Wednesday, November 30, 2011

ചെറുകിട കച്ചവടക്കാര്‍ക്ക്‌ 'വായ്ക്കരി'യിടുമ്പോള്‍

രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.




രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌, ആതിരെ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും.
ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിത പ്രശ്നങ്ങളെക്കുറിച്ച്‌ ഒരിക്കലും വേവലാതി കൊള്ളാത്ത ഈ ഭരണകൂട ഭീകരന്മാര്‍ വിദേശ മൂലധന കുത്തകകളുടെ, കൊള്ളലാഭം കൂട്ടാനുള്ള നയങ്ങളും നടപടികളുമാണ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. നികുതിദായകരും സമ്മതിദായകരുമായ അടിസ്ഥാന ജനവിഭാഗത്തെ വിദേശമൂലധന കുത്തകകള്‍ക്ക്‌ വിറ്റുതുലയ്ക്കുന്ന നയങ്ങളാണ്‌ അധികാരത്തിലേറിയ നാള്‍ മുതല്‍ ഇവര്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ആ വഞ്ചനയുടെ തുടര്‍ച്ചയായിട്ടാണ്‌ ഇന്ത്യയിലെ പല ചരക്ക്‌ വിപണി രാഷ്ട്രാന്തര കച്ചവട ഷൈലോക്കുകള്‍ക്ക്‌ അടിയറ വയ്ക്കുന്നത്‌.
ആതിരേ,കൃഷി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമാണ്‌ പലചരക്ക്‌ വ്യാപാരം. ഈ മേഖലയെയാണ്‌ അമേരിക്കയിലെ വാള്‍മാര്‍ട്ട്‌, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച്‌ കമ്പനിയായ കാരിഫര്‍, ജര്‍മ്മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട വ്യാപാര ശൃംഖലയ്ക്ക്‌ അടിമ കിടത്താന്‍ മന്‍മോഹനും ഒപ്പമുള്ള രാഷ്ട്രദ്രോഹീസംഘവും കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌.
മള്‍ട്ടി ബ്രാന്‍ഡ്‌ ചില്ലറ വില്‍പന രംഗത്ത്‌ 51 ശതമാനമായും സിങ്കിള്‍ ബ്രാന്‍ഡ്‌ ചില്ലറ വിപണിയില്‍ നിലവിലുള്ള 51 ശതമാനം 100 ശതമാനമായും ഫോറിന്‍ ഡയറക്ട്‌ ഇന്‍വെസ്റ്റിമെന്റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം.
സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഡിപ്പാര്‍ട്ടുമെന്റ്‌ സ്റ്റോറുകളും ചെറുകിട നഗരങ്ങളെപ്പോലും വിഴുങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ചെറുകിട കച്ചവടക്കാരാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഈ മേഖലയിലേക്ക്‌ വിദേശ കുത്തകകള്‍ കടന്നുവരുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഭക്ഷ്യസംസ്കരണ സംവിധാനങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ്‌ മന്‍മോഹന്റെയും കൂട്ടരുടെയും വാദം. വന്‍കിട ടെക്സ്റ്റെയിലുകള്‍ക്ക്‌ സമീപം ചെറുകിട തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും സ്റ്റാര്‍ ഹോട്ടലുകളുടെ പരിസരത്തു തന്നെ തട്ടുകടകള്‍ ലാഭകരമായി നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ്‌ ചെറുകിട വ്യാപാര മേഖലയെ വിദേശ കച്ചവട കുത്തകകള്‍ക്ക്‌ തീറെഴുതുന്നതിനെ മന്‍മോഹനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും ന്യായീകരിക്കുന്നത്‌.
ഈ ന്യായാകരണം ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പോലും എത്തിക്കാന്‍ കോടിക്കണക്കിന്‌ രൂപ ചെലവിട്ട്‌ അച്ചടി-ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ വന്‍കിട പരസ്യങ്ങളാണ്‌, ആതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. രാഷ്ട്രത്തെ അടിയറവയ്ക്കുന്നതും നാട്ടിലെ പൗരന്മാരുടെ ജീവനോപാധി തകര്‍ക്കുന്നതുമായ ഒരു നശീകരണ നയത്തിന്‌ സ്വീകാര്യത വരുത്താനാണ്‌ ഖജനാവ്‌ ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്‌. ഇരുമുഖമുള്ള ആക്രമണ സ്വഭാവമാണ്‌ ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്‌.
ചെറുകിട വ്യാപാര മേഖലകളില്‍ വന്‍കിട കുത്തകകള്‍ നടത്തുന്ന അധിനിവേശം മൂലമുള്ള പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്‌ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഈ വ്യാപാര ഭീമന്മാര്‍ക്കെതിരെ നിയന്ത്രണവും നടപടികളും സ്വീകരിക്കുമ്പോഴാണ്‌ അവരെ ചുവപ്പു പരവതാനി വിരിച്ച്‌ ഇന്ത്യയിലേയ്ക്ക്‌ മന്‍മോഹന്‍ ആനയിക്കുന്നത്‌.അമേരിക്കയില്‍ 300-ഓളം സ്ഥലങ്ങളിലാണ്‌ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച്‌ വാള്‍മാര്‍ട്ടിനെ പ്രതിരോധിക്കുന്നത്‌. തായ്‌ലണ്ടില്‍ നഗരകേന്ദ്രത്തില്‍ നിന്ന്‌ 15 കിലോമീറ്റര്‍ മാറിയാണ്‌ ഈ വിദേശ വ്യാപാര കുത്തകകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഫ്രാന്‍സില്‍ 300 ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ നിരോധിച്ചു കഴിഞ്ഞു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്‌.
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ അവിടത്തെ ചെറുകിട കച്ചവടക്കാരുടെ ഭാവി സുരക്ഷിതമാക്കാനും ചില്ലറ വില്‍പ്പന മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഇത്തരത്തില്‍ കര്‍ശന നയങ്ങളും നടപടികളും നടപ്പിലാക്കുമ്പോഴാണ്‌, ആതിരേ, അമേരിക്കയുടെ പാദസേവകനായ, ലോകബാങ്കിന്റെ പിണിയാളായ മന്‍മോഹന്‍ ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല സമ്പൂര്‍ണ്ണമായി മുതലെടുപ്പിനായി തുറന്നു കൊടുക്കുന്നത്‌.
ഉദാരീകരണത്തിന്റെയും നവസാമ്പത്തിക നയങ്ങളുടെയും ആഗോളീകരണത്തിന്റെയും മറവില്‍ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയും വിതരണ ശൃംഖലയും വിദേശ കോര്‍പ്പറേറ്റുകള്‍ക്കും വ്യാപാര കുത്തകകള്‍ക്കും തീറെഴുതി നല്‍കാന്‍ മന്‍മോഹന്‌ ഒട്ടും ഉളുപ്പില്ല. അതെങ്ങനെയുണ്ടാകും. ലോകബാങ്കിന്റെ ചതിനയം പ്രചരിപ്പിക്കുന്നതില്‍ പ്രാമാണികനായിരുന്ന ഒരു സാമ്പത്തിക കൂട്ടിക്കൊടുപ്പുകാരനായിരുന്ന മന്‍മോഹന്‍ സിംഗില്‍ നിന്ന്‌ ഇത്തരം രാഷ്ട്ര വഞ്ചനകളേ ഉണ്ടാവുകയുള്ളൂ. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്‌ എന്ന സ്വാശ്രയ-സ്വയംശീര്‍ഷ സാമ്പത്തിക സങ്കല്‍പത്തെ കോണ്‍ഗ്രസ്‌ ദശാബ്ദങ്ങള്‍ക്കു മുന്‍പു തന്നെ കുഴിച്ചു മൂടിയതാണ്‌. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ഗ്രാമ്യസാമ്പത്തിക ലക്ഷ്യമുള്ള ഖദര്‍ ധാരികള്‍ക്ക്‌ ഇന്ത്യയിലെ സമ്മതിദായകന്റെയും നികുതി ദായകന്റെയും നിത്യജീവിത പ്രശ്നങ്ങളോ അവര്‍ നേരിടുന്ന പ്രതിസന്ധികളോ പ്രശ്നമേ അല്ല. മറിച്ച്‌ കമ്മീഷന്‍ ലഭിക്കുന്ന ഏത്‌ രാഷ്ട്രവഞ്ചനയ്ക്കും കൂട്ടുനില്‍ക്കാന്‍ സന്നദ്ധരരും തല്‍പ്പരരുമാണവര്‍. ആ താല്‍പര്യങ്ങളുടെ ആള്‍രൂപമായ സോണിയ പിന്‍സീറ്റില്‍ ഇരുന്ന്‌ നിയന്ത്രിക്കുമ്പോള്‍ അതിന്‌ തലയാട്ടാനും അതനുസരിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും വിറ്റ്‌ തുലയ്ക്കാനും മന്‍മോഹന്‌ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ..
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ആശയം ഭരണതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും അതിന്‌ അനുവാദം കൊടുത്ത സവിശേഷ സാഹചര്യം, ആതിരേ, ശ്രദ്ധിക്കേണ്ടതാണ്‌. ആഗോള സാമ്പത്തിക മാന്ദ്യം മൂലം യൂറോപ്പിലും അമേരിക്കയിലും നിക്ഷേപ സാധ്യതയില്ലാതെ വന്നപ്പോഴാണ്‌, നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പു കൊടുത്ത്‌ ഈ വാണിജ്യ കുത്തകകളെ ഇങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസിലും യുപിഎ ഘടകകക്ഷികളിലും പ്രതിപക്ഷ പാര്‍ട്ടികളിലും ചെറുത്തു നില്‍പ്പിന്റെ വികാരം ഉണര്‍ത്തിയിട്ടുള്ള ഈ തീരുമാനം പക്ഷെ, മന്‍മോഹന്‍ പിന്‍വലിക്കുന്ന പ്രശ്നമില്ല. ഇന്ന്‌ ഇതിനെതിരെ ശബ്ദിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളും എന്‍ഡിഎ സഖ്യവും നാളെ ഇതേ നയങ്ങള്‍ തന്നെയായിരിക്കും തുടരുക.
ഇത്തരത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ രാഷ്ട്രീയമായ ഒരു പരിഹാരത്തിന്‌ സാധ്യതയില്ലാത്ത സാഹചര്യം മുതലെടുത്തുകൊണ്ടാണ്‌ മന്‍മോഹനും മാഡവും ഇന്ത്യയിലെ ചെറുകിട വിപണിയിലേക്ക്‌ രാഷ്ട്രാന്തര വാണിജ്യ ഭീമന്‍മാരെ സ്വീകരിച്ചാനയിക്കുന്നത്‌. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, ആതിരേ, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.






3


കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ജനങ്ങള്‍ എന്തു ചെയ്യുമെന്ന്‌ ഹൈക്കോടതി ചോദിച്ചു. ജനങ്ങള്‍ക്ക്‌ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന്‌ ഹൈക്കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങളെക്കുറിച്ച്‌ വെള്ളിയാഴ്ചക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി അഡ്വക്കറ്റ്‌ ജനറലിലോനാട്‌ ആവശ്യപ്പെട്ടു.
45 മിനിറ്റുകൊണ്ട്‌ പറയേണ്ട കാര്യത്തിന്‌ 48 മണിക്കൂര്‍ ചോദിക്കുന്നത്‌ അനുചിതമാണെന്നും ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ലോയേഴ്സ്‌ യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്‌ കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്‌.
ജലനിരപ്പ്‌ താഴ്ത്തുക, പുതിയ ഡാമിന്റെ നിര്‍മ്മാണത്തിന്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ നിയമപ്രകാരം തീരുമാനമെടുക്കുക എന്നിവയാണ്‌ ഹര്‍ജിയിലെ ആവശ്യം വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും ഇടപെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ നല്‍കിയ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമീഷന്‍ തിങ്കളാഴ്ച ഫുള്‍ബെഞ്ചു ചേര്‍ന്ന്‌ പരിഗണിക്കും. വൈസ്‌ ചെയര്‍മാന്‍ ജെ പി മാഥൂര്‍ കേരളസംഘത്തെ അറിയിച്ചതാണ്‌ ഇക്കാര്യം

No comments: