Thursday, November 3, 2011

ഗണേഷ്‌ കുമാറിന്റെ തോട്ടിപിടുത്തത്തില്‍ ഉമ്മന്‍ചാണ്ടി കൊമ്പു കുത്തുമ്പോള്‍...

തന്റെ മന്ത്രിസഭയ്ക്കും സര്‍ക്കാരിനും ഉണ്ടായ നിലനില്‍പ്പ്‌ ഭീഷണിയെ മറി കടക്കാനാണ്‌ മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള സവിശേഷാധികാരത്തിന്റേയും മറവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നത്‌. 2006-ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കറിവേപ്പിലപോലെ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബിനെയും പുറത്തെറിഞ്ഞ്‌ മന്ത്രിസഭ രൂപീകരിച്ച ഉമ്മന്‍ചാണ്ടിയാണ്‌ ഇപ്പോള്‍ അതീവ നിസ്സഹായനായി പൊതുസമൂഹ മധ്യേ അപമാനിതനായി നില്‍ക്കുന്നത്‌. ഭരണം നിലനിര്‍ത്താനാണ്‌ ഗണേഷ്‌ കുമാറിന്റെയും പി.സി.ജോര്‍ജിന്റെയും ഒക്കെ അഹന്താമൊഴികള്‍ സൃഷ്ടിച്ച രാഷ്ട്രീയ അശ്ലീലതകളുടെയും വിഴുപ്പേറ്റെടുത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുന്‍പില്‍ നാണം കെട്ട്‌ ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്‌. ഭരണത്തിന്റെ ലഹരി ഇത്രയ്ക്കുണ്ടോ,..?



ആന അഹങ്കാരമായിരുന്ന കീഴൂട്ട്‌ തറവാട്ടില്‍ രാമന്‍പിള്ള മകന്‍ ബാലകൃഷ്ണപിള്ള മകന്‍ 'നിലവില്‍' മന്ത്രിയും വിവാദ നായകനുമായ കെ.ബി.ഗണേഷ്‌ കുമാറിന്റെ 'തോട്ടിപ്പിടുത്ത'ത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുട്ടു മടക്കിയപ്പോള്‍ യുഡിഎഫിന്റെ നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീലതകളാണ്‌ ആതിരേ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.
ടി.എം.ജേക്കബിന്റെ നിര്യാണവും പി.സി.ജോര്‍ജിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ അയച്ച നോട്ടീസ്‌ ഉയര്‍ത്തുന്ന സാധ്യതയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പ്‌ ഭീഷണിയിലായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഭരണത്തില്‍ കടിച്ചു തൂങ്ങാന്‍ ഇതുവരെ കേട്ടു കേള്‍വിപോലും ഇല്ലാത്ത നീച രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായിരിക്കുന്നത്‌.
കേരളപ്പിറവി ദിനത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയടക്കം 138 ജയില്‍പ്പുള്ളികളെ സ്വതന്ത്രരാക്കിക്കൊണ്ട്‌ പുതിയൊരു കീഴ്‌വഴക്കമാണ്‌ ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചിരിക്കുന്നത്‌. മുന്‍പ്‌ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി, അംബേദ്കര്‍ ജയന്തി, സഹസ്രാബ്ദ ആഘോഷം എന്നിവയുമായി ബന്ധപ്പെട്ടാണ്‌ തടവുകാര്‍ക്ക്‌ ഇളവനുവദിച്ചിരുന്നത്‌. എന്നാല്‍, കേരളപ്പിറവി ദിനത്തില്‍ ഇത്തരത്തില്‍ ഒരു ആനുകൂല്യം പ്രഖ്യാപിക്കുന്നത്‌ നടാടെയാണ്‌. കുറ്റവാളികള്‍ക്ക്‌ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അവകാശം ഭരണഘടനാ ദത്തമാണ്‌. ആ അര്‍ത്ഥത്തില്‍, സാങ്കേതികമായി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്‌ സാധൂകരണമുണ്ട്‌. എന്നാല്‍, ആതിരേ, ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌ രാഷ്ട്രീയ ധാര്‍മ്മികതയും മാന്യതയുമാണ്‌.
