Tuesday, November 22, 2011

ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായി നരേന്ദ്രമോഡി

ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌. വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.


ഇസ്രത്ത്‌ ജഹാനും മലയാളിയായ ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്‌ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌, ആതിരേ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ജാതിഗര്‍വിന്റേയും മുസ്ലീം ന്യൂനപക്ഷ വൈരാഗ്യത്തിന്റേയും നെറുകിലേറ്റ കനത്ത പ്രഹരമാണ്‌.
നരേന്ദ്ര മോഡിയെ വധിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ ലെഷ്കര്‍ ഇ തയ്ബ ഭീകരരായിരുന്നു 19 കാരിയായ കോളേജ്‌ വിദ്യാര്‍ത്ഥിനി ഇസ്രത്ത്‌ ജഹാനും ഒപ്പമുണ്ടായിരുന്ന പ്രാണേഷ്‌ കുമാറും അംജത്ത്‌ അലി റാണയും സീഷാന്‍ ജോഹറുമെന്നായിരുന്നു മോഡിയുടെ പോലീസും സംഘപരിവാര്‍ വേതാളങ്ങളും പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍, ഗുജറാത്ത്‌ പോലിസ്‌ അവകാശപ്പെടുന്നതുപോലെ 2004 ജൂണ്‍ 15-ന്‌ അല്ല അതിന്‌ ഒരു ദിവസം മുന്‍പു തന്നെ ഈ നാലുപേരുടെയും ജീവന്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മോഡിയുടെ, വംശീയ വൈരത്തിന്‌ ചുക്കാന്‍ പിടിച്ച പോലീസുകാര്‍ ചിതറിച്ചു എന്നാണ്‌ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌.
"ഏറ്റുമുട്ടലിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷണം നടത്തണം, മരണം സംഭവിച്ച യഥാര്‍ത്ഥ സമയവും സ്ഥലവും അന്വേഷണ വിധേയമാക്കണ"മെന്ന്‌ ഹുജറാത്ത്‌ ഹൈക്കോടതി ജസ്റ്റിസുമാരായ ജയന്ത്‌ പട്ടേലും അഭിലാഷ കുമാരിയും വിധിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ " പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയാണ്‌ വേണ്ടതെന്നും " ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.
ഗുജറാത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാതീയ ഉന്മൂലന സിദ്ധാന്തവുമായി മോഡിയും ബിജെപിയും സവര്‍ണ ഫാസിസ്റ്റ്‌ സംഘടനകളും നടത്തിയ രക്തം മരവിപ്പിക്കുന്ന അക്രമങ്ങളുടെ പരമ്പരകളിലെ ഏറ്റവും ക്രൗര്യം നിറഞ്ഞ നിണപരിണതിയാണ്‌, ഇസ്രത്ത്‌ ജഹാന്‍-ജാവേദ്‌ ഷെയ്ഖ്‌ ദുരന്തം .
ആതിരേ,ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും ത്രിശൂല മുനയില്‍ കൊരുത്തുയര്‍ത്തി അട്ടഹസിച്ച്‌ ഗുജറാത്തില്‍ വംശീയ വിദ്വേഷരാഷ്ട്രീയവും ജാതീയ ഉന്മൂലന തീവ്രവാദവും നടപ്പിലാക്കി കൈകളില്‍ മാത്രമല്ല, ദേഹമാസകലം നിരപരാധികളുടെ ചോരയില്‍ കുളിച്ചു നില്‍ക്കുകയാണ്‌ നരേന്ദ്ര മോഡിയെന്ന നരാധമന്‍. ഗുജറാത്ത്‌ വംശഹത്യയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങളുടെയെല്ലാം കഴുത്തൊടിക്കുന്നതാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അന്നു തന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും ഇസ്രത്ത്‌ ജഹാനും ജാവേദ്‌ ഷെയ്ഖും സുഹൃത്തുക്കളും നിരപരാധികളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌. ജാതിക്കോമാളിത്തം തലയ്ക്കു പിടിക്കാത്ത വിവേകങ്ങളെല്ലാം ഒരേസ്വരത്തില്‍ ഈ സംഭവത്തിന്റെ പേരില്‍ നരേന്ദ്രമോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതുമാണ്‌. എന്നാല്‍, മുസ്ലീം തീവ്രവാദികള്‍ തന്നെ പച്ചയ്ക്ക്‌ ചുട്ടുകൊല്ലാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന പെരുങ്കള്ളം പെരുപ്പിച്ചു കാണിച്ച്‌ വര്‍ണ്ണ വെറിയുടെ പതാക വാഹകനായി ഗുജറാത്തില്‍ ഭരണം നടത്തുകയാണ്‌,ഇന്നും മോഡി.
നീണ്ട ഏഴുവര്‍ഷമാണ്‌,ആതിരേ, ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്‌ കുമാറിന്റെയും ഇസ്രത്ത്‌ ജഹാന്റെയും മാതാപിതാക്കള്‍ നീതിക്കായി പോരാടിയത്‌. ആ നിയമയുദ്ധമാണ്‌ ഇപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്‌. ഇസ്രത്തിന്റെ മാതാവ്‌ ഷമീമ കൗസറും പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ ഗോപിനാഥപിള്ളയുമാണ്‌, ഭീകരരെന്ന്‌ മുദ്ര ചാര്‍ത്തി അരുംകൊലയ്ക്കിരയാക്കിയ സ്വന്തം മക്കള്‍ക്ക്‌ നീതി തേടി ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
തനിക്ക്‌ മുസ്ലീം ഭീകരരുടെ സ്ഥിരം ഭീഷണിയുണ്ടെന്ന്‌ വരുത്തി തീര്‍ത്ത്‌ ,ഭീതി നിറച്ച്‌ ഗുജറാത്തി മനസ്സുകളെ തന്റെ വരുതിക്ക്‌ നിര്‍ത്താന്‍ മോഡി ആസൂത്രണം ചെയ്ത നിരവധി വ്യാജ ഏറ്റുമുട്ടലുകളിലൊന്നിലായിരുന്നു ഇസ്രത്ത്‌ ജഹാനും ജാവേജ്‌ ഷെയ്ഖും സുഹൃത്തുക്കളും പോയിന്റ്‌ ബ്ലാങ്കില്‍ തകര്‍ക്കപ്പെട്ടത്‌.
ആതിരേ,രാജ്യത്തും പുറത്തുമുള്ള എല്ലാ മുസ്ലീം ഭീകരവാദികളുടെയും ലക്ഷ്യം താനൊരുത്താണെന്ന്‌ സ്ഥാപിച്ചെടുത്ത്‌ സവര്‍ണ്ണ ഹൈന്ദവ ഭീകര ചേതനകളില്‍ നായക പരിശേഷം സൃഷ്ടിക്കാനായിരുന്നു മോഡി ഇത്തരം കള്ളക്കഥകള്‍ മെനഞ്ഞതും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിച്ചതും. മോഡിയെ കൊല്ലാനെത്തിയ ഭീകരരെന്നു പറഞ്ഞ്‌ 22 പേരെയാണ്‌ 2002 ഒക്ടോബര്‍ മുതല്‍ 2007 വരെ ക്രൈം ബ്രാഞ്ച്‌ ജെസിപി പി.പി.പാണ്ഡേ, ഡിഐജി ഡി.ജി.വന്‍സാര, എസ്പിയായിരുന്ന ജി.എല്‍.സിംഗാര്‍ഡ്‌, എസ്പി എന്‍.കെ.അമീന്‍ ഉള്‍പ്പെടെയുള്ള 21 പോലീസ്‌ ഉദ്യോഗസ്ഥരടങ്ങിയ സംഘം അതിനീചമായി കൊന്നു തള്ളിയത്‌. ഇതില്‍ വന്‍സാരയും അമീനും സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും സൊഹറാബുദ്ധിന്റെ ഭാര്യ കൗസാര്‍ ബിയെകൊലപ്പെടുത്തിയ കേസിലും പ്രതികളാണ്‌.
മോഡിക്കുവേണ്ടി വ്യാജ ഏറ്റുമുട്ടലുകള്‍ക്ക്‌ രൂപം കൊടുത്ത്‌ നടപ്പിലാക്കിയ കാക്കി ധാരികളായ ഈ ജാതിക്കോമരങ്ങളില്‍ ചിലര്‍ 2007-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടതോടെ നരേന്ദ്ര മോഡിയെ തേടി ലഷ്കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ഖ്വയ്ദ സംഘാംഗങ്ങള്‍ ആരും ഗുജറാത്തില്‍ എത്തിയിട്ടില്ല എന്നത്‌ അതിതിവിചിത്രമായ അവസ്ഥയാണ്‌. മോഡിയെ സംരക്ഷിച്ചു നിര്‍ത്തിയ ക്രമസമാധാനപാലന രംഗത്തെ ഭീകരന്മാര്‍ ജയിലഴിക്കുള്ളിലായതോടെ ഭീകരരപ്രവര്‍ത്തകര്‍ അവരുടെ ഓപ്പറേഷന്‍ നിര്‍ത്തി വച്ചു എന്ന്‌ വിശ്വസിക്കാന്‍, ആതിരേ, നാം നിര്‍ബന്ധിതരാകുകയാണ്‌ .
ഗോധ്ര സംഭവത്തിന്‌ ശേഷം ഗുജറാത്തില്‍ ഔദ്യോഗിക തലത്തില്‍ നടന്ന ഗൂഢാലോചനയിലൂടെയാണ്‌ മുസ്ലീം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ്‌ ആക്രമണ പദ്ധതിക്ക്‌ മോഡിയും കൂട്ടരും രൂപം നല്‍കിയത്‌. ഹൈന്ദവ ഫാസിസ്റ്റ്‌ ക്രൂരതയും അധികാരഭ്രാന്തും മൂര്‍ച്ഛിച്ച ഈ സവര്‍ണ പൈശാചികതയുടെ ഇരകള്‍ ആയിരക്കണക്കിനായിരുന്നു. വീടുകള്‍ തീവെച്ച്‌ നശിപ്പിച്ച്‌, സ്ര്തീകളെ പരസ്യമായി ബലാത്സംഗം ചെയ്ത്‌, ത്രിശൂലം കൊണ്ട്‌ ഗര്‍ഭിണികളുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുക്കളെ ശൂലമുനയില്‍ ഉയര്‍ത്തി, മുസ്ലീം പുരുഷന്മാരെ വാളുകൊണ്ട്‌ വെട്ടി, തോക്കുകൊണ്ട്‌ വെടിവച്ചുകൊന്ന്‌ മോഡി സൃഷ്ടിച്ച ഭീകരാവസ്ഥയില്‍ നിന്ന്‌ ഗുജറാത്തും ഇന്ത്യന്‍ മനസ്സും ഇനിയും മുക്തമായിട്ടില്ല. മുസ്ലീം വിദ്വേഷം തെരുവിലിറക്കി നടത്തിയ ഉന്മൂലനത്തിനും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും എവിടെ നിന്നാണ്‌ ആയുധവും പണവും ലഭിച്ചതെന്നു കൂടി അന്വേഷിച്ചെങ്കില്‍ മാത്രമേ ഗുജറാത്തില്‍ നടമാടിയ രക്തരൂക്ഷിത വംശീയ വിദ്വേഷത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരൊക്കെയാണെന്ന്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌.ആതിരേ, വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.

No comments: