കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ് മാണിയെക്കൊണ്ട് ഈ ആശയം മുന്നോട്ട് വയ്പിച്ചിട്ടുള്ളത്. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ് കടല്‍ മണല്‍ ഖാനനത്തിന് പിന്നിലും ഇപ്പോഴുള്ളത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ് ഹൈജാക് ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ് ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്.ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന് നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്.
"വല്ലഭന് പുല്ലും ആയുധം" എന്ന് പറഞ്ഞതുപോലെയാണ്, ആതിരേ, അധികാരത്തിലെത്തിയാല്‍ യുഡിഎഫിന് അഴിമതി നടത്താന്‍ ജീവിത വ്യാപാര രംഗങ്ങളും പ്രകൃതിയും. കട്ടു മുടിച്ച് നാട് നശിപ്പിക്കുക എന്ന ഏക അജണ്ടയാണ് ഭരണാധികാരം കൈയ്യില്‍ കിട്ടിയപ്പോഴെല്ലാം യുഡിഎഫ് നടപ്പിലാക്കിയിട്ടുള്ളത്. സാമൂഹിക ബോധവും പാരിസ്ഥിതികാവബോധവും വരും തലമുറകളോടുള്ള പ്രതിബദ്ധതയൊന്നും ഇക്കാര്യത്തില്‍ ഇവരെ അലോസരപ്പെടുത്താറില്ല. കാട്ടു കള്ളന്മാര്‍ക്ക് കുടപിടിച്ച ഒരു മുന്‍ യുഡിഎഫ് മന്ത്രിയാണല്ലോ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നതെന്ന സൈദ്ധാന്തിക ചോദ്യം ഉന്നയിച്ചത്.
ആ നെറികേടിന്റെ ചുവടു പിടിച്ച് കടലും കോരി വറ്റിച്ച് പോക്കറ്റ് വീര്‍പ്പിക്കാനാണ് കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള മന്ത്രിപുംഗവന്മാര്‍ പുതിയ വികസന നയങ്ങളും നടപടികളും ആവിഷ്കരിക്കുന്നത്.
മണല്‍ദാരിദ്ര്യം മൂലം കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നത് വര്‍ത്തമാനകാല വാസ്തവം. അതിന് പരിഹാരം കണ്ടെത്താനെന്നോണം പുതിയൊരു 'അതിവേഗ വികസന' തന്ത്രമാണ് ഇപ്പോള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കടലില്‍ ഇഷ്ടംപോലെ മണലുണ്ട്. അത് കോരിയെടുത്ത് ശുദ്ധീകരിച്ച് ഉപയോഗിച്ചാല്‍ മണല്‍ക്ഷാമം തീരും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകും എന്നൊക്കെ പ്രചരിപ്പിച്ചാണ് ആഴമളക്കാനാവാത്ത മോഷണത്തിന് ഇവര്‍ കോപ്പു കൂട്ടുന്നത്. കടലിലെ മണല്‍ വാരിയാല്‍ എന്തു പരിസ്ഥിതി പ്രശ്നമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന മാണിയുടെ ചോദ്യത്തില്‍ നിന്ന് വമിക്കുന്നത്, ആതിരേ, കടലോളം പരപ്പുള്ള അഴിമതിയുടെ ദുര്‍ഗ്ഗന്ധമാണ്.
എവിടെ നിന്നാണ് ഈ പ്രപ്പോസല്‍ മാണിക്ക് ലഭിച്ചതെന്ന് അന്വേഷിക്കുമ്പോഴാണ് കേരളത്തെ വിറ്റു തുലയ്ക്കാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കുഞ്ഞാലിക്കുട്ടി രൂപം കൊടുത്ത വ്യവസായ വികസന തന്ത്രങ്ങളില്‍ നാം എത്തുന്നത്. 2003-ല്‍ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള നിക്ഷേപക സംഗമ (ജിം)ത്തിലാണ് ആദ്യമായി കടല്‍ മണല്‍ ഖാനന പദ്ധതി അവതരിപ്പിച്ചത്. ബഹറിന്‍ ആസ്ഥാനമായുള്ള ക്രൗണ്‍ മാരിടൈം കമ്പനിയാണ് ഈ പദ്ധതി മുന്നോട്ടു വച്ചത്. മാവേലിക്കര സ്വദേശിയായ സുജാതന്റെ ഉടമസ്ഥതയിലുള്ളതാണ് ക്രൗണ്‍ മാരിടൈം.
കേരളത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ കടല്‍ മണല്‍ ഖാനനത്തിനുള്ള പദ്ധതിയാണ് അന്ന് ആവിഷ്കരിച്ചത്. വര്‍ക്കല, പറവൂര്‍, ആലുവ, ചേറ്റുവ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മണല്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യം. കോടികള്‍ മുതല്‍ മുടക്കുള്ള ഈ പദ്ധതിയില്‍ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ഡ്രഡ്ജിംഗ് വഴി ശേഖരിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. അന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് മൂലം മാറ്റിവെച്ച പദ്ധതിയാണിത്.കേരള തീരത്തെ മത്സ്യസമ്പത്തിന് ഇത് ദോഷം ചെയ്യുമെന്ന് മനസ്സിലായപ്പോള്‍ അന്നത്തെ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലത്തില്‍ ചര്‍ച്ച നടത്തി വേണ്ടെന്നു വെച്ച പദ്ധതിയാണ് ഇപ്പോള്‍ 'കടലിലെ മണല്‍ വാരിയാല്‍ എന്ത് പരിസ്ഥിതി പ്രശ്നമാണ് ഉണ്ടാകുന്നതെന്ന' അവഹേളന പ്രസ്താവത്തിലൂടെ കുഞ്ഞുമാണിയും കുഞ്ഞാപ്പയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയെപ്പറ്റി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മാണി, അധിക വിഭവ സമാഹാരണത്തിന് കടലില്‍നിന്ന് മണല്‍ വാരണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മണല്‍ ഖാനനം കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന വിദഗ്ധാഭിപ്രായമൊന്നും, വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കാന്‍ കച്ചകെടി ഇറങ്ങിയിട്ടുള്ള മാണിക്ക് സ്വീകാര്യമല്ല. കേരള തീരത്ത് സുനാമി ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് കൊല്ലം, ആലപ്പുഴ തീരങ്ങളിലായിരുന്നു. ഇവിടെ നടക്കുന്ന മണല്‍ ഖാനനമാണ് ഇതിന് കാരണമെന്ന് മത്സ്യത്തൊഴിലാളികളും പരിസ്ഥതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. സുനാമിക്കു പുറമെ വലിയ കടല്‍ത്തിരകളും മണല്‍ ഖാനനം മൂലമുണ്ടാകും. തീരം നഷ്ടപ്പെടുന്നതുകൊണ്ടും കടല്‍ പുറ്റുകള്‍ നശിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തില്‍ കടലാക്രമണം ഉണ്ടാകുന്നത്. എന്നു മാത്രമല്ല ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന ചൂര, വാള, അയല, നെത്തോലി തുടങ്ങിയ മത്സ്യങ്ങള്‍ നശിക്കുമെന്ന കാര്യത്തിലും സംശയമില്ല.
1996-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ശിവദാസമേനോനാണ് യഥാര്‍ത്ഥത്തില്‍ കടലില്‍ നിന്ന് മണല്‍ ഖാനനം ചെയ്യുന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇതേ അനുഭവം തന്നെയാണ് 2003-ലും ഉണ്ടായത്. എന്നിട്ടും , ആതിരേ, ഇപ്പോള്‍ ഈ ആശയവുമായി ധനമന്ത്രി മുന്നോട്ട് വന്നത് വെറുതെയല്ല. അതിന് പിറകില്‍ കൃത്യവും നിശ്ചിതവുമായ താല്‍പര്യങ്ങളും വ്യക്തികളും സംരംഭകരുമുണ്ട്. അവരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടിയുമുണ്ട്.
കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ് മാണിയെക്കൊണ്ട് ഈ ആശയം മുന്നോട്ട് വയ്പിച്ചിട്ടുള്ളത്. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ് കടല്‍ മണല്‍ ഖാനനത്തിന് പിന്നിലും ഇപ്പോഴുള്ളത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ് ഹൈജാക് ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ് ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷം മാത്രമുള്ള ഒരു മന്ത്രിസഭയ്ക്ക് ഇത്തരം രാഷ്ട്രീയ ശകുനികളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നത് സ്വാഭാവികം. എന്നാല്‍, ഒരു നാടിന്റെ ഈടുവയ്പുകള്‍ വിറ്റു തുലയ്ക്കാനും വരാനിരിക്കുന്ന തലമുറയെ മാത്രമല്ല, ഇപ്പോഴത്തെ തലമുറയെ തന്നെ ഉന്മൂലനം ചെയ്യാനും ഒട്ടും ഉളുപ്പില്ലാത്ത ലാഭക്കൊതികളെയാണല്ലോ വിലയേറിയ സമ്മതിദാനത്തിലൂടെ, രാഷ്ട്രീയ പ്രബുദ്ധരും സാക്ഷരരും എന്ന് അഭിമാനിക്കുന്ന കേരളീയര്‍ അധികാരത്തിലേറ്റിയതെന്നോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുകയാണ്
ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന് നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്, ആതിരേ, കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment