Wednesday, November 23, 2011
എറണാകുളത്തെ ( കേരളത്തേയും ) എലിവിഷത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം
എറണാകുളം ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ് എലി ഉന്മൂലനത്തിന് ജില്ലാ പഞ്ചായത്ത് തയ്യാറെടുക്കുന്നത്.ഇതിന് 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും.എലിയെ പേടിച്ച് ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്.എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, അഞ്ച് ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.
ആതിരേ,
എലി മുക്ത ജില്ലയാക്കാനുള്ള ശ്രമത്തില്‍ എറണാകുളത്തെ എലിവിഷത്തില്‍ മുക്കി കൊല്ലാന്‍ ജില്ലാ പഞ്ചായത്തിന്റെ നീക്കം.
ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ് എലി ഉന്മൂലനത്തിന് ജില്ലാ പഞ്ചായത്ത് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് നിരവധിപേര്‍ക്ക് എലിപ്പനി ബാധിക്കുകയും കുറേയേറെ പേര്‍ മരിക്കുകയും ചെയ്തതാണ് എലികള്‍ക്ക് എതിരെ ഇങ്ങനെ ഉന്മൂലനതത്ന്രവുമായി തിരിയാന്‍ ജില്ലാ പഞ്ചായത്തിന് പ്രേരിപ്പിച്ചത്.
50 ഗ്രാം വീതം ജില്ലയിലെ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഒരേദിവസം എലി വിഷം വയ്ക്കാന്‍ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും. ഇത്രയും എലിവിഷത്തിലൂടെ ജില്ലയെ സമ്പൂര്‍ണ എലിമുക്ത ജില്ലയാക്കാമെന്ന മൂഢചിന്തയിലാണ് ജില്ലാ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും.
എന്നാല്‍, ആതിരേ,എലിയെ പേടിച്ച് ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്. ഇത്രയുമധികം എലിവിഷം വയ്ക്കുന്നതിലൂടെ മനുഷ്യരുടെയും പ്രകൃതിയുടെയും ആരോഗ്യമായിരിക്കും നശിക്കാന്‍ പോകുന്നത്.
ആതിരേ,വയ്ക്കുന്ന വിഷമത്രയും എലി തിന്നാലും തിന്നില്ലെങ്കിലും എലി ചത്തായും ചത്തില്ലെങ്കിലും 40000 കിലോഗ്രാം എലിവിഷം ജില്ലയുടെ മണ്ണിലും ജലത്തിലും കലരും. എലിമുക്ത ജില്ല അങ്ങനെ എലിവിഷ സങ്കലന ജില്ലയായി മാറാന്‍ പോവുകയാണ് .
ഏലൂര്‍ മേഖലയില്‍ കരിക്കിന്‍ വെള്ളത്തിലും കോഴിമുട്ടയിലും ഒക്കെ ഡിഡിടിയുടെ അംശം കണ്ടെത്തിയതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി എലിവിഷവും ജലത്തിലും ആഹാര വസ്തുക്കളിലും കണ്ടെത്തും. ഇപ്പോള്‍ തന്നെ മലിനീകരണത്തില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്ന ജില്ലയ്ക്ക് ഇത് കൂനിന്മേല്‍ കുരുവായിരിക്കും.
എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, ആതിരേ, അഞ്ച് ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.
വിഢിത്തം നിറഞ്ഞതും പരിസ്ഥിതിക്ക് പ്രഹരമേല്‍പ്പിക്കുന്നതുമാണ് ജില്ലാ പഞ്ചായത്തിന്റെ ഈ എലിനശീകരണ യജ്ഞം. എറണാകുളത്തെ എലികളെ മുഴുവന്‍ ഇങ്ങനെ നശിപ്പിച്ചാലും തൊട്ടടുത്ത ജില്ലകളില്‍ നിന്ന് എലികള്‍ എത്താനുള്ള സാധ്യത വളരെയാണ്. അത്രയ്ക്കധികം മാലിന്യങ്ങളാണ് നിരത്തുവക്കത്തും പൊതുസ്ഥലത്തും ഉള്ളത്. ജില്ലാ അതിര്‍ത്തികളില്‍ 'എലിമുക്ത മേഖല' എന്ന ബോര്‍ഡ് വച്ചാല്‍ അന്യജില്ലകളില്‍ നിന്ന് എലികള്‍ എത്തുകയില്ല എന്ന് ജില്ലാ പഞ്ചായത്ത് പറയാതിരുന്നത് ഭാഗ്യം.
എലി, അണ്ണാന്‍, മരപ്പട്ടി തുടങ്ങിയവയുടെ മൂത്രത്തിലാണ് എലിപ്പനിക്ക് കാരണമായ ലപ്റ്റോസ്പൈറ ബാക്ടീറിയയുള്ളത്. ഈ ജീവികളുടെ മൂത്രം ജലത്തില്‍ പടരുകയും ഈ ജലം ശരീരത്തിലെ മുറിവുകളില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യശരീരത്തില്‍ എലിപ്പനിയുടെ ബാക്ടീരിയകള്‍ പ്രവേശിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്ന്. വയലുകള്‍ നികത്തുകയും പറമ്പിലെ പണികള്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടും എലിപ്പനി പടരുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങള്‍ മറ്റു ചിലതെല്ലാമാണ്. അവ ശാസ്ത്രീയമായി കണ്ടെത്തേണ്ടതിന് പകരം ഇല്ലം ചുട്ട് എലിയെ പ്രതിരോധിക്കാനാണ്,ആതിരേ, ജില്ലാ ഭരണകൂടത്തിന്റെ വഴിപിഴച്ച നീക്കം.
Subscribe to:
Post Comments (Atom)
No comments:
Post a Comment