുന്നവരാണ്‌ നഴ്സുമാര്‍. പക്ഷേ, അത്‌ കാണാന്‍ നമുക്ക്‌ കണ്ണില്ലാതെ പോയി. ശുഭ്രവസ്ത്രത്തിനുള്ളിലെ നഴ്സുമാരുടെ പിടയ്ക്കുന്ന ഹൃദയവും തോരാ കണ്ണീരും നാം ശ്രദ്ധിച്ചില്ല. എന്നാല്‍, ഇനി ഞങ്ങള്‍ നിങ്ങളുടെ അടിമകളവില്ല എന്ന ദൃഢപ്രതിജ്ഞയോടെ സമരസജ്ജരായി അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭശലാകകളാകുകയാണ്‌ നഴ്സുമാര്‍.
ജീവിക്കാന്‍ വേണ്ടിയുള്ള ഇവരുടെ ഈ പോരാട്ടത്തെ ഗുണ്ടാബലം കൊണ്ടും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ മുതലാക്കിയും അടിച്ചമര്‍ത്താനും ശിഥിലമാക്കാനുമാണ്‌ മാനേജുമെന്റുകളുടെ ശ്രമം. ലോകത്തിന്‌ സ്നേഹത്തിന്റെ പുതിയ മാര്‍ഗ്ഗം ഉപദേശിക്കുന്ന മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കുന്ന അമൃതാനന്ദമയി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള അമൃത ഹോസ്പിറ്റലില്‍ മാന്യമായ സേവന-വേതന വ്യവസ്ഥകള്‍ക്കുവേണ്ടി പോരാടിയ നഴ്സുമാരെ ഗുണ്ടകളെ ഉപയോഗിച്ച്‌ ശാരീരികമായി നേരിട്ടാണ്‌ മാനേജുമന്റ്‌ തങ്ങളുടെ ക്രിമിനല്‍ മെന്റാലിറ്റി വ്യക്തമാക്കിയത്‌. കൊല്ലം ശങ്കേഴ്സ്‌ ആശുപത്രിയിലും സമാന സ്വഭാവത്തിലുള്ള ആക്രമണമാണ്‌ സമരം ചെയ്ത നഴ്സുമാര്‍ക്കു നേരെ ഉണ്ടായത്‌. അവിടെ ഗര്‍ഭിണിയായ നഴ്സിനെ പോലും ഉപദ്രവിക്കാന്‍ മാനേജുമെന്റിന്‌ മനഃസാക്ഷിക്കുത്തുണ്ടായില്ല. ഇപ്പോള്‍ ലേക്ഷോര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളേജിലും നടക്കുന്ന സമരം പൊളിക്കാന്‍ ഇരു മാനേജുമെന്റും കൊണ്ടു പിടിച്ച്‌ ശ്രമിക്കുകയാണ്‌. സമരം നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ലേക്ഷോര്‍ മാനേജ്മെന്റിന്‌ കനത്ത ശാസനയാണ്‌ കോടതിയില്‍ നിന്ന്‌ ലഭിച്ചത്‌. കഴിഞ്ഞവര്‍ഷം 900 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജുമെന്റാണ്‌ ഈ ചെറ്റത്തരം കാണിക്കുന്നത്‌. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും കോഴിക്കോട്‌ നാഷണല്‍ ആശുപത്രിയിലും നഴ്സുമാരുടെ സംഘടനാ ബോധം പുതിയ സമര തലത്തിലേക്ക്‌ വളര്‍ന്നിരിക്കുകയാണ്‌. വടക്കേ ഇന്ത്യയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരുടെ ദാരുണാവസ്ഥ തിരിച്ചറിഞ്ഞ്‌ അവരെ സംഘടിപ്പിക്കാന്‍ സന്നദ്ധയായ ഉഷ കൃഷ്ണകുമാറിന്റെ (മുന്‍ കേന്ദ്രമന്ത്രി കെ.കൃഷ്ണകുമാറിന്റെ ഭാര്യ)സേവനവും സന്നദ്ധതയും സമര്‍പ്പണവും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. അവരെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ..ഇതെഴുതുമ്പോള്‍ കോലഞ്ചേരിയിലെ സമരമുഖത്ത്‌ ഉഷാ കൃഷ്ണകുമാറുണ്ട്‌; സര്‍ക്കാരുമായും തൊഴില്‍ വകുപ്പുമായുള്‍ല അനുരഞ്ജ്ന ചര്‍ച്ചകളില്‍ നഴ്സുമാരുടെ ഭാഗം വീറോടെ വാദിക്കുന്നുമുണ്ട്‌
കേരളത്തിലെ നഴ്സുമാര്‍ ആരംഭിച്ചിട്ടുള്ള ഈ സമരം ഹോസ്പിറ്റല്‍ മാനേജുമെന്റുകള്‍ ഇതുവരെ തുടര്‍ന്നുപോന്ന ചൂഷണത്തിന്റെ കിരാത തലങ്ങളെ തകര്‍ത്ത്‌ സേവനത്തിന്‌ മാന്യമായ പ്രതിഫലം നല്‍കുന്ന അവസ്ഥയിലേക്ക്‌ അവരെ കൊണ്ടെത്തിക്കും, സംശയമില്ല. പഠിക്കാന്‍ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ പ്രതിമാസം 8000 രൂപയോളം ആവശ്യമുള്ള നഴ്സുമാരെയാണ്‌ മാനേജുമെന്റുകള്‍ ഇത്രയ്ക്ക്‌ ക്രൂരമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്‌. ഈ ചൂഷിതരെ കാണാനും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഇടപെടാനും അവരെ പുതിയ സമരശക്തിയായി വളര്‍ത്തിയെടുക്കാനും ബാധ്യതയുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂഷകരായ മാനേജുമെന്റുകളുടെ അഞ്ചാം പത്തിയായി അധഃപതിച്ചതാണ്‌ നഴ്സുമാരുടെ അവസ്ഥ ഇത്രത്തോളം ദയനീയമാകാന്‍ കാരണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമില്ലാതെ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന നഴ്സുമാരോട്‌ ആതിരേ, നമുക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം,സര്‍വ്വ വിജയവും ആശംസിക്കാം.

Tuesday, February 7, 2012

കിളിരൂര്‍: ഒരു സത്യം കൂടി നിലവിളിക്കുന്നു


ശാരിയുടെ രക്തത്തിലെ ചെമ്പിന്റെ അംശത്തിന്റെ കാര്യത്തില്‍ സിബിഐ സ്വീകരിച്ച മാനദണ്ഡം അംഗീകരിച്ചാല്‍ ഡിഎന്‍എ ടെസ്റ്റും തെറ്റാണെന്ന്‌ വാദിക്കേണ്ടി വരും. ഹൈദ്രാബാദിലോ മേറ്റ്വിടെയെങ്കിലുമോ ഡിഎന്‍എ ടെസ്റ്റ്‌ നടത്തിയാല്‍ തീര്‍ച്ചയായും മറിച്ചൊരു റിസല്‍ട്ടായിരിക്കില്ലേ ലഭിക്കുക? അപ്പോള്‍ ശാരിയുടെ കുഞ്ഞിന്റെ പിതാവും മറ്റൊരാളാകും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട്‌ ആ സാധു പെണ്‍കുട്ടിയെ കടിച്ചു കീറിയ കാമഭ്രാന്തന്മാരെ രക്ഷിച്ചെടുക്കുന്നതില്‍ സിബിഐ വിജയിച്ചു. പലകോടികള്‍ ഇതിനവര്‍ക്ക്‌ പ്രതിഫലം ലഭിച്ചിരിക്കാം. പക്ഷേ, ഒന്നു പറയാം ഈ കോടികള്‍ കൊണ്ട്‌ സത്യത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച്‌ രസിച്ച സമൂഹത്തിലെ മാന്യന്മാരുടെ മുഖം മൂടി വലിച്ചു കീറാന്‍ സിസ്റ്റര്‍ അഭയയെപ്പോലെ ശാരിയും അനഘയും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം തീര്‍ച്ചയായും വരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ആ നാളുകള്‍ക്കായി കാത്തിരിക്കുന്നു.



ആതിരേ, കവിയൂരിലെ നാരായണന്‍ നമ്പൂതിരിയെ മകള്‍ അനഘയുടെ പീഡകനാക്കിയ സിബിഐ കിളിരൂരിലെ ശാരിയെ വേശ്യയാക്കി പോലീസ്‌ ക്രിമിനലിസത്തിന്റെ തൊപ്പിയില്‍ ജുഗുപ്സയുടെ പുത്തനൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തിരിക്കുന്നു. ശാരിയുടെ ' വേശ്യാവൃത്തി 'യുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ കുറ്റവാളികളാണെന്ന്‌ സിബിഐ പ്രത്യേക കോടതിയും വിധിച്ചിരിക്കുന്നു.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ കടിച്ചുകുടഞ്ഞ്‌ രസിക്കുന്ന കാമഭ്രാന്തന്മാരായ വിവിഐപികളെ സംരക്ഷിക്കാനുള്ള അശ്ലീലഭരിതമായ സംവിധാനമാണ്‌ സിബിഐ എന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സിബിഐയിലെ
ലൈംഗീകവൈകൃതം ബാധിച്ച കാട്ടാള മനസ്സുകള്‍ക്ക്‌,
പൊതുനിരത്തില്‍,
പകല്‍ വെട്ടത്തില്‍ ,
വിരല്‍ മറ പോലുമില്ലാതെ
ബലാത്സംഗം ചെയ്യാനുള്ള
നിസ്സഹായതകളാണ്‌
സത്യവും നീതിയുമെന്ന്‌
വീണ്ടും വീണ്ടും
ഭരണകൂടം ബോദ്ധ്യപ്പെടുത്തുകയാണ്‌
എട്ടുവര്‍ഷത്തെ, പലസ്വഭാവത്തിലുള്ള അന്വേഷണങ്ങള്‍ക്ക്‌ ശേഷം കിളിരൂരിലെ ശാരിയെ വേശ്യയാക്കി മുദ്രകുത്തി സിബിഐ കേസന്വേഷണം അട്ടിമറിക്കുമ്പോള്‍ ഊറിച്ചിരിക്കുകയാണ്‌, ആതിരേ ശാരിയെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കിയ മാന്യന്മാര്‍. മുന്‍മന്ത്രി എം.എ.ബേബി, ബേബിയുടെ പുത്രന്‍ അശോക്‌ ബേബി, മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനീഷ്‌ കോടിയേരി, ജോയി ആലുക്കാസ്‌, ഏഷ്യാനെറ്റ്‌ മോഹന്‍, പോലീസ്‌ സൂപ്രണ്ട്‌ എന്‍.ഗോപിനാഥ്‌, സജി നന്ത്യാട്ട്‌, കണ്ഠരര്‌ മോഹനര്‌ തുടങ്ങി കേസ്‌ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പീഡക ലിസ്റ്റില്‍ ഉണ്ടായിരുന്ന ഈ മാന്യന്മാരെയെല്ലാം ഇപ്പോള്‍ സിബിഐ, മമോദീസമുക്കി വിശുദ്ധരാക്കിയിരിക്കുന്നു.അവശേഷിക്കുന്ന ലതാ നായര്‍, പ്രവീണ്‍, മനോജ്‌, കൊച്ചുമോന്‍, പ്രശാന്ത്‌ എന്നിവര്‍ മാത്രമാണ്‌ ഇപ്പോള്‍ കോടതി മുന്‍പാകെ പ്രതികള്‍. അപ്പോള്‍ കേവലമൊരു ട്രാന്‍സ്പോര്‍ട്ട്‌ കണ്ടക്ടറായ പ്രവീണിന്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാ നായര്‍ ശാരിയെ നാടാകെ കൊണ്ടു നടന്നത്‌? ലതാ നായരടക്കമുള്ളവര്‍ക്ക്‌ ഇന്ന്‌ കോടതി ശിക്ഷ വിധിക്കുമ്പോള്‍ രാജ്യത്തെ പരമോന്നത അന്വേഷണസംഘവും ന്യായാസനങ്ങളും കൈകോര്‍ത്ത്‌ എത്ര ക്രൂരമായാണ്‌ സത്യത്തെ പിച്ചിച്ചീന്തി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്‌ ഒരു വട്ടം കൂടി പൊതുസമൂഹത്തിന്‌ ബോധ്യമാവുകയാണ്‌.
സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു കുടുംബത്തില്‍ നിന്ന്‌ സീരിയല്‍- സിനിമ ഭ്രമത്തിന്‌ അടിമയായ സാധാരണക്കാരിയായ കൗമാരക്കാരിയായിരുന്നു കിളിരൂരിലെ ശാരി. ഈ രംഗത്ത്‌ നടക്കുന്ന ലൈംഗിക ചൂഷണത്തിന്‌ നിരന്തരം ശാരി ഇരയായതും ലത നായര്‍ എന്ന റോയല്‍ പിമ്പ്‌ ശാരിയെ സമൂഹത്തിലെ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന ലൈംഗിക ഭ്രാന്തമാരുടെ കിടപ്പറകളിലെത്തിച്ചതും കേരളത്തെ വല്ലാതെ പിടിച്ചുലച്ച വാസ്തവങ്ങളാണ്‌. ആ ക്ഷോഭത്തില്‍ നിന്ന്‌ ഇനിയും മോചിതരല്ലാത്ത സാക്ഷരസമൂഹത്തെ പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ്‌, ആതിരേ വിവിഐപികളായ കുറ്റവാളികളെ, കവിയൂര്‍ കേസിലെന്നപോലെ, കിളിരൂര്‍ കേസിലും സിബിഐ മോചിപ്പിച്ചെടുത്തിരിക്കുന്നത്‌.
സിബിഐയുടെ അന്വേഷണവും സിബിഐ കോടതി വിധിയും ഉത്തരങ്ങളല്ല മറിച്ച്‌ ചോദ്യങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. ശാരിയുടെ ശരീരം ആസ്വദിച്ചവര്‍ ആരെല്ലാം, ശാരിയെ വകവരുത്തിയവരാരെല്ലാം, അതിന്‌ ഗൂഢാലോചന നടത്തിയവര്‍ ആരെല്ലാം തുടങ്ങിയ നിര്‍ണ്ണായക ചോദ്യങ്ങള്‍ പൊതുസമൂഹം ഇപ്പോഴും ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ നീതി കാംക്ഷിക്കുന്നവരുടെയെല്ലാം മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്‌ സിബിഐ ശാരിയെ വേശ്യയാക്കിയതും വേശ്യാവൃത്തിക്ക്‌ സിബിഐ കോടതി അഞ്ചുപേര്‍ക്ക്‌ ശിക്ഷ വിധിക്കാനൊരുങ്ങുന്നതും.ം. ശാരിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാനല്ല സിബിഐ ചുമതലപ്പെടുത്തിയതെന്നാണ്‌ അഭിഭാഷകന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്‌. ശാരി എന്ന വേശ്യയെ സൃഷ്ടിക്കാനും ലൈംഗിക ഭ്രാന്തന്മാരായ വിഐപികളെ രക്ഷിക്കാനും സിബിഐ എന്നൊരു സംവിധാനം അനിവാര്യമായിരുന്നോ? ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ വിവരങ്ങള്‍ പോലും കണ്ടെത്താതെ അല്ലെങ്കില്‍ കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ടാണ്‌ കുറ്റപത്രം സമര്‍പ്പിച്ചതും അതിനനുസൃതമായ വിചാരണ നടത്തിയതും .
വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തിക ശക്തിയല്ലാത്ത ശാരിയുടെ മാതാപിതാക്കള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടത്‌ വിചാരണക്കിടയിലാണ്‌ അറിഞ്ഞത്‌. അതുകൊണ്ടു തന്നെ അന്വേഷണം യുക്തിസഹസഹമല്ലെന്നും ഏകപക്ഷീയവും പ്രമാണിമാരായ പ്രതികളെ രക്ഷിക്കാനാണെന്നും അവര്‍ കോടതിയില്‍ പറഞ്ഞിട്ടും സാങ്കേതികമായ കാരണങ്ങളാല്‍ അത്‌ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. സമൂഹത്തില്‍ നിര്‍ണ്ണായക ശക്തിയല്ലാത്ത നിസ്സഹായ ജന്മങ്ങളെ എങ്ങനെയാണ്‌ നിലവിലിരിക്കുന്ന നീതിപാലന സംവിധാനങ്ങള്‍ വഞ്ചിക്കുന്നതെന്നതിന്റെ ഏറ്റവും ദാരുണദൃഷ്ടാന്തങ്ങളാണ്‌, ആതിരേ കിളിരൂരിലെ ശാരിയും കവിയൂരിലെ അനഘയും.
കിളിരൂര്‍-കവിയൂര്‍ കേസുകളുടെ അന്വേഷണം വിഭജിച്ചപ്പോള്‍ തന്നെ അട്ടിമറിയും പൂര്‍ണ്ണമായി എന്നതാണ്‌ നേര്‌. ലതാ നായര്‍ എന്ന റോയല്‍ പിമ്പിന്റെയും അവരുടെ ഇടപാടുകാരുടെയും ഇരകളായിരുന്നു ശാരിയും അനഘയും. എന്നാല്‍ ഈ ഇടപാടുകാര്‍ കേരള രാഷ്ട്രീയത്തിലെയും വാണിജ്യ-മാധ്യമ- മത മേഖലകളിലെയും ഉന്നതന്മാരായതുകൊണ്ട്‌ വേട്ടക്കാരെ വെറുതെ വിട്ട്‌ ഇരകളെ വീണ്ടും വീണ്ടും കടിച്ചു കുടയുന്ന ക്രൂരതയാണ്‌ സിബിഐ അന്വേഷണത്തിലും കോടതി വിധിയിലും ദൃശ്യമാകുന്നത്‌.
ശാരിയുടെ മരണം ഇനിയും ദുരൂഹമായി തുടരുന്നു. അവിഹിത ഗര്‍ഭമായിരുന്നെങ്കിലും സുഖപ്രസവമായിരുന്നു ശാരിയുടേത്‌. ആ ശാരിക്ക്‌ എന്തിന്‌ പിന്നീട്‌ ലാപ്രോസ്കോപ്പ്‌ ശസ്ത്രക്രിയ നടത്തി ?. ലാപ്രോസ്കോപ്പ്‌ ശസ്ത്രക്രിയയില്‍ കുടലിനുണ്ടായ മുറിവും അതുമൂലം സംജാതമായ സെപ്റ്റിസീമിയയുമാണ്‌ ശാരിയുടെ മരണത്തിന്‌ കാരണമെന്ന്‌ ഒരു ഡോക്ടര്‍ തന്നെ മൊഴി കൊടുത്തപ്പോള്‍ അണിയറയില്‍ നടന്ന ഉന്മൂലന നാടകം എത്രമാത്രം പൈശാചികമായിരുന്നു എന്ന്‌ തിരിച്ചറിയുക. ശാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലതാ നായര്‍ നല്‍കിയ ടോണിക്കും അതു സൃഷ്ടിച്ച രക്തവിഷവും സൗകര്യപൂര്‍വ്വം സിബിഐ തമസ്കരിച്ചു. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം അതീവ ഗുരുതരമായി വര്‍ദ്ധിച്ചതാണ്‌ മരണകാരണമെന്ന തിരുവനന്തപുരം അനലറ്റിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ട്‌ തെറ്റാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ ഹൈദ്രാബാദില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ വരുത്തിയ ബുദ്ധികേന്ദ്രങ്ങള്‍ക്ക്‌ ഇപ്പോള്‍ സന്തോഷമായിട്ടുണ്ടാകും. പക്ഷേ, അപ്പോഴും അവശേഷിക്കുന്നത്‌ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്‌. ശാരിയുടെ കുഞ്ഞ്‌ സ്നേഹയുടെ പിതാവ്‌ പ്രവീണ്‍ ആണെന്ന്‌ ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചത്‌ ഇതേ ലബോറട്ടറി തന്നെയാണ്‌. ശാരിയുടെ രക്തത്തിലെ ചെമ്പിന്റെ അംശത്തിന്റെ കാര്യത്തില്‍ സിബിഐ സ്വീകരിച്ച മാനദണ്ഡം അംഗീകരിച്ചാല്‍ ഡിഎന്‍എ ടെസ്റ്റും തെറ്റാണെന്ന്‌ വാദിക്കേണ്ടി വരും. ഹൈദ്രാബാദിലോ മേറ്റ്വിടെയെങ്കിലുമോ ഡിഎന്‍എ ടെസ്റ്റ്‌ നടത്തിയാല്‍ തീര്‍ച്ചയായും മറിച്ചൊരു റിസല്‍ട്ടായിരിക്കില്ലേ ലഭിക്കുക? അപ്പോള്‍ ശാരിയുടെ കുഞ്ഞിന്റെ പിതാവും മറ്റൊരാളാകും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട്‌ ആ സാധു പെണ്‍കുട്ടിയെ കടിച്ചു കീറിയ കാമഭ്രാന്തന്മാരെ രക്ഷിച്ചെടുക്കുന്നതില്‍ സിബിഐ വിജയിച്ചു. പലകോടികള്‍ ഇതിനവര്‍ക്ക്‌ പ്രതിഫലം ലഭിച്ചിരിക്കാം. പക്ഷേ, ഒന്നു പറയാം ഈ കോടികള്‍ കൊണ്ട്‌ സത്യത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല, ആതിരേ. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച്‌ രസിച്ച സമൂഹത്തിലെ മാന്യന്മാരുടെ മുഖം മൂടി വലിച്ചു കീറാന്‍ സിസ്റ്റര്‍ അഭയയെപ്പോലെ ശാരിയും അനഘയും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം തീര്‍ച്ചയായും വരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ആ നാളുകള്‍ക്കായി കാത്തിരിക്കുന്നു.

Monday, February 6, 2012

'അന്ത്യ അത്താഴം': മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വഞ്ചനയും മനോരമയുടെ ചെറ്റത്തരവും


അന്ത്യ അത്താഴചിത്രത്തെ വിവിധ വിഷയങ്ങളില്‍ വിമര്‍ശനത്തിനുള്ള ചേരുവയാക്കി മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്‍പും ഉപയോഗിച്ചിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാതിരുന്ന മതബോധവും ക്രിസ്തു- മതവിശ്വാസ -സംരക്ഷണ- ത്വരയുമൊക്കെ ഇപ്പോള്‍ ഉയരുമ്പോള്‍, അത്‌ ക്രിസ്തുവിനെ കൂട്ടുപിടിച്ച്‌ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടാനുള്ള സിപിഎം-ന്റെ നീചമായ നീക്കത്തെക്കാള്‍ അപായകരമാണെന്ന്‌ പറയേണ്ടി വരും. ക്രിസ്തുവിനെ നിന്ദിക്കുകയായിരുന്നില്ല സിപിഎം ചെയ്തത്‌. പക്ഷേ, ആണെന്ന്‌ വരുത്തി തീര്‍ത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്‌ മലയാളമനോരമയും കേരളത്തിലെ മതപുരോഹിതന്മാരും വിശ്വാസിസംഘടനാ നേതാക്കന്മാരുമാണ്‌. തീര്‍ച്ചയായും രണ്ടു കൂട്ടരും കേരളത്തിലെ സാക്ഷര സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തെയും മതനിരപേക്ഷതയെയുമാണ്‌ വെല്ലുവിളിച്ചത്‌;മതസാക്ഷരരായ മലയാളികളെയാണ്‌ വിഡ്ഢികളാക്കുന്നത്‌.




ആതിരേ, സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി, ക്രിസ്തുമത വിശ്വാസികള്‍ ആദരപൂര്‍വ്വം കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം- അവസാനത്തെ അത്താഴം - മോര്‍ഫ്‌ ചെയ്ത്‌ തിരുവനന്തപുരം തൃക്കണാപുരം, കുന്നപ്പുഴ പാര്‍ക്ക്‌ ജംഗ്ഷന്‍, പേരൂര്‍ക്കോണം തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്ലക്സ്‌ ബോര്‍ഡുകളായി പ്രദര്‍ശിപ്പിച്ചത്‌ വിശ്വാസികള്‍ക്കിടയിലും സഭാ നേതൃത്വത്തിലും പൊതുസമൂഹത്തിലും എതിര്‍പ്പിന്റെ അലകളുയര്‍ത്തിയിരിക്കുകയാണ്‌.
ഈ ഫ്ലക്സ്‌ ബോര്‍ഡുകളില്‍ യേശുക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യഗണങ്ങളെ കോണ്‍ഗ്രസ്‌-ബിജെപി നേതാക്കളാക്കിയും പരിഹസിച്ചതോടെ സിപിഎം ഇപ്പോള്‍ സ്വയം കുരിശില്‍ തറക്കപ്പെട്ട അവസ്ഥയിലാണ്‌. യേശുക്രിസ്തുവിനെ വിമോചന പോരാളിയായും ക്രിസ്തുമതത്തെ കമ്യൂണിസമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ മിശിഹായായും മാറ്റിപ്പുകഴ്ത്തി വിവാദത്തിലായതിനുപുറകെയാണ്‌ അന്ത്യ അത്താഴ ചിത്ര മോര്‍ഫിങ്ങിലൂടെ മതപുരോഹിതന്മാരുടെയും വിശ്വാസി സംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനത്തിന്‌ സിപിഎം വിഷയമായിട്ടുള്ളത്‌.
'മാര്‍ക്സ്‌ ആണ്‌ ശരി' എന്ന ചിത്രപ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിനെ ഉള്‍പ്പെടുത്തിയതിന്‌ പിണറായി വിജയനും വി.എസ്‌.അച്യുതാനന്ദനും അടക്കമുള്ള നേതാക്കള്‍ നല്‍കിയ വിശദീകരണം അമര്‍ത്തിയ ചിരിയോടെയാണ്‌ കേരളം കേട്ടത്‌. യേശുക്രിസ്തുവിനെ വിപ്ലവകാരിയായി ഇപ്പോള്‍ പിണറായി അടക്കമുള്ളവര്‍ പാടിപ്പുകഴ്ത്തുമ്പോള്‍ അതിനു പിന്നിലെ ഗൂഢരാഷ്ട്രീയ നീക്കം തിരിച്ചറിയാനുള്ള പക്വത കേരളീയര്‍ക്കുണ്ട്‌. നേതാക്കന്മാര്‍ എന്തെല്ലാം വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ക്രിസ്തുവിനെയും ക്രിസ്തുമത മൂല്യങ്ങളെയും ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളപ്പെടുത്തലുകളെയും കൂട്ടുപിടിച്ച്‌ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനുള്ള തരംതാണ പ്രചാരണ പരിപാടിയാണ്‌ സിപിഎം ആരംഭിച്ചിട്ടുള്ളത്‌.
20-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‌ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം തുടങ്ങും വരെ യേശുക്രിസ്തുവിനെ കമ്യൂണിസത്തിന്റെ വിരോധിയായും മുതലാളിത്തത്തിന്റെ മുതലെടുപ്പ്‌ ചിഹ്നമായും വിശേഷിപ്പിച്ചവരാണ്‌, ആതിരേ, ഒരു സുപ്രഭാതത്തില്‍ യേശുക്രിസ്തുവിലെ വിമോചന പോരാളിയെ തിരിച്ചറിഞ്ഞ്‌ വേദികളില്‍ പുതിയ വിപ്ലവ പ്രതീകമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ആസന്നമായ പിറവം ഉപതെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടാകാവുന്ന രാഷ്ട്രീയ മലക്കം മറിച്ചിലുകളും അധികാര മാറ്റവും മുന്‍കൂട്ടി കണ്ട്‌ നന്നായി ഗൃഹപാഠം ചെയ്ത്‌ തയ്യാറാക്കിയ മുതലെടുപ്പ്‌ പദ്ധതിയാണ്‌ ഇവയെന്ന്‌ വിവേക ശാലികളായി കേരളീയര്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ഈ പ്രശ്നങ്ങളെ മതപരമോ വിശ്വാസപരമോ ആയ വിവാദമായി കാണാതെ രാഷ്ട്രീയ കരുനീക്കവും പ്രചാരണവുമായി സ്വീകരിച്ച്‌ തള്ളിക്കളഞ്ഞ അവസ്ഥയിലാണ്‌ മലയാളത്തിലായിരുന്നു.അപ്പോഴാണ്‌ മലയാളമനോരമ അന്ത്യഅത്താഴ വിവാദം പൊക്കിക്കൊണ്ടു വന്നത്‌. കാള പെറ്റെന്ന്‌ കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മൂഢന്മാരാണ്‌ കേരളത്തിലെ മതപുരോഹിതന്മാരും വിശ്വാസി സംഘടനാനേതാക്കളും യുഡിഎഫിന്റെ അമരത്തിരിക്കുന്നവരും എന്ന്‌ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന അഭിപ്രായ പ്രകടനങ്ങളും വികാരവിക്ഷോഭങ്ങളും വ്യക്തമാക്കുന്നു. സാക്ഷര കേരളത്തിന്‌ തീര്‍ത്തും അപമാനകരമായ പ്രതികരണങ്ങളാണ്‌, ആതിരേ, ബഹുമാന്യരെന്ന്‌ കരുതിപ്പോന്നിരുന്ന മതപുരോഹിതന്മാരില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ്‌ ശമിപ്പതുണ്ടോ എന്ന ന്യായത്തില്‍ സിപിഎം-ന്റെ യേശുക്രിസ്തു സ്നേഹത്തെ തള്ളിക്കളഞ്ഞാല്‍ മതിയായിരുന്നു. പ്രത്യയ ാ‍സ്ത്ര ദൃഢതയും ആശയസ്ഥിരതയും നഷ്ടപ്പെട്ട വര്‍ത്തമാനകാല സിപിഎം നേതൃത്വം ഇതും ഇതിലപ്പുറവും കാട്ടിക്കൂട്ടുമെന്ന്‌ ഭൂതകാലാനുഭവങ്ങള്‍ തെളിയിച്ചതാണ്‌. അധികാരത്തിലേക്കുള്ള അന്ധമായ പാച്ചിലില്‍ വിവരക്കേടിന്റെ അടയാളപ്പെടുത്തലുകള്‍ ധാരാളം ഉണ്ടാക്കിയിട്ടുണ്ട്‌, അവര്‍. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മുസ്ലീം ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ട്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയെ നാടൊട്ടുക്ക്‌ എഴുന്നള്ളിച്ച്‌ നടത്തിയ പ്രകടനംപോലെ തന്നെ മൗഢ്യവും അര്‍ത്ഥശൂന്യവും അധികാര കൊതിനിറഞ്ഞതുമായ നടപടി മാത്രമായിരുന്നു യേശുക്രിസ്തു സ്നേഹവും ആദരവും.. അവയെ ആ അര്‍ത്ഥത്തില്‍ വിലയിരുത്താനും തിരസ്ക്കരിക്കാനുമുള്ള പക്വത കേരളത്തിലെ മതനേതാക്കന്മാരില്‍ നിന്നുണ്ടാകേണ്ടിയിരുന്നു. പക്ഷേ,
ആതിരേ,വിവാദങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ പെരുപ്പിക്കുക, ഇല്ലെങ്കില്‍ സൃഷ്ടിക്കുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ സെന്‍സേഷണല്‍ മുഖമാണ്‌ അന്ത്യ അത്താഴ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട്‌ മലയാളത്തിലെ മുത്തശ്ശി പത്രം നടത്തിയത്‌. തീര്‍ച്ചയായും ഇപ്പോള്‍ കേരളത്തില്‍ ഉരുവായിട്ടുള്ള വികാരതീവ്രവും മതപരവുമായ അപകടാവസ്ഥയ്ക്ക്‌ അവരാണ്‌ കാരണക്കാര്‍ ശാന്തമായിരുന്ന മനസ്സുകളിലേക്ക്‌ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വെടിമരുന്ന്‌ നിറച്ച്‌ അതിന്‌ തീ കൊളുത്തിയിരിക്കുകയാണ്‌ മലയാളമനോരമ. ഇത്‌ മറഞ്ഞിരിക്കുന്ന അല്ലെങ്കില്‍ തിരസ്കരിച്ച വാര്‍ത്ത പുറത്തു കൊണ്ടു വരുന്ന പത്രപ്രവര്‍ത്തനമല്ല മറിച്ച്‌, മറവിലിരുന്നുകൊണ്ട്‌ സാമുദായിക വികാരം ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്തുന്ന വഞ്ചനാത്മകമായ മാധ്യമപ്രവര്‍ത്തനമാണ്‌.
മുത്തശ്ശി പത്രം പറഞ്ഞാല്‍ പിന്നെ മതനേതാക്കള്‍ക്കോ യുഡിഎഫിന്റെ അമരത്തിരിക്കുന്നവര്‍ക്കോ മൗനികളാകാന്‍ കഴിയുകയില്ലല്ലോ. അതുകൊണ്ടു തന്നെ പ്രസ്താവനകളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും അവര്‍ അനാവശ്യമായ മതവികാരപ്രക്ഷുബ്ധത ഉണ്ടാക്കുകയാണ്‌. ഇത്‌ നിയമപരമായി വിലയിരുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പു പ്രകാരം മൂന്നുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണ്‌. മാധ്യമ പ്രവര്‍ത്തനവും മതപ്രബോധനങ്ങളും ഇങ്ങനെ സമൂഹവിരുദ്ധമായി തീരുമ്പോള്‍ അതിന്‌ കാരണക്കാര്‍ ആരാണെങ്കിലും അവരെ അറസ്റ്റ്‌ ചെയ്ത്‌ നിശബ്ദരാക്കാനുള്ള അധികാരം 295-ാ‍ം വകുപ്പനുസരിച്ച്‌ പോലീസിനുണ്ട്‌. പക്ഷേ, അത്തരത്തിലുള്ള നീതിബോധമോ നിയമപാലനമോ കേരള പോലീസില്‍ നിന്ന്‌ പ്രതീക്ഷിക്കാന്‍ കഴിയുകയില്ല. പ്രത്യേകിച്ച്‌ ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ്‌ കൈയ്യാളുമ്പോള്‍.
അന്ത്യ അത്താഴചിത്രത്തെ വിവിധ വിഷയങ്ങളില്‍ വിമര്‍ശനത്തിനുള്ള ചേരുവയാക്കി മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്‍പും ഉപയോഗിച്ചിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാതിരുന്ന മതബോധവും ക്രിസ്തു- മതവിശ്വാസ -സംരക്ഷണ- ത്വരയുമൊക്കെ ഇപ്പോള്‍ ഉയരുമ്പോള്‍, അത്‌ ക്രിസ്തുവിനെ കൂട്ടുപിടിച്ച്‌ രണ്ട്‌ വോട്ട്‌ കൂടുതല്‍ നേടാനുള്ള സിപിഎം-ന്റെ നീചമായ നീക്കത്തെക്കാള്‍ അപായകരമാണെന്ന്‌ പറയേണ്ടി വരും. ക്രിസ്തുവിനെ നിന്ദിക്കുകയായിരുന്നില്ല സിപിഎം ചെയ്തത്‌. പക്ഷേ, ആണെന്ന്‌ വരുത്തി തീര്‍ത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്‌ മലയാളമനോരമയും കേരളത്തിലെ മതപുരോഹിതന്മാരും വിശ്വാസിസംഘടനാ നേതാക്കന്മാരുമാണ്‌. തീര്‍ച്ചയായും രണ്ടു കൂട്ടരും കേരളത്തിലെ സാക്ഷര സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തെയും മതനിരപേക്ഷതയെയുമാണ്‌ വെല്ലുവിളിച്ചത്‌;ആതിരേ,മതസാക്ഷരരായ മലയാളികളെയാണ്‌ വിഡ്ഢികളാക്കുന്നത്‌.

Thursday, February 2, 2012

ആകശം ചവിട്ടടിയിലാക്കാന്‍ സ്കൈ മാഫിയ


വെട്ടിപ്പിടിച്ച്‌ വിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കാന്‍ കൊച്ചിയില്‍ ഇനി ഭൂമിയില്ല ആകാശമേ ഉള്ളൂ എന്ന്‌ തിരിച്ചറിഞ്ഞ്‌ യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സ്‌ ഒരു മുഴം മുന്നില്‍ എറിയുകയായിരുന്നു. ഉന്മൂലനത്തിന്റെ ഈ വികസന രീതിശാസ്ത്രത്തിന്‌ മുന്‍പിന്‍ നോക്കാതെ വ്യവസായ വകുപ്പ്‌ അനുമതി നല്‍കിയപ്പോള്‍ ദുരമൂത്ത പ്രകൃതിചൂഷണത്തിന്റെ ദൂഷിത വൃത്തം പൂര്‍ത്തിയാകുകയായിരുന്നു. കൊച്ചിയിലെ ചെലവന്നൂര്‍ കായലിന്‌ മുകളില്‍ നാലു കിലോമീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും പാലം പണിത്‌ ഷോപ്പിങ്ങ്‌ മാളുകളും അപ്പാര്‍ട്ടുമെന്റുകളും നിര്‍മിക്കാനുള്ള യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സിന്റെ സ്കൈ സിറ്റി പദ്ധതിക്ക്‌, 'ഉപാധികളോടെ' കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ്‌ നല്‍കിയ അനുമതി സ്കൈ മാഫിയക്ക്‌ ഈ സര്‍ക്കാര്‍ നല്‍കിയ ആദ്യ ലൈസന്‍സാണ്‌.