വാര്‍ദ്ധക്യത്തിന്റെ ക്ഷീണാവസ്ഥയും രോഗവും കണക്കിലെടുത്താണ്‌ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്‌ ശിക്ഷാ ഇളവ്‌ അനുവദിക്കുന്നതെന്നാണ്‌ ചീഫ്‌ വിപ്പ്‌ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത്‌. കേവലം മനുഷ്യത്വപരമായ ഒരു നടപടിയായി ഇതിനെ കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.സി.ജോര്‍ജ്‌ അടക്കമുള്ളവര്‍ എത്രയൊക്കെ വെള്ള പൂശിയാലും തെളിഞ്ഞു വരന്നതാണ്‌ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ അധമത്വവും അധാര്‍മ്മികതയും.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്‌ കഴിഞ്ഞ ഫെബ്രുവരി 18-ാ‍ം തീയതി ആര്‍.ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജിയിലില്‍ ആയത്‌. ഇടമലയാര്‍ കേസ്‌ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച വിചാരണ കോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്‌ അഞ്ചുവര്‍ഷത്തേയ്ക്കാണ്‌. ഇതിനെതിരെ ഹൈക്കോടതിയില്‍ പിള്ള നല്‍കിയ അപ്പീല്‍ അനുവദിച്ച്‌ അദ്ദേഹത്തെ വെറുതെ വിട്ടു. സ്വാഭാവികമായും ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. അതുകൊണ്ട്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌.അച്യുതാനന്ദനാണ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്‌. ആ അപ്പീല്‍ അനുവദിക്കുകയും ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
ആതിരേ,ഇവിടെ ഗൗരവമായ ഒരു വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്‌. വിചാരണ കോടതിയുടെ അഞ്ചുവര്‍ഷത്തെ ശിക്ഷ അംഗീകരിക്കുമ്പോള്‍ തന്നെ കേസ്‌ വിസ്താരം വൈകിയതും അതില്‍ കോടതിയുടെ ഉത്തരവാദിത്തവും പിള്ളയുടെ പ്രായവും പരിഗണിച്ച്‌ അഞ്ചുവര്‍ഷത്തെ ശിക്ഷ ഒരു വര്‍ഷമാക്കി ഇളവ്‌ നല്‍കി. മറ്റൊരു ആനുകൂല്യത്തിനും പിള്ള അര്‍ഹനല്ലെന്ന്‌ വിധി ന്യായത്തില്‍ എടുത്തു പറയുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തെറ്റിനെ ലഘൂകരിച്ച്‌ കാണരുതെന്നും ശിക്ഷയില്‍ ദാക്ഷിണ്യം പാടില്ലെന്നും അങ്ങനെ ദാക്ഷിണ്യം കാട്ടുന്നത്‌ ജനങ്ങളോടുള്ള അനീതിയാണെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതനുസരിച്ച്‌ പിള്ള ഒരു തരത്തിലുള്ള ഇളവിനും അര്‍ഹനല്ല. എന്നാല്‍, മറ്റ്‌ തടവുകാര്‍ക്കുള്ള ഇളവുകളില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്‌. ഈ ഒരു വര്‍ഷത്തെ ശിക്ഷയില്‍ 69 ദിവസം മാത്രമാണ്‌ പിള്ള ജയിലില്‍ കഴിഞ്ഞത്‌. 75 ദിവസം പരോളിലായിരുന്നു. കഴിഞ്ഞ 85 ദിവസമായി പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്‌. അതായത്‌, സുപ്രീംകോടതിയെ തന്നെ ധിക്കരിച്ചും വിധി ലംഘിച്ചുമാണ്‌ പിള്ളയ്ക്ക്‌ പരോള്‍ അടക്കമുള്ള ഇളവുകള്‍ അനുവദിച്ചതെന്ന്‌ സാരം. ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരും നിയമവിരുദ്ധമായിട്ടാണ്‌ പെരുമാറിയത്‌. അവരും പിള്ളയ്ക്ക്‌ പരോള്‍ അനുവദിച്ചിരുന്നു.
തടവുകാരെ വിട്ടയയ്ക്കുന്നതില്‍ സര്‍ക്കാരിനുള്ള അധികാരങ്ങള്‍ക്ക്‌ പരിധിയില്ലെങ്കിലും സുപ്രീംകോടതി പ്രത്യേകം വ്യവസ്ഥ വച്ചിട്ടുള്ള വിധി ന്യായത്തെ മറി കടന്നുകൊണ്ടുള്ള ഇളവ്‌ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധവും കോടതി അലക്ഷ്യവുമാണ്‌.
ശ്രദ്ധിക്കണം. പിള്ളയെപ്പോലെ തന്നെ വാര്‍ദ്ധക്യത്തിന്റെ അസ്ക്യതകളും രോഗപീഡകളും അലട്ടുന്ന വ്യക്തിയാണ്‌ വര്‍ഗ്ഗീസ്‌ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലക്ഷ്മണ. എന്നാല്‍, അദ്ദേഹത്തിന്‌ ആനുകൂല്യം നല്‍കിയിട്ടില്ല. അതേസമയം, പിള്ളയോടൊപ്പം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ സജീവന്‌ ഇളവ്‌ ലഭിച്ചിട്ടുമുണ്ട്‌. കൂടാതെ, മറ്റ്‌ 137 ജയില്‍ പുള്ളികളും കേരളപ്പിറവി ദിനത്തില്‍ സ്വതന്ത്രരായി.
നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല നീചത്വമാണ്‌ ഉമ്മന്‍ചാണ്ടി എന്നാണ്‌, ആതിരേ ഇതുവരെയുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. അതിവേഗം ബഹുദൂരം അദ്ദേഹവും മന്ത്രിസഭയും സഞ്ചരിക്കുന്നത്‌ അനീതികളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളുടെയും വീഥിയിലൂടെയാണ്‌. തന്റെ മന്ത്രിസഭയ്ക്കും സര്‍ക്കാരിനും ഉണ്ടായ നിലനില്‍പ്പ്‌ ഭീഷണിയെ മറി കടക്കാനാണ്‌ മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള സവിശേഷാധികാരത്തിന്റേയും മറവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നത്‌. സംശയിക്കേണ്ട ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ വേണ്ടി മാത്രമാണ്‌ മറ്റ്‌ 137 ജയില്‍ പുള്ളികളെയും സ്വതന്ത്രരാക്കിയിരിക്കുന്നത്‌.
2006-ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കറിവേപ്പിലപോലെ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബിനെയും പുറത്തെറിഞ്ഞ്‌ മന്ത്രിസഭ രൂപീകരിച്ച ഉമ്മന്‍ചാണ്ടിയാണ്‌ ഇപ്പോള്‍ അതീവ നിസ്സഹായനായി പൊതുസമൂഹ മധ്യേ അപമാനിതനായി നില്‍ക്കുന്നത്‌. ഭരണം നിലനിര്‍ത്താനാണ്‌ ഗണേഷ്‌ കുമാറിന്റെയും പി.സി.ജോര്‍ജിന്റെയും ഒക്കെ അഹന്താമൊഴികള്‍ സൃഷ്ടിച്ച രാഷ്ട്രീയ അശ്ലീലതകളുടെയും വിഴുപ്പേറ്റെടുത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുന്‍പില്‍ നാണം കെട്ട്‌ ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്‌. ഭരണത്തിന്റെ ലഹരി ഇത്രയ്ക്കുണ്ടോ,ആതിരേ..?

No comments: