Thursday, November 10, 2011

ഐശ്വര്യയുടെ ഗര്‍ഭവും പ്രസവവും ദേശിയ സമസ്യകളോ..?

വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.


ആതിരേ,തങ്ങളുടെ ഭരണതോന്ന്യാസങ്ങള്‍ക്കെതിരായ ജനകീയ വികാരം, പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിന്‌ അപഭ്രംശം വരുത്താനും ജനശ്രദ്ധ തിരിച്ചുവിടാനും റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക്‌ വിനോദങ്ങളുടെ നിരവധി തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 'കൊളീസി'യത്തില്‍ സിംഹവും മനുഷ്യനും തമ്മിലുള്ള മല്‍പ്പിടുത്തം വിളംബരം ചെയ്യുന്നതായിരുന്നു പ്രധാന ഉഡായിപ്പ്‌. ഇത്തരം വിളംബരം വന്നു കഴിഞ്ഞാല്‍ പിന്നെ സാധാരണ ജനങ്ങളുടെ ഊണിലും ഉറക്കത്തിലും മനുഷ്യന്‍-സിംഹം പോരാട്ട ദ്വന്ദ്വമായിരിക്കും. .
മുന്‍കാലങ്ങളില്‍ ഇത്തരം 'ഏറ്റുമുട്ടല്‍' ഉണ്ടായപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിച്ചും പുതിയ മല്‍പ്പിടുത്തത്തില്‍ മനുഷ്യനും സിംഹത്തിനുമുള്ള ജയസാധ്യത വിലയിരുത്തി ബെറ്റുവച്ചും ജനങ്ങള്‍ സമയം കളയുമ്പോള്‍ ഭരണ കൂടത്തിനെതിരെ ഉരുണ്ടു കൂടിയ ഉന്മൂലനത്തിന്റെ ഭീഷണി അഴിഞ്ഞഴിഞ്ഞ്‌ ഇല്ലാതാകുമായിരുന്നു.
സമാന സ്വഭാവത്തിലുള്ള നടപടി ക്രമങ്ങളും പരിപാടികളും വാര്‍ത്താ അവതരണങ്ങളും കൊണ്ട്‌ ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ജനങ്ങളെ അവരുടെ പ്രശ്നങ്ങളില്‍ നിന്നും ഭരണകൂടം അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അധിനിവേശ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നും നിരന്തരം ശ്രദ്ധ തിരിച്ചു കൊണ്ടിരിക്കുകയാണ്‌ ആതിരേ..
ഇന്ന്‌ നടക്കുമെന്ന്‌ പറയുന്ന ഐശ്വര്യ റായിയുടെ പ്രസവം അത്തരം അശ്ലീലം നിറഞ്ഞ ഒരു പൈങ്കിളി വാര്‍ത്തയും അധിക്ഷേപം കലര്‍ന്ന വിനോദ പരിപാടിയുമാണ്‌. കലണ്ടറില്‍ 11-ന്റെ മാന്ത്രികത വരുന്ന ഇന്ന്‌ പകല്‍ 11 മണി കഴിഞ്ഞ്‌ 11 മിനിട്ടും 11 സെക്കന്റുമാകുമ്പോള്‍ ഐശ്വര്യ റായി പ്രസവിക്കുമെന്നാണ്‌ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം ആഘോഷപൂര്‍വ്വം കൊണ്ടാടിക്കൊണ്ടിരിക്കുന്ന ഒരു പ്രവചനം. ഈ പ്രസവത്തിന്റെ പേരില്‍ ഏകദേശം 150 കോടി രൂപയുടെ വാതുവയ്പ്പാണ്‌ നടന്നിട്ടുള്ളത്‌. ഐശ്വര്യ ഇന്ന്‌ പ്രസവിക്കും, പ്രസവിക്കില്ല എന്ന തര്‍ക്കത്തിലാണ്‌ സിനിമാ ഭ്രാന്തന്മാരല്ലാത്തവര്‍ പോലും ഇന്ന്‌ ഐശ്വര്യക്ക്‌ പിറക്കാന്‍ പോകുന്നത്‌ ആണ്‍കുട്ടിയാണെന്ന്‌ ഒരു വിഭാഗവും അല്ല പെണ്‍കുട്ടിയാണെന്ന്‌ മറുവിഭാഗവും വാദിക്കുന്നു. ഐശ്വര്യയുടെ ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെന്ന്‌ ഒരു വിഭാഗം മാധ്യമങ്ങള്‍ 'സ്കൂപ്പ്‌' ന്യൂസ്‌ കൊടുക്കുമ്പോള്‍ ഒറ്റക്കുട്ടിയേ ഉള്ളൂ എന്ന കണ്ടെത്തലുമായി അഹങ്കരിക്കുകയാണ്‌ സത്യം മാത്രം പറയുന്നു എന്ന്‌ അഭിമാനിക്കുന്ന അച്ചടി ദൃശ്യമാധ്യമങ്ങള്‍. അഭിഷേക്‌ ബച്ചന്റെ ജന്മദിനം ഒരു 11-നായതുകൊണ്ട്‌ ഐശ്വര്യയുടെ പ്രസവവും 11ന്‌ തന്നെ നടക്കുമെന്നും ചിലര്‍ ശഠിക്കുന്നു.
ഇതെല്ലാം ടാബ്ലോയിഡ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം കൂട്ടാനുള്ള ഉഡായിപ്പുകളല്ല, ആതിരേ... ദേശീയ മാധ്യമങ്ങള്‍ പോലും ഈ നിസ്സാര വിഷയത്തിലാണ്‌ കഴിഞ്ഞ ഒരാഴ്ചയിലധികമായി അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌. ഗര്‍ഭിണിയായ ഐശ്വര്യ ഒരിക്കല്‍ ആശുപത്രിയില്‍ പോയതിന്റെ ദൃശ്യം ഒപ്പിയെടുത്ത ഒരു ചാനല്‍ നിരന്തരം ആ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടാണ്‌ ഐശ്വര്യയുടെ പ്രസവ വിഷയം കൊണ്ടാടുന്നത്‌.
ഹോളിവുഡ്‌ നടിയും ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവുമായ അഞ്ജലീന ജൂലി ഒരു കരീബിയന്‍ ആശുപത്രിയില്‍ ആദ്യ പ്രസവത്തിനായി മൂന്നു വര്‍ഷം മുന്‍പ്‌ പ്രവേശിപ്പിക്കപ്പെട്ടപ്പോല്‍ വിവരം അറിഞ്ഞ്‌ ചാനല്‍ പ്രവര്‍ത്തകരും ഫോട്ടോ ഗ്രാഫര്‍മാരും ആ ആശുപത്രിയില്‍ രോഗികളായും ജീവനക്കാരായും പ്രവേശിച്ചു. പ്രസവനത്തിന്റെ 'തത്സമയ സംപ്രേഷണ'മായിരുന്നു ലക്ഷ്യം. എന്നാല്‍ വിവരം ചോര്‍ന്നതോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ജീവനക്കാരെയും സര്‍ക്കാര്‍ പുറത്താക്കി.
പപ്പരാസി ജര്‍ണലിസത്തിന്റെ ജീര്‍ണ്ണത അത്രയ്ക്കൊന്നും ഇന്ത്യന്‍ മാധ്യമങ്ങളെ ഗ്രസിച്ചിട്ടില്ലെങ്കിലും ഐശ്വര്യയുടെ പ്രസവ കാര്യത്തില്‍ മറ്റൊരു ദേശീയ സമസ്യക്കും ഇതുവരെ ലഭിക്കാത്ത ഹൈപ്‌ ആണ്‌ ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും ലഭിച്ചിരിക്കുന്നത്‌.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി, മാഫിയ പ്രവര്‍ത്തനങ്ങള്‍ സ്വദേശിയവും വിദേശീയവുമായ ഭീകരപ്രവര്‍ത്തന ഭീഷണികള്‍ സ്ത്രീ പീഡനം തുടങ്ങി വര്‍ത്തമാനകാല ഭാരതത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്‌. ഇവയ്ക്കെല്ലാം പരിഹാരം കാണേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും ക്രമസമാധാന-നിയമപാലനസംവിധാനങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ സമൂഹവിരുദ്ധ ശക്തികളുടെ അഞ്ചാം പത്തികളായി മാറുകയും നികുതി നല്‍കുകയും വോട്ട്‌ നല്‍കുകകയും ചെയ്യുന്ന പൗരന്മാരെ നിരന്തരം വഞ്ചിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ തുറന്നു കാട്ടി ഭരണകൂടങ്ങളുടെ ജനവിരുദ്ധത വ്യക്തമാക്കി മാറ്റത്തിന്റെ കാറ്റ്‌ സൃഷ്ടിച്ചെടുക്കാന്‍ സാമൂഹികമായും ധാര്‍മ്മികമായും ഉത്തരവാദിത്തമുള്ള മാധ്യമങ്ങളാണ്‌ ഏതോ ഒരു സെലിബ്രിറ്റിയുടെ ഈറ്റു പുരയിലേക്ക്‌ തങ്ങളുടെ കണ്ണും ക്യാമറകളും തിരിച്ചുവച്ച്‌ കാത്തിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ച റോമ സാമ്രാജ്യാധിപതികളുടെ ജനവഞ്ചനയുടെ ഉഡായിപ്പ്‌ തന്ത്രങ്ങളുടെ പിന്മുറക്കാരായി അധഃപതിച്ചു, ഇന്ത്യയിലെ മാധ്യമ ബോധവും പ്രവര്‍ത്തനങ്ങളും.
തന്റെ ഗര്‍ഭവവും പ്രസവവും തികച്ചും സ്വകാര്യ അനുഭവമാണെന്ന്‌ പലവട്ടം രോഷാകുലയായി ഐശ്വര്യ റായി വ്യക്തമാക്കിയിട്ടും അവരുടെ സ്വകാര്യതയിലേക്ക്‌ ഇടിച്ചു കയറുകയാണ്‌ സെലിബ്രിറ്റി ന്യൂസ്‌ ബ്രേക്കുകാര്‍. മുംബൈയിലെ ഏക സെവന്‍ സ്റ്റാര്‍ ആശുപത്രി സെവന്‍ഹില്‍സിലാണ്‌ ഐശ്വര്യയുടെ പ്രസവം നടക്കുന്നത്‌ എന്നതുകൊണ്ട്‌ ആ ആശുപത്രിക്കും അനാവശ്യ പ്രചാരം നല്‍കിയിരിക്കുകയാണ്‌ നീചമായ ഈ ഇക്കിളി ജര്‍ണലിസ്റ്റുകള്‍. പ്രസവത്തോടെ മണ്ണടിയുന്ന മാതാക്കളും കുഞ്ഞുങ്ങളും ലക്ഷക്കണക്കിനുള്ള ഒരു രാഷ്ട്രത്തിലാണ്‌ ഉത്തരവാദിത്തമില്ലായ്മയുടെ ഈ മാധ്യമ ഭീകരപ്രവര്‍ത്തനം.
വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌,ആതിരേ, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.

No comments: