Tuesday, November 30, 2010
നീരാ റാഡിയുടെ മുന്നില്‍ മുട്ടുവിറച്ച ഭരണഷണ്ഡത്വം
ടാറ്റയ്ക്കും വേണ്ടി നീരാ റാഡി നടത്തിയത് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. രാജയെ മന്ത്രിയാക്കാന്‍ ടാറ്റ ശ്രമിച്ചതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനുവേണ്ടി നടത്തിയ ആയിരക്കണക്കിന് ഫോണ്‍കോളുകളില്‍ ചിലത് പുറത്തുവന്നപ്പോള്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ടാറ്റ വാദിച്ചമ്പോള്‍ അതംഗീകരിച്ച മന്മോഹനും കൂട്ടരും അതേ വാദം ഉന്നയിക്കാന്‍ കസബിനും തടിയന്റവിട നസീറിനും മറ്റു രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമോ? ഇത്തരം രാജ്യവഞ്ചകരെയാണ് മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു രാജ് നാരായണന്‍ 'ബഞ്ച് ഓഫ് ഇംപൊട്ടന്റ്സ് എന്ന് വിശേഷിപ്പിച്ചത്. ആ ജാനസില്‍ പെട്ടവരാണ് ഇപ്പോള്‍ യുപിഎയുടെ തലവന്മാരായി ഇന്ത്യ ഭരിക്കുന്നതും, നീരാ റാഡ ടേപ്പുകളെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതും.
വന്‍കിട കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീരാ റാഡിയ രത്തന്‍ ടാറ്റ അടക്കമുള്ള വ്യവസായികളുമായും എ. രാജ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരുമായും വീര്‍സംഗ്‌വിയെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ടേപ്പ് ചോര്‍ന്നതിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍, കളിമണ്‍ പാദങ്ങളുള്ളവര്‍ മാത്രമല്ല ഇച്ഛാശക്തിയില്ലാത്ത ഷണ്ഡത്വം ബാധിച്ചവരുമാണ് മന്‍മോഹന്‍സിംഗും പ്രണാബ് കുമാര്‍ മുഖര്‍ജിയും എ.കെ. ആന്റണിയും അടക്കമുള്ള യുപിഎ സര്‍ക്കാരിന്റെ ഉന്നത നേതാക്കന്മാരെന്ന് ,ആതിരേ, അവര്‍ തന്നെ വ്യക്തമാക്കി.
1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന 2ജി സ്പെക്ട്രം ഇടപാടിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പോലും അംഗീകരിക്കുകയില്ല എന്ന് ദുശ്ശാഠ്യം പിടിക്കുന്നവരാണ് രത്തന്‍ ടാറ്റ കൊടുത്ത ഒരു സ്വകാര്യ ഹര്‍ജിയില്‍ ഭയപ്പെട്ട് നീരാ റാഡി ടേപ്പ് അന്വേഷിക്കാന്‍ ഉത്സാഹം കാണിച്ചതെന്ന് തിരിച്ചറിയുമ്പോഴാണ് ആതിരേ , മിസ്റ്റര്‍ ക്ലീന്‍ എന്ന് ഇതുവരെ കരുതപ്പെട്ടിരുന്ന മന്‍മോഹന്‍ മുതല്‍ എ.കെ. ആന്റണി വരെയുള്ളവര്‍ എത്രമാത്രം ദാസ്യത്വം നിറഞ്ഞ നീചരാഷ്ട്രീയ ജന്മങ്ങളാണെന്ന് നാം വിശ്വസിക്കേണ്ടിവരുന്നത്.
സ്വകാര്യത ഉള്‍പ്പെടെ ജീവിക്കാനുള്ള തന്റെ അടിസ്ഥാന അവകാശത്തിനുമേല്‍ നടത്തിയ കടന്നുകയറ്റമാണ് ടേപ്പ് പരസ്യമാക്കലെന്ന് രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നു. ടേപ്പ് പുറത്തായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തുകൊണ്ടാണ് രത്തന്‍ ടാറ്റ വൃത്തികെട്ട പ്രതിരോധം ചമച്ചത്. സര്‍ക്കാരാണ് ടേപ്പ് ചോര്‍ത്തിയതെന്നും സര്‍ക്കാരുമായി യാതൊരു ശത്രുതയുമില്ലാത്ത തന്നെ പോലെയുള്ള പൗരന്റെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നുമാണ് ടാറ്റയുടെ മറ്റൊരുവാദം.
ഈ വാദത്തില്‍ അടങ്ങിയിരിക്കുന്ന കുന്തമുനകള്‍ തിരിച്ചറിഞ്ഞ് മന്‍മോഹന്‍സിംഗും ഉപദേഷ്ടാക്കന്മാരും സ്വീകരിച്ച പ്രീഎംടീവ് മെഷറാണ് അന്വേഷണ ഉത്തരവ്. രഹസ്യാന്വേഷണ ബ്യൂറോയും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡുമായിരിക്കും ടേപ്പ് പുറത്തായ സാഹചര്യം അന്വേഷിക്കുക. ശ്രദ്ധിക്കുക ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഒരു നിശ്ചിത കാലയളവില്‍ നീരാ റാഡിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. 5000 ഓളം സംഭാഷണങ്ങളാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. ഇതില്‍ 104 സംഭാഷണങ്ങള്‍ പരസ്യമായപ്പോഴാണ് പൗരന്റെ സ്വകാര്യതയും മാന്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച് രത്തന്‍ ടാറ്റ നിയമ നടപടിക്ക് ഒരുങ്ങിയത്.അന്വേഷണത്തിന് ഉത്തരവിട്ടതോടെ ആഭ്യന്തരമന്ത്രാലയത്തെ ഒറ്റിക്കൊടുത്തിരിക്കുകയാണ് മന്‍മോഹന്‍
ആതിരേ, പണത്തിനു മീതെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരും പറക്കുകയില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. കെനിയയില്‍ വളര്‍ന്ന് ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യയില്‍ സ്വാധീന സാമ്രാജ്യം ഉണ്ടാക്കി നടക്കുന്ന നീരാ റാഡി എന്ന സ്ര്തീ വിവാദങ്ങളുടെയും തെളിവുകളുടെയും നിലയില്ലാ കയത്തിലാണിപ്പോള്‍. ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ സ്ഥാപനമായ വൈഷ്ണവി കമ്യൂണിക്കേഷന്‍സ് നടത്തുന്ന അവര്‍ക്ക് രത്തന്‍ ടാറ്റയുമായുള്ള അടുപ്പം കോര്‍പ്പറേറ്റ് ബന്ധം മാത്രമായിരിക്കാം. എന്നാല്‍, രാജയെ മന്ത്രിയാക്കുന്നതില്‍ അവര്‍ നടത്തിയ സ്വാധീനക്കളികളും ചരടുവലികളും പുറത്തുവന്നതും രാജയുടെ നേതൃത്വത്തില്‍ നടന്ന 1.76 ലക്ഷം കോടിയുടെ വെട്ടിപ്പിന്റെ വിശദാംശങ്ങള്‍ സിഎജി ചികഞ്ഞെടുത്തതുമൊക്കെയാണ് ടാറ്റയുടെ മാന്യതയ്ക്കിപ്പോള്‍ കോട്ടമേല്‍പ്പിച്ചിരിക്കുന്നത്! ആ കോട്ടം തീര്‍ക്കാനാണ് മന്‍മോഹന്‍ സിംഗ് അടക്കമുള്ള നട്ടെല്ലില്ലായ്മകള്‍ മുട്ടിലിഴയുന്നതും..!!
ഒരു കൊല്ലം മുമ്പ് നീരാ റാഡിയുടെ പിന്നാമ്പുറ കഥകള്‍ പയനിയര്‍ അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. 108 ദിവസത്തെ ആ സ്ര്തീയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആദായ നികുതി വകുപ്പാണ് ചോര്‍ത്തിയത്. അതിലെ ഉള്ളടക്കം ക്രോഡീകരിച്ച് ആദായ നികുതി വകുപ്പ് സിബിഐയ്ക്ക് 14 പേജുള്ള കത്തെഴുതിയിരുന്നു. ആ കത്തിലെ വിശദാംശങ്ങള്‍ പയനിയര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തോന്നാതിരുന്ന മാന്യതാ ബോധവും പൗരബോധവും ഇപ്പോള്‍ എങ്ങനെയാണ് എവിടെ നിന്നാണ് രത്തന്‍ ടാറ്റയ്ക്ക് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ചോദ്യം ഉന്നയിക്കുമെന്നും രത്തന്‍ ടാറ്റ അതിന് സത്യസന്ധമായി മറുപടി പറയുമെന്നും ഇപ്പോള്‍ നമുക്ക് ആശയ്ക്ക് വിരുദ്ധമായി ആശിക്കാനേ കഴിയൂ!. അത്തരമൊരു ചോദ്യം ചോദിക്കാന്‍ കോടതി അനുവദിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
അന്ന് പയനിയറിന്റെ ഡല്‍ഹിയിലെ മലയാളിയായ റിപ്പോര്‍ട്ടര്‍ ജെ. ഗോപീകൃഷ്ണന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ "നമ്മള്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒരു വിഷമവും കൂടാതെ ഒപ്പിടുന്ന ഇതു പോലൊരു മന്ത്രിയെ കണ്ടിട്ടില്ല" എന്ന ടാറ്റയുടെ സംഭാഷണം ഉണ്ടായിരുന്നു. ആ രാജയെ വാര്‍ത്താവിനിമയ മന്ത്രിയാക്കാന്‍ ടാറ്റ അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ ആഗ്രഹിച്ചതിന്റെ പൊരുള്‍ മേലുദ്ധരിച്ച വാക്യത്തിലുണ്ട്.
ഈ സത്യങ്ങളെല്ലാം ഇപ്പോള്‍ തമസ്കരിച്ചുകൊണ്ടാണ്, ആതിരേ രത്തന്‍ ടാറ്റ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതും കോടതി അതില്‍ വിധി പ്രഖ്യാപിക്കും മുമ്പുതന്നെ മന്‍മോഹന്‍സിംഗ് ടേപ്പ് പുറത്തായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതും.
അഴിമതിയുടെ കൂത്തരങ്ങാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗമെന്ന് ആവര്‍ത്തിച്ചുപറയേണ്ട വാസ്തവമല്ല. ഭരണകൂടത്തിന്റെയും അതിന്റെ ദല്ലാള്‍മാരുടെയും അഴിമതിയും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും കണ്ടെത്തി നിര്‍ഭയം ഉത്തമബോധത്തോടെ സമൂഹമധ്യേ അവതരിപ്പിക്കാന്‍ ഉത്തരവാദിത്തമുള്ള ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. ഭയമോ താല്‍പ്പര്യമോ സംരക്ഷണ ത്വരയോ ഇല്ലാതെ സത്യം പറയാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയ്യാറാകുമ്പോഴാണ് ജനാധിപത്യം അതിന്റെ തനി സ്വരൂപത്തില്‍ പുഷ്കലമാവുക. എന്നാല്‍, ആതിരേ, 2ജി സ്പെക്ട്രം ഇടപാടില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും ഡല്‍ഹിയിലെ അധീകാര ദല്ലാളുമാരായ മാധ്യമപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത വിറ്റുകാശാക്കി അധികാര രാഷ്ട്രീയത്തിന്റേയും അഴിമതി രാഷ്ട്രീയത്തിന്റെയും കൂട്ടിക്കൊടുപ്പുകാരായി മാറി എന്നതാണ് 2 ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന് അപരിഹാരമായ ഖേദമേല്‍പ്പിച്ചിട്ടുള്ള വാസ്തവം.
ഹിന്ദുസ്ഥാന്‍ ടൈംസ് അഡ്വസറി എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സംഗ്‌വി, ബര്‍ഖാ ദത്ത് തുടങ്ങിയ മുന്തിയ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ 2ജി സ്പെക്ട്രം അഴിമതിയില്‍ ദല്ലാള്‍ പണിയാണ് നടത്തിയതെന്ന് ഗോപീകൃഷ്ണന്‍ തെളിവുകള്‍ സഹിതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നീരയുമായി ബന്ധമുള്ള ഡല്‍ഹിയിലെ ഒരു മുഖ്യധാരാ വനിതാ പത്രപ്രവര്‍ത്തകയ്ക്ക് 1.63 കോടി വിലമതിക്കുന്ന ഫ്ലാറ്റുണ്ട്. ചിലര്‍ക്ക് മാസപ്പടി. മറ്റുചിലര്‍ക്ക് ഫ്ലാറ്റ്. വേറെ കുറേപേര്‍ക്ക് കോര്‍പ്പറേറ്റുകള്‍ കുടിശിക അടച്ചുതീര്‍ക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, സൗജന്യ വിദേശ യാത്ര, വിലകൂടിയ മദ്യം,സുന്ദരികളും മദാലസകളുമായ മദിരാക്ഷികള്‍....... ഇതെല്ലാം അനുഭവിച്ച് നീരാ റാഡിയുടെയും രത്തന്‍ ടാറ്റ അടക്കമുള്ള കോര്‍പ്പറേറ്റ് നീചത്വങ്ങളുടെയും പാദസേവകരായി പ്രവര്‍ത്തിക്കുകയായിരുന്നു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍.
ആതിരേ, അരുണ്‍ ഷൂറിയെ പോലെയും എന്‍. റാമിനെ പോലെയുമുള്ള ധീരരായ പത്രപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്ന് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തിന് ക്രൂസേഡിന്റെ രൂപം നല്‍കിയ ഇന്ത്യന്‍ എക്സ്പ്രസും ദ ഹിന്ദുവും 2ജി സ്പെക്ട്രം അഴിമതിക്കാര്യത്തില്‍ ഇന്നും മൗനം വെടിഞ്ഞിട്ടില്ല. ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ഈ വിവാദം അറിഞ്ഞിട്ടേയില്ല. 2ജി ഇടപാടിനെ കുറിച്ച് ഒരിക്കല്‍ കവര്‍ സ്റ്റോറി ചെയ്ത ഇന്ത്യാ ടുഡേയും ഇപ്പോള്‍ കണ്ണടച്ച് ഇരുക്കാക്കുകയാണ്. ടൈംസ് നൗ ചാനല്‍ പോലെ എല്ലായപ്പോഴുഴും മാധ്യമസദാചാരത്തെക്കുറിച്ച് വാചാലമാകുന്ന ഇലക്ട്രോണിക് മാധ്യങ്ങള്‍ക്കും ബധിരതയും മൂകതയും ബാധിച്ച അവസ്ഥയാണ്.
പറഞ്ഞുവന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ വിശദാംശങ്ങള്‍ സിഎജി പുറത്തുകൊണ്ടവന്നിട്ടും രാജയെ മത്ത്രിയാക്കി ഈ അഴിമതി നടത്താന്‍ ചരടുവലിച്ച കോര്‍പ്പറേറ്റ് തെമ്മാടികള്‍ ആരൊക്കെയാണെന്ന് ബോധ്യമായിട്ടും ഇവര്‍ക്കുവേണ്ടി നീരാ റാഡയും വീര്‍ സംഗ്‌വിയും ബര്‍ഖാ ദത്തും നടത്തിയ ദല്ലാള്‍ പണികളുടെ വിശദാംശങ്ങള്‍ ബോധ്യമായിട്ടും " ഞങ്ങളീ നാട്ടുകാരേ അല്ല മാവിലായ്ക്കാരാണ് " എന്ന് മനസ്സുമായിരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്ന മന്‍മോഹനസിംഗ് അടക്കമുള്ള നേതാക്കളും ഇപ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയുടെ വിശദാംശങ്ങളല്ല തിരക്കുന്നത്, ആ കുറ്റവാളികളെ ശിക്ഷിക്കാനല്ല താത്പര്യപ്പെടുന്നത് മറിച്ച് ടാറ്റയുടെ വ്യക്തിസ്വാതന്ത്രവും മാന്യതയും സംരക്ഷിക്കാനാണ് അമാന്യവും അശ്ലീലവുമായ രാഷ്ട്രവഞ്ചന നടത്തുന്നത്.
ആതിരേ, ടാറ്റയ്ക്കും വേണ്ടി നീരാ റാഡി നടത്തിയത് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. രാജയെ മന്ത്രിയാക്കാന്‍ ടാറ്റ ശ്രമിച്ചതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനുവേണ്ടി നടത്തിയ ആയിരക്കണക്കിന് ഫോണ്‍കോളുകളില്‍ ചിലത് പുറത്തുവന്നപ്പോള്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ടാറ്റ വാദിച്ചമ്പോള്‍ അതംഗീകരിച്ച മന്മോഹനും കൂട്ടരും അതേ വാദം ഉന്നയിക്കാന്‍ കസബിനും തടിയന്റവിട നസീറിനും മറ്റു രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമോ? അവരുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്താനും മാധ്യമങ്ങളില്‍ പ്രസിധീകരിക്കാനും അനുവാദവും സ്വാതന്ത്ര്യവും കൊടുത്തവര്‍ ടാറ്റയ്ക്കുവേണ്ടി വ്യക്രിസ്വതന്ത്ര്യ - പൗരസാതന്ത്ര്യ സംരക്ഷകരാകുമ്പോള്‍ അതിനുപിന്നിലെ സാമ്പത്തികവും രാഷ്ട്രീയവും രാഷ്ട്രവിരുദ്ധവുമായ താല്‍പ്പര്യങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യമാകുന്നുണ്ട്. ഇത്തരം രാജ്യവഞ്ചകരെയാണ് മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു രാജ് നാരായണന്‍ 'ബഞ്ച് ഓഫ് ഇംപൊട്ടന്റ്സ് എന്ന് വിശേഷിപ്പിച്ചത്. ആ ജാനസില്‍ പെട്ടവരാണ് ഇപ്പോള്‍ യുപിഎയുടെ തലവന്മാരായി ഇന്ത്യ ഭരിക്കുന്നതും, ആതിരേ, നീരാ റാഡ ടേപ്പുകളെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതും.
Wednesday, November 10, 2010
2G രാജ : മന്‍മോഹന്റെയും മാഡം ഗാന്ധിയുടെയും നട്ടെല്ലെവിടെപ്പോയി
2007 മുതല്‍ സെന്റട്രല്‍ വിജിലന്‍സ് കമ്മീഷനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും 2ജി സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. രാജയുടെ വഴിവിട്ട പോക്കിനെ കുറിച്ച് നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജ് പലവട്ടം പ്രധാനമന്ത്രിക്ക് സൂചനകള്‍ രേഖാമൂലം നല്‍കിയതാണ്. എന്നിട്ടും. എ. രാജയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ട് നീചവും നിന്ദ്യവുമായ മൗനം പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയയും.കോടികളുടെ അഴിമതി നടന്നുവെന്നും അതിന് ചുക്കാന്‍ പിടിച്ചവര്‍ ആരെല്ലാമാണെന്നും തിരിച്ചറിഞ്ഞിട്ടും ശിക്ഷാര്‍ഹമായ നടപടിയെടുക്കാതെ, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഈ അഴിമതിയില്‍ ഇവര്‍ക്കും പങ്കുണ്ട് എന്നുതന്നെയാണ്.
മുംബൈ ആദര്‍ശ് ഫ്ലാറ്റ് വിവാദത്തില്‍ കുരുങ്ങിയ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണവിധേയനായ സുരേഷ് കല്‍മാഡിയുടെയും കസേര തെറിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ കോസ്മെറ്റിക് സര്‍ജറി,ആതിരെ, ഫലത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖം കൂടുതല്‍ വികൃതമായിരിക്കുകയാണ്.
നവംബര്‍ 10 ചൊവ്വാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള കൗശലം മാത്രമാണ് ഇവരുടെ പുറത്താക്കല്‍ എന്നതാണ് വാസ്തവം.. അശോക് ചവാനും സുരേഷ് കല്‍മാഡിയും തല്‍സ്ഥാനത്ത് തുടരുകയാണെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം സ്തംഭിപ്പിക്കുമെന്ന ബിജെപിയുടെ ഭീഷണി ഭയന്നുതന്നെയാണ് ചൊവ്വാഴ്ച ഇരുവരെയും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്.
ആതിരേ, കാര്‍ഗില്‍ രക്തസാക്ഷികള്‍ക്ക് അനുവദിച്ച ഫ്ലാറ്റുകള്‍ സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും സ്വാധീനശക്തികള്‍ക്ക് അനുവദിച്ചുകൊണ്ട് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരെയും അവരുടെ ആശ്രിതരെയുമാണ് അശോക് ചവാന്‍ വഞ്ചിച്ചതെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ 8000 കോടി രൂപയുടെ അഴിമതിക്കാണ് സുരേഷ് കല്‍മാഡി ചുക്കാന്‍ പിടിച്ചത്. ഈ രണ്ടുസംഭവങ്ങളും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യയുടെ യശസ്സിടിച്ച നിലപാടുകളായിട്ടും, അതിലെ പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഇതുവരെ മന്‍മോഹന്‍ സിംഗും മാഡം ഗാന്ധിയും അമാന്തിച്ചതിന്റെ പിന്നില്‍ ഈ അഴിമതികളില്‍ പരോക്ഷമായി ഇവര്‍ക്കുള്ള പങ്ക് തന്നെയാണ് വ്യക്തമാക്കുന്നത്. ഇവരറിയാതെ ഇത്തരത്തില്‍ കൊടിയ വഞ്ചന നടത്താന്‍ ചവാനോ കല്‍മാഡിക്കോ കഴിയുകയില്ല. നമുക്കറിയാം അഴിമതി ആഗോളപ്രതിഭാസമാണെന്ന് വ്യാഖ്യാനിച്ച് അഴിമതിയെ ശാശ്വതീകരിച്ച ഇന്ദിര ഭരണത്തിന്റെ തുടര്‍ച്ചയാണ് മന്‍മോഹന്‍സിംഗിലും മാഡം ഗാന്ധിയിലുമെത്തിനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് നന്മ പ്രതീക്ഷിക്കാന്‍ നെല്ലിട സാധ്യതയില്ല. എങ്കിലും ഒരു രാഷ്ട്രത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഹനിക്കുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രസ്നേഹവും പൗരബോധവും നിയമപ്രതിബദ്ധതയും ഇവര്‍ക്കുണ്ടാകുമെന്നാണ് ആതിരേ, പൊതുസമൂഹം പ്രതീക്ഷിച്ചത്.
എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ രണ്ടുകേസിലെ പ്രതികളെയും സംരക്ഷിച്ച് തെളിവ് നശിപ്പിക്കാന്‍ അവര്‍ക്ക് അവസരവും അനുവാദവും നല്‍കുകയായിരുന്നു മന്‍മോഹനും മാഡം ഗാന്ധിയും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതികള്‍ പുറത്തുവന്നപ്പോള്‍ കായികമാമാങ്കം തടസ്സം കൂടാതെ നടക്കട്ടെ പിന്നീട് നടപടിയെടുക്കാമെന്നും ആദര്‍ശ് ഫ്ലാറ്റ് അഴിമതി പുറത്തുവന്നപ്പോള്‍ ഒബാമ തിരിച്ചപൊയ്ക്കോട്ടെ ആ നിമിഷം കുറ്റവാളികളെ ശിക്ഷിക്കാമെന്നൊക്കെയായിരുന്നു പ്രധാനമന്ത്രിയുടെയും യുപിഎ അധ്യക്ഷയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും നിലപാട്. കോടികളുടെ അഴിമതി നടന്നുവെന്നും അതിന് ചുക്കാന്‍ പിടിച്ചവര്‍ ആരെല്ലാമാണെന്നും തിരിച്ചറിഞ്ഞിട്ടും ശിക്ഷാര്‍ഹമായ നടപടിയെടുക്കാതെ, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഈ അഴിമതിയില്‍ ഇവര്‍ക്കും പങ്കുണ്ട് എന്നുതന്നെയാണ്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് വരുത്തി തീര്‍ക്കാനും അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കുകയില്ല എന്ന് ബോധ്യപ്പെടുത്താനും നടപടി സ്വീകരിച്ചവര്‍ എന്തുകൊണ്ട് 2ജി സ്പെക്ട്രം അഴിമതി വീരന്‍ കേന്ദ്രമന്ത്രി എ. രാജയ്ക്കെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ല എന്ന ബിജെപിയുടെ ചോദ്യം ഇന്ത്യയിലെ പൊതുസമൂഹത്തിന്റേതാണ്. ചവാനും കല്‍മാഡിക്കുമെതിരെ ശിക്ഷണനടപടികള്‍ എടുക്കുക വഴി തങ്ങള്‍ ഡിഎംകെയ്ക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും സമാനസ്വഭാവത്തിലുള്ള നടപടി രാജയ്ക്കെതിരെ എടുക്കേണ്ടത് ഡിഎംകെയാണെന്നും പറഞ്ഞ് കൈകഴുകുകയാണ് മന്‍മോഹനും മാഡം ഗാന്ധിയും ഹൈക്കമാന്‍ഡും.
ഇവിടെ പ്രകാശ് കാരാട്ട് നയിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ശിഖണ്ഡിത്വം നിറഞ്ഞ മൗനവും, ആതിരേ, നാം കൂട്ടിവായിക്കേണ്ടതുണ്ട്. കാരണം രണ്ടാം തലമുറ വിവര സാങ്കേതികവിദ്യ നടപ്പിലാക്കിയപ്പോള്‍ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പും മന്ത്രിയും 60000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആദ്യം ആരോപിച്ചത് സിപിഎമ്മായിരുന്നു.എന്നാല്‍ ഇന്ന് അവരും രാജയുടെ കാര്യത്തില്‍ മന്മോഹനെ തോല്‍പ്പിക്കുന്ന മൗനമാണ് പുലര്‍ത്തുന്നത്.ഈ ആരോപണത്തെ തുടര്‍ന്ന് 2007-ല്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തില്‍ 22000 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും 2002 ലെ പണം കൈമാറ്റനിയമം ലംഘിച്ചുകൊണ്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ചില കമ്പനികളും നേതാക്കളും അനധികൃതമായി ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും അതുകൊണ്ട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും 2007-ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ്.
രാജ്യത്തെ മൊബെയില്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതായിരുന്നു രണ്ടാം ജനറേഷന്‍ ടെലികമ്യൂണിക്കേഷന്‍ (2ജി സ്പെക്ട്രം) സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഡിഎംകെയുടെ മന്ത്രി എ. രാജയും അദ്ദേഹത്തിന്റെ ഇടനിലക്കാരും ചില കമ്പനികളും ചേര്‍ന്ന് ഈ ലക്ഷ്യം അട്ടിമറിച്ചുവെന്നും അതിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും 2008-ല്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്നത്തെ നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എ.രാജയ്ക്ക് കര്‍ശനമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയതാണ്. എന്നാല്‍, പ്രധാനമന്ത്രിയെയും കേന്ദ്രനിയമന്ത്രിയെയും തൃണവല്‍ഗണിച്ചുകൊണ്ട് തന്റെ ഇടനിലക്കാരുടെ സാമ്പത്തിക ശക്തിയിലും 2ജി സ്പെക്ട്രം പ്രോജക്ട് ഹൈജാക്ക് ചെയ്ത ലോബികളുടെ പിന്‍ബലത്തിലും ധാര്‍ഷ്ട്യതയോടെ അഴിമതിയുടെ പാതയില്‍ മുന്നോട്ട് പോവുകയായിരുന്നു മന്ത്രി എ. രാജ.
ഈ പോക്ക് ശരിയല്ലെന്നും രാജയ്ക്ക് കടിഞ്ഞാണിട്ടേ മതിയാവു എന്നും അന്ന് എച്ച്. ആര്‍ ഭരദ്വാജ് മന്‍മോഹന്‍ സിംഗിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍, സ്വതസിദ്ധമായ സൗമ്യസ്വഭാവത്തിലൊതുങ്ങി ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാതിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇതേതുടര്‍ന്ന് 2ജി സ്പെക്ട്രം ക്രമക്കേടുകളെ കുറിച്ച് അനേഷിക്കാന്‍ ഒരു സംവിധാമുണ്ടാക്കാന്‍ എച്ച്. ആര്‍. ഭരദ്വാജ് മുന്നിട്ടിറങ്ങി. അത് എ. രാജയെയും അദ്ദേഹത്തോടൊപ്പമുള്ള അഴിമതി വീരന്മാരെയും ചൊടിപ്പിച്ചു. അവരുടെ കൂടി ഉപദേശപ്രകാരം രോഷാകുലനായിട്ടാണ് എ. രാജ പ്രധാനമന്ത്രിക്ക്, ഭരദ്വാജിനെതിരെ കത്തെഴുതിയത്. നിയമമന്ത്രി തന്റെ പരിധി ലംഘിച്ചുകൊണ്ടാണ് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളില്‍ ഇടപെടുന്നത് എന്നായിരുന്നു രാജയുടെ വാദം.
ഓര്‍ക്കണം 2007 മുതല്‍ സെന്റട്രല്‍ വിജിലന്‍സ് കമ്മീഷനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും 2ജി സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. രാജയുടെ വഴിവിട്ട പോക്കിനെ കുറിച്ച് നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജ് പലവട്ടം പ്രധാനമന്ത്രിക്ക് സൂചനകള്‍ രേഖാമൂലം നല്‍കിയതാണ്. എന്നിട്ടും. എ. രാജയുടെ അവകാശവാദം അംഗീകരിച്ചുകൊണ്ട് നീചവും നിന്ദ്യവുമായ മൗനം പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയയും.
തന്റെ മന്ത്രിസഭയിലെ ഒരംഗം ഇത്രയും ബൃഹത്തായ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ തന്നെ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ തീര്‍ച്ചയായും രാജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള അധികാരം പ്രധാനമന്ത്രി പ്രയോഗിക്കേണ്ടതായിരുന്നു. അത് ചെയ്തില്ല എന്നുമാത്രമല്ല രാജയോട് വിശദീകരണം ചോദിക്കാന്‍ പോലും മന്‍മോഹന്‍സിംഗിനോ മാഡം ഗാന്ധിക്കോ നട്ടെല്ലുറപ്പുമില്ലായിരുന്നു. അതുകൊണ്ട് ഇന്നും ആ അഴിമതി വീരന്‍ കേന്ദ്രമന്ത്രിയായി വിലസുകയാണ്.
തീര്‍ച്ചയായും എ. രാജയ്ക്കെതിരെ ബിജെപി ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളില്‍ 101 ശതമാനത്തില്‍ അധികം കഴമ്പുണ്ടെന്ന്, ആതിരേ, ഇന്ത്യയിലെ ചിന്തിക്കുന്ന പൊതുസമൂഹത്തിന് ബോധ്യമുണ്ട്. അതുകൊണ്ട് മന്‍മോഹന്റെയും മാഡം ഗാന്ധിയുടെയും ഇപ്പോഴത്തെ നിലപാടില്‍ അവര്‍ക്ക് ആശങ്കയുമുണ്ട്. അശോക് ചൗഹാനെയും സുരേഷ് കല്‍മാഡിയെയും പുറത്താക്കിയത് പോലെ എ. രാജയെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കേണ്ട ഉത്തരവാദിത്തം ഡിഎംകെക്കാണ് എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസും അവരുടെ വക്താക്കളും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും അവകാശപ്പെടുന്നത്. എന്നാല്‍, അവശേഷിക്കുന്ന ചോദ്യം മറ്റൊന്നാണ്. 22000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ തെളിവുകളുള്ള എ. രാജയെന്ന ഡിഎംകെയുടെ മന്ത്രിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരവും കഴിവുമില്ലേ ? അതിന് തയ്യാറാകാതെ എന്തിനാണ് ഡിഎംകെയുടെ കനിവിന് കാത്തുനില്‍ക്കുന്നത്.
ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ചവാനും കല്‍മാഡിക്കുമെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചു എന്നുപറയുന്ന നിലപാട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ല് പാസാക്കിയെടുക്കാനുള്ള ധൃതി പിടിച്ച കോസ്മെറ്റിക്ക് സര്‍ജറി മാത്രമാണെന്ന് ബോധ്യമാകുന്നത്. ഈ നിയമവിരുദ്ധ നിലപാട് മൂലം പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി നടപടികള്‍ സ്തംഭിപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതുതന്നെയായിരിക്കും അരങ്ങേറുന്ന കലാപരിപാടി. ഇന്ത്യയിലെ പട്ടിണിപാവങ്ങളുടെയും ഭിക്ഷക്കാരുടെയും തെരുവില്‍ ഉറങ്ങുന്നവരുടെയും പക്കല്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നികുതി പണം രാജയെ പോലെയുള്ളവര്‍ക്ക് ധൂര്‍ത്തടിക്കാന്‍ അവസരം നല്‍കുകയും അതിന്റെ പേരില്‍ ദിനം പ്രതി കോടികള്‍ ചെലവാക്കിയുള്ള പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്താന്‍ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നതിലൂടെ മന്‍മോഹനും മാഡം ഗാന്ധിയും നേതാക്കളെന്ന നിലയ്ക്ക് അവര്‍ക്കുള്ള നട്ടെല്ലില്ലായ്മയും കളിമണ്‍പാദങ്ങളും മാത്രമല്ല പ്രദര്‍ശിപ്പിക്കുന്നത് രാജയുടെ അഴിമതിയില്‍ തങ്ങളും ഭാഗഭാക്കുകളാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുമാണ്.
തകര്‍ക്കേണ്ടതല്ലെ , ആതിരേ, ഇത്തരം ഭരണകൂടത്തെയും ഭരണകര്‍ത്താക്കളെയും
Tuesday, November 9, 2010
വഞ്ചിക്കപ്പെടാനായി വോട്ടര്‍വിഡ്ഢികള്‍
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വോട്ട് അസാധുവാക്കിയതും തങ്ങള്‍ തന്നെ നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ അസാധുവിനെ ഇടതുപക്ഷം കൂട്ടുപിടിച്ചതും വിമതരെ ഇരുപക്ഷവും ആശ്ലേഷിച്ചതും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അധികാരത്തിലേറാന്‍ ബിജെപി അവസരമുണ്ടാക്കിയതുമൊക്കെ കേരളത്തിലെ വിവേചന ശീലമുള്ള സമ്മതിദായകരുടെ മുഖത്തുനോക്കി കൊഞ്ഞനം കുത്തുന്ന നടപടികളയായിരുന്നു. അധികാരത്തിനുവേണ്ടി എത്ര നീചമായ നിലപാടെടുക്കാനും മടിയില്ലാത്തവരാണ് തങ്ങളെന്ന് വ്യക്തമാക്കിയ ഇവരുടെ ഭരണത്തില്‍ നാട്ടില്‍ വികസനം വരുമെന്ന് സ്വപ്നം കാണുന്നവരാണ് വിഡ്ഢികള്‍.
ഭരണഘടനാദത്തമായി പൗരന് ലഭിച്ചിട്ടുള്ള വിശേഷാധികാരവും അവകാശവുമാണ് സമ്മതിദാനം. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കേണ്ടവരെ തെരഞ്ഞെടുക്കാനുള്ള ഈ അവകാശം നീതിയുക്തമായി, വിവേചനാധികാരത്തോടെ ഉപയോഗിക്കണമെന്ന് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പൗരന്മാരെ ഉത്തരവദിത്തമുള്ളവര്‍ ഉപദേശിക്കാറുണ്ടെങ്കിലും , ആതിരേ, രാഷ്ട്രീയവും മതപരവും വംശീയവുമായ പരിഗണനകളുടെ അടിസ്ഥാനത്തിലാല്ലതെ വോട്ടവകാശം വിനിയോഗിക്കാന്‍ നമുക്ക് മനസ്സില്ല..!
വോട്ടെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങളും പ്രത്യയശാസ്ത്രദൃഢതയും ആദര്‍ശ ശുദ്ധിയുമൊക്കെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് അവരുടെ സമ്മതിദാനം നേടിയെടുക്കുന്നവര്‍, ഭരണസംവിധാനത്തിന്റെ രൂപീകരണം വരുമ്പോള്‍ എല്ലാ ആദര്‍ശങ്ങളും പ്രത്യയശാസ്ത്ര പ്രതിബദ്ധതകളും ചവറ്റുകൊട്ടയിലെറിഞ്ഞ് അതിജീവന - അധികാര രാഷ്ട്രീയത്തിന്റെ നീചഭാവങ്ങള്‍ പ്രകടിപ്പിച്ച് വോട്ടര്‍മാരെ വഞ്ചിക്കുമ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം പുഷ്കലമാകുന്നു..!!
ഓരോ വോട്ടെടുപ്പ് കഴിയുമ്പോഴും വഞ്ചിക്കപ്പെടാനാണ് ഇന്ത്യയിലെ സമ്മതിദായകരുടെ നിയോഗം. ഈ ദുരന്തത്തില്‍ നിന്ന്, ആതിരേ, സാക്ഷരര്‍ എന്നവകാശപ്പെടുന്ന കേരളീയര്‍ക്കും മോചനമില്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പും തുടര്‍ന്നുവന്ന അതിന്റെ ഭരണനിര്‍വ്വഹണ സംവിധാന രൂപീകരണവും വ്യക്തമാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിമതരും പതിവുപോലെ കീരിയും പാമ്പുമായാണ് കടിച്ചുകീറിയത്. വികസനപ്രശ്നങ്ങള്‍ക്കുപരി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വൈരമായിരുന്നു യുഡിഎഫും ബിജെപിയും ഉപയോഗിച്ച കാര്‍ഡുകള്‍. അവര്‍ക്കത് യഥേഷ്ടം കളിക്കാനുള്ള ' ഗ്രൗണ്ട് ' കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണത്തിലൂടെ ഇടതുപക്ഷം നല്‍കിയിട്ടുമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടയിലാണ് ഇത്തവണ 50 ശതമാനം സീറ്റുകളിലേക്ക് വനിതകള്‍ മത്സരിച്ചത്. രാഷ്ട്രീയാടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഇവരും വോട്ട് തേടിയത്.
സര്‍ക്കാരിന്റെ ഭരണപരാജയവും പ്രാദേശിക ഭരണകൂടങ്ങളുടെ വികസനവിരുദ്ധ നയങ്ങളും വോട്ടര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത വാസ്തവമാണ്. ഇതിനുപുറമെയായിരുന്നു മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന ഇടതുപക്ഷ വിവാദം സൃഷ്ടിച്ച കോലാഹലവും. ഏതായാലും ഇടതുഭരണത്തിനെതിരായുള്ള വിധിയെഴുത്തായിരുന്നു പൊതുവെ കണ്ടത്. വിമതശല്യം പലയിടത്തും ഈ പൊതു ധാരണയ്ക്ക് അപവാദമായിരുന്നെങ്കിലും മൊത്തത്തില്‍ ഭരണവിരുദ്ധവികാരമാണ് സമ്മതിദായകര്‍ പ്രകടിപ്പിച്ചത്. തന്മൂലം പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന നിരവധി പഞ്ചായത്തുകള്‍ അവര്‍ക്ക് നഷ്ടമായി.
ഈ പശ്ചാത്തലത്തില്‍, ജനവിധി മാനിച്ചുകൊണ്ടുള്ള ഭരണസംവിധാനം വിജയിച്ചവര്‍ തൃത്താലത്തില്‍ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാല്‍,ആതിരേ, അധികാരത്തിന്റെ വീതംവെയ്പ് വന്നപ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ച ആദര്‍ശപരവും പ്രത്യയശാസ്ത്രപരവുമായ ഇടങ്ങളില്‍ നിന്നിറങ്ങി അധികാരത്തിന്റെ മ്ലേഛതയില്‍, കൊടിയുടെ നിറം മറന്ന് കെട്ടിപ്പുണര്‍ന്ന് ആഹ്ലാദിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് കഴിഞ്ഞ രണ്ടുദിവസമായി കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു ജില്ലയും എന്തിനധികം ഒരു പഞ്ചായത്ത് പോലും ഈ ആരോപണത്തില്‍ നിന്ന് മുക്തമല്ല. ഒരിക്കലും വോട്ടര്‍മാര്‍ ആഗ്രഹിക്കാത്ത കൂട്ടുകെട്ടുകളും സഖ്യങ്ങളുമാണ് ഇപ്പോള്‍ തൃത്താലത്തില്‍ അധികാരത്തിലേറിയിരിക്കുന്നത്. ഇതിനായി അണിയറയിലും വേദിയിലും നടന്ന നീചമായ, രാഷ്ട്രീയ വഞ്ചനകളും സമ്പത്തിന്റെ സ്വാധീനത്തിലുള്ള മലക്കം മറിച്ചിലുകളും ഐക്യപ്പെടലുമെല്ലാം കണ്ട് തലയില്‍ കൈവെച്ച് സ്വയം പ്രാകുകയാണ് കേരളത്തിലെ വോട്ടര്‍മാര്‍.
കഴിഞ്ഞദിവസങ്ങളില്‍ നടന്ന പഞ്ചായത്ത് -ബ്ലോക്- ജില്ലാ പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് സവിശേഷമായ ഒരു വസ്തുത വെളിപ്പെടുത്തി. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട പലര്‍ക്കും അക്ഷരാഭ്യാസം പോലും ഇല്ല !. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ചെയര്‍മാനെയും മേയറേയുമൊക്കെ തെരഞ്ഞെടുക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ സംഭവിച്ച അസാധുവിന്റെ രംഗപ്രവേശം മറ്റ്‌എന്താണ് വ്യക്തമാക്കുന്നത് ?
ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ അസാധുവും നേതാക്കന്മാരും വികടച്ചിരി ചിരിക്കുന്നത് , ആതിരേ, നമുക്ക് കേള്‍ക്കാന്‍ കഴിയും. അതായത് ബോധപൂര്‍വ്വമാണ് ഇവര്‍ വോട്ട് പാഴാക്കിയതെന്ന് സാരം. സ്വന്തം കക്ഷിയില്‍ പെട്ടവര്‍ തെരഞ്ഞെടുക്കപ്പെടാതിരിക്കാനും എതിര്‍കക്ഷിയില്‍ പെട്ടവരുടെ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി അവരെ തെരഞ്ഞെടുക്കാനുമാണ് ഈ നേതാക്കള്‍ അസാധുവിനെ രംഗത്തിറക്കിയതെന്ന് ഏത് വിഡ്ഢിക്കാണ് മനസ്സിലക്കാന്‍ കഴിയാത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് തമ്മില്‍ എതിര്‍ത്ത എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിമതരും അങ്ങനെ ഒരു വര്‍ഗമായി അധികാരം പങ്കിടുന്നതാണ് കണ്ടത്. ഓര്‍ക്കണം ഈ വൃത്തികേട് നടപ്പിലാക്കാനല്ല കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തവണ തങ്ങളുടെ സമ്മതിദാനം നിര്‍വ്വഹിച്ചത്. എന്നിട്ടും ജനവിധിയെ അപഹാസ്യമാക്കുന്ന കൂട്ടുകെട്ടുകളാണ് പല പഞ്ചായത്തുകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും രൂപം കൊണ്ടത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വോട്ട് അസാധുവാക്കിയതും തങ്ങള്‍ തന്നെ നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ അസാധുവിനെ ഇടതുപക്ഷം കൂട്ടുപിടിച്ചതും വിമതരെ ഇരുപക്ഷവും ആശ്ലേഷിച്ചതും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അധികാരത്തിലേറാന്‍ ബിജെപി അവസരമുണ്ടാക്കിയതുമൊക്കെ കേരളത്തിലെ വിവേചന ശീലമുള്ള സമ്മതിദായകരുടെ മുഖത്തുനോക്കി കൊഞ്ഞനം കുത്തുന്ന നടപടികളയായിരുന്നു. അധികാരത്തിനുവേണ്ടി എത്ര നീചമായ നിലപാടെടുക്കാനും മടിയില്ലാത്തവരാണ് തങ്ങളെന്ന് വ്യക്തമാക്കിയ ഇവരുടെ ഭരണത്തില്‍ നാട്ടില്‍ വികസനം വരുമെന്ന് സ്വപ്നം കാണുന്നവരാണ് വിഡ്ഢികള്‍.
എറണാകുളം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കം വീണ്ടും രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചതാണ്, അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന കോസ്മോപോളിറ്റന്‍ നഗരനിര്‍മാണത്തിന് ചുക്കാന്‍ പിടിക്കേണ്ട മേയര്‍ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വ്യക്തിയും ഭാവനാശാലിയുമായിരിക്കണമെന്ന്. ഇത് എന്റെ മാത്രം അഭിപ്രായമായിരുന്നില്ല കൊച്ചിയിലെയും കേരളത്തിലെയും ജനങ്ങളുടെ ആഗ്രഹമായിരുന്നു. എന്നാല്‍, എന്‍. വേണുഗോപാലും ടോണി ചമ്മണിയും അടങ്ങുന്ന കോണ്‍ഗ്രസുകാര്‍ അധികാരത്തോടുള്ള അമിതാര്‍ത്തിയും സ്വതസിദ്ധമായ കാലുവാരല്‍ ത്വരയുമൊക്കെയാണ് പ്രദര്‍ശിപ്പിച്ചത്. ഇവരില്‍ നിന്ന് കൊച്ചിയിലെ ജനങ്ങള്‍ക്ക് എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക? സമാന സ്വഭാവമുള്ള കുലംകുത്തലുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വാശിയോടെ കാഴ്ചവെച്ചു. ഇതിലൂടെ അധികാരത്തിന്റെ ശീതളതയും അതിലൂടെ കൈവരുന്ന സാമ്പത്തിക ലാഭങ്ങളും മാത്രമാണ് ഇവരുടെയെല്ലാം ലക്ഷ്യമെന്ന് അസന്ദിഗ്ധമായി ഇവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒരുമാറ്റം ആഗ്രഹിച്ച് വോട്ട് ചെയ്തവരോടാണ്, ആതിരേ, ജയിച്ച സ്ഥാനാര്‍ത്ഥികള്‍ ഈ പിതൃരഹിത രാഷ്ട്രീയക്കളി കാണിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ അധികാരത്തിലെത്തിയവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് ഉറപ്പായി. ഒപ്പം മറ്റൊരു ഭീഷണമായ വാസ്തവത്തേയും കേരളത്തിലെ വോട്ടര്‍മാര്‍ നേരിടേണ്ടിയിരിക്കുന്നു. അത് ഇത്തവണ ജയിച്ചുവന്ന 50 ശതമാനം വനിതകളില്‍ നിന്നാണ്. 50 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കാനെടുത്ത തീരുമാനം വിപ്ലവകരവും നേരത്തെ നടപ്പിലാക്കേണ്ടതുമായിരുന്നു എന്ന പക്ഷക്കാരാണ് ഞങ്ങള്‍. എന്നാല്‍, ഇത്തവണ മൂന്ന് മുന്നണികളും അവര്‍ക്ക് ലഭിച്ച സീറ്റില്‍ സ്ഥാനാര്‍ത്ഥികളാക്കിയ വനിതകളില്‍ എത്ര പേര്‍ക്ക് നേതൃത്വപരമായ കഴിവുണ്ട് എന്ന് അന്വേഷിക്കുന്നിടത്തുനിന്നാരംഭിക്കുന്നു നേരത്തെ സൂചിപ്പിച്ച ഭീഷണി. പുരുഷകേന്ദ്രീകൃതമായ രാഷ്ട്രീയ മണ്ഡലത്തില്‍ മാറ്റത്തിന്റെ പതാകവാഹകരാകേണ്ടവരാണ് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍. അത്തരമൊരു ഇടം അവര്‍ക്ക് ലഭിക്കണമെങ്കില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും കൂടെയുള്ളവരെ പ്രോത്സാഹിപ്പിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി നടത്താനുമുള്ള നേതൃത്വപരമായ കഴിവ് അനുപേക്ഷണീയമാണ്. കൂടുതലൊന്നും പറയേണ്ടതില്ല ഇത്തവണ വിജയിച്ച വനിതാസ്ഥാനാര്‍ത്ഥികളില്‍ 95 ശതമാനം പേര്‍ക്കും ഈ കഴിവില്ല എന്നതാണ് വാസ്തവം. അപ്പോള്‍ അവരെ മുന്‍നിര്‍ത്തി അഴിമതി വീരന്മാരായ പുരുഷന്മാരുടെ ഭരണവൈകൃതമായിരിക്കും നടക്കാന്‍ പോകുന്നത്.
അതുപോലെതന്നെ ഇത്തവണ വിജയിച്ച വനിതാസ്ഥാനാര്‍ത്ഥികളില്‍ എത്രപേര്‍ക്ക് പഞ്ചായത്തീരാജ്- നഗരപാലിക നിയമങ്ങളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും അറിവുണ്ട് ? അധികാരത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ വിമര്‍ശിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും വേണ്ട. മാന്യമായ പദങ്ങള്‍ അറിഞ്ഞാല്‍ മതി. എന്നാല്‍, അധികാരം ലഭിച്ചുകഴിഞ്ഞാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്. നിര്‍ബന്ധിച്ചും സ്വാധീനിച്ചും പ്രലോഭിപ്പിച്ചുമൊക്കെയാണ് മൂന്ന് മുന്നണികളും വനിതാസ്ഥാനാര്‍ത്ഥികളെ ഫീല്‍ഡ് ചെയ്തതെന്ന കാര്യത്തില്‍ സംശയമില്ല.അപ്പോള്‍ ഇവരില്‍ നിന്ന് എങ്ങനെ നാടിന്റെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമര്‍പ്പണം പ്രതീക്ഷിക്കാന്‍ കഴിയും.
അതേ , ആതിരേ, ഒരിക്കല്‍ കൂടി അതിനീചമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണ് കേരളത്തിലെ വോട്ടര്‍മാര്‍.
Monday, November 8, 2010
ഒബാമയുടെ സന്ദര്‍ശനം : 'ആല്‍ത്തണലില്‍ ' മയങ്ങിയ മാധ്യമങ്ങള്‍
പൊട്ടിപ്പൊളിഞ്ഞ് പാളീസായ ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനാണ് ഒബാമ എത്തിയത്. ഒബാമയുടെ സാമ്പത്തിക നയം അവിടത്തെ ജനങ്ങള്‍ പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചു എന്ന് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കണ്ടെത്താനും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്. അമേരിക്കയില്‍ ഇപ്പോള്‍ ഒന്നരകോടി തൊഴില്‍ രഹിതരുണ്ട്. തൊഴിലില്ലായ്മയുടെ വളര്‍ച്ച 9.6 ശതമാനമാണ്. ഈ സാഹചര്യത്തില്‍ പ്രതിമാസം 1.5 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്തിനായിരുന്നു ഇന്ത്യയില്‍ വന്നത് ?
ആതിരേ, ഇന്ത്യയിലെ പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളോടാണ്.
ഒരു ലോകാത്ഭുതം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ വര്‍ണനകളും വിവരണങ്ങളും കൊണ്ട് മാധ്യമങ്ങള്‍ വന്‍ ഒച്ചപ്പാടാണ് സൃഷ്ടിച്ചത്. ഒബാമ ഇന്ത്യയിലെത്തിയാല്‍ ഒട്ടേറെ കരാറുകളില്‍ ഒപ്പിടുമെന്നും യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം, ആണവ സുരക്ഷ, കശ്മീര്‍ സമസ്യ തുടങ്ങി രാജ്യം ആവശ്യപ്പെടുന്ന ഗൗരവപൂര്‍ണമായ വിഷയങ്ങളില്‍ ഇന്ത്യയ്ക്കനുകൂലമായ നിലപാട് ഒബാമയില്‍ നിന്നുണ്ടാകുമെന്നും അതിലൂടെ ഇന്ത്യ തേനും പാലുമൊഴുകുന്ന കനാന്‍ ദേശമായി മാറും എന്നൊക്കെയുള്ള ധാരണ വളര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.
(പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ 45 മിനിറ്റു നേരത്തെ സംസാരത്തില്‍ ഈ വിഷയങ്ങള്‍ ഒബാമ സ്പര്‍ശിച്ചെങ്കിലും, ആതിരേ, ആ വാക്കുകളുടെയിടയിലും ഒബാമ ഉപയോഗിച്ച വാചകങ്ങളുടെ അടിയിലും അമേരിക്കന്‍ കമ്പോള താത്പര്യങ്ങളാണ്‍കഴുകന്‍ കണ്ണ് തുറന്ന് നിന്നിരുന്നത് )
എന്നാല്‍, ഇന്ത്യയിലേക്ക് വരുംമുമ്പ് തന്നെ തന്റെ സന്ദര്‍ശനോദ്ദേശ്യം ഒബാമ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ വാണിജ്യസാധ്യതകള്‍ മുതലെടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അസന്ദിഗ്ധമായി അദ്ദേഹം പറഞ്ഞത് പക്ഷെ, ഇവിടത്തെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ കൂടുതലായി വില്‍ക്കാന്‍ സാധിക്കുമോ എന്നുമാത്രമായിരുന്നു ഒബാമ അന്വേഷിച്ചത്. ഇന്ത്യക്കാര്‍ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവിടെ ഉത്പാദനം വര്‍ധിക്കുകയും അവിടുത്തുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും എന്ന് ഒബാമയ്ക്ക് അറിയാമായിരുന്നു. ആ അറിവ് ഇവിടെ അടിച്ചേല്‍പ്പിക്കുന്നതില്‍ ഒബാമ വിജയിക്കുകയും അത് കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കന്‍ കമ്പനികള്‍ക്ക് 1000 കോടി യുഎസ് ഡോളറിന്റെ (ഏകദേശം 44000 കോടി രൂപ) കരാറുകള്‍ നേടിയെടുത്തുകൊണ്ടാണ് , അതിരേ, ഒബാമ തന്റെ കമ്പോള വേട്ട ആരംഭിച്ചത്. ഈ കരാറിലൂടെ അമേരിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ, ഒബാമയെ പ്രകീര്‍ത്തിക്കാനാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മത്സരിച്ചത്. ഇന്ത്യന്‍ ഐടി കമ്പനികളുടെ നെഞ്ച് പിളര്‍ക്കുകയായിരുന്നു ഈ കരാറിലൂടെയെന്ന് തിരിച്ചറിഞ്ഞത് വിരലിലെണ്ണാവുന്ന മാധ്യമങ്ങള്‍ മാത്രം. അമേരിക്കന്‍ കമ്പനികള്‍ അവിടത്തെ ജോലികള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിനെ (ഔട്ട് സോഴ്സിംഗ്) തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ഒബാമ ഇന്ത്യയിലെത്തിയിട്ടും ആ നിലപാടില്‍ അയവ് വരുത്തിയില്ല. ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
ഇന്ത്യ പ്രതീക്ഷിച്ച യുഎന്നിലെ സ്ഥിരാംഗത്വം, കശ്മീര്‍ വിഷയത്തിലെ ക്രിയാത്മകമായ ഇടപെടല്‍ തുടങ്ങിയ ഘടകങ്ങളില്‍ നിന്ന് കൗശലപൂര്‍വ്വം നയതന്ത്രജ്ഞതയോടെയാണ് ഒബാമ ഒഴിഞ്ഞുമാറിയത്. തീവ്രവാദം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഈ വിഷയത്തില്‍ അമേരിക്ക മധ്യസ്ഥത പാലിക്കുന്ന പ്രശ്നമേയില്ല എന്നും ഒബാമ പറഞ്ഞിട്ടും ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നുപറയുമ്പോള്‍ , ആതിരേ, വിവേചനശീലത്തില്‍ നാമെത്രയോ പിന്നിലാണെന്ന് സമ്മതിക്കേണ്ടിവരും. അതല്ലെങ്കില്‍ ലോകപോലീസ് ചമയുന്ന അങ്കിള്‍ സാമിനോടും യാങ്കികളോടുമുള്ള മാനസികവിധേയത്വം അത്രമാത്രം അശ്ലീലഭരിതമാണെന്ന് പറയേണ്ടിവരും. രണ്ടായാലും ഇന്ത്യയെ കേവലം ഒരു കമ്പോളമായി കണ്ട് അതിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യാനാണ് ഒബാമ എത്തിയതെന്ന് എഴുതാനും പറയാനും നമ്മുടെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങള്‍ക്കും നട്ടെല്ലില്ലാതെ പോയി എന്നത് അവിതര്‍ക്കിതമായ വാസ്തവമാണ്.
ആതിരേ, പൊട്ടിപ്പൊളിഞ്ഞ് പാളീസായ ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് തന്റെ രാജ്യത്തെ രക്ഷപ്പെടുത്താനാണ് ഒബാമ എത്തിയത്. ഒബാമയുടെ സാമ്പത്തിക നയം അവിടത്തെ ജനങ്ങള്‍ പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചു എന്ന് സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കണ്ടെത്താനും അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയായിരുന്നു ഒബാമ ഇന്ത്യയിലെത്തിയത്. അമേരിക്കയില്‍ ഇപ്പോള്‍ ഒന്നരകോടി തൊഴില്‍ രഹിതരുണ്ട്. തൊഴിലില്ലായ്മയുടെ വളര്‍ച്ച 9.6 ശതമാനമാണ്. ഈ സാഹചര്യത്തില്‍ പ്രതിമാസം 1.5 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതിന്റെ തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം. 10 വര്‍ഷം കൊണ്ട് അമേരിക്കയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യന്‍ വിപണിയെ പരമാവധി ചൂഷണം ചെയ്യുക എന്നതായിരുന്നു ഒബാമയുടെ മുഖ്യലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസങ്ങളില്‍ അദ്ദേഹം കുട്ടികളോടൊത്ത് ദീപാവലി ആഘോഷിച്ചതും ഹുമയൂണിന്റെ ഖബറിടം സന്ദര്‍ശിച്ചതുമൊക്കെ വാര്‍ത്തകളാക്കിയും ചിത്രങ്ങളാക്കിയും പത്രങ്ങളിലെയും ടെലിവിഷനിലെയും സ്ഥലവും സമയവും നഷ്ടപ്പെടുത്തിയത്. ഒപ്പം ഭാര്യ മിഷേലിനെയും ഹൈലൈറ്റ് ചെയ്യാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇനി ഇന്ത്യയിലെ ഫാഷന്‍ ട്രെന്‍ഡിന് ചുക്കാന്‍ പിടിക്കുന്നത് മിഷേലാണെന്ന് വരെ എഴുതിയും പറഞ്ഞും പ്രചരിപ്പിക്കാന്‍ ഇവിടെത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്‍പ്പം പോലും ഉളുപ്പില്ലായിരുന്നു.
ഒന്നറിയണം, ആതിരേ, ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ അമേരിക്ക സന്ദര്‍ശിച്ചാല്‍ എന്തായിരിക്കും അവിടത്തെ മാധ്യമങ്ങളുടെ നിലപാട് ? കൂടിവന്നാല്‍ ഒരുകോളം വാര്‍ത്ത. പ്രൈംടൈം ന്യൂസില്‍ ഒരു മിനിറ്റ് പരാമര്‍ശം. അതിലപ്പുറം ഒരു പരിഗണനയും ലഭിക്കാത്തിടത്താണ് ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഒബാമയുടെ സന്നാഹങ്ങളെ കുറിച്ചും യാത്രചെയ്യുന്ന വാഹനങ്ങളെ കുറിച്ചും ഒക്കെ എഴുതിയും പറഞ്ഞും ഇന്ത്യക്കാരുടെ ശ്രദ്ധമുഴുവന്‍ ഒബാമയിലേക്ക് തിരിച്ചുവെച്ചത്.
ശരിക്കും ഒരു വിനോദസഞ്ചാരമാണ് ഒബാമയും ഭാര്യയും ഇന്ത്യയില്‍ നടത്തിയത്. ഒപ്പം വന്ന വ്യവസായികള്‍ അവര്‍ക്കാവശ്യമുള്ള കരാറുകള്‍ ഇതിനിടയില്‍ നേടിയെടുക്കുകയും ചെയ്തു. ഗൗരവുമള്ള ഒരു ചര്‍ച്ചയോ നയതന്ത്ര തലത്തില്‍ ശ്രദ്ധേയമാകുന്ന ഒരുനിലപാടോ ഈ സന്ദര്‍ശനത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹജമായ വിധേയത്വഭാവം പരമാവധി ചൂഷണം ചെയ്ത് അമേരിക്കന്‍ കമ്പോളത്തിന്റെ വിപുലീകരണം സാധിച്ചെടുത്തിരിക്കുകയാണ് ഒബാമ.
ഒബാമയുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നവാസ്തവങ്ങളാണ് നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പോലും അമേരിക്കക്കാര്‍ക്കാണ് പ്രാമുഖ്യം. അവിടെ യുഎസ് പൗരന്മാര്‍ക്ക് അപ്രഖ്യാപിത സംവരണമാണ് നിലവിലുള്ളത്.
അമേരിക്കയില്‍ ശക്തമായ വേരോട്ടമുള്ള മൂന്ന് കമ്പനികളാണ് ജൂബിലന്റ് ഭാരതീയ ഗ്രൂപ്പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അവാന്ത ഗ്രൂപ്പ് എന്നിവ. ഫാര്‍മസ്യൂട്ടിക്കല്‍, ലൈഫ് സയന്‍സ്, ഹെല്‍ത്ത് കീയര്‍, എണ്ണ - പ്രകൃതി വാതക പര്യവേഷണം തുടങ്ങിയ മേഖലകളില്‍ 300 കോടി ഡോളറിന്റെ അറ്റദായമുള്ള ജൂബിലന്റ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന 901 പ്രഫഷണലുകളില്‍ 891 പേരും അമേരിക്കന്‍ പൗരന്മാരാണ്. 710 കോടി ഡോളറിന്റെ മഹീന്ദ്ര വാഹന കമ്പനിയിലെ 6000 ജീവനക്കാരില്‍ 3600 പേരും അമേരിക്കക്കാര്‍. ക്രോമ്പ്ടണ്‍ ഗ്രീവ്സിന്റെ മാതൃസ്ഥാപനമായ അവാന്ത ഗ്രൂപ്പ് തങ്ങളുടെ ഓരോ യൂണിറ്റിലും 150 - 200 അതിവിദഗ്ധരെയാണ് നിയമിച്ചിട്ടുള്ളത്. ഇവിടെയും ഇന്ത്യന്‍ പ്രാതിനിധ്യം നാമമാത്രമാണ്. ഐടി - ഐടി അധിഷ്ഠിത സ്ഥാപനങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ തൊഴിലാളികളുടെ ഉയര്‍ന്ന പ്രാതിനിധ്യമുള്ളത്.
പുറംജോലി കരാര്‍ നിരുത്സാഹസപ്പെടുത്തുമെന്ന് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആവര്‍ത്തിച്ച ഒബാമ, ഇവിടെ ഒപ്പിട്ട ഈ 44000 കോടി രൂപയുടെ കരാറിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളെ കുറിച്ച് ഇന്ത്യക്കാരന്‍ കിനാവ് കാണണ്ട എന്നുതന്നെയാണ് പറഞ്ഞത്.
ഇതുപോലും തിരിച്ചറിയാതെ ആദ്യദിവസം മുംബൈയില്‍ ഒപ്പിട്ട 44000 കോടി രൂപയുടെ കരാറുകള്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുമെന്ന് എഴുതിപിടിപ്പിക്കുകയും പറയുകയും ചെയ്ത മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പൊതുസമൂഹത്തെ ഒബാമയ്ക്കൊപ്പം നിന്ന് കബളിപ്പിക്കുകയായിരുന്നു. ശ്രദ്ധിക്കണം ഒബാമയുടെ സുരക്ഷയ്ക്കുവേണ്ടി സ്വീകരിച്ച നടപടികള്‍ മൂലം ഇന്ത്യയ്ക്കുണ്ടായ വാണിജ്യവ്യവസായ നഷ്ടം . അത് എത്രയെന്ന് തിട്ടപ്പെടുത്താന്‍ പോലും ഇവിടെത്ത മാധ്യമങ്ങള്‍ക്ക് തോന്നിയില്ല എന്നുപറയുമ്പോള്‍, അതിരേ മനസ്സിലാക്കുക വിധേയത്വ മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്‍പുറത്ത് വളര്‍ന്നുനില്‍ക്കുന്ന ആല്‍ത്തണലിരുന്നുകൊണ്ടാണ് ഇവരെല്ലാം ഒബാമ സ്തുതികള്‍ പടച്ചുവിട്ടതെന്ന്.
Friday, November 5, 2010
അഴിമതി : 'അമ്മായിഅമ്മ ഗാന്ധിയും' 'മരുമകള്‍ ഗാന്ധിയും' ഒരേവഴിയില്‍
ഇപ്പോള്‍ ചിത്രം വ്യക്തമാവുകയാണ്. അമ്മായിയമ്മ ഗാന്ധി മുതല്‍ കൊച്ചുമകന്‍ ഗാന്ധി വരെയുള്ള കുടുംബാധിപത്യത്തിന്റെ അടയാളങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രാഷ്ട്രവഞ്ചനകളും സാമദ്രോഹങ്ങളുമാണ്. ഈ സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്താണ് നവംബര്‍ 2-ാം തിയതി ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും.
"അഴിമതി ഒരു ആഗോളപ്രതിഭാസമാണ്" എന്ന വിശ്രുതമായ കണ്ടുപിടുത്തം നടത്തിയത് ഇന്ദിരയായിരുന്നു. ഇന്ത്യയിലെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന അവരുടെ ഭരണത്തിന്റെ അവസാനകാലം അഴിമതിയുടെ കൂത്തരങ്ങായപ്പോഴാണ്, ആതിരേ ഇത്തരമൊരു കണ്ടുപിടുത്തം നടത്താന്‍ അവര്‍ നിബന്ധിതയായത്. ആ ഭരണത്തിന്റെ നന്മയും തിന്മയും അനുഭവിച്ചവര്‍ക്ക്, അവയെ കുറിച്ച് ഓര്‍മ്മയുള്ളവര്‍ക്ക് സോണിയയുടെ നിലപാടില്‍ തെല്ലും അതിശയം തോന്നുകയില്ല. അമ്മായിഅമ്മയില്‍ ആരംഭിച്ച് ഭര്‍ത്താവില്‍ തുടര്‍ന്ന അഴിമതി ഭരണത്തിന് ഭംഗംവരുത്താതിരിക്കാന്‍ അവര്‍ക്ക് ശ്രമിച്ചേ മതിയാകൂ.
കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നാലാംവട്ടവും സോണിയയെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തില്‍ ലോകത്തുള്ള സര്‍വ്വ വിഷയങ്ങളെ കുറിച്ചും വിശകലനമുണ്ടായി, പ്രമേയങ്ങളവതരിപ്പിക്കപ്പെട്ടു. കശ്മീര്‍ മുതല്‍ കൂട്ടുകക്ഷി ഭരണവരെയുള്ള വിഷയങ്ങളില്‍ 'ആധികാരികമായാണ്' സോണിയ കോണ്‍ഗ്രസുകാരോടും രാഷ്ട്രത്തോടും സംസാരിച്ചത്.
എന്നാല്‍, കോണ്‍ഗ്രസിനെയും അതിന്റെ സര്‍ക്കാരുകളെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന അഴിമതിയെ കുറിച്ച് കമാന്ന് ഒരക്ഷരം അവരില്‍ നിന്നുണ്ടായില്ല, ആതിരേ.... എന്നുമാത്രമല്ല, അഴിമതിയുടെ പേരില്‍ വിവാദപുരുഷന്മാരായവരെ തനിക്കൊപ്പം വേദിയിലും സദസിലും സ്ഥാനം നല്‍കി തന്റെ കുടുംബഭരണരീതി അവര്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഇന്ന് വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവയാണ് മുംബൈ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 2 ജി. സ്പെക്ട്രം അഴിമതി തുടങ്ങിയവ. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ വിശ്വാസ്യതയെ അനുദിനം പിച്ചിചീന്തുന്ന, കോണ്‍ഗ്രസിന്റെ ആദര്‍ശപരിവേഷത്തെ കളങ്കിതമാക്കിക്കൊണ്ടിരിക്കുന്ന ഈ വിഷയങ്ങളില്‍ തീര്‍ച്ചയായും, ആതിരേ, സോണിയയില്‍ നിന്ന് ചില അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളും പൊതുസമൂഹവും പ്രതീക്ഷിച്ചതാണ്. എന്നാല്‍, ഈ വിഷയം തമസ്കരിക്കാനും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും സുരേഷ് കല്‍മാഡിക്കും എഐസിസി വേദിയില്‍ ബഹുമാന്യസ്ഥാനം നല്‍കാനുമാണ് അവരും കോണ്‍ഗ്രസ് പാര്‍ട്ടിയും ശ്രമിച്ചത്. സുതാര്യമായ ഭരണം, അഴിമതി രഹിതമായ എക്സിക്യൂട്ടീവ്, വാഗ്ദാനങ്ങളുടെ നിറവേറ്റല്‍ എന്നൊക്കെ വീമ്പിളക്കി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ പൊതുസമൂഹത്തെയും നികുതിദായകരെയും സമ്മതിദായകരെയും കുരങ്ങ് കളിപ്പിക്കുന്ന രാഷ്ട്രീയ നീക്കത്തിന് അങ്ങനെ സോണിയ ശാശ്വതീകരണം നല്‍കി.
ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗും അഹമ്മദ് പട്ടേലും നല്‍കിയ വിശദീകരണങ്ങള്‍ അഴിമതിയുടെ തിരക്കഥയുടെ പൂര്‍ണരൂപം നല്‍കുന്നു. സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ എഐസിസി സമ്മേളനം കൂടിയതെന്നും ഡിസംബര്‍ 18-20 തീയതികളില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ രാജ്യം നേരിടുന്ന വിഷയങ്ങളെ കുറിച്ച് കോണ്‍ഗ്രസ് അതിന്റെ അഭിപ്രായം പ്രകടിപ്പിക്കും എന്നൊക്കെയായിരുന്നു ഇവരുടെ വിശദീകരണം. കോണ്‍ഗ്രസ് അധ്യക്ഷയുടെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു അജണ്ടയെങ്കില്‍ എന്തിനാണ് മറ്റു വിഷയങ്ങളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ ഇത്രയ്ക്കും ആധികാരികമായി , ആവേശത്തോടെ സംസാരിച്ചത് ? ( ഈ ചോദ്യത്തിന് ഉത്തരം കിട്ടുകയില്ല എന്നത് തീര്‍ച്ചയാണ്.) ഒപ്പം ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതി ലഘൂകരിക്കാനും ഈ നേതാക്കളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. കരസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വരെ പേരുകള്‍ ഈ അഴിമതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ആ വിഷയത്തില്‍ അഭിപ്രായം പറയുന്നത് യുക്തമല്ല എന്നാണ് ദിഗ്‌വിജയ് സിംഗ് വിശദീകരിച്ചത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കെ കോണ്‍ഗ്രസ് അധ്യക്ഷ അംഗീകാരം നല്‍കിയിട്ടുള്ള അഴിമതികളെ ന്യായീകരിക്കാനല്ലാതെ ദിഗ്‌വിജയനും അഹമ്മദ് പട്ടേലിനും മറ്റ് എന്ത് ചെയ്യാന്‍ കഴിയും.
ഈ യോഗത്തില്‍ , ആതിരേ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ 'കൊച്ചുമകന്‍ ഗാന്ധി'യെ പാര്‍ട്ടിയുടെ അടുത്ത സാരഥിയായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും അവതരിപ്പിച്ചത് ശ്രദ്ധിക്കേണ്ടതാണ്. എഐസിസി സമ്മേളനം തുടങ്ങിയ ശേഷം ഹാളിലേക്ക് കടന്നുവരികയും മറ്റ് അംഗങ്ങള്‍ക്കൊപ്പം അല്‍പ്പനേരം സദസിലിരുന്ന ശേഷം വേദിയില്‍ അമ്മയ്ക്കുപുറകില്‍, കോണ്‍ഗ്രസിന്റെ നയരൂപീകരണ വിദഗ്ധര്‍ക്കരുകില്‍ രാഹുല്‍ സ്ഥാനം പിടിച്ചത് വന്‍ കയ്യടിയോടെയായിരുന്നു. അമ്മയുടെ കാതില്‍ എന്തോ മന്ത്രിച്ച ശേഷം രാഹുല്‍ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് 'ഏറെയേറെ ഗൗരവമുള്ള' വിഷയങ്ങളായിരുന്നു.
താന്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെന്നും ഈ സഞ്ചാരത്തില്‍ തനിക്ക് ഒരു വാസ്തവം ബോധ്യമായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. വര്‍ത്തമാനകാല ഇന്ത്യ രണ്ട് ഹിന്ദുസ്ഥാനാണെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. സാധുക്കളും ദരിദ്രരും വികസനത്തിന്റെ വെളിച്ചത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരും അടങ്ങുന്നതാണ് ഒരു ഹിന്ദുസ്ഥാന്‍. രാജ്യത്തിന്റെ പുരോഗതിക്ക് (?) ഒപ്പം നീങ്ങുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നവരുടേതാണ് രണ്ടാമത്തെ ഹിന്ദുസ്ഥാന്‍. ഈ രണ്ട് ഹിന്ദുസ്ഥാനും തമ്മില്‍ ബന്ധപ്പെടുത്തിയേ തീരു. അതിനുള്ള ശ്രമമാണ് അടിയന്തിരമായി ചെയ്യേണ്ടത്. ഈ യത്നം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും രാഹുല്‍ തറപ്പിച്ച് പറഞ്ഞു.
ഒരു കാര്യം സമ്മതിച്ചേ തീരു, ആതിരേ. മുതുമുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തിയ'തില്‍ നിന്നും വിപ്ലവകരമായ രീതിയിലാണ് കൊച്ചുമകന്റെ കണ്ടെത്തല്‍. രാജ്യത്തെ സാധാരണജനങ്ങളുടെ ഉന്നമനത്തിനും ജീവിതാവസ്ഥകളുടെ പുരോഗതിക്കുമായി കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടും സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും ദരിദ്ര നാരായണന്മാരുടെ ഒരു ഹിന്ദുസ്ഥാന്‍ ഇന്ത്യയിലുണ്ട് എന്ന കണ്ടെത്തല്‍ അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ..!. ഇവിടെ ഉന്നയിക്കപ്പെടുന്ന ചോദ്യം അപ്പോള്‍ ഇത്രയും കാലം കേന്ദ്രം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതാണ് ? അവരെ കുറിച്ചുകൂടി പറഞ്ഞിടത്താണ് രാഹുലിന്റെ കണ്ടെത്തലിനെ അഭിനന്ദിക്കേണ്ടത്. ഈ ക്ഷേമപദ്ധതികളെ എല്ലാം കാമധേനുക്കളാക്കി ഒരു വര്‍ഗം വികസിച്ചുവന്നിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. വഴിവിട്ട അത്തരം വികസനത്തിന്റെയും വളര്‍ച്ചയുടെയും പുതിയ കഥകളാണല്ലോ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും 2ജി സ്പെക്ട്രം അഴിമതിയുമൊക്കെ. ഈ അഴിമതി വീരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നത് തന്റെ മാതാവും അവര്‍ ആധ്യക്ഷം വഹിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്രസര്‍ക്കാരുമാണെന്ന സത്യം കൊച്ചുമകന്‍ ഗാന്ധി, തന്റെ ഇന്ത്യയെ കണ്ടെത്തലിന്റെ ആവേശത്തില്‍ മറന്നുപോയെന്ന് തോന്നുന്നു.
ആതിരേ, ഈ രണ്ട് ഹിന്ദുസ്ഥാനുകളെ യോജിപ്പിക്കുകയാണോ അതോ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അടക്കമുള്ളവ ഹൈജാക് ചെയ്യുകയും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുകയും ചെയ്യുന്ന വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ട നേതാക്കന്മാരെയും അവരെ സംരക്ഷിക്കുന്നവരെയും ഇവരുടെയൊക്കെ ഇടനിലക്കാരെയും ഉന്മൂലനം ചെയ്യുകയാണോ വേണ്ടത് ? തീര്‍ച്ചയായും രണ്ടാമത് പറഞ്ഞതാണ് നടപ്പിലാക്കേണ്ടത്. പക്ഷെ, അതിനുള്ള സമ്മതവും മനസ്സും ഇഛാശക്തിയും കോണ്‍ഗ്രസ് അധ്യക്ഷയ്ക്കോ പ്രധാനമന്ത്രിക്കോ ഇല്ല എന്നതാണ് വര്‍ത്തമാനകാല വാസ്തവം. വന്‍ അഴിമതികള്‍ നടത്തി നേതാക്കന്മാര്‍ പോക്കറ്റ് വീര്‍പ്പിക്കുമ്പോള്‍ അതിന്റെ ഇരട്ടി പാര്‍ട്ടിക്കും പാര്‍ട്ടിയുടെ നിയന്താക്കള്‍ക്കും ലഭിക്കുമെന്നുള്ളത് ഏത് വിഡ്ഢിക്കുമറിയാവുന്ന വസ്തുതയാണ്. യഥാര്‍ത്ഥത്തില്‍ അശോക് ചൗഹാനെയും സുരേഷ് കല്‍മാഡിയെയും എ. രാജയെയും പോലെയുള്ള കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിച്ച് കോടികള്‍ സമ്പാദിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും അതുമായി ബന്ധപ്പെട്ടവരും. അപ്പോള്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ സോണിയയ്ക്ക് കഴിയുന്നതെങ്ങനെ ?
ആ മൗനത്തെ കൗശലപൂര്‍വ്വമായ ഒരു ഇടപെടലിലൂടെ ന്യായീകരിക്കുകയും അഴിമതിക്കാരെ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു രാഹുല്‍. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ രണ്ട് ഹിന്ദുസ്ഥാനും ഇതേ രീതിയില്‍ തന്നെ നിലനില്‍ക്കണം. എന്നാല്‍, ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതി. അതിനു കഴിയുന്നത് കോണ്‍ഗ്രസിനും. ഇപ്പോള്‍ ചിത്രം വ്യക്തമാവുകയാണ്. അമ്മായിയമ്മ ഗാന്ധി മുതല്‍ കൊച്ചുമകന്‍ ഗാന്ധി വരെയുള്ള കുടുംബാധിപത്യത്തിന്റെ അടയാളങ്ങളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രാഷ്ട്രവഞ്ചനകളും സാമദ്രോഹങ്ങളുമാണ്. ഈ സത്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്താന്‍ കഴിഞ്ഞു എന്നിടത്താണ് ആതിരേ, നവംബര്‍ 2-ാം തിയതി ന്യൂഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റി യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും.
Thursday, November 4, 2010
കുടിവെള്ളം : അഭിമാനം പണയപ്പെടുത്തുമ്പോള്‍
നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക് വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച് അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ് ഇടത്-വലത് വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന് നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഭീഷണമാണ് ഭാവി. ഭീകരമാണ് വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട് അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ.ആതിരേ, അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ് കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.
വെള്ളവും വെളിച്ചവും വായുവും ആര്‍ക്കും കപ്പം കൊടുക്കാതെ ഏതൊരു മനുഷ്യനും സ്വീകരിക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രകൃതിയുടെ വരദാനമാണ് എന്ന ചിന്ത തിരുത്തിക്കുറിപ്പിക്കുകയാണ് ആതിരേ, നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍. കുടിവെള്ളത്തിനും സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും കരം കൊടുത്തേ കഴിയു എന്ന് പാശ്ചാത്യ അധിനിവേശത്തിന്റെ പൈശാചികതയായി ലോകബാങ്കും അനുബന്ധ സാമ്പത്തിക സംവിധാനങ്ങളും ശാഠ്യം പിടിക്കുമ്പോള്‍ അതിന് വഴങ്ങിക്കൊടുക്കുന്ന പ്ലാസ്റ്റിക് നട്ടെല്ലുകളുമായി ഇടതുപക്ഷ ഭരണം പോലും സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിക്കുന്നതാണ് വര്‍ത്തമാനകാല ദുരവസ്ഥ.
ജലനിധി !
ആതിരേ, എത്ര ലാവണ്യസുന്ദരമായ പദം !!
എന്നാല്‍,കെരള സര്‍ക്കാരിന്റെ ' ജലനിധി കുടിവെള്ള പദ്ധതി 'യുടെ ഭാഗമായി സ്ഥാപിക്കുന്ന പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തിന് ജനങ്ങള്‍ പണം നല്‍കണമെന്ന ലോകബാങ്കിന്റെ വൃത്തികെട്ട ശാഠ്യത്തിന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ജലമന്ത്രി എം.കെ പ്രേമചന്ദ്രനും ഇവരടങ്ങുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനുമൊക്കെ മുട്ടുമടക്കി ഏറാന്‍ മൂളിയിരിക്കുകയാണ്.
നൂറ് പഞ്ചായത്തിലാണ് ജലനിധി പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ നിലവിലുള്ള പൊതുടാപ്പുകള്‍ ജലനിധിപദ്ധതിയുമായി യോജിപ്പിക്കും. അതോടെ ഈ ടാപ്പുകളിലെ വെള്ളത്തിനും ജനങ്ങള്‍ പണം നല്‍കേണ്ടിവരും.
കേരളത്തില്‍ പൊതുടാപ്പുകള്‍ വേണ്ട എന്നാണ് , ആതിരേ, ലോകബാങ്ക് ആദ്യം ശാഠ്യം പിടിച്ചത്. കേരളത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ ഉണ്ടെന്നും അതുകൊണ്ട് പൊതുടാപ്പുകള്‍ വേണ്ട എന്നുമാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍. ഏത് കൊഞ്ഞാണനാണ് ലോകബാങ്കിന് വേണ്ടി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ചോദിക്കാന്‍ പിണറായി വിജയനോ വി.എസ് അച്യുതാനന്ദനോ എം.കെ. പ്രേമചന്ദ്രനോ നട്ടെല്ലില്ലാതെ പോയി..! ഭരണകൂടത്തിന്റെ ഈ വഞ്ചനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തേണ്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ശിഖണ്ഡിത്വവും ബാധിച്ചു. ഈ നേതാക്കന്മാരുടെ വീടുകളില്‍ വാട്ടര്‍കണക്ഷനുള്ളതുകൊണ്ടും അതിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് പണം നല്‍കേണ്ടതില്ലാത്തതുകൊണ്ടും ലോകബാങ്കിന്റെ പാദസേവകരാകാന്‍ ഇവര്‍ക്ക് മടിയില്ല.
പക്ഷെ, ആതിരേ, ഇന്ന് കേരളം ഭരിക്കുന്ന അച്യുതാനന്ദനും അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും അതുപോലെ തന്നെ മുമ്പ് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടിക്കും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്കുമറിയാം കേരളത്തിലെ എല്ലാ നികുതിദായകര്‍ക്കും സമ്മതിദായകര്‍ക്കും സ്വന്തമായി വീടില്ല എന്ന്. സ്വന്തമായി വീടുള്ള എല്ലാവര്‍ക്കും വാട്ടര്‍കണക്ഷനും ഇലക്ട്രിസിറ്റി കണക്ഷനുമില്ല എന്ന്. ഇവരെ വോട്ടു ബാങ്കാക്കി രാഷ്ട്രീയം കളിക്കുന്ന ഈ വേതാളങ്ങള്‍ക്കെല്ലാം നന്നായിട്ടറിയാം പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്താണ് ഇവര്‍ നിത്യവൃത്തി കഴിക്കുന്നതെന്ന്. ലോകബാങ്ക് പറഞ്ഞു : " കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ഹൗസ് കണക്ഷന്‍ ഉള്ളതുകൊണ്ട് പൊതുടാപ്പ് വേണ്ട ". സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറന്നുനില്‍ക്കുകയായിരുന്നു വിപ്ലവ വായാടികളും ഖദറിന്റെ വാണിജ്യക്കാരും. അതുകൊണ്ടാണ് ജലനിധി പദ്ധതിയില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടിവന്നാല്‍ ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന ലോകബാങ്കിന്റെ നിര്‍ബന്ധത്തിന് ഈ വഞ്ചകരെല്ലാം റാന്‍ മൂളിയത്.
ഇപ്പോള്‍ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന ജലത്തിന് എല്ലാമാസവും വാട്ടര്‍ അതോറിറ്റിക്ക് തദ്ദേശഭരണസ്ഥാപനങ്ങളാണ് പണം നല്‍കുന്നത്. ജലനിധി പദ്ധതി വന്നാലും ഈ നില തുടര്‍ന്നാല്‍ മതിയെന്ന് എം.കെ പ്രേമചന്ദ്രന്റെ ജലംവകുപ്പ് നിര്‍ദേശിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തവനെന്ന് അഭിമാനിക്കുന്ന വിപ്ലവകാരി പാലൊളി മുഹമദ് കുട്ടി ഭരിക്കുന്ന തദ്ദേശ വകുപ്പ് പറഞ്ഞത് ചെലവിന്റെ ഒരു വിഹിതം മാത്രമേ ഇനി വഹിക്കാന്‍ കഴിയൂ എന്നാണ്. ഓര്‍ക്കണം ജലനിധി പദ്ധതി വരുന്നതിന് മുമ്പ് പൊതുടാപ്പിലൂടെ ഉപയോഗിക്കുന്ന ജലത്തിന്റെ പണം മുഴുവന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിക്കൊണ്ടിരിക്കുന്നവരാണ് ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഒരു പദ്ധതി വന്നപ്പോള്‍ പണം നല്‍കാന്‍ കഴിയുകയില്ലെന്നും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവരില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെ പണം വാങ്ങണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ചതിക്കും വഞ്ചനക്കും പാലൊളി മുഹമ്മദ് കുട്ടിയെന്നും പിണറായി വിജയനെന്നും വി.എസ് അച്യുതാനന്ദനെന്നും എം.കെ. പ്രേമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെന്നും രമേശ് ചെന്നിത്തലയെന്നും കെ.എം. മാണിയെന്നും കുഞ്ഞാലിക്കുട്ടിയെന്നുമൊക്കെയാണ് പര്യായമെന്ന് ടാപ്പില്ലാത്ത പൈപ്പിലൂടെ വാസ്തവമൊഴുകുന്നത് കാണാന്‍ കഴിയുന്നില്ലേ, ആതിരേ...?
കാലവര്‍ഷവും തുലാവര്‍ഷവും എന്ന രണ്ടുമഴക്കാലവും കിഴക്കോട്ടൊഴുകുന്ന നാല് നദികളടക്കം 44 നദികളും കൊണ്ട് സമ്പന്നമായ, ഉര്‍വരമായ ഒരു ഭൂപ്രദേശമാണ് കേരളം. എന്നാല്‍, കുടിവെള്ളത്തിനും മറ്റ് നിത്യോപയോഗ ആവശ്യത്തിനും ഇന്ന് ജലമില്ലാതെ നരകിക്കുകയാണ് കേരളീയര്‍. പ്രകൃതി കരുണയോടെ നല്‍കുന്ന ജലസമ്പത്ത് കൃത്യമായി പരിപാലിക്കാന്‍ കഴിയാത്ത അലസതയുടെ തിരിച്ചടിയാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. മഴവെള്ളം അടക്കമുള്ള ജലം സംഭരിക്കാനും അത് ആവശ്യാനുസരണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. ഇപ്പോള്‍ സംസ്ഥാന ഭരണത്തോടൊപ്പം തൃത്താല ഭരണവുമാണ് കേരളത്തില്‍ കാര്യകര്‍തൃത്വം നടത്തുന്നത്. ഇവര്‍ക്കാര്‍ക്കും കുടിവെള്ള സംരക്ഷണ കാര്യത്തില്‍ അല്‍പ്പം പോലും ജാഗ്രതയില്ലാതെ പോയതുകൊണ്ടാണ് ലോകബാങ്കിനെ പോലെയുള്ള രാഷ്ട്രാന്തര മൂലധന ചൂഷകരുടെ സഹായം തേടേണ്ടിവന്നിരിക്കുന്നത്. ലോക ബാങ്കിനെ നിയന്ത്രിക്കുന്നത് ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ തകര്‍ക്കാര്‍ ശ്രമിക്കുന്ന പാശ്ചാത്യ സാമ്പത്തിക ശക്തികളാണ്. ഇത് അറിഞ്ഞിട്ടു തന്നെയാണ്, ആതിരേ, ഇത്തരം ചൂഷകരുടെ സഹായം പൗരന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ പോലും സ്വീകരിക്കുന്നത്.
ഇവിടെ ഓര്‍ക്കേണ്ടതായ ഒരു വാസ്തവമുണ്ട്. ലോകബാങ്കും എഡിബിയും അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക ശക്തികളില്‍ നിന്ന് സഹായം തേടുന്നതിനെതിരെ വന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നുപറയുകയും ഭരണത്തിലേറുമ്പോള്‍ എതിര്‍ത്തതിനെ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയുടെ ദുരിതം പേറേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാരാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന ജലത്തിന് പണം നല്‍കണമെന്ന ലോകബാങ്കിന്റെ വ്യവസ്ഥയ്ക്ക് കേരളസര്‍ക്കാരും പ്ലാനിംഗ് വിദഗ്ധന്മാരും സമ്മതം മൂളിയത്.
ജലനിധി പദ്ധതിയില്‍ സ്ഥാപിക്കുന്ന പൊതു ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് തദ്ദേശ ഭരണസ്ഥാപനവും അതാത് ദേശത്തെ ഗുണഭോക്തൃ സമിതിയും തുല്ല്യമായി പണം നല്‍കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ജലത്തിന്റെ ഉപഭോഗം നിര്‍ണയിക്കാന്‍ പൊതുടാപ്പിലും മീറ്റര്‍ ഘടിപ്പിക്കും. പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം ഗുണഭോക്തൃ സമിതികളും 10 ശതമാനം തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണമെന്നായിരുന്നു ലോകബാങ്കിന്റെ വാശി. എന്നാല്‍, ഇതില്‍ ഗുണഭോക്തൃ വിഹിതം 10 ശതമാനമായി കുറച്ചിട്ടുണ്ടെന്നും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍, ആദിവാസികള്‍ മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ എന്നിവരുടെ ഗുണഭോക്തൃ വിഹിതം ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്നുമാണ് എം.കെ.പ്രേമചന്ദ്രന്‍ അഭിമാനത്തൊടെ പറയുന്നത്.
ആതിരേ, ഇവിടെ ഒരു ചോദ്യം ഉന്നയിക്കപ്പെടും. പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നവരെല്ലാം ഗുണഭോക്താക്കളാണല്ലോ. അവരില്‍ നിന്നാണല്ലോ ഗുണഭോക്തൃ വിഹിതം ഈടാക്കേണ്ടത്. വിയര്‍ത്ത് വലഞ്ഞ് വിശന്നുവരുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലൊരു നിബന്ധനയുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ അര്‍ഹതയുണ്ടാകുമോ ? തെരുവില്‍ വീടില്ലാതെ കിടക്കുന്നവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം വാങ്ങിയെടുക്കും. കേരളത്തിന്റെ പുതിയ വികസന സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ വന്ന് വഴിയോരത്ത് തമ്പടിച്ച് ജോലി ചെയ്യുന്നവര്‍ ആയിരക്കണക്കിന് പേരുണ്ട്. ഇവരും പൊതുടാപ്പില്‍ നിന്ന് ജലം ഉപയോഗിക്കുന്ന ഗുണഭോക്താക്കളാണ്. ഇവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം ഈടാക്കും? കഴിയില്ലെങ്കില്‍ ഇവര്‍ക്ക് പൊതുടാപ്പില്‍ നിന്ന് കുടിവെള്ളം നിഷേധിക്കുമെന്നാണോ പറഞ്ഞുവരുന്നത്.
ഓര്‍ക്കണം തെരുവില്‍ അലയുന്ന ഒരു ഭിക്ഷക്കാരന്‍ വാങ്ങുന്ന തീപ്പെട്ടിയില്‍നിന്നുപോലും നികുതി ഈടാക്കി ഞെളിയുന്ന ഭരണകൂടങ്ങളാണ് സംസ്ഥാങ്ങളിലും കേന്ദ്രത്തിലുമുള്ളത്. അങ്ങനെ നികുതി നല്‍കുന്ന ഇന്ത്യന്‍ പൗരന് പണം നല്‍കാതെ കുടിവെള്ളം നല്‍കുകയില്ല എന്നാണോ വിവക്ഷ? സത്യം തുറന്നുപറയണം. അതിനുള്ള ആര്‍ജ്ജവവും നട്ടെല്ലുറപ്പും കാണിക്കണം. ആതിരേ, പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കാലുനക്കികളായി ഒരു രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അതിലെ പൗരന്മാരുടെയും സ്വയം ശീര്‍ഷത്വവും മനുഷ്യനായി ജീവിക്കാനുള്ള അവകാശവും അടിയറവെയ്ക്കാന്‍ ആരാണ് ഈ നേതൃമ്മന്യന്മാര്‍ക്ക് അവകാശവും അധികാരവും നല്‍കിയിരിക്കുന്നത്.
നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക് വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച് അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ് ഇടത്-വലത് വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന് നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഇവരെക്കൊണ്ട് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള സാമ്പത്തിക ശക്തികള്‍ക്കും കൗശലങ്ങള്‍ക്കും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ അധിനിവേശ ഭീകരന്മാര്‍ രൂപം കൊടുക്കും. അവരുടെ അഞ്ചാംപത്തികളായി നാം തെരഞ്ഞെടുത്തയയ്ക്കുന്ന ജനപ്രതിനിധികള്‍ നമ്മുടെ ശ്വസിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുക്കാന്‍ പോവുകയാണ്. ഭീഷണമാണ് ഭാവി. ഭീകരമാണ് വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട് അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ.ആതിരേ, അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ് കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.
Sunday, October 31, 2010
വര്‍ഗീസ് വധം: സത്യം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
എന്താണ് വര്‍ഗീസ് ചെയ്ത തെറ്റ് ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച് പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക് മാന്യമായി അദ്ധ്വാനിച്ച് ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ് സമര്‍പ്പിച്ചതാണ് ഭരണകൂടത്തിന് രുചിക്കാതെ പോയത്.
ആതിരേ,"സത്യമേവ ജയതേ" എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അഭിമാനിക്കാവുന്നതാണ് നക്സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധി. 40 വര്‍ഷം മുമ്പ് നടന്ന ഒരു കിരാത കൊലപാതകത്തിലെ പ്രതിയെ ശിക്ഷിച്ചുകൊണ്ട് നീതിപീഠത്തിന് ജനങ്ങളോടും സത്യത്തോടുമുള്ള ഐക്യദാര്‍ഢ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട അന്നത്തെ ഐജി ലക്ഷ്മണയ്ക്ക് 10000 രൂപ പിഴയും ജീവപര്യന്തം തടവുമാണ് സിബിഐ കോടതി പ്രത്യേക ജഡ്ജി എസ്.വിജയകുമാര്‍ വിധിച്ചത്.
അത്യപൂര്‍വ്വമായ ഒരു കേസും ഒരു വിധിയുമാണ് ഇത്. 40 വര്‍ഷം മുമ്പ് ആദിവാസികളെ മനുഷ്യരാക്കാനും അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ സമരസജ്ജരാക്കാനും ജീവിതം പോരാട്ടമാക്കിയ വയനാട് ഒഴുക്കന്‍മൂല അരീക്കാട്ട് വീട്ടില്‍ വര്‍ഗീസ് എന്ന നക്സല്‍ വര്‍ഗീസിനെ, അധികാര ദുരമൂത്ത ഭരണകൂട ഭീകരത പട്ടാപ്പകല്‍ വെടിവെച്ച് കൊന്നശേഷം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് ഒളിപ്പിച്ച് വെച്ച സത്യമാണ് ഇപ്പോള്‍, ആതിരേ, ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ക്രൂരമായി വെടിവെച്ച് കൊല്ലുന്ന സംഭവം കേരളത്തില്‍ ആദ്യമായിരുന്നു. എന്നാല്‍, അന്ന് ഐജിയായിരുന്ന ലക്ഷ്മണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും സംഭവത്തെ ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിച്ച് രക്ഷപ്പെട്ടിടത്താണ്, 40 വര്‍ഷത്തിന് ശേഷം നീതിപീഠത്തിന്റെ ഇടപെടല്‍ മൂലം നീതി നടപ്പാക്കിയിരിക്കുന്നത്. തീര്‍ച്ചയായും , അധഃസ്ഥിത വര്‍ഗത്തിന്റെയും സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന മറ്റു വിഭാഗങ്ങളുടെയും മോചനത്തിനുവേണ്ടി പോരാടുന്നവര്‍ക്ക് പ്രത്യേക കരുത്ത് പകരുന്നതാണ് ഈ വിധി.
വര്‍ഗീസ് വധം കഴിഞ്ഞ് 40 വര്‍ഷം പിന്നിട്ടിട്ടും ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസികള്‍ അടക്കമുള്ള ദളിത് പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പോരാടുന്ന സമരവീര്യങ്ങളെ വെടിവെച്ചും മര്‍ദിച്ചും കൊല്ലുന്ന കിരാത നീതിപാലനസാഹചര്യമാണ് നിലവിലുള്ളത്. വ്യാജ ഏറ്റുമുട്ടലുകളുടെ പേരില്‍ ഗുജറാത്തിലും കശ്മീരിലും ആന്ധ്രയിലും ബംഗാളിലും ഝാര്‍ഖണ്ഡിലുമെല്ലാം മനഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഉന്മൂലനം ചെയ്യുന്ന ഭരണകൂട ഭീകരതയ്ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്, ആതിരേ, ഈ വിധി. ഉന്നതനായ ഒരു പോലീസ് ഓഫീസര്‍ പ്രതിയായ വധ കേസില്‍ 40 വര്‍ഷത്തിനുശേഷം വിധിയുണ്ടാകുന്നതും ചരിത്രത്തിലാദ്യം. നശിപ്പിക്കപ്പെട്ട തെളിവുകള്‍ പുനഃസ്ഥാപിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷകരും പ്രോസിക്യൂഷനും നടത്തിയ പോരാട്ടത്തെ ഇന്ത്യയിലെ എല്ലാ മര്‍ദിത വിഭാഗങ്ങളുടെയും പേരില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലക്ഷ്യബോധത്തോടെ സമര്‍പ്പണത്തോടെ അന്വേഷണം നടത്തുകയും തെളിവുകള്‍ യുക്തിഭദ്രമായി ന്യായാസനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ഏത് കൊലകൊമ്പനേയും അഴി എണ്ണിക്കാമെന്ന സന്ദേശവും ഈ വിധി നല്‍കുന്നുണ്ട്. സമ്പത്തിന്റെയും രാഷ്ട്രീയ സ്വാധീനങ്ങളുടെയും ബലത്തില്‍ വന്‍കിട കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പരിസരത്ത് ഈ വിധി ഏറെ പ്രസക്തമാണ്.
എന്താണ് വര്‍ഗീസ് ചെയ്ത തെറ്റ് ? വയനാട്ടിലെ ആദിവാസികളെ മേലാളന്മാര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായി പീഡിപ്പിച്ച് പണിയെടുപ്പിക്കുകയും മനുഷ്യരെന്ന നിലയ്ക്ക് മാന്യമായി അദ്ധ്വാനിച്ച് ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ ആ നിസ്സഹായ ജനതയുടെ മോചനത്തിനുവേണ്ടി തന്റെ അറിവും കഴിവും മനസ്സും വര്‍ഗീസ് സമര്‍പ്പിച്ചതാണ് ഭരണകൂടത്തിന് രുചിക്കാതെ പോയത്.
60 കളുടെ ഒടുവില്‍ ലോകമാസകലം ഉണ്ടായ വിപ്ലവ മുന്നേറ്റത്തില്‍ എല്ലാ ഭരണകൂടങ്ങളും ശരിക്കും വിറച്ചിരുന്നു. അധികാരത്തിന്റെ ദുരയില്‍ പൗരന്മാരുടെ അവകാശങ്ങളെല്ലാം ധ്വംസിച്ച് മദിച്ചുവാണ ഭരണവര്‍ഗത്തിനെതിരെ ആയുധമെടുത്ത് പോരാടാന്‍ മര്‍ദിതരും ചൂഷിതരും സന്നദ്ധമായപ്പോള്‍ ഭരണകൂടങ്ങള്‍ വേവലാതികൊണ്ടത് സ്വാഭാവികം. അതുതന്നെയാണ് കേരളത്തില്‍, വയനാട്ടില്‍ സംഭവിച്ചത്.
ജന്മിമാരുടെ അടിയാള ചൂഷണം കൊടികുത്തിവാണിരുന്ന അറുപതുകളിലാണ് വയനാട്ടില്‍ നക്സല്‍ പ്രസ്ഥാനം വേരാഴ്ത്തുന്നതും പോരാട്ടവീര്യങ്ങള്‍ ആയുധത്തിന്റെ ഭാഷയില്‍ അധികാരത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതും. ഒരു കര്‍ഷക കുടുംബത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തില്‍ വളര്‍ന്നിട്ടും, പഠനത്തില്‍ മിടുക്കനായിരുന്ന വര്‍ഗീസ് വസന്തത്തിന്റെ ഇടിമുഴക്കം വയനാട്ടില്‍ സൃഷ്ടിക്കാനാണ് ആദിവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ജന്മിമാരുടെ കാടത്തത്തിനെതിരെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൂമ്പാരകൊല്ലിയിലും കൂമന്‍കൊല്ലിയിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്നു. അജിത, തേറ്റമല കൃഷ്ണന്‍ കുട്ടി, ഗ്രോ വാസു, കിസാന്‍ തൊമ്മന്‍ തുടങ്ങിയ സമര്‍പ്പിത ചേതസ്സുകള്‍ കൂടി സംഘത്തില്‍ ചേര്‍ന്നപ്പോള്‍ പശ്ചിമ ബംഗാളിലെ നക്സല്‍ ബാരിയില്‍ ഉടലെടുത്ത മോചനത്തിന്റെ ചുവന്ന പാത വയനാട്ടിലെ കൊടും കാട്ടിലും തെളിയുകയായിരുന്നു.
ആതിരേ, അതോടെ ജന്മിമാരുടെയും അവരുടെ പാദസേവകരായ ഭരണകര്‍ത്താക്കളുടെയും പോലീസിന്റെയും കണ്ണിലെ കരടുകളായി മാറി ഈ സഖാക്കള്‍. ഇവരെ തേടിയുള്ള പോലീസിന്റെ നരനായാട്ടില്‍ ആദിവാസി യുവാക്കളും അവരുടെ പെണ്ണുങ്ങളും കൊടിയ മര്‍ദനത്തിനും ലൈംഗീക പീഡനത്തിനും ഇരയായി. ഒരു സ്വതന്ത്രരാഷ്ട്രത്തില്‍ ആധുനീക കാലത്താണ് ഭരണകൂടത്തിന്റെ ഭീകരത ഇങ്ങനെ മുടിയഴിച്ചാടിയതെന്നോര്‍ക്കണം. പുറംലോകവുമായി ബന്ധമില്ലാതെ കൊടുംകാട്ടില്‍ ഒരു ട്രാന്‍സിസ്റ്ററിന്റെ സഹായത്തോടെ നക്സല്‍ ബാരിയില്‍ നിന്നുള്ള പോരാട്ട വാര്‍ത്തകളില്‍ കുളിര്‍ത്ത്, അതിന്റെ ആവേശത്തില്‍ ആദിവാസികളെ സംഘം ചേര്‍ത്ത് ജന്മിമാര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ വര്‍ഗീസും സംഘവും അപ്പോഴും മുന്നേറുകയായിരുന്നു. കഴുകന്മാരെ പോലെ , കാക്കിയണിഞ്ഞ ഭീകരരൂപങ്ങള്‍ തങ്ങള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയപ്പോഴും ഏറ്റെടുത്ത ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങാതെ പോരാട്ടപാതയില്‍ കുതിക്കുകയായിരുന്നു വര്‍ഗീസും സംഘവും. വിപ്ലവ വീര്യം ഉള്‍ക്കൊണ്ട ആദിവാസി സമൂഹത്തിന്റെ ചെറുത്ത് നില്‍പ്പ് ശക്തമായപ്പോള്‍ ഭരണകൂടം അതിന്റെ ഭീകരത വര്‍ധിപ്പിച്ചു. വയനാട്ടില്‍ പോലീസ് രാജിന്റെ നാളുകളായിരുന്നു പിന്നീട് ഉണ്ടായത്. ഇതിനിടയില്‍ കിസാന്‍ തൊമ്മന്‍ മരിക്കുകയും അജിതയും വാസുവും അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയിട്ടും വര്‍ഗീസ് തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ചതിയില്‍ പിടിക്കപ്പെട്ട വര്‍ഗീസിനെ അന്ന് ഐജിയായിരുന്ന ലക്ഷ്മണയുടെ നിര്‍ദേശപ്രകാരം എം.എസ്.പിയില്‍ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍നായര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
എന്നാല്‍, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍ അന്ന് ലക്ഷ്മണയ്ക്കും കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞിരുന്നു.
1970 ഫെബ്രുവരി 18 നായിരുന്നു കേരളത്തെ നടുക്കിയ, വിപ്ലവ പ്രസ്ഥാനങ്ങളുടെ നട്ടെല്ലിലൂടെ തരിപ്പ് പായിച്ച ഈ ക്രൂര കൊലപാതകം നടന്നത്.
എന്നാല്‍, കുറ്റബോധത്തില്‍ ഉരുകി നാളുകള്‍ കഴിച്ച രാമചന്ദ്രന്‍ നായര്‍ 1998-ല്‍ നടന്ന സംഭവം ലോകത്തോട് പറയുകയും തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ശേഷമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് കോടതി ഉത്തരവ് നല്‍കിയത്.
ആ അന്വേഷണത്തിന്റെ പരിസമാപ്തിയിലാണ് ലക്ഷ്മണയെ കുറ്റവാളിയായി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തതും.
വര്‍ഗസിനെ കൊല്ലാന്‍ ഉത്തരവിട്ടത് ലക്ഷ്മണയാണ്. ആ അര്‍ത്ഥത്തില്‍ സംഭവത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് ക്രിമിനല്‍ സ്വഭാവമുള്ളതാണ്. അതിന്റെ ശിക്ഷ അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍,ആതിരേ, ലക്ഷ്മണയെ പോലെയുള്ള ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി വര്‍ഗീസ് വേട്ടയ്ക്ക് ഉത്തരവ് കൊടുത്ത ഒരു രാഷ്ട്രീയ സംവിധാനം അന്ന് കേരളത്തിലുണ്ടായിരുന്നു.കെ.കരുണാകരനായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്. ശക്തിയാര്‍ജ്ജിക്കുന്ന ആദിവാസി ചെറുത്തുനില്‍പ്പില്‍ തങ്ങളുടെ അധികാര സ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് ഭയപ്പെട്ട കരുണാകരനും കൂട്ടരും അടങ്ങുന്ന രാഷ്ട്രീയ വഞ്ചകരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീസ് വധത്തിലെ പ്രധാന പ്രതികളും ഗൂഢാലോചനക്കാരും. ലിഖിതമായ ഭരണഘടനയും നിയമസംവിധാനവും ഉണ്ടെന്ന് അഭിമാനിക്കുമ്പോള്‍ പോലും അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ വിലസുന്ന ഇത്തരം ക്രിമനിലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാനോ കഴിയാത്തതാണ്,ആതിരേ ഇന്ത്യയിലെ ന്യായപാലനത്തിന്റെ ഏറ്റവും വലിയ പോരായ്മ. ആ പോരായ്മ അംഗീകരിച്ചുകൊണ്ടുതന്നെ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുക.
ഇന്ത്യയുടെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ലോക്കപ്പിലിട്ടും വ്യാജ ഏറ്റുമുട്ടലിന്റെ പേരിലും മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭരണകൂട ഭീകരതയ്ക്കെ,തിരായ നിയമത്തിന്റെ മുന്നറിയിപ്പായിട്ടും ഈ വിധിയെ വിലയിരുത്തണം.
അതേ, ആതിരേ സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.ആ സന്ദേശവും ഈ വിധി ഉള്‍ക്കൊള്ളുന്നു
11111
Wednesday, October 27, 2010
പിണറായിക്കും പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഇനിയെങ്കിലും ബോധമുദിക്കുമോ ....?
ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട് വച്ച രാഷ്ട്രീയ നിലപാടിന് ജനകീയ പിന്തുണ ലഭിച്ചു എന്നാണ് കെസിബിസിയുടെ വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ,പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ആ പാര്‍ട്ടി നയിക്കുന്ന ഇടതുമുന്നണിയെയും നിഷ്കരുണം നിരസിച്ചുകൊണ്ട് കേരളം അതിന്റെ രാഷ്ട്രീയ പ്രബുദ്ധത വ്യക്തമാക്കിയതാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. അഹങ്കാരവും അഴിമതിയും വിവരക്കേടും നിറഞ്ഞ ഒരു രാഷ്ട്രീയ നേതൃത്വത്തെയും പാര്‍ട്ടിയെയും മുന്നണിയെയും അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന് കേരളത്തിലെ സമ്മതിദായകര്‍ ഒറ്റക്കെട്ടായി വിധിയെഴുതിയിരിക്കുന്നു.
പതിവിന് വിപരീതമായി കനത്ത പോളിങ്ങാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇത് തങ്ങള്‍ക്കനുകൂലമായ ജനഹിതമാണെന്ന് പറഞ്ഞുനടന്ന പിണറായിക്കും ജയരാജന്മാര്‍ക്കും മറ്റു മുന്നണി നേതാക്കന്മാര്‍ക്കും ഇനി തലയില്‍ മുണ്ടിട്ടല്ലാതെ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുകയില്ല.
നാലരവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തോടുള്ള സമ്മതിദായകന്റെ എതിര്‍പ്പാണ് ഇത്തവണ പ്രകടമായതെന്ന് അംഗീകരിക്കാനുള്ള കേവല മാന്യതയെങ്കിലും ഈ നേതാക്കളില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു, ആതിരേ. എന്നാല്‍, അപ്പോഴും അഹന്തയുടെയും വളച്ചുകെട്ടലിന്റെയും ഭാഷയില്‍ സംസാരിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പോലും തയ്യാറായത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ലോകസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് നേടി ഇടതുമുന്നണി നില മെച്ചപ്പെടുത്തിയെന്നുമാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്.
എന്നാല്‍, ലോകസഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും പിണറായി വിജയനും പിണിയാളുകളും സ്വീകരിച്ച അടവുനയം പുറംകാലുകൊണ്ട് കേരളത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ്, ആതിരേ, ഇത്രയും വലിയ തിരിച്ചടിയുണ്ടായത്. സഭയും രാഷ്ട്രീയവുമെന്ന അനാവശ്യവിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് ഇവര്‍ ആരംഭിച്ച സംവാദവും വിവാദവും ബൂംറാങ്ങായ് പരിണമിച്ചിരിക്കുകയാണ്. സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നു, ഇടയലേഖനങ്ങളിലൂടെ പുരോഹിതന്മാര്‍ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെയായിരുന്നു പിണറായി അടക്കമുള്ളവര്‍ പറഞ്ഞുനടന്നിരുന്നത്. യഥാര്‍ത്ഥത്തില്‍ സഭയെ കടന്നാക്രമിക്കുക എന്ന ചിന്ത പിണറായിക്കുണ്ടായിരുന്നില്ല. ഒരു സംവാദമുണ്ടാക്കി ക്രൈസ്തവ വോട്ടര്‍മാരില്‍ തങ്ങളുടെ നിലപാട് അംഗീകരിക്കുന്ന വിഭാഗത്തെ അടര്‍ത്തിയെടുത്ത് അവരുടെ വോട്ട് നേടി നില മെച്ചപ്പെടുത്തുക എന്നതായിരുന്നു പിണറായിയുടെ ലക്ഷ്യം. എന്നാല്‍, പിണറായി ഒരു ഇഎംഎസ് അല്ലാത്തതുകൊണ്ടും അദ്ദേഹം അഴിമതിയുടെ കളങ്കമുള്ള നേതാവായതുകൊണ്ടും അടവുനയം തിരിച്ചടിക്കുകയാണുണ്ടായത്. ഒപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത മൂലം മുന്നണിയില്‍ നിന്ന് ആട്ടിപുറത്താക്കിയ ജനതാദള്‍ (എസ്) ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് (ജെ) എന്നീ വിഭാഗങ്ങളുടെ വോട്ട് നഷ്ടമായതും ഇത്തവണത്തെ തിരിച്ചടിക്ക് കാരണമായി. ലോകസഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടിംഗ് പാറ്റേണാണ് ഇത്തവണയും ദൃശ്യമായത്.
സഭയ്ക്കെതിരെ പാര്‍ട്ടിയും മുന്നണിയും നടത്തിയ അനാവശ്യ ആക്രമണം മധ്യകേരളത്തില്‍ വന്‍ ആഘാതമാണ് ഇടതുമുന്നണിക്കേല്‍പ്പിച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇത് ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന് കാരണമായി. അതോടൊപ്പം ജോസഫ് - മാണി ഗ്രൂപ്പുകളുടെ ലയനം കൂടിയായപ്പോള്‍ ഇടതുമുന്നണിയുടെ പരാജയം ഈ ജില്ലകളില്‍ പൂര്‍ണമായി.
ഇവിടെ സങ്കീര്‍ണമായതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യം, ആതിരേ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കത്തോലിക്ക സഭ ഇറക്കിയ ഇടയലേഖനത്തിലൂടെ മുന്നോട്ട് വച്ച രാഷ്ട്രീയ നിലപാടിന് ജനകീയ പിന്തുണ ലഭിച്ചു എന്നാണ് കെസിബിസിയുടെ വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ അവകാശപ്പെട്ടത്. തീര്‍ച്ചയായും സ്ഫോടനാത്മകമായ ഒരു അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാഷ്ട്രീയത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനും വ്യവഛേദിക്കാനും ആരംഭിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യം ഫാ. സ്റ്റീഫന്‍ ആലത്തറയുടെ അവകാശവാദത്തെ സാധൂകരിക്കുന്നതാണെന്ന് വാദിക്കാവുന്ന നിലയിലാണ്. ശ്രദ്ധിക്കണം ഇത്തരം ഒരു നിലപാടിലേക്ക് സഭയും വിശ്വാസികളും സ്വാഭാവികമായി വന്നുചേര്‍ന്നതല്ല. മറിച്ച് അവരെ സങ്കീര്‍ണവും സ്ഫോടനാത്മകവുമായ ഈ പരിസരത്തേക്ക് പിണറായി വിജയന്‍ ആട്ടിത്തെളിച്ചുകൊണ്ടുവരികയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സക്രിയമായ രാഷ്ട്രീയ ഇടപെടലിന് ഒരു സംഘടന രൂപം കൊള്ളുന്ന അവസ്ഥയാണെന്നും ഓര്‍ക്കണം. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ എന്ന പേരില്‍ കോഴിക്കോട് രൂപം കൊണ്ടിട്ടുള്ള ഈ സംഘടനയ്ക്ക് ഇനി രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള വാതിലാണ്, വിവരക്കേടുകൊണ്ട് പിണറായി വിജയന്‍ തുറന്നുകൊടുത്തത്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലത്ത് സദ്ദാം ഹുസൈനെ മുന്നില്‍ നിര്‍ത്തി ഇഎംഎസ് നടത്തിയ അടവു നയത്തിന്റെ ഓര്‍മ്മയിലാവണം ഇത്തവണ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുതിയ, തിരിച്ചടിയായ അടവുനയം പരീക്ഷിച്ചതെന്നു തോന്നുന്നു. അത് പാര്‍ട്ടിക്കും മുന്നണിക്കും പ്രഹരമായി എന്നിടത്ത് പ്രശ്നം അവസാനിക്കുന്നില്ല, ആതിരേ. മറിച്ച് കേരളത്തിലെ സാക്ഷരരായ ക്രൈസ്തവ സമ്മതിദായകരുടെ ചിന്തകളെ വികലമായി സ്വാധീനിക്കാന്‍ പോവുകയാണ്ീ പുതിയ സാഹചര്യം. ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം പിണറായി വിജയനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഏറ്റെടുത്തേ തീരു.
ആതിരേ, എല്ലാവിധ മത ഇടപെടലുകളെയും വര്‍ഗീയ സാന്നിധ്യങ്ങളെയും ചിന്തകളെയും പ്രവര്‍ത്തികളെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥമായ ഒരു പാര്‍ട്ടി അതിന്റെ ബുദ്ധിശൂന്യമായ നേതൃത്വ നിലപാടുകൊണ്ട് ഭീകരമാകാവുന്ന ജാതീയ വര്‍ഗീയതയ്ക്ക് വളം വെച്ചിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിഡിപി പോലുള്ള വര്‍ഗീയ കക്ഷികളെ ഒപ്പം കൂട്ടിയതിന്റെ തിരിച്ചടി പോലെ തന്നെ ഒരിക്കലും രക്ഷപ്പെടാനാവാത്ത പാതകമായിരിക്കും ഇതെന്ന് വരുംകാല രാഷ്ട്രീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തും.
ഇതിനൊപ്പം സംസ്ഥാന ഭരണത്തിന്റെയും പ്രാദേശിക ഭരണത്തിന്റെയും ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. തകര്‍ന്ന ക്രമസമാധാന നില, ലോട്ടറി മാഫിയയുമായുള്ള അവിശുദ്ധ ബന്ധം, മദ്യമാഫിയയുമായുള്ള കൊടുക്കല്‍ വാങ്ങല്‍, സ്മാര്‍ട്ട് സിറ്റി പോലെയുള്ള പദ്ധതികളുടെ വഞ്ചന, പൊതുവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ, ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത, മുന്നണിക്കുള്ളിലെ പിണക്കങ്ങള്‍, മഞ്ഞളാംകുഴി അലിയെ അധിക്ഷേപിക്കുക വഴി മുസ്ലീം വിഭാഗത്തോട് കാണിച്ച അഹന്ത, തൊഴില്‍ രഹിതരോടുള്ള വഞ്ചന, തുടങ്ങി നിരവധി ഘടകങ്ങള്‍ ഇത്തവണത്തെ ഇടതുപക്ഷത്തിന്റെ നാണംകെട്ട തോല്‍വിക്ക് കാരണങ്ങളായിട്ടുണ്ട്. ഇനിയെങ്കിലും ഈ വാസ്തവങ്ങള്‍ അംഗീകരിക്കാനുള്ള വിവേകവും വിനയവും പിണറായി വിജയനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടാകുമോ ?
ഉണ്ടായില്ല എന്നു കരുതി ലോകം അവസാനിക്കാനൊന്നും പോകുന്നില്ല. പക്ഷെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ വികല നേതാക്കന്മാരെയും പാര്‍ട്ടിയെയും മുന്നണിയെയും കേരളത്തിലെ വിവേചന ശക്തിയുള്ള സമ്മതിദായകര്‍ മ്യൂസിയം പീസാക്കി മാറ്റും സംശയമില്ല, ആതിരേ.
Tuesday, October 26, 2010
കെ.വി. തോമസ് കൊലയാളികള്‍ക്കൊരു കൂട്ടാളി
വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ് അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച് അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച് കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക് നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത് കാട്ടാളാ എന്ന് പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന് കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.
എന്തുകൊണ്ടാണ് ആതിരേ, നമ്മള്‍ വോട്ട് ചെയ്ത് നേതാക്കളും മന്ത്രിമാരുമാക്കുന്നവര്‍, അധികാരം കൈയാളിക്കഴിയുമ്പോള്‍ സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിച്ച് ചൂഷകരുടെയും മുതലെടുപ്പുകാരുടെയും പക്ഷം ചേരുന്നത്? വോട്ടിലൂടെ നേതൃസ്ഥാനവും നികുതിയിലൂടെ അവര്‍ക്ക് ഭൗതീക സുഖസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന സാധാരണ ജനങ്ങളെ കണ്ണില്‍ ചോരയില്ലാതെ കബളിപ്പിച്ച് ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ?
ഈ ജനവഞ്ചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ ഉള്ള വ്യത്യാസമില്ല, ആതിരേ. പാര്‍ട്ടികളും കൊടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പൊതുസമൂഹത്തിന്റെ ഇത്തിരി സ്വാസ്ഥ്യം പോലും കവര്‍ന്നെടുത്ത് അവരുടെ നിത്യജീവിതം നരകമാക്കി മാറ്റുന്ന ഈ രാഷ്ട്രീയ പരിഷകളെ എങ്ങനെ നേരിട്ടാലാണ്, സാധാരണ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മാന്യതയോടെ കേവലമനുഷ്യരായി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമെന്ന് എത്ര ചിന്തിച്ചിട്ടും മാര്‍ഗം കാണുന്നില്ല. കിട്ടുന്ന അവസരങ്ങളെല്ലാം പൊതുജനങ്ങളെ ദ്രോഹിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും ഓശാന പാടുന്ന സാമദ്രോഹികളാണ് ഇന്ന് നമ്മുടെ നേതാക്കന്മാര്‍.
ആ വഞ്ചനയുടെ സ്വരമാണ് ആതിരെ, കഴിഞ്ഞദിവസം കാസര്‍ഗോഡ് കേന്ദ്ര മന്ത്രികെ.വി. തോമസില്‍ നിന്ന് ഉയര്‍ന്നുകേട്ടത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി കേരളത്തിലെ ജനങ്ങള്‍ക്ക് (കാസര്‍ഗോട്ടെ ജനങ്ങള്‍ക്ക്) ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര നാളികേര സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.വി. തോമസ് അവകാശപ്പെട്ടത്. എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ രോഗത്തിന് കാരണമാകുമെന്ന് ആരും പറഞ്ഞിട്ടില്ല പോലും. ഏറ്റവുമൊടുവില്‍ കേരള സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും ഇതേ നിര്‍ദേശമാണ് ഉള്ളതുപോലും............!
ഒരു ജനതയെ എത്ര ഭീകരമായിട്ടാണ് കെ.വി തോമസ് ആ പ്രസംഗത്തില്‍ വഞ്ചിച്ചത്! കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ മൂലം ജനിതക വൈകല്യവുമായി ജനിച്ച് നരകിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് സമീപം നിന്നുകൊണ്ടാണ് ബഹുരാഷ്ട്ര കുത്തക കമ്പനിക്കുവേണ്ടി തോമസ് ഈ വിടുപണി ചെയ്തത്.
ഇക്കാര്യത്തില്‍ തോമസിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം ഉള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട് ഇതിനേക്കാള്‍ വഞ്ചനാത്മകമാണ്, ആതിരേ. ഈ മാസം സ്റ്റോക്‍ഹോമില്‍ ചേര്‍ന്ന, മാരക കീടനാശിനികള്‍ നിരോധിക്കുന്നത് സംബന്ധിച്ച രാജ്യാന്തര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത് ഇന്ത്യ മാത്രമായിരുന്നു എന്നോര്‍ക്കുക. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ രാജ്യത്തിന് കോടികളുടെ വരുമാനം ലഭിക്കുമെന്ന നിലപാടാണ് കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ പ്രതിനിധി സ്വീകരിച്ചത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 29 രാജ്യങ്ങളുടെ പ്രതിനിധികളില്‍ 28 പേരും എന്‍ഡോസള്‍ഫാനെ എതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി മാത്രമാണ് ഈ മാരക വിഷത്തിനുവേണ്ടിയും ആ വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയും വാദിച്ചത്.
ആതിരേ, കാസര്‍ഗോട്ട് നിരവധി ജീവിന്‍ കവരുകയും നൂറ് കണക്കിന് കുഞ്ഞുങ്ങളെ ജനിതക രോഗങ്ങളിലേക്ക് തള്ളിവിടുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത മികച്ച കീടനാശിനിയാണെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഛദ്ദ ചൗധരി അഭിപ്രായപ്പെട്ടു. വനം പരിസ്ഥിതി മന്ത്രാലയത്തില്‍ രാസവസ്തു അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ഡിവിഷന്റെ ഡയറക്ടറാണ് ഛദ്ദ ചൗധരി. ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പൂര്‍ണമായും നിശബ്ദത പാലിച്ച ഛദ്ദ ചൗധരി എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ പ്രശ്നത്തെ കുറിച്ചാണ് ആകുലതയോടെ സംസാരിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചാല്‍ നൂറ് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് നഷ്ടമേറെയുണ്ടാകുമെന്നും അത് സാധ്യമല്ലെന്നുമായിരുന്നു ഛദ്ദയുടെ വാദം.
എന്‍ഡോസള്‍ഫാന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടിരുന്ന ബ്രസീല്‍ പോലും നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് കണ്‍വെന്‍ഷനില്‍ അറിയിച്ചതോടെ ഇന്ത്യ ഒറ്റപ്പെട്ടു. ഇനി അടുത്ത മേയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്റെ പ്രശ്നങ്ങളെ കുറിച്ച് വിശദമായി അറിയിക്കാമെന്നാണ് ഇന്ത്യ കണ്‍വെന്‍ഷനില്‍ നിലപാടെടുത്തത്.അതായത് ഒരു വര്‍ഷം കൂടി ഇന്ത്യിലെ നിസ്സഹായരായ സാധുക്കളെ എന്‍ഡോസല്‍ഫാന്‍ ഉപയോഗിച്ച് നരകയാതനയില്‍ ആഴ്ത്തുമെന്ന് സാരം
അതേ ഛദ്ദ ചൗധരി കൊലയാളികളായ കീടനാശിനി നിര്‍മ്മാതാക്കള്‍ക്കുവേണ്ടി എടുത്ത നിലപാടിന്റെ കേരള പതിപ്പാണ് കെ.വി തോമസിലൂടെ കാസര്‍ഗോഡ് കണ്ടതും കേട്ടതും.
മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നും അതുകൊണ്ട് അത് പൂര്‍ണമായും നിരോധിക്കണമെന്നാണ് സ്റ്റോക്‍ഹോം കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. എന്‍ഡോസള്‍ഫാനും അസിന്‍ഫോസ് മീഥൈനും മനുഷ്യനും പരിസ്ഥിതിക്കും കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഈ സംഘം വിലയിരുത്തിയത്. അതുകൊണ്ട് എന്‍ഡോസള്‍ഫാന്റെ ഉത്പാദനത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ് കണ്‍വെന്‍ഷന്റെ ശാസ്ത്ര സമിതി ആവശ്യപ്പെട്ടിത്.
ആതിരേ,കാര്‍ഷിക മേഖലയില്‍ കീടനാശിനിയായി ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തിലും മണ്ണിലും എന്തിനധികം അമ്മമാരുടെ മുലപ്പാലിലും അടിഞ്ഞുകിടന്ന് തലമുറകളെ കൊന്നൊടുക്കികൊണ്ടിരിക്കുമെന്നാണ് ലോകത്താകമാനം നടന്നിട്ടുള്ള പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. എന്നിട്ടും ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും അത് ബോധ്യമാവുന്നില്ല എന്നുപറയുമ്പോള്‍ ആരുടെ താല്‍പ്പര്യങ്ങളാണ് ഈ നീച നേതൃത്വങ്ങള്‍ സംരക്ഷിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
അമേരിക്ക, കാനഡ, ന്യൂസിലണ്ട്, യൂറോപ്യന്‍ രാജ്യങ്ങള്‍, ശ്രീലങ്ക തുടങ്ങി വിവരമുള്ളവരും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ളവരുമായ നേതാക്കള്‍ ഭരിക്കുന്ന അറുപതിലേറെ സര്‍ക്കാരുകള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിു. എന്നാല്‍, മന്‍മോഹന്‍സിംഗും സോണിയയും നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനും അതിന്റെ പ്രതിനിധികളായ ഛദ്ദ ചൗധരിക്കും കെ.വി തോമസിനുമൊന്നും ഈ സത്യം മനസ്സിലാക്കാനുള്ള മനസ്സില്ല. തങ്ങളെ നേതാക്കളായി നിലനിര്‍ത്തുന്ന വോട്ടര്‍മാരുടെ ആരോഗ്യ കാര്യത്തിലും അതിജീവന കാര്യത്തിലും തെല്ലും ശ്രദ്ധയുമില്ല. അവരെ സംബന്ധിച്ചിടത്തോളം കൊടും വിഷം ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ലാഭനഷ്ടങ്ങളാണ് പ്രധാനം. മനുഷ്യജീവന് പുല്ലവില പോലുമില്ല. മനുഷ്യര്‍ പിടഞ്ഞുമരിക്കട്ടെ. ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ പിറക്കട്ടെ. അതൊന്നും ഈ ദുഷ്ട ഹൃദയങ്ങള്‍ക്ക് വിഷയമല്ല. വ്യവസായം വളരണം അതിന്റെ പേരില്‍ ബഹുരാഷ്ട്ര ചൂഷകരുടെ പിണിയാളുകളായി കമ്മീഷന്‍ കൈപ്പറ്റണം അതിലൂടെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക നില ഭദ്രമാക്കണം എന്ന ഒറ്റ ചിന്തമാത്രമേ കെ.വി തോമസ് അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളു. ഇനിയും ഇത്തരം മാരക കീടനാശിനികള്‍ ഉത്പാദിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവനുമേല്‍ കളിച്ച് അവരെ കൊന്നൊടുക്കി വ്യവസായം വികസിപ്പിച്ച് കെ.വി തോമസും കൂട്ടരും ശോഭനമായ ഭാവി വരും തലമുറയ്ക്ക് നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അരുത് കാട്ടാളാ എന്ന് പറയുക മാത്രമല്ല, കാട്ടാളന്മാരുടെ മുന്നേറ്റത്തെ സര്‍വ്വ സന്നാഹങ്ങളോടെ തടയേണ്ടതും എന്റെയും നിങ്ങളുടെയും ചുമതലയാണ്. അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന തലമുറ ജനിതക വൈകല്യങ്ങളോടെ പിറക്കും. അത്തരം ഒരു കുഞ്ഞിന്റെ മാതാവും പിതാവുമാകാന്‍ മനസ്സുണ്ടെങ്കില്‍ കെ.വി തോമസിന് കൈയ്യടിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിലപാട് തിരുത്താനുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ അണിചേരുക.
Monday, October 25, 2010
കവി അയ്യപ്പന്റെ ജഡത്തെ അധിക്ഷേപിക്കാന്‍ ബേബിക്ക് ആരാണ് അധികാരം നല്‍കിയത്
കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ് കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക് കവി അയ്യപ്പന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്.
ആതിരേ, എന്ത് തെമ്മാടിത്തവും, മന്ത്രിയെന്ന നിലയില്‍ കാണിക്കാമെന്ന ധാര്‍ഷ്ട്യതയിലാണ് എം.എ. ബേബി.
വിദ്യാഭ്യാസമന്ത്രിയെന്ന നിലയ്ക്ക് കേരളത്തിലെ ഉപരിവിദ്യാഭ്യാസ മേഖല കുട്ടിച്ചോറാക്കുകയും സാംസ്കാരിക മന്ത്രിയെന്ന നിലയ്ക്ക് സാംസ്കാരിക രംഗം പാദസേവകരുടെ സത്രമാക്കി മാറ്റുകയും ചെയ്ത് അത്മാഭിമാനമുള്ള മലയാളികളെ അപമാനിച്ചതു പോരാഞ്ഞിട്ടാണോ കവി അയ്യപ്പനോട് ഏറ്റവും അധാര്‍മ്മികമായ രീതിയില്‍ ബേബി പെരുമാറിയത് ?
ബേബി ഉള്‍പ്പെടെയുള്ള മന്ത്രിപ്പരിഷകളുടെയും രാഷ്ട്രീയ വേതാളങ്ങളുടെയും സൗകര്യാര്‍ത്ഥം കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കുക വഴി കവിയുടെ ജഡത്തിനെയും കവിയുടെ ആരാധകരെയും മലയാള കവിതയെയും തന്നെയാണ് എം.എ ബേബിയെന്ന വിവരം കെട്ട പരിഷ അധിക്ഷേപിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്ന ബേബിയുടെ ഈ ഹുങ്കിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയില്ലെങ്കില്‍, ആതിരേ, മലയാളികളെന്ന് അഭിമാനിക്കാന്‍ നമുക്കാര്‍ക്കും അര്‍ഹതയുണ്ടാവില്ല. തലയില്‍ കയറിയിരുന്ന് വിസര്‍ജിക്കുന്ന ഈ സത്വത്തെ ഇങ്ങനെ ചുമന്നുനടക്കാന്‍ മാത്രം പാതകമൊന്നും കേരളത്തിലെ സമ്മതിദായകരോ സാംസ്കാരിക പ്രവര്‍ത്തകരോ ചെയ്തിട്ടില്ല.
തിരസ്കാരത്തിന്റെയും ഒറ്റപ്പെടലിന്റെയും കനല്‍ പാതകള്‍ താണ്ടിയ കവി അയ്യപ്പനോടാണ് ബേബിയുടെ ഈ അഹന്ത നിറഞ്ഞ അപമാനമെന്നോര്‍ക്കണം. രണ്ടാംഘട്ട പോളിംഗ് നടക്കുന്ന ജില്ലകളിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കൂടി അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്കാരം ഇന്നത്തേക്ക് നീട്ടിയതെന്ന് ബേബിയുടെ ഓഫീസ് വിശദീകരിക്കുന്നു. തീര്‍ച്ചയായും ഇത് കവിയുടെ ജഡത്തോടും ബന്ധുക്കളോടും ആരാധകരോടും കുടുംബാംഗങ്ങളോടും കാണിച്ച ഏറ്റവും വലിയ നിന്ദ തന്നെയാണ്.
ആതിരേ, കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ് കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക് കവി അയ്യപ്പന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്.
സര്‍ക്കാര്‍ ചെലവില്‍, ഔദ്യോഗിക ബഹുമതികളോടെ കവി അയ്യപ്പന്റെ സംസ്കാരം നടത്തുമെന്ന് എം.എ ബേബി പ്രഖ്യാപിച്ചപ്പോള്‍ അത് ഇത്തരത്തിലുള്ള ചതിയും അധിക്ഷേപവുമായിരിക്കുമെന്ന് ആരും കരുതുയിരുന്നില്ല. തിങ്കളാഴ്ച കവിയുടെ ശവസംസ്കാരം നടക്കുമെന്നറിഞ്ഞ് നിരവധി ആരാധകരാണ് തലസ്ഥാന നഗരിയിലെത്തിയത്. ഇവരെ കാണാതെ, ഇവരുടെ അസൗകര്യം ഗണിക്കാതെ ഏതോ ചില ദുഷ്ട ബുദ്ധികളുടെ ആവശ്യത്തിനൊത്ത് തുള്ളാന്‍ ബേബി തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമാണ് വെളിപ്പെട്ടത്. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരവര്‍ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച് മുടിച്ചതിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനം.
അതുകൊണ്ടുതന്നെ കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി ബേബിയെ വെല്ലുവിളിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ കവി അയ്യപ്പന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷിച്ചപ്പോള്‍ തിരിഞ്ഞുപോലും നോക്കാതിരുന്ന ഈ സാംസ്കാരിക നായകന്മാര്‍ക്കുവേണ്ടിയാണോ ബേബി സംസ്കാരം മാറ്റിവെച്ചത്? സാംസ്കാരിക വകുപ്പ് മന്ത്രിയാണെന്ന് പറഞ്ഞിട്ട്‌എന്ത് ഗുണം. സാധാരണ മനുഷ്യന്റെ സംസ്കാരം പോലും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സത്വമാണ് താനെന്ന് ബേബി വ്യക്തമാക്കിയിരിക്കുകയാണ്‍ീ നീച നടപടിയിലൂടെ.. മരിച്ച വ്യക്തി ആരായാലും ആ വ്യക്തിയോട് ആദരം പുലര്‍ത്തണമെന്ന സാമാന്യ മര്യാദപോലും ബേബിക്കില്ലാതെ പോയി.
ആതിരേ, ഇത്രയും വലിയ ഒരു അധിക്ഷേപം നടന്നിട്ട് അതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ക്കും സാഹിത്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മനസ്സുണ്ടായില്ല എന്നതാണ് ഏറ്റവും ആശ്ചര്യകരം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചവര്‍ മുതലുള്ള മാന്യന്മാര്‍ എം.എ ബേബിയുടെ അമാന്യതയ്ക്കെതിരെ സംസാരിക്കാന്‍ തയ്യാറാകാത്തത് സാംസ്കാരിക സാഹിത്യ മേഖലയിലെ പാദസേവ എത്രമാത്രം ദുഷ്ട് നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നു. ആദ്യം പ്രതികരിച്ചത് ഡോ. സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹത്തിന്റെ ആര്‍ജ്ജവം നമ്മുടെ സാംസ്കാരിക സാഹിത്യ നായകന്മാര്‍ക്കില്ലാതെ പോയത് മരിച്ചുകഴിയുമ്പോള്‍ ലഭിക്കാവുന്ന ഔദ്യോഗിക ബഹുമതിയോടുകൂടിയ സംസ്കാരത്തോടുള്ള ആര്‍ത്തികൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. വെറുതെ എന്തിന് അധികാര സ്ഥാനത്തിരിക്കുന്നവരെ വെറുപ്പിക്കണമെന്നാണ് ഈ പരിഷകളും ചിന്തിച്ചത്." രാജാവ് നഗ്നനാണെന്ന സത്യം രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ നാളെ വിളിച്ചു പറയുവാനുണ്ണിനിന്‍ നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവു"മെന്ന് പാടിയ കവിപോലും ഈ അധിക്ഷേപത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത് ഏറെ ഖേദകരമാണ്.
ഒരിടത്തും തങ്ങാതെ ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഒരു വീട്ടിലും അഞ്ചുരാത്രിപോലും തുടര്‍ച്ചയായി അന്തിയുറങ്ങാതെ തന്റെ മനസ്സ് പറഞ്ഞ രീതിയില്‍ ജീവിച്ച കവി അയ്യപ്പനാണ് അഞ്ചുദിവസം മോര്‍ച്ചറിയില്‍ ജഡമായി കിടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. നാടുഭരിക്കുന്നവര്‍ക്കും അവരുടെ പാദസേവകര്‍ക്കുമെതിരെ വജ്രമുനയുള്ള അമ്പുകളെയ്ത് തിരസ്കൃതന്റെയും ചൂഷിതന്റെയും തെരുവിലലയാന്‍ വിധിക്കപ്പെട്ടവന്റെയും സ്വത്വത്തിന് വേണ്ടി വാദിച്ച ഒരു കവിയുടെ ദുരവസ്ഥയാണിത്. അധികാരസ്ഥാനങ്ങളുമായി അനുരഞ്ജനപ്പെടാതെ ആത്മാഭിമാനത്തിന്റെയും നട്ടെല്ലുറപ്പിന്റെയും പര്യായമായി ജീവിച്ചതാണോ കവി അയ്യപ്പന്‍ ചെയ്ത തെറ്റ്? ആ തെറ്റിനാണോ, ആതിരേ, എം.എ ബേബിയെന്ന സംസ്കാര വിരുദ്ധന്റെ വകുപ്പും അദ്ദേഹം ഉള്‍പ്പെടുന്ന ക്ഷുദ്ര രാഷ്ട്രീയ സംവിധാനവും കവിയോടും അദ്ദേഹത്തിന്റെ ആരാധകരോടും ഇത്ര കടുത്ത പാതകം ചെയ്തത്? സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ കവി അയ്യപ്പന്റെ ശവസംസ്കാരം നാട്ടുകാരും ആരാധകരും ചേര്‍ന്ന് ഇന്ന് നടത്തുന്നതാണ് ബേബിയുള്‍പ്പെടെയുള്ളവര്‍ ചെയ്ത അധിക്ഷേപത്തെ തകര്‍ക്കാനുള്ള ഏക പോംവഴി. അതിന് കഴിയുമോ ? ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാണിച്ചത് ഏറെ പ്രസക്തമാണ്. ജീവിച്ചിരിക്കുന്നവരോട് ഭരണകൂടം ഉള്‍പ്പെടെയുള്ള സമൂഹത്തിന് എന്തും ചെയ്യാം. കാരണം അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയും. എന്നാല്‍, ജഡമായ ഒരു വ്യക്തിയോട് ഇത്രയ്ക്ക് അപമാനകരമായി പെരുമാറാന്‍ പാടില്ലായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. മരിച്ചുകഴിഞ്ഞപ്പോള്‍ കടുത്ത അനാദരവും. ഇതെന്തൊരു വിധിയാണ്! രണ്ടായിരത്തിലധികം കവിതകളെഴുതിയ ഒരു കവിയെ ഇങ്ങനെ മോര്‍ച്ചറിയില്‍ കിടത്തുന്ന സാംസ്കാരിക മന്ത്രിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാമോ ?
അറംപറ്റിയതുപോലെ അയ്യപ്പനെഴുതിയത് ഓര്‍ത്തുപോകുന്നു. : "കാറപകടത്തില്‍ പെട്ട് മരിച്ച വഴിയാത്രക്കാരന്റെ ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കേ മരിച്ചവന്റെ പോക്കറ്റില്‍ നിന്ന് പറന്ന അഞ്ചുരൂപയുടെ നോട്ടിലായിരുന്നു എന്റെ കണ്ണ്..... " അതേ ബേബി ഉള്‍പ്പെടെയുള്ള സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങള്‍ക്ക് മരിച്ചു കിടക്കുന്ന അയ്യപ്പന് വിലയില്ലായിരുന്നു മറിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അഞ്ചുവോട്ടിലായിരുന്നു കണ്ണ് !
ആതിരേ, ഈ ശാപത്തെ എങ്ങനെ ഉന്മൂലനം ചെയ്യാന്‍ പറ്റും.
Thursday, September 23, 2010
പോപ്പിന്റെ തീവ്രവാദത്തിന് കേരളത്തില്‍ സംഘടിതരൂപം
കേരളത്തിലും ക്രൈസ്തവ തീവ്രവാദത്തിന് വേരോട്ടം തേടുകയാണിവര്‍. ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷത്തില്‍ നിന്ന് ഉന്മൂലനത്തിന്റെയും സര്‍വ നാശത്തിന്റെയും വാളുകളാണ് സിഡിയു കണ്ടെടുക്കുന്നത്. ഈ സത്യം തിരിച്ചറിയാനും സമുദായത്തിലും സമൂഹത്തിലും അനഭലഷണീയമായ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ളോഹ രൂപങ്ങളെ ചെറുക്കാനും ക്രൈസ്ത സമുദായംഗങ്ങള്‍ തയ്യാറാകണമെന്നാണ് കാലം ആവശ്യപ്പെടുന്ന ധര്‍മ്മം.
ആതിരേ, ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടയില്‍ മതേതരത്വത്തിനെതിരെ നടത്തിയ ആഹ്വാനം കേരളത്തില്‍ പ്രഹരശേഷിയുള്ള സംഘടിതരൂപം ആര്‍ജ്ജിക്കുന്നു. കേരളത്തിന്റെ മനസ്സമാധാനം കെടുത്താന്‍, ജീവകോശങ്ങള്‍ തോറും ആശങ്കകളുടെ വെടിമരുന്ന് നിറയ്ക്കാന്‍ ഒരു സംഘടന കൂടി അണിയറയില്‍ ഒരുങ്ങുന്നു.
പോപ്പ് ഇംഗ്ലണ്ടില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ കേരളത്തില്‍ പ്രമുഖ ക്രൈസ്തവ മത വിഭാഗങ്ങള്‍ ചേര്‍ന്ന് പുതിയൊരു പ്രക്ഷോഭ സംഘടനയ്ക്ക് രൂപം കൊടുത്തുകഴിഞ്ഞു. 'ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു)' എന്ന പേരില്‍ സെപ്റ്റംബര്‍ 19 ഞായറാഴ്ച കോഴിക്കോടാണ് സംഘടനയുടെ പിറവി. സിഎംഐ, സിഎസ്‌ഐ, സിറിയന്‍ കാത്തോലിക്, ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്‍ഫാമിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ഡോ. ആന്റണി കൊഴുവനാലാണ് യോഗം ഉദ്ഘാടനം ചെയ്തത്.
ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തീയ മതവിഭാഗങ്ങളെ ഇങ്ങനെ ഒരു സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുള്ളതെന്ന് അവര്‍ അവകാശപ്പെടുന്നു. "അസംഘടിതരായ കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെ മറ്റ് സംഘടിത മതവിഭാഗങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആക്രമണത്തെ ചെറുക്കനാണ്" സിഡിയു രൂപീകരിച്ചതെന്ന്, ആതിരേ, ഇതിന്റെ വക്താക്കള്‍ ന്യായീകരിക്കുന്നു.
മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവ യുവാക്കളെ പോലും മസ്തിഷ്ക പ്രക്ഷാളനം നടത്തി കശ്മീരിലേക്കയച്ച് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നും സിഡിയു ആരോപിക്കുന്നു. ഇതുവരെ ആരും പറഞ്ഞ് കേള്‍ക്കാത്തതും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതുമാണ് ഈ നിരീക്ഷണം.അതിരേ,പച്ചക്കള്ളമാണ് പറയുന്നതെന്ന കാര്യത്തില്‍ അവര്‍ക്ക് പോലും സംശയമില്ല. ലഷ്കര്‍ ഇ തയ്ബ ചില മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് കശ്മീരിലേക്ക് അയച്ചു എന്നത് നേരാണ്. ഇതില്‍ മതം മാറ്റിയ ക്രൈസ്തവരുണ്ടെന്ന വാദം തീര്‍ച്ചയായും അപകടകരമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരള പോലീസ് ഗുണ്ടകളെ ഒതുക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ 'തൊഴില്‍ രഹിതരായ' ചില ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് മുസ്ലീം തീവ്രവാദികളുടെ റിക്രൂട്ട്മെന്റില്‍ ഉള്‍പ്പെട്ടത്. ഇവിടെ മുന്‍പ് ക്വട്ടേഷന്‍ പരിപാടിയുമായി നടന്നപ്പോള്‍ അതിലെ അംഗങ്ങളുടെ മതം തിരയാതിരുന്ന ക്രൈസ്തവ മത സംഘടനകള്‍ ഇപ്പോള്‍ മുസ്ലീംങ്ങള്‍ ക്രൈസ്തവരെ മതം മാറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്നത് തീര്‍ച്ചയായും ദുഷ്ടലാക്കോടെയാണ്. ആതിരേ,.പോപ്പ് മുന്നോട്ട് വെച്ച ക്രൈസ്ത തീവ്രവാദത്തിന്റെ മലയാള പതിപ്പാണ് സിഡിയു എന്ന് പൊതുജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കുന്നതാണ് ഈ വിലയിരുത്തല്‍. എല്ലാ മത തീവ്രവാദികളും നട്ടാല്‍ കുരുക്കാത്ത കള്ളം പ്രചരിപ്പിച്ചാണ് സമുദായംഗങ്ങള പ്രകോപിപ്പിച്ച് ഒപ്പം നിര്‍ത്തിയിട്ടുള്ളതും നിര്‍ത്തുന്നതും. ആ തന്ത്രമാണ് ഇപ്പോള്‍ സിഡിയു പയറ്റുന്നത്. ഏത് വെല്ലുവിളിയിലും മതസൗഹാര്‍ദ്ദത്തിന് ഉടച്ചില്‍ തട്ടാതെ സൂക്ഷിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ് സിഡിയുവിന്റെ ഈ പ്രചാരണം.