ആകാശത്തെ ആവാസമേഖലയാക്കാന്‍ നിര്‍ബന്ധിക്കുന്നതാണ്‌ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനപ്പെരുപ്പവും അതിന്‌ ആനുപാതികമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ ദൗര്‍ലഭ്യവും. നഗരകേന്ദ്രീകൃത ജീവിതത്തിന്‌ വരുംകാലങ്ങളില്‍ ഭൂമി വിട്ട്‌ ആകാശത്ത്‌ പാര്‍പ്പിട-വ്യാപാര സമുച്ചയങ്ങളും സഞ്ചാരപഥങ്ങളും സൃഷ്ടിക്കേണ്ടി വരുമെന്നത്‌ തീര്‍ച്ചയാണ്‌. ആ നിലയ്ക്ക്‌ ഭൂമിയില്‍ നിന്നുയര്‍ന്ന ജീവിതമേഖലകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. പക്ഷേ,ആതിരേ, കൊച്ചിയുടെ ആകാശത്തില്‍ യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സ്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൈ സിറ്റി മറ്റൊരു വെട്ടിപ്പിടുത്തത്തിന്റെ മാഫിയാ മുഖമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
കൊച്ചിയിലെ ചെലവന്നൂര്‍ കായലിന്‌ മുകളില്‍ നാലു കിലോമീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും പാലം പണിത്‌ ഷോപ്പിങ്ങ്‌ മാളുകളും അപ്പാര്‍ട്ടുമെന്റുകളും നിര്‍മിക്കാനുള്ള യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സിന്റെ സ്കൈ സിറ്റി പദ്ധതിക്ക്‌, 'ഉപാധികളോടെ' കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ്‌ നല്‍കിയ അനുമതി സ്കൈ മാഫിയക്ക്‌ ഈ സര്‍ക്കാര്‍ നല്‍കിയ ആദ്യ ലൈസന്‍സാണ്‌.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അനുമതി നിഷേധിച്ച ഈ പദ്ധതിക്ക്‌ ധൃതിയില്‍, ചില ഉപാധികളോടെ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയും അട്ടിമറിയുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.അഴിമതിയുടെ ഘനസാന്ദ്രത എത്രയെന്ന്‌ ഇപ്പോള്‍ അറിയില്ലെന്ന്‌ മാത്രം.. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ വ്യവസായ വകുപ്പിലെ ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ഇങ്ങനെ ഒരു അനുമതി നല്‍കിയിരിക്കുന്നത്‌.തട്ടിപ്പിന്റേയും വെട്ടിപ്പിന്റേയും അക്കൗണ്ട്‌ തുറന്നു കഴിഞ്ഞെന്ന്‌ സാരം.സ്കൈ സിറ്റിയെക്കുറിച്ച്‌ ഒന്നുമറിയില്ല എന്നാണ്‌ ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതെന്നോര്‍ക്കുക. അതായത്‌, വ്യവസായ വകുപ്പിലെ അഴിമതി വേതാളങ്ങള്‍ മുഖ്യമന്ത്രിയെപ്പോലും തമസ്കരിച്ചാണ്‌ പരിസ്ഥിതിക്ക്‌ ഏറെ ആഘാതം സൃഷ്ടിക്കുന്ന ഈ പദ്ധതിക്ക്‌ അനുമതി നല്‍കിയതെന്ന്‌ സാരം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ അടിവലി നടന്നതാണ്‌,ആതിരേ. അന്ന്‌ വ്യവസായ വകുപ്പ്‌ സെക്രട്ടറി ടി.ബാലകൃഷ്ണനായിരുന്നു. ടി.ബാലകൃഷ്ണന്‌ കേരളത്തിന്റെ പ്രകൃതിയും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമെല്ലാം തകര്‍ക്കുന്ന വികസന പദ്ധതികളോടാണ്‌ എന്നും താല്‍പര്യം. ജനങ്ങള്‍ നശിച്ചാലും പ്രകൃതിക്ക്‌ പ്രഹരമേറ്റാലും തനിക്കത്‌ പ്രശ്നമല്ല എന്ന ഗര്‍വാണ്‌ ആ ഐഎഎസ്‌ ഓഫീസറെ ഭരിക്കുന്നതെന്ന്‌ നേരത്തെ വ്യക്തമായിട്ടുള്ളതാണ്‌. മുഖ്യമന്ത്രിയായിരുന്ന വി.എസ്‌.അച്യുതാനന്ദനടക്കമുള്ളവര്‍ സ്കൈ സിറ്റി പദ്ധതിയെ എതിര്‍ത്തപ്പോഴും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ബന്ധപ്പെട്ട വകുപ്പുകളോ അറിയാതെ പദ്ധതിക്ക്‌ അനുമതി ആവശ്യപ്പെട്ട്‌ ടി.ബാലകൃഷ്ണന്‍ രണ്ടുതവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിയതാണ്‌. അന്ന്‌ നടക്കാതെ പോയ ഗൂഢപദ്ധതിക്കാണ്‌ ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്‌.
പരിസ്ഥിതി പഠന റിപ്പോര്‍ട്ടുകളെല്ലാം തമസ്കരിച്ചും സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കിയുമാണ്‌, ആതിരേ വ്യവസായവകുപ്പ്‌ ഇപ്പോള്‍ സ്കൈ സിറ്റി പദ്ധതിക്ക്‌ അംഗീകാരം നല്‍കിയിരിക്കുന്നത്‌. തീരദേശ പരിപാലന അതോരിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌ സ്കൈ സിറ്റി കൊച്ചിയുടെ പരിസ്ഥിതിക്ക്‌ വന്‍ പ്രഹരമേല്‍പ്പിക്കും എന്നാണ്‌ . അതുകൊണ്ട്‌ നിര്‍ദ്ദിഷ്ട പദ്ധതി ഒരു വിധത്തിലും അനുവദിക്കാനാവില്ല എന്ന്‌ വ്യക്തമാക്കി 2011 ഫെബ്രുവരി മൂന്നിന്‌ അതോരിറ്റി ചെയര്‍മാന്‍ യശോറാം കമ്പനി മാനേജിംഗ്‌ ഡയറക്ടര്‍ക്ക്‌ കത്തു നല്‍കിയതുമാണ്‌. ഈ കത്ത്‌ മറച്ചുവച്ചുകൊണ്ടാണ്‌ വ്യവസായ വകുപ്പില്‍ നിന്ന്‌ സ്കൈ സിറ്റി പദ്ധതിക്ക്‌ ബന്ധപ്പെട്ടവര്‍ അനുമതി നേടിയിരിക്കുന്നത്‌. വെട്ടിപ്പിടിച്ച്‌ വിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കാന്‍ കൊച്ചിയില്‍ ഇനി ഭൂമിയില്ല ആകാശമേ ഉള്ളൂ എന്ന്‌ തിരിച്ചറിഞ്ഞ്‌ യശോറാം ഇന്‍ഫ്ര ഡവലപ്പേഴ്സ്‌ ഒരു മുഴം മുന്നില്‍ എറിയുകയായിരുന്നു. ഉന്മൂലനത്തിന്റെ ഈ വികസന രീതിശാസ്ത്രത്തിന്‌ മുന്‍പിന്‍ നോക്കാതെ വ്യവസായ വകുപ്പ്‌ അനുമതി നല്‍കിയപ്പോള്‍ ദുരമൂത്ത പ്രകൃതിചൂഷണത്തിന്റെ ദൂഷിത വൃത്തം പൂര്‍ത്തിയാകുകയായിരുന്നു.