മാത്രമല്ല, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും മത നേതാക്കന്മാര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഢമായ നീക്കങ്ങളലൂടെ ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സിഡിയുവിന്റെ മറ്റൊരു ആരോപണം. പ്രഫ. ടി.ജെ. ജോസഫ് ബീഭത്സമായി ആക്രമിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ സാംസ്കാരിക നായകന്മാരും സാമൂഹിക പ്രവര്‍ത്തകരും മൗനം പാലിച്ചത് ഈ അജണ്ടയുടെ ഭാഗമാണെന്നും ഉളുപ്പില്ലാതെ സിഡിയു ആരോപിക്കുന്നു. ഇവിടെ ഒരു ചോദ്യം ഉന്നയിച്ചേ തീരു. പ്രഫ. ജോസഫ് വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് തെറ്റാണെന്ന് തന്നെ അംഗീകരിച്ചുകൊണ്ടാണ് ചോദ്യം ഉന്നയിക്കുന്നത്. ജോസഫിനെതിരെ മുസ്ലീം തീവ്രവാദത്തിന്റെ കരാളക്കൈകളുയര്‍ന്നപ്പോള്‍ സിഎംഐ, സിഎസ്‌ഐ, സിറിയന്‍ കാത്തലിക് സഭ, ഓര്‍ത്തഡോക്സ് സഭ തുടങ്ങിയവയുടെ വൈദീകരും അല്‍മായ സംഘടനാ നേതാക്കളും ഏത് കുണ്ടിലായിരുന്നു ഒളിച്ചിരുന്നത്? ഒരാളെങ്കിലും പ്രഫ. ജോസഫിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ നട്ടെല്ല് നിവര്‍ത്തി നിന്നില്ലല്ലോ. അതെന്തുകൊണ്ടാണ് ? ആ മൗനം എന്തിന്റെ സൂചനയാണ് ? കുറ്റപ്പെടുത്തലിന്റെ ഒരു വിരല്‍ എതിരാളിക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്റെ നെഞ്ചിലേക്ക് ചൂണ്ടപ്പെടുന്ന വിവരം എന്തുകൊണ്ടാണ് ആരോപണം ഉന്നയിക്കുന്ന മത നേതൃത്വങ്ങള്‍ മറന്നുപോകുന്നത്? ബോധപൂര്‍വ്വം ഭോഷ്ക് പ്രചരിപ്പിച്ച് അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢപദ്ധതിയാണ് സിഡിഎസിന്റേതെന്ന് പറഞ്ഞേ തീരു.
സര്‍ക്കാര്‍ അടക്കമുള്ള സംവിധാനങ്ങളും ഭരണ യന്ത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എണ്ണത്തില്‍ കൂടുതലുള്ള സമുദായത്തെയാണ് പ്രീണിപ്പിക്കുന്നതെന്ന സ്ഫോടനാത്മകമായ നിരീക്ഷണവും , ആതിരേ, സിഡിയു നടത്തിയിട്ടുണ്ട്. ഇവിടെ ഇവര്‍ ഉദ്ദേശിക്കുന്നത് മുസ്ലീം സമുദായത്തെയാണ്. ജനസംഖ്യയില്‍ മറ്റു സമുദായങ്ങള്‍ കുറഞ്ഞുവരുമ്പോള്‍ മുസ്ലീങ്ങളുടെ എണ്ണം കൂടുന്നു എന്ന കണക്കിലെ കേവലമായ അക്ക സാന്നിധ്യം വെച്ചുകൊണ്ടുള്ള ഈ വിലയിരുത്തല്‍ വന്‍ വിപത്തിനെയായിരിക്കും വിളിച്ചുവരുത്തുക. ശാന്തിയുടെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും ക്ഷമയുടെയും പര്യായങ്ങളാകേണ്ട ശുഭ്രവസ്ത്രം ഇത്തരത്തിലുള്ള തീവ്രവാദ ചിന്തകളുടെ നികൃഷ്ടമായ നഗ്നത മറയ്ക്കാനുള്ളതല്ല എന്ന് സിഡിയുവിന് രൂപം കൊടുത്തവര്‍ ഓര്‍ത്തിരിക്കുന്നത് നന്ന്. കേരളത്തിലെ ജനസംഖ്യയില്‍ 1950-ല്‍ 30 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ 2010 ആയപ്പോള്‍ 20 ശതമാനമായി കുറഞ്ഞു എന്നാണ് സിഡിയുവിന്റെ വിലയിരുത്തല്‍. ജനസംഖ്യയിലെ ഈ കുറവിന് വിദ്യാഭ്യാസം , സാമൂഹിക ബോധം, സാമ്പത്തിക ലക്ഷ്യം തുടങ്ങിയവയൊക്കെയാണ് കാരണങ്ങള്‍. ജനസംഖ്യയില്‍ കുറവു വന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിര്‍ണായക മേഖലകളില്‍ ക്രൈസ്തവ മതങ്ങള്‍ നേടിയിട്ടുള്ള നേതൃത്വപരമായ സ്ഥാനവും മേല്‍കൈയും എന്തുകൊണ്ടാണ്, ആര്‍ക്കുവേണ്ടിയാണ് സിഡിയു തമസ്കരിക്കുന്നത് ? പ്രഫ. ജോസഫിന്റെ പീഡാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊടുത്ത സിഡിയുവിന്റെ വക്താക്കളും നിയന്താക്കുളം കാണാതെ പോയ വാസ്തവമാണ്, യൂണിവേഴ്സിറ്റി നിയമവും ചട്ടവും ലംഘിച്ചുകൊണ്ട് ന്യൂമാന്‍സ് കോളജ് മാനേജ്മെന്റ് പ്രഫ. ജോസഫിനെതിരെ സ്വീകരിച്ച നടപടി. ആതിരേ, ശ്രദ്ധിക്കുക മറ്റ് സമുദായക്കാരല്ല മറിച്ച് ക്രൈസ്തവ സഭയിലെ നിക്ഷപ്തി താല്‍പ്പര്യങ്ങളാണ് സഭാംഗങ്ങള്‍ക്കെതിരെ ഉന്മൂലനത്തിന്റെ തന്ത്രങ്ങള്‍ പയറ്റുന്നത്. ഈ വാസ്തവമെല്ലാം വായിച്ചറിയാന്‍ കഴിയുന്ന പൊതുസമൂഹത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് സിഡിയു ഭീഷണമായ തീവ്രവാദത്തിന്റെ ജ്വാലകളെരിയുന്ന നിരീക്ഷണങ്ങള്‍ നടത്തുന്നത്. അതെ കേരളത്തിലും ക്രൈസ്തവ തീവ്രവാദത്തിന് വേരോട്ടം തേടുകയാണിവര്‍. ക്ഷമയുടെയും സഹനത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷത്തില്‍ നിന്ന് ഉന്മൂലനത്തിന്റെയും സര്‍വ നാശത്തിന്റെയും വാളുകളാണ് സിഡിയു കണ്ടെടുക്കുന്നത്. ഈ സത്യം തിരിച്ചറിയാനും സമുദായത്തിലും സമൂഹത്തിലും അനഭലഷണീയമായ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ളോഹ രൂപങ്ങളെ ചെറുക്കാനും ക്രൈസ്ത സമുദായംഗങ്ങള്‍ തയ്യാറാകണമെന്നാണ്, ആതിരേ, കാലം ആവശ്യപ്പെടുന്ന ധര്‍മ്മം.
Tuesday, September 21, 2010
ബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പയുടെ തീവ്രവാദം
ഒരു മതം അല്ലെങ്കില്‍ ഒരു ആശയം മാത്രം മതി എന്നുപറയുന്നതാണല്ലോ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദ നിലപാട്. മാര്‍പാപ്പയെ പോലെയുള്ള ഒരാളില്‍ നിന്ന് ഇത്തരം ആഹ്വാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു . ഇത് സമാധാനത്തിനും സൗഹൃദത്തിനും സഹകരണത്തിനും സൗഭ്രാത്രത്തിനും എതിരായുള്ള സങ്കുചിത നിലപാടിന്റെ വെല്ലുവിളികൂടിയാണ്; സംശമയില്ല.
വിശാലമായ ജനാധിപത്യ ബോധങ്ങള്‍ക്കും മതേതര മൂല്യങ്ങള്‍ക്കുമെതിരായി സങ്കുചിതവും ഏകപക്ഷീയവുമായ നിലപാടുകള്‍ പ്രതിഷ്ഠിക്കുമ്പോഴാണല്ലോ, ആതിരേ, അത്തരം ചിന്തകള്‍ തീവ്രവാദങ്ങളായി പരിണമിക്കുന്നത്. തീവ്രവാദത്തിന്റെ മുഖമുദ്ര അസഹിഷ്ണുതയാണ്. മറ്റൊരാളുടെ ചിന്താഗതികളും നിലപാടുകളും അംഗീകരിക്കുകയില്ല എന്നുമാത്രമല്ല, തന്റെ വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കുമെതിരെ നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യും എന്നതുമാണ് തീവ്രവാദത്തിന്റെ ഭീഷണമായ ഭൂമിക.
ഈ ഭൂമികയിലാണ് ബനഡിക്ട് 16-മന്‍ മാര്‍പാപ്പ നില്‍ക്കുന്നത് . ലണ്ടനില്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തില്‍ നിന്ന് വന്ന ഒരു അഭിപ്രായ പ്രകടനം അത്തരത്തിലുള്ളതായിരുന്നു. മതേതരത്വം കൂടിയാല്‍ അത് നിരീശ്വരവാദമായി തീരുമെന്നാണ് പോപ്പ് പറഞ്ഞത്. പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയോടെ അല്ല, ആതിരേ, പോപ്പ് ഈ അഭിപ്രായപ്രകടനം നടത്തിയത്. വത്തിക്കാനിലെ ഉപദേശക വൃന്ദത്തിന്റെ കൂടിയാലോചനക്ക് ശേഷം തയ്യാറാക്കിയ പ്രസംഗങ്ങളാണ് ഓരോ നാട്ടിലെയും സന്ദര്‍ശന വേളയില്‍ മാര്‍പാപ്പമാര്‍ വായിക്കുന്നത്. അപ്പോള്‍ നേരത്തെ തന്നെ ആലോചിച്ച് ഉറപ്പിച്ച ഒരു തീരുമാനമാണ് പോപ്പ് പ്രഖ്യാപിച്ചത്.
ആതിരേ, മതത്തിന്റെ പേരിലുള്ള ഹിംസ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എല്ലാ മതവിശ്വാസികള്‍ക്കും അവരുടേതായ നിലപാടുകളും പ്രമാണങ്ങളും മുന്‍വിധികളും ശാഠ്യങ്ങളുമുണ്ട്. അതുകൊണ്ടാണ് അന്യോന്യം സ്നേഹിക്കേണ്ടിടത്ത് കലഹത്തിന്റെയും ആക്രമണത്തിന്റെയും ഉന്മൂലനത്തിന്റെയും ശക്തികളായി മതവിശ്വാസികള്‍ പരിണമിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ അനാശാസ്യതയില്‍ നിന്ന് മാനവ വര്‍ഗത്തിനുള്ള മോചനമാണ് മതേതരത്വം.
സാധാരണഗതിയില്‍ മതേതരത്വം എന്നുപറയുമ്പോള്‍ എല്ലാ മതങ്ങള്‍ക്കും തുല്യപ്രധാന്യം എന്നാണര്‍ത്ഥം. ഈ അര്‍ത്ഥ കല്‍പ്പനയാണ്, ആതിരേ, പ്രശ്നങ്ങള്‍ക്ക് കാരണം. ഒരു മതത്തിന്റെ വിശ്വാസവും പ്രമാണങ്ങളും മറ്റൊരു മതത്തിന് പൂര്‍ണമായോ ഭാഗികമായോ സ്വീകാര്യമാവുകയില്ല. ഈ സന്ധിയില്‍ തീര്‍ച്ചയായും രണ്ടുമതങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോള്‍ സമവായമല്ല, സംഘട്ടനമാണ് ഉണ്ടാവുക. അതുകൊണ്ട് എല്ലാ മതങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അവസ്ഥയില്‍ നിന്ന് ഒരു മതത്തിനും പ്രാധാന്യം നല്‍കാത്ത മതനിരപേക്ഷതയിലേക്ക് വിശ്വമാനവ ചിന്ത ഉണരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുമ്പോഴാണ് വീണ്ടും മതചിന്തയുടെ അഗ്നികുണ്ഡം ആളിക്കത്തിക്കാന്‍ ബനഡിക്ട് 16-ാമന്‍ പോപ്പ് ശ്രമിച്ചിരിക്കുന്നത്.
ഈശ്വരവിശ്വാസികളെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്തികര്‍ നരകത്തിന് യോഗ്യരായവരാണ്. ഈശ്വരവിശ്വാസികള്‍ക്കാണ് മരണാനന്തരം സ്വര്‍ഗമുള്ളത്. എന്നാല്‍,ആതിരേ, ഭൂമിയിലെ ജീവിത കാലത്ത് യുദ്ധം മുതല്‍ ലൈംഗീക മുതലെടുപ്പ് വരെയുള്ള എല്ലാ സമൂഹവിരുദ്ധവും അനാശാസ്യവുമായ അധോലോക ക്രിയകള്‍ നടത്തുന്നവരില്‍ 99.99 ശതമാനവും ഈശ്വരവിശ്വാസികളാണ്. അവരുടെ മതവിശ്വാസങ്ങള്‍ വ്യത്യസ്ഥമാണെങ്കില്‍ പോലും ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിച്ചുകൊണ്ടാണ് മനുഷ്യകുലത്തിന്‍് വിരുദ്ധമായ, മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് ഹാനികരമായ ഇത്തരം സമൂഹവിരുദ്ധ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നത്. കുരിശുയുദ്ധങ്ങള്‍ മാനവജാതിക്ക് ഏകിയ പരിക്കും വേദനയും മറക്കാറായിട്ടില്ല. ക്രിസ്ത്യാനികളും മുസ്ലീമുകളും രണ്ടുഭാഗത്ത് നിന്നു നടത്തിയ ഈ സ്വാര്‍ത്ഥതയുടെ, യുദ്ധത്തിന്റെ ഒരു ലക്ഷത്തില്‍ ഒരംശം നാശം ലോകത്ത് നിരീശ്വരവാദികള്‍ സൃഷ്ടിച്ചിട്ടുണ്ടാവില്ല, ആതിരേ...
എല്ലാ രാഷ്ട്രങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ അതീവ ദുഃഖത്തോടെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പക്ക് ലോകത്തോട് ക്ഷമ ചോദിക്കേണ്ടിവരുന്നുണ്ട്. മതവിശ്വാസികളും ദൈവവിശ്വാസികളുമായ കത്തോലിക പുരോഹിതന്മാരും കന്യാസ്ത്രീമാരും നൂറ്റാണ്ടുകളായി നടത്തിയ, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ലൈംഗീക ചൂഷണത്തിന്റെ പേരിലാണ് മാര്‍പാപ്പക്ക് ലോകത്തിന്റെ മുമ്പില്‍ തലകുനിച്ച് നില്‍ക്കേണ്ടിവരുന്നത്. എത്ര നിരീശ്വരവാദികള്‍ ഇതേ കുറ്റം ചെയ്ത് മാനവ സമൂഹത്തെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ പോപ്പിന് ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥത്തില്‍, ആതിരേ, വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന മുതലെടുപ്പുകളെയും സ്ഥാപനവത്കൃതമായിട്ടുള്ള കൊള്ളകളെയും നാസ്തികര്‍ എതിര്‍ക്കുന്നതാണ് മതവിശ്വാസികളെ ചൊടിപ്പിക്കുന്നത്.
ശാസ്ത്ര സത്യങ്ങളുടെ പിന്‍ബലത്തോടെ അന്ധവിശ്വാസങ്ങളെയും അബദ്ധജഡിലമായ പ്രമാണങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള അധിനിവേശ താല്‍പ്പര്യങ്ങളെയും നാസ്തികര്‍ എതിര്‍ക്കുന്നതാണ് മതവിശ്വാസികള്‍ക്കും മതനേതാക്കന്മാര്‍ക്കും സഹിക്കാനാവാത്തത്. എന്നാല്‍, ഇവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും ഈശ്വരന്റെയും മറവില്‍ കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ എത്ര ഭീകരങ്ങളാണെന്ന് ലോകം കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. അവയെ ചോദ്യം ചെയ്യുന്നതാണോ, ആതിരേ, തെറ്റ്? പ്രാകൃതമായ വിശ്വാസങ്ങളും ശുഷ്കമായ കാഴ്ചപ്പാടുകളും സങ്കുചിതമായ നിലപാടുകളും മതത്തിന്റെ പേരിലും വിശ്വാസങ്ങളുടെ പേരിലും അടിച്ചേല്‍പ്പിക്കുമ്പോള്‍ അതിനെ ചെറുത്ത് നില്‍ക്കുന്നതാണോ നാസ്തിക പാപം..? ഓര്‍ക്കണം ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണെന്ന ശാസ്ത്ര സത്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഗലീലിയോക്ക് വിഷം കൊടുത്ത വിശ്വാസ സംഹിതയുടെ ലോകനേതാവാണ് ബെനഡിക്ട് 16-ാമന്‍ . ഈ വിശ്വാസത്തിന്റെ മറവില്‍ ലോകമെമ്പാടും നടക്കുന്ന അരാജകത്വങ്ങളും അശ്ലീലതകളും തമസ്കരിച്ചുകൊണ്ടാണ് മതേതരത്തിനെതിരെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തതെന്നോര്‍ക്കണം.
വര്‍ത്തമാനകാലത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന അത്രയും നരഹത്യ മറ്റേത് രാഷ്ട്രമാണ് നടത്തുന്നത് ? ദൈവവിശ്വാസികളായ ഈ രാഷ്ട്രത്തലവന്മാരെ ന്യായീകരിക്കാനാണ് , ആതിരേ, മതേതരത്തിനെതിരായ നിലപാടിലൂടെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ശ്രമിച്ചിരിക്കുന്നത്. വൈദീകവൃത്തി പോലും അധോലോക പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സായി എടുത്തിട്ടുള്ളവരെയും പരോക്ഷമായി ന്യായീകരിക്കുകയായിരുന്നു മാര്‍പാപ്പ. ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ ദുരൂഹമരണത്തിന് പിന്നില്‍ വത്തിക്കാനിലെ തന്നെ കര്‍ദിനാള്‍മാരായിരുന്നു എന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. ഡേവിഡ് യാലപ് എന്ന ബ്രിട്ടീഷ് പ്രവര്‍ത്തകന്‍ എഴുതിയ 'ഇന്‍ ദ നെയിം ഓഫ് ഗോഡ്' എന്ന പുസ്തകത്തില്‍, ആതിരേ, ഈ കിരാതത്വത്തിന്റെ വിശദാംശങ്ങളുണ്ട്. വസ്തുതകള്‍ ഇതായിരിക്കേ മതത്തിന്റെയും ജാതിയുടെയും കൂച്ചുവിലങ്ങില്‍ നിന്നും മുതലെടുപ്പില്‍ നിന്നും മാനവരാശിയെ മോചിപ്പിക്കേണ്ട ദൗത്യമുള്ള മാര്‍പാപ്പയെ പോലുള്ളവര്‍ മതേതരത്തിനെതിരായി നടത്തുന്ന ആഹ്വാനങ്ങള്‍ സങ്കുചിത മത ബോധത്തിന്റെ മൂശയില്‍ ഉരുത്തിരിയുന്ന തീവ്രവാദം തന്നെയാണ്.
ക്രൈസ്തവ ദര്‍ശനമനുസരിച്ച് യേശുക്രിസ്തുവില്‍ വിശ്വസിക്കാത്ത ഒരാളും രക്ഷപ്പെടുകയില്ല. അത്തരക്കാരല്ലാത്തവരെല്ലാം പാപികളാണ്. മതേതരത്തിന് എതിരായുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തില്‍ ഒളഞ്ഞിരിക്കുന്നത് ക്രിസ്തുമതത്തെ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള ഏകപക്ഷീയമായ വ്യഗ്രതയാണ്. ഒരു മതം അല്ലെങ്കില്‍ ഒരു ആശയം മാത്രം മതി എന്നുപറയുന്നതാണല്ലോ അസഹിഷ്ണുത നിറഞ്ഞ തീവ്രവാദ നിലപാട്. മാര്‍പാപ്പയെ പോലെയുള്ള ഒരാളില്‍ നിന്ന് ഇത്തരം ആഹ്വാനം ഉണ്ടാകാന്‍ പാടില്ലായിരുന്നു . ഇത് സമാധാനത്തിനും സൗഹൃദത്തിനും സഹകരണത്തിനും സൗഭ്രാത്രത്തിനും എതിരായുള്ള സങ്കുചിത നിലപാടിന്റെ വെല്ലുവിളികൂടിയാണ്;ആതിരേ, സംശമയില്ല.
Subscribe to:
Posts (Atom)