ആതിരേ,നിര്‍ദ്ദിഷ്ട സ്കൈ സിറ്റി പദ്ധതിപ്രദേശം സിആര്‍സെഡ്‌ (തീരദേശ നിയന്ത്രണ മേഖല) ഒന്നില്‍ വരുന്നതാണ്‌. 1991-ലെ തീരദേശ പരിപാലന നിയമപ്രകാരം, ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലാത്തതാണ്‌. ചതുപ്പു നിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതും അനുവദനീയമല്ല. കൂടാതെ, 2011-ലെ സിആര്‍സെഡ്‌ വിജ്ഞാപനം അനുസരിച്ച്‌ കായല്‍ വെള്ളക്കെട്ട്‌ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായിട്ടാണ്‌ കണക്കാക്കിയിട്ടുള്ളത്‌. വേമ്പനാട്ട്‌ കായലിന്റെ ഭാഗമായ ചെലവന്നൂര്‍ കായലില്‍ അതുകൊണ്ടു തന്നെ ഹോട്ടലുകള്‍, കെട്ടിടസമുച്ചയങ്ങള്‍, ഷോപ്പിങ്ങ്‌ മാളുകള്‍ എന്നിവയുടെ നിര്‍മ്മാണം ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലാത്തതാണ്‌. നിര്‍ദ്ദിഷ്ട പദ്ധതിയുടെ ഫ്ലൈ ഓവര്‍ തീരത്തോടു ചേരുന്ന, കണ്ടല്‍ കാടുകളും ചതുപ്പു നിലവും ഉള്‍പ്പെടുന്ന പ്രദേശം 'റംസാര്‍' ചതുപ്പു നിലമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്‌. അതിപ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ട ചതുപ്പു നിലങ്ങളായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച നീര്‍ത്തടങ്ങളാണ്‌ റംസാര്‍.
പദ്ധതി നടപ്പാക്കുന്ന കായല്‍ മേഖലയ്ക്ക്‌ ചില സ്ഥലങ്ങളില്‍ 40 മീറ്റര്‍ വീതിയില്ല. ഇവിടെ 40 മീറ്റര്‍ വീതിയില്‍ ഫ്ലൈ ഓവര്‍ വന്നാല്‍ കായല്‍ ചുരുങ്ങി ഇല്ലാതാകും. എന്നുമാത്രമല്ല, കായല്‍ മേഖലയിലെ ജൈവ വ്യവസ്ഥ തകരുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. സ്വാഭാവികമായി തകര്‍ച്ച നേരിടുന്ന ഇവിടത്തെ പരിസ്ഥിതി പ്രദേശത്തിന്റെ നാശം പദ്ധതി പൂര്‍ത്തിയാകുന്നതോടെ വേഗത്തിലാകുമെന്നും സമിതി കണ്ടെത്തിയതാണ്‌. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരുന്നു സ്കൈ സിറ്റി പ്രോജക്ടിന്‌ ഒരു തരത്തിലും അംഗീകാരം നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌..
പരിസ്ഥിതി സംരക്ഷണത്തിനും പരമ്പരാഗത തൊഴിലാളികളുടെ അതിജീവനത്തിനും അതീവ പ്രാധാന്യമുണ്ടെന്നും അവ കൊള്ളലാഭച്ചതികളുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിയറ വയ്ക്കരുതെന്നുമുള്ള കര്‍ശന നിലപാടാണ്‌ വി.എസ്‌.അച്യുതാനന്ദനും എല്‍ഡിഎഫ്‌ സര്‍ക്കാരും സ്വീകരിച്ചത്‌. ആ നയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും അറിയാതെ തിരുത്തി, തീരദേശ മാനേജ്മെന്റ്‌ അതോറിറ്റിയുടെ ശിപാര്‍ശകള്‍ അട്ടിമറിച്ച്‌ പുതുതായി രൂപം കൊള്ളുന്ന സ്കൈ മാഫിയയ്ക്ക്‌ കൊച്ചിയുടെ ആകാശം തീറെഴുതാന്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ വ്യവസായ വകുപ്പ്‌ തീരുമാനിച്ചത്‌.
നാടിന്റെ വികസനമോഹമല്ല ഇതില്‍ പ്രതിഫലിക്കുന്നത്‌. പ്രകൃതി സംരക്ഷണമല്ല ഇവരുടെയൊക്കെ ലക്ഷ്യം. പ്രകൃതിയേയും ആവാസ വ്യവസ്ഥയേയും സാധാരണ മനുഷ്യന്റെ ജീവനോപാധികളെയും തകര്‍ത്ത്‌ മൂലധന ചൂഷകര്‍ക്ക്‌ വേണ്ടി വിടുപണി ചെയ്യാനാണ്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ചില കീടങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. നേരിയ ഭൂരിപക്ഷത്തിന്റെ ഗതികേട്‌ മുതലെടുത്താണ്‌ ഈ അതിക്രമം വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സമൂഹവിരുദ്ധര്‍ നടത്തുന്നത്‌. ജാഗ്രതയോടെ ഇതിനെതിരായ ജനകീയ പ്രതിരോധ മുന്നണി രൂപീകരിച്ചില്ലെങ്കില്‍ ,ആതിരേ,യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ആകാശവും വായുവും സ്കൈ മാഫിയയുടെ ചവിട്ടടിയിലാകും; സംശയിക്കേണ്ട